BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 19 October 2013

രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി...

മലയാള ചലച്ചിത്രഗാനരംഗത്ത് നവോത്ഥാനത്തിന് തരികൊളുത്തിയ സംഗീതസംവിധായകരില്‍ പ്രമുഖനായിരുന്ന കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. കഴിഞ്ഞ നാല് ദശകങ്ങളിലായി നാനൂറോളം മലയാള ചലച്ചിത്രഗാനങ്ങളെ തന്റെ മാസ്മരിക സംഗീതം കൊണ്ട് അനശ്വരമാക്കി ഈ യുഗപ്രഭാവന്‍.
1913ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ജനിച്ചു. മത്സ്യത്തൊഴിലാളിയായ കൃഷ്ണനും നാരായണിയും മാതാപിതാക്കള്‍. ചെറുപ്പത്തിലെ സംഗീതപഠനം ആരംഭിച്ചിരുന്നു. ഒപ്പം ഫുട്‌ബോള്‍ കളിയും ഹരമായി കൊണ്ടുനടന്നു. പിന്നീട് ഫുട്‌ബോള്‍ വിട്ട് സംഗീതവഴിയിലൂടെ മാത്രം നടന്നു.

ഓള്‍ ഇന്ത്യ റേഡിയോയില്‍ തംബുരു ആര്‍ട്ടിസ്റ്റായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1950ല്‍ ട്രാന്‍സ്ഫറായി കോഴിക്കോട് നിലയത്തിലെത്തിയ കാലം മുതലാണ് സിനിമ പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. കവിയും ഗാനരചയിതാവുമായ പി. ഭാസ്‌ക്കരനുമായുള്ള സൗഹൃദവും നിമിത്തമായി.  'കതിരുകാണാക്കിളി' ആണ് സംഗീതം നിര്‍വഹിച്ച ആദ്യ ചിത്രമെങ്കിലും പുറത്തുവന്ന ആദ്യ ചിത്രം 'നീലക്കുയില്‍' ആയിരുന്നു. അതിലെ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഹിറ്റ്  ഗാനം സംഗീതസംവിധായകന്‍ എന്ന നിലയിലും ഗായകന്‍ എന്ന നിലയിലും കെ. രാഘവന്‍ മാസ്റ്ററെ മലയാള സംഗീത ലോകത്ത് സുവര്‍ണലിപികളില്‍ അടയാളപ്പെടുത്തി.
ദക്ഷിണാമൂര്‍ത്തി സ്വാമിയും ദേവരാജനും ബാബുരാജും മറ്റും തിളങ്ങിനിന്ന കാലത്ത് സിനിമാഗാനങ്ങളില്‍ നാടന്‍ പാട്ടിന്റെ ചാരുത ഇണക്കിച്ചേര്‍ത്ത മാന്ത്രികവിദ്യയാണ് രാഘവന്‍ മാസ്റ്ററെ വ്യത്യസ്തനാക്കിയത്.  'എല്ലാരും ചൊല്ലണ്', 'മഞ്ഞണിപ്പൂനിലാവില്‍', 'മാനത്തെ കായലിന്‍', 'കരിമുകില്‍ കാട്ടിലെ', 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു'... മലയാളിയെ മയക്കിയ മാസ്റ്ററുടെ മാസ്റ്റര്‍ പീസുകള്‍ ഇങ്ങനെ അനവധി.
സിനിമാ ഗാനങ്ങള്‍ക്കുപരിയായി ഒരുപിടി നാടകഗാനങ്ങളെയും ലളിതഗാനങ്ങളെയും രാഘവസംഗീതം ജനഹൃദയങ്ങളില്‍ ശാശ്വതപ്രതിഷ്ഠ നല്‍കി. 'പാമ്പുകള്‍ക്ക് മാളമുണ്ട്...', 'തലയ്ക്കുമീതേ ശൂന്യാകാശം...', 'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...' തുടങ്ങിയ നാടകഗാനങ്ങള്‍ മലയാളികളെന്നെങ്കിലും മറക്കുമോ! മലയാളത്തിലെയും തമിഴിലെയും പ്രശസ്ത ഗായകരൊക്കെത്തന്നെ രാഘവന്‍ മാസ്റ്ററുടെ ഈണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. ഒപ്പം നിരവധി പുതുമുഖങ്ങള്‍ക്കും അദ്ദേഹം അവസരങ്ങള്‍ നല്‍കി.
1980ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1986ല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, 88ല്‍ കമുകറ പുരുഷോത്തമന്‍, ജെ. സി. ഡാനിയല്‍ അവാര്‍ഡുകള്‍, 2010ല്‍ പത്മശ്രീ... ഇങ്ങനെ നിരവധി പുരസ്‌കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തി.

 'നീലക്കുയില്‍' എന്ന ചിത്രത്തിലെ  
 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍
 എന്ന ഹിറ്റ് ഗാനം രാഘവന്‍  
   മാസ്റ്റര്‍ തന്നെ ആലപിച്ചത് യാദൃശ്ചികമായിട്ടാണ്. 
 ആ കഥ ശ്രീ. ടി. പി. ശാസ്തമംഗലം ഓര്‍മ്മിക്കുന്നു. 
ടി. പി. ശാസ്തമംഗലം
ആലുവാപ്പുഴയുടെ തീരത്തെ ഒരു വാടകവീട്ടിലായിരുന്നു പാട്ടെഴുത്തും ചിട്ടപ്പെടുത്തലുമെല്ലാം നടന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടി.കെ. പരീക്കുട്ടി, കഥാകൃത്ത് ഉറൂബ് എന്ന പി. സി. കുട്ടിക്കൃഷ്ണന്‍, ചിത്രത്തിന്റെ സംവിധായകരായ രാമു കാര്യാട്ട്, പി. ഭാസ്‌കരന്‍ (ഇദ്ദേഹമാണ് പാട്ടുകള്‍ എഴുതുന്നതും), സംഗീത സംവിധായകനായ കെ. രാഘവന്‍ എന്നിവരാണ് അവിടെ താമസിച്ചിരുന്നത്. പരീക്കുട്ടിക്ക് അന്ന് ചില വ്യാപാരങ്ങളുള്ളതിനാല്‍ മിക്ക ദിവസവും രാവിലെ എറണാകുളത്തുപോയി സന്ധ്യയ്ക്ക് തിരിച്ചെത്തും. ഗാനങ്ങള്‍ ഓരോന്നായി പിറക്കാന്‍ തുടങ്ങി. 
അങ്ങനെ ഒരു ദിവസം പരീക്കുട്ടി വന്നപ്പോള്‍ പി. ഭാസ്‌കരന്‍ പറഞ്ഞു: ''ടി. കെ., കായലരികത്തു വലവീശുന്ന 
ആ പാട്ടുണ്ടല്ലോ, അതു ശരിയാക്കിയിട്ടുണ്ട്.''
''എന്നാലൊന്ന് കേള്‍ക്കട്ടെ'' എന്നായി പരീക്കുട്ടി.
കെ. രാഘവന്‍ ഉച്ചത്തില്‍ ആ പാട്ടു പാടി. നിര്‍മ്മാതാവായ ടി. കെ. പരീക്കുട്ടിയുടെ മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുഖം സന്തോഷംകൊണ്ടു തുടുത്തു. 
ഇൗ പാട്ട് ആരു പാടും? അതായി അടുത്ത ചിന്ത. ഹാജി എന്നു വിളിക്കുന്ന കൊച്ചിക്കാരന്‍ അബ്ദുള്‍ ഖാദറിനാണ് നറുക്കു വീണത്. അതനുസരിച്ച് അദ്ദേഹം ആലുവായിലെ ആ വാടകവീട്ടിലെത്തി. ഹാജിക്ക് രാഘവന്‍ പാട്ടു പഠിപ്പിച്ചുകൊടുത്തു. പതിവുസന്ദര്‍ശനത്തിനെത്തിയ പരീക്കുട്ടിക്ക് എന്തോ ആ ഗായകന്റെ ആലാപനത്തില്‍ അത്ര തൃപ്തി പോരാ. അദ്ദേഹം സംഗീതസംവിധായകനായ കെ. രാഘവനോട് കാര്യം തുറന്നു പറഞ്ഞു. ക്ഷണിച്ചു വരുത്തിയ ആളെ പറഞ്ഞുവിടാനാകാതെ കെ. രാഘവന്‍ കുഴങ്ങി.
മദിരാശിയിലെ (ഇന്നത്തെ ചെന്നൈ) വാഹിനി സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഗാനാലേഖനം. പരീക്കുട്ടിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഹാജിയെത്തന്നെ കെ. രാഘവന്‍ പാടാനായി മദിരാശിയിലേക്കു വിളിപ്പിച്ചു. പാട്ടു പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ സമയം അര്‍ദ്ധരാത്രിയോടടുത്തു. രാത്രി ഒരു മണിക്ക് എല്ലാം തയാറാക്കി ഹാജിയെ കെ. രാഘവന്‍ പാടാന്‍ ക്ഷണിച്ചപ്പോള്‍ പരീക്കുട്ടി സമ്മതിച്ചില്ല. ''ഇൗ പാട്ട് മാഷ് (കെ. രാഘവന്‍ അന്നുമിന്നും സകലര്‍ക്കും രാഘവന്‍ മാഷാണ്.) തന്നെ പാടിയാല്‍ മതി'' എന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പാവം ഹാജി! അദ്ദേഹം മാറി നിന്നു. ഹാജിയെ ഒഴിവാക്കേണ്ടി വന്നതിന്റെ വ്യസനത്തോടെ നേരം വെളുത്തുതുടങ്ങിയപ്പോള്‍ കെ. 
രാഘവന്‍ ഒറ്റയടിക്ക് പാടി. അങ്ങനെ 'കായലരികത്ത്' എന്ന ഗാനം കെ. രാഘവന്റെ ശബ്ദത്തില്‍ തന്നെ പിറന്നു.

Wednesday, 16 October 2013

ഒരു ദിവസത്തെ ജോലി...8 ലക്ഷം കൂലി!

അംബാനിയുടെ കാര്യമെന്നുമല്ല ഈ പറയുന്നത്. നിങ്ങളേപ്പോലുള്ള ഒരു സാധാരണക്കാരന്റെ കാര്യമാണ്.

സംഗതി ഇത്രയേയുള്ളൂ. 21 വയസ്സുള്ള അരുള്‍ കുമാര്‍ സാധാരണ കുടുബത്തില്‍നിന്നുള്ള ഒരു ചെറുപ്പക്കാരന്‍. തമിഴ്‌നാട്ടിലെ സേലത്താണ് വീട്. എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. ഇന്റര്‍നെറ്റിലെ പ്രധാന വെബ്‌സൈറ്റുകളുടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെയുമൊക്കെ സെക്യൂരിറ്റി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുന്നത് ഇഷ്ടന്റെ ഒരു ഇഷ്ട വിനോദമായിരുന്നു. ഒരു കൊച്ചു കട നടത്തുന്ന അച്ഛന്‍ കഷ്ടപ്പെട്ട് വാങ്ങിക്കൊടുത്ത ലാപ്‌ടോപ്പില്‍ ഇങ്ങനെ 'ടെസ്റ്റ്' കളിക്കുന്നതിനിടയിലാണ് അരുളിന് അരുളപ്പാടുണ്ടാവുന്നത്. ഫേസ്ബുക്കില്‍ ഒരു ചെറിയ പിശക് കിടക്കുന്നു. ഒരാള്‍ ചേര്‍ത്ത ഫോട്ടോ വേണമെന്നുവച്ചാല്‍ വേറൊരാള്‍ക്ക് പുല്ലുപോലെ ഡിലീറ്റ് ചെയ്യാം. ഇതുവരെ ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞുകൊണ്ടിരുന്നത് ഫോട്ടോ ഇട്ട ആള്‍ക്ക് അത് ഡിലീറ്റ് ചെയ്യാം. അല്ലെങ്കില്‍  ഫേസ്ബുക്കിന് കൃത്യമായി റിക്വസ്റ്റ് നല്‍കി ഡിലീറ്റ് ചെയ്യാം എന്നൊക്കെയാണല്ലോ. പിശക് കാണിച്ച് വിശദമായി ഫേസ്ബുക്കിനെ അറിയിച്ചു. പക്ഷേ അവര്‍ക്ക് ബോധ്യമായില്ല. 'അങ്ങനെയൊരു തെറ്റും ഞങ്ങളുടെ പ്രോഗ്രാമുകളിലില്ല', അവര്‍ അരുള്‍ കുമാറിനെ മൈന്‍ഡ് ചെയ്തില്ല. അരുള്‍ വിട്ടില്ല. തെറ്റ് എങ്ങനെ എന്ന് വിശദമാക്കി വീഡിയോ സഹിതം വീണ്ടും അയച്ചു. ഇത്തവണ 'കിളി പോയത്' ഫേസ്ബുക്ക് വിദഗ്ധര്‍ക്കാണ്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി.


തീര്‍ന്നില്ല... തങ്ങളുടെ ബുദ്ധിരാക്ഷസന്മാര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന കാര്യം കണ്ടുപിടിച്ച മിടുക്കന് അവര്‍ നന്നായി ചെലവുചെയ്തു! 'വെറും' 8 ലക്ഷം രൂപ അരുളിന് അയച്ചുകൊടുത്തു!
അങ്ങനെ രൊറ്റ ദിവസത്തെ ജോലിക്ക് കൂലി എട്ട് ലക്ഷം...

Tuesday, 15 October 2013

അന്‍പന്‍മാനെ സൃഷ്ടിച്ച തകാഷി അന്തരിച്ചു

ജപ്പാനിലെ ഏറ്റവും പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രം അന്‍പന്‍മാനെ സൃഷ്ടിച്ച കാര്‍ട്ടൂണിസ്റ്റ് തകാഷി യനസെ അന്തരിച്ചു.
 അന്‍പന്‍മാന്‍ 
ജപ്പാനിലെ ഏറ്റവും ജനപ്രിയ ലഘുഭക്ഷണമായ അന്‍പന്‍ എന്നറിയപ്പെടുന്ന ബീന്‍സ് നിറച്ച റൊട്ടിയാണ് കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറിയത്. ഈ രൂപത്തിലുള്ള തലയുമായി രംഗത്തെത്തിയ കാര്‍ട്ടൂണ്‍ കഥാപാത്രം അന്‍പന്‍മാന്‍ പെട്ടെന്നുതന്നെ കുട്ടികളെ കീഴടക്കി. 1969ലാണ് ഇത് ചിത്രകഥയായത്. പിന്നീട് ടെലിവിഷന്‍ പരമ്പരയായും പ്രശസ്തമായി.

തകാഷി യനസെ

അന്‍പന്‍
അന്‍പന്‍മാന്‍ കാര്‍ട്ടൂണ്‍ വീഡിയോ കാണാം...


ബുക്കര്‍ പ്രൈസിന്റെ 'തിളക്കം' ന്യൂസിലന്‍ഡിലേക്ക്

ന്യൂസിലന്‍ഡ് എഴുത്തുകാരി എലനോര്‍ കാറ്റണിന്  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സാഹിത്യ സമ്മാനം. 'ദ ലൂമിനറീസ്' എന്ന കൃതിക്കാണ് സമ്മാനം. ഇതോടെ ഈ പുരസ്‌ക്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി എലനോര്‍ നേടി. ഒപ്പം, എണ്ണൂറില്‍പ്പരം പേജുകളുള്ള 'ദ ലൂമിനറീസ്' ബുക്കര്‍ നേടുന്ന ഏറ്റവും വലിയ കൃതിയുമായി.


കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ എഴുത്തുകാരെ മാത്രമായിരുന്നു ഇതുവരെ ബുക്കര്‍ പ്രൈസിന് പരിഗണിച്ചിരുന്നുള്ളൂ. അടുത്ത വര്‍ഷംമുതല്‍ ലോകത്തെവിടെനിന്നുമുള്ള എഴുത്തുകാര്‍ക്ക് മത്സരിക്കാം. അങ്ങനെ നോക്കുമ്പോള്‍ എലനോര്‍ ഈ ഗണത്തിലെ അവസാന ബുക്കര്‍ വിജയി എന്ന നിലയിലും ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു.
'ദ ലൂമിനറീസ്' എലനോറിന്റെ രണ്ടാമത്തെ നോവലാണ്. 2008ല്‍ പ്രസിദ്ധീകൃതമായ 'ദ റിഹേഴ്‌സല്‍' ആണ് ആദ്യ നോവല്‍. ബുക്കര്‍ പ്രൈസിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരമാണ് ഇത്തവണയുണ്ടായതെന്നാണ് ജ്യൂറി നല്‍കുന്ന വിവരം. ഇന്ത്യന്‍ എഴുത്തുകാരി ജുംപ ലാഹിരിയുടെ 'ദ ലോലാന്‍ഡ്' അടക്കം മികച്ച ചില കൃതികളെ കടത്തിവെട്ടിയാണ് ലൂമിനറീസ് അവാര്‍ഡ് നേടിയത്.


1985ല്‍ കാനഡയിലെ ഒന്റോറിയയില്‍ ജനിച്ച എലനോര്‍ ആറാം വയസ്സിലാണ് ന്യൂസിലന്‍ഡിലേക്ക് എത്തിയത്. 1985ല്‍ തന്നെ ബുക്കര്‍ നേടിയ കെറി ഹ്യൂമിനുശേഷം ('ദ ബോണ്‍ പീപ്പിള്‍') ഈ ബഹുമതി കരസ്ഥമാക്കുന്ന ന്യൂസിലന്‍ഡില്‍നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് എലനോര്‍.

ഫിലിനും ചില ദുരന്തനിവാരണപാഠങ്ങളും...

പ്രൊഫ. എസ്. ശിവദാസ്‌

ഒരു രാജ്യത്തിന്റെ അഭിമാനം വാനോളം ഉയരുന്ന സന്ദര്‍ഭങ്ങള്‍ വിരളമായേ ഉണ്ടാകാറുളളൂ. ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയം അത്തരമൊന്നായിരുന്നു. പിന്നീട് ഇന്ത്യക്കാര്‍ക്ക് അങ്ങനെ ലോകത്തിനു മുമ്പില്‍ തല ഉയര്‍ത്തിനില്ക്കാനുളള ഒരു അവസരം കൂടി ഇതാ ഇപ്പോള്‍ ‘ഫിലിന്‍’ കൊടുങ്കാറ്റ് സമ്മാനിച്ചിരിക്കുന്നു.


ഇന്ത്യക്കാര്‍ നമ്മുടെ കാലാവസ്ഥാശാസ്ത്രജ്ഞന്മാരെ കളിയാക്കുന്നതില്‍ ആനന്ദം കാണുന്നവരാണ്. ‘നാളെ രാവിലെ വരെ മഴ പെയ്യാനോ പെയ്യാതിരിക്കാനോ സാധ്യതയുണ്ട’് ഈ മട്ടിലാണ്അവരുടെ പ്രവചനം എന്നു പറഞ്ഞാണ് കളിയാക്കല്‍. എന്നാല്‍ ഇനി ആ തമാശപറച്ചില്‍ നമുക്കു നിര്‍ത്താം. പകരം ലോകത്തെ ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ മുന്നില്‍ തല ഉയര്‍ത്തി നിന്നു പറയാം; ഞങ്ങള്‍ ആണ് നമ്പര്‍വണ്‍.
1999 ല്‍ ഒഡീഷാ തീരത്ത് ഒരു ചുഴലിക്കാറ്റടിച്ചപ്പോള്‍ മരിച്ചത് പതിനയ്യായിരത്തിലേറെപ്പേരായിരുന്നു. 2013 ഒക്‌ടോബറില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷങ്ങള്‍ മരിച്ചേനെ. അതുണ്ടായില്ല. അതിനു കാരണം ഇന്ത്യയില്‍ അരങ്ങേറിയ ശാസ്ത്രീയമായ, അതിവിപുലമായ രക്ഷാപ്രവര്‍ത്തനമായിരുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാര്‍ കൊടുങ്കാറ്റിന്റെ കൃത്യമായ വേഗതയും ഗതിയും കണക്കുകൂട്ടി പ്രവചിച്ചു. വിദേശത്തെ ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകൂട്ടലുകളെ നാം അവഗണിച്ചു. കാറ്റിന്റെ തീവ്രത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കുറച്ചു കാണുന്നു എന്ന ആരോപണമുണ്ടായി. എന്നിട്ടും, കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൃത്യമായ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കൃത്യമായ പ്രവചനം നടത്തുന്നതില്‍ വിജയിക്കുകയായിരുന്നു.


ഇന്ത്യക്ക് എന്നും അഭിമാനിക്കാം. ഏറ്റവും സങ്കീര്‍ണ്ണമായ, ഏറ്റവും ആധുനികമായ, ഏറ്റവുമധികം വെല്ലുവിളികള്‍ നിറഞ്ഞ, കാലാവസ്ഥാപ്രവചനരംഗത്ത് ലോകത്തെ ഒന്നാംകിട സംവിധാനം ഈ രാജ്യത്തുണ്ട് എന്നതില്‍ ഇനി ലോകരാഷ്ട്രങ്ങള്‍ക്കു സംശയമുണ്ടാവുകയില്ല.
ഇത്തരം ദുരന്തങ്ങളെ ഒഴിവാക്കാനാവുകയില്ല. ശാസ്ത്രീയമായ മുന്‍കരുതലുകളിലൂടെ മരണസംഖ്യ പരിമിതപ്പെടുത്താനേ കഴിയൂ. പിന്നീടുവേണ്ടത് നാശനഷ്ടങ്ങള്‍ക്കു പരിഹാരമുണ്ടാക്കുകയെന്നതാണ്. അതിലും ഇന്ത്യ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കും എന്ന് നമുക്ക് ആശിക്കാം.


ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത് എന്താണ്? അസാധ്യമായി ഒന്നുമില്ല. (Nothing is impossible). അത് പാഠം ഒന്ന്.
ഒരു വലിയ പാഠവും കൂടി നാം പഠിക്കണം. ശാസ്ത്രസാങ്കേതികരംഗങ്ങളില്‍ മുതല്‍മുടക്കുന്നത് പ്രയോജനപ്രദമാണ് എന്ന പാഠം. എന്തിനാണിത്ര പണം ചെലവാക്കി ഉപഗ്രഹസംവിധാനങ്ങള്‍? കമ്പ്യൂട്ടര്‍ ശൃംഖലകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്? റഡാര്‍ കണ്ണുകളെ ഇരുപത്തിനാലു മണിക്കൂറും തുറന്നുവച്ചുകൊണ്ടിരിക്കുന്നത്? വലിയ തോതില്‍ പണം ശുദ്ധശാസ്ത്രഗവേഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്! എപ്പോഴും സാധാരണക്കാര്‍ ചോദിക്കുന്ന ആ ചോദ്യങ്ങള്‍ക്കെല്ലാമുളള മറുപടി ഇതാ. ലക്ഷക്കണക്കിനു മനുഷ്യരുടെ രക്ഷയ്ക്കും സംതൃപ്തിയോടെയുളള ജീവിതത്തിനും ആ ചെലവ് കൂടിയേ കഴിയൂ. ശാസ്ത്രസാങ്കേതികവിദ്യകളെ ഒഴിവാക്കി ഒരു രാജ്യത്തിനും ഇനി നിലനില്‍പ്പില്ല.
അപ്പോള്‍ പാഠം മൂന്നും വ്യക്തം. ശാസ്ത്രസാങ്കേതികരംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുളള യുവാക്കള്‍ ഇന്ത്യയില്‍ വേണം.
അതിനോ കുട്ടികളേ നിങ്ങള്‍ നന്നായി പഠിക്കുവിന്‍, ശാസ്ത്രം!

Monday, 14 October 2013

ആസ്‌തിമൂല്യം അളന്ന മൂവര്‍ സംഘത്തിന്‌ സാമ്പത്തിക നോബല്‍

സാമ്പത്തികശാസ്‌ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌ക്കാരം മൂന്ന്‌ അമേരിക്കന്‍ സാമ്പത്തിക വിദഗ്‌ധര്‍ക്ക്‌ . ഷിക്കാഗോ സര്‍വകലാശായിലെ പ്രൊഫസര്‍മാരായ യൂജിന്‍ എഫ്‌. ഫാമ, ലാര്‍സ്‌ പീറ്റര്‍ ഹാന്‍സന്‍ എന്നിവരും യേല്‍ സര്‍വകലാശാലയിലെ പ്രൊഫസറായ റോബര്‍ട്ട്‌ ജെ. ഷില്ലറുമാണ്‌ നോബല്‍ പുരസ്‌ക്കാരം പങ്കുവച്ചത്‌. 
റോബര്‍ട്ട്  ഷില്ലര്‍, ലാര്‍സ് ഹാന്‍സന്‍, യൂജിന്‍ ഫാമ എന്നിവര്‍
ആസ്‌തിമൂല്യം വിലയിരുത്താനുള്ള നൂതനവും പ്രായോഗികവുമായ രീതി വികസിപ്പിച്ചതിനാണ്‌ ഇവര്‍ സമ്മാനിതരായത്‌. ഓഹരികളുടെയും കടപ്പത്രങ്ങളുടെയും ഭാവി പ്രവചിക്കുന്നതിനും മറ്റും ഇവര്‍ മുന്നോട്ടുവച്ച രീതി കൂടുതല്‍ ഫലപ്രദമാണെന്ന്‌ നോബല്‍ സമ്മാനസമിതി പ്രഖ്യാപനത്തില്‍ പറഞ്ഞു.
നിക്ഷേപത്തിന്റെ സാമ്പത്തിക വശങ്ങളേക്കുറിച്ച്‌ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 74കാരനായ ഫാമ `ആധുനിക ധനകാര്യ ശാസ്‌ത്രത്തിന്റെ പിതാവ്‌ 
("father of modern finance.") എന്നാണറിയ പ്പെടുന്നത്‌. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്രവിഭാഗത്തിലെ ഇന്‍സ്റ്റിറ്റിയൂട്ട്  റിസര്‍ച്ച്  കൗണ്‍സിലിന്റെ അധ്യക്ഷനാണ്  60കാരനായ ഹാന്‍സന്‍. ഇപ്പോള്‍ 67 വയസ്സുള്ള റോബര്‍ട്ട് ഷില്ലര്‍ അമേരിക്കന്‍  റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വിലനിര്‍ണയത്തിന്റെ ഏറ്റവും പ്രമുഖ മാനദണ്ഡങ്ങളിലെന്നായ കേസ്-ഷില്ലര്‍ ഇന്‍ഡക്‌സിന്റെ ഉപജ്ഞാതാക്കളിലൊരാളു മാണ്.

Top News

Labour India