BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Economics. Show all posts
Showing posts with label Economics. Show all posts

Friday, 21 February 2014

വാട്‌സ് ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി! (Facebook Acquired WhatsApp)

ലോകം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ഏറ്റെടുക്കല്‍ നടത്തിയ വാര്‍ത്ത അടുത്തയിടെ ശ്രദ്ധേയമായി. മൊബൈല്‍ സന്ദേശ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ച വാട്‌സ് ആപിനെയാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. ചെറിയ കാര്യമൊന്നുമല്ല, ഏതാണ്ട് 1.19 ലക്ഷം കോടി രൂപയ്ക്കാണ് ഇടപാട്!


ചെറു സന്ദേശങ്ങളും വീഡിയോ ഓഡിയോ ഫയലുകളും മറ്റും ഇന്റര്‍നെറ്റ് വേഗം കുറഞ്ഞയിടങ്ങളില്‍പോലും അനായാസം കൈകാര്യം ചെയ്യാമെന്നതാണ് വാട്‌സ് ആപിനെ ജനപ്രിയമാക്കിയത്. നിലവില്‍ 45 കോടി യൂസര്‍മാരുണ്ടത്രേ വാട്‌സ് ആപിന്. പ്രതിദിനം ഇതില്‍ അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണമാകട്ടെ 10 ലക്ഷത്തോളവും! 


യാഹു ജീവനക്കാരായിരുന്ന ബ്രയാന്‍ ആക്റ്റണും ജാന്‍ കൗമും ചേര്‍ന്ന് 2009ലാണ് വാട്‌സ് ആപിന് തുടക്കമിടുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മൗണ്ടന്‍ വ്യൂ ആയിരുന്നു ആസ്ഥാനം. രസകരമായ കാര്യം മുന്‍പ് ബ്രയാന്‍ ഫേസ്ബുക്കില്‍ ജോലിക്ക് ള്രമിച്ച് പരാജയപ്പെട്ടിരുന്നു എന്നതാണ്.


ഇവിടെയുമൊരു ഇന്ത്യന്‍ സാന്നിധ്യമുണ്ട്. ഡല്‍ഹി ഐഐറ്റിയില്‍നിന്ന് പഠിച്ചിറങ്ങിയ നീരജ്‌
അറോറ എന്ന ഇന്ത്യക്കാരനാണ് വാട്‌സ് ആപിന്റെ ബിസിനസ് ഹെഡ് എന്നത് എത്രപേര്‍ക്കറിയാം!~ഏതായാലും പുതിയ ഏറ്റെടുക്കല്‍ നീരജ്‌ അടക്കമുള്ള 55ഓളം വരുന്ന വാട്‌സ് ആപ് ജീവനക്കാര്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്ന പണം വളരെ വലുതാണ്. കാരണം ഫേസ്ബുക്കിന്റെ ഏറ്റെടുക്കല്‍ കരാറനുസരിച്ച് 400 കോടി ഡോളര്‍ പണമായും ബാക്കി ഏതാണ്ട് 1400 കോടി ഡോളര്‍ ഓഹരിയായുമാണ് കൈമാറുന്നത്. ഈ ഓഹരി വാട്‌സ് ആപ് ജീവനക്കാര്‍ക്ക് വീതിക്കുകയാണ്. അതെത്ര വലിയ തുകയായിരിക്കും!


Monday, 2 December 2013

ആമസോണിന് ഓര്‍ഡര്‍ കൊടുത്തോളൂ... പാഴ്‌സല്‍ വിമാനത്തില്‍ വീട്ടുമുറ്റത്തെത്തും...!

ജോലിക്ക് ആളെക്കിട്ടാന്‍ വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഫാക്ടറികളിലും കടകളിലും എന്തിന് ഓണത്തിന് പുലികളിക്ക് വേഷം കെട്ടാന്‍ പോലും അന്യ നാട്ടുകാരെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലും. ഇത് തന്നെയാണ് ആഗോളതലത്തിലും എന്നു തോന്നുന്നു. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിന്റെ പുതിയ നീക്കത്തെപ്പറ്റി അറിയുമ്പോള്‍ നമുക്കിത് ഉറപ്പിക്കാം. 

ആമസോണ്‍ അമേരിക്കയില്‍ ഉപഭോക്താക്കള്‍ക്ക്‌ ഓര്‍ഡറുകളെത്തിക്കാന്‍ ആളി ല്ലാത്ത ചെറുവിമാനം (drone) പരീക്ഷിക്കുന്നു. ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ്  'പ്രൈം എയര്‍ ' ( Prime Air) എന്നു പേരിട്ടിരിക്കുന്ന പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ്  അറിയിച്ചു. പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. 'ഒക്ടോകോപ്റ്റര്‍ ' ( Octocopter ) എന്നാണ് ഡെലിവറി ഡ്രോണിനിട്ടിരിക്കുന്ന പേര്.  അരമണിക്കൂര്‍ കൊണ്ട് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളെത്തിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.


ആമസോണ്‍ പ്രൈം എയര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് കാണാം...


എന്നാല്‍ പ്രൈം എയര്‍ സര്‍വീസ്  പ്രവര്‍ത്തികമാകാന്‍ അഞ്ചു വര്‍ഷമെങ്കി ലുമെടുക്കും. തല്ക്കാലം ഇതിന് തടസ്സമായി ചില നിയമപ്രശ്‌നങ്ങളുമുണ്ട്. യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) ആളില്ലാവിമാനങ്ങള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇതുവരെ അനുവാദം നല്‍കിയിച്ചില്ല. പോലീസിന്റെയും ഗവണ്‍മെന്റ് ഏജന്‍സികളുടെയും ആവശ്യത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. 

Monday, 14 October 2013

ആസ്‌തിമൂല്യം അളന്ന മൂവര്‍ സംഘത്തിന്‌ സാമ്പത്തിക നോബല്‍

സാമ്പത്തികശാസ്‌ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌ക്കാരം മൂന്ന്‌ അമേരിക്കന്‍ സാമ്പത്തിക വിദഗ്‌ധര്‍ക്ക്‌ . ഷിക്കാഗോ സര്‍വകലാശായിലെ പ്രൊഫസര്‍മാരായ യൂജിന്‍ എഫ്‌. ഫാമ, ലാര്‍സ്‌ പീറ്റര്‍ ഹാന്‍സന്‍ എന്നിവരും യേല്‍ സര്‍വകലാശാലയിലെ പ്രൊഫസറായ റോബര്‍ട്ട്‌ ജെ. ഷില്ലറുമാണ്‌ നോബല്‍ പുരസ്‌ക്കാരം പങ്കുവച്ചത്‌. 
റോബര്‍ട്ട്  ഷില്ലര്‍, ലാര്‍സ് ഹാന്‍സന്‍, യൂജിന്‍ ഫാമ എന്നിവര്‍
ആസ്‌തിമൂല്യം വിലയിരുത്താനുള്ള നൂതനവും പ്രായോഗികവുമായ രീതി വികസിപ്പിച്ചതിനാണ്‌ ഇവര്‍ സമ്മാനിതരായത്‌. ഓഹരികളുടെയും കടപ്പത്രങ്ങളുടെയും ഭാവി പ്രവചിക്കുന്നതിനും മറ്റും ഇവര്‍ മുന്നോട്ടുവച്ച രീതി കൂടുതല്‍ ഫലപ്രദമാണെന്ന്‌ നോബല്‍ സമ്മാനസമിതി പ്രഖ്യാപനത്തില്‍ പറഞ്ഞു.
നിക്ഷേപത്തിന്റെ സാമ്പത്തിക വശങ്ങളേക്കുറിച്ച്‌ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 74കാരനായ ഫാമ `ആധുനിക ധനകാര്യ ശാസ്‌ത്രത്തിന്റെ പിതാവ്‌ 
("father of modern finance.") എന്നാണറിയ പ്പെടുന്നത്‌. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്രവിഭാഗത്തിലെ ഇന്‍സ്റ്റിറ്റിയൂട്ട്  റിസര്‍ച്ച്  കൗണ്‍സിലിന്റെ അധ്യക്ഷനാണ്  60കാരനായ ഹാന്‍സന്‍. ഇപ്പോള്‍ 67 വയസ്സുള്ള റോബര്‍ട്ട് ഷില്ലര്‍ അമേരിക്കന്‍  റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വിലനിര്‍ണയത്തിന്റെ ഏറ്റവും പ്രമുഖ മാനദണ്ഡങ്ങളിലെന്നായ കേസ്-ഷില്ലര്‍ ഇന്‍ഡക്‌സിന്റെ ഉപജ്ഞാതാക്കളിലൊരാളു മാണ്.

Wednesday, 7 August 2013

രഘുറാം റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍

പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. രഘുറാം ഗോവിന്ദ് രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത് ഗവര്‍ണറായി നിയമിതനായി. നിലവിലെ ഗവര്‍ണര്‍ ഡി. സുബ്ബറാവു സ്ഥാനമൊഴിയുന്ന 2013 സെപ്റ്റംബര്‍ 4ന് ഇദ്ദേഹം ചുമതലയേല്‍ക്കും. 50 വയസ്സുകാരനായ ഇദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് അഥവാ ഐഎംഎഫിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റ് കൂടിയായ ഡോ. രഘുറാമിനെ 2012 ആഗസ്റ്റിലാണ് ധനമന്ത്രാലയം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. ഒപ്പം പ്രധാനമന്ത്രിയുടെ ഓണററി എക്കണോമിക് അഡൈ്വസര്‍ സ്ഥാനം കൂടി വഹിച്ചുപോന്നു.
1963ല്‍ ഭോപ്പാലിലായിരുന്നു രഘുറാമിന്റെ ജനനം. നയതന്ത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പിതാവിനൊപ്പം ബെല്‍ജിയത്തിലായിരുന്നു ഏഴാം ക്ലാസുവരെ രഘുറാമിന്റെ ജീവിതം. 1974ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. 1985ല്‍ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ കരസ്ഥമാക്കി. ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ രഘുറാം 1991ല്‍ പ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മാനേജ്‌മെന്റില്‍ പിഎച്ച്ഡിയും നേടി.

ഇതിനുശേഷം ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അധ്യാപകനായി.  താമസിയാതെ ഐഎംഎഫിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് എക്കണോമിസ്റ്റായും ഇദ്ദേഹം നിയമിതനായി. 2003 ഒക്‌ടോബറില്‍ ഈ സ്ഥാനത്തെത്തിയ ഇദ്ദേഹം 2006 ഡിസംബര്‍ വരെ അവിടെ തുടര്‍ന്നു.

2008ല്‍ അമേരിക്കയെയും മറ്റും പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടി കൃത്യമായി പ്രവചിച്ച് അന്നേ രഘുറാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ ദീര്‍ഘവീക്ഷണം വെല്ലുവിളികള്‍ നിറഞ്ഞ സമകാലിക ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാകുമെന്ന് പ്രതീക്ഷിക്കാം.

Top News

Labour India