പ്രശസ്ത കവി.എം.എന്‍ പാലൂരിന് (പാലൂര്‍ മാധവന്‍ നമ്പൂതിരി) ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം.
എറണാകുളം ജില്ലയിലെ പാലൂര്‍ നമ്പൂതിരി കുടുംബത്തില്‍ ജനിച്ച പാലൂര്‍ സംസ്‌കൃത വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഡ്രൈവറായി ജോലി നോക്കി. കോഴിക്കോട് കോവുരിലാണ് താമസം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1983-ല്‍ കലികാലം എന്ന കവിതാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2009-ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്കാരം. 2004-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.
സമകാലിക ചെറുകഥാ ലോകത്തെ കുലപതി എന്ന് നിരൂപകര്‍ വാഴ്ത്തുന്ന കനേഡിയന്‍ എഴുത്തുകാരി ആലീസ് ആന്‍ മണ്‍റോയ്ക്ക് സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.
1901ല്‍ നോബല്‍ സാഹിത്യ സമ്മാനം ഏര്‍പ്പെടുത്തിയശേഷം ഇത് കരസ്ഥമാക്കുന്ന പതിമൂന്നാമത്തെ വനിതയും ആദ്യ കാനഡക്കാരിയുമാണ് ആലീസ്. കാനഡയിലെ ഒന്റോറിയയിലുള്ള വിങ്ഹാം എന്ന സ്ഥലത്ത് 1931 ജൂലൈ 10നാണ് ആലീസ് ജനിച്ചത്. ഇപ്പോള്‍ 82വയസ്സുണ്ട്.
'കാനഡയുടെ ആന്റണ്‍ ചെക്കോവ്' എന്ന് വിശേഷിപ്പിക്കപെടുന്ന ആലീസ് ചെറിയ ചുറ്റുപാടുകളില്‍ ജീവിതം തളച്ചിടേണ്ടി വരുന്ന യുവതികളുടെ സംഘര്‍ഷങ്ങളും മറ്റുമാണ് കൂടുതലും തന്റെ കൃതികളിലൂടെ കൈകാര്യം ചെയ്തിട്ടുള്ളത്. കൗമാരകാലത്തുതന്നെ കഥകളെഴുതിത്തുടങ്ങിയ ആലീസിന്റെ ആദ്യ കഥ, 'ദി ഡയമെന്‍ഷന്‍സ് ഓഫ് എ ഷാഡോ' പ്രസിദ്ധീകൃതമായത് 1950ലാണ്. 1968ല്‍ പുറത്തിറങ്ങിയ 'ഡാന്‍സ് ഓഫ് ദ ഹാപ്പി ഷേഡ്‌സ്' ആണ് ആദ്യ കഥാസമാഹാരം. അതിന് കാനഡയുടെ പരമോന്നത സാഹിത്യ പുരസ്‌ക്കാരമായ ഗവര്‍ണര്‍ ജനറല്‍സ് അവാര്‍ഡ് ലഭിച്ചു. ഈ അവാര്‍ഡ് മൂന്ന് തവണ നേടി ഇവര്‍. 2009ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചു. കൂടാതെ പ്രശസ്തമായ ദ കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസും നേടിയിട്ടുണ്ട്.
നേട്ടങ്ങള്‍ക്കൊക്കെ നടുവിലും അഭിമുഖങ്ങളോടും പൊതു ഇടങ്ങളോടും അസാധാരണമായ അകല്‍ച്ച പാലിച്ച പ്രത്യേക വ്യക്തിത്വമായിരുന്നു ഈ കഥാകാരി.
2012ല്‍ പ്രസിദ്ധീകരിച്ച 'ഡിയര്‍ ലൈഫ്' ആണ് അവസാനകൃതി. 'ലൈവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വിമന്‍', 'ഹു ഡു യു തിങ്ക് യു ആര്‍', 'ദ പ്രോഗ്രസ് ഓഫ് ലവ് ആന്‍ഡ് റണ്‍എവേ', 'ദ ബെഗര്‍ മെയ്ഡ്' തുടങ്ങിയവയൊക്കെയാണ് മറ്റു പ്രധാന കൃതികള്‍.
കഴിഞ്ഞ വര്‍ഷം ചൈനീസ് നോവലിസ്റ്റ് മോ യാന്‍ ആയിരുന്നു നോബല്‍ സാഹിത്യ വിജയി.
രാജ്യാന്തരപ്രശസ്തമായ ബുക്കര്‍ സാഹിത്യസമ്മാനം ഇനിമുതല്‍ ആഗോളസമ്മാനമാകുന്നു. ഇതുവരെ ബ്രിട്ടന്‍, അയര്‍ലന്‍ഡ്, കോമല്‍വെല്‍ത്ത് രാഷ്ട്രങ്ങള്‍ എന്നിവടങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായിരുന്നു ബുക്കര്‍ സമ്മാനിച്ചിരുന്നത്. 2014 മുതല്‍ ഈ നിയമം മാറുകയാണ്. ബുക്കര്‍ സമ്മാനത്തിനപേക്ഷിക്കാന്‍ ഇനി പൗരത്വപ്രശ്‌നങ്ങളൊന്നുമില്ല.
അരക്കോടിയോളം സമ്മാനത്തുകയുള്ള ബുക്കര്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്‌ക്കാരമായാണ് കരുതുന്നത്. അമേരിക്കയില്‍ നിന്നടക്കമുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ മാറ്റുരക്കാനെത്തുന്നതോടെ ബുക്കര്‍ സമ്മാനത്തിന് ഇനി മത്സരമേറും.
കേരള സാഹിത്യ അക്കാദമിയുടെ 2012 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ 'ബാള്‍ട്ടിക് ഡയറി'ക്കാണ് യാത്രാവിവരണത്തിനുള്ള അവാര്‍ഡ്.
കേരള സാഹിത്യ അക്കാദമിയുടെ ഇൗ വര്‍ഷത്തെ യാത്രാവിവരണഗ്രന്ഥത്തിനുള്ള അവാര്‍ഡ് 'ബാള്‍ട്ടിക് ഡയറി' എന്ന മനോഹരമായ പുസ്തകത്തിനാണ്്. ലേബര്‍ ഇന്‍ഡ്യ പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടറായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടേതാണ് ഇൗ ഗ്രന്ഥം. കൂട്ടുകാര്‍ക്കായി ലേബര്‍ ഇന്‍ഡ്യയില്‍ എഴുതുന്ന 'സഞ്ചാരാനുഭവങ്ങളി'ലൂടെ സന്തോഷ് അങ്കിളിനെ കൂട്ടുകാര്‍ക്ക് പരിചയമാണല്ലോ. ലോകസഞ്ചാരിയായ അദ്ദേഹത്തിന്റെ 'സഞ്ചാരം'
എന്ന ദൃശ്യയാത്രാവിവരണ പരിപാടി കാണാത്തവരായി ആരുമുണ്ടാകില്ല. അന്റാര്‍ട്ടിക്കയി ല്‍വരെ അദ്ദേഹം ക്യാമറയുമായി പോയി ഷൂട്ടിങ് നടത്തിയിട്ടുണ്ട്.
ആ ലോകസഞ്ചാരത്തിനിടെ ബാള്‍ട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ, പോളണ്ട് എന്നിവയിലൂടെ നടത്തിയ യാത്രയുടെ കഥയാണ് ബാള്‍ട്ടിക് ഡയറിയില്‍.
ക്യാമറയിലൂടെ പകര്‍ത്തി ടി.വിയിലൂടെ നമ്മെ കാണിക്കുന്ന ദൃശ്യയാത്രാവിവരണത്തിലൊ തുങ്ങുന്നതല്ലല്ലോ ലോകസഞ്ചാരിയായ സന്തോഷിന്റെ അനുഭവങ്ങള്‍. താന്‍ കണ്ടെത്തുന്ന പച്ചയായ മനുഷ്യരുടെ കഥകളിലൂടെ ഓരോരോ നാടുകളുടെ ചരിത്രത്തിലേക്കും
അലക്‌സ്, ആന്‍ഡ്രീസ്, ഗര്‍വാസീസ്, പോള്‍ തുടങ്ങിയ ജീവന്‍തുടിക്കുന്ന കഥാപാത്രങ്ങള്‍, അവരുടെ ചിന്തകള്‍, ഭാവങ്ങള്‍, പ്രതികരണങ്ങള്‍ എല്ലാം ഒരു നോവല്‍ വായിക്കുംപോലെ നമുക്ക് വായിക്കാം. അതിനിടെ അറിയാതെ ആ നാടുകളുടെ കഥകള്‍ നാം അറിയും. അവയുടെ മനോഹരമായ മുഖങ്ങള്‍ നമ്മുടെ ഉള്ളിലുറയ്ക്കും. അവയൊക്കെ നമ്മുടെ പ്രിയപ്പെട്ട നാടുകളായി മാറും. അവിടെ പോകാതെ പോയ ഭാവത്തിലാകും നാം. അതാണ് മനോഹരമായ ഇൗ യാത്രാവിവരണത്തിന്റെ മാജിക്കല്‍ ഇഫക്ട്; മാന്ത്രികപ്രഭാവം! ഹൃദ്യമായ ഇൗ ഗ്രന്ഥം നിങ്ങളും വായിക്കൂ. അപൂര്‍വസുന്ദരമായ ഒരു വായനാനുഭവം നിങ്ങള്‍ക്കും ലഭിക്കും; തീര്‍ച്ച.
Kerala Sahitya Akademi Award for Santhosh George Kulangara
Kerala Sahitya Akademi Award for 2012 has been announced. The award for the best travelogue went to Sri. Santhosh George Kulangara.
‘Baltic Diary’: A Highly Poetic Travelogue
Friends, have you heard the news?
Kerala Sahitya Akademi’s award for the best travelogue for the year 2012 has been given to the book ‘Baltic Diary’. This book is authored by Sri. Santhosh George Kulangara, the Managing Director of Labour India Publications. You must all be familiar with Santhosh George through his column ‘Sancharam Experiences’ published in the Labour India journals. He is a globetrotter and there would be hardly anyone who hasn't watched his visual travelogue serial ‘Sancharam’.
He has visited even Antarctica and shot the scenery over there.
During his world tour, he visited the Baltic nations of Latvia, Lithuania, Estonia and Poland. ‘Baltic Diary’ contains the story of his travels through those nations.
The travel experiences of Sri. Santhosh George are not limited only to the scenes telecast through Television.
In ‘Baltic Diary’, he delves deep into the history and geographical features of each country through the stories of the ordinary men he comes across.
The life-like characters of Alex, Andy, Garvasis and Paul, their thoughts, feelings, reactions etc. can be read as if we are perusing a novel. In the course of such readings, we come to know the story of those lands without even being aware of it. Their beautiful faces would be fixed in our minds. Those lands would become dear to us. We would get the vicarious feeling that we too had been there. That is the magical effect of this wonderful travelogue! Go through this excellent book. A rare reading experience awaits you!
മലയാളത്തിനു ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചിരിക്കുന്നു. അഭിമാനകരമായ ആ
വാര്‍ത്ത കേട്ട് ആഹ്ലാദിച്ചിരിക്കുമ്പോഴും എന്‍െറ ഉള്ളില്‍ ഒരു ചോദ്യം തലപൊക്കി.
കേന്ദ്രഗവണ്‍മെന്റിന്റെ ഇൗ `ക്ലാസിക്‌ഭാഷാ'പദവികൊണ്ട് സാങ്കേതികമായി മാത്രമല്ലേ
മലയാളം ശ്രേഷ്‌ഠമാകുന്നുള്ളൂ? യഥാര്‍ത്ഥത്തില്‍ മലയാളം ശ്രേഷ്‌ഠമാകണമെങ്കില്‍
മലയാളികള്‍ മലയാളത്തെ സ്‌നേഹിക്കണം. ശരിയായി സ്‌നേഹിക്കണം. ശക്തമായ വികാരത്തോടെ
സ്‌നേഹിക്കണം.
മലയാളം എന്റേതാണ് എന്ന തോന്നലോടെ സ്‌നേഹിക്കണം. മലയാളമെന്നു
കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്ന മലയാളികളുണ്ടായാലേ മലയാളം നിലനില്‍ക്കൂ; വളരൂ;
യഥാര്‍ത്ഥത്തില്‍ ശ്രേഷ്‌ഠത കൈവരിക്കൂ. ഭാഷ കേട്ടുകേട്ടു സ്വന്തമാകണം.
പറഞ്ഞുപറഞ്ഞ് പ്രിയമുള്ളതാകണം. പ്രയോഗിച്ചു പ്രയോഗിച്ചു പ്രയോജനമുള്ളതായി സ്വയം
അനുഭവിച്ചറിയണം. ഭാഷ ആശയവിനിമയത്തിനാണ്. ആശയം ഉള്ളില്‍നിന്നും ഒഴുകിയൊഴുകി വരണം.
യാതൊരുതടസവുമില്ലാതെ, അനായാസം, പുഴയൊഴുകുംപോലെ, ഉത്‌സാഹത്തോടെ, ആനന്ദത്തോടെ,
ഒഴുകിയെത്തണമെങ്കില്‍ സ്വന്തം ഭാഷയില്‍ത്തന്നെ പറയണം. എഴുതണം. പാടണം. ആടണം.
ഭാഷയ്‌ക്ക് അപ്പോഴേ ആത്‌മാവുണ്ടാകൂ. വികാരമുണ്ടാകൂ. ജീവനുണ്ടാകൂ. അങ്ങനെ സ്വന്തം
ഭാഷയില്‍ ആത്‌മാഭിമാനത്തോടെ ആശയവിനിമയം നടത്തുന്നവര്‍ക്കേ സ്വന്തമായ തനിമയുണ്ടാകൂ.
സാംസ്‌കാരികമായ മുദ്രയുണ്ടാകൂ. സ്വത്വമുണ്ടാകൂ. നിലനില്‌പുണ്ടാകൂ. മലയാളം
മനോഹരമായ ഒരു ഭാഷയാണ്. ലോകത്തെ എല്ലാഭാഷകളും അങ്ങനെയാണുതാനും. ഒരു ഭാഷയും
മരിക്കരുത്. ഒരുഭാഷ മരിച്ചാല്‍ ഒരു സംസ്‌കാരമായിരിക്കും മരിക്കുക.
ശ്രേഷ്‌ഠഭാഷാപദവിയും തലയില്‍വച്ചു മലയാളികള്‍ ജീവിച്ചാല്‍ മലയാളം നിലനില്‍ക്കില്ല.
നിലനില്‍ക്കാന്‍ മലയാളം പഠിക്കണം. പ്രയോഗിക്കണം. പ്രയോജനപ്പെടുത്തണം. മലയാളത്തെ
സ്‌നേഹിക്കണം. മലയാളിയായതില്‍ സന്തോഷിക്കണം.
പിറക്കുമ്പോള്‍
തൊട്ടെന്മകന്‍
ഇംഗ്ലീഷു പറയണം
അതിനാല്‍ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടിലാക്കി
ഞാന്‍
എന്നു കുഞ്ഞുണ്ണിമാഷ് പണ്ടേ പാടിയത് മറക്കാതിരിക്കുക. ഇനിയെങ്കിലും
നമുക്കു നമ്മുടെ പൊന്നു മലയാളത്തെ മനസ്സിനുള്ളില്‍ പിടിച്ചിരുത്തി
താലോലിച്ചുപയോഗിക്കാം.
കുഞ്ഞുകഥകളിലൂടെ പ്രശസ്തയായ അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം.
ഇന്ത്യയില്‍നിന്ന് പ്രശസ്ത കന്നട എഴുത്തുകാരനും എം. ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ യു. ആര്‍. അനന്തമൂര്‍ത്തിയും ഇത്തവണ ബുക്കറിന് പരിഗണിക്കപ്പെട്ടിരുന്നു. ഒരു പ്രത്യേക കൃതിയ്ക്കല്ല, ലിഡിയയുടെ സമഗ്രസംഭാവനയ്ക്കാണ് ഈ ബുക്കര്‍ പുരസ്‌ക്കാരം. അരക്കോടിയോളം രൂപ (60,000 പൗണ്ട്) സമ്മാനത്തുകയായി ലഭിക്കും.
ഒന്നോ രണ്ടോ വാചകങ്ങളിലോ ഒരു ഖണ്ഡികയിലോ ഒക്കെയാണ് ലിഡിയയുടെ മിക്ക കഥകളും. ഏറ്റവും നീണ്ട കഥകളാകട്ടെ രണ്ടോ മൂന്നോ പേജ് വരുന്നവയും! ഏഴ് കഥാ സമാഹാരങ്ങളും 'കഥയുടെ അവസാനം' എന്ന ഏക നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ബ്രേക്ക് ഇറ്റ് ഡൗണ്‍' (1986), 'ഓള്‍മോസ്റ്റ് നോ മെമ്മറി' (1997), 'സാമുവല്‍ ജോണ്‍സന്‍ ഈസ് ഇന്‍ഡിഗ്‌നന്റ്' (2002), 'വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ്'(2007) തുടങ്ങിയവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍.
ലിഡിയ ഡേവിസും നോവലിന്റെ കവര്‍ ചിത്രവും
പ്രശസ്തയായ വിവര്‍ത്തകയുമാണ് ലിഡിയ ഡേവിസ്. ഫ്രഞ്ച് എഴുത്തുകാരായ മാര്‍സല്‍ പ്രുസ്ത്, ഗുസ്‌തേവ് ഫേ്‌ളാബേര്‍ തുടങ്ങിയവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തതിന് ഫ്രാന്‍സിലെ ഉന്നത ബഹുമതിയായ 'ഷെവലിയര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്' എന്ന ബഹുമതിയും ലിഡിയയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രുസ്തിന്റെ 'സ്വാന്‍സ് വേ' ഫേ്‌ളാബേറിന്റെ 'മാഡം ബോവറി' എന്നീ പ്രശസ്ത കൃതികളും ലിഡിയ വിവര്‍ത്തനം ചെയ്തവയില്‍ പെടുന്നു.
അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സിലുള്ള നോര്‍ത്താംപ്ടണില്‍ 1947ല്‍ ജനിച്ചു. പിതാവ് റോബര്‍ട്ട് ഗോര്‍ഹം ഡേവിസ് ഇംഗ്ലീഷ് പ്രൊഫസറും സാഹിത്യവിമര്‍ശകനുമായിരുന്നു. മാതാവ് ഹോപ് ഹെയ്ല്‍ ഡേവിസ് അധ്യാപികയും ചെറുകഥാകൃത്തുമായിരുന്നു. ന്യൂയോര്‍ക്കിലുള്ള അല്‍ബനി സര്‍വ്വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിഗ് പ്രൊഫസ്സറാണ് ഇപ്പോള്‍ ലിഡിയ ഡേവിസ്. മുന്‍പ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌ക്കാരം നേടിയവര്‍:
ഇസ്മയില്‍ കാദര്‍ (2005)
ചിനുവ ആച്ചെബി (2007)
ആലിസ് മണ്‍റോ (2009)
ഫിലിപ് റോത്ത് (2011)
ജനപ്രിയസാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്‌ദി
വര്‍ഷമാണ് 2013. അക്ഷരം കൂട്ടിവായിക്കാനറിയുന്നവരെയെല്ലാം നല്ലവായനക്കാരായി
വളര്‍ത്തിയ എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി. `ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന
കൃതിയിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച ബാലസാഹിത്യകാരന്‍ എന്ന ഖ്യാതിയും അദ്ദേഹം
സ്വന്തമാക്കി. എഴുതിയ 70 ഓളം നോവലുകളില്‍ പകുതിയും സിനിമയായി എന്ന റെക്കോര്‍ഡും
മുട്ടത്തുവര്‍ക്കിക്ക് സ്വന്തം. ചങ്ങനാശ്ശേരിയിലെ മുട്ടത്തുകുടുംബത്തില്‍
മത്തായി-അന്നമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനായി 1913 ഏപ്രില്‍ 18നു
ജനിച്ചു. കഷ്‌ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു വര്‍ക്കിയുടെ ബാല്യകാലം.
ചങ്ങനാശ്ശേരിയില്‍ത്തന്നെയായിരുന്നു വിദ്യാഭ്യാസം. തടിഫാക്‌ടറിയിലെ
കണക്കെഴുത്തുകാരന്‍, അധ്യാപകന്‍, ദീപിക പത്രാധിപസമിതി അംഗം എന്നീ നിലകളിലെല്ലാം
ജോലി ചെയ്‌തു. 1989 മെയ് 28ന് അന്തരിച്ചു. പ്രധാന നോവലുകള്‍: ആഴകുള്ള സെലീന,
ഇണപ്രാവുകള്‍, കരകാണാക്കടല്‍, ചട്ടമ്പിക്കവല, പച്ചനോട്ടുകള്‍, പാടാത്ത പൈങ്കിളി,
പൂന്തേനരുവി, പ്രിയമുള്ള സോഫിയ, വെളുത്ത കത്രീന പ്രധാന നാടകങ്ങള്‍: ഞങ്ങള്‍
വരുന്നു, വിളക്കും കൊടുങ്കാറ്റും, ഒട്ടകവും സൂചിക്കുഴലും, കൂട്ടുകിണര്‍, പുതിയ
മണ്ണ്, മാറ്റൊലി, സമരഭൂമി, വലിയ മുക്കുവന്‍, ഫാദര്‍ ഡാമിയന്‍. ചെറുകഥാ
സമാഹാരങ്ങള്‍: അടയാളങ്ങള്‍, അവസാ നിക്കാത്ത രാത്രി, ഇരുളും വെളിച്ചവും,
കല്യാണരാത്രി, നെയ്യാമ്പലുകള്‍, മണിയറ, പളുങ്കുപാത്രങ്ങള്‍, പൊട്ടാത്ത നൂലൂകള്‍,
തെരഞ്ഞെടുത്ത കഥകള്‍. ഖണ്‌ഡകാവ്യം: ആത്‌മാഞ്‌ജലി. നര്‍മ്മപംക്‌തി: നേരും
നേരംപോക്കും. വിവര്‍ത്തനങ്ങള്‍ : അക്‌ബര്‍, ഡോക്‌ടര്‍ ഷിപാഗോ, അണുയുഗം പിറന്നു,
അണ്ടര്‍ഗ്രൗണ്ട്, കുരിശും കൊടുങ്കാറ്റും, താഴ്‌വരയിലെ വീട്, കൊടുങ്കാറ്റിലൂടെ,
പടിഞ്ഞാറന്‍ കഥകള്‍, മായാത്ത കാല്‍പാടുകള്‍. തിരക്കഥ : മുളംപാലം.
തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജ 2012-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായി. 86-കാരനായ റാവൂരി 37 കഥാസമാഹാരങ്ങളും 17 നോവലുകളും നാല് നാടകങ്ങളും അഞ്ച് റേഡിയോനാടകങ്ങളും രചിച്ചിട്ടുണ്ട്. നിരവധി ബാലസാഹിത്യകൃതികളുടെയും രചയിതാവാണ്. ആറ് ലഘുനോവലുകളും അഞ്ച് കഥാസമാഹാരങ്ങളും ഇദ്ദേഹം കുട്ടികള്‍ക്കുവേണ്ടി എഴുതി. സിനിമാ വ്യവസായത്തിനുപിന്നിലെ ജീവിതങ്ങളുടെ കഥ പറയുന്ന 'പാകുഡു രാള്ളു' (ഉരുളന്‍ കല്ലുകള്‍) എന്ന നോവലാണ് റാവൂരിയുടെ മാസ്റ്റര്‍പീസ്. ജീവനസമരം, കാദംബരി, കൗമുദി, ഇന്‍പു തേര വേണുക തുടങ്ങിയവയാണ് ശ്രദ്ധേയകൃതികള്‍. പ്രസാദാത്മകമായ രചനാശൈലിയുടെ ഉടമയായ റാവൂരി, സാമൂഹിക പ്രതിബദ്ധതയോടെ മനുഷ്യനന്മ ലക്ഷ്യമാക്കി എഴുതിയ സാഹിത്യകാരനാണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
ഏഴാംക്ലാസാണ് റാവൂരിയുടെ വിദ്യാഭ്യാസയോഗ്യത. എന്നാല്‍, അദ്ദേഹത്തിന്റെ പല രചനകളും ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളാണ്. റാവൂരിയുടെ കൃതികളെക്കുറിച്ച് ഗവേഷണങ്ങളും നടക്കുന്നു.
ലോക്‌നായക് ഫൗണ്ടേഷന്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, തെലുങ്ക് അക്കാദമി അവാര്‍ഡ്, ബാലസാഹിത്യ പരിഷത് അവാര്‍ഡ്, രാജാലക്ഷ്മി സാഹിത്യപുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു.
ചലച്ചിത്രരംഗത്തെ
സമഗ്രസംഭാവനയ്‌ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം ബോളിവുഡിലെ
അതുല്യനടന്‍ പ്രാണ്‍ കൃഷ്‌ണന്‍ സിക്കന്ദറിന്. പത്തുലക്ഷം രൂപയും സുവര്‍ണകമലവും
അടങ്ങിയതാണ് പുരസ്‌കാരം. 1920 ഫെബ്രുവരി 12 ന് പഴയ ഡല്‍ഹിയിലെ കോത്‌നഗറിലാണ്
പ്രാണ്‍ ജനിച്ചത്. 1945 ല്‍ പഞ്ചാബി ചിത്രമായ യമ്‌ലജാട്ടിലെ വില്ലന്‍ വേഷത്തിലൂടെ
അഭിനയരംഗത്തെത്തി. തുടര്‍ന്ന് 400 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. കൂടുതലും വില്ലന്‍
വേഷങ്ങള്‍. സജ്ജീര്‍, മിലന്‍, ബര്‍സാത്‌കി ഏക്‌രാത്, ദേവദാസ്, മധുമതി,
ബ്രഹ്മചാരി, കശ്‌മീര്‍ കി കലി തുടങ്ങിയവയാണ് പ്രമുഖചിത്രങ്ങള്‍.
അഭിനയരംഗത്തുനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോള്‍. 2001 ല്‍
രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു.
പേരെടുത്ത അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ (കെ.രാമവര്‍മ്മ തിരുമുല്പാട് ) അന്തരിച്ചു. 87 വയസ്സായിരുന്നു. 1926 ഡിസംബര്‍ 10ന് കിടങ്ങൂര്‍ വടവാമനയില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയുംഅമ്പലപ്പുഴ പുതിയ കോവിലകത്ത് അംബിക അമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു വിദ്യാഭ്യാസം. ആലുവ യു.സി., കോട്ടയം സി.എം.എസ്. കോളേജുകളില്‍ അധ്യാപകനായിരുന്നു. 1952-ല്‍ സി.എം.എസ്. മലയാളവിഭാഗത്തില്‍ നിയമിതനായ രാമവര്‍മ്മ, 1960 മുതല്‍ 26 വര്‍ഷം വകുപ്പുതലവനായിരുന്നു. പിന്നീട് സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഡയറക്ടറായും അധ്യാപകനായും സേവനമനുഷ്ഠിച്ചു. കേരള കലാമണ്ഡലം നിര്‍വ്വാഹകസമിതി, കേരള സാഹിത്യ അക്കാദമി, കേരള സാംസ്‌കാരികവകുപ്പ് പ്രസിദ്ധീകരണവിഭാഗം എന്നിവയില്‍ അംഗമായും കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി എക്‌സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാലകളില്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഉപന്യാസം, ബാലസാഹിത്യം, ആസ്വാദനം, ആദ്ധ്യാത്മികം, വൈജ്ഞാനികം, കവിത, പഠനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. കേരളീയകലകളോട് പ്രത്യേകിച്ചും കഥകളിയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തി. കഥകളിനിരൂപണം, സാഹിതീസൗരഭം, കവിപൂജയും കാവ്യാസ്വാദനവും, കവിതാ കൗതുകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. എം.കെ.കെ. നായര്‍ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം, എസ്. ഗുപ്തന്‍നായര്‍ പുരസ്‌കാരം, കമലദളം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പരേതയായ, കായംകുളം കൃഷ്ണപുരം കുറ്റിയില്‍ കോവിലകത്ത് സതീഭായിയാണ് ഭാര്യ. മക്കള്‍: പരേതയായ ഗീത, രമണി, ശ്രീകുമാര്‍, മധുകുമാര്‍.
ആഫ്രിക്കന്‍ സാഹിത്യത്തിലെ ഇതിഹാസപുരുഷനായിരുന്ന നൈജീരിയന്‍ എഴുത്തുകാരന്‍ ചിനുവെ ആച്ചെബി അന്തരിച്ചു. 82 വയസ്സായിരുന്നു. 'ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ്' എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
ഒരു കാറപകടത്തില്‍ പരിക്കേറ്റ് ശരീരത്തിന്റെ പാതി തളര്‍ച്ചയിലായ ഇദ്ദേഹം 1990 മുതല്‍ അമേരിക്കയിലായിരുന്നു താമസം. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ഉള്‍പ്പെടെ നിരവധി സാഹിത്യപുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2009 മുതല്‍ മരണം വരെ അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.
1930 നവംബര്‍ 16ന് നൈജീരിയയിലെ പ്രബല ഗോത്രവിഭാഗമായ ഇഗ്‌ബോ വംശത്തില്‍ ജനിച്ചു. അനംബ്ര സംസ്ഥാനത്തെ ഒഗിദി എന്ന ഗ്രാമത്തിലായിരുന്നു ജനനം. പാരമ്പര്യമായി കഥപറച്ചിലുകാരായ ഇഗ്‌ബോകളുടെ കഥകളോടുള്ള ജനിതകാഭിമുഖ്യം ഇദ്ദേഹം ഒരു നോവലിസ്റ്റായതിന്റെ പിന്നിലെ പ്രേരകമായി വര്‍ത്തിച്ചിട്ടുണ്ടാവാം.
1958ല്‍ പ്രസിദ്ധീകൃതമായ 'തിംഗ്‌സ് ഫാള്‍ എപാര്‍ട്ട്' ആണ് പ്രഥമനോവല്‍. സാമ്രാജ്യത്വം ആഫ്രിക്കയില്‍ ഉണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് പറഞ്ഞ ഈ നോവല്‍ ഒരു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞത്രേ! 'നോ ലോംഗര്‍ അറ്റ് ഈസ്' (1960), 'ആരോ ഓഫ് ഗോഡ്' (1964), 'എ മാന്‍ ഓഫ് ദി പീപ്പിള്‍' (1966), 'ആന്റ്ഹില്‍സ് ഓഫ് സാവന്ന' (1987) എന്നിവയാണ് മറ്റു പ്രസിദ്ധ നോവലുകള്‍. ഇദ്ദേഹം മുഖ്യമായും ഇംഗ്ലീഷിലാണ് രചനകള്‍ നടത്തിയിരുന്നത്.
ചിനുവെ ആച്ചെബി - ഇന്റര്‍വ്യൂ (നാഷണല്‍ ജോഗ്രഫിക്)
Nigerian Novelist Chinua Achebe Died
Famous Nigerian novelist, Chinua Achebe, who was a legendary figure in the African lieterature, died at the age of 82. Achebe is popularly known as the ‘father of modern African literature’.
He had been living in the US since 1990, following injuries from a car crash which had left him partially paralysed. He has bagged many international acclaims including the prestigious Man Booker International Prize. He served as a professor at Brown University in the United States from 2009 until his death.
Chinua Achebe was born in the Igbo village of Ogidi on November 16, 1930. The Igbo people are one of the largest and most influential ethnic groups in Nigeria. Storytelling was a mainstay of the Igbo tradition and an integral part of the community. This genetic aptitude towards stories may influenced Achebe in becoming a novelist.
‘Things Fall Apart’, published in 1950, was his first novel. His later novels include ‘No Longer at Ease’ (1960), ‘Arrow of God’ (1964), ‘A Man of the People’ (1966), and ‘Anthills of the Savannah’ (1987). Achebe wrote his novels in English.