BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 5 October 2013

വയലാര്‍ അവാര്‍ഡ് പ്രഭാ വര്‍മയ്ക്ക്‌


ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്  പ്രശസ്ത കവി പ്രഭാ വര്‍മയ്ക്ക്. 'ശ്യാമമാധവം' എന്ന കൃതിയ്ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്‌ക്കാരം നല്‍കുന്നത്. 25000 രൂപ, പ്രശസ്തിപത്രം, ശില്പം എന്നിവയടങ്ങുന്നതാണ് ഈ അവാര്‍ഡ്. വയലാറിന്റെ ചരമദിനമായ ഒക്‌ടോബര്‍ 27ന് അവാര്‍ഡ് സമ്മാനിക്കും.
വയലാര്‍ എന്ന അനശ്വര ഗാനരചയിതാവിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് 1977 മുതല്‍ നല്‍കി വരുന്നു. കഴിഞ്ഞ വര്‍ഷം അക്കിത്തമാണ് അവാര്‍ഡ് നേടിയത്.

1995ല്‍ 'അര്‍ക്കപൂര്‍ണിമ' എന്ന കൃതിയ്ക്ക് കേരളസാഹിത്യഅക്കാദമി പുരസ്‌ക്കാരം ലഭിച്ചു. ഉള്ളൂര്‍ അവാര്‍ഡ്, മുല്ലനേഴി സ്മാരക അവാര്‍ഡ്  മുതലായവയും  പ്രഭാ വര്‍മ നേടിയിട്ടുണ്ട്. 'സൗപര്‍ണിക' ആദ്യ കവിതാസമാഹാരമാണ്. 'ആര്‍ദ്രം',  'ചന്ദനനാഴി' തുടങ്ങിയവയാണ്  മറ്റ് പ്രധാന കൃതികള്‍.
1959ല്‍ ജനിച്ചു.


പെരുമ്പടവം ശ്രീധരന് വള്ളത്തോള്‍ പുരസ്‌കാരം


ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച 'ഒരു സങ്കീര്‍ത്തനം പോലെ'  എന്ന നോവലിലൂടെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്  വള്ളത്തോള്‍ പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യ അക്കാദമിയാണ് വള്ളത്തോള്‍ പുരസ്‌കാരം നല്‍കുന്നത്. 1, 11, 111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.  
വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയ്ക്കടുത്തുള്ള പെരുമ്പടവത്ത് 1938 ല്‍ ജനിച്ചു.

പ്രധാനകൃതികള്‍: അന്തിവെയിലിലെ പൊന്ന്, നിലാവിന്റെ ഭംഗി, എന്റെ ഹൃദയത്തിന്റെ ഉടമ, ഒരു സങ്കീര്‍ത്തനം പോലെ, അഷ്ടപദി, അഭയം, ഗ്രീഷ്മജ്വാലകള്‍, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം.


ശ്രീ. പെരുമ്പടവം ശ്രീധരനുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്‌


? സ്‌നേഹത്തേപ്പറ്റി നിരവധി കൃതികളില്‍ എഴുതിയിട്ടുണ്ട്. എന്താണ് സ്‌നേഹത്തെക്കുറിച്ചുള്ള അങ്ങയുടെ സങ്കല്പം?
സ്‌നേഹം എന്നുപറയുന്നത് ത്യാഗമാണ്. ത്യജിക്കാതെ നമുക്ക് സ്‌നേഹം നല്‍കാനോ തിരികെവാങ്ങാനോ കഴിയില്ല. മനുഷ്യനെ വിശ്വമാനവികതയിലേക്കുയര്‍ത്തുന്നത് സ്‌നേഹമാണ്.
? ഇങ്ങനെയൊരു മനോഭാവം അങ്ങയില്‍ വളര്‍ന്നുവരാനുണ്ടായ സാഹചര്യം എന്താണ്?
സ്‌നേഹത്തിന്റെ ഉദാത്തമാതൃകയാണ് യേശുക്രിസ്തു. ത്യാഗത്തിലൂടെ സ്‌നേഹമെന്തെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. യേശുക്രിസ്തു, ബുദ്ധന്‍, ഗാന്ധിജി, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കളുടെ ജീവിതകഥകളാണ് വിശ്വസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്തമാതൃക എന്നെ പഠിപ്പിച്ചത്.
? തനിച്ചിരിക്കാന്‍ കഴിയുന്നത് ഒരു മഹാഭാഗ്യമായി അങ്ങുപറഞ്ഞിട്ടുള്ളത് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഏകാന്തത ഒരു ഭാഗ്യമായി അങ്ങുകരുതാന്‍ കാരണമെന്താണ്?
'ഭൂമിയുടെ ഹൃദയം' എന്നു ഞാന്‍ വിശേഷിപ്പിക്കുന്ന പെരുമ്പടവത്ത് ജനിച്ചു. നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയാണ് എന്നെ വളര്‍ത്തിയത്. കഷ്ടപ്പാടും ദാരിദ്ര്യവും അവഗണനയും സഹിച്ചാണ് ഞാന്‍ വളര്‍ന്നത്. സ്‌നേഹിതന്മാരില്‍ നിന്നെല്ലാം അകന്നുള്ള ജീവിതമായിരുന്നു എന്റേത്. കളിച്ചുനടക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാല്‍ വായനയ്ക്ക് ധാരാളം സമയം കിട്ടിയിരുന്നു. പാടവരമ്പത്തും കുന്നിന്‍ചെരിവുകളിലും തോട്ടുവക്കത്തും എന്നുവേണ്ട ആളൊഴിഞ്ഞ ഇടങ്ങളിലൊക്കെ പോയിരുന്ന് വായിക്കും.
? വിദ്യാഭ്യാസകാലഘട്ടത്തില്‍ അധ്യാപകരുടെ സ്വാധീനം താങ്കളുടെ സാഹിത്യവാസനയ്ക്ക് സഹായകമായിട്ടുണ്ടോ?
തീര്‍ച്ചയായും. കവയിത്രിയായ സിസ്റ്റര്‍ മേരി ബനീഞ്ഞ, സംസ്‌കൃതപണ്ഡിതനായ ഫാ. എബ്രഹാം വടക്കേല്‍ എന്നിവരുടെ സാമീപ്യം എന്റെ സര്‍ഗാത്മകചേതന വളരാന്‍ സഹായിച്ചിട്ടുണ്ട്. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ തന്നുകൊണ്ടിരുന്ന മരങ്ങാട്ടുപിള്ളിക്കാരനായ ജോര്‍ജ്ജ് ജോസഫ്‌സാറും എന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്.
? 'വായന'യെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
വായനയാണ് എല്ലാറ്റിനും അടിസ്ഥാനം. മാത്രമല്ല അതൊരു പുണ്യപ്രവൃത്തിയുമാണ്. വായന നമ്മുടെ ജന്മസിദ്ധമായ കഴിവുകളെ ഉത്തേജിപ്പിക്കും. ജീവിതത്തിന്റെ ഏതു മണ്ഡലത്തിലുള്ളവര്‍ക്കും വായന നല്ലൊരു സമ്പത്താണ്. നമ്മുടെ ഭൂതകാലത്തെക്കുറിച്ചറിയാനും പുതിയ സംസ്‌കാരങ്ങളെ പരിചയപ്പെടാനുമൊക്കെ അതുപകരിക്കും. മഹാന്മാരായ എല്ലാവര്‍ക്കും വായനയിലൂടെ ആര്‍ജിച്ച നല്ലൊരു അനുഭവസമ്പത്തിന്റെ പശ്ചാത്തലമുണ്ട്.
? വിദ്യാര്‍ഥികള്‍ക്ക് നല്കാനുള്ള സന്ദേശമെന്താണ്?
മറ്റുള്ളവരെ സഹാനുഭൂതിയോടെയും സ്‌നേഹത്തോടെയും കാണുവാന്‍ ശ്രമിക്കുക. പ്രപഞ്ചത്തിന്റെ നാരായവേര് മനുഷ്യനാണ്. ആരെയും സ്‌നേഹിക്കാന്‍ കഴിയലാണ് യഥാര്‍ഥസ്‌നേഹം. സ്വന്തമായുള്ളതിനെ മാത്രം സ്‌നേഹിക്കുന്നത് സ്വാര്‍ഥതയാണ്.


രാജ്യാന്തരവാണിജ്യത്തിന് ഒബാമയ്ക്ക് മലയാളി ഉപദേശകന്‍

അമരിക്കയുടെ രാജ്യാന്തരവാണിജ്യവകുപ്പില്‍ ഡയറക്ടര്‍ ജനറലായി ഒരു മലയാളി നിയമിതനായി. ധനകാര്യ മാനേജ്‌മെന്റ് വിദഗ്ധന്‍ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ എം. കുമാറാണ്  ഈ അത്യുന്നതപദവിയിലെത്തിയിരിക്കുന്നത്. യു. എസ്. സര്‍ക്കാര്‍ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് അരുണ്‍കുമാറിന്റെ നിയമനമെന്നത് പ്രത്യേക പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. വളരെ സുപ്രധാനമായ അഞ്ച് പദവികളിലേക്ക്  പ്രസിഡന്റ് ഒബാമ നേരിട്ട് നിയമനം
നടത്തിയതില്‍ ഒന്നാണ് അരുണ്‍കുമാറിന്റേത്.


കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്തശേഷം അമേരിക്കയിലെ പ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന്  ഇദ്ദേഹം ബിരുദാനന്തരബിരുദവും നേടി. തുടര്‍ന്ന് വിവിധ കമ്പനികളില്‍ ഉന്നതതലജോലികള്‍ ചെയ്തു. 1993ല്‍ സ്വന്തമായി ആരംഭിച്ച പ്ലാനിങ് ആന്‍ഡ് ലോജിക് ഇന്റര്‍നാഷണല്‍ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ തുടര്‍ന്ന് രണ്ടുവര്‍ഷത്തേക്ക് പ്രവര്‍ത്തിച്ചു. രാജ്യന്തരതലത്തില്‍ പ്രശസ്തമായ ഓഡിറ്റ്, ടാക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജി.യില്‍ ഫിനാന്‍സ് മാനേജ്‌മെന്റ് ലീഡറായി 1995ല്‍ ജോലിയില്‍ പ്രവേശിച്ചു. അടുത്തയിടെ കെ.പി.എം.ജി.യില്‍നിന്ന് വിരമിക്കുമ്പോള്‍ വെസ്റ്റ് കോസ്റ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായിരുന്നു.
യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ അംഗമാണ് അരുണ്‍കുമാര്‍. കൂടാതെ വിവിധ പ്രശസ്ത സര്‍വകലാശാലകളിലെ ഉപദേശകസമിതികളിലും ഇദ്ദേഹം അംഗമാണ്.

Thursday, 3 October 2013

ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് രാജസ്ഥാനില്‍

പെട്രോളിയം ഉല്പന്നങ്ങളുടെയും മറ്റും ക്രമാതീതമായ വിലക്കയറ്റവും മഴയുടെ ഏറ്റക്കുറച്ചിലിനും മറ്റും അനുസരിച്ച് വൈദ്യുതിലഭ്യതയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെ സൃഷ്ടിക്കുന്ന ഊര്‍ജ്ജപ്രതിസന്ധി നാം അഭിമുഖീകരിച്ചുവരികയാണ്. ഇതിനെല്ലാം പരിഹാരമായി സൂര്യന്‍ എന്ന ഊര്‍ജ്ജഖനിയിലേക്കാണ് നാം ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് നാം. 4000 മെഗാവാട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള  പ്ലാന്റാണ് രാജസ്ഥാനിലെ സാമ്പര്‍ തടാകത്തിന് സമീപം നിര്‍മ്മിക്കാനൊരുങ്ങുന്നത്. സാമ്പര്‍ അള്‍ട്രാ മെഗാ ഗ്രീന്‍ സോളാര്‍ പവര്‍ പ്രോജക്റ്റ് എന്നാണിതിന് നാമകരണം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിലുള്ള സോളാര്‍ പ്ലാന്റുകളുടെ മൊത്തം ഉല്പാദനശേഷിയുടെ മൂന്നിരട്ടിയോളം വരുമിത്!


Bhel, Powergrid Corporation of India, Solar Energy Corporation of India, Hindustan Salts limited and Rajasthan Electronics & Instruments Limited എന്നീ അഞ്ച് പൊതുമേഖലാ കമ്പനികളുടെ സംയുക്തമേല്‍നോട്ടത്തിലാണ് ഇത് സ്ഥാപിക്കുക. 2016 ആകുമ്പോഴേക്കും 1000 മെഗാവാട്ടിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. 23000 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 5.5 രൂപ നിരക്കില്‍ വിതരണം ചെയ്യാനാണുദ്ദേശിക്കുന്നത്. ഇതും നിലവിലുള്ള നിരക്കുകളെ അപേക്ഷിച്ച് കുറവാണെന്നത് പദ്ധതിയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

രാജസ്ഥാനിലെ ചരിത്രപ്രധാനമായ സാമ്പര്‍ ലേക്ക് ടൗണിനാല്‍ ചുറ്റപ്പെട്ട് ഒരു ബൗളിന്റെ ആകൃതിയില്‍ കിടക്കുന്ന പ്രശസ്തമായ ഉപ്പ് തടാകമാണ് സാമ്പര്‍.

മെഗാന്‍ യങ് മിസ് വേള്‍ഡ്


മിസ് ഫിലിപൈന്‍സ് മെഗാന്‍ യങ് പുതിയ ലോക സുന്ദരി. ഇന്തോനേഷ്യയിലെ ബാലിദ്വീപില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ നിരവധി സുന്ദരിമാരെ പിന്തള്ളിയാണ് മെഗാന്‍ യങ് സുന്ദരിപ്പട്ടം ചൂടിയത്. മിസ് ഫ്രാന്‍സ് മറീന്‍ ലോര്‍ഫെലിന്‍ രണ്ടാമതും മിസ് ഘാന കരാന്‍സര്‍ നാ ഒകെയ്‌ലി ഷൂട്ടര്‍ മൂന്നാമതുമെത്തി. ഇന്ത്യന്‍ പ്രതിനിധിയായി മത്സരിച്ച മിസ് ഇന്ത്യ നവനീത് കൗര്‍ ധില്ലന്‍ അവസാന പത്തുപേരിലെത്താന്‍ കഴിയാതെ പുറത്തായെങ്കിലും 'മിസ് മള്‍ട്ടീമീഡിയ' കിരീടം ചൂടി.

അമേരിക്കയിലെ വെര്‍ജിനിയ സ്‌റ്റേറ്റിലുള്ള അലക്‌സാണ്ട്രിയയിലാണ് 1990 ഫെബ്രുവരി 27ന് യങ് ജനിച്ചത്. പിതാവ് അമേരിക്കക്കാരനും മാതാവ് ഫിലിപ്പെന്‍സ്‌കാരിയും. പത്താം വയസ്സില്‍ ഫിലിപ്പെന്‍സില്‍ എത്തിയ മെഗാന്‍ ടെലിവിഷന്‍ അവതാരകയായും ചലച്ചിത്രനടിയായും തിളങ്ങിയ വ്യക്തിയാണ്. മിസ് വേള്‍ഡ് കിരീടം ചൂടുന്ന ആദ്യ ഫിലിപ്പൈന്‍ വനിതയും മെഗാന്‍ ആണ്. സഹോദരി ലോറന്‍ യങും അറിയപ്പെടുന്ന നടിയാണ്. 

Tuesday, 1 October 2013

റോബോട്ടിനും ബുദ്ധിയുദിക്കുന്നു...!


റോബോട്ടുകള്‍ ഒരു തരത്തിലുള്ള കമ്പ്യൂട്ടറുകളാണെന്ന് നമുക്കറിയാം. വേണമെങ്കില്‍ ചലിക്കുന്ന കമ്പ്യൂട്ടറുകള്‍ എന്ന് പറയാം. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. മനുഷ്യന്‍ സ്വയം ചിന്തിച്ച് തീരുമാനങ്ങളെടുത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതുപോലെ കമ്പ്യൂട്ടറിന് കഴിയില്ല. അതുകൊണ്ടുതന്നെ റോബോട്ടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവയുടെ ബുദ്ധിയും കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. എന്നാല്‍ ഇതൊക്കെ പഴങ്കഥയാകുന്ന ലക്ഷണങ്ങളാണ് കാണുന്നത്. 'തലച്ചോറു'ള്ള റോബോട്ടുകള്‍ ഇതാ വന്നുകഴിഞ്ഞു.
റോബോട്ടുകള്‍ക്ക് തലച്ചോര്‍ സൃഷ്ടിക്കുന്നതിന്റെ പിന്നിലെ തല ഇന്ത്യക്കാരന്റേതാണ്. മിസോറി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡോ. ജഗന്നാഥന്‍ സാരംഗപാണിയാണിതിനുപിന്നില്‍. പ്രത്യേക നിര്‍ദ്ദേശങ്ങളില്ലാതെ സ്വയം ചിന്തിച്ച് വിശകലനം ചെയ്ത് കാര്യങ്ങള്‍ ചെയ്യുന്നതിന് കഴിവുള്ള റോബോട്ടുകളുടെ വികസനത്തിലേക്ക് നയിക്കുന്ന കണ്ടെത്തലാണിത് എന്നതുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

റോബോട്ടുകളെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കോ മറ്റോ സാങ്കേിത തകരാറുണ്ടായാല്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു സപ്പോര്‍ട്ട് സംവിധാനമാണ് ഇപ്പോള്‍ വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ മിസോറിയിലുള്ള ഫെല്‍പ്‌സ് പ്രവിശ്യയില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ വിദ്യകേന്ദ്രമാണ് മിസോറി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി. ഇവിടത്തെ പ്രൊഫസറും റിസര്‍ച് സെന്റര്‍ ഓണ്‍ ഇന്റലിജന്റ് മെയിന്റനന്‍സ് സിസ്റ്റംസിന്റെ ഡയറക്ടറുമാണ് ഭാരതീയനായ ഡോ. ജഗന്നാഥന്‍ സാരംഗപാണി.
ചില ശാ്‌സത്രസിനിമകളിലൊക്കെ മാത്രം നാം കണ്ടിരുന്ന ബുദ്ധിയുള്ള യന്തിരന്മാര്‍ താമസിയാതെ യാഥാര്‍ത്ഥയമാവും...!

Monday, 30 September 2013

ഇനി നിഷേധിക്കാനുമവകാശം...


നാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്മ്രാണ്. ജനാധിപത്യത്തില്‍ എല്ലാ അധികാരവും ജനങ്ങളിലാണ്. എന്നാല്‍ ജനാധിപത്യ അവകാശങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് എത്രത്തോളം ലഭ്യമാവുന്നുണ്ട് എന്നത് സംശയമാണ്. കൂടാതെ അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നവരുടെ അഴിമതിയും മറ്റും ജനാധിപത്യത്തിന്റെ അന്തസിനെ കുറയ്ക്കുന്നുമുണ്ട്. പക്ഷേ, അടുത്തകാലത്തായി ജനങ്ങളുടെ അവകാശങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ പല ഭാഗങ്ങളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നത് ശുഭകരമാണ്. അഴിമതിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന യുവജനപ്രതിഷേധങ്ങള്‍, കോടതിയുടെ ഇടപെടലുകള്‍ തുടങ്ങിയവയൊക്കെ അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാതെ തരമില്ല എന്ന നിലയിലേക്ക് കുറേയൊക്കെ എത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതാ അതിസുപ്രധാനമായൊരു വിധി ബഹുമാനപ്പെട്ട സുപ്രീം കോടതി അടുത്തയിടെ പുറപ്പെടുവിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുന്നതുപോലെതന്നെ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ല (നിഷേധ വോട്ട്) എന്നു രേഖപ്പെടുത്താനും വോട്ടര്‍ക്ക് അവകാശമുണ്ട് എന്നതാണത്.
ചീഫ് ജസ്റ്റീസ് സദാശിവം ജസ്റ്റീസ്മാരായ രഞ്ജന ദേശായി, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ചാണ് ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. ഇതിലൂടെ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ല എന്നു രേഖപ്പെടുത്താനുള്ള ബട്ടണ്‍/ അധിക കോളം ഏര്‍പ്പെടുത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇതുവഴി വോട്ടര്‍മാര്‍ക്ക് അവകാശം കിട്ടുകയാണ്. ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ഇപ്പോള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നവരും ഇത്തരമൊരു സംവിധാനം ഉണ്ടെങ്കില്‍ വോട്ടുചെയ്യാനെത്തും എന്ന് സുപ്രീം കോടതി പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലും നിയമസഭകളിലും ഇപ്പോള്‍ ഇതിന് സമാനമായൊരു സംവിധാനം നിലനില്‍ക്കുന്നുണ്ട്. അവിടെ വിവിധ വിഷയങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ 'യെസ്', 'നോ' എന്നതിനൊപ്പം 'അബ്‌സ്‌റ്റെയ്ന്‍' (വിട്ടുനില്‍ക്കുന്നു) എന്നു രേഖപ്പെടുത്താനുള്ള ബട്ടണ്‍ കൂടിയുണ്ട്. ഇത് ഇനി സാധാരണ ജനത്തിനും ലഭിക്കാന്‍ പോകുന്നു എന്നര്‍ത്ഥം.

Top News

Labour India