BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label General. Show all posts
Showing posts with label General. Show all posts

Friday, 7 March 2014

ഹാര്‍വാര്‍ഡ് തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി ( Harvard tops world university rankings)

ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തുടര്‍ച്ചയായി നാലാം തവണയും അമേരി ക്കയിലെ ഹാര്‍വാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ 150 രാജ്യങ്ങളില്‍നിന്നുള്ള യൂണി വേഴ്‌സിറ്റികളെ ഉള്‍പ്പെടുത്തി ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ നടത്തിയ ആഗോള റാങ്കിംഗിലാണ് ഹാര്‍വാര്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി മികവ് കാട്ടിയത്. അമേരിക്ക യിലെതന്നെ പ്രശസ്തങ്ങളായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (MIT), സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 


ലോകപ്രസിദ്ധങ്ങളായ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ലണ്ടനിലെ ഈ സര്‍വകലാശാലകളായിരുന്നു ദീര്‍ഘകാലം ലോകത്തിന്റെ നെറുകയില്‍ വിരാജിച്ചിരുന്നത്. ബ്രിട്ടണില്‍നിന്നുള്ള 10 സര്‍വകലാശാലകള്‍ മാത്രമാണ് ആദ്യ നൂറിലുള്ളതെന്നതും ശ്രദ്ധേയമായി.
ചൈനയില്‍നിന്നുള്ള രണ്ട് സര്‍വകലാശാലകള്‍ ആദ്യ നൂറില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഒരൊറ്റ സര്‍വകലാശാലപോലും ഇതിനടുത്തുപോലും എത്തിയില്ല. പഞ്ചാബ് സര്‍വ കലാശാലയും ഡല്‍ഹി, ഖരഗ്പൂര്‍, റൂര്‍ക്കി ഐഐറ്റികളും 200നും 400നും ഇടയില്‍ സ്ഥാനം കണ്ടെത്തിയെന്ന് മാത്രം ആശ്വസിക്കാം. 
ഹാര്‍വാര്‍ഡ്, ആദ്യ ഉന്നതവിദ്യാകേന്ദ്രം
1636ല്‍ സ്ഥാപിതമായ ഹാര്‍വാര്‍ഡ് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഉന്നത വിദ്യാകേന്ദ്രമാണ്. ജോണ്‍ ഹാര്‍വാര്‍ഡ് എന്ന ഇംഗ്ലീവുകാരനായ പാസ്റ്ററിന്റെ പേരാണ് ഈ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിരിക്കുന്നത്.

Tuesday, 4 March 2014

ഷീല ദീക്ഷിത് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ (Sheila Dikshit, new Kerala governor)

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നീണ്ട 15 വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിിരുന്ന് ചരിത്രം കുറിച്ച ഷീല ദീക്ഷിത് കേരളത്തിന്റെ ഗവര്‍ണറായി വരുന്നു. കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാ നൊരുങ്ങുന്ന ഒഴിവിലാണ് ഷീല ദീക്ഷിതിന്റെ വരവ്.  കേരളത്തിന്റെ 22-ാമത് ഗവര്‍ണറാണ് ഇവര്‍.


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ പ്രതിഭാസമായ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഡല്‍ഹി ഭരണം നഷ്ടപ്പെട്ട ഷീല ദീക്ഷിത് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുക യാണിപ്പോള്‍. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോല്‍ക്കുകയായിരുന്നു ഷീല ദീക്ഷിത്. 
1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍തലയിലാണ് ഷീലയുടെ ജനനം. സ്‌കൂള്‍ കോളജ് വിദ്യാഭ്യാസം ഡല്‍ഹിയിലായിരുന്നു. ഉത്തര്‍പ്രദേശുകാരനായ ഐഎഎസ് ഓഫീസര്‍ പരേതനായ വിനോദ് ദീക്ഷിതായിരുന്നു ഭര്‍ത്താവ്. മകന്‍ സന്ദീപ് ദീക്ഷിത് എംപിയാണ്. മകള്‍ ലതിക സയ്യിദ്. 1986-89 കാലഘട്ടത്തില്‍ കേന്ദ്രമന്ത്രിയായിരുന്നു. വകുപ്പ് പാര്‍ലമെന്ററികാര്യം. ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ മികച്ച മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌ക്കാരം 2008ല്‍ നേടിയത് ഷീല ദീക്ഷിതായിരുന്നു.

Thursday, 13 February 2014

ബാലു മഹേന്ദ്ര ഓര്‍മ്മയായി ( Balu Mahendra Passed Away)

നിഴലും വെളിച്ചവും ചേര്‍ത്ത് വെള്ളിത്തിരയില്‍ അനശ്വരകാവ്യങ്ങള്‍ രചിച്ച ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര ഓര്‍മ്മയായി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും പകരക്കാരനില്ലാത്ത ഈ പ്രതിഭ 74-ാം വയസില്‍ വിടപറയുമ്പോള്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിനിത് തീരാനഷ്ടം.


ശ്രീലങ്കയില്‍ ജനിച്ച ബാലു മഹേന്ദ്ര പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനാര്‍ത്ഥമാണ് ഇന്ത്യയി ലെത്തിയത്. ലക്ഷ്യം സംവിധാനം പഠിക്കുക എന്നതായിരുന്നെങ്കിലും അഡ്മിഷന്‍ കിട്ടിയത് ഛായാഗ്രഹണ കോഴ്‌സിനായിരുന്നു. ഒടുവില്‍ ഛായാഗ്രഹണത്തില്‍ ഒന്നാം റാങ്കുമായാണ് 1969ല്‍ അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് ഛായാഗ്രഹണ ക്ലാസുകള്‍ കട്ട് ചെയ്ത് ഇടയ്ക്കിടെ സംവിധാന, തിരക്കഥാരചന ക്ലാസുകളില്‍ പോയിരിക്കു മായിരുന്നത്രേ അദ്ദേഹം! എന്നാല്‍ ഈ മിടുമിടുക്കന്‍ വിദ്യാര്‍ത്ഥിയോട് അധ്യാപകര്‍ക്ക് അനിഷ്ട മേതുമില്ലായിരുന്നുതാനും. 
സിനിമാ ലോകത്തേയ്ക്ക് ഈ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്റെ രംഗപ്രവേശത്തിന് നിമിത്തമായത് മലയാളമാണ്. 1974ല്‍ രാമുകാരാട്ടിന്റെ 'നെല്ല്' എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചുകൊണ്ടാ യിരുന്നു അത്. കമല്‍ ഹാസന്‍ നായകനായ 'കോകില' എന്ന കന്നട ചിത്രമാണ് ബാലു മഹേന്ദ്രയുടെ ആദ്യ സംവിധാന സംരംഭം. 1977ലായിരുന്നു അത്. 1979ല്‍ പുറത്തുവന്ന 'അഴിയാത്ത കോലങ്ങള്‍' ആയിരുന്നു ഇദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ചിത്രം. അന്നത്തെ തമിഴ് മുഖ്യധാരാ സിനിമ സങ്കല്പങ്ങളെ വെല്ലുവിളിച്ച് സമാന്തരസിനിമയുടെ ഒരു പുതിയ പാത തുറന്നെടുക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ബാലു മഹേന്ദ്ര. 1983ല്‍ വെളിച്ചം കണ്ട 'മൂന്നാം പിറ' എന്ന ചിത്രം ബാലു മഹേന്ദ്രയ്ക്ക് ഛായാഗ്രഹണത്തിനും കമല്‍ ഹാസന് അഭിനയത്തിനു മുള്ള ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ഛായാഗ്രഹണത്തിന് രണ്ട് അടക്കം അഞ്ച് ദേശീയ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. പുരസ്‌ക്കാരങ്ങളുടെ വര്‍ണമഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴും മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ കാമറ ചലിപ്പിക്കാനും അദ്ദേഹം തയാറായി. ഭരതന്റെ 'പ്രയാണം', മണിരത്‌നത്തിന്റെ ആദ്യ ചിത്രം 'പല്ലവി അനുപല്ലവി' തുടങ്ങിയവയിലൊക്കെ കാമറയ്ക്ക് പിന്നില്‍ ബാലു മഹേന്ദ്രയായിരുന്നു. കെ. വിശ്വനാഥന്റെ ചരിത്രം കുറിച്ച 'ശങ്കരാഭരണം' എന്ന ചിത്രത്തിനും കാമറ ബാലു മഹേന്ദ്രയുടേതായിരുന്നു.


ഇതോടൊപ്പം നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലും ബാലു മഹേന്ദ്ര പങ്കുവഹിച്ചു. ബാല, വെട്രിമാരന്‍, സീനു രാമസ്വാമി തുടങ്ങിയ പേരെടുത്ത സംവിധായകര്‍ ബാലു മഹേന്ദ്രയുടെ ശിക്ഷണത്തില്‍ സിനിമാരംഗത്ത് വളര്‍ന്നവരാണ്. 'തലമുറകള്‍' ആണ് ഇദ്ദേഹത്തിന്റെ അവ സാനചിത്രം.

ബാലു മഹേന്ദ്ര ഒരു പഴയകാല ചിത്രം
1939 മെയ് 20ന് ശ്രീലങ്കയിലെ ബറ്റിക്കലോവയിലുള്ള അമിര്‍തകലി എന്ന സ്ഥലത്ത് ശ്രീലങ്കന്‍ തമിഴ് കുടുംബത്തിലാണ് ബാലനാഥന്‍ ബഞ്ചമിന്‍ മഹേന്ദ്രന്‍ എന്ന ബാലു മഹേന്ദ്ര ജനിച്ചത്. പിതാവ് പ്രൊഫസറായിരുന്നു. ശ്രീലങ്കയിലെ അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ബിരുദ പഠനത്തിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെത്തി. പിന്നീട് പൂനെയില്‍ ചലച്ചിത്ര പഠനം. ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

Monday, 20 January 2014

വാഹനവിമുക്തനഗരമാകാന്‍ ഹാംബര്‍ഗ്...!


മെഴ്‌സിഡസ്, ഓഡി, ബിഎംഡബ്ല്യു, വോക്‌സ്‌വാഗന്‍ തുടങ്ങി ലോകപ്രശസ്തങ്ങളായ നിരവധി വമ്പന്‍ വാഹനനിര്‍മ്മാണക്കമ്പനികളുടെ  നാടാണ് ജര്‍മനി. ആ ജര്‍മനിയിലെ ഒരു നഗരമാണ് ഹാംബര്‍ഗ്. എന്നാല്‍ രാജ്യത്തിന്റെ വാഹനനിര്‍മ്മാണ പാരമ്പര്യമൊന്നും കണക്കിലെടുക്കാതെ വാഹന വിമുക്തനഗരമാകാന്‍ തയാറെടുക്കുകയാണ് ഈ നഗരം.

ഹാംബര്‍ഗ് ടൗണ്‍ ഹാള്‍
2034ഓടെ സൈക്കിള്‍ മാത്രമായിരിക്കും ഈ നഗരത്തില്‍ അനുവദിക്കപ്പെടുന്ന വാഹനം. 'ഗ്രീന്‍ നെറ്റ്‌വര്‍ക്ക്' എന്നുപേരിട്ടിരിക്കുന്ന ഒരു ബൃഹദ്പദ്ധതിതന്നെ ഇതിനായി നടപ്പിലാക്കിത്തുടങ്ങി. ഇതനുസരിച്ച് നഗരത്തിന്റെ 40% പുല്‍ത്തകിടികളും പാര്‍ക്കുകളുമാക്കും. മോട്ടോര്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.
കൊളംബിയ, തായ്‌ലന്‍ഡ് തുടങ്ങിയ ചില രാജ്യങ്ങളിലെ ചില നഗരങ്ങളും ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനുമൊക്കെ ചില പ്രത്യേക ദിവസങ്ങളില്‍ വാഹനഗതാഗതം നിരോധിച്ചുകൊണ്ട് മുന്‍പും ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വാഹനങ്ങളെ അപ്പാടെ പുറത്താക്കിക്കൊണ്ടുള്ള ഒരു നീക്കം ആദ്യമായിട്ടാണ്. 

Thursday, 16 January 2014

ഹൈപ്പര്‍സോണിക് മിസൈല്‍ വാഹിനിയുമായി ചൈന!

ശബ്ദത്തേക്കാള്‍ പത്തുമടങ്ങ് വേഗമാര്‍ജിക്കാന്‍ കഴിയുന്ന മിസൈല്‍ വാഹിനി വിജയകരമായി പരീക്ഷിച്ചുകൊണ്ട് ചൈന ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു. ഹൈപ്പര്‍സോണിക് മിസൈല്‍ വാഹിനികളുടെ കാര്യത്തില്‍ അമേരിക്കക്കുശേഷം ആദ്യമായൊരു രാജ്യം ഈ നേട്ടം കൈവരിക്കുന്നത് ഇപ്പോഴാണ്.


ഇതോടെ ലോകത്തെവിടെയുമുള്ള ലക്ഷ്യങ്ങളിലേക്ക് ശബ്ദത്തിന്റെ പലമടങ്ങ് വേഗത്തില്‍ മിസൈല്‍ തൊടുക്കാന്‍ ചൈന ശേഷിയാര്‍ജിച്ചുകഴിഞ്ഞു! WU-14 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വാഹിനി ജനുവരി 9നാണ് പരീക്ഷിക്കപ്പെട്ടത്.
ഇന്ത്യയും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്്. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗം കൈവരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാവശ്യമായ സാങ്കേതികവിദ്യ വികസനം അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. 

Wednesday, 8 January 2014

അമേരിക്ക തണുത്തുവിറയ്ക്കുന്നു

രൂ ക്ഷമായ തണുപ്പിലും ശീതക്കാറ്റിലും അമേരിക്ക തണുത്തുവിറയ്ക്കുന്നു. അമേരിക്കയിലും കാനഡയിലും ഹിമക്കാറ്റ് ആഞ്ഞുവീശുകയാണ്. അമേരിക്കയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും കാനഡയിലും 60 സെന്‍റീമീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞുകട്ടകളാണ് പെയ്യുന്നത്. 




Monday, 6 January 2014

ജിഎസ്എല്‍വി: ഇന്ത്യയ്ക്ക് ലഭിച്ച പുതുവര്‍ഷ സമ്മാനം! (GSLV D5 Successfully Launched)

ജിഎസ്എല്‍വി ഡി-5 വിക്ഷേപണവിജയം രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ പുതുവര്‍ഷ സമ്മാനമാണ്. 2014 നേട്ടത്തിന്റെ വര്‍ഷമാകുമെന്ന സൂചന നല്‍കുന്ന മഹത്തായ വിജയം തന്നെ അത്. ഇരുപതുവര്‍ഷത്തെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ലഭിച്ചിരിക്കുന്ന വിജയം. രണ്ടു പരാജയങ്ങളില്‍നിന്നുള്‍ക്കൊണ്ടു നടത്തിയ മഹായജ്ഞത്തിന്റെ ഫലമാണ് അത്. ചന്ദ്രയാനും മംഗള്‍യാനും വലിയ വിജയമായിരുന്നു. എന്നാല്‍ അതിലും എത്രയോ വലിയ വിജയമാണ് ജിഎസ്എല്‍വിയുടെ വിക്ഷേപണവിജയം. 


2010ലായിരുന്നു ആദ്യ പരാജയം. 2013ല്‍ അടുത്തതും. എന്നാല്‍ അതിവിദദ്ധരായ ഇന്ത്യന്‍ ശാസ്ത്രജജ്ഞന്മാര്‍ കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിലൂടെ പരാജയങ്ങളെ തട്ടിമാറ്റി നേടിയ വിജയം. ക്രയോജനിക് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക തടസ്സമായി. ഉര്‍വശ്ശീശാപം ഉപകാരമായതുപോലെയായി അത്. അപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവസരത്തിനൊത്തുയര്‍ന്നു. ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തു. അങ്ങനെ ഇന്ത്യയുടെ സാങ്കേതിക വൈദദ്ധ്യം വളര്‍ത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചു. അതിശീത അവസ്ഥയില്‍ ക്രയോജനിക് എന്‍ജിന് ആവശ്യമായ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും നിര്‍മ്മിക്കാനും സൂക്ഷിക്കാനും ആവശ്യമായ ടെക്‌നോളജി അതിസങ്കീര്‍ണമാണ്. ഓക്‌സിജന്‍ -1850 Cലും ഹൈഡ്രജന്‍ -2560 Cലും ആണ് ദ്രവീകൃതമാവുക. ആ അവസ്ഥയെ അതിജീവിക്കാനുതകുന്ന മെറ്റീരിയലുകള്‍ ഉണ്ടാകണം. ഈ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും ആണ് ക്രയോജനിക് എന്‍ജിനിലെ ഇന്ധനങ്ങള്‍.
ക്രയോജനിക് എന്‍ജിനുപയോഗിച്ച് ഭാരമേറിയ ഉപഗ്രഹങ്ങളെ ഉയര്‍ത്തി ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയും. 1982 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തേയാണ് ഇപ്പോള്‍ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്. ഏകദേശം നാലായിരത്തോളം കിലോ ഭാരം വരെ ഉയര്‍ത്താനാകുന്ന എന്‍ജിനുകള്‍ ഭാവിയില്‍ നമ്മുടെ രാജ്യം വികസിപ്പിക്കും. തുടര്‍ച്ചയായി മൂന്ന് വിക്ഷേപണമെങ്കിലും ഇങ്ങനെ വിജയിപ്പിച്ചുകഴിയുമ്പോള്‍ നമുക്ക് ഉപഗ്രഹവിക്ഷേപണ രംഗത്ത് സ്വയം പര്യാപ്തതക്കു കഴിയും. അതോടെ ആ വ്യവസായത്തില്‍നിന്ന് ലാഭം കൊയ്യാനും കഴിയും. 
എന്താണ് ജിഎസ്എല്‍വി - ഡി5 വിക്ഷേപണവിജയം നമുക്കുനല്‍കുന്ന സന്ദേശം? ഇന്ത്യയ്ക്ക് എന്തും സാധിക്കും എന്നുതന്നെ. അസാധ്യമായത് ഒന്നുമില്ല എന്നുതന്നെ. ഇന്ത്യയ്ക്ക് ലോകരാജ്യ ങ്ങളുടെ മുന്‍നിരയില്‍തന്നെ നില്ക്കാനുള്ള ശേഷി ഉണ്ട് എന്നുതന്നെ. നമുക്ക് അഭിമാനിക്കാം. മഹത്തായ വിജയങ്ങള്‍ സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം.

പ്രൊഫ. എസ്. ശിവദാസ്‌

Sunday, 5 January 2014

വെള്ളിനക്ഷത്രം മറഞ്ഞു...!

മുന്‍കാല ചലച്ചിത്ര പിന്നണിഗായകനും പത്മശ്രീ ജേതാവുമായ കെ. പി. ഉദയഭാനു അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്ന ഇദ്ദേഹം 77-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.


1936 ജൂണ്‍ 15ന് പാലക്കാട് ജില്ലയിലെ തരൂരില്‍ ജനിച്ചു. പിതാവ് എ എസ്. വര്‍മയും മാതാവ് നേത്യാരമ്മയും. മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. പി. കേശവമേനോന്‍ അമ്മാവനായിരുന്നു.
1956ല്‍ 'നായര് പിടിച്ച പുലിവാല്' എന്ന സിനിമയിലൂടെയായിരുന്നു സിനിമാ സംഗീതലോകത്തേക്കുള്ള ഉദയഭാനുവിന്റെ പ്രവേശനം. 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന ആദ്യഗാനം തന്നെ അക്കാലത്ത് ഹിറ്റായി. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍. അദ്ദേഹം പാടിയ വിഷാദഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റുപാടുന്നു. 'കാനനചോലയില്‍...', 'വെളുത്ത പെണ്ണേ...', 'വെള്ളിനക്ഷത്രമേ...', 'താരമേ താരമേ...' എന്നിങ്ങനെയുള്ള പാട്ടുകളെല്ലാം മലയാളികളുടെ മനം കുളിര്‍പ്പിച്ചവയാണ്. അവസാനം പാടിയത് 2011ല്‍ പുറത്തിറങ്ങിയ 'താന്തോന്നി' എന്ന ചിത്ത്രില്‍. 'സമസ്യ' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനുമായി.
ആകാശവാണിയില്‍ ഇദ്ദേഹം 38 വര്‍ഷം ജോലിചെയ്തു. നിരവധി പുരസ്‌ക്കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 1981ലെ കേരള സംസ്ഥാന അവാര്‍ഡ്, 1987ലെ സംഗീതനാടക അക്കാദമി അവാര്‍ഡ്, 1995ലെ നോണ്‍ ഫീച്ചര്‍ ഫിലിം സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,  2003ലെ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ ഇതില്‍പെടുന്നു. 2009ല്‍ പത്മശ്രീ ലഭിച്ചു.

Friday, 3 January 2014

ആന്‍ഡി മറേ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി 2013 (Andy Murray BBC Sports Personality 2013)

ഇംഗ്ലീഷ് ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറേ 2013ലെ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അവാര്‍ഡിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ടെന്നീസ് താരമായ നാലാമത്തെ വിജയിയാണ് ഇദ്ദേഹം.


കഴിഞ്ഞ നീണ്ട 77 വര്‍ഷങ്ങളിലെ ഇംഗ്ലീഷുകാരനായ ഏക വിംബിള്‍ഡന്‍ ടെന്നീസ് ജേതാവാണ് സ്‌കോട്‌ലന്റില്‍ ജനിച്ച മറേ. 2012ല്‍ ഒളിംപിക്‌സ് സ്വര്‍ണ്ണവും യുഎസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ വിജയവും നേടിയ മറേ ഈ നേട്ടം കൈവരിച്ച ഏക താരമാണ്. 2013ലായിരുന്നു വിംബിള്‍ഡന്‍ കിരീടനേട്ടം. ഇപ്പോള്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനം.

Thursday, 2 January 2014

കൊറി ആന്‍ഡേഴ്‌സന്‍ + 36 ബോള്‍ = 100 റണ്‍സ്...! (Corey Anderson Hit Century in 36 Balls)

ഈ സമവാക്യം ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്നാണ്, അല്ലേ? എന്നാല്‍ ഇനിമുതല്‍ ഇത് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി എന്ന നിലയില്‍ ലോകക്രിക്കറ്റിലെ റെക്കോഡ് ബുക്കുകളില്‍ മായാതെ കിടക്കും, മറ്റൊരാള്‍ പുതിയൊരു സൂത്രവാക്യം ചമയ്ക്കും വരെ!


2014 വര്‍ഷത്തെ ആദ്യദിനം ന്യൂസിലാന്റിന്റെ ഏകദിന ക്രിക്കറ്റ് ടീമിലെ കൊറി ആന്‍ഡേഴ്‌സന്‍ എന്ന ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്റെ പേരിലെഴുതപ്പെട്ടു കഴിഞ്ഞു. അന്നാണല്ലോ അയാള്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ അടിച്ചു പരത്തി വെറും 36 പന്തില്‍ സെഞ്ചുറി നേടിക്കൊണ്ട് ചരിത്രം തിരുത്തിയത്! 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് വെറും 16 വയസ്സുമാത്രമുള്ളപ്പോള്‍ പാകിസ്ഥാന്റെ തീപ്പൊരിത്താരം ഷാഹിദ് അഫ്രീദി  37 പന്തുകളില്‍നിന്ന് നേടിയ സെഞ്ചുറിക്കഥയാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്.
1990 ഡിസംബര്‍ 13ന് ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ച കൊറി ആന്‍ഡേഴ്‌സന്‍ 2013 ജൂണ്‍ 16ന് ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ഏകദിനക്രിക്കറ്റില്‍ അരങ്ങേറിയത്. 2013 ഒക്‌ടോബര്‍ 9ന് ബംഗ്ലാദേശിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇടംകൈയന്‍ പേസ് ബൗളറുമാണ് കക്ഷി.

കൊറി ആന്‍ഡേഴ്‌സന്റെ റെക്കോഡ് പ്രകടനം കാണൂ...


മൂസ അരുണാചലന്‍സിസ് (Musa arunachalensis)

പേര് കേട്ടപ്പോള്‍ വല്ല സിഐഡി മൂസയും ഇറങ്ങിയ കാര്യമാണോ എന്ന് ശങ്കിക്കുന്നുണ്ടാവും, അല്ലേ? സംഭവം ഇത്രയേയുള്ളൂ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബോട്ടണി ഡിപാര്‍ട്‌മെന്റ് ഒരു പുതിയ ഇനം കാട്ടുവാഴ  കണ്ടെത്തിയിരിക്കുന്നു. അലങ്കാര വാഴയിനമായി വളര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ള ഇനമാണിതെന്ന് ഗവേഷകര്‍ പറയുന്നു.


മൂസ അരുണാചലന്‍സിസ് (Musa arunachalensis) എന്നു നാമകരണം നടത്തിയിരിക്കുന്ന ഈ വാഴ അരുണാചല്‍ പ്രദേശിലെ പശ്ചിമ കാമെംഗ് ജില്ലയിലെ ഒരുയര്‍ന്ന പ്രദേശത്തുനിന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി ഡിപാര്‍ട്‌മെന്റ് തലവനായ പ്രൊഫ. ഡോ. എം. സാബുവാണ് ഗവേഷകസംഘത്തെ നയിച്ചത്. 'ഫൈറ്റോറ്റാക്‌സ' (Phytotaxa) എന്ന അന്താരാഷ്ട്ര സസ്യശാസ്ത്രമാസികയില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം വനാതിര്‍ത്തികളിലാണിവയുടെ സ്വാഭാവിക വളര്‍ച്ച. സാധാരണയായി ജനുവരി മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തിലാണ് ഇവ പൂവിട്ട് കായ്ക്കുന്നത്. വര്‍ഗസങ്കരണത്തിലൂടെയും മറ്റ് ജനിതവിദ്യകളിലൂടെയും ഇതിനെ ഭക്ഷ്യയോഗ്യമായ ഇനമായും മാറ്റിയെടുക്കാമെന്നും ഡോ. സാബു വിശദീകരിക്കുകയുണ്ടായി.

പ്രൊഫ. ഡോ. എം. സാബു
വനനശീകരണവും വനഭൂമി വെട്ടിത്തെളിച്ച് കൃഷിക്കുപയോഗിക്കുന്നതും മറ്റും കൊണ്ട് ഈ ഇനം വാളകളുടെ സ്വാഭാവിക ആവാസഭൂമികള്‍ നശിക്കുകയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വാഴകള്‍ക്ക് കന്നുകളും വിത്തുകളും തീരെക്കുറവാണെന്നതും സ്ഥിതി മോശമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്ന് മാറ്റി മറ്റൊരിടത്ത് സംരക്ഷിക്കുകയെന്നത് ബുദ്ധിമുട്ടാണത്രേ! മറിച്ച് അവ നിലനില്‍ക്കുന്ന പ്രദേശത്തുതന്നെ വളരാന്‍ അനുവദിക്കുകയെന്നതാണ് ശരിയായ മാര്‍ഗ്ഗം.
നിരവധി ഇനം വാഴകള്‍ ധാരാളമായുള്ള രാജ്യമാണ് ഇന്ത്യ. വൈല്‍ഡ് മൂസ ഇനങ്ങളില്‍ പെട്ട കാട്ടുവാഴകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമഘട്ടവനപ്രദേശങ്ങളിലും ആന്‍ഡമാന്‍ നികോബാര്‍ ദ്വീപപ്രദേശങ്ങളിലുമൊക്കെ സമൃദ്ധമായുണ്ടത്രേ!
1892നുശേഷം കാട്ടുവാഴ ഇനങ്ങള്‍ ഇന്ത്യയില്‍ പുതിയതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നത് ഇപ്പോഴത്തെ കണ്ടെത്തലിന് പ്രാധാന്യമേറ്റുന്നു.

Sunday, 29 December 2013

മേരി ടി. ബാര ജനറല്‍ മോട്ടോഴ്‌സ് സിഇഒ (Mary T. Barra named CEO of GM)

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍വാഹന നിര്‍മ്മാതാക്കളിലൊന്നായ ജനറല്‍ മോട്ടോഴ്‌സിന് ഇനി വനിതാ ഡ്രൈവര്‍! അതെ, ജനറല്‍ മോട്ടോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മേരി തെരേസ ബാര നിയമിതയായി.


നിലവില്‍ കമ്പനിയുടെ ഗ്ലോബല്‍ പ്രേഡക്ട് ഡവലപ്‌മെന്റ് പര്‍ച്ചേസിംഗ് ആന്‍ഡ് സപ്ലൈ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിലെ സിഇഒ ഡാന്‍ അകേര്‍സന്‍ വിരമിക്കുന്ന ഒഴിവിലാണ് ബാരയുടെ നിയമനം. തന്റെ 18-ാം വയസ്സില്‍ എന്‍ജിനീയറായി ജിഎമ്മില്‍ ചേര്‍ന്ന മേരി ബാര കമ്പനിയുടെ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചാണ് ഉയര്‍ന്ന തലത്തിലേക്കെത്തിയത്.  
ഇപ്പോള്‍ കെറ്ററിംഗ് യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന ജനറല്‍ മോട്ടോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് മേരി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്. ജിഎം ഫെല്ലോഷിപ്പോടെ സ ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂളില്‍നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടി.
2012ല്‍ ഫോബ്‌സ് മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ ലിസ്റ്റില്‍ മേരി ബാരയെയും ഉള്‍പ്പെടുത്തിയിരുന്നു. 1961 ഡിസംബര്‍ 24ന്‍ മിച്ചിഗണിലെ വാട്ടര്‍ഫോഡ് എന്ന സ്ഥലത്ത് ജനിച്ചു.


Saturday, 28 December 2013

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരമേറ്റു

അഴിമതിവിരുദ്ധ സദ്ഭാവന സന്ദേശവുമായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഡല്‍ഹിയിലെ ഏഴാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാളും കൂടെ ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.


ആഡംബപൂര്‍ണമായ മന്ത്രിമന്ദിരങ്ങളും അകമ്പടിയുമൊന്നും തനിക്ക് വേണ്ടെന്ന് കേജ്‌രിവാള്‍ നേരത്തെതന്നെ നിലപാടെടുത്തിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്കെത്തിയതാകട്ടെ മെട്രോ ട്രെയിനിലും. ജനം വലിയ പ്രതീക്ഷയിലാണ്. രാജ്യം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ മാതൃകകള്‍ കുറെയെങ്കിലും അനുകരിക്കേണ്ടിവരും എന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍ അമിതപ്രതീക്ഷകള്‍ എങ്ങുമെത്താതെ പോയാല്‍ നിരാശ കനത്തതാവുമെന്നത് കേജ്‌രിവാളിനും സംഘത്തിനും അറിയാതിരിക്കാന്‍ വഴിയില്ല.

ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍

മുന്‍ എംഎല്‍എ റോസമ്മ പുന്നൂസ് അന്തരിച്ചു

കാഞ്ഞിരപ്പിള്ളിയില്‍നിന്നും കേരളത്തിന്റെ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ച താരം പൊലിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ പുന്നൂസ് നൂറാം വയസ്സില്‍ അന്തരിച്ചപ്പോള്‍ മറഞ്ഞത് ചരിത്രത്തിന്റെ സംഭവബഹുലമായ ഒരേട് കൂടിയാണ്.


കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന കാഞ്ഞിരപ്പിള്ളിയിലെ കരിപ്പാപ്പറമ്പില്‍ കുടുംബത്തില്‍ ജനിച്ച റോസമ്മ അവിടെനിന്നും നിയമസഭ കണ്ട ഏക കമ്മ്യൂണിസ്റ്റുമായിരുന്നു. സമാനതകളില്ലാത്ത നിരവധി വിശേഷണങ്ങള്‍ക്കര്‍ഹയാണ് ഈ മഹതി. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോ ടേം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയി എന്നു തുടങ്ങി കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍ എന്നതു വരെ റോസമ്മ പുന്നൂസിന് മാത്രം അവകാശപ്പെടാവുന്ന പ്രതേകതകള്‍ നിരവധിയാണ്. 1957ലെ തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്ന് റോസമ്മ നിയമസഭയിലേക്ക് വിജയിച്ചപ്പോള്‍ ഭര്‍ത്താവും സിപിഐ നേതാവുമായിരുന്ന പി. ടി. പുന്നൂസ് ആലപുഴയില്‍നിന്ന് ലോക്‌സഭയിലേക്കും ജയിച്ചു. കേരളത്തിലാദ്യമായി നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം ജയിച്ച ദമ്പതികള്‍ എന്ന നിലയില്‍ ഇതും റെക്കോഡാണ്.
മരണസമയത്ത് ഒമാനിലായിരുന്നു.

Wednesday, 25 December 2013

കലാഷ്‌നിക്കോവിന്റെ ഹൃദയം നിലച്ചു

AK-47 എന്നു കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ലോകത്തെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരായുധം വേറെയുണ്ടോ എന്ന് സംശയമാണ്. വിനാശകാരിയായ ആ തോക്കിന്റെ ഉപജ്ഞാതാവ് റഷ്യക്കാരനായ മിഖായില്‍ കലാഷ്‌നിക്കോവ് അന്തരിച്ചു. 94 വയസ്സായിരുന്നു.


മിഖായില്‍ തിമോഫെയേവിച്ച് കലാഷ്‌നിക്കോവ് 1919 നവംബര്‍ 10ന് പടിഞ്ഞാറന്‍ സൈബീരിയയില്‍ ജനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് റെഡ് ആര്‍മിയില്‍ ടാങ്ക് കമാന്‍ഡറായി ജോലി ചെയ്തു. അക്കാലത്ത് ഒരു അപകടത്തില്‍ പരിക്ക് പറ്റിയതിനേത്തുടര്‍ന്ന് ആയുധങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യാനാരംഭിച്ചു. അന്ന് ജര്‍മ്മന്‍ പടയുടെ കൈവശമുണ്ടായിരുന്ന തോക്കുകളേക്കാള്‍ മികച്ച തോക്കുകളുണ്ടാക്കാനായിരുന്നു കലാഷ്‌നിക്കോവിന്റെ ശ്രമം. നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1947ല്‍ ലളിതവും എന്നാല്‍ അത്യന്തം മാരകവുമായ ഒരു തോക്ക് അദ്ദേഹം വികസിപ്പിച്ചു. AK-47 എന്നു പേരിട്ട ആ തോക്ക് താമസിയാതെ സോവിയറ്റ് പടയുടെ വജ്രായുധമായി. ഓട്ടോമാറ്റിക് കലാഷ്‌നിക്കോവ് (Automatic Kalashnikov) എന്നതിന്റെ ചുരുക്കരൂപമാണ് AK. 47 എന്നത് വികസിപ്പിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്നു.


ഇന്ന് വിവിധ ലോക രാഷ്ട്രങ്ങളുടെ സായുധവിഭാഗം ഈ മാരകായുധം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയുടെ ആകെ എണ്ണം ഏതാണ്ട് 10 കോടി വരുമത്രേ! ഇത് ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍, AK47 ലോകമെമ്പാടും വിധ്വസംകരുടെയും തീവ്രവാദികളുടെയും പ്രധാന ആയുധമാവുകയും നിഷ്‌കളങ്കരായ നിരവധി  സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്ക് കാരണമാവുകയും ചെയുന്നതില്‍ നിരാശനും ഖിന്നനുമായിരുന്നു കലാഷ്‌നിക്കോവ്.

ചില AK-47 വിശേഷങ്ങള്‍!


  • ഉപയോഗിക്കാനെളുപ്പവും ഏതു സാഹചര്യത്തിലും പ്രശ്‌നരഹിതമായ പ്രവര്‍ത്തനവും താരതമ്യേന വിലക്കുറവുമാണ് AK-47നെ ലോകത്ത് ഇത്രയധികം പ്രശസ്തമാക്കിയത്. 12000 രൂപയ്ക്കുമുകളില്‍ ലഭിക്കുന്ന മോഡലുകളുണ്ട്.
  • മൊസാംബിക് എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ പതാകയില്‍ AK-47ന്റെ ചിത്രം പതിച്ചിട്ടുണ്ട്. സിംബാബ്‌വേ, കിഴക്കന്‍ ടിമൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഔദ്യോഗിക മിലിട്ടറി മുദ്രകളിലും ( coats of arms ) ഇതിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. 

  • ഈജിപ്റ്റും ഇസ്രയേലും തമ്മില്‍ 1973ല്‍ നടന്ന യുദ്ധത്തിന്റെ (The Battle of Ismailia) ഓര്‍മ്മയ്ക്കായി സീയുസ് കനാലിന്റെ തീരത്ത് പണിതുയര്‍ത്തിയിട്ടുള്ള കൂറ്റന്‍ സ്മാരകത്തിലും AK-47ന്റെ ബാരലും ബയണറ്റും കാണാം.

  • അമേരിക്കയുടെ ഇറാക്ക് അധിനിവേശക്കാലത്ത് അന്നത്തെ ഇറാക്ക് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ പക്കല്‍നിന്ന് സ്വര്‍ണ്ണം പൂശിയ രണ്ട് AK-47 തോക്കുകള്‍ കണ്ടെടുത്തിരുന്നു. ഇവ ഇന്ന് വാഷിങ്ടണ്‍ ഡിസിയിലെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

  • AK-47ന്റെയും അതിന്റെ ഉപജ്ഞാതാവ് മിഖായില്‍ കലാഷ്‌നിക്കോവിന്റെയും സ്മാരകസ്റ്റാംപുകള്‍ റഷ്യയേപ്പോലെതന്നെ ന്യൂസിലാന്‍ഡും പുറത്തിറക്കിയിട്ടുണ്ട്. 
  • വര്‍ഷം തോറും ലോകത്താകെ ഏതാണ്ട് രണ്ടരലക്ഷം ജനങ്ങള്‍ AK-47ല്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് മരണമടയുന്നുണ്ടെന്നാണ് കണക്ക്!

Monday, 23 December 2013

ഈ ഹൃദയത്തിന് ഗ്യാരണ്ടി 5 വര്‍ഷം!



ഇനി സ്വന്തം ഹൃദയം പണിമുടക്കിയാലും പേടിക്കാനില്ല. ഗ്യാരണ്ടിയുള്ള കൃത്രിമഹൃദയം റെഡി. ഫ്രാന്‍സിലെ ഒരു ബയോമെഡിക്കല്‍ സ്ഥാപനമായ കാര്‍മാറ്റ് ആണ് ഈ കൃത്രിമഹൃദയത്തിന്റെ നിര്‍മ്മാതാക്കള്‍.


പാരീസിലെ ജോര്‍ജസ് പോപിംഡു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 75 വയസ്സുള്ള ഒരു വ്യക്തിയിലാണ് കൃത്രിമഹൃദയം വച്ചു പിടിപ്പിച്ചത്. യഥാര്‍ത്ഥ ഹൃദയത്തിന് പകരമായി 5 വര്‍ഷം വരെ ഒരു കുഴപ്പവും കൂടാതെ ഈ കൃത്രിമഹൃദയം പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. ഹൃദയം തകരാറാവുന്നതുമൂലം നിരവധി ആളുകള്‍ മരണമടയുന്ന ഇക്കാലത്ത് ഇതൊരു അനുഗ്രഹമായേക്കാം.
പാരീസിലെ ജോര്‍ജസ് പോപിംഡു ആശുപത്രി
ഹൃദയത്തകരാറുകള്‍ക്ക് പരിഹാരമായി ചില കൃത്രിമഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സിക്കുന്ന രീതി നേരത്തേയുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ണ്ണമായ കൃത്രിമ ഹൃദയമല്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടന്നിരിക്കുന്നത് ലോകത്തെ ആദ്യ കൃത്രിമഹൃദയം മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയയാണ് എന്നു പറയാം. സാധാരണ ഹൃദയത്തിന്റെ മൂന്നിരട്ടിയോളം വരുന്നതാണ് കാര്‍മാറ്റിന്റെ കൃത്രിമഹൃദയം. ഏതാണ്ട് 900 ഗ്രാം ഭാരമുണ്ടിതിന്. ലിഥിയം ബാറ്ററിയാണിതിന് ഊര്‍ജ്ജം പകരുന്നത്. ബാറ്ററികള്‍ ശരീരത്തിന് പുറത്ത് ധരിക്കാം. ശരീരത്തിനുള്ളില്‍ രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന കൃത്രിമഹൃദയത്തിന്റെ ഭാഗങ്ങളെല്ലാം ജൈവപദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഹൃദയത്തിന്റെ മസിലുകള്‍ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന പ്രക്രിയ അനുകരിക്കാന്‍ കൃത്രിമഹൃദയത്തിന് കഴിയും. പ്രത്യേക സെന്‍സറുകളും മറ്റും ഉപയോഗപ്പെടുത്തിയാണ് വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ഹൃദയം പ്രവര്‍ത്തിക്കുക. ഈ കൃത്രിമഹൃദയത്തിന്റെ വലിപ്പവും ഭാരവും ഇനിയും കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ് കമ്പനി.
അലെയ്ന്‍ ഫ്രെഡറിക്  കാര്‍പെന്റിയര്‍ എന്ന ഫ്രഞ്ച് സര്‍ജനാണ് ഈ കൃത്രിമഹൃദയത്തിന്റെ പിന്നിലുള്ളത്. ശസ്ത്രക്രിയ നടത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കാര്‍മാറ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണിദ്ദേഹം. ഹൃദയത്തിലെ മിത്രല്‍ വാല്‍വ് റിപ്പയറിന്റെ പിതാവ് എന്നാണിദ്ദേഹം അറിയപ്പെടുന്നത്. ഹൃദയത്തിന്റെ ഇടത് അറയിലേക്ക് രക്തമെത്തിക്കുന്നതാണ് മിത്രല്‍ വാല്‍വ്.
ഡോ.അലെയ്ന്‍ ഫ്രെഡറിക് കാര്‍പെന്റിയര്‍
ജാര്‍വിക് - 7 (Jarvik-7)
ആദ്യ കൃത്രിമഹൃദയം എന്ന് പരക്കെ അംഗീകരിക്കപ്പെടുന്നത് ജാര്‍വിക് - 7 ആണ്. അമേരിക്ക ക്കാരനായ റോബര്‍ട് ജാര്‍വിക് വികസിപ്പിച്ച ഇത് 1982 ഡിസംബര്‍ 2ന് ബാര്‍ണി ക്ലാര്‍ക്ക് എന്നയാള്‍ക്ക് വച്ചുപിടിപ്പിച്ചു. ഡോ. വില്ല്യം ഡീവ്രിസ് ശസ്ത്രക്രിയ നടത്തി. ആ കൃത്രിമഹൃദയ വുമായി 112 ദിവസം ജീവിച്ച ക്ലാര്‍ക്ക് 1983 മാര്‍ച്ച് 23ന് അന്തരിച്ചു. 1984ല്‍ ജാര്‍വിക് - 7 വില്ല്യം ജെ. ഷ്രോഡര്‍  എന്ന വ്യക്തിയില്‍ വച്ചു പിടിപ്പിച്ചു. ഇദ്ദേഹം 620 ദിവസം ജീവിച്ചു. ഹൃദയ ത്തിന്റെ തകരാറല്ല ശ്വാസകോശസംബന്ധമായ അസുഖമായിരുന്നുവത്രേ മരണകാരണം!

മരണം ഉറപ്പാക്കപ്പെട്ട വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഹൃദയം മാറ്റിവയ്ക്കുന്നത് ഇന്ന് അസാധാരണമായൊരു കാര്യമല്ല. മനുഷ്യഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ തലതൊട്ടപ്പനായി പരക്കെ അംഗീകരിക്കപ്പെടുന്നത് അമേരലിക്കന്‍ ഡോക്ടര്‍ നോര്‍മന്‍ ഷംവേയാണ്. എന്നാല്‍ ലോകത്തെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് സൗത്ത് ആഫ്രിക്കക്കാരനായ ഡോക്ടര്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡാണ്. 1967 ഡിസംബര്‍ 3ന് സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലുള്ള ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍ ലൂയിസ് വാഷ്‌കന്‍സ്‌കിയെന്ന രോഗിയ്ക്കാണ് ലോകത്താദ്യമായി ഹൃദയം മാറ്റിവയ്ച്ചത്. 

ഡോ. ക്രിസ്റ്റിയന്‍ ബര്‍ണാഡ്‌
പുതിയ കൃത്രിമ ഹൃദയം പ്രവര്‍ത്തികമായാല്‍ ഇനി ഹൃദയ ദാതാവിനെ തേടി രോഗികള്‍ വലയേണ്ടി വരില്ല എന്നു കരുതാം. എന്നാല്‍ ഏകദേശം ഒന്നരക്കോടി രൂപ മുടക്കി ഇതിന് എത്രപേര്‍ക്ക് സാധിക്കുമെന്ന ചോദ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തമാണ്.


Wednesday, 18 December 2013

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത കവി.എം.എന്‍ പാലൂരിന്

പ്രശസ്ത കവി.എം.എന്‍ പാലൂരിന് (പാലൂര്‍ മാധവന്‍ നമ്പൂതിരി) ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. 
എറണാകുളം ജില്ലയിലെ പാലൂര്‍ നമ്പൂതിരി കുടുംബത്തില്‍ ജനിച്ച പാലൂര്‍ സംസ്‌കൃത വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഡ്രൈവറായി ജോലി നോക്കി. കോഴിക്കോട് കോവുരിലാണ് താമസം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1983-ല്‍ കലികാലം എന്ന കവിതാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
2009-ല്‍  ആശാന്‍  സ്മാരക കവിതാ പുരസ്കാരം.
2004-ല്‍  കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.

Sunday, 15 December 2013

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങി. (Uthradam Thirunal Marthanda Varma Passed Away)

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാനത്തെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ ഇളയ സഹോദരനാണിദ്ദേഹം. ലളിത 
ജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു രാജാവിന്റെ പ്രത്യേകത. 


1922 മാര്‍ച്ച് 22-ന്‌ തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍, മഹാറാണി സേതു പാര്‍വതിഭായിയുടേയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും  പുത്രനായി  അദ്ദേഹം ജനിച്ചു. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ പ്ലൈമൗത്ത് കമ്പനിയില്‍ ജോലി നോക്കി. പിന്നീട് ഇംഗ്ലണ്ടില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടി. പഠനശേഷം തിരിച്ചെത്തി 1956-ല്‍ ബാംഗ്ലൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസം. 1991ല്‍ ശ്രീ ചിത്തിര തിരുനാള്‍  നാടുനീങ്ങിയതിനെത്തുടര്‍ന്ന് രാജകുടുംബത്തിന്റെ അധികാരസ്ഥാനമേറ്റെടുത്ത ഉത്രാടം തിരുനാള്‍  ഒരേ സമയം  എളിമയുടേയും പ്രൗഢിയുടെയും
പാണ്ഡിത്യത്തിന്റേയും പ്രതീകമായിരുന്നു. പട്ടം പാലസിലാണ് (തുളസി ഹില്‍ പാലസ്) മഹാരാജാവ് താമസിച്ചിരുന്നത്.  

2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍ പദ്മനാഭ വര്‍മയും പാര്‍വതിദേവിയും. 
'തൃപ്പടിദാനം' എന്നപേരില്‍ ആതമകഥ പ്രസദ്ധീകരിച്ചിട്ടുണ്ട്.

Saturday, 14 December 2013

ചിത്രശോഭ മാഞ്ഞു. (C. N. Karunakran Died)

പ്രമുഖ ചിത്രകാരന്‍ സി. എന്‍. കരുണാകരന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കേരള ലളിത കലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്നു.


1940ല്‍ ത്രിശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന സ്ഥലത്ത് ജനിച്ചു. വിഖ്യാത ചിത്രകാരന്മാരായ ഡി. പി. റോയിയുടെയും കെ. സി. എസ്. പണിക്കരുടേയും മറ്റും ശിഷ്യത്വത്തില്‍ ചിത്രകല പഠിക്കാനവസരമുണ്ടായിട്ടുണ്ട്. ചെന്നെയിലെ പഠനത്തെത്തുടര്‍ന്ന് പരസ്യചിത്രങ്ങളെടുക്കുകയും കലാസംവിധാനരംഗത്ത് പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു ഇദേഹം. 1970ല്‍ കേരളത്തില്‍ തിരിച്ചെത്തി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ ആദ്യ ആര്‍ട്ട് ഗാലറിയായ 'ചിത്രകൂടം' ആരംഭിച്ചതും സി. എന്നിന്റെ നേതൃത്വത്തിലായിരുന്നു. മാതൃഭൂമി, മനോരമ, ചിന്ത, ദേശാഭിമാനി, കൗമുദി, മലയാളനാട്, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഒരേ തൂവല്‍പക്ഷികള്‍', 'അക്കരെ', 'പുരുഷാര്‍ത്ഥം' തുടങ്ങി നിരവധി മലയാളം സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യന്‍ എംബസിയിലും മറ്റും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
1964ല്‍ മദ്രാസ് ലളിതകലാ അക്കാദമി അവാര്‍ഡ്, 1971, 1972, 1975 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ ഈ കലാകാരന് ലഭിച്ചു. 2005ല്‍ കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു.

സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍


Thursday, 12 December 2013

'ആം ആദ്മി'കള്‍ താരങ്ങളാകുമ്പോള്‍...! (Aam Admi)

അടുത്തകാലത്ത് ഒരുപക്ഷേ നിങ്ങള്‍ ഏറ്റവും കൂടുതല്‍ കേട്ട ഒരു ഒന്നായിരിക്കും ' ആം ആദ്മി' എന്നത്. ഈ ഹിന്ദി വാക്കുകളുടെ മലയാളം അര്‍ത്ഥം 'സാധാരണക്കാരന്‍' എന്നാണ്. കോര്‍പറേറ്റ് ഭീമന്മാരുടേയും വന്‍ കള്ളക്കടത്തുകാരുടേയും ഗ്ലാമര്‍ താരങ്ങളുടെയും ഒക്കെ പേരുകള്‍ അലയടിച്ചുകൊണ്ടിരുന്ന മാധ്യമവേദികളിലെല്ലാം ഈ പാവം ആം ആദ്മി എങ്ങനെ കയറിപ്പറ്റി? അത് ആധുനിക ഇന്ത്യയുടെ ചരിത്രമാവുകയാണ്. 


അഴിമതിയിലും കൈയൂക്കിലും വര്‍ഗീയതയിലുമൊക്കെ മൂക്കോളം മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത്  ആം ആദ്മിയെ താരമാക്കിയതിന് പിന്നില്‍ പലരുണ്ട്, അണ്ണാ ഹസാരെ മുതലിങ്ങോട്ട്. എന്നാല്‍ രാഷ്ട്രീയ ഗോദയില്‍ ബലപരീക്ഷണത്തിന് മുതരാവുന്ന നിലയില്‍ ഈ 'സാധാരണക്കാരനെ' ശക്തനാക്കിയതിന്റെ ക്രെഡിറ്റ് ഒരാള്‍ക്ക് കൊടുക്കേണ്ടിവരും... അരവിന്ദ് കേജ്‌രിവാള്‍ എന്ന മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്. 15 വര്‍ഷങ്ങളോളം ഡല്‍ഹി എന്ന രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച ഷീല ദീക്ഷിതിനെ പരമ്പരാഗത പാര്‍ട്ടികളുടെയൊന്നും പിന്‍ബലമില്ലാതെ മലര്‍ത്തിയടിച്ച് വിജയിച്ച് ആം ആദ്മിയുടെ ശക്തി, ജനാധിപ്യത്തിന്റെ ശക്തി, തെളിയിച്ചുകൊടുത്തുവെന്നതാണ് കേജ്‌രിവാളിനെ ആധുനിക കാലത്ത് പ്രസക്തനാക്കുന്നത്.
2012 നവംബറിലാണ് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ജനനം. നവംബര്‍ 26നായിരുന്നു ലോഞ്ചിംഗ് ചടങ്ങ് നടന്നത്. ഒരു വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും സ്വന്തം കാലില്‍ നില്‍ക്കാനും തലമുതിര്‍ന്നവരേക്കാള്‍ ജനവിശ്വാസമാര്‍ജിക്കാനും കഴിഞ്ഞു എന്നത് കേജ്‌രിവാള്‍ പ്രതിനിധാനം ചെയ്യുന്ന പരിവര്‍ത്തനവാദത്തെ സാധാരണജനസമൂഹം എത്രമാത്രം പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ തെളിവായി. ആദ്യ ഇലക്ഷന്‍ ബലബലത്തില്‍ത്തന്നെ 28 സീറ്റുകള്‍ നേടുകയും ചെയ്തു ആം ആദ്മി പാര്‍ട്ടി.

അരവിന്ദ് കേജ്‌രിവാള്‍
1968 ആഗസ്റ്റ് 16ന് ഹരിയാനയിലെ ഹിസാറില്‍ ഒരു സമ്പന്ന ബനിയ കുടുംബത്തിലാണ് അരവിന്ദ് കേജ്‌രിവാളിന്റെ ജനനനം. പിതാവ് രാം കേജ്‌രിവാള്‍ എന്‍ജിനീയറായിരുന്നു. മാതാവ് ഗീതാ ദേവി. പ്രശസ്തമായ ഖരഗ്പൂര്‍ ഐഐറ്റിയില്‍നിന്നും എന്‍ജിനീയറിംഗ് ബിരുദമെടുത്ത കേജ്‌രിവാള്‍ 1989 മുതല്‍ 1992 വരെ ടാറ്റ സ്റ്റീലില്‍ ജോലി ചെയ്തു. പിന്നീട് സിവില്‍ സര്‍വീസ് പരിശീനത്തിുലക്ക് മാറിയ അരവിന്ദ് 1995ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേര്‍ന്നു. 2006ല്‍ ഡല്‍ഹി ജോയിന്റ് ഇന്‍കം ടാക്‌സ് കമ്മീഷണറായിരിക്കെ സര്‍വീസില്‍നിന്ന് രാജിവച്ചു. അണ്ണാ ഹസാരെയുടെ അനുയായിയായി അഴിമതിവിരുദ്ധസമരങ്ങളില്‍ അണിചേര്‍ന്നു . അധികം വൈകാതെ അണ്ണാ ഹസാരെയുമായി ആശയ വൈരുധ്യങ്ങളുണ്ടായി പിരിഞ്ഞെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. ജനപ്രതിനിധികളെ അഴിമതിവിരുദ്ധ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുന്ന ജന ലോക്പാല്‍ ബില്ല് തയാറാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിവരാവകാശ നിയമം നടപ്പാകുന്നതിലും കേജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങളാണ് വഴിവച്ചത്.
2006ലെ മാഗ്‌സസെ പുരസ്‌ക്കാരം കേജ്‌രിവാളിന് ലഭിച്ചിട്ടുണ്ട്. ഐആര്‍എസ് ഉദ്യോഗസ്ഥയായ സുനിതയാണ് ഭാര്യ. രണ്ട് കുട്ടികള്‍.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ സാധാരണ ജനത്തിന് വോട്ടു ചെയ്യുക എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമൊന്നും ഇല്ലായിരുന്നു എന്നത് ഒരു സത്യമാണ്. ഇതിനൊരു മാറ്റം വന്നിരിക്കുകയാണ്. ജീര്‍ണിച്ച സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിന്  രക്തരൂക്ഷിത വിപ്ലവങ്ങളേക്കാള്‍ സാധാരണക്കാരന്റെ ചെറിയ ചെറിയ ചുവടുവയ്പുകള്‍ക്ക് സാധിക്കും എന്നതിന്റെ ശക്തമായ ഉദാഹരണമായിരിക്കുകയാണ് ആം ആദ്മിയുടെ വിജയം. ജനാധിപത്യത്തില്‍ 'ആം ആദ്മി'യും താരമാവുകയാണ്!

Top News

Labour India