BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Friday, 7 June 2013

മലയാളം ശ്രേഷ്‌ഠഭാഷയാണോ?

പ്രൊഫ. എസ്‌. ശിവദാസ്‌

മലയാളത്തിനു ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചിരിക്കുന്നു. അഭിമാനകരമായ ആ വാര്‍ത്ത കേട്ട്‌ ആഹ്ലാദിച്ചിരിക്കുമ്പോഴും എന്‍െറ ഉള്ളില്‍ ഒരു ചോദ്യം തലപൊക്കി. കേന്ദ്രഗവണ്‍മെന്റിന്റെ ഇൗ `ക്ലാസിക്‌ഭാഷാ'പദവികൊണ്ട്‌ സാങ്കേതികമായി മാത്രമല്ലേ മലയാളം ശ്രേഷ്‌ഠമാകുന്നുള്ളൂ? യഥാര്‍ത്ഥത്തില്‍ മലയാളം ശ്രേഷ്‌ഠമാകണമെങ്കില്‍ മലയാളികള്‍ മലയാളത്തെ സ്‌നേഹിക്കണം. ശരിയായി സ്‌നേഹിക്കണം. ശക്തമായ വികാരത്തോടെ സ്‌നേഹിക്കണം.

മലയാളം എന്റേതാണ്‌ എന്ന തോന്നലോടെ സ്‌നേഹിക്കണം. മലയാളമെന്നു കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്ന മലയാളികളുണ്ടായാലേ മലയാളം നിലനില്‍ക്കൂ; വളരൂ; യഥാര്‍ത്ഥത്തില്‍ ശ്രേഷ്‌ഠത കൈവരിക്കൂ.
ഭാഷ കേട്ടുകേട്ടു സ്വന്തമാകണം. പറഞ്ഞുപറഞ്ഞ്‌ പ്രിയമുള്ളതാകണം. പ്രയോഗിച്ചു പ്രയോഗിച്ചു പ്രയോജനമുള്ളതായി സ്വയം അനുഭവിച്ചറിയണം. ഭാഷ ആശയവിനിമയത്തിനാണ്‌. ആശയം ഉള്ളില്‍നിന്നും ഒഴുകിയൊഴുകി വരണം. യാതൊരുതടസവുമില്ലാതെ, അനായാസം, പുഴയൊഴുകുംപോലെ, ഉത്‌സാഹത്തോടെ, ആനന്ദത്തോടെ, ഒഴുകിയെത്തണമെങ്കില്‍ സ്വന്തം ഭാഷയില്‍ത്തന്നെ പറയണം. എഴുതണം. പാടണം. ആടണം. ഭാഷയ്‌ക്ക്‌ അപ്പോഴേ ആത്‌മാവുണ്ടാകൂ. വികാരമുണ്ടാകൂ. ജീവനുണ്ടാകൂ. അങ്ങനെ സ്വന്തം ഭാഷയില്‍ ആത്‌മാഭിമാനത്തോടെ ആശയവിനിമയം നടത്തുന്നവര്‍ക്കേ സ്വന്തമായ തനിമയുണ്ടാകൂ. സാംസ്‌കാരികമായ മുദ്രയുണ്ടാകൂ. സ്വത്വമുണ്ടാകൂ. നിലനില്‌പുണ്ടാകൂ.
മലയാളം മനോഹരമായ ഒരു ഭാഷയാണ്‌. ലോകത്തെ എല്ലാഭാഷകളും അങ്ങനെയാണുതാനും. ഒരു ഭാഷയും മരിക്കരുത്‌. ഒരുഭാഷ മരിച്ചാല്‍ ഒരു സംസ്‌കാരമായിരിക്കും മരിക്കുക. ശ്രേഷ്‌ഠഭാഷാപദവിയും തലയില്‍വച്ചു മലയാളികള്‍ ജീവിച്ചാല്‍ മലയാളം നിലനില്‍ക്കില്ല. നിലനില്‍ക്കാന്‍ മലയാളം പഠിക്കണം. പ്രയോഗിക്കണം. പ്രയോജനപ്പെടുത്തണം. മലയാളത്തെ സ്‌നേഹിക്കണം. മലയാളിയായതില്‍ സന്തോഷിക്കണം.

പിറക്കുമ്പോള്‍ തൊട്ടെന്മകന്‍
ഇംഗ്ലീഷു പറയണം
അതിനാല്‍ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടിലാക്കി ഞാന്‍

എന്നു കുഞ്ഞുണ്ണിമാഷ്‌ പണ്ടേ പാടിയത്‌ മറക്കാതിരിക്കുക. ഇനിയെങ്കിലും നമുക്കു നമ്മുടെ പൊന്നു മലയാളത്തെ മനസ്സിനുള്ളില്‍ പിടിച്ചിരുത്തി താലോലിച്ചുപയോഗിക്കാം.

Saturday, 25 May 2013

മലയാള ഭാഷയ്‌ക്ക്‌ ശ്രേഷ്‌ഠഭാഷാപദവി

മലയാളത്തിന്‌ ശ്രേഷ്‌ഠഭാഷയുടെ പൊന്‍കിരീടം.
 ഇതോടെ ഈ പദവി നേടുന്ന അഞ്ചാമത്തെ 
ഭാഷയായി മലയാളം. സംസ്‌കൃതം, തമിഴ്‌, 
കന്നഡ, തെലുങ്ക്‌ എന്നിവയ്‌ക്കാണ്‌ 
ഈ പദവിയുള്ളത്‌. 1500 ലേറെ വര്‍ഷത്തെ പഴക്കവും 
മഹത്തായ പൈതൃകവും, ആധുനിക ഭാഷകളില്‍ നിന്ന്‌ 
വ്യതിരിക്‌തമായ 
 ഭാഷയും സാഹിത്യവും തുടങ്ങിയവയാണ്‌ 
ശ്രേഷ്‌ഠഭാഷാപദവി ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍.  

Thursday, 2 May 2013

മുട്ടത്തുവര്‍ക്കിയുടെ 100-ാം ജന്മവാര്‍ഷികം

ജനപ്രിയസാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്‌ദി വര്‍ഷമാണ്‌ 2013.
അക്ഷരം കൂട്ടിവായിക്കാനറിയുന്നവരെയെല്ലാം നല്ലവായനക്കാരായി വളര്‍ത്തിയ എഴുത്തുകാരനാണ്‌ മുട്ടത്തുവര്‍ക്കി. `ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന കൃതിയിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച ബാലസാഹിത്യകാരന്‍ എന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി. എഴുതിയ 70 ഓളം നോവലുകളില്‍ പകുതിയും സിനിമയായി എന്ന റെക്കോര്‍ഡും മുട്ടത്തുവര്‍ക്കിക്ക്‌ സ്വന്തം.
ചങ്ങനാശ്ശേരിയിലെ മുട്ടത്തുകുടുംബത്തില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനായി 1913 ഏപ്രില്‍ 18നു ജനിച്ചു. കഷ്‌ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു വര്‍ക്കിയുടെ ബാല്യകാലം. ചങ്ങനാശ്ശേരിയില്‍ത്തന്നെയായിരുന്നു വിദ്യാഭ്യാസം. തടിഫാക്‌ടറിയിലെ കണക്കെഴുത്തുകാരന്‍, അധ്യാപകന്‍, ദീപിക പത്രാധിപസമിതി അംഗം എന്നീ നിലകളിലെല്ലാം ജോലി ചെയ്‌തു. 1989 മെയ്‌ 28ന്‌ അന്തരിച്ചു. പ്രധാന നോവലുകള്‍: ആഴകുള്ള സെലീന, ഇണപ്രാവുകള്‍, കരകാണാക്കടല്‍, ചട്ടമ്പിക്കവല, പച്ചനോട്ടുകള്‍, പാടാത്ത പൈങ്കിളി, പൂന്തേനരുവി, പ്രിയമുള്ള സോഫിയ, വെളുത്ത കത്രീന പ്രധാന നാടകങ്ങള്‍: ഞങ്ങള്‍ വരുന്നു, വിളക്കും കൊടുങ്കാറ്റും, ഒട്ടകവും സൂചിക്കുഴലും, കൂട്ടുകിണര്‍, പുതിയ മണ്ണ്‌, മാറ്റൊലി, സമരഭൂമി, വലിയ മുക്കുവന്‍, ഫാദര്‍ ഡാമിയന്‍. ചെറുകഥാ സമാഹാരങ്ങള്‍: അടയാളങ്ങള്‍, അവസാ നിക്കാത്ത രാത്രി, ഇരുളും വെളിച്ചവും, കല്യാണരാത്രി, നെയ്യാമ്പലുകള്‍, മണിയറ, പളുങ്കുപാത്രങ്ങള്‍, പൊട്ടാത്ത നൂലൂകള്‍, തെരഞ്ഞെടുത്ത കഥകള്‍. ഖണ്‌ഡകാവ്യം: ആത്‌മാഞ്‌ജലി. നര്‍മ്മപംക്‌തി: നേരും നേരംപോക്കും. വിവര്‍ത്തനങ്ങള്‍ : അക്‌ബര്‍, ഡോക്‌ടര്‍ ഷിപാഗോ, അണുയുഗം പിറന്നു, അണ്ടര്‍ഗ്രൗണ്ട്‌, കുരിശും കൊടുങ്കാറ്റും, താഴ്‌വരയിലെ വീട്‌, കൊടുങ്കാറ്റിലൂടെ, പടിഞ്ഞാറന്‍ കഥകള്‍, മായാത്ത കാല്‍പാടുകള്‍. തിരക്കഥ : മുളംപാലം. 




എസ്‌.കെ. പൊറ്റെക്കാടിന്റെ 100-ാം ജന്മവാര്‍ഷികം

കോഴിക്കോട്‌ പുതിയറയിലെ പൊറ്റെക്കാട്ടുവീട്ടില്‍ 1913 മാര്‍ച്ച്‌ 14-ാം തീയതിയാണ്‌ ശങ്കരന്‍കുട്ടി എന്ന എസ്‌.കെ. പൊറ്റെക്കാട്‌ ജനിച്ചത്‌. കുഞ്ഞിരാമന്‍ മാസ്‌റ്ററുടെയും കുട്ടൂലി അമ്മയുടെയും മകനായി. തീര്‍ത്ഥാടന യാത്രാവിവരണം മാത്രമായി ഒതുങ്ങിക്കൂടിയ മലയാള സഞ്ചാരസാഹിത്യശാഖയെ പൊറ്റെക്കാട്‌ മോചിപ്പിച്ച്‌ സ്വതന്ത്ര സാഹിത്യശാഖയാക്കി. 1938 മുതല്‍ അദ്ദേഹം യാത്രാവിവരണമെഴുതിത്തുടങ്ങി. 1949 ലായിരുന്നു ആദ്യ വിദേശയാത്ര. പ്രധാന യാത്രാവിവരണങ്ങള്‍: ബാലിദ്വീപ്‌, കാപ്പിരികളുടെ നാട്ടില്‍, കാശ്‌മീര്‍, പാതിരാസൂര്യന്റെ നാട്ടില്‍, ഇന്നത്തെ യൂറോപ്പ്‌, സിംഹഭൂമി (രണ്ടുഭാഗം), ബൊഹീമിയന്‍ ചിത്രങ്ങള്‍, മലയാനാടുകളില്‍, നൈല്‍ ഡയറി, സോവിയറ്റ്‌ ഡയറി, ഇന്‍ഡോനേഷ്യന്‍ ഡയറി, ക്ലിയോപാട്രയുടെ നാട്ടില്‍, കെയ്‌റോ കത്തുകള്‍, ലണ്ടന്‍ നോട്ട്‌ബുക്ക്‌. 1939 ല്‍ കേരള കൗമുദിയിലാണ്‌ പൊറ്റെക്കാടിന്റെ ആദ്യനോവല്‍ നാടന്‍പ്രേമം ഖണ്‌ഡശ്ശ അച്ചടിച്ചുവരുന്നത്‌. പ്രധാന നോവലുകള്‍ : മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ. പ്രധാന ചെറുകഥകള്‍ :രാജമല്ലി, പുള്ളിമാന്‍, നിശാഗന്‌ധി, മേഘമാല, പത്‌മ രാഗം, ഇന്ദ്രനീലം, പ്രേതഭൂമി, രംഗമണ്‌ഡപം, യവനികയ്‌ക്കു പിന്നില്‍, ഹിമവാഹിനി, വനകൗമുദി, ചന്ദ്രകാന്തം, കനകാംബരം, അന്തര്‍വാഹിനി, ഏഴിലംപാല, കാട്ടുചെമ്പകം. പ്രേമശില്‌പി, സഞ്ചാരിയുടെ ഗീതങ്ങള്‍ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. 1962 ല്‍ പാര്‍ലമെന്റംഗമായി. 1982 ആഗസ്‌റ്റ്‌ 6ന്‌ അന്തരിച്ചു. 

Thursday, 18 April 2013

പ്രാണിന്‌ ഫാല്‍ക്കെ പുരസ്‌കാരം

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്‌ രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം ബോളിവുഡിലെ അതുല്യനടന്‍ പ്രാണ്‍ കൃഷ്‌ണന്‍ സിക്കന്ദറിന്‌. പത്തുലക്ഷം രൂപയും സുവര്‍ണകമലവും അടങ്ങിയതാണ്‌ പുരസ്‌കാരം.
1920 ഫെബ്രുവരി 12 ന്‌ പഴയ ഡല്‍ഹിയിലെ കോത്‌നഗറിലാണ്‌ പ്രാണ്‍ ജനിച്ചത്‌. 1945 ല്‍ പഞ്ചാബി ചിത്രമായ യമ്‌ലജാട്ടിലെ വില്ലന്‍ വേഷത്തിലൂടെ അഭിനയരംഗത്തെത്തി. തുടര്‍ന്ന്‌ 400 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. കൂടുതലും വില്ലന്‍ വേഷങ്ങള്‍. സജ്ജീര്‍, മിലന്‍, ബര്‍സാത്‌കി ഏക്‌രാത്‌, ദേവദാസ്‌, മധുമതി, ബ്രഹ്മചാരി, കശ്‌മീര്‍ കി കലി തുടങ്ങിയവയാണ്‌ പ്രമുഖചിത്രങ്ങള്‍. അഭിനയരംഗത്തുനിന്ന്‌ വിരമിച്ച്‌ വിശ്രമജീവിതം നയിക്കുകയാണ്‌ ഇപ്പോള്‍. 2001 ല്‍ രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. 

Monday, 1 April 2013

പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ ഓര്‍മയായി

പേരെടുത്ത അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ (കെ.രാമവര്‍മ്മ തിരുമുല്പാട് ) അന്തരിച്ചു. 87 വയസ്സായിരുന്നു. 
1926 ഡിസംബര്‍ 10ന് കിടങ്ങൂര്‍ വടവാമനയില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബിക അമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു വിദ്യാഭ്യാസം. ആലുവ യു.സി., കോട്ടയം സി.എം.എസ്. കോളേജുകളില്‍ അധ്യാപകനായിരുന്നു. 1952-ല്‍ സി.എം.എസ്. മലയാളവിഭാഗത്തില്‍ നിയമിതനായ രാമവര്‍മ്മ, 1960 മുതല്‍ 26 വര്‍ഷം വകുപ്പുതലവനായിരുന്നു. പിന്നീട് സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഡയറക്ടറായും അധ്യാപകനായും സേവനമനുഷ്ഠിച്ചു. 
കേരള കലാമണ്ഡലം നിര്‍വ്വാഹകസമിതി, കേരള സാഹിത്യ അക്കാദമി, കേരള സാംസ്‌കാരികവകുപ്പ് പ്രസിദ്ധീകരണവിഭാഗം എന്നിവയില്‍ അംഗമായും കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി എക്‌സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാലകളില്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 
ഉപന്യാസം, ബാലസാഹിത്യം, ആസ്വാദനം, ആദ്ധ്യാത്മികം, വൈജ്ഞാനികം, കവിത, പഠനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍  ശ്രദ്ധേയമായ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. കേരളീയകലകളോട് പ്രത്യേകിച്ചും കഥകളിയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തി. കഥകളിനിരൂപണം, സാഹിതീസൗരഭം, കവിപൂജയും കാവ്യാസ്വാദനവും, കവിതാ കൗതുകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 
എം.കെ.കെ. നായര്‍ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം, എസ്. ഗുപ്തന്‍നായര്‍ പുരസ്‌കാരം, കമലദളം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 
പരേതയായ, കായംകുളം കൃഷ്ണപുരം കുറ്റിയില്‍ കോവിലകത്ത് സതീഭായിയാണ് ഭാര്യ. മക്കള്‍: പരേതയായ ഗീത, രമണി, ശ്രീകുമാര്‍, മധുകുമാര്‍. 

Tuesday, 26 March 2013

കോഴിക്കോട് സമൂതിരി പി.കെ.എസ്. രാജ അന്തരിച്ചു.

കോഴിക്കോട് സാമൂതിരി പി.കെ.എസ്. രാജ (100) അന്തരിച്ചു.
2003 ല്‍ പി.കെ. എട്ടനുണ്ണി രാജയുടെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂതിരിയായി അധികാരമേറ്റത്.
തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് തെക്കേക്കെട്ട് താവഴിയില്‍ 1088 മീനം ഒമ്പതിന് അത്തം നാളിലാണ് (1913 മാര്‍ച്ച് 22) കുഞ്ഞനിയന്‍ എന്ന പി. കെ. എസ്. രാജ ജനിച്ചത്. ദേശമംഗലം മനയിലെ എ. കെ. ടി. കെ. എം. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിത്തമ്പാട്ടി തമ്പുരാട്ടിയുടെയും മകനായാണ് ജനനം. കോവിലകം ശ്രീകൃഷ്ണവിദ്യാലയത്തില്‍ അഞ്ചാം ക്ലാസ് വരെ പഠനം. തുടര്‍ന്ന് തളി സാമൂതിരി ഹൈസ്‌കൂളില്‍ നിന്ന് 1928 ല്‍ മെട്രിക്കുലേഷനും 1930 ല്‍ സാമൂതിരി കോളേജില്‍ നിന്ന് ഒന്നാംക്ലാസോടെ ഇന്റര്‍മീഡിയറ്റും പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ ഓണേഴ്‌സ് എടുത്തു.
മൂന്നു വര്‍ഷത്തെ മദ്രാസ് ജീവിതത്തിന് ശേഷം 1936 ല്‍ ഇന്ത്യന്‍ ടെലിഗ്രാഫില്‍ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയിലെ പരിശീലത്തിനുശേഷം 1937 ആഗസ്ത് അഞ്ചിന് അസമിലെ ഗുവാഹതിയില്‍ സ്ഥിരനിയമനം.
1940 നവംബര്‍ 27ന് നിലമ്പൂര്‍ കോവിലകത്തെ ഭാരതി തമ്പുരാട്ടി പി.കെ.എസ്. രാജയുടെ ജീവിതസഖിയായി. ചിറ്റഗോങ്, ബാരിസോണ്‍, അഹമ്മദബാദ്, കോയമ്പത്തൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സേവനമനുഷ്ഠിച്ച ശേഷം ചെന്നൈ ടെലിഫോണ്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജരായി 1971 ല്‍ വിരമിച്ചു.
ഗുരുവായൂരപ്പന്‍ കോളെജ്, സാമൂതിരി എച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, കോഴിക്കോട് തളി മഹാക്ഷേത്രം, വളയനാട്, തൃപ്പങ്ങോട്ട്, ആലത്തിയൂര്‍, തിരുനാവായ, തൃക്കണ്ടിയൂര്‍, നിറംകൈതക്കോട്ട തുടങ്ങി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നാല്‍പ്പതോളം ക്ഷേത്രങ്ങളുടെ ട്രസ്റ്റിയുമായിരുന്നു സാമൂതിരി. ഗുരുവായൂര്‍ ദേവസ്വം മാനെജിങ് കമ്മിറ്റിയിലെ സ്ഥിരാംഗമാണ്.
നിലമ്പൂര്‍ കോവലകത്തെ പരേതയായ ഭാരതിരാജയാണ് ഭാര്യ. പരേതയായ സേതുലക്ഷ്മി, ഡോ.സുധ, സരള എന്നിവരാണ് മക്കള്‍.

നടനവിസ്മയം സുകുമാരി അരങ്ങൊഴിഞ്ഞു

അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലചിത്രനഭസ്സിൽ തിളങ്ങിനിന്ന അഭിനയപ്രതിഭ സുകുമാരി (74) വിടവാങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1940 ഒക്ടോബര്‍ ആറിന് തിരുവനന്തപുരം പൂജപ്പുരയിലെ മാധവന്‍നായരുടെയും സത്യഭാമ അമ്മയുടെയും മകളായി സുകുമാരി ജനിച്ചു. നാല് സഹോദരിമാരും ഒരു സഹോദരനുമടങ്ങിയ കുടുംബം. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത- പദ്മിനി- രാഗിണിമാരുടെ കുടുംബത്തില്‍പ്പിറന്ന സുകുമാരിക്ക് അഭിനയം പാരമ്പര്യസിദ്ധിയായിരുന്നു. ഏഴാംവയസ്സിൽ  മദ്രാസിലെത്തിയ സുകുമാരി കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തകലകള്‍ വശമാക്കി. നൃത്തത്തിലുള്ള മികവ് 1951-ല്‍ നീലകണ്ഠന്‍ സംവിധാനം ചെയ്ത 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിൽ അവസരം  ഒരുക്കി. ലളിത, പദ്മിനി, രാഗിണിമാര്‍ക്കൊപ്പം ഒട്ടേറെ തമിഴ്‌നാടകങ്ങളിലും സുകുമാരി അഭിനയിച്ചു.
സുകുമാരി : ഒരു പഴയകാല ചിത്രം 
നായികയും ഉപനായികയും ചേച്ചിയും അമ്മയും മുത്തശ്ശിയുമൊക്കെയായി തിരശ്ശീലയില്‍ നിറഞ്ഞ സുകുമാരിക്ക്  സിനിമ ജീവവായുതന്നെയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിലായി 2500-ഓളം സിനിമകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സത്യന്‍, പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ പഴയതലമുറയ്ക്കും പുതുതലമുറയ്ക്കും ഒപ്പം സുകുമാരി അഭിനയിച്ചിട്ടു ണ്ട്.

ഒട്ടേറെ പുരസ്‌കാരങ്ങളും സുകുമാരിയെ തേടിയെത്തി. 2003-ല്‍ പദ്മശ്രി, 1991-ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം മുതലായവ ലഭിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് നാലു തവണ അര്‍ഹയായി. 2011-ല്‍ ദേശീയപുരസ്‌കാവും തേടിയെത്തി.
അന്തരിച്ച ചലച്ചിത്രസംവിധായകന്‍ എ. ഭീംസിങ്ങാണ് ഭര്‍ത്താവ്. ചെന്നൈ മെഡിക്കല്‍കോളേജിലെ ഡോ. സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ഡിസൈനറാണ്.

Saturday, 23 March 2013

നൈജീരിയന്‍ നോവലിസ്റ്റ് ചിനുവ ആച്ചെബി അന്തരിച്ചു

ആഫ്രിക്കന്‍ സാഹിത്യത്തിലെ ഇതിഹാസപുരുഷനായിരുന്ന നൈജീരിയന്‍ എഴുത്തുകാരന്‍ ചിനുവെ ആച്ചെബി അന്തരിച്ചു. 82 വയസ്സായിരുന്നു. 'ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ്' എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
ഒരു കാറപകടത്തില്‍ പരിക്കേറ്റ് ശരീരത്തിന്റെ പാതി തളര്‍ച്ചയിലായ ഇദ്ദേഹം 1990 മുതല്‍ അമേരിക്കയിലായിരുന്നു താമസം. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ഉള്‍പ്പെടെ നിരവധി സാഹിത്യപുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2009 മുതല്‍ മരണം വരെ അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.
1930 നവംബര്‍ 16ന് നൈജീരിയയിലെ പ്രബല ഗോത്രവിഭാഗമായ ഇഗ്‌ബോ വംശത്തില്‍ ജനിച്ചു. അനംബ്ര സംസ്ഥാനത്തെ ഒഗിദി എന്ന ഗ്രാമത്തിലായിരുന്നു ജനനം. പാരമ്പര്യമായി കഥപറച്ചിലുകാരായ ഇഗ്‌ബോകളുടെ കഥകളോടുള്ള ജനിതകാഭിമുഖ്യം ഇദ്ദേഹം ഒരു നോവലിസ്റ്റായതിന്റെ പിന്നിലെ പ്രേരകമായി വര്‍ത്തിച്ചിട്ടുണ്ടാവാം.
1958ല്‍ പ്രസിദ്ധീകൃതമായ 'തിംഗ്‌സ് ഫാള്‍ എപാര്‍ട്ട്' ആണ് പ്രഥമനോവല്‍. സാമ്രാജ്യത്വം ആഫ്രിക്കയില്‍ ഉണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് പറഞ്ഞ ഈ നോവല്‍ ഒരു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞത്രേ! 'നോ ലോംഗര്‍ അറ്റ് ഈസ്' (1960), 'ആരോ ഓഫ് ഗോഡ്' (1964), 'എ മാന്‍ ഓഫ് ദി പീപ്പിള്‍' (1966), 'ആന്റ്ഹില്‍സ് ഓഫ് സാവന്ന' (1987) എന്നിവയാണ് മറ്റു പ്രസിദ്ധ നോവലുകള്‍. ഇദ്ദേഹം മുഖ്യമായും ഇംഗ്ലീഷിലാണ് രചനകള്‍ നടത്തിയിരുന്നത്.

ചിനുവെ ആച്ചെബി - ഇന്റര്‍വ്യൂ (നാഷണല്‍ ജോഗ്രഫിക്)




Nigerian Novelist Chinua Achebe Died
Famous Nigerian novelist, Chinua Achebe, who was a legendary figure in the African lieterature, died at the age of 82. Achebe is popularly known as the ‘father of modern African literature’.
He had been living in the US since 1990, following injuries from a car crash which had left him partially paralysed. He has bagged many international acclaims including the prestigious Man Booker International Prize. He served as a professor at Brown University in the United States from 2009 until his death.
Chinua Achebe was born in the Igbo village of Ogidi on November 16, 1930. The Igbo people are one of the largest and most influential ethnic groups in Nigeria. Storytelling was a mainstay of the Igbo tradition and an integral part of the community. This genetic aptitude towards stories may influenced Achebe in becoming a novelist.
‘Things Fall Apart’, published in 1950, was his first novel. His later novels include ‘No Longer at Ease’ (1960), ‘Arrow of God’ (1964), ‘A Man of the People’ (1966), and ‘Anthills of the Savannah’ (1987). Achebe wrote his novels in English.

Tuesday, 19 March 2013

ദേശീയ ചലച്ചിത്ര പുരസ്‌കാരം 2013

ഇര്‍ഫാന്‍ ഖാനും വിക്രം ഗോഖലെയും 
 2013 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  തിഗ്മാന്‍ഷു ധൂലിയ സംവിധാനം ചെയ്ത 'പാന്‍ സിങ് തോമറാ'ണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയമികവിന് ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള പുരസ്‌കാരം മറാഠി നടന്‍ വിക്രം ഗോഖലെയുമായി പങ്കുവെച്ചു. മറാഠി ചിത്രമായ 'അനുമതി'യാണ് ഗോഖലെയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
 
 ഉഷായാദവ്
 'ധാഗ്' എന്ന മറാഠി ചിത്രത്തിലെ അഭിനയമികവിന്  മറാഠി താരം ഉഷായാദവ്  മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 'ധാഗി'ന്റെ സംവിധായകന്‍ ശിവാജി ലോട്ടന്‍ പാട്ടീലാണ് മികച്ച സംവിധായകന്‍.
മലയാള സിനിമയ്ക്ക്  തിളക്കം 
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പതിനഞ്ചെണ്ണം കരസ്ഥമാക്കി മലയാളം തിളങ്ങി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടല്‍' മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. 'സെല്ലുലോയ്ഡ്' ആണ് മികച്ച മലയാള ചിത്രം.
കല്പന
കല്പനയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. തിലകനും ലാലിനും പ്രത്യേക പരാമര്‍ശമുണ്ട്. സിദ്ധാര്‍ഥ് ശിവയാണ് മികച്ച് നവാഗത സംവിധായകന്‍.
 'തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തിലൂടെ കല്പന മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. 'വിക്കി ഡോണറി'ലെ അഭിനയത്തിന് ഹിന്ദി നിടി ഡോളി അലുവാലിയയ്ക്കും ഇതേപുരസ്‌കാരം ലഭിച്ചു.

 തിലകനും ലാലും 
 'ഒഴിമുറി'യിലെ അസാമാന്യ പ്രകടനം ലാലിനെയും 'ഉസ്താദ് ഹോട്ടലി'ലെ അഭിനയ മികവ് തിലകനെയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരാക്കി. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം 'ഉസ്താദ് ഹോട്ടലും' ഹിന്ദി ചിത്രമായ 'വിക്കി ഡോണറും' പങ്കുവെച്ചു.
'ഉസ്താദ് ഹോട്ടലി'ന് ഹൃദയസ്പര്‍ശിയായ സംഭാഷണം രചിച്ച അഞ്ജലി മേനോനാണ് മികച്ച സംഭാഷണത്തിനുള്ള പുരസ്‌കാരം. ബാബു തിരുവല്ല സംവിധാനം ചെയ്ത 'തനിച്ചല്ല ഞാന്‍' ദേശീയോദ്ഗ്രഥന ചിത്രമായി. രഞ്ജിത് സംവിധാനം ചെയ്ത 'സ്പിരിറ്റാ'ണ് സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം. '101 ചോദ്യങ്ങള്‍' എന്ന ചിത്രമൊരുക്കിയാണ് സിദ്ധാര്‍ഥ് ശിവ മികച്ച നവാഗത സംവിധായകനായത്. 'ചിറ്റഗോങ്' എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകന്‍ ബദാബദ്ര പെയ്‌നും ഇതേ പുരസ്‌കാരം ലഭിച്ചു. '101 ചോദ്യങ്ങളി'ല്‍ അഭിനയിച്ച മിനോണാണ് മികച്ച ബാലതാരം. ബിജിബാലിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം. 'കളിയച്ഛന്‍' എന്ന സിനിമയുടെ പശ്ചാത്തല സംഗീതമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ജോഷി മാത്യു സംവിധാനം ചെയ്ത 'ബ്ലാക് ഫോറസ്റ്റാ'ണ് പരിസ്ഥിതി പ്രാധാന്യമുള്ള ചിത്രം. തത്സമയ ശബ്ദലേഖനത്തിന് എസ്. രാധാകൃഷ്ണന്‍ (അന്നയും റസൂലും) പുരസ്‌കാരം നേടി. കച്ഛി ഭാഷാ ചിത്രമായ 'ദോ ദിന്‍ കാ മേള'യുടെ ശബ്ദ ലേഖനം നിര്‍വഹിച്ച മലയാളിയായ എം. ഹരികുമാറിനും അവാര്‍ഡുണ്ട്. ശബ്ദമിശ്രണവുമായി ബന്ധപ്പെട്ട പുരസ്‌കാരത്തിന് മലയാളികളായ സിനോയ് ജോസഫ്, ശ്രീജേഷ് നായര്‍ എന്നിവര്‍ പുരസ്‌കാരം നേടി. ഹിന്ദി ചിത്രമായ 'ഗാങ്‌സ് ഓഫ് വസേയ്പുര്‍'ആണ് അലോക് ഡേയ്‌ക്കൊപ്പം ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഉണ്ണി വിജയന്‍ സംവിധാനം ചെയ്ത 'ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്' ആണ് മികച്ച ഇംഗ്ലീഷ് ചിത്രം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാള സിനിമ അംഗീകാരം നേടി. ബാബു കാമ്പ്രത്തിന്റെ 'ബിഹൈന്‍ഡ് ദ മിസ്റ്റി'നാണ് സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ്. പി.എസ്. രാധാകൃഷ്ണനാണ് മികച്ച നിരൂപകന്‍.
തിരക്കഥാകൃത്ത് -സുജോയ് ഘോഷ് (കഹാനി), അവലംബിത തിരക്കഥാകൃത്ത് -ഭാവേഷ് മണ്ഡാലിയ, ഉമേഷ് ശുക്ല (ഒ.എം.ജി. ഓ മൈ ഗോഡ്), ഗായകന്‍-ശങ്കര്‍ മഹാദേവന്‍ ( ചിറ്റഗോങ്), ഗായിക-ആരതി അങ്ക്‌ലേക്കര്‍ ടികേകര്‍ (സംഹിത), ഗാനരചയിതാവ്-പര്‍സൂന്‍ ജോഷി (ചിറ്റഗോങ്), സംഗീത സംവിധായകന്‍-ശൈലേന്ദര്‍ ബാര്‍വെ (സംഹിത), നൃത്തസംവിധാനം- പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (വിശ്വരൂപം), ഛായാഗ്രാഹകന്‍ സുധീര്‍ പള്‍സാനെ (കോ:യാദ്), കുട്ടികളുടെ ചിത്രം -ദേഖ് ഇന്ത്യന്‍ സര്‍ക്കസ്, ആനിമേഷന്‍ ചിത്രം-ഡല്‍ഹി സഫാരി,
72 ചിത്രങ്ങൾ പുരസ്‌കാരത്തിനുള്ള അന്തിമ മത്സരത്തിൽ മാറ്റുരച്ചു. ബാസു ചാറ്റര്‍ജിയായിരുന്നു  ജൂറി അധ്യക്ഷന്‍.

Monday, 18 March 2013

സുഗതകുമാരിക്ക്‌ സരസ്വതിസമ്മാന്‍

രാജ്യത്തെ സാഹിത്യരംഗത്തെ ഉന്നത ബഹുമതിയായ സരസ്വതിസമ്മാന്‍ ഈ വര്‍ഷം പ്രശസ്‌ത കവയിത്രി സുഗതകുമാരിക്ക്‌. ഡല്‍ഹിയിലെ കെ. കെ. ബിര്‍ള ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌ക്കാരം ഇന്ത്യയില്‍ ഏറ്റവുമധികം സമ്മാനത്തുകയുള്ള സാഹിത്യ സമ്മാനമാണ്‌. `മണലെഴുത്ത്‌' എന്ന കവിതാ സമാഹാരത്തിനാണ്‌  10 ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമടങ്ങിയ ഈ പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്‌.
1991 ല്‍ ഹരിവംശ്‌റായ്‌ ബച്ചനാണ്‌ ആദ്യമായി ഈ പുരസ്‌ക്കാരം സമ്മാനിക്കപ്പെട്ടത്‌. മലയാളത്തില്‍നിന്ന്‌ ബാലാമണിയമ്മയും അയ്യപ്പപണിക്കരും ഇത്‌ നേടിയിട്ടുണ്ട്‌.
ജസ്‌റ്റീസ്‌ ആര്‍. സി. ലഹോട്ടി അധ്യക്ഷനായ സമിതിയാണ്‌ ഈ വര്‍ഷത്തെ വിജയിയെ തെരഞ്ഞെടുത്തത്‌. 

Monday, 11 March 2013

കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അന്തരിച്ചു


കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (87) അന്തരിച്ചു.രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ആദ്യ കഥകളികലാകാരനും കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കുലപതിയുമായിരുന്നു ഇദ്ദേഹം.
അരനൂറ്റാണ്ടിലേറെക്കാലം കളിയരങ്ങിലെ പച്ച, കത്തി, വെള്ളത്താടി വേഷങ്ങളില്‍ നിറഞ്ഞുനിന്ന കലാകാരനാ യായിരുന്നു രാമന്‍കുട്ടിനായര്‍. കഥകളികലാകാരന്‍, കളിയാശാന്‍, കലാമണ്ഡലം പ്രിന്‍സിപ്പല്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍ അദ്ദേഹം പാദമുദ്ര പതിപ്പിച്ചു.
പച്ചവേഷങ്ങളില്‍ 'കിര്‍മീരവധ'ത്തിലെ ധര്‍മപുത്രര്‍, 'കാലകേയവധ'ത്തിലെ അര്‍ജുനന്‍, കത്തിവേഷങ്ങളില്‍ 'ഉത്ഭവ'ത്തിലെ രാവണന്‍, 'ബാലിവിജയ'ത്തിലെ രാവണന്‍, ചെറിയ നരകാസുരന്‍, ശിശുപാലന്‍, ദുര്യോധനന്‍, കീചകന്‍, വെള്ളത്താടിയില്‍ ഹനുമാന്‍, കറുത്ത താടിയില്‍ 'കിരാത'ത്തിലെ കാട്ടാളന്‍ തുടങ്ങിയ വേഷങ്ങളില്‍ അദ്വിതീയനായിരുന്നു രാമന്‍കുട്ടിനായര്‍.


ഓപ്പത്ത് നാരായണന്‍നായരുടെയും തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും മകനായി 1925 മെയ് 25 ന് ജനി ച്ചു. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. അമ്മയുടെ തണലിലാണ് വളര്‍ന്നത്.
പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഒളപ്പമണ്ണ മനയിലെ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴില്‍ കഥകളിയഭ്യസനം തുടങ്ങി. 13-ാം വയസ്സില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി. കലാമണ്ഡലത്തില്‍ അധ്യാപകന്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ തസ്തികകളിലായി 50 വര്‍ഷത്തെ സേവനത്തിനുശേഷം 1985 ല്‍ വിരമിച്ചു. തുടര്‍ന്ന് കലാമണ്ഡലത്തില്‍ എക്‌സിക്യുട്ടീവ് ബോര്‍ഡംഗം, വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കളിയരങ്ങില്‍ ഇന്നുള്ള മിക്ക പ്രശസ്തരുടെയും ഗുരുനാഥനാണ്  ഇദ്ദേഹം.
മുപ്പതിലേറെ തവണ വിദേശപര്യടനം നടത്തി. 'തിരനോട്ടം' എന്ന പേരില്‍ ആത്മകഥയും രചിച്ചിട്ടുണ്ട്.
2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും 2000 ല്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ പ്രഥമ കഥകളിപുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചു.
കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് (1974), കലാമണ്ഡലം സ്‌പെഷല്‍ അവാര്‍ഡ് (1984), കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (1987), മധ്യപ്രദേശിലെ കാളിദാസ സമ്മാന്‍ (1994), കലാമണ്ഡലം ഫെലോഷിപ്പ്, എമറിറ്റസ് ഫെലോഷിപ്പ്, നര്‍ത്തകചക്രവര്‍ത്തി അവാര്‍ഡ് (2003), കലാരത്‌നം അവാര്‍ഡ് (2003), മുംബൈ ശ്രീ ഗുരുവായൂരപ്പന്‍ പുരസ്‌കാരം (2004), കേന്ദ്ര സംഗീതനാടക അക്കാദമി രത്‌ന അവാര്‍ഡ് (2004) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.
ഭാര്യ: സരസ്വതിയമ്മ. മക്കള്‍: നാരായണന്‍കുട്ടി (ഏഷ്യാനെറ്റ്), അപ്പുക്കുട്ടന്‍ (കടമ്പഴിപ്പുറം ഹൈസ്‌കൂള്‍), വിജയലക്ഷ്മി.

സര്‍ക്കാര്‍ ജോലി വേണോ... മലയാളമറിയണം!

കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടുന്നതിന്‌ മലയാളം പരീക്ഷ പാസായിരിക്കണം എന്നത്‌ നിര്‍ബ്ബന്ധമാക്കുന്നു. മലയാളം ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആയി എസ്‌. എസ്‌. എല്‍. സി. യോ പ്ലസ്‌ ടുവോ വിജയിച്ചവരാണെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗത്തിന്‌ അപേക്ഷിക്കുവാന്‍ പാടുള്ളു എന്നതാണ്‌ പുതിയ തീരുമാനം.
ഭരണഭാഷ മലയാളമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ മലയാളം അറിയാതെ ഭരണപരമായ കാര്യങ്ങളൊന്നും നിര്‍വ്വഹിക്കാന്‍ പറ്റാതെ വരും എന്നതിനാലാണിത്‌.
മലയാളം നിര്‍ബന്ധമായി പാഠ്യപദ്ധതിയില്‍ ഇല്ലാത്ത സിബിഎസ്‌ഇ ഐസിഎസ്‌ഇ പോലുളള സിലബസുകളില്‍ പഠിച്ചു വരുന്ന ആളുകള്‍ക്കായി പിഎസ്‌സി പത്താം ക്ലാസ്‌ നിലവാരത്തിലുള്ള പ്രത്യേക പരീക്ഷ നടത്തി യോഗ്യത ഉറപ്പു വരുത്തുകയും വേണം. ഇത്തരക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സ്ഥിരപ്പെടുത്തും മുന്‍പ്‌ ഈ യോഗ്യത പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ മലയാളം മിഷന്‍ നടത്തുന്ന ഡിപ്ലോമ പാസായാലും മതി. 

Top News

Labour India