BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday, 18 July 2013

സ്‌നോഡന്‍ ആരുടെ ശത്രു?

അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുന്നത് മുഴുവന്‍ വില്ലന്മാരാണ്, വില്ലത്തികളും. നായകന്മാര്‍ക്ക് പറ്റാത്ത പല പണികളും ചെയ്ത് വിജയിപ്പിക്കുന്ന വില്ലന്മാര്‍... എന്നാല്‍ ഇതില്‍ പല പണികളും യഥാര്‍ത്ഥ നായകന്മാര്‍ക്ക് ചേരാത്തതുമാണ്. അതുകൊണ്ടുതന്നെ പ്രസിദ്ധിയല്ല മറിച്ച് കുപ്രസിദ്ധിയാണിവര്‍ക്ക് കിട്ടുന്നത്. ചിലര്‍ക്കൊക്കെ കാരാഗ്രഹവും. അതോര്‍ത്ത് നായകന്മാര്‍ക്കും നായകന്മാര്‍ തന്നെ എപ്പോഴും ജയിക്കണമെന്നാഗ്രഹിക്കുന്ന നമ്മെപ്പോലെയുള്ള സാധാരണക്കാര്‍ക്കും സമാധാനിക്കാം...
കേരളത്തിലെ ചില 'ഊര്‍ജ്ജപ്രതിസന്ധി'കളെക്കുറിച്ചൊന്നുമല്ല ഇവിടെ പറയാന്‍ പോകുന്നത്. പിന്നെയോ, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ്. അമേരിക്കക്കാരനായ എഡ്വേഡ് സ്‌നോഡന്‍ സ്വന്തം രാജ്യത്തിന്റെ കണ്ണിലെ സാമാന്യം വലിയൊരു കരടായി മാറിയിട്ട് കുറച്ചു നാളുകളായി. രാജ്യദ്രോഹമാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. എന്തുവിലകൊടുത്തും സ്‌നോഡനെ പിടികൂടുക എന്നതാണ് ഇപ്പോള്‍ അമേരിക്കന്‍ ഏജന്‍സികളുടെ ലക്ഷ്യം. അവരതിനായി ഊണുറക്കങ്ങളുപേക്ഷിച്ചിറങ്ങിയിരിക്കുകയുമാണ്.
എന്താണിത്ര വലിയ കുറ്റം എന്നാണെങ്കില്‍ കേട്ടോളൂ. അമേരിക്കയുടെ ആഭ്യന്തരരഹസ്യങ്ങള്‍ ഈ സ്‌നോഡന്‍ ലോകമാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതാണത്.


വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തിനുശേഷം അമേരിക്ക സുരക്ഷ കര്‍ശനമാക്കിയി രിക്കുകയാണ്. അതിന്റെ ഭാഗമായി വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പല സംവിധാനങ്ങളും തയാറാക്കിയിട്ടുമുണ്ട്. തങ്ങളുടെ രാജ്യത്തിനുള്ളിലെ വിവരശേഖരണം കൂടാതെ ലോകത്തിലെ പല രാജ്യങ്ങളുടെയും രഹസ്യങ്ങള്‍ അവരുടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍നിന്നും ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളില്‍നിന്നുമൊക്കെ അമേരിക്ക ചോര്‍ത്തുന്നുണ്ടത്രേ! ഇക്കാര്യങ്ങളൊക്കെ പുറത്തുവന്നത് അടുത്തകാലത്താണ്. അതും പുറത്തറിയിച്ചതോ ഇപ്പണികള്‍ക്കൊക്കെയായി അമേരിക്ക നിയോഗിച്ചിരുന്ന ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചിരുന്നവരിലൊരാളായ എഡ്‌വേഡ് സ്‌നോഡനും. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (NSA) ടെക്‌നിക്കല്‍ കോണ്‍ട്രാക്ടറും അമേരിക്കന്‍ ചാരസംഘനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ  (CIA) ജോലിക്കാരനുമൊക്കെയായിരുന്നു ഈ സ്‌നോഡന്‍. നമ്മുടെ രാജ്യത്തിന്റെ രഹസ്യങ്ങളും ഇങ്ങനെ അതീവ രഹസ്യമായി അമേരിക്ക ചോര്‍ത്തുന്നുണ്ടായിരുന്നുവെന്നാണ് സ്‌നോഡന്റെ വെളിപ്പെടുത്തലിലൂടെ നാമറിഞ്ഞത്. ഇങ്ങനെ പല രാജ്യങ്ങളുടെയും പരമാധികാരത്തിലാണ് അമേരിക്ക കൈവച്ചിരിക്കുന്നത്. ഈ വിവരം പുറത്തുവന്നതിലൂടെ അമേരിക്കക്കുണ്ടായിരിക്കുന്ന നാണക്കേട് ചില്ലറയല്ല. അപ്പോള്‍ രാജ്യത്തെ നാണം കെടുത്തിയ സ്‌നോഡനെ അവര്‍ വെറുതെ വിടുമോ?
സംഗതി പ്രശ്‌നമായപ്പോഴേക്കും രാജ്യം വിട്ട് ഹോങ്കോംഗിലെത്തിയ സ്‌നോഡനിപ്പോള്‍ കറങ്ങിത്തിരഞ്ഞ് റഷ്യയിലെത്തിയിട്ടുള്ളതായാണ് വിവരം. ഇന്ത്യയടക്കം പല രാജ്യങ്ങളെയും അഭയം തേടി സമീപിച്ചെങ്കിലും അമേരിക്കയെ പിണക്കാന്‍ ആരും തയാറല്ല. വെനസ്വേല, ബൊളീവിയ, നിക്കരാഗ്വ തുടങ്ങിയ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സ്‌നോഡന് അഭയം നല്‍കാന്‍ തയാറാണ്. എന്നാല്‍ അമേരിക്കയോ അമേരിക്കയോട് അനുഭാവമോ ഭയമോ ഉള്ള രാജ്യങ്ങളോ തങ്ങളുടെ വ്യോമാര്‍ത്തിയിലൂടെ പറന്നു രക്ഷപെടാന്‍ പോലും സ്‌നോഡനെ അനുവദിക്കുകയുമില്ല. ജൂണ്‍ 23 മുതല്‍ ഈ കുറിപ്പെഴുതുന്നതുവരെ റഷ്യയുടെ ഒരു എയര്‍പോര്‍ട്ടില്‍ താല്‍ക്കാലികമായി കഴിയുകയാണിയാള്‍. ഇനിയറിയേണ്ട കാര്യം, സ്‌നോഡന്‍ അമേരിക്കയുടെ കൈയിലെത്തുമോ അതോ രക്ഷകന്റെ റോളിലെത്തി ഏതെങ്കിലും രാജ്യം സ്‌നോഡന് അഭയമൊരുക്കുമോ എന്നതാണ്.
ഇവിടെ ആരാണ് കുറ്റവാളി? അമേരിക്കയുടെ കണ്ണില്‍ അവരുടെ ആഭ്യന്തരരഹസ്യങ്ങള്‍ വെളിപ്പെടുത്തി ലോകത്തിന് മുന്‍പില്‍ അവരെ പരിഹാസ്യരാക്കാന്‍ ശ്രമിച്ച സ്‌നോഡന്‍ തന്നെ കുറ്റവാളി. പ്രത്യേകിച്ചും അയാള്‍ രാജ്യം വിശ്വസിപ്പിച്ച് തന്നെയേല്‍പിച്ച ചില ദൗത്യങ്ങളാണ് പുറത്ത് പറഞ്ഞിരിക്കുന്നത് എന്നു വരുമ്പോള്‍ കുറ്റം കൂടുതല്‍ ഗുരുതരമാകുന്നു. എന്നാല്‍ സ്‌നോഡന്‍ അനുകൂലികള്‍ പറയുന്ന വാദത്തിലും കാര്യമില്ലാതില്ല. അമേരിക്ക ചെയ്തുകൊണ്ടിരുന്നതെന്താണ്! മറ്റുള്ള രാജ്യങ്ങളുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ ആഭ്യന്തര കാര്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരുന്നു അവര്‍. ഇത് ന്യായീകരിക്കാവുന്നതാണോ? ഇത്തരമൊരു കാര്യം മറ്റാരെങ്കിലും അമേരിക്കയോടു ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്? അത് പുറത്തുപറയാന്‍ ധൈര്യം കണിച്ച സ്‌നോഡനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?
ചോദ്യങ്ങള്‍ ചോദിക്കപ്പെട്ടുകൊണ്ടിരിക്കും. ലോക പൊലീസായി സ്വയം ചമയുന്ന അമേരിക്കക്കെതിരെയാകുമ്പോള്‍ എല്ലാത്തിനും ഉത്തരങ്ങളുണ്ടാവണമെന്ന് നിര്‍ബന്ധിച്ചിട്ടു കാര്യമില്ല. നിങ്ങളും ചിന്തിക്കൂ... ആരാണ് കുറ്റവാളി?

Tuesday, 16 July 2013

ഒരു വാലന്റീനിയന്‍ വീരഗാഥയുടെ 50-ാം വര്‍ഷം

വാലന്റീന തെരഷ്‌കോവ എന്നു കേള്‍ക്കാത്തവരുണ്ടോ? അനന്തവുമജ്ഞാതവുമായ ശൂന്യാകാശത്ത് ഒറ്റയ്ക്ക് പറന്നുനടന്ന് ലോകത്തെ അമ്പരപ്പിച്ച ഈ റഷ്യക്കാരിയുടെ കഥ ലോകത്തിനാകെ പ്രചോദനവും ആവേശവുമാണ്. വാലന്റീനയുടെ ആദ്യ സ്‌പേസ് യാത്രയുടെ 50-ാം വാര്‍ഷികമെത്തിയിരിക്കുന്നു.
വാലന്റീന തെരഷ്‌കോവ
1961ലാണ് ബഹിരാകാശത്തെ അറിയാത്ത വഴികളിലൂടെ യൂറി ഗഗാറിന്‍ ആദ്യ സ്‌പേസ് യാത്ര നടത്തിയത്. ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് റഷ്യ അന്ന് പുതിയൊരു ബഹിരാകാശ യുഗത്തിന് ആരംഭം കുറിക്കുകയായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല, രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു വനിതയെയും സ്‌പേസിലെത്തിച്ചു റഷ്യ.
1963 ജൂണ്‍ 16നായിരുന്നു വോസ്‌റ്റോക്ക്-6 എന്നു പേരിട്ട ബഹിരാകാശ പേടകത്തില്‍ വാലന്റീന തെരഷ്‌കോവ ബഹിരാകാശത്തേക്ക് കുതിച്ചത്. തന്റെ മൂന്നുദിവസദൗത്യത്തില്‍ 48 തവണ വാലന്റീന ഭൂമിയെ വലംവച്ചു. ഒരു സ്ത്രീ ഒറ്റയ്ക്ക് ബഹിരാകാശത്ത് മൂന്നു ദിവസം! ആലോചിച്ചുനോക്കൂ... അന്ന് സ്‌പേസ് യാത്രാ സാങ്കേതികവിദ്യകള്‍ അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിടുന്നതേയുള്ളൂ. സ്‌പേസ് യാത്ര ഒരു കണ്ണും പൂട്ടിയുള്ള ഏറുപോലെയായിരുന്നു അന്ന്... കിട്ടിയാല്‍ കിട്ടി! ആ വെല്ലുവിളിയാണ് വാലന്റീന ഏറ്റെടുത്തതും വിജയമാക്കിയതും ചരിത്രം തിരുത്തിയതും. ലോകമെങ്ങും സ്ത്രീമുന്നേറ്റത്തിന്റെ ഒരു ജ്വലിക്കുന്ന പ്രതീകമായി വാലന്റീന.

ഇതിനുശേഷം ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒരു അമേരിക്കന്‍ വനിത സ്‌പേസിലെത്തുന്നത്. 1983 ജൂണ്‍ 18നായിരുന്നു ചലഞ്ചര്‍ ഷട്ടിലില്‍ സാലി റൈഡ് ബഹിരാകാശത്തെത്തുന്നത്. പക്ഷേ വാലന്റീനയ്ക്ക് ശേഷം ഇതുവരെ വെറും മൂന്ന് റഷ്യക്കാരികള്‍ ബഹിരാകാശത്തെത്തിയപ്പോള്‍ 45 അമേരിക്കന്‍ വനിതകള്‍ ഈ നേട്ടം കൈവരിച്ചു.
'സീഗള്‍' എന്നു വിളിപ്പേരുള്ള, തന്റെ 76-ാം വയസ്സിലെത്തി നില്‍ക്കുന്ന വാലന്റീന തെരഷ്‌കോവ റഷ്യയിലെ ഒരു പാര്‍ലമെന്റംഗമാണിപ്പോള്‍.
സാലി റൈഡ്‌

വാലന്റീന തെരഷ്‌കോവയ്ക്ക് റഷ്യയുടെ ആദരവ്... വീഡിയോ കാണാം


വാലന്റീനയുടെ സ്‌പേസ്‌യാത്രയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രണ്ട് സ്ത്രീ യാത്രികര്‍ ബഹിരാകാശത്തുണ്ടായിരുന്നു എന്നത് ആകസ്മികമായി. അമേരിക്കക്കാരിയായ കാരന്‍ ലുജീന്‍ നൈബെര്‍ഗും ചൈനീസ് യാത്രിക വാങ് യാപിംഗുമായിരുന്നു അവര്‍.

കാരന്‍ ലുജീന്‍ നൈബെര്‍ഗ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ വാലന്റീനയുടെ ആദ്യ സ്‌പേസ് യാത്രയുടെ 50-ാം വാര്‍ഷികമാഘോഷിച്ചപ്പോള്‍... വീഡിയോ


Monday, 15 July 2013

'ശബ്ദ'ത്തിന്റെ ശബ്ദം നിലച്ചു!

ശബ്ദശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ച അമര്‍ ഗോപാല്‍ ബോസ് അന്തരിച്ചു. 2013, ജൂലൈ 12ന് 83-ാം വയസ്സില്‍ മസ്സാച്ചുസെറ്റ്‌സില്‍ വച്ചായിരുന്നു അന്ത്യം. ലോകത്തെ മുന്‍നിര സൗണ്ട് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്ന ബോസ് കോര്‍പറേഷന്‍ എന്ന മഹാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു അമര്‍ ബോസ്.


കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ നാടുവിട്ട് അമേരിക്കയില്‍ കുടിയേറിയ നോനി ഗോപാല്‍ ബോസിന്റെയും അമേരിക്കക്കാരി സ്‌കൂള്‍ ടീച്ചറുടെയും മകനായി 1929 നവംബര്‍ 2ന് അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലാണ് ബോസ് ജനിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് അധികാരികള്‍ തടവിലാക്കിയ നോനി ബോസ് തടവില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവിടെ ചകിരിനിര്‍മ്മിതമായ ചവിട്ടികളും മറ്റും ഇറക്കുമതി ചെയ്യുന്ന ബിസിനസില്‍ ഏര്‍പ്പെട്ടു. ബിസിനസ് പച്ചപിടിച്ചു വരുന്നതിനിടയിലാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതോടെ സൈനികേതരവസ്തുക്കളുടെ ഇറക്കുമതി പാടേ നിരോധിക്കപ്പെടുകയും നോനിയുടെ ബിസിനസ് പ്രതിസന്ധിയിലാവുകയും ചെയ്തു. 
ഇത്തരുണത്തിലാണ് മകന്‍ അമര്‍ ബോസിന്റെ മിടുക്ക് കുടുംബത്തിന് തുണയാകുന്നത്. വെറും പതിമൂന്നുവയസ്സുകാരനായിരുന്ന അമര്‍ അതിനകം റേഡിയോ റിപ്പയറിംഗിലും കളിപ്പാട്ടങ്ങള്‍ നന്നാക്കുന്നതിലുമൊക്കെ നിപുണനായിക്കഴിഞ്ഞിരിന്നു. മാത്രമല്ല തന്റെ വീടിന്റെ താഴെ ഒരു ചെറിയ വര്‍ക്ക് ഷോപ്പ് ആരംഭിച്ച് വരുമാനമുണ്ടാക്കുകയും ചെയ്തു. പിന്നീട് 1947ല്‍, കടം വാങ്ങിയ പണം കൊണ്ട്, പ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠനത്തിന് ചേര്‍ന്ന ബോസ് അവിടെനിന്ന് മാസ്റ്റര്‍ ബിരുദവും പിഎച്ഡിയും നേടി അവിടെത്തന്നെ അധ്യാപകനായി.

അമര്‍ ബോസ് വീഡിയോ കാണൂ...


മസാച്ചുസെറ്റ്‌സിലെ ഡിഗ്രി പഠനത്തിനിടയില്‍ താന്‍ വാങ്ങിയ വിലകൂടിയ സ്റ്റീരിയോ വേണ്ടത്ര ശബ്ദസുഖം നല്‍കുന്നില്ല എന്നു കണ്ട ബോസ് തുടര്‍ന്ന് ആ രംഗത്ത് ഗൗരവമേറിയ ഗവേഷണങ്ങള്‍ തുടങ്ങുകയായിരുന്നു. 
1964ല്‍ ബോസ് സ്ഥാപിച്ച ബോസ് കോര്‍പറേഷന്‍ ശബ്ദശാസ്ത്രത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി. തല്‍ഫലമായി ബോസ് വികസിപ്പിച്ച ശബ്ദ സാങ്കേതികവിദ്യ ഇന്നും ലോകത്തെ ഭരിക്കുന്നു എന്നതാണ് അതിശയകരമായ കാര്യം. തുടര്‍ന്നിങ്ങോട്ട് വന്‍ കണ്‍സേര്‍ട്ട് ഹാളുകളിലും മുന്തിയ കാറുകളിലും മറ്റുമൊക്കെ ബോസ് സൗണ്ട് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇക്കാലത്തും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകവൃത്തി തുടരുകയും ചെയ്തു. 2011ല്‍ ബോസ് കോറപറേഷന്റെ ഭൂരിഭാഗം ഓഹരികളും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് കൈമാറുകയും ചെയ്തു ഈ യുഗപ്രഭാവന്‍.

Top News

Labour India