BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 10 August 2013

ഇനി വണ്ടിയോടും... വയര്‍ലെസ് വൈദ്യുതിയില്‍...

പരമ്പരാഗത ഊര്‍ജ്ജസ്രോതസുകളെ ഇനി അധികം വിശ്വസിക്കാന്‍ പറ്റില്ല എന്നും ഇതുവരെ കണ്ടെത്തിയ അത്തരം സ്രോതസുകളൊക്കെ തീര്‍ന്നുതുടങ്ങിയെന്നും നമുക്കറിയാം. എന്നാല്‍ പകരം സംവിധാനങ്ങളൊന്നും അത്രയ്ക്കങ്ങ് ഫലപ്രദമായിട്ടുമില്ല. ഇലക്ട്രിക് വാഹനങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രധാനമായും രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന്, ഇത്തരം വാഹനങ്ങള്‍ക്ക് വലിയ വിലയേറിയ ബാറ്ററികള്‍ അനിവാര്യമായിരിക്കുന്നു. മറ്റൊന്ന് ഇപ്പോഴും ചാര്‍ജിംഗ് സെന്ററുകളും മറ്റും വേണ്ടത്രയില്ലാത്തതിനാല്‍ ഇത്തരം വണ്ടികളില്‍ ഗ്യാസിലോ പെട്രോളിലോ മറ്റോ പ്രവര്‍ത്തിക്കുന്ന മറ്റൊരു എന്‍ജിന്‍ കൂടി ഘടിപ്പിക്കേണ്ടിവരുന്നു എന്നതാണ്. അല്ലെങ്കില്‍ ദീര്‍ഘദൂരം താണ്ടേണ്ട ഘട്ടങ്ങളില്‍ വഴിയില്‍ കിടക്കാനുള്ള സാധ്യതകളുണ്ട്. ഇതിനെല്ലാം മറുപടിയുമായി ഇതാ കൊറിയയില്‍നിന്നൊരു പുതിയ സാങ്കേതികവിദ്യ എത്തിയിരിക്കുന്നു.

വണ്ടികളുടെ ബാറ്ററിക്ക് അതോടുന്ന വഴിയില്‍നിന്നുതന്നെ ചാര്‍ജ് കിട്ടുന്ന സാങ്കേതികവിദ്യയാണ് ദക്ഷിണകൊറിയയില്‍നിന്ന് വരുന്നത്. വണ്ടിയോടുമ്പോഴോ നിറുത്തിയിട്ടിരിക്കുമ്പോഴോ റോഡിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന കേബിളില്‍നിന്ന് വയര്‍ലെസായി ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുന്ന സംവിധാനമാണിത്. ഷേപ്ഡ് മാഗ്‌നറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ് (Shaped Magnetic Field in Resonance, SMFIR)  എന്നാണിതിന്റെ പേര്. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളജിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ദക്ഷിണകൊറിയയിലെ ഗുമി മുനിസിപ്പാലിറ്റിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 12 കിലോമീറ്റര്‍ ദൂരത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ആവൃത്തിയില്‍ വൈദ്യുതി കടന്നുപോകുന്ന കേബിളുകള്‍ റോഡിനടിയില്‍ ഇട്ടിരിക്കും. ഇത് ഒരു ഇലക്‌ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് സൃഷ്ടിക്കുന്നുണ്ട്. ഈ കാന്തികമണ്ഡലത്തിന്റെ നിശ്ചിതദൂരപരിധിയില്‍ വരുന്ന ഒരു കോയില്‍ ഇത് വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം കോയിലുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കും. ഇവിടെ കേബിള്‍ വഴിയുള്ള ചാര്‍ജിംഗ് അല്ല നടക്കുന്നത്. പൂര്‍ണ്ണമായും വയര്‍ലെസ് ചാര്‍ജിംഗ്! നിരന്തരമായി ചാര്‍ജ് ചെയ്യപ്പെടുന്നതുകൊണ്ട് ബാറ്ററിയും ചെറുതായിരിക്കും.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വിഖ്യാത പ്രസംഗത്തിന്റെ അന്‍പതാം വാര്‍ഷികമായി...

റുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി അക്രമരഹിതപോരാട്ടം നയിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 'എനിക്കൊരു സ്വപ്നമുണ്ട്' (I have a dream...) എന്ന് പുകള്‍പെറ്റ വിഖ്യാതപ്രസംഗത്തിന്റെ അന്‍പതാം വാര്‍ഷികമെത്തി. വാര്‍ഷികാഘോഷങ്ങള്‍ അമേരിക്കയുടെ കറുത്തവര്‍ഗ്ഗക്കാരനായ ആദ്യ  പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രഭാഷണത്തോടെയാണ് ആരംഭിക്കുന്നത് എന്നത് ചരിത്രനിയോഗമായി.


വാഷിംഗ്ടണിലെ ലങ്കണ്‍ സ്മാരകത്തിന്റെ പടവുകളില്‍ നിന്നുകൊണ്ട് 1963 ഓഗസ്റ്റ് 23നായിരുന്നു രണ്ടരലക്ഷത്തോളം വരുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ സ്വപ്നം പങ്കുവച്ചത്. സ്വാതന്ത്ര്യവും ജോലിയും തേടി കറുത്തവര്‍ഗ്ഗക്കാര്‍ നടത്തിയ മാര്‍ച്ചിനെ അഭിസംബോധനചെയ്തു കൊണ്ടായിരുന്നു അദ്ദേഹം സമത്വസുന്ദരമായ അമേരിക്ക എന്ന സ്വപ്നത്തേക്കുറിച്ച് സംസാരിച്ചത്.
മാര്‍ട്ടിന്‍ ലൂഥറിന്റെ ഈ വിഖ്യാത പ്രസംഗത്തിന്റെ അലയൊലികള്‍ മങ്ങും മുന്‍പ് അന്നത്തെ പ്രസിഡന്റ് കെന്നഡി വെടിയേറ്റു മരിച്ചു. തുടര്‍ന്ന് പ്രസിഡന്റുപദത്തിലെത്തിയ ലിന്‍ഡന്‍ ബി. ജോണ്‍സന്‍ 1964ലും 1965ലും പൗരാവകാശ നിയമങ്ങളില്‍ ഒപ്പുവച്ചതോടെയാണ് ലൂഥര്‍ കൊളുത്തിവിട്ട പ്രക്ഷോഭകൊടുങ്കാറ്റിന് ശമനമായത്.
1968 ഏപ്രില്‍ 4ന് തന്റെ 39-ാം വയസ്സില്‍  ഒരു വെള്ളക്കാരന്റെ വെടിയേറ്റ് ഈ ചരിത്രപുരുഷന്‍ ഇഹലോകവാസം വെടിഞ്ഞു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 'എനിക്കൊരു സ്വപ്നമുണ്ട്' (I have a dream...) 
എന്ന പ്രസംഗം കേള്‍ക്കാന്‍ ക്ലിക്ക് ചെയ്യൂ...


മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 'എനിക്കൊരു സ്വപ്നമുണ്ട്' (I have a dream...) 
പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
ഇവിടെ ക്ലിക്ക് ചെയ്യൂ

Thursday, 8 August 2013

തോമസ്‌ മാഷിന്‌ ദ്രോണാചാര്യ പുരസ്‌ക്കാരം

കായികപരിശീലകര്‍ക്ക്‌ രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌ക്കാരമായ ദ്രോണാചാര്യ ഇത്തവണ കെ. പി. തോമസ്‌ എന്ന തോമസ്‌ മാഷിന്‌. കോരുത്തോട്‌ സി.കെ.എം.എച്ച്‌.എസിനെ പതിനാറ്‌ തവണ സംസ്ഥാന ചാംപ്യന്‍മാരാക്കിയ തോമസ്‌ മാഷ്‌ ഇപ്പോള്‍ തൊടുപുഴ വണ്ണപ്പുറം എസ്‌.എന്‍.എം.എച്ച്‌.എസ്‌.എസിലെ കായികാധ്യാപകനാണ്‌.
ഷൈനി വില്‍സണ്‍ , അഞ്ജു ബോബി ജോര്‍ജ്, ജിന്‍സ് ഫിലിപ്പ്, മോളി ചാക്കോ, സി.എസ്.മുരളീധരന്‍, ജോസഫ് ജി.എബ്രഹാം എന്നിങ്ങനെ ഇന്ത്യക്കുവേണ്ടി ജഴ്‌സി അണിഞ്ഞ ഒട്ടേറെ പ്രമുഖ കായികതാരങ്ങള്‍ തോമസ് മാഷിന്റെ ശിഷ്യരാണ്.
സംസ്ഥാന സ്‌കൂള്‍കായികമേളയില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസ് സ്‌കൂളിനെ 16 തവണ സംസ്ഥാന ചാമ്പ്യന്‍മാരാക്കിയത് തോമസ് മാഷിന്റെ നേതൃത്വത്തിലാണ്. തൊടുപുഴ വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്.എസിലെ കായികാധ്യാപകനാണ് ഇപ്പോള്‍ അദ്ദേഹം.
1979 ലാണ് കോരുത്തോട് സി.കെ.എം.എച്ച്.എസില്‍ തൊടുപുഴ വഴിത്തല കുരിശിങ്കല്‍ ഫിലിപ്പ് തോമസ് എന്ന കെ പി തോമസ് കായികാധ്യാപകനായി ചേര്‍ന്നത്. 16 വര്‍ഷത്തെ പട്ടാള ജീവിതത്തിന് ശേഷമാണ് അദ്ദേഹം കായിക പരിശീലകനായത്. 1963 മുതല്‍ 1979 വരെ ആര്‍മി കോച്ചായിരുന്നു. 1972-ല്‍ ഏഷ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റര്‍ റിലേയില്‍ പങ്കെടുത്തു.
2000 ത്തില്‍ കോരുത്തോട് സ്‌കൂളിന് 16 ാം തവണയും ചാമ്പ്യന്‍ പദവി നേടിക്കൊടുത്തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്.
കോരുത്തോട് സ്‌കൂളില്‍ നിന്ന് വിരമിച്ച ശേഷം ഏന്തയാര്‍ സ്‌കൂളില്‍ പരിശീലകനായ തോമസ് മാഷ് ഇപ്പോള്‍ തൊടുപുഴ വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച്.എസ്.എസിലെ പരിശീലകനായ മകന്‍ രാജാസിനോടൊപ്പം അവിടുത്തെ കുട്ടികളെ പരിശീലിപ്പിക്കുകയാണ്.
തോമസ് മാഷിന് പുറമെ അമ്പെയ്ത്ത് താരം ദീപികാ കുമാരിയുടെ പരിശീലക പൂര്‍ണിമ മഹാതോയ, ബോക്‌സിംഗ് കോച്ച് മഹാവീര്‍ സിങ്, ഹോക്കി കോച്ച് നരേന്ദ്ര സെയ്തി, ഗുസ്തി കോച്ച് രാജ് സിങ് എന്നിവരും ദ്രോണാചാര്യയ്ക്ക് അര്‍ഹരായി.

ബിഎആര്‍സി അത്യുല്പാദനവിത്തുകളുമായി


ആണവ ഗവേഷണ മേഖലയില്‍ ലോകത്തെതന്നെ മുന്‍നിരസ്ഥാപനവും ഭാരതത്തിന്റെ അഭിമാനവുമായ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ വിത്തുല്പാദന രംഗത്തും തിളങ്ങുന്നു. ആണവസാങ്കേതികവിദ്യയിലൂടെ ജനിതകമാറ്റം വരുത്തിയ 41 ഇനം വിത്തുകളാണ് ബിഎആര്‍സി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലക്കടല, ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, പരിപ്പ്, കടുക്, സോയാബീന്‍, സൂര്യകാന്തി, അര, ചണം തുടങ്ങിയവയുടെ വിത്തുകള്‍ ബിഎആര്‍സിയുടെ ന്യൂക്ലിയര്‍ അഗ്രിക്കള്‍ച്ചര്‍ & ബയോടെക്‌നോളജി ഡിവിഷനാണ് വികസിപ്പിച്ചത്.

കൃഷിയോഗ്യമായ ഭൂമി കുറയുകയും ഭഷ്യധാന്യത്തിന് ആവശ്യം വര്‍ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് രാജ്യം ഭക്ഷ്യ സ്വയംപര്യാപ്തത നിലനിര്‍ത്തണമെങ്കില്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചേ മതിയാവൂ എന്ന് ബിഎആര്‍സി വ്യക്തമാക്കി. കുറഞ്ഞ വിളവുകാലം, കൂടുതല്‍ വിളവ്, രോഗപ്രതിരോധം തുടങ്ങിയവയാണ് ഇത്തരം വിത്തുകളുടെ മേന്മയായി എടുത്തുപറയുന്നത്. ബിഎആര്‍സി മുന്‍പ് ഇറക്കിയ നിലക്കടല വിത്ത് കൃഷിചെയ്ത വിവിധ സസ്ഥാനങ്ങളിലെ കൃഷിക്കാര്‍ക്ക് വന്‍വിളവാണത്ര ലഭിച്ചത്.

Wednesday, 7 August 2013

രഘുറാം റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍

പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. രഘുറാം ഗോവിന്ദ് രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത് ഗവര്‍ണറായി നിയമിതനായി. നിലവിലെ ഗവര്‍ണര്‍ ഡി. സുബ്ബറാവു സ്ഥാനമൊഴിയുന്ന 2013 സെപ്റ്റംബര്‍ 4ന് ഇദ്ദേഹം ചുമതലയേല്‍ക്കും. 50 വയസ്സുകാരനായ ഇദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് അഥവാ ഐഎംഎഫിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റ് കൂടിയായ ഡോ. രഘുറാമിനെ 2012 ആഗസ്റ്റിലാണ് ധനമന്ത്രാലയം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. ഒപ്പം പ്രധാനമന്ത്രിയുടെ ഓണററി എക്കണോമിക് അഡൈ്വസര്‍ സ്ഥാനം കൂടി വഹിച്ചുപോന്നു.
1963ല്‍ ഭോപ്പാലിലായിരുന്നു രഘുറാമിന്റെ ജനനം. നയതന്ത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പിതാവിനൊപ്പം ബെല്‍ജിയത്തിലായിരുന്നു ഏഴാം ക്ലാസുവരെ രഘുറാമിന്റെ ജീവിതം. 1974ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. 1985ല്‍ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ കരസ്ഥമാക്കി. ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ രഘുറാം 1991ല്‍ പ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മാനേജ്‌മെന്റില്‍ പിഎച്ച്ഡിയും നേടി.

ഇതിനുശേഷം ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അധ്യാപകനായി.  താമസിയാതെ ഐഎംഎഫിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് എക്കണോമിസ്റ്റായും ഇദ്ദേഹം നിയമിതനായി. 2003 ഒക്‌ടോബറില്‍ ഈ സ്ഥാനത്തെത്തിയ ഇദ്ദേഹം 2006 ഡിസംബര്‍ വരെ അവിടെ തുടര്‍ന്നു.

2008ല്‍ അമേരിക്കയെയും മറ്റും പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടി കൃത്യമായി പ്രവചിച്ച് അന്നേ രഘുറാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ ദീര്‍ഘവീക്ഷണം വെല്ലുവിളികള്‍ നിറഞ്ഞ സമകാലിക ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാകുമെന്ന് പ്രതീക്ഷിക്കാം.

Tuesday, 6 August 2013

ഒടുവില്‍ 'ബ്യാരി'ക്കും നിഘണ്ടു

കാസര്‍കോട് ചന്ദ്രഗിരി മുതല്‍ കര്‍ണാടക ഉഡുപ്പി ജില്ലയിലെ ബാര്‍ക്കൂര്‍ വരെയുള്ള മുസ്‌ലിം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രത്യേക സമുദായമായ 'ബ്യാരി' കള്‍ സംസാരിക്കുന്ന ഭാഷയാണ്   'ബ്യാരി'. ഇവരുടെ മാതൃഭാഷ. ലിപിയില്ലാത്ത ഇവരുടെ സ്വതന്ത്ര ഭാഷ ലോകത്താദ്യമായി പൊതുസമൂഹത്തിലേക്ക് എത്തുകയാണ്; നിഘണ്ടുരൂപത്തില്‍. കേരള ഫോക്‌ലോര്‍ അക്കാദമിയാണ്  ബ്യാരി ഭാഷാ നിഘണ്ടു പ്രസിദ്ധീകരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലാത്തടം ഡോ. പി.കെ.രാജന്‍ സ്മാരക കാമ്പസിലെ മലയാള വിഭാഗം തലവനും കാമ്പസ് ഡയരക്ടറുമായ ഡോ. എ.എം.ശ്രീധരനാണ് ഇത് തയ്യാറാക്കിയത്.  361 പേജുകളിലായി പതിനാറായിരം വാക്കുകള്‍. 
അറബി, കന്നഡ, തുളു, കൊടവ, മലയാളം തുടങ്ങിയ ഭാഷകളെയും സംസ്‌കാരത്തെയും ഉള്‍ക്കൊണ്ട മിശ്ര സംസ്‌കാരത്തിന്റെ വാക്കുകളാണ് നിഘണ്ടുവില്‍ പരിചയപ്പെടുത്തുന്നത്. ഈമാസം പ്രകാശനം നടക്കും.
നിഘണ്ടു നിര്‍മിച്ച് മൂന്നുവര്‍ഷമായിട്ടും പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല. അപ്പോഴാണ് ഫോക്‌ലോര്‍ അക്കാദമി ഒരു സാംസ്‌കാരിക ദൗത്യമായി നിഘണ്ടു ഏറ്റെടുത്തത്. 
കച്ചവടം നടത്താന്‍ കടല്‍കടന്നെത്തിയ അറബികള്‍ കേരളീയ സ്ത്രീകളെ വിവാഹംചെയ്ത് കാസര്‍കോട്ട് താമസമാക്കി. ഇവരിലുണ്ടായ സന്തതിപരമ്പരകള്‍ വ്യാപാരികളെന്നും ലോപിച്ച് ബ്യാരിയെന്നും അറിയപ്പെട്ടു. ഇവിടെ ജനിച്ചവരായ കാല്‍ലക്ഷത്തോളം വരുന്നവര്‍ ലോകത്തെമ്പാടുമുണ്ട്. 
സുവീരന്‍ സംവിധാനംചെയ്ത 'ബ്യാരി'ക്ക് 2011ല്‍ ദേശീയ സിനിമാ പുരസ്‌കാരം ലഭിച്ചിരുന്നു. 

വാഷിംഗ്ടണ്‍ ആമസോണിലെത്തി...!

വാഷിംഗ്ടണ്‍ പോസ്റ്റ് എന്നും ആമസോണ്‍ ഡോട് കോം എന്നും കേട്ടിട്ടുണ്ടാവും, അല്ലേ? ആദ്യത്തേത് അമേരിക്കയുടെ ചരിത്രത്തോടൊപ്പം പഴമയും പെരുമയും അവകാശപ്പെടാവുന്ന പത്രം. രണ്ടാമത്തേത് ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പനശാല. രണ്ടും ഇനിമുതല്‍ രണ്ടല്ല, ഒന്നാണ്!

നൂറ്റാണ്ടിന്റെ ചരിത്രം പറയാനുള്ള, അമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള പത്രമാണ് 'ദി വാഷിംഗ്ടണ്‍ പോസ്റ്റ്'. കഴിഞ്ഞ നാല് തലമുറകളിലായി ഗ്രഹാം കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു പത്രം. അമ്പതോളം പുലിറ്റ്‌സര്‍ പുരസ്‌ക്കാരങ്ങളും മറ്റ് നിരവധി ബഹുമതികളും നേടിയിട്ടുള്ള ഈ പത്രം അടുത്തകാലത്തായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വര്‍ഷാവര്‍ഷം ഏഴ് ശതമാനം എന്ന കണക്കില്‍ സര്‍ക്കുലേഷന്‍ കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നത്രേ. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍കൊണ്ട് വരുമാനത്തില്‍ 44 ശതമാനം ഇടിവുണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വില്പന അനിവാര്യമായത്.
ഇന്റര്‍നെറ്റിന്റെ വരവോടെ പ്രചാരം കുറഞ്ഞ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന പല പത്രങ്ങളും അച്ചടി നിര്‍ത്തി ഓണ്‍ലൈനാകുന്ന കാഴ്ചയാണ് അമേരിക്കയില്‍.

അമേരിക്കയുടെ അഭിമാനസ്തംഭങ്ങളിലൊന്നായ വാഷിംഗ്ടണ്‍ പോസ്റ്റ് ഉടമസ്ഥതയ്ക്കായി പലരും ക്യൂ നിന്നെങ്കിലും നറുക്കുവീണത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോണ്‍ ഡോട് കോമിന്റെ ഉടമകൂടിയായ ജെഫ് ബിസോസിന്. ലോകത്തിലെ ധനാഠ്യരില്‍ മുന്‍പനായ ബിസോസിന്റെ ആസ്തിയുടെ വെറും ഒരു ശതമാനം വരുന്ന 250 ദശലക്ഷം ഡോളറിനാണ് കച്ചവടം എന്നാണ് കേള്‍ക്കുന്നത്.  പകല്‍വെളിച്ചം പോലെ സുതാര്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പോസ്റ്റിന്റെ വില്പന പക്ഷേ അതീവരഹസ്യമായിട്ടാണ് നടന്നത്.
ജെഫ് ബിസോസ്‌
നിലവിലെ ഉടമ ഡെണാള്‍ഡ് ഗ്രഹാമിന്റെ മരുമകള്‍ കാതറീന്‍ വേയ്മൗത് തന്നെ പത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവായി തുടരും. ജോലിക്കാരെയൊന്നും ഒഴിവാക്കില്ലെന്നും കമ്പനിയുടെ പോളിസികളില്‍ കൈകടത്തില്ലെന്നുമാണ് പുതിയ ഉടമ ബിസോസിന്റെ വാഗ്ദാനങ്ങള്‍.പത്രപ്രവര്‍ത്തനത്തിന്റെ ഉന്നത മൂല്യങ്ങളും നിഷ്പക്ഷതയുമൊക്കെ എന്നും കാത്തുസൂക്ഷിച്ചിരുന്നു എന്നവകാശപ്പെടുന്ന വാഷിംഗ്ടണ്‍ പോസ്റ്റിന് ഇനി അതുപോലെ തുടരാനാവുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യങ്ങളാണ്. വാഷിംഗ്ടണ്‍ പഴയ വാഷിംഗ്ടണല്ലല്ലോ... പോസ്റ്റ് പഴയ പോസ്റ്റും...!
വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്‌സൈറ്റ് കാണാന്‍ ക്ലിക്ക് ചെയ്യൂ...

Monday, 5 August 2013

ഗൂഗിള്‍ ക്രോംകാസ്റ്റ:് ടെലിവിഷനില്‍ ഇന്റര്‍നെറ്റ് വീഡിയോ കാണാന്‍

ടെലിവിഷനില്‍ ഇനി ഇന്റര്‍നെറ്റ് വീഡിയോ കാണാം... എച്ച് ഡി ക്വാളിറ്റിയില്‍. ഗൂഗിളിന്റെ പുതിയ കൈനീട്ടമാണ് ഈ പുതിയ ഉപകരണം. പേര് 'ക്രോംകാസ്റ്റ്'.

എല്‍സിഡി എല്‍ഇഡി ടിവികളിലാണ് ഈ ഉപകരണം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇത്തരം ടിവികളുടെ എച്ച്ഡിഎംഐ പോര്‍ട്ടുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന വയര്‍ലെസ് ടിവി ഡോംഗിളാണ് ക്രോംകാസ്റ്റ്. കാഴ്ചയില്‍ പെന്‍ ഡ്രൈവ് പോലിരിക്കും. രണ്ടിഞ്ച് മാത്രം വലിപ്പം. യൂടൂബ്, ഗൂഗിള്‍ മ്യൂസിക് തുടങ്ങിയവയൊക്കെ ഈ സംവിധാനത്തിന്റെ സഹായത്തോടെ ഹൈഡെഫനിഷന്‍ ക്ലാരിറ്റിയോടെ ടിവിയുടെ വലിയ സ്‌ക്രീനില്‍ ആസ്വദിക്കാം. വയര്‍ലെസ് ആയാണ് പ്രവര്‍ത്തനം എന്നത് കൂടുതല്‍ സൗകര്യപ്രദവുമാണ്.

ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിന്‍ഡോസ് അല്ലെങ്കില്‍ മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ വഴിയും ക്രോം കാസ്റ്റ് വെബ്കാസ്റ്റിംഗ് സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വഴിയും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാം.
വില താരതമ്യേന കുറവായിരിക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന ക്രോംകാസ്റ്റിന് 35 ഡോളറാണ് വില. അതായത് ഏകദേശം 2000 രൂപ. താമസിയാതെ ഇന്ത്യയിലും ഇതെത്തും.


സൂപ്പര്‍ ഹാക്കര്‍ വിടപറഞ്ഞു

ഹാക്കര്‍മാരിലെ മാലാഖ ന്യൂസിലാന്‍ഡുകാരന്‍ ബര്‍ണബി ജാക്ക് അകാലത്തില്‍ പൊലിഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ വസതിയില്‍ 2013 ജൂലൈ 25ന് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.
ബര്‍ണബി ജാക്ക് 
സാധാരണ ഹാക്കര്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് ഇന്റര്‍നെറ്റിലും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലുമൊക്കെ നുഴഞ്ഞുകയറി വിവരങ്ങള്‍ അടിച്ചുമാറ്റുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരെയാണ്. എന്നാല്‍ ഹാക്കര്‍മാര്‍ രണ്ടുതരമുണ്ട്. നല്ല കാര്യത്തിനായി ഹാക്കിംഗ് നടത്തുന്നവരും ചീത്ത ഉദ്ദേശക്കാരും.
നല്ല ഹാക്കര്‍മാരിലെ സൂപ്പര്‍ താരമായിരുന്നു ബര്‍ണബി ജാക്ക്. അപാരമായ ഹാക്കിംഗ് പാടവം പ്രദര്‍ശിപ്പിച്ച് ടെക്‌നോളജി വിദഗ്ധരിലെ സൂപ്പര്‍താരമായി മാറിയ ജാക്കിന് പക്ഷെ 35-ാം വയസ്സില്‍ അകാലത്തില്‍ പൊലിയാനായിരുന്നു യോഗം.
സെക്യൂരിറ്റി സിസ്റ്റങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും മറ്റും പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ പ്രദര്‍ശനങ്ങളിലൂടെയാണ് ജാക്ക് താരപദവിയിലേക്കെത്തിയത്. എടിഎമ്മുകളുടെ പിഴവുകള്‍ മുതലെടുത്ത് അതിലുള്ള പണം മുഴുവന്‍ പിന്‍വലിച്ചുകാണിച്ചുകൊടുത്ത് കാഴ്ചക്കാരെ അമ്പരപ്പിച്ചിരുന്നു ഈ ചെറുപ്പക്കാരന്‍. അടുത്തകാലത്ത് ഇന്‍സുലിന്‍ പമ്പുകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ഇന്‍സുലിന്‍ പമ്പില്‍നിന്നും ഓവര്‍ഡോസ് കുത്തിവയ്പിച്ചുകൊണ്ട് അത് ശരീരത്തില്‍ വച്ചിട്ടുള്ള വ്യക്തിയെ 300 അടി അകലെ നിന്നുകൊണ്ട് അനായാസം അപായപ്പെടുത്താന്‍ കഴിയുമെന്ന് ജാക്ക് കാണിച്ചുകൊടുത്തു. പേസ്‌മേക്കര്‍ യന്ത്രങ്ങളുടെ പോരായ്മകള്‍ വിശദീകരിക്കുന്നതിന് ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ തയാറെടുപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം.
ജാക്കിന്റെ എടിഎം ഡെമോ വീഡിയോ കാണൂ...


1977 നവംബര്‍ 22ന് ന്യൂസിലാന്‍ഡിലെ ഓക്‌ലന്‍ഡിലാണ് ബര്‍ണബി മൈക്കല്‍ ഡഗ്ലസ് ജാക്ക് ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ കമ്പ്യൂട്ടറുകളോട് ജാക്കിന് കമ്പമായിരുന്നു. പിന്നീട് അമേരിക്കയിലാണ് ജാക്ക് കമ്പ്യൂട്ടറുകളുടെ ലോകത്ത് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. മരണസമയത്ത് എംബഡഡ് ഡിവൈസ് സെക്യൂരിറ്റിയുടെ ഡയറക്ടറായിരുന്നു.

Top News

Labour India