BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Nobel Prize 2013. Show all posts
Showing posts with label Nobel Prize 2013. Show all posts

Monday, 14 October 2013

ആസ്‌തിമൂല്യം അളന്ന മൂവര്‍ സംഘത്തിന്‌ സാമ്പത്തിക നോബല്‍

സാമ്പത്തികശാസ്‌ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌ക്കാരം മൂന്ന്‌ അമേരിക്കന്‍ സാമ്പത്തിക വിദഗ്‌ധര്‍ക്ക്‌ . ഷിക്കാഗോ സര്‍വകലാശായിലെ പ്രൊഫസര്‍മാരായ യൂജിന്‍ എഫ്‌. ഫാമ, ലാര്‍സ്‌ പീറ്റര്‍ ഹാന്‍സന്‍ എന്നിവരും യേല്‍ സര്‍വകലാശാലയിലെ പ്രൊഫസറായ റോബര്‍ട്ട്‌ ജെ. ഷില്ലറുമാണ്‌ നോബല്‍ പുരസ്‌ക്കാരം പങ്കുവച്ചത്‌. 
റോബര്‍ട്ട്  ഷില്ലര്‍, ലാര്‍സ് ഹാന്‍സന്‍, യൂജിന്‍ ഫാമ എന്നിവര്‍
ആസ്‌തിമൂല്യം വിലയിരുത്താനുള്ള നൂതനവും പ്രായോഗികവുമായ രീതി വികസിപ്പിച്ചതിനാണ്‌ ഇവര്‍ സമ്മാനിതരായത്‌. ഓഹരികളുടെയും കടപ്പത്രങ്ങളുടെയും ഭാവി പ്രവചിക്കുന്നതിനും മറ്റും ഇവര്‍ മുന്നോട്ടുവച്ച രീതി കൂടുതല്‍ ഫലപ്രദമാണെന്ന്‌ നോബല്‍ സമ്മാനസമിതി പ്രഖ്യാപനത്തില്‍ പറഞ്ഞു.
നിക്ഷേപത്തിന്റെ സാമ്പത്തിക വശങ്ങളേക്കുറിച്ച്‌ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 74കാരനായ ഫാമ `ആധുനിക ധനകാര്യ ശാസ്‌ത്രത്തിന്റെ പിതാവ്‌ 
("father of modern finance.") എന്നാണറിയ പ്പെടുന്നത്‌. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്രവിഭാഗത്തിലെ ഇന്‍സ്റ്റിറ്റിയൂട്ട്  റിസര്‍ച്ച്  കൗണ്‍സിലിന്റെ അധ്യക്ഷനാണ്  60കാരനായ ഹാന്‍സന്‍. ഇപ്പോള്‍ 67 വയസ്സുള്ള റോബര്‍ട്ട് ഷില്ലര്‍ അമേരിക്കന്‍  റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വിലനിര്‍ണയത്തിന്റെ ഏറ്റവും പ്രമുഖ മാനദണ്ഡങ്ങളിലെന്നായ കേസ്-ഷില്ലര്‍ ഇന്‍ഡക്‌സിന്റെ ഉപജ്ഞാതാക്കളിലൊരാളു മാണ്.

Friday, 11 October 2013

രാസായുധ വിരുദ്ധസംഘടനയ്ക്ക് സമാധാന നോബല്‍

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (OPCW) എന്ന സംഘനയ്ക്ക്.
ഒപിസിഡബ്ല്യുവിന്റെ ഹേഗിലെ ആസ്ഥാനമന്ദിരം
അടുത്തകാലത്ത് സിറിയയില്‍ നടന്നതായി പറയപ്പെടുന്ന രാസായുധ പ്രയോഗം ഇത്തരമൊരു സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ മൂല്യവും ആവശ്യകതയും വര്‍ധിപ്പിക്കുന്നതായി നോബല്‍ കമ്മിറ്റി വിലയിരുത്തി. 
നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസഥാനമായി 1997 ല്‍ രൂപീകൃതമായ ഈ സംഘടന ലോകമെമ്പാടും രാസായുധ നിര്‍മാര്‍ജനത്തിനായി പരിശ്രമിക്കുന്നു. 189 അംഗരാഷ്ട്രങ്ങളുണ്ട് ഇപ്പോള്‍ ഈ സംഘടനയില്‍. അടുത്തയിടെ രാസായുധപ്രയോഗം കൊണ്ട് കുപ്രസിദ്ധി നേടിയ സിറിയയും സംഘനയില്‍ അംഗമായതിനു പിറകേയാണ് നോബല്‍ അവാര്‍ഡ് പ്രഖ്യാപനവും വരുന്നത് എന്നത് യാദൃച്ഛികമായി. സിറിയയിലെ രാസായുധങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്ന ജോലി ഇപ്പോഴും ഒപിസിഡബ്ല്യുവിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
ഇക്കഴിഞ്ഞ 16 വര്‍ഷങ്ങള്‍കൊണ്ട് ഈ സംഘടന ഏതാണ്ട് 57000 ടണ്‍ രാസായുധങ്ങള്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയെന്ന് കണക്കുകള്‍ പറയുന്നു. ശീതയുദ്ധത്തിന്റെ തുടര്‍ച്ചയായി അമേരിക്കയും റഷ്യയും സംഭരിച്ചു സൂക്ഷിച്ചതാണ് ഇതില്‍ ഏറിയ പങ്കും. 
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1993ല്‍ ചേര്‍ന്ന രാസായുധ കണ്‍വെന്‍ഷനെ തുടര്‍ന്നാണ് ഇത്തരമൊരു സംഘടന രൂപീകരിക്കാന്‍ തീരുമാനമായത്. ഇതൊരു യു എന്‍ ഏജന്‍സി അല്ലെ ങ്കിലും നയരൂപീകരണത്തിലും നടപടികളിലും യുഎന്നുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. 2000 സെപ്റ്റംബര്‍ 7ന് ഇരു സംഘടനകളും ഒരു സഹകരണ ഉടമ്പടി ഒപ്പുവച്ചിട്ടുമുണ്ട്. 

ഒപിസിഡബ്ല്യുവിന്റെ ഡയറക്ടര്‍ ജനറല്‍ അഹ്‌മെത് ഉസുംസു
ഒപിസിഡബ്ല്യുവിന്റെ പ്രവര്‍ത്തനനേതൃത്വം ഡയറക്ടര്‍ ജനറലിനാണ്. ബ്രസീലുകാരനായ ജോസ് ബുസ്താനിയായിരുന്നു ആദ്യ ഡയറക്ടര്‍ ജനറല്‍. ടര്‍ക്കിക്കാരനായ അഹ്‌മെത് ഉസുംസു ഇപ്പോഴത്തെ ഡയറക്ടര്‍ ജനറലും. ചില മലയാളികളും ഈ സംഘനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതില്‍ നമുക്കും അഭിമാനിക്കാം.




Thursday, 10 October 2013

ചെറുകഥകളുടെ റാണിക്ക് സാഹിത്യ നോബല്‍

സമകാലിക ചെറുകഥാ ലോകത്തെ കുലപതി എന്ന് നിരൂപകര്‍ വാഴ്ത്തുന്ന കനേഡിയന്‍ എഴുത്തുകാരി ആലീസ് ആന്‍ മണ്‍റോയ്ക്ക് സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.


1901ല്‍ നോബല്‍ സാഹിത്യ സമ്മാനം ഏര്‍പ്പെടുത്തിയശേഷം ഇത് കരസ്ഥമാക്കുന്ന പതിമൂന്നാമത്തെ വനിതയും ആദ്യ കാനഡക്കാരിയുമാണ് ആലീസ്. കാനഡയിലെ ഒന്റോറിയയിലുള്ള വിങ്ഹാം എന്ന സ്ഥലത്ത് 1931 ജൂലൈ 10നാണ് ആലീസ് ജനിച്ചത്. ഇപ്പോള്‍ 82വയസ്സുണ്ട്.
'കാനഡയുടെ ആന്റണ്‍ ചെക്കോവ്' എന്ന് വിശേഷിപ്പിക്കപെടുന്ന ആലീസ് ചെറിയ ചുറ്റുപാടുകളില്‍ ജീവിതം തളച്ചിടേണ്ടി വരുന്ന യുവതികളുടെ സംഘര്‍ഷങ്ങളും മറ്റുമാണ് കൂടുതലും തന്റെ കൃതികളിലൂടെ കൈകാര്യം ചെയ്തിട്ടുള്ളത്. കൗമാരകാലത്തുതന്നെ കഥകളെഴുതിത്തുടങ്ങിയ ആലീസിന്റെ ആദ്യ കഥ, 'ദി ഡയമെന്‍ഷന്‍സ് ഓഫ് എ ഷാഡോ' പ്രസിദ്ധീകൃതമായത് 1950ലാണ്. 1968ല്‍ പുറത്തിറങ്ങിയ 'ഡാന്‍സ് ഓഫ് ദ ഹാപ്പി ഷേഡ്‌സ്' ആണ് ആദ്യ കഥാസമാഹാരം. അതിന് കാനഡയുടെ പരമോന്നത സാഹിത്യ പുരസ്‌ക്കാരമായ ഗവര്‍ണര്‍ ജനറല്‍സ് അവാര്‍ഡ് ലഭിച്ചു. ഈ അവാര്‍ഡ് മൂന്ന് തവണ നേടി ഇവര്‍. 2009ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചു. കൂടാതെ പ്രശസ്തമായ ദ കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസും നേടിയിട്ടുണ്ട്.

നേട്ടങ്ങള്‍ക്കൊക്കെ നടുവിലും അഭിമുഖങ്ങളോടും പൊതു ഇടങ്ങളോടും അസാധാരണമായ അകല്‍ച്ച പാലിച്ച പ്രത്യേക വ്യക്തിത്വമായിരുന്നു ഈ കഥാകാരി.
2012ല്‍ പ്രസിദ്ധീകരിച്ച 'ഡിയര്‍ ലൈഫ്' ആണ് അവസാനകൃതി. 'ലൈവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വിമന്‍', 'ഹു ഡു യു തിങ്ക് യു ആര്‍', 'ദ പ്രോഗ്രസ് ഓഫ് ലവ് ആന്‍ഡ് റണ്‍എവേ', 'ദ ബെഗര്‍ മെയ്ഡ്' തുടങ്ങിയവയൊക്കെയാണ് മറ്റു പ്രധാന കൃതികള്‍.
കഴിഞ്ഞ വര്‍ഷം ചൈനീസ് നോവലിസ്റ്റ് മോ യാന്‍ ആയിരുന്നു നോബല്‍ സാഹിത്യ വിജയി.


Wednesday, 9 October 2013

രസതന്ത്രത്തെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിന് നോബല്‍ സമ്മാനം...

സതന്ത്രപരീക്ഷണങ്ങളെ സൈബര്‍ ലോകത്തേയ്ക്ക് കൊണ്ടുവരുന്നതിന് അടിത്തറപാകിയ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ മൈക്കല്‍ ലെവിറ്റ്, സ്ട്രാസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ആസ്ട്രിയന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ കാര്‍പ്ലസ്, സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഇസ്രയേല്‍ വംശജനായ ആര്യേ വാര്‍ഷല്‍  എന്നിവരാണ് രസതന്ത്രനോബല്‍ പങ്കിട്ടത്. 

ആര്യേ വാര്‍ഷല്‍, മൈക്കല്‍ ലെവിറ്റ്, മാര്‍ട്ടിന്‍ കാര്‍പ്ലസ് എന്നിവര്‍
ഇവര്‍ മൂവരും സങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍ സിമുലേഷന്‍സ് വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഈ ഗവേഷണങ്ങള്‍ക്കിടയില്‍ പുതിയതരം മരുന്നുകള്‍ വികസിപ്പിക്കുന്നതിന് അടിത്തറയൊരുക്കുന്നതിനും ഇവര്‍ക്ക് സാധിച്ചു. 1970കളില്‍ ഇവര്‍ നടത്തിയ ഗവേഷണങ്ങള്‍ പച്ചിലകളില്‍ നടക്കുന്ന പ്രകാശസംശ്ലേഷണം, വിവിധ സ്രോതസുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങളുടെ ശുദ്ധീകരണം തുടങ്ങിയവയുടെയൊക്കെ രാസപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചിത്രീകരിക്കുന്നതിന് പിന്നീട് ശാസ്ത്രകാരന്മാര്‍ക്ക് സഹായകമായി. ന്യൂട്ടണ്‍ മുന്നോട്ടുവച്ച ക്ലാസിക്കല്‍ ഫിസിക്‌സും അതുമായി അടിസ്ഥാനപരമായി ബന്ധമില്ലാത്ത ക്വാണ്ടം ഫിസിക്‌സും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഇവരുടെ കണ്ടെത്തലുകള്‍ സഹായകരമായതായി നോബല്‍ കമ്മറ്റി പറയുന്നു.

Tuesday, 8 October 2013

ഭൗതിക നോബല്‍ തീരുമാനത്തില്‍ 'ദൈവത്തിന്റെ കൈ'...!

വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ദൈവകണത്തിന്റെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞര്‍ക്ക്. പ്രപഞ്ചത്തിന്റെ അടിസ്ഥാനകണം എന്ന് പറയപ്പെടുന്ന ഹിഗ്‌സ് ബോസോണിന്റെ സാന്നിധ്യം പ്രവചിച്ച പീറ്റര്‍ ഡബ്ലിയു. ഹിഗ്‌സും ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും നോബല്‍ സമമാനം പങ്കുവയ്ക്കും. പീറ്റര്‍ ഹിഗ്‌സ് 1929ല്‍ ബ്രിട്ടനില്‍ ജനിച്ചു. 1932ല്‍ ബെല്‍ജിയത്തിലാണ് ഇംഗ്ലര്‍ട്ട് ജനിച്ചത്.
ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും(ഇടത്ത്) പീറ്റര്‍ ഹിഗ്‌സും
1964ലാണ് ഇത്തരമൊരു കണത്തിന്റെ സാധ്യത പീറ്റര്‍ ഹിഗ്‌സ് പ്രവചിക്കുന്നത്. ഇതിനടിസ്ഥാനമായതോ 1924ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് മുന്നോട്ടുവച്ച കണികാസാദ്ധാന്തവും. അതുകൊണ്ടാണ് ആ കണത്തിന് ഹിഗ്‌സ് ബോസോണ്‍ കണം എന്നു പേരിട്ടതുതന്നെ. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍), ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ കണത്തിന്റെ സാന്നിധ്യം ഉറപ്പാക്കപ്പെട്ടത്.

എന്താണ് ഹിഗ്‌സ് ബോസോണ്‍ കണം? 
വിശദീകരണം കേള്‍ക്കൂ...

Nobel Prize2013

                    

Monday, 7 October 2013

റോത്മാന്‍, ഷെക്മാന്‍, സൂഡോഫ് എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബല്‍

2013ലെ വൈദ്യശാസ്ത്ര നോബല്‍ വിജയികള്‍: യഥാക്രമം ഷെക്മാന്‍, സൂഡോഫ്, റോത്മാന്‍  എന്നിവര്‍
മേരിക്കക്കാരായ ജെയിംസ് റോത്മാന്‍, റാന്‍ഡി ഷെക്മാന്‍ എന്നിവരും ജര്‍മന്‍കാരനായ തോമസ് സൂഡോഫും വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌ക്കാരം പങ്കിട്ടു.
കോശങ്ങള്‍ അവയ്ക്കുള്ളിലെ പദാര്‍ത്ഥസംവഹനസംവിധാനം രൂപപ്പെടുത്തുന്നതെങ്ങനെ എന്നവിഷയത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്കാണ് ഇവര്‍ക്ക് നോബല്‍ ലഭിക്കുന്നത്.
കോശങ്ങളിലെ സംവഹനസംവിധാനത്തിന്റെ തകര്‍ച്ചയും നാഡീരോഗങ്ങള്‍, പ്രമേഹം, രോഗപ്രതിരോധസംവിധാനത്തിനുണ്ടാകുന്ന തകരാറുകള്‍ എന്നിവയും തമ്മിലുള്ള ബന്ധ ത്തെക്കുറിച്ചുള്ള സുവ്യക്തമായ ഇവര്‍ തങ്ങളുടെ ഗവേഷണങ്ങളിലൂടെ ലോകത്തിന് നല്‍കിയിരിക്കുന്നത്. ഉദാഹരണമായി ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നതെ ങ്ങനെയെന്നും അതിനെ എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എങ്ങനെയാണ് എത്തി ച്ചുകൊടുക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. 
മനുഷ്യശരീരത്തെപ്പറ്റിയുള്ള ഗ്രാഹ്യം മെച്ചപ്പെടുത്തുന്നതുവഴി നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം, രോഗപ്രതിരോധസംവിധാനത്തിനുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയ വയെ നേരിടുന്നതില്‍ ഇവരുടെ കണ്ടെത്തലുകള്‍ വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രസക്തമാണ്.
1.2 മില്ല്യന്‍ ഡോളര്‍ വരുന്ന സമ്മാനത്തുക ഇവര്‍ക്ക് തുല്ല്യമായി വീതിച്ചു നല്‍കും. ഇത് രൂപക്കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 74,256,000 (ഏഴുകോടി നാല്പത്തിരണ്ടുലക്ഷത്തി അന്‍പത്താറായിരം രൂപ!) വരും.

Top News

Labour India