പേര് കേട്ടപ്പോള്‍ വല്ല സിഐഡി മൂസയും ഇറങ്ങിയ കാര്യമാണോ എന്ന് ശങ്കിക്കുന്നുണ്ടാവും, അല്ലേ? സംഭവം ഇത്രയേയുള്ളൂ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബോട്ടണി ഡിപാര്‍ട്‌മെന്റ് ഒരു പുതിയ ഇനം കാട്ടുവാഴ കണ്ടെത്തിയിരിക്കുന്നു. അലങ്കാര വാഴയിനമായി വളര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ള ഇനമാണിതെന്ന് ഗവേഷകര്‍ പറയുന്നു.
മൂസ അരുണാചലന്‍സിസ് (Musa arunachalensis) എന്നു നാമകരണം നടത്തിയിരിക്കുന്ന ഈ വാഴ അരുണാചല്‍ പ്രദേശിലെ പശ്ചിമ കാമെംഗ് ജില്ലയിലെ ഒരുയര്‍ന്ന പ്രദേശത്തുനിന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി ഡിപാര്‍ട്‌മെന്റ് തലവനായ പ്രൊഫ. ഡോ. എം. സാബുവാണ് ഗവേഷകസംഘത്തെ നയിച്ചത്. 'ഫൈറ്റോറ്റാക്‌സ' (Phytotaxa) എന്ന അന്താരാഷ്ട്ര സസ്യശാസ്ത്രമാസികയില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം വനാതിര്‍ത്തികളിലാണിവയുടെ സ്വാഭാവിക വളര്‍ച്ച. സാധാരണയായി ജനുവരി മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തിലാണ് ഇവ പൂവിട്ട് കായ്ക്കുന്നത്. വര്‍ഗസങ്കരണത്തിലൂടെയും മറ്റ് ജനിതവിദ്യകളിലൂടെയും ഇതിനെ ഭക്ഷ്യയോഗ്യമായ ഇനമായും മാറ്റിയെടുക്കാമെന്നും ഡോ. സാബു വിശദീകരിക്കുകയുണ്ടായി.
|
പ്രൊഫ. ഡോ. എം. സാബു |
വനനശീകരണവും വനഭൂമി വെട്ടിത്തെളിച്ച് കൃഷിക്കുപയോഗിക്കുന്നതും മറ്റും കൊണ്ട് ഈ ഇനം വാളകളുടെ സ്വാഭാവിക ആവാസഭൂമികള്‍ നശിക്കുകയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വാഴകള്‍ക്ക് കന്നുകളും വിത്തുകളും തീരെക്കുറവാണെന്നതും സ്ഥിതി മോശമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്ന് മാറ്റി മറ്റൊരിടത്ത് സംരക്ഷിക്കുകയെന്നത് ബുദ്ധിമുട്ടാണത്രേ! മറിച്ച് അവ നിലനില്‍ക്കുന്ന പ്രദേശത്തുതന്നെ വളരാന്‍ അനുവദിക്കുകയെന്നതാണ് ശരിയായ മാര്‍ഗ്ഗം.
നിരവധി ഇനം വാഴകള്‍ ധാരാളമായുള്ള രാജ്യമാണ് ഇന്ത്യ. വൈല്‍ഡ് മൂസ ഇനങ്ങളില്‍ പെട്ട കാട്ടുവാഴകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമഘട്ടവനപ്രദേശങ്ങളിലും ആന്‍ഡമാന്‍ നികോബാര്‍ ദ്വീപപ്രദേശങ്ങളിലുമൊക്കെ സമൃദ്ധമായുണ്ടത്രേ!
1892നുശേഷം കാട്ടുവാഴ ഇനങ്ങള്‍ ഇന്ത്യയില്‍ പുതിയതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നത് ഇപ്പോഴത്തെ കണ്ടെത്തലിന് പ്രാധാന്യമേറ്റുന്നു.