BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

Monday, 27 January 2014

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി...! (Australian Open Winners)

സ്വിറ്റ്‌സര്‍ലന്റിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയ്ക്ക് വയസ്സ് 28. തന്റെ ടെന്നീസ് ജീവിതത്തില്‍ ഇതുവരെ ഒരൊറ്റ ഗ്രാന്റ് സ്ലാം കിരീടവും സ്വന്തമായില്ല. റാഫേല്‍ നദാലാകട്ടെ 13 തവണ മേജര്‍ ടൂര്‍ണമെന്റ് കിരീടങ്ങള്‍ നേടിയ വ്യക്തി. ഇവര്‍ തമ്മില്‍ നേരിട്ട് മത്സരിച്ചപ്പോഴൊന്നും വാവ്‌റിങ്ക ജയിച്ചിട്ടില്ല എന്നു മാത്രമല്ല, ഒരു സെറ്റുപോലും നേടിയിട്ടുമില്ല. ഇത്തവണത്തെ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വാവ്‌റിങ്ക നദാലിനെ തകര്‍ത്ത് തന്റെ കന്നീക്കിരീടം നേടിയതോടെ ഇതൊക്കെ പഴങ്കഥകളായിക്കഴിഞ്ഞു.


വാവ്‌റിങ്കയുടെ നേട്ടം ഒട്ടും യാദൃശ്ചികമല്ല. ഫൈനലിലേക്കുള്ള വഴിയില്‍ മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനെയും ഫൈനലില്‍ നദാലിനെയും തോല്പിച്ചുകൊണ്ട് തന്റെ മികവ് അടിവരയിട്ടുറപ്പിച്ചാണ് റോജര്‍ ഫെഡററിന്റെ ഈ നാട്ടുകാരന്‍  കിരീടം ചൂടിയത്. 
ചൈനക്കാരി ലി നാ വനിതാവിഭാഗം കിരീടം നേടി. 2011ലും കഴിഞ്ഞ വര്‍ഷവും ഇവിടെ ഫൈനല്‍ കളിച്ച് തോറ്റ ലി ന ഇത്തവണ തന്റെ 32-ാം വയസ്സില്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ഇവിടത്തെ ഏറ്റവും പ്രായം കൂടിയ വനിതാ ചാംപ്യനുമായി. ഫൈനലില്‍ അട്ടിമറികളിലൂടെ കയറിവന്ന ഡൊമിനിക്ക സിബുല്‍ക്കോവയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലി തോല്പിച്ചത്. 2011ലെ ഫ്രഞ്ച് ഓപ്പണ്‍ വിജയമാണ് ലിക്ക് എടുത്തു കാട്ടാനുള്ള മറ്റൊരു പ്രമുഖ നേട്ടം. 


Wednesday, 15 January 2014

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫിഫ ലോകഫുട്‌ബോളര്‍ 2013

പോര്‍ച്ചുഗലിന് ഇത് നഷ്ടത്തിന്റെയും നേട്ടത്തിന്റെയും കാലം. ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിരുന്ന പോര്‍ച്ചുഗലിന്റെ  സ്വന്തം യുസേബിയോ അടുത്തയിടെ അന്തരിച്ചത് നികത്താനാവാത്തൊരു നഷ്ടമായി. എന്നാല്‍ നേട്ടത്തിന്റെ വാര്‍ത്ത പിറകേയെത്തി. ആധുനിക ഫുട്‌ബോളിന് പോര്‍ച്ചുഗല്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2013 വര്‍ഷത്തെ ഫിഫ ലോകഫുട്‌ബോളര്‍ അവാര്‍ഡ് നേടിയ വാര്‍ത്തയായിരുന്നു അത്. ഇതിനു മുന്‍പ് 2008 ലും  റൊണാള്‍ഡോ ഈ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. 


അര്‍ജന്റീനയുടെ ബാര്‍സലോണ താരം ലയണല്‍ മെസിയേയും ഫ്രാന്‍സിന്റെ ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറിയേയുമൊക്കെ പിന്തള്ളിയാണ് റൊണാള്‍ഡോ ഫിഫയുടെ 'ബാലന്‍ ഡി ഓര്‍' (FIFA Ballon d'Or) എന്നറിയപ്പെടുന്ന അഭിമാന പുരസ്‌ക്കാരം നേടിയത്. ചാംപ്യന്‍സ് ലീഗിലും ജര്‍മന്‍ ദേശീയ ലീഗായ ബുന്ദസ്‌ലിഗെയിലും മറ്റും കിരീടനേട്ടത്തിലേക്ക് ബയേണ്‍ മ്യൂണിക്ക് ക്ലബിനെ കൈപിടിച്ചുയര്‍ത്തിയ കോച്ച് ജപ്പ് ഹെയ്ന്‍കസിനാണ് മികച്ച കോച്ചിനുള്ള പുരസ്‌ക്കാരം. ഇംഗ്ലണ്ടിനെതിരെ സ്വീഡനുവേണ്ടി ലോംഗ് റേഞ്ച് ബൈസിക്കിള്‍ കിക്കിലൂടെ നേടിയ അത്ഭുതഗോള്‍ ഇബ്രഹാമോവിച്ചിന്  മികച്ച ഗോളിനുള്ള പുരസ്‌ക്കാരം നേടിക്കൊടുത്തു. ജര്‍മനിയുടെ നാദിന്‍ ആംഗറര്‍ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
നാദിന്‍ ആംഗറര്‍ മികച്ച വനിതാ താരം
അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ 209 അംഗരാഷ്ട്രങ്ങളിലെ ദേശീയ ടീം ക്യാപ്റ്റന്മാരും കോച്ചുകളും തെരഞ്ഞെടുത്ത സ്‌പോര്‍ട്‌സ് ലേഖകന്മാരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ്  'ബാലന്‍ ഡി ഓര്‍' വിജയിയെ കണ്ടെത്തുന്നത്.

ഇബ്രഹാമോവിച്,  ജപ്പ് ഹെയ്ന്‍കസ്
1985 ഫെബ്രുവരി 5ന് പോര്‍ച്ചുഗലിലെ സാന്റോ അന്റോണിയോയിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജനിച്ചത്. സാധാരണക്കാരായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ദാരിദ്ര്യത്തിലായിരുന്നു ബാല്യകാലം. പിന്നീട്  ഫുട്‌ബോളിലൂടെ വളര്‍ന്ന ഈ പ്രതിഭ
ഇന്ന്  ലോകത്തേറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

Friday, 3 January 2014

ആന്‍ഡി മറേ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി 2013 (Andy Murray BBC Sports Personality 2013)

ഇംഗ്ലീഷ് ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറേ 2013ലെ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അവാര്‍ഡിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ടെന്നീസ് താരമായ നാലാമത്തെ വിജയിയാണ് ഇദ്ദേഹം.


കഴിഞ്ഞ നീണ്ട 77 വര്‍ഷങ്ങളിലെ ഇംഗ്ലീഷുകാരനായ ഏക വിംബിള്‍ഡന്‍ ടെന്നീസ് ജേതാവാണ് സ്‌കോട്‌ലന്റില്‍ ജനിച്ച മറേ. 2012ല്‍ ഒളിംപിക്‌സ് സ്വര്‍ണ്ണവും യുഎസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ വിജയവും നേടിയ മറേ ഈ നേട്ടം കൈവരിച്ച ഏക താരമാണ്. 2013ലായിരുന്നു വിംബിള്‍ഡന്‍ കിരീടനേട്ടം. ഇപ്പോള്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനം.

Thursday, 2 January 2014

കൊറി ആന്‍ഡേഴ്‌സന്‍ + 36 ബോള്‍ = 100 റണ്‍സ്...! (Corey Anderson Hit Century in 36 Balls)

ഈ സമവാക്യം ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്നാണ്, അല്ലേ? എന്നാല്‍ ഇനിമുതല്‍ ഇത് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി എന്ന നിലയില്‍ ലോകക്രിക്കറ്റിലെ റെക്കോഡ് ബുക്കുകളില്‍ മായാതെ കിടക്കും, മറ്റൊരാള്‍ പുതിയൊരു സൂത്രവാക്യം ചമയ്ക്കും വരെ!


2014 വര്‍ഷത്തെ ആദ്യദിനം ന്യൂസിലാന്റിന്റെ ഏകദിന ക്രിക്കറ്റ് ടീമിലെ കൊറി ആന്‍ഡേഴ്‌സന്‍ എന്ന ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്റെ പേരിലെഴുതപ്പെട്ടു കഴിഞ്ഞു. അന്നാണല്ലോ അയാള്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ അടിച്ചു പരത്തി വെറും 36 പന്തില്‍ സെഞ്ചുറി നേടിക്കൊണ്ട് ചരിത്രം തിരുത്തിയത്! 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് വെറും 16 വയസ്സുമാത്രമുള്ളപ്പോള്‍ പാകിസ്ഥാന്റെ തീപ്പൊരിത്താരം ഷാഹിദ് അഫ്രീദി  37 പന്തുകളില്‍നിന്ന് നേടിയ സെഞ്ചുറിക്കഥയാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്.
1990 ഡിസംബര്‍ 13ന് ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ച കൊറി ആന്‍ഡേഴ്‌സന്‍ 2013 ജൂണ്‍ 16ന് ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ഏകദിനക്രിക്കറ്റില്‍ അരങ്ങേറിയത്. 2013 ഒക്‌ടോബര്‍ 9ന് ബംഗ്ലാദേശിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇടംകൈയന്‍ പേസ് ബൗളറുമാണ് കക്ഷി.

കൊറി ആന്‍ഡേഴ്‌സന്റെ റെക്കോഡ് പ്രകടനം കാണൂ...


Wednesday, 4 December 2013

ലോക സ്‌കൂള്‍ ഒളിംപ്യാഡില്‍ മലയാളിത്തിളക്കം!

ബ്രസീലിലെ ബ്രസീലിയയില്‍ നടക്കുന്ന ലോക സ്‌കൂള്‍ ഒളിംപ്യാഡില്‍ മലയാളിക്കുട്ടികളിലൂടെ ഇന്ത്യന്‍ കുതിപ്പ്. 60 അംഗ ഇന്ത്യന്‍ ടീമില്‍ 7 കുട്ടികള്‍ കേരളത്തില്‍നിന്നാണ്.
കോട്ടയം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ താരമായ അഞ്ജലി ജോസ് 400 മീ. ഹര്‍ഡില്‍സില്‍ വെള്ളി നേടി. കോട്ടയം എം. ടി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. പാലക്കാട് കല്ലടി എച്ച്എസ്എസിലെ ബബിത സി. ആണ് മറ്റൊരു മെഡല്‍ ജേതാവ്. 800 മീറ്ററില്‍ ബബിത വെങ്കലം നേടി. നേരത്തെ, കഴിഞ്ഞ സെപ്റ്റംബറില്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിലും 800 മീറ്ററില്‍ ബബിത വെങ്കലം നേടിയിരുന്നു. കൂടാതെ സ്വര്‍ണ്ണം നേടിയ 4 x 400  മീറ്റര്‍  റിലേ ടീമിലും ബബിയ അംഗമായിരുന്നു. 1500 മീറ്ററില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട് സ്‌കൂളിലെ ലേഖ ഉണ്ണിയും വെങ്കലം നേടി.
ഡല്‍ഹിക്കാരന്‍ ശക്തി സോളങ്കിയാണ് മറ്റൊരു മെഡല്‍ ജേതാവ്.  ആണ്‍കുട്ടികളുടെ ഷോട്പുടില്‍ സോളങ്കി വെങ്കലം നേടി.

Friday, 22 November 2013

മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് ചാംപ്യന്‍ (Carlsen World Chess Champion)

ലോക ചെസ് കിരീടം ഇനി പുതിയ തലയില്‍. ലോക നമ്പര്‍ വണ്‍ സ്ഥാനത്തുള്ള നോര്‍വെക്കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാഗ്‌നസ് കാള്‍സനാണ് ഇനി ചെസിലെ രാജാവ്. ചെന്നൈയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വന്തം വിശ്വനാഥന്‍ ആനന്ദിനെ തോല്പിച്ചാണ് കാള്‍സന്‍ ജേതാവായത്. 


2000 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 5 വട്ടം ലോകകിരീടം ശിരസ്സിലണിഞ്ഞ ആനന്ദിന് പക്ഷേ ഇത്തവണ തന്റെ പകുതി മാത്രം പ്രായമുള്ള കാള്‍സന് മുന്നില്‍ അടിതെറ്റി. ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി കൈവരിക്കുമ്പോള്‍ വെറും 13 വയസ്സ് മാത്രമായിരുന്നു കാള്‍സന്. 2012 ജനുവരി 1ന് ലോക നമ്പര്‍ വണ്‍ റാങ്കിലെത്തുമ്പോള്‍ ഈ അസാമാന്യ പ്രതിഭയ്ക്ക് പ്രായം 19 വര്‍ഷവും 32 ദിവസവും മാത്രം! ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ചെസ് താരവുമായി അന്ന് കാള്‍സന്‍. ചെസ് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റിംഗ് പോയിന്റായ 2872 നേടിയതും ഇദ്ദേഹം തന്നെ. ഓപ്പണിംഗിലെ വൈവിധ്യമാണ് കാള്‍സനെ അപകടകാരിയാക്കുന്ന ഒരു ഘടകം. എന്‍ഡ് ഗെയിമിലെ അസാമാന്യ യുദ്ധതന്ത്രങ്ങളും കൂടിയാകുമ്പോള്‍ കാള്‍സന്‍ അജയ്യനാകുന്നു.
ആനന്ദും കാള്‍സനും മത്സരത്തിനിടെ
1990 നവംബര്‍ 30ന് എന്‍ജിനീയര്‍ ദമ്പതികളുടെ മകനായി നോര്‍വേയിലെ ടോണ്‍സ്‌ബെര്‍ഗിലാണ് കാള്‍സന്‍ ജനിച്ചത്. വെറും രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ പത്ത്-പതിനാല് വയസ്സുകാര്‍ക്കുള്ള പസിലുകളൊക്കെ കൊച്ചു കാള്‍സന്‍ നിഷ്പ്രയാസം ചെയ്യുന്നത് കണ്ട പിതാവ് തന്നെയാണ് ചെസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. പിന്നീട് പ്രായത്തില്‍ കവിഞ്ഞ കളിവിരുതുമായി കാള്‍സന്‍ ചതുരംഗക്കളത്തില്‍  തരംഗം സൃഷ്ടിക്കുന്നതാണ് ലോകം കണ്ടത്.

Sunday, 22 September 2013

മലയാളിക്കുട്ടികള്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി


ദ്യമായി സംഘടിപ്പിക്കപ്പെട്ട ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. അതും മലയാളി കായിക താരങ്ങളുടെ മികവില്‍. 

പി. യു. ചിത്ര

മലേഷ്യയില്‍ നടന്ന മീറ്റില്‍ 12 സ്വര്‍ണ്ണവും 11 വെള്ളിയും 6 വെങ്കലവും നേടി നാം 12 തന്നെ സ്വര്‍ണ്ണവും 14 വെള്ളിയും 10 വെങ്കലവും നേടിയ ആതിഥേയര്‍ക്ക്‌ പിന്നിലെത്തി.
അഫ്‌സല്‍
1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടങ്ങളിലും 4 x 400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടി ട്രിപ്പിള്‍ നേട്ടം കൈവരിച്ച പി. യു. ചിത്ര മീറ്റിലെ താരോദയമായി. മത്സരിച്ച ആദ്യ രാജ്യാന്തരമീറ്റില്‍ തന്നെ ഇത്തരമൊരു നേട്ടം ചിത്രയുടെ തിളക്കമേറ്റുന്നു. പാലക്കാട്‌ മുണ്ടൂര്‍ സ്‌കൂളിന്റെ പ്രിയ പുത്രിയാണ്‌ ചിത്ര. നേരത്തെ ദേശീയ സ്‌കൂള്‍ മീറ്റിന്റെ താരമായ ചിത്ര നാനോ കാറുമായെത്തിയത്‌ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

പാലക്കാട്‌ പറളി സ്‌കൂളിലെ വി. വി. ജിഷ 400 മീറ്റര്‍ ഹര്‍ഡില്‍സിലും 4 x 400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടി. റിലേയിലെ സ്വര്‍ണ്ണനേട്ടത്തില്‍ സി. ബബിതയും പങ്കാളിയായി.
800 മീറ്റര്‍, 1500 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണ്ണം കൊയ്‌തുകൊണ്ട്‌ പാലക്കാട്ടുകാരനായ മുഹമ്മദ്‌ അഫ്‌സലും താരത്തിളക്കമായി. ദേശീയ സ്‌കൂള്‍ മീറ്റില്‍ വ്യക്തിഗത മികവിന്‌ ചിത്രയോടൊപ്പം അഫ്‌സലും നാനോ കാര്‍ നേടിയിരുന്നു. 
അഫ്‌സലും കോച്ച്‌ മനോജുമായുള്ള അഭിമുഖം ശ്രദ്ധിക്കൂ...  
കേരളത്തിന്റെ അഭിമാന താരത്തെയാണ്‌ ലേബര്‍ ഇന്‍ഡ്യ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌. 
ഇക്കഴിഞ്ഞ ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ രണ്ട്‌ സ്വര്‍ണ്ണം നേടിയ പി. മുഹമ്മദ്‌ അഫ്‌സല്‍. കഴിഞ്ഞ ദേശീയ സ്‌കൂള്‍ കായികമേളയിലും രണ്ട്‌ സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം മൂന്ന്‌ മെഡലുകള്‍ നേടി വ്യക്തിഗത ചാംപ്യനായിരുന്നു അഫ്‌സല്‍. അന്ന്‌ യു. പി. യിലെ ഇറ്റാവയില്‍നിന്ന്‌ പ്രശംസകള്‍ക്കും മെഡലുകള്‍ക്കും ഒപ്പം അഫ്‌സല്‍ വീട്ടിലേക്ക്‌ കൊണ്ടുവന്ന കുഞ്ഞു നാനോയ്‌ക്ക്‌ ഒരു ബെന്‍സ്‌ കാറിന്‌ കിട്ടാത്ത സ്വീകരണം നാട്ടുകാര്‍ നല്‍കിയത്‌ അത്‌ അഫ്‌സലിന്റെ കാറായതുകൊണ്ടായിരുന്നു. അഫ്‌സലിനോടും അഫ്‌സലിന്റെ എല്ലാമെല്ലാമായ ഗുരു മനോജ്‌ സാറിനോടും നമുക്ക്‌ കുറച്ചു വിശേഷങ്ങള്‍ ചോദിക്കാം...
  • അഫ്‌സലിന്റെ വീട്ടുകാര്യങ്ങള്‍ പറയൂ...
``ഒറ്റപ്പാലത്താണ്‌ വീട്‌. പിതാവ്‌ മുഹമ്മദ്‌ ബഷീര്‍. മാതാവ്‌ അസീന. ഒരു ചേച്ചി. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിതാര.''
  • പറളി സ്‌കൂളിലെത്തിയതും ദീര്‍ഘ/മധ്യദൂര ഇനങ്ങളില്‍ പരിശീലനം തുടങ്ങിയതുമൊക്കെ എങ്ങിനെയാണ്‌?
``എട്ടാം ക്ലാസിലാണ്‌ പറളി സ്‌കൂളില്‍ ചേര്‍ന്നത്‌. മനോജ്‌ സാറാണ്‌ ഇപ്പോഴത്തെ ഇനങ്ങളിലേക്ക്‌ തിരിച്ചുവിട്ടത്‌. ഞാനെന്തെങ്കിലും നേട്ടമുണ്ടാക്കിയെങ്കില്‍ അതിന്റെ കാരണം മനോജ്‌ സാറാണ്‌.''
ഭാവി പ്രതീക്ഷകള്‍?
``നല്ല ഒരു കായികതാരമായി മാറണം. ഒരു നല്ല ജോലി നേടണം. എല്ലാം മനോജ്‌ സാര്‍ പറയുന്നപോലെ.''

  • നാനോയെവിടെയുണ്ട്‌?
``വീട്ടിലുണ്ട്‌. എനിക്ക്‌ ഡ്രൈവിംഗ്‌ അറിയില്ല. ഉപ്പയോടൊപ്പം ചിലയിടത്തൊക്കെ നാനോയില്‍ പോയി. ഇറ്റാവയില്‍നിന്ന്‌ ഒരു സൈക്കിളും കിട്ടിയിട്ടുണ്ട്‌....''.മിതഭാഷിയും അല്‌പം നാണക്കാരനുമായ ഈ കുട്ടിയാണോ ട്രാക്കില്‍ തീപടര്‍ത്തി റെക്കോഡുകള്‍ കടപുഴക്കുന്നത്‌ എന്ന്‌ നാം ശങ്കിച്ചു പോവും. ഗുരുവിന്റെ വാക്കുകള്‍ കേള്‍ക്കാം...

  • അഫ്‌സലിനെ കണ്ടെത്തിയത്‌ എങ്ങനെയാണ്‌?
അഫ്‌സല്‍ എട്ടാം ക്ലാസിലാണ്‌ ഇവിടെ ചേര്‍ന്നത്‌. ആദ്യത്തെ വര്‍ഷം പരിശീലനത്തിലൊക്കെ മടിയനായിരുന്നു. ആ ഉഴപ്പ്‌ കാരണം കാര്യമായി വിജയങ്ങളൊന്നുമുണ്ടായില്ല. അവന്‌ നല്ല കഴിവുകളുണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായിരുന്നു. വേണ്ട ഉപദേശനിര്‍ദേശങ്ങളൊക്കെ കൊടുത്തപ്പോള്‍ മടിയൊക്കെ മാറ്റി മിടുക്കനായി. പിന്നീട്‌ 9ല്‍ പഠിക്കുമ്പോള്‍ സംസ്ഥാനമേളയില്‍ 3000ലും 1500ലും ഫസ്‌റ്റ്‌ വന്നു. ഇപ്പോള്‍ നന്നായി പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌.''
  • സ്‌കൂളിലെ പരിശീനരീതികളെങ്ങനെയാണ്‌?
``താല്‌പര്യം കാണിക്കുന്ന എല്ലാ കുട്ടികളെയും പരിശീലനത്തിനിറക്കും. സ്‌കൂള്‍ തലത്തില്‍ നടത്തുന്ന മത്‌സരങ്ങളില്‍ വിജയിക്കുന്നവര്‍ അടുത്ത ഘട്ടങ്ങളിലേക്ക്‌ കയറിപ്പോകും. ആരെയും നമ്മള്‍ തിരഞ്ഞ്‌ മാറ്റുന്ന ഏര്‍പ്പാടില്ല.
രാവിലെ ആറരയ്‌ക്ക്‌ പരിശീലനം ആരംഭിക്കും. എട്ടരവരെ തുടരും. വൈകിട്ട്‌ നാല്‌ മുതല്‍ അഞ്ചര വരെയും പരിശീലനമുണ്ടാവും. 18 കുട്ടികള്‍ ഈ വര്‍ഷം സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ വിജയികളായി. 13 കുട്ടികള്‍ ദേശീയ മീറ്റിലും പങ്കെടുത്തു. 30 പോയിന്റോടെ ദേശീയ മീറ്റിലെ രണ്ടാമത്തെ മികച്ച സ്‌കൂള്‍ ഞങ്ങളാണ്‌.''

  • അഫ്‌സലിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍...?
``ഒരു മികച്ച രാജ്യാന്തര താരമാകാനുള്ള എല്ലാ ഗുണങ്ങളും അഫ്‌സലിനുണ്ട്‌. ഇറ്റാവയില്‍ 800 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡാണ്‌ അവന്‍ തകര്‍ത്തത്‌. ഇപ്പോഴിതാ ഏഷ്യന്‍ മീറ്റിലെ ഇരട്ട സ്വര്‍ണ്ണനേട്ടം. ഭാഗ്യവും കൂടി തുണച്ചാല്‍ അവന്‍ വലിയ നേട്ടങ്ങളിലെത്തും.''
  • കേരളമെങ്ങുമുള്ള വിദ്യാര്‍ത്ഥികളോട്‌ എന്തു പറയാനുണ്ട്‌?
``സ്‌പോര്‍ട്‌സിലായാലും ജീവിതത്തിലായാലും അച്ചടക്കം ആണ്‌ ഏറ്റവും പ്രധാനം. ഒരു ലക്ഷ്യം നിശ്ചയിച്ച്‌ കൃത്യമായും കഠിനമായും പ്രയത്‌നിക്കുക. രക്ഷിതാക്കളെയും ഗുരുക്കന്മാരെയും സ്‌നേഹിക്കുക, ബഹുമാനിക്കുക.സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വച്ച്‌ ഒന്നിലുമിറങ്ങാതിരിക്കുക. അതൊക്കെ താനെ വന്നെത്തിക്കൊള്ളും. വന്ന വഴി മറക്കാതിരിക്കുക.'' 

Friday, 20 September 2013

ഹു യി ഫാന്‍ ലോക വനിതാ ചെസ്‌ ചാംപ്യന്‍

ചൈനക്കാരിയായ ഹു യി ഫാന്‍ പുതിയ ലോക വനിതാ ചെസ്‌ ചാംപ്യന്‍. നിലവിലുള്ള ചാംപ്യന്‍ ഉക്രൈന്റെ അന്ന ഉഷനീനയെ തോല്‌പിച്ചാണ്‌ ഹു യി ഫാന്‍ കിരീടം കരസ്ഥമാക്കിയത്‌.
നിലവിലെ ചാംപ്യന്‍ അന്ന ഉഷനീനയെ തീര്‍ത്തും നിഷ്‌പ്രഭമാക്കുന്ന നിലവാരമാണ്‌ ഫൈനല്‍ റൗണ്ട്‌ പോരാട്ടങ്ങളില്‍ ഹു യി ഫാന്‍ പുറത്തെടുത്തത്‌. ഫിഡെ ചാംപ്യന്‍ഷിപ്‌ നിയമമനുസരിച്ച്‌ പത്ത്‌ മത്സരങ്ങളടങ്ങുന്ന റൗണ്ടില്‍ ആദ്യം അഞ്ചര പോയിന്റ്‌ നേടുന്നയാള്‍ വിജയിയാകും. എന്നാല്‍ ഏഴാമത്തെ മത്സരമായപ്പോഴേക്കും ഹു ബഹുദൂരം മുന്നിലെത്തി വിജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. ഇതില്‍ നാലെണ്ണത്തില്‍ ഹു വിജയം കണ്ടപ്പോള്‍ എതിരാളിക്ക്‌ ഒന്നുപോലും വിജയിക്കാനായില്ല. മൂന്ന്‌ കളികള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. അങ്ങനെ പോയിന്റ്‌നില 5.5 - 1.5. ഈ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയുമായി ഹു.
ഗ്രാന്‍ഡ്‌മാസ്‌റ്റര്‍ നോം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ്‌ താരവും ഹു തന്നെ. ഇപ്പോള്‍ വനിതാ താരങ്ങളില്‍ ലോക റാങ്കിംഗില്‍ മൂന്നാമതാണ്‌ ഹു യി ഫാന്‍.
ചൈനയിലെ ജിയാന്‍സു പ്രവിശ്യയിലെ ഷിന്‍ഹുവയില്‍ 1994 ഫെബ്രുവരി 27നാണ്‌ ഹു യി ഫാന്‍ ജനിച്ചത്‌. 

Monday, 9 September 2013

ലിയാന്‍ഡര്‍ പെയ്‌സിന് യു എസ് ഓപ്പണ്‍

പ്രായം തളര്‍ത്താത്ത പ്രതിഭയാണ് താനെന്ന് ലിയാന്‍ഡര്‍ പെയ്‌സ് ഒരിക്കല്‍ കൂടി ലോകത്തിന് ബോധ്യപ്പെടുത്തി. ഈ വര്‍ഷത്തെ യു എസ് ഓപ്പണ്‍ ഡബിള്‍സ് വിജയത്തിലൂടെ തന്റെ എട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിക്കൊണ്ടായിരുന്നു ഇത്. ചെക്ക് താരം റാഡെക് സ്‌റ്റെപാനെക് ആയിരുന്നു കൂട്ടാളി.


ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ജോടിയായ അലക്‌സാണ്ടര്‍ പേയ-ബ്രൂണോ സോറസ് സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകളില്‍ ഇവര്‍ പരാജയപ്പെടുത്തിയത്.
വയസ്സ് നാല്‍പതിലെത്തിയ പെയ്‌സിന്റെ മൂന്നാം യു എസ് ഓപ്പണ്‍ ഡബിള്‍സ് കിരീടനേട്ടമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം ഇവിടെ രണ്ടാം സ്ഥാനക്കാരായിരുന്നു ഈ സഖ്യം. ആറ് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ അടക്കം പതിനാല് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ പെയ്‌സ് ഇതുവരെ നേടിക്കഴിഞ്ഞു. സ്‌റെറപാനെകിനാകട്ടെ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളാണുള്ളത്. ഇത് രണ്ടും പെയ്‌സിനൊപ്പമായിരുന്നു.
1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ടെന്നീസ് സിംഗിള്‍സില്‍ പെയ്‌സ് വെങ്കലം നേടി. 1992 ല്‍ തുടങ്ങി 2012 ല്‍ വരെ ആറ് ഒളിംപിക്‌സുകളില്‍ മത്സരിച്ച ഏക ടെന്നീസ് താരവും ഭാരതത്തിന്റെ ഈ വീര പുത്രനാണ്.
1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്ന വേസ് പെയ്‌സിന്റെയും പ്രശസ്ത ബംഗാളി കവി മൈക്കല്‍ മധുസൂദനന്‍ ദത്തിന്റെ കൊച്ചുമകളായ ജെന്നിഫറിന്റെയും മകനായി 1973 ജൂണ്‍ 17ന് ഗോവയിലാണ് ലിയാന്‍ഡര്‍ ജനിച്ചത്. രാജിവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന, പദ്മശ്രീ അടക്കമുള്ള ഉന്നത ബഹുമതികള്‍ നല്‍കി രാജ്യം തളരാത്ത ഈ വീര പോരാളിയെ ആദരിച്ചിട്ടുണ്ട്.

യു എസ് ഓപ്പണ്‍ സെറീനയ്ക്ക് വീട്ടുകാര്യം

അമേരിക്കക്കാരിയും കഴിഞ്ഞ വര്‍ഷത്തെ ജേതാവുമായ സെറീന വില്ല്യംസ് തന്നെ ഇക്കുറിയും യു എസ് ഓപ്പണ്‍ ചാംപ്യന്‍.


കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനത്തില്‍ ഇപ്പോഴത്തെ ലോക ഒന്നാം നമ്പറായ സെറീന ലോക രണ്ടാം നമ്പര്‍ വിക്‌ടോറിയ അസറെങ്കയെ പരാജയപ്പെടുത്തി തന്റെ അഞ്ചാം യു എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. വനിതാ ടെന്നീസില്‍ കരുത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച  സെറീനയുടെ പതിനേഴാം ഗ്രാന്‍ഡ് സ്ലാം വിജയമാണിത്.
അമേരിക്കയിലെ മിച്ചിഗണിലുള്ള സാഗിനോയ് എന്ന സ്ഥലത്ത് 1981 സെപ്റ്റംബര്‍ 26 ന് ജനിച്ച സെറീന 2002 ജൂലൈ 8നാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തുന്നത്. പിന്നീട് ഇടയ്‌ക്കൊക്കെ സ്ഥാനചലനമുണ്ടായെങ്കിലും വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. നിലവില്‍ ഫ്രഞ്ച് ഓപ്പണ്‍, ഒളിംപിക്‌സ് കിരീടനേട്ടങ്ങളും സെറീനയുടെ പേരില്‍ത്തന്നെ. തന്റെ ടെന്നീസ് കരിയറില്‍ സിംഗിള്‍സിലും ഡബിള്‍സിലും ഗോള്‍ഡന്‍ സ്ലാം കിരീടങ്ങള്‍ നേടിയ ഏക വ്യക്തിയും സെറീന തന്നെ. സഹോദരി വീനസ് വില്ല്യംസുമൊത്ത് 13 ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് സെറീന.


ബലറൂസ് താരമായ വിക്‌ടോറിയ അസറെങ്ക ഏതെങ്കിലുമൊരു ഗ്രാന്‍ഡ് സ്ലാം ടെന്നീസ് സിംഗിള്‍സ് കിരീടം നേടുന്ന ആ രാജ്യത്തെ ആദ്യ താരമാണ്. 2012, 2013 വര്‍ഷങ്ങളിലെ ആസ്ട്രലിയന്‍ ഓപ്പണ്‍ ചാംപ്യനാണീ സുന്ദരി. 2007ല്‍ യു എസ് ഓപ്പണും 2008 ഫ്രഞ്ച് ഓപ്പണും മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും അസറെങ്ക നേടിയിട്ടുണ്ട്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സിംഗിള്‍സില്‍ വെങ്കലവും മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണ്ണവും അസറെങ്ക കരസ്ഥമാക്കിയിരുന്നു.

Tuesday, 13 August 2013

രഞ്ജന്‍ സോധിക്ക് ഖേല്‍ രത്‌ന... രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന

രഞ്ജന്‍ സോധി
ഷൂട്ടിംഗ് താരം രഞ്ജന്‍ സോധിക്ക് പരമോന്നത കായിക പുരസ്‌ക്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന.

മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ്. ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി, ബാഡ്മിന്റണിലെ പുതിയ താരോദയം പി. വി. സിന്ധു എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.
എന്നാല്‍ രാജ്യത്തെ വോളീബോള്‍ രംഗത്ത് ദീര്‍ഘകാലമായി നിറഞ്ഞുനില്‍ക്കുന്ന മലയാളി താരം ടോം ജോസഫിന് ഇക്കുറിയും അര്‍ജുന ലഭിച്ചില്ല എന്നത് കായിക ലോകത്തിന് നിരാശയുണ്ടാക്കി.

രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡ്‌

മലയാളിയായ ഒളിംപ്യന്‍ ട്രിപ്പിള്‍ ജംപ്‌ താരം രഞ്‌ജിത്ത്‌ മഹേശ്വരി ഇത്തവണത്തെ അര്‍ജുന അവാര്‍ഡ്‌ ജേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു. രണ്ട്‌ ഒളിംപിക്‌സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച രഞ്‌ജിത്തിന്‌ ഇത്‌ അര്‍ഹതയ്‌ക്കുള്ള അംഗീകാരം. ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോഡ്‌ (17.07 മീ.) സ്വന്തം പേരില്‍ കുറിച്ചിരിക്കുന്ന രഞ്‌ജിത്ത്‌ 2008 ബീജിംഗ്‌ ഒളിംപിക്‌സിലും 2012 ലണ്ടന്‍ ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 2007ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, 2010ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വെങ്കലം, 2012ലെ ഏഷ്യന്‍ ഗ്രാന്‍പ്രി മീറ്റില്‍ സ്വര്‍ണ്ണം തുടങ്ങിയവ രഞ്‌ജിത്തിന്‍െറ രാജ്യാന്തരനേട്ടങ്ങളില്‍ പ്രധാനമായവയാണ്‌.
1986 ജനുവരി 30ന്‌ കോട്ടയം ജില്ലയിലെ ചാന്നാനിക്കാട്‌ ജനിച്ചു. 

Monday, 12 August 2013

ഇന്ത്യന്‍ ബാഡ്മിന്റന്റെ സിന്ദൂര തിലകം...

ന്ത്യന്‍ ബാഡ്മിന്റന്‍ രംഗത്ത് പുത്തന്‍ താരോദയമാകുകയാണ് പി. വി. സിന്ധു എന്ന ആന്ധ്രക്കാരി. ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിക്കൊണ്ട് സിന്ധു പുതു ചരിത്രമെഴുതിയിരിക്കുന്നു.  ആദ്യമായാണൊരിന്ത്യക്കാരി ലോക ചാംപ്യന്‍ഷിപ്പില്‍ വ്യക്തിഗത മെഡല്‍ നേടുന്നത്. ലോകറാങ്കില്‍ മുന്‍നിരയിലെത്തിയ സൈന നെഹ്‌വാളിനുപോലും എത്തിപ്പിടിക്കാനാവാത്ത അസുലഭനേട്ടം.
ചൈനയിലെ ഗാങ്ഷുവില്‍ അരങ്ങേറിയ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലാണ് സിന്ധു ഭാരതത്തിന്റെ അഭിമാനമായത്.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇവിടെ മൂന്നാം സീഡായിരുന്ന സൈന ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. സിന്ധുവാകട്ടെ പത്താം സീഡും. സെമിയിലേക്കുള്ള വഴിയില്‍ സിന്ധു പരാജയപ്പെടുത്തിയതോ നിലവിലുള്ള ചാംപ്യന്‍ ചൈനയുടെ യിഹാന്‍ വാങിനെയും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ ജേത്രി ഷിസിയന്‍ വാങിനെയുമൊക്കെയാണ്. സെമിയില്‍ പക്ഷേ, ഈ സ്വപ്നതുല്യ യാത്രയ്ക്ക് ഭംഗമായി. തായ്‌ലന്‍ഡുകാരി, ലോക ജൂനിയര്‍ ചാംപ്യന്‍കൂടിയായ, റാച്ചനോക്ക് ഇന്റനോണ്‍ സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചു. റാച്ചനോക്ക് തുടര്‍ന്ന് ഫൈനലിലും വിജയിച്ച് ലോക ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ ചൈനക്കാരികളുടെ കുത്തക തകര്‍ത്ത് ആദ്യമായൊരു തായ് വനിത ലോകചാംപ്യന്‍ഷിപ്പില്‍ മുത്തമിട്ടു.

എന്തായാലും ആദ്യമായി ലോകചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പതിനെട്ട് വയസ്സു മാത്രമുള്ള പി. വി. സിന്ധുവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടം തന്നെ. സൈനയേപ്പോലെ തന്നെ മുന്‍ രാജ്യാന്തരതാരം ഗോപീചന്ദിന്റെ ശിഷ്യയാണ് സിന്ധുവും.
സിന്ധുവിനുമുന്‍പ് 1983ല്‍ കോപ്പന്‍ഹേഗനില്‍ വച്ച് നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ പ്രകാശ് പദുക്കോണ്‍ വെങ്കലം നേടിയിരുന്നു. 2011ല്‍ നടന്ന ലണ്ടന്‍ ചാംപ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ ജ്വാലാ ഗുട്ടയും അശ്വിനി പൊന്നപ്പയും ചേര്‍ന്ന സഖ്യം വെങ്കലമെഡല്‍ നേടിയിട്ടുണ്ട്.
വോളിബോള്‍ കോര്‍ട്ടുകളില്‍ മിന്നല്‍പിണരായിരുന്ന മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരം അര്‍ജുന അവാര്‍ഡ് ജേതാവ് പി. രമണയുടെയും ദേശീയ വോളി താരമായിരുന്ന വിജയയുടെയും മകളാണ് പുസര്‍ല വെങ്കട സിന്ധു എന്ന പി. വി. സിന്ധു. 1995 ജൂലൈ 5ന്  ഹൈദരാബാദില്‍ ജനിച്ചു. 2013ല്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടവും സിന്ധു നേടിയിട്ടുണ്ട്.

ഒരേയൊരു ബോള്‍ട്ട്...


ഈ ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ താനാണെന്ന് 'ലൈറ്റ്‌നിംഗ് ബോള്‍ട്ട്' എന്ന് വിളിപ്പേരുള്ള ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ഒരിക്കല്‍കൂടി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മോസ്‌കോയില്‍ അരങ്ങേറിയ ലോക അത്‌ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ സ്വര്‍ണ്ണം നേടിക്കൊണ്ടായിരുന്നു ഈ അശ്വമേധം. 9.77 സെക്കന്റില്‍ ഈ സീസണിലെ തന്റെ മികച്ച സമയവും ബോള്‍ട്ട് കുറിച്ചു. അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ 9.85 സെക്കന്റില്‍ വെളളിയും ജമൈക്കയുടെ തന്നെ നെസ്റ്റ കാര്‍ട്ടര്‍ 9.95 സെക്കന്റില്‍ വെങ്കലവും നേടി.
നൂറ് മീറ്റര്‍ ഫൈനലില്‍ മത്സരിക്കാന്‍ ഇറങ്ങിയ എട്ട് പേരില്‍ നാലും ജമൈക്കക്കാരായിരുന്നു എന്നത് കൗതുകമായി. ഈ നാലു പേരും ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിക്കൊണ്ട് ജമൈക്കയുടെ സ്പ്രിന്റ് കരുത്തിന് നേര്‍ സാക്ഷ്യമാവുകയും ചെയ്തു. ബോള്‍ട്ടിനും കാര്‍ട്ടര്‍ക്കും പിന്നാലെ കെമര്‍ ബെയ്‌ലി കോള്‍(9.98) നിക്കല്‍ അഷ്‌മെദെ (9.98) എന്നീ ജമൈക്കന്‍ അത്‌ലറ്റുകള്‍ യഥക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
ബോള്‍ട്ടും ഗാട്‌ലിനും പോരാട്ടത്തില്‍
നിലവില്‍ 100 മീറ്റര്‍ 200 മീറ്റര്‍ ലോക റെക്കോഡുകള്‍ 26-കാരനായ ബോള്‍ട്ടിനു സ്വന്തമാണ്. 4 * 100 മീറ്റര്‍ റിലേയിലും ലോകറെക്കോഡ് സ്ഥാപിച്ച ജമൈക്കന്‍ ടീമില്‍ ബോള്‍ട്ടുണ്ട്. സ്പ്രിന്റ് ഇനങ്ങളില്‍ ആറ് ഒളിംപിക് മെഡലുകള്‍ നേടിയ ആദ്യ അത്‌ലറ്റ് എന്ന ഖ്യാതിയും ഇദ്ദേഹത്തിനാണ്. 9.58 സെക്കന്റാണ് 100 മീറ്ററിലെ മികച്ച സമയം.
ജമൈക്കയിലെ ട്രെലവ്‌നിയിലുള്ള ചെറു പട്ടണമായ ഷെര്‍വുഡ് കണ്ടെന്റിലാണ് 1986 ആഗസ്റ്റ് 21ന് വെല്ലസ്ലി ബോള്‍ട്ടിന്റെയും ജെന്നിഫറിന്റേയും പുത്രനായി ഉസൈന്‍ ബോള്‍ട്ട് ജനിച്ചത്.

ബോള്‍ട്ടിന്റെ ലോകറെക്കോഡ് പ്രകടനം കാണാന്‍ ക്ലിക്ക് ചെയ്യൂ...



Thursday, 8 August 2013

തോമസ്‌ മാഷിന്‌ ദ്രോണാചാര്യ പുരസ്‌ക്കാരം

കായികപരിശീലകര്‍ക്ക്‌ രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌ക്കാരമായ ദ്രോണാചാര്യ ഇത്തവണ കെ. പി. തോമസ്‌ എന്ന തോമസ്‌ മാഷിന്‌. കോരുത്തോട്‌ സി.കെ.എം.എച്ച്‌.എസിനെ പതിനാറ്‌ തവണ സംസ്ഥാന ചാംപ്യന്‍മാരാക്കിയ തോമസ്‌ മാഷ്‌ ഇപ്പോള്‍ തൊടുപുഴ വണ്ണപ്പുറം എസ്‌.എന്‍.എം.എച്ച്‌.എസ്‌.എസിലെ കായികാധ്യാപകനാണ്‌.
ഷൈനി വില്‍സണ്‍ , അഞ്ജു ബോബി ജോര്‍ജ്, ജിന്‍സ് ഫിലിപ്പ്, മോളി ചാക്കോ, സി.എസ്.മുരളീധരന്‍, ജോസഫ് ജി.എബ്രഹാം എന്നിങ്ങനെ ഇന്ത്യക്കുവേണ്ടി ജഴ്‌സി അണിഞ്ഞ ഒട്ടേറെ പ്രമുഖ കായികതാരങ്ങള്‍ തോമസ് മാഷിന്റെ ശിഷ്യരാണ്.
സംസ്ഥാന സ്‌കൂള്‍കായികമേളയില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസ് സ്‌കൂളിനെ 16 തവണ സംസ്ഥാന ചാമ്പ്യന്‍മാരാക്കിയത് തോമസ് മാഷിന്റെ നേതൃത്വത്തിലാണ്. തൊടുപുഴ വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്.എസിലെ കായികാധ്യാപകനാണ് ഇപ്പോള്‍ അദ്ദേഹം.
1979 ലാണ് കോരുത്തോട് സി.കെ.എം.എച്ച്.എസില്‍ തൊടുപുഴ വഴിത്തല കുരിശിങ്കല്‍ ഫിലിപ്പ് തോമസ് എന്ന കെ പി തോമസ് കായികാധ്യാപകനായി ചേര്‍ന്നത്. 16 വര്‍ഷത്തെ പട്ടാള ജീവിതത്തിന് ശേഷമാണ് അദ്ദേഹം കായിക പരിശീലകനായത്. 1963 മുതല്‍ 1979 വരെ ആര്‍മി കോച്ചായിരുന്നു. 1972-ല്‍ ഏഷ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റര്‍ റിലേയില്‍ പങ്കെടുത്തു.
2000 ത്തില്‍ കോരുത്തോട് സ്‌കൂളിന് 16 ാം തവണയും ചാമ്പ്യന്‍ പദവി നേടിക്കൊടുത്തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്.
കോരുത്തോട് സ്‌കൂളില്‍ നിന്ന് വിരമിച്ച ശേഷം ഏന്തയാര്‍ സ്‌കൂളില്‍ പരിശീലകനായ തോമസ് മാഷ് ഇപ്പോള്‍ തൊടുപുഴ വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച്.എസ്.എസിലെ പരിശീലകനായ മകന്‍ രാജാസിനോടൊപ്പം അവിടുത്തെ കുട്ടികളെ പരിശീലിപ്പിക്കുകയാണ്.
തോമസ് മാഷിന് പുറമെ അമ്പെയ്ത്ത് താരം ദീപികാ കുമാരിയുടെ പരിശീലക പൂര്‍ണിമ മഹാതോയ, ബോക്‌സിംഗ് കോച്ച് മഹാവീര്‍ സിങ്, ഹോക്കി കോച്ച് നരേന്ദ്ര സെയ്തി, ഗുസ്തി കോച്ച് രാജ് സിങ് എന്നിവരും ദ്രോണാചാര്യയ്ക്ക് അര്‍ഹരായി.

Wednesday, 10 July 2013

വിംബിള്‍ഡണിന് പുതിയ അവകാശികള്‍

ലോകത്തിലെ ഏറ്റവും പേരുകേട്ട ടെന്നീസ് ചാംപ്യന്‍ഷിപ്പാണ് വിംബിള്‍ഡണ്‍. 127-ാമത് വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പ് 2013 ജൂലൈയില്‍ പൂര്‍ത്തിയായപ്പോള്‍ പതിവ് മുഖങ്ങളൊന്നും വിജയികളുടെ ലിസ്റ്റിലില്ല എന്നത് പ്രത്യേക  ശ്രദ്ധയാകര്‍ഷിച്ചു. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മരിയ ഷറപ്പോവ, സെറീന വില്ല്യംസ് തുടങ്ങി കിരീടപ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന വമ്പന്മാരും വമ്പത്തികളുമൊന്നും പച്ച തൊട്ടില്ല.
വിംബിള്‍ഡന്‍ സെന്റര്‍ കോര്‍ട്ട്
പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മറേയും വനിതാ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളിയും കിരീടം സ്വന്തമാക്കി. ഈ രണ്ടുപേരും വിംബിള്‍ഡന്‍ പുല്‍ത്തകിടിയില്‍ വെന്നിക്കൊടി പാറിച്ചത് ഇതാദ്യമായി. മാത്രമല്ല  77 വര്‍ഷങ്ങളായി ഒരു ബ്രിട്ടീഷുകാരന് അന്യമായി നിന്ന കിരീടമാണ് മറേ സ്വന്തമാക്കിയത്. ബര്‍ത്തോളിയാകട്ടെ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടത്തിലാണ് മുത്തമിട്ടത.്
മരിയന്‍ ബര്‍ത്തോളിയും ആന്‍ഡി മറേയും കിരീടങ്ങളുമായി
ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബിലെ പുല്‍ത്തകിടിയില്‍ പ്രമുഖര്‍ക്കെല്ലാം കാലിടറിയപ്പോള്‍, ഒളിംപിക്‌സിലെ സ്വര്‍ണ്ണനേട്ടത്തിനൊപ്പം വിലമതിക്കാനാവാത്ത  വിംബിള്‍ഡന്‍ കിരീടനേട്ടവും ചേര്‍ക്കുകയായിരുന്നു ആന്‍ഡി മറേ. 2002ല്‍ യു എസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പും ആന്‍ഡി മറേ നേടിയിട്ടുണ്ട്. 1936ലാണ് ഇതിനു മുന്‍പൊരു ബ്രിട്ടീഷുകാരന്‍ വിംബിള്‍ഡന്‍ ചാംപ്യനായത്. 1934, 35, 36 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തിയ ഫ്രെഡറിക് ജോണ്‍ പെറി എന്ന ഫ്രെഡ് പെറിയായിരുന്നു അത്.
ഫ്രെഡ് പെറി
1987 മെയ് 15ന് സ്‌കോട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍ ആണ് മറേ ജനിച്ചത്. ഫ്രാന്‍സിലെ ഹോതെ ലോയ്‌റിലുള്ള ലെ പുയെന്‍ വാലി എന്ന സ്ഥലത്ത് 1984 ഒക്‌ടോബര്‍ 2 നാണ് ബര്‍ത്തോളിയുടെ ജനനം. സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ താമസം.

Tuesday, 9 July 2013

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് 2013

20-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്‍ കൊടിയിറങ്ങി. 2013 ജൂലൈ 3 മുതല്‍ 7 വരെ പൂനെയിലെ ബാലെവാടിയിലുള്ള ശ്രീ ശിവ് ഛത്രപതി സ്‌പോട്‌സ് കോംപ്ലക്‌സില്‍ അരങ്ങേറിയ ഏഷ്യന്‍ രാജ്യങ്ങളുടെ ഈ കായിക മേളയില്‍ 43 രാജ്യങ്ങളില്‍നിന്നുള്ള 580 കായികതാരങ്ങള്‍ അണിനിരന്നു. 1989 ന്യൂഡല്‍ഹി ഗെയിംസിനുശേഷം ഇത് രണ്ടാം തവണയായാണ് രാജ്യം ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയാകുന്നത്.
വികാസ് ഗൗഡ
പതിവുപോലെ ചൈനീസ് താരങ്ങളുടെ ആധിപത്യത്തിനാണ് മേള സാക്ഷിയായത്. 16 സ്വര്‍ണമുള്‍പ്പടെ 27 മെഡലുകള്‍ നേടി ഏഷ്യയില്‍ തങ്ങള്‍ക്ക് എതിരാളികളില്ല എന്ന് ചൈന വീണ്ടും തെളിയിച്ചു. അഞ്ച് സ്വര്‍ണത്തോടെ ബഹ്‌റൈന്‍ രണ്ടാം സ്ഥാനത്തെത്തിയതായിരുന്നു വാര്‍ത്ത. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും മറ്റും കടം കൊണ്ട മധ്യ ദീര്‍ഘദൂര അത്‌ലറ്റുകളുമായി വന്ന് ബഹ്‌റൈന്‍ രംഗം കൈയടക്കുകയായിരുന്നു. ജപ്പാന്‍ നാല് സ്വര്‍ണ്ണത്തോടെ മൂന്നാമതുമെത്തി.
ടിന്റു ലൂക്ക, അനു മറിയം ജോസ്, നിര്‍മ്മല, പൂവമ്മ
രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും പത്ത് വെങ്കലവുമുള്‍പ്പടെ 17 മെഡലുകള്‍ നേടി ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഡിസ്‌ക്കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 4 X 400 മീറ്റര്‍ റിലേയില്‍ നിര്‍മ്മല, ടിന്റു ലൂക്ക, അനു മറിയം ജോസ്, പൂവമ്മ എന്നിവര്‍ ഉള്‍പ്പെട്ട ടീമുമാണ് സ്വര്‍ണ്ണം നേടിയത്. റിലേ ടീമിലെ മലയാളി താരങ്ങളായ ടിന്റുവിന്റേയും അനു മറിയത്തിന്റെയും പ്രകടനം വിജയത്തില്‍ നിര്‍ണ്ണായകമായി. കൂടാതെ മലയാളി താരങ്ങളായ രഞ്ജിത്ത് മഹേശ്വരി ട്രിപ്പിള്‍ ജംപിലും ജിതിന്‍ തോമസ് ഹൈ ജംപിലും വെള്ളി മെഡലുകളും നേടി.
രഞ്ജിത്ത് മഹേശ്വരി

Top News

Labour India