ഇന്ത്യന്‍ ബാഡ്മിന്റന്‍ രംഗത്ത് പുത്തന്‍ താരോദയമാകുകയാണ് പി. വി. സിന്ധു എന്ന ആന്ധ്രക്കാരി. ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിക്കൊണ്ട് സിന്ധു പുതു ചരിത്രമെഴുതിയിരിക്കുന്നു. ആദ്യമായാണൊരിന്ത്യക്കാരി ലോക ചാംപ്യന്‍ഷിപ്പില്‍ വ്യക്തിഗത മെഡല്‍ നേടുന്നത്. ലോകറാങ്കില്‍ മുന്‍നിരയിലെത്തിയ സൈന നെഹ്‌വാളിനുപോലും എത്തിപ്പിടിക്കാനാവാത്ത അസുലഭനേട്ടം.
ചൈനയിലെ ഗാങ്ഷുവില്‍ അരങ്ങേറിയ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലാണ് സിന്ധു ഭാരതത്തിന്റെ അഭിമാനമായത്.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇവിടെ മൂന്നാം സീഡായിരുന്ന സൈന ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. സിന്ധുവാകട്ടെ പത്താം സീഡും. സെമിയിലേക്കുള്ള വഴിയില്‍ സിന്ധു പരാജയപ്പെടുത്തിയതോ നിലവിലുള്ള ചാംപ്യന്‍ ചൈനയുടെ യിഹാന്‍ വാങിനെയും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ ജേത്രി ഷിസിയന്‍ വാങിനെയുമൊക്കെയാണ്. സെമിയില്‍ പക്ഷേ, ഈ സ്വപ്നതുല്യ യാത്രയ്ക്ക് ഭംഗമായി. തായ്‌ലന്‍ഡുകാരി, ലോക ജൂനിയര്‍ ചാംപ്യന്‍കൂടിയായ, റാച്ചനോക്ക് ഇന്റനോണ്‍ സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചു. റാച്ചനോക്ക് തുടര്‍ന്ന് ഫൈനലിലും വിജയിച്ച് ലോക ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ ചൈനക്കാരികളുടെ കുത്തക തകര്‍ത്ത് ആദ്യമായൊരു തായ് വനിത ലോകചാംപ്യന്‍ഷിപ്പില്‍ മുത്തമിട്ടു.
എന്തായാലും ആദ്യമായി ലോകചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പതിനെട്ട് വയസ്സു മാത്രമുള്ള പി. വി. സിന്ധുവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടം തന്നെ. സൈനയേപ്പോലെ തന്നെ മുന്‍ രാജ്യാന്തരതാരം ഗോപീചന്ദിന്റെ ശിഷ്യയാണ് സിന്ധുവും.
സിന്ധുവിനുമുന്‍പ് 1983ല്‍ കോപ്പന്‍ഹേഗനില്‍ വച്ച് നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ പ്രകാശ് പദുക്കോണ്‍ വെങ്കലം നേടിയിരുന്നു. 2011ല്‍ നടന്ന ലണ്ടന്‍ ചാംപ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ ജ്വാലാ ഗുട്ടയും അശ്വിനി പൊന്നപ്പയും ചേര്‍ന്ന സഖ്യം വെങ്കലമെഡല്‍ നേടിയിട്ടുണ്ട്.
വോളിബോള്‍ കോര്‍ട്ടുകളില്‍ മിന്നല്‍പിണരായിരുന്ന മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരം അര്‍ജുന അവാര്‍ഡ് ജേതാവ് പി. രമണയുടെയും ദേശീയ വോളി താരമായിരുന്ന വിജയയുടെയും മകളാണ് പുസര്‍ല വെങ്കട സിന്ധു എന്ന പി. വി. സിന്ധു. 1995 ജൂലൈ 5ന് ഹൈദരാബാദില്‍ ജനിച്ചു. 2013ല്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടവും സിന്ധു നേടിയിട്ടുണ്ട്.
No comments:
Post a Comment