BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 22 November 2013

മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് ചാംപ്യന്‍ (Carlsen World Chess Champion)

ലോക ചെസ് കിരീടം ഇനി പുതിയ തലയില്‍. ലോക നമ്പര്‍ വണ്‍ സ്ഥാനത്തുള്ള നോര്‍വെക്കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാഗ്‌നസ് കാള്‍സനാണ് ഇനി ചെസിലെ രാജാവ്. ചെന്നൈയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വന്തം വിശ്വനാഥന്‍ ആനന്ദിനെ തോല്പിച്ചാണ് കാള്‍സന്‍ ജേതാവായത്. 


2000 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 5 വട്ടം ലോകകിരീടം ശിരസ്സിലണിഞ്ഞ ആനന്ദിന് പക്ഷേ ഇത്തവണ തന്റെ പകുതി മാത്രം പ്രായമുള്ള കാള്‍സന് മുന്നില്‍ അടിതെറ്റി. ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി കൈവരിക്കുമ്പോള്‍ വെറും 13 വയസ്സ് മാത്രമായിരുന്നു കാള്‍സന്. 2012 ജനുവരി 1ന് ലോക നമ്പര്‍ വണ്‍ റാങ്കിലെത്തുമ്പോള്‍ ഈ അസാമാന്യ പ്രതിഭയ്ക്ക് പ്രായം 19 വര്‍ഷവും 32 ദിവസവും മാത്രം! ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ചെസ് താരവുമായി അന്ന് കാള്‍സന്‍. ചെസ് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റിംഗ് പോയിന്റായ 2872 നേടിയതും ഇദ്ദേഹം തന്നെ. ഓപ്പണിംഗിലെ വൈവിധ്യമാണ് കാള്‍സനെ അപകടകാരിയാക്കുന്ന ഒരു ഘടകം. എന്‍ഡ് ഗെയിമിലെ അസാമാന്യ യുദ്ധതന്ത്രങ്ങളും കൂടിയാകുമ്പോള്‍ കാള്‍സന്‍ അജയ്യനാകുന്നു.
ആനന്ദും കാള്‍സനും മത്സരത്തിനിടെ
1990 നവംബര്‍ 30ന് എന്‍ജിനീയര്‍ ദമ്പതികളുടെ മകനായി നോര്‍വേയിലെ ടോണ്‍സ്‌ബെര്‍ഗിലാണ് കാള്‍സന്‍ ജനിച്ചത്. വെറും രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ പത്ത്-പതിനാല് വയസ്സുകാര്‍ക്കുള്ള പസിലുകളൊക്കെ കൊച്ചു കാള്‍സന്‍ നിഷ്പ്രയാസം ചെയ്യുന്നത് കണ്ട പിതാവ് തന്നെയാണ് ചെസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. പിന്നീട് പ്രായത്തില്‍ കവിഞ്ഞ കളിവിരുതുമായി കാള്‍സന്‍ ചതുരംഗക്കളത്തില്‍  തരംഗം സൃഷ്ടിക്കുന്നതാണ് ലോകം കണ്ടത്.

മംഗള്‍യാനില്‍ (Mangalyaan) നിന്നുളള ആദ്യ ചിത്രം പുറത്തുവന്നു

ന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാനില്‍ നിന്നുളള ആദ്യ ചിത്രം പുറത്തുവന്നു. ഐഎസ്ആര്‍ഒയാണ് മംഗള്‍യാനില്‍ നിന്നുളള ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആന്ധ്ര തീരദേശത്തേക്ക് അടുക്കുന്ന ഹെലന്‍ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളാണ് മംഗള്‍യാന്‍ ആദ്യമായി പുറത്ത് വിട്ടത്.


 ഭൂമിയില്‍ നിന്നും 75,000 അടി ഉയരത്തില്‍ നിന്നെടുത്ത ചിത്രമാണിത്. ഇന്ത്യന്‍ ഉപഭൂഗണ്ഡവും ആഫ്രിക്കയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഒരു സെറ്റ് ചിത്രങ്ങളാണ് മംഗള്‍യാനില്‍ നിന്നും ഐഎസ്ആര്‍ഒക്ക് ലഭിച്ചത്. ഇതില്‍ ഒരു ചിത്രം മാത്രമാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.

ഒമാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും...!

ഒമാന്‍ ഭരണാധികാരിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇനി മുതല്‍ മലയാളത്തിലും വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.

സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയിദ്‌
ഒമാന്റെ ദേശീയ ദിനാഘോഷവും സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയിദിന്റെ ഭരണത്തിന്റെ 43-ാം വാര്‍ഷികാഘോഷവും നടന്ന വേളയിലാണ് ഈ പ്രഖ്യാപനം വന്നത്. മലയാളത്തിന് പുറമേ ഇന്ത്യന്‍ ഭാഷയായ ഉറുദുവും വെബ് സൈറ്റിലുള്‍പ്പെടുത്തും. കൂടാതെ തായ്, ഇന്തോനേഷ്യന്‍ ഭാഷകളും ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, കൊറിയന്‍, ഫ്രഞ്ച്, പേര്‍ഷ്യന്‍, പോര്‍ച്ചുഗീസ് ഭാഷകള്‍ നേരത്തേതന്നെ ഈ വെബ്‌സൈറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Wednesday, 20 November 2013

അമ്പതുവര്‍ഷം...തുമ്പ മുതല്‍ ചൊവ്വ വരെ! (50 Years of Indian Space Research)

നമ്മുടെ രാജ്യത്തിന്റെ യശസ്സ് വിശ്വസീമകള്‍ക്കപ്പുറത്തെത്തിച്ച ബഹിരാകാശക്കുതിപ്പുകള്‍ക്ക് തുടക്കം കുറിച്ചിട്ട് അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ആദ്യത്തെ റോക്കറ്റ് തുമ്പയില്‍നിന്ന് കുതിച്ചുയര്‍ന്നത് 1963 നവംബര്‍ 21ന്.

സ്പുട്‌നിക് 1
1957 ഒക്‌ടോബര്‍ 4നാണ് മനുഷ്യന്‍ ആദ്യമായി ഒരു കൃത്രിമ ഉപഗ്രഹം അതുവരെ തികച്ചും അജ്ഞാതമായിരുന്ന ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പറഞ്ഞുവിടുന്നത്. റഷ്യ വിക്ഷേപിച്ച സ്പുട്‌നിക് 1 ആയിരുന്നു അത്. ഇതോടെ ബഹിരാകാശയുഗം ആരംഭിച്ചു എന്നു പറയാം. ദീര്‍ഘദൃഷ്ടിയായിരുന്ന നമ്മുടെ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഈ രംഗത്ത് രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടതിന്റെ പ്രധാന്യം തിരിച്ചറിഞ്ഞു. അദ്ദേഹം ഡോ. ഹോമി ജഹാംഗീര്‍ ഭാഭയെ ദൗത്യത്തിന്റെ ചുമതലക്കാരനാക്കി. ഭാഭയുടെ നേതൃത്വത്തില്‍ ഡോ. വിക്രം സാരാഭായ് നമ്മുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ചുക്കാന്‍ പിടിച്ചു.


ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ റോക്കറ്റ് വിക്ഷേപണത്തിന് പറ്റിയ സ്ഥലം അന്വേഷിക്കുകയും ഭൂമിയുടെ കാന്തിക ഭൂമധ്യരേഖയ്ക്കടുത്തുള്ള സ്ഥലം എന്ന നിലയില്‍ തിരുവനന്തപുരം പള്ളിത്തുറയ്ക്കടുത്തുള്ള തുമ്പ തിരഞ്ഞെടുക്കുകയും ചെയ്തു. ലത്തീന്‍ കത്തോലിക്ക രൂപതയുടെ കീഴിലുള്ള പള്ളിയാണ് ഏറ്റെടുത്ത് റോക്കറ്റ് വിക്ഷേപണകേന്ദ്രമാക്കി മാറ്റിയത്. മത്സ്യബന്ധനത്തൊഴിലാളികളും സാധാരണക്കാരുമായ വിശ്വാസികളും നാട്ടുകാരും രൂപത അധികാരികളും അകമഴിഞ്ഞു നല്‍കിയ പ്രോത്സാഹനം അങ്ങനെ രാജ്യത്തിന്റെ വലിയ കുതിപ്പില്‍ നിര്‍ണ്ണായകമായി.

രോഹിണി റോക്കറ്റ്‌
1963 നവംബര്‍ 21ന് വൈകിട്ട് 6.25നായിരുന്നു ആദ്യ വിക്ഷേപണം. അമേരിക്കന്‍ നിര്‍മ്മിതമായ ചെറിയ റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗപ്പെടുത്തിയത്. രാജ്യം സ്വന്തമായി നിര്‍മ്മിച്ച ആദ്യ സൗണ്ടിംഗ് റോക്കറ്റ് തുമ്പയില്‍നിന്ന് വിക്ഷേപിക്കപ്പെടുന്നത് 1967ലാണ്. രോഹിണി എന്നു പേരിട്ട ആ റോക്കറ്റിന് ഒരു മീറ്റര്‍ മാത്രമായിരുന്നു ഉയരം!
അവിടെനിന്നും ഉയര്‍ന്ന് ഇപ്പോള്‍ ചന്ദ്രോപരിതലത്തില്‍ രാജ്യത്തിന്റെ പതാകയെത്തിക്കാന്‍ നമുക്കു കഴിഞ്ഞു. ഇപ്പോഴിതാ ചൊവ്വാ ഗ്രഹത്തിലേക്കും നാം സ്വന്തം പേടകം അയച്ചു കഴിഞ്ഞിരിക്കുന്നു. അതും 300ലേറെ ടണ്‍ ഭാരവും 40ലേറെ മീറ്റര്‍ ഉയരവുമുള്ള പിഎസ്എല്‍വി എന്ന നമ്മുടെ സ്വന്തം റോക്കറ്റിലും!

ചന്ദ്രയാനും മംഗള്‍യാനും
ലോകത്ത് മൂന്നോ നാലോ രാജ്യങ്ങള്‍ക്കു മാത്രം സാധിച്ചിട്ടുള്ളതാണ് ഈ നേട്ടങ്ങള്‍ എന്നറിയുമ്പോള്‍ നാം അമ്പത് വര്‍ഷങ്ങള്‍കൊണ്ട് എത്രമാത്രം മുന്നിലെത്തിയിരിക്കുന്നു എന്നത് അഭിമാനമേകുന്നു.
ഡോ. വിക്രം സാരാഭായ് ഡോ. അബ്ദുള്‍ കലാം എന്നിവര്‍ ഐഎസ്ആര്‍ഒയില്‍.
ഇടത് പിന്നില്‍ നില്‍ക്കുന്നത് ഡോ. മാധവന്‍ നായര്‍.
സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം അര്‍പ്പണ ബോധവും രാജ്യസ്‌നേഹവുമുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ നിതാന്ത പരിശ്രമങ്ങളാണ് ഈ വിജയങ്ങള്‍ക്കു പിന്നിലെന്ന് പുതു തലമുറയ്ക്ക് സ്മരിക്കാന്‍ ഇതാണവസരം. ഹോമി ഭാഭയ്ക്കും വിക്രം സാരാഭായിക്കും പിന്നാലെ ഡോ. അബ്ദുള്‍ കലാമും ഡോ. മാധവന്‍ നായരും ഇപ്പോള്‍ ഡോ. രാധാകൃഷ്ണനുമെല്ലാം ഈ കുതിപ്പുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും ബഹിരാകാശ ഗവേഷണത്തിലും ഒക്കെ തല്പരരായ ഒരു പുതു തലമുറ ഈ നേട്ടങ്ങളുടെ പിന്തുടര്‍ച്ചയ്ക്ക് ആവശ്യമാണ് എന്ന കാര്യവും വിസ്മരിക്കരുത്.

ഇരട്ട നോബല്‍ പുരസ്‌ക്കാര വിജയി ഫ്രെഡറിക് സാംഗര്‍ (Frederick Sanger) ഓര്‍മ്മയായി

ലോകം കണ്ട ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളും രണ്ട് തവണ നോബല്‍ പുരസ്‌ക്കാരം നേടിയ വ്യക്തിയുമായ ബ്രിട്ടീഷുകാരന്‍ ഫ്രെഡറിക് സാംഗര്‍ അന്തരിച്ചു.


DNAയുടെ അടിസ്ഥാന ഘടകങ്ങളുടെ യഥാര്‍ത്ഥ തുടര്‍ച്ച വിശദീകരിച്ച സാംഗര്‍ 'ജിനോമിക്‌സിന്റെ പിതാവ്' എന്നാണറിയപ്പെടുന്നത്. പ്രോട്ടീന്‍ ഘടന നിശ്ചയിക്കുന്നതിനുള്ള വിദ്യകള്‍ വികസിപ്പിച്ചതും സാംഗര്‍ തന്നെ.
1958ല്‍ ആണ് ഫ്രെഡറിക് സാംഗര്‍ ആദ്യ നോബല്‍ പുരസ്‌ക്കാരം നേടുന്നത്. ഇന്‍സുലിന്‍ ഘടന സംബന്ധിച്ച പഠനങ്ങള്‍ക്കായിരുന്നു ഇത്. 1980ല്‍ ജനിതക ഘടനയുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്ത ഗവേഷണങ്ങള്‍ക്ക് രണ്ടാമതും നോബല്‍ സമ്മാനം ഈ പ്രതിഭയെ തേടി വന്നു. രസതന്ത്രത്തില്‍ രണ്ട് തവണ നോബല്‍ സമ്മാനം നേടിയ ഒരേയൊരാള്‍ സാംഗറാണ്. കൂടാതെ രണ്ട് തവണ നോബല്‍ സമ്മാനിതനായ ഏക ബ്രിട്ടീഷ് വംശജനും ഇദ്ദേഹം തന്നെ.
ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ 'ദ ഓര്‍ഡര്‍ ഓഫ് മെറിറ്റ്' 1986ല്‍ സാംഗര്‍ക്ക് നല്‍കപ്പെട്ടു. ഇതിനിടയില്‍ തന്നെ തേടിവന്ന സര്‍ പദവി നിരസിച്ച ചരിത്രവുമുണ്ട് സാംഗര്‍ക്ക്. ഈ മഹാനായ ശാസ്ത്രന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ സാംഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ബ്രിട്ടണിലെ കേംബ്രിഡ്ജ്ഷയറില്‍ സ്ഥിതിചെയ്യുന്നു. ജനറ്റിക്‌സ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥാപനം.

സാംഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
1918 ഓഗസ്റ്റ് 13ന് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റര്‍ഷെയറിലെ ഒരു ഗ്രാമത്തിലാണ് ഫ്രഡറിക് സാംഗര്‍ ജനിച്ചത്.

Tuesday, 19 November 2013

ഇന്ദിരാഗാന്ധി സമാധാന സമ്മാനം ആഞ്ചെല മെര്‍ക്കലിന് (Angela Merkel)

2013ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് സമ്മാനിക്കും. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജര്‍മനിയുടെ വളര്‍ച്ചയില്‍ പുലര്‍ത്തിയ നേതൃത്വപാടവത്തിനാണ് ആഞ്ചെല സമ്മാനിതയായത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അധ്യക്ഷനായ ഒരു അന്താരാഷ്ട്ര ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.


ജര്‍മ്മനിയുടെ ആദ്യ വനിതാ ചാന്‍സലര്‍ കൂടിയാണ് 59കാരിയായ ആഞ്ചെല. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തിവരുന്നു. 2011 ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

സിബിഎസ്ഇ (CBSE) കുട്ടികള്‍ ശ്രദ്ധിക്കൂ...

സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഈ വാര്‍ത്ത. 2014 മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന പരീക്ഷയില്‍ ഓപ്പണ്‍ ടെക്്‌സ്റ്റ് ബേസ്ഡ് അസസ്‌മെന്റ് (OTBA) വരുന്നു എന്നതാണ് വാര്‍ത്ത. ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സമ്മേറ്റീവ് അസസ്‌മെന്റ് II ന്റെ ഭാഗമായി ഈ പുതിയ പരീക്ഷ.


 ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്‌സ് എന്നീ വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ വരിക. ഓരോ വിഷയത്തിലും 5 മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങള്‍. അങ്ങനെ ആകെ 10 മാര്‍ക്ക്. ഇതിനുള്ള ഓപ്പണ്‍ ടെക്‌സ്റ്റ് മെറ്റീരിയല്‍ സിബിഎസ്ഇ വെബ് സൈറ്റിലുണ്ട്. ഓരോ വിഷയത്തിലും ഈരണ്ട് തീം വച്ചാണ് നല്‍കിയിരിക്കുന്നത്. ഒപ്പം മാതൃകാ ചോദ്യങ്ങളുമുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരീക്ഷയിലെ ചോദ്യങ്ങള്‍.
ചോദ്യങ്ങളെല്ലാം ചിന്തിച്ച് സ്വയം കണ്ടെത്തേണ്ട ഉയര്‍ന്ന നിലയിലുള്ളവയായിരിക്കും.

Monday, 18 November 2013

ഡോറിസ് ലെസിങ് (Doris Lessing) അന്തരിച്ചു

യുദ്ധാനന്തര ബ്രിട്ടീഷ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖയായ എഴുത്തുകാരിയും  നോബല്‍ പുരസ്‌ക്കാര വിജയിയുമായിരുന്ന ഡോറിസ് ലെസിങ് അന്തരിച്ചു. 94 വയസ്സായിരുന്നു.


കവിത, ചെറുകഥ, നാടകം, നോവല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നാല്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കൊളോണിയല്‍ വാഴ്ചക്കാലത്തെ ആഫ്രിക്കന്‍ ജീവിതം, ഫെമിനിസം, രാഷ്ട്രീയം ഒക്കെ ആ തൂലികയ്ക്ക് വിഷയമായി. 1950ല്‍ പ്രസിദ്ധീകൃതമായ 'ദ ഗ്രാസ് ഈസ് സിംഗിംഗ്' ആണ് ആദ്യ നോവല്‍. 1962 ല്‍ രചിച്ച 'ദ ഗോള്‍ഡന്‍ നോട്ബുക്ക്' ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. 2007ല്‍ നോബല്‍ പുരസ്‌ക്കാരം ലഭിച്ചു.
1919 ഒക്‌ടോബര്‍ 22ന് ഇറാനിലെ കെര്‍മന്‍ഷ എന്ന സ്ഥലത്താണ് ഡോറിസ് ജനിച്ചത്. ബ്രിട്ടീഷുകാരനായ പിതാവ്‌  ക്യാപ്റ്റന്‍ ആല്‍ഫ്രഡ് കുക്ക് ടെയ്‌ലര്‍, അവിടെ ജോലി ചെയ്യുകയായിരുന്നു. ഡോറിസിന് മൂന്നു വയസ്സുള്ളപ്പോള്‍ ഇവരുടെ കുടുംബം സിംബാബ്‌വേയിലെ റോഡേഷ്യയിലേക്ക് പോയി. നഴ്‌സായിരുന്ന അമ്മയാണ് കൊച്ചു ഡോറിസിന് വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ നല്‍കിയിരുന്നത്. 1950 കാലത്തോടെ ഡോറിസ് ലണ്ടനില്‍ തിരികെയെത്തി.


അബ്ദുള്ള യമീന്‍ (Abdulla Yameen) മാലിദ്വീപിന്റെ പ്രസിഡന്റ്‌

മാലിദ്വീപിന്റെ ആറാമത്തെ പ്രസിഡന്റായി അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം ചുമതലയേറ്റു.



അടുത്തയിടെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും മാല്‍ദ്വീവിയന്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് നഷീദിനെയാണ് ഗയൂം പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി മുഹമ്മദ് ജമീല്‍ സ്ഥാനമേറ്റു.
സാമ്പത്തിക വിദഗ്ധനായ യമീന്‍ മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിന്റെ അര്‍ധ സഹോദരനാണ്. പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീവ്‌സിന്റെ (PPM) പ്രതിനിധിയാണ് യമീന്‍.
1959 മെയ് 21ന് തലസ്ഥാനമായ മാലിയിലാണ് അബ്ദുള്ള യമീന്‍ ജനിച്ചത്. പ്രഥമിക വിദ്യഭ്യാസത്തിന് ശേഷം ലബനനിലെ ബെയ്‌റൂട്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. ആഭ്യന്തര മന്ത്രാലയത്തില്‍ ലാന്‍ഡ് സര്‍വേയറായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. മാലിദ്വീവ്‌സിന്റെ വിദേശ വ്യാപാര നയങ്ങളില്‍ പുരോഗമന പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്ന വ്യക്തി എന്ന നിലയിലും പ്രശസ്തനാണിദ്ദേഹം.

ഇന്ത്യന്‍ സിനിമ ശതാബ്ദി അവാര്‍ഡ് വഹീദ റഹ്മാന് (Waheeda Rehman)

ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇന്നലെകളുടെ രോമാഞ്ചം വഹീദ റഹ്മാന് ആദ്യ ശതാബ്ദി പുരസ്‌ക്കാരം. നവംബര്‍ 20ന് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം. വെള്ളിയില്‍ തീര്‍ത്ത മയില്‍ രൂപം, സര്‍ട്ടിഫിക്കറ്റ്, പത്തു ലക്ഷം രൂപ തുടങ്ങിയവ അടങ്ങിയതാണ് പുരസ്‌ക്കാരം.
'ഗൈഡ്', 'സാഹിബ് ബീബി ഔര്‍ ഗുലാം' തുടങ്ങിയവ വഹീദ റഹ്മാന്റെ പ്രശസ്ത ചിത്രങ്ങളില്‍ ചിലതാണ്. 1972ല്‍ പത്മശ്രീ, 2011ല്‍ പത്മ ഭൂഷണ്‍ ബഹുമതികളും നല്‍കി രാജ്യം ഈ അനുഗ്രഹീത കലാകാരിയെ  ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ 77 വയസ്സുണ്ട്.

വഹീദ റഹ്മാന്‍ (ഒരു പഴയകാല ചിത്രം)
1936 മെയ് 14ന് തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ ജനിച്ചത്. 1954ല്‍ സിനിമയിലെത്തി. തെലുങ്ക് ചിത്രങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. ഗുരു ദത്താണ് വഹീദയെ ഹിന്ദി സിനിമാലോകത്തേയ്ക്ക് കൈപിടിച്ച് നടത്തിയത്. ഗുരു ദത്തിന്റെ സംവിധാനത്തിലും പിന്നീട് ദേവ് ആനന്ദിനൊപ്പവും നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുത്തു.

കമല്‍ജിത്ത് എന്നറിയപ്പെടുന്ന ശശി രേഖി ആണ് ഭര്‍ത്താവ്. ഇദ്ദേഹം 2000ത്തില്‍ മരണമടഞ്ഞു.

പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും (Prof. CNR Rao & Sachin Tendulkar) ഭാരതരത്‌ന

ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും ക്രിക്കറ്റ് ജീനിയസ് സച്ചിന്‍ തെന്‍ഡുല്‍ക്കറിനും രാജ്യത്തെ പരമോന്നത ബഹുമതി ഭാരതരത്‌ന.  



സോളിഡ് സ്‌റ്റേറ്റ്,  മെറ്റീരിയല്‍സ് കെമിസ്ട്രി എന്നീ രംഗങ്ങളില്‍ ലോകമാദരിക്കുന്ന ശാസ്ത്രജ്ഞനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു അഥവാ പ്രൊഫ. സി. എന്‍. ആര്‍. റാവു. ആയിരത്തി അഞ്ഞൂറിലധികം ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പതോളം ശാസ്ത്ര ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍നിന്നും 60 ഓണററി ഡോക്ടറേറ്റുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1934 ജൂണ്‍ 30ന് ബാംഗ്ലൂരില്‍ ജനിച്ച റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പ്രശസ്തമായ പര്‍ഡ്യൂ സര്‍വകലാശാലയില്‍നിന്ന് ആദ്യ പിഎച്ച്ഡി നേടി. തുടര്‍ന്ന് 1976 വരെ ഐഐടി കാണ്‍പൂരില്‍ അധ്യാപകനായി. 1984 മുതല്‍ പത്തുവര്‍ഷക്കാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായും സേവനം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1989ല്‍ ബാഗ്ലൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്  ആരംഭിക്കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് സയന്‍സിന്റെ (ICMS) ഡയറക്ടറുമാണ്. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.
സര്‍. സി. വി. രാമനും ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനും ശേഷം ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ശസ്ത്രജ്ഞനാണ് പ്രൊഫ. റാവു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലിന്റെ തലവനാണ്. 2005ലാണ് ഇവിടെ നിയമിതനായത്. മുന്‍പ് 1985-89 കാലഘട്ടത്തിലും ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ നേടിയിട്ടുള്ള പ്രൊഫ. റാവുവിനെ പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

24 വര്‍ഷം നീണ്ട സംഭവബഹുലമായ ക്രിക്കറ്റ് ജീവിതത്തോട് വിട ചൊല്ലിയ ദിവസം തന്നെയാണ് ഭാരതരത്‌ന പുരസ്‌ക്കാരലബ്ധി എന്നത് സച്ചിന് അപൂര്‍വ ബഹുമതിയായി. രാജ്യത്തെ കായികമേഖലയില്‍നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യവ്യക്തിയുമായി സച്ചിന്‍. ലോക കായികരംഗത്ത് ഭാരതത്തിന്റെ യഥാര്‍ത്ഥ അംബാസഡറാണ് സച്ചിന്‍ എന്ന് വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍െ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമാണ്. കായികമികവിനൊപ്പം അദ്ദേഹം പുലര്‍ത്തിയ വ്യക്തിനിഷ്ഠകളും അന്യാദൃശമാണ്. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികളും സച്ചിനെ തേടിയെത്തിയിട്ടുമുണ്ട്. ദേശീയ കായിക യുവജനകാര്യ മന്ത്രി ജിതേന്ദ്രസിങ് സച്ചിനെ ഒരു 'നാഷണല്‍ ഹീറോ' ആയാണ് വിശേഷിപ്പിച്ചത്. പ്രതിഭയും വിനയവും സത്യസന്ധതയും അര്‍പ്പണബോധവുമെല്ലാം ഒത്തുചേര്‍ന്ന ഒരതുല്ല്യ പ്രതിഭയാണ് സച്ചിന്‍ എന്ന് അദ്ദേഹം പറഞ്ഞു. സച്ചിന് ഭരതരത്‌ന നല്‍കുന്നതിനായി അടുത്തയിടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.

ഡോ. രാജേന്ദ്രപ്രസാദ്‌
രതത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന. ഭാരതരത്‌ന നല്‍കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രി പ്രസിഡന്‍ിന് സമര്‍പ്പിക്കുകയും പ്രസിഡന്റ് അത് അംഗീകരിക്കുകയുമാണ് പതിവ്. 1955 ജനുവരി 2ന് അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദാണ് ആദ്യമായി ഭാരതരത്‌ന ഏര്‍പ്പെടുത്തുന്നത്. ഭാരതരത്‌ന നല്‍കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്കായിരിക്കണം എന്ന് നിബന്ധനയില്ല. ഖാന്‍ അബ്ദുള്‍ ഗാഫര്‍ (1987) ഖാന്‍, നെല്‍സണ്‍ മണ്ടേല (1990) എന്നിവര്‍ക്ക് ഭാരതരത്‌ന നല്‍കിയിട്ടുണ്ട്. ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് ഇന്ത്യക്കാരിയായ മദര്‍ തെരേസയ്ക്കും (1980) ഈ ബഹുമതി നല്‍കിയിട്ടുണ്ട്.

ഖാന്‍ അബ്ദുള്‍ ഗാഫര്‍, നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ
ഭാരതരത്‌ന പുരസ്‌ക്കാരജേതാക്കള്‍



Top News

Labour India