BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 14 September 2013

ചൊവ്വയിലേക്ക് പോകാന്‍ 20,000 ഇന്ത്യക്കാര്‍

''ചൊവ്വയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മലയാളിയായ ജോസഫ് മാത്യു 5000 വോട്ടുകള്‍ക്ക് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ അമേരിക്കക്കാരനെ തോല്പിച്ചു...'' 
ഞെട്ടണ്ട! ഇങ്ങനെയൊരു വാര്‍ത്ത സമീപഭാവിയില്‍ കേട്ടാലും അത്ഭുതപ്പെടാനില്ല. കാരണം ചൊവ്വയിലേക്ക് ചേക്കേറാന്‍ തയാറായി പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് നില്‍ക്കുന്നത്...!
ചൊവ്വയിലുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന കോളനികളുടെ മാതൃകകള്‍
ചൊവ്വാഗ്രഹത്തിലേക്ക് സ്ഥിരവാസത്തിന് പോകാന്‍ 140 രാജ്യങ്ങളില്‍നിന്നുള്ള ആകെ അപേക്ഷകര്‍ രണ്ട് ലക്ഷത്തോളമാണ്. അപേക്ഷിച്ചവരില്‍ ഇന്ത്യക്കാര്‍ 20,000. അമേരിക്കക്കാരാണ്  ഒന്നാംസ്ഥാനത്ത്  47,000 പേര്‍. 13,000 അപേക്ഷകരുമായി ചൈന മൂന്നാം സ്ഥാനത്തുണ്ട്. ഏറ്റവും പ്രധാന കാര്യം പോകുന്നവരാരും തിരിച്ചുവരുന്നവരല്ല എന്നതാണ്‌. ഈ ദൗത്യത്തില്‍ തിരിച്ചുവരവിന്റെ കാര്യം പറയുന്നേയില്ല. അതായത് പോകുന്നവര്‍ അവിടെ സ്ഥിരതാമസം ഉദ്ദേശിച്ചു തന്നെയിറങ്ങിയവരാണ്!
നെതര്‍ലന്‍ഡ്‌സുകാരനായ വ്യവസായസംരംഭകന്‍ ബാസ്  ലാന്‍സ്‌ഡ്രോപ്പാണ്  'മാര്‍സ്‌വണ്‍' എന്ന ചൊവ്വാ പദ്ധതിക്ക് പിന്നില്‍. ചൊവ്വയില്‍ സ്ഥിരവാസത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി തുടക്കത്തില്‍വേണ്ടത് 600 കോടി ഡോളറാണ് (ഏതാണ്ട്‌  38,598 കോടി രൂപ). ദൗത്യത്തിന്റെ ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയും മറ്റും പണം കണ്ടെത്താനാകുമെന്നാണ് പദ്ധതി നടത്തിപ്പുകാര്‍ കരുതുന്നത്. 1999-ല്‍ ഊര്‍ജതന്ത്രനൊബേല്‍ നേടിയ നെതര്‍ലന്‍ഡ്‌സുകാരന്‍ ജെറാര്‍ഡ് ഹൂഫ്റ്റ് പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
2023-ഓടെ നാലംഗങ്ങള്‍ വീതമുള്ള 10 ടീമുകളെ ചൊവ്വയിലെത്തിക്കുകയാണ്  ആദ്യ
ലക്ഷ്യം. 2015-ല്‍ ഇതിന്റെ തീവ്രപരിശീലനങ്ങള്‍ക്ക് തുടക്കമാകും.
ചൊവ്വയിലേക്കുള്ള യാത്രതന്നെ ഏഴുമാസത്തോളമെടുക്കും. -55 ഡിഗ്രി താപനില അടക്കം
അവിടത്തെ കഠിന സാഹചര്യങ്ങളെ മനുഷ്യന്‍ എങ്ങനെ അതിജീവിക്കും എന്നതും പ്രശ്‌നമാണ്. മരുഭൂമിയിലേതുപോലുള്ള അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്നതിലേറെയും കാര്‍ബണ്‍ ഡയോക്‌സൈഡും.
പദ്ധതിയുടെ ആദ്യപടിയായി 2016 ജനുവരിയില്‍ സോളാര്‍ പാനലുകളും സ്‌പെയര്‍ പാര്‍ട്ടുകളും മറ്റ് അവശ്യവസ്തുക്കളുമടക്കം 2500 കിലോ സാധനങ്ങളുമായി ഒരു വാഹനം ചൊവ്വയിലേക്കയക്കും. അവിടെ കോളനികള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായ പ്രവര്‍ത്തനങ്ങള്‍ക്കാണിത്. തുടര്‍ന്ന് 2018ല്‍ അടുത്ത വാഹനം പ്രത്യേക മാര്‍സ് റോവറുകളുമായെത്തും. ഈ റോവറുകള്‍ മനുഷ്യന് താമസിക്കാന്‍ യോഗ്യമായ സ്ഥലം കണ്ടെത്തുന്നതിന് ചൊവ്വയുടെ ഉപരിതലത്തില്‍ ചുറ്റിസഞ്ചരിക്കും. 2021 ആകുമ്പോഴേക്കും ഈ റോവറുകള്‍ മനുഷ്യനെയും വഹിച്ചെത്തുന്ന പേടകങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കും. 2022 ഓടെ ആദ്യ വാഹനം ചൊവ്വ ലക്ഷ്യമാക്കി കുതിപ്പാരംഭിക്കും. 2023ഓടെ ഈ സംഘം ചൊവ്വ ഗ്രഹത്തിലെ ആദ്യ താമസക്കാരാകും എന്നതാണ് കണക്കുകൂട്ടല്‍. 2025ല്‍ അടുത്ത സംഘം എത്തും. ആദ്യ സംഘമെത്തി രണ്ടു വര്‍ഷത്തെ ഇടവേളയില്‍ നാല് പേരടങ്ങുന്ന സംഘങ്ങള്‍ ചൊവ്വയിലെത്തിക്കൊണ്ടിരിക്കുമെന്നര്‍ത്ഥം.
നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നാസയുടെ ആളില്ലാ പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയിലെത്തിയിട്ടുണ്ട്. 20 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനും നാസയ്ക്ക് പദ്ധതിയുണ്ട്‌.
ബാസ് ലാന്‍സ്‌ഡ്രോപ് 
1977 മാര്‍ച്ച് 5ന് നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച ബാസ് ലാന്‍സ്‌ഡ്രോപ് 'മാര്‍സ് വണ്‍' എന്ന പ്രോജക്ടിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്നു. നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ട്വന്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദ കോഴ്‌സിനു പഠിക്കുന്ന കാലത്താണ് ഭ്രമാത്മകമെന്ന് തോന്നാവുന്ന ചൊവ്വ ദൗത്യത്തിന്റെ ആശയം അദ്ദേഹത്തില്‍ പൊട്ടിമുളയ്ക്കുന്നത്.
മാര്‍സ് വണ്‍ പദ്ധതി വീഡിയോ പ്രസന്റേഷന്‍ കാണൂ...



Tuesday, 10 September 2013

ലാഡി പുറപ്പെട്ടു ചന്ദ്രനിലേക്ക്...


ചന്ദ്രനിലെ അന്തരീക്ഷവും പൊടിപടലവും സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കായി നാസ വികസിപ്പിച്ച ബഹിരാകാശപേടകം, ലാഡി, വിക്ഷേപിച്ചു. അമേരിക്കയിലെ വെര്‍ജിനിയയിലുള്ള വാല്ലപ്‌സ് സ്‌പേസ് ഫെസിലിറ്റിയില്‍നിന്നും കുതിച്ചുയര്‍ന്ന ഒരു മിനോടോര്‍ റോക്കറ്റിലാണ് ലാഡിയെ കയറ്റി വിട്ടിരിക്കുന്നത്.
ഒരു ചെറു കാറിന്റെ വലിപ്പമുള്ള ലാഡി സാധാരണ ബഹിരാകാശപേടകങ്ങളെപ്പോലെ ചന്ദ്രനിലേക്കെത്തില്ല. ഒരു മാസത്തോളം സമയമെടുത്ത് ഒക്‌ടോബര്‍ 30നാണ് ഇത് ചന്ദ്രനുമായി സംഗമിക്കുക.
'ദി ലൂണാര്‍ അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് ഡസ്റ്റ് എന്‍വയണ്‍മെന്റ് എക്‌സ്‌പ്ലോറര്‍' എന്ന ലാഡി വളഞ്ഞ വഴിയിലൂടെയാണ് ചാന്ദ്രസംഗമത്തിന് പുറപ്പെട്ടിരിക്കുന്നത്. ഭൂമിക്കു ചുറ്റും മൂന്ന് വലിയ കറക്കങ്ങള്‍ നടത്തിയശേഷമായിരിക്കും പതിയെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടക്കുക. ചന്ദ്രന്റെ ചുറ്റുമുള്ള അന്തരീക്ഷത്തേക്കുറിച്ച് കൂടുതല്‍ പഠനം നടത്തി ശാസ്ത്രലോകത്തെ അറിയിക്കുക എന്നതാണ് ലാഡിയുടെ ജന്മോദ്ദേശ്യം.

LADEE (Lunar Atmosphere and Dust Environment Explorer) യുടെ വിക്ഷേപണം 
വീഡിയോ കാണൂ...


Monday, 9 September 2013

നാഷണല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം


നാഷണല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷയെഴുതാന്‍ താല്പര്യമുള്ള പത്താം ക്ലാസുകാര്‍ക്ക് സെപ്റ്റംബര്‍ 6 മുതല്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതു സംബന്ധിച്ച എസ്‌സിഇആര്‍ടി സര്‍ക്കുലര്‍ വായിക്കൂ...
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ...

ലിയാന്‍ഡര്‍ പെയ്‌സിന് യു എസ് ഓപ്പണ്‍

പ്രായം തളര്‍ത്താത്ത പ്രതിഭയാണ് താനെന്ന് ലിയാന്‍ഡര്‍ പെയ്‌സ് ഒരിക്കല്‍ കൂടി ലോകത്തിന് ബോധ്യപ്പെടുത്തി. ഈ വര്‍ഷത്തെ യു എസ് ഓപ്പണ്‍ ഡബിള്‍സ് വിജയത്തിലൂടെ തന്റെ എട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിക്കൊണ്ടായിരുന്നു ഇത്. ചെക്ക് താരം റാഡെക് സ്‌റ്റെപാനെക് ആയിരുന്നു കൂട്ടാളി.


ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ജോടിയായ അലക്‌സാണ്ടര്‍ പേയ-ബ്രൂണോ സോറസ് സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകളില്‍ ഇവര്‍ പരാജയപ്പെടുത്തിയത്.
വയസ്സ് നാല്‍പതിലെത്തിയ പെയ്‌സിന്റെ മൂന്നാം യു എസ് ഓപ്പണ്‍ ഡബിള്‍സ് കിരീടനേട്ടമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം ഇവിടെ രണ്ടാം സ്ഥാനക്കാരായിരുന്നു ഈ സഖ്യം. ആറ് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ അടക്കം പതിനാല് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ പെയ്‌സ് ഇതുവരെ നേടിക്കഴിഞ്ഞു. സ്‌റെറപാനെകിനാകട്ടെ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളാണുള്ളത്. ഇത് രണ്ടും പെയ്‌സിനൊപ്പമായിരുന്നു.
1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ടെന്നീസ് സിംഗിള്‍സില്‍ പെയ്‌സ് വെങ്കലം നേടി. 1992 ല്‍ തുടങ്ങി 2012 ല്‍ വരെ ആറ് ഒളിംപിക്‌സുകളില്‍ മത്സരിച്ച ഏക ടെന്നീസ് താരവും ഭാരതത്തിന്റെ ഈ വീര പുത്രനാണ്.
1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്ന വേസ് പെയ്‌സിന്റെയും പ്രശസ്ത ബംഗാളി കവി മൈക്കല്‍ മധുസൂദനന്‍ ദത്തിന്റെ കൊച്ചുമകളായ ജെന്നിഫറിന്റെയും മകനായി 1973 ജൂണ്‍ 17ന് ഗോവയിലാണ് ലിയാന്‍ഡര്‍ ജനിച്ചത്. രാജിവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന, പദ്മശ്രീ അടക്കമുള്ള ഉന്നത ബഹുമതികള്‍ നല്‍കി രാജ്യം തളരാത്ത ഈ വീര പോരാളിയെ ആദരിച്ചിട്ടുണ്ട്.

യു എസ് ഓപ്പണ്‍ സെറീനയ്ക്ക് വീട്ടുകാര്യം

അമേരിക്കക്കാരിയും കഴിഞ്ഞ വര്‍ഷത്തെ ജേതാവുമായ സെറീന വില്ല്യംസ് തന്നെ ഇക്കുറിയും യു എസ് ഓപ്പണ്‍ ചാംപ്യന്‍.


കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനത്തില്‍ ഇപ്പോഴത്തെ ലോക ഒന്നാം നമ്പറായ സെറീന ലോക രണ്ടാം നമ്പര്‍ വിക്‌ടോറിയ അസറെങ്കയെ പരാജയപ്പെടുത്തി തന്റെ അഞ്ചാം യു എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. വനിതാ ടെന്നീസില്‍ കരുത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച  സെറീനയുടെ പതിനേഴാം ഗ്രാന്‍ഡ് സ്ലാം വിജയമാണിത്.
അമേരിക്കയിലെ മിച്ചിഗണിലുള്ള സാഗിനോയ് എന്ന സ്ഥലത്ത് 1981 സെപ്റ്റംബര്‍ 26 ന് ജനിച്ച സെറീന 2002 ജൂലൈ 8നാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തുന്നത്. പിന്നീട് ഇടയ്‌ക്കൊക്കെ സ്ഥാനചലനമുണ്ടായെങ്കിലും വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. നിലവില്‍ ഫ്രഞ്ച് ഓപ്പണ്‍, ഒളിംപിക്‌സ് കിരീടനേട്ടങ്ങളും സെറീനയുടെ പേരില്‍ത്തന്നെ. തന്റെ ടെന്നീസ് കരിയറില്‍ സിംഗിള്‍സിലും ഡബിള്‍സിലും ഗോള്‍ഡന്‍ സ്ലാം കിരീടങ്ങള്‍ നേടിയ ഏക വ്യക്തിയും സെറീന തന്നെ. സഹോദരി വീനസ് വില്ല്യംസുമൊത്ത് 13 ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് സെറീന.


ബലറൂസ് താരമായ വിക്‌ടോറിയ അസറെങ്ക ഏതെങ്കിലുമൊരു ഗ്രാന്‍ഡ് സ്ലാം ടെന്നീസ് സിംഗിള്‍സ് കിരീടം നേടുന്ന ആ രാജ്യത്തെ ആദ്യ താരമാണ്. 2012, 2013 വര്‍ഷങ്ങളിലെ ആസ്ട്രലിയന്‍ ഓപ്പണ്‍ ചാംപ്യനാണീ സുന്ദരി. 2007ല്‍ യു എസ് ഓപ്പണും 2008 ഫ്രഞ്ച് ഓപ്പണും മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും അസറെങ്ക നേടിയിട്ടുണ്ട്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സിംഗിള്‍സില്‍ വെങ്കലവും മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണ്ണവും അസറെങ്ക കരസ്ഥമാക്കിയിരുന്നു.

Top News

Labour India