BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 24 January 2014

സൗരയൂഥത്തില്‍ മറ്റൊരു ജലസംഭരണി...?!

ഭൂമിയില്‍ മാത്രമേ ജലമുള്ളൂ എന്നാണല്ലോ നാമിതുവരെ മനസ്സിലാക്കിയിരുന്നത്... എന്നാല്‍ പുതിയൊരു ജലസ്രോതസ്‌കൂടി കണ്ടെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. സെറസ് എന്നുപേരായ ക്ഷുദ്രഗ്രഹത്തിലാണ് വാനനിരീക്ഷകര്‍ ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.


യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഹെര്‍ഷല്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കിടയിലുള്ള ഛിന്നഗ്രഹമേഖലയില്‍ സ്ഥിതിചെയ്യുന്ന സെറസില്‍ ജലസാന്നിധ്യം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ക്ഷുദ്രഗ്രഹമായാണ് സെറസ് അറിയപ്പെടുന്നത്. കനത്ത മഞ്ഞുപാളികള്‍ ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഉണ്ടെന്നും സൂര്യതാപത്താല്‍ അവയില്‍നിന്നും നീരാവി ഉയരുന്നതായുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സൗരയൂഥത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നുള്ള അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Monday, 20 January 2014

റോസെറ്റ ഉണര്‍ന്നു... ബഹിരാകാശചരിത്രത്തിലെ ഏറ്റവും സാഹസിക ദൗത്യത്തിനായി!

... വീട്ടില്‍നിന്നൊരു കുട്ടി അറിയാനാടുകളിലേക്കൊരു ദീര്‍ഘയാത്രയ്ക്ക് പുറപ്പെട്ടു. ഇടയ്ക്ക് വഴിതെറ്റി. വിവരമറിഞ്ഞ് വീട്ടില്‍നിന്ന് നിര്‍ദ്ദേശമെത്തി. ഒന്നുറങ്ങി വിശ്രമിച്ചിട്ട് യാത്ര തുടര്‍ന്നാല്‍ മതി. ഉറക്കവും വിശ്രമവും കഴിഞ്ഞ് ശരിയായ വഴി കണ്ടെത്തി കുട്ടി യാത്ര തുടരുകയാണ്...   
ഇതെന്താണ് കഥയോ...? എന്നാല്‍ കേട്ടോളൂ... ഇതൊരു കഥയല്ല. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിച്ച റോസെറ്റ എന്ന ബഹിരാകാശ പേടകത്തിന്റെ യാത്രയെക്കുറിച്ചാണ് പറഞ്ഞത്!

റോസെറ്റ കോമറ്റ് 67P യുടെ സമീപമെത്തുമ്പോള്‍ (ചിത്രകാരന്റെ ഭാവനയില്‍)

വാല്‍നക്ഷത്രങ്ങള്‍ (Comet) മനുഷ്യനെന്നും അത്ഭുതമായിരുന്നു. അവ സൃഷ്ടിക്കുന്ന കാഴ്ചയുടെ വിസ്മയങ്ങള്‍സൃഷ്ടിക്കുന്ന ഇവയേക്കുറിച്ച് ഇനിയുമൊരുപാട് കാര്യങ്ങള്‍ അറിയാനുണ്ട്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോസെറ്റ എന്ന ബഹിരാകാശപേടകത്തിന്റെ വിക്ഷേപണത്തോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. 2004ല്‍ ആയിരുന്നു റോസെറ്റ വാല്‍ന ക്ഷത്രത്തെ അടുത്തറിയാന്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. വാല്‍നക്ഷത്രത്തെ തേടിയുള്ള യാത്രയ്ക്കിടയില്‍ പല ആകാശഗോളങ്ങളെയും റോസറ്റ അടുത്തുകണ്ടു. ഉല്‍ക്കകളുടെയും മറ്റും അപൂര്‍വ ചിത്രങ്ങളെടുത്ത് നമുക്കയച്ചു തരികയും ചെയ്തു. എന്നാല്‍ യാത്രയ്ക്കിടെ ചെറിയൊരു പ്രശ്‌നം. റോസെറ്റയുടെ ദിശയില്‍ ചെറിയൊരു വ്യതിയാനമുണ്ടായി. സൂര്യനില്‍നിന്നും അകന്നുപോകുന്നൊരു പഥത്തിലാണത് എന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. അങ്ങനെ തുടര്‍ന്നാല്‍ അധികം വൈകാതെ റോസെറ്റയുടെ സോളാര്‍ പാനലുകള്‍ക്ക് സൂര്യനില്‍നിന്നും ഊര്‍ജം സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതിയിലാകുമെന്നും അവര്‍ തിരിച്ചറിഞ്ഞു. താമസിയാതെ, 2011 ജൂണില്‍ റോസെറ്റയെ കുറച്ചുകാലത്തേക്ക് ഓട്ടം നിര്‍ത്തി പിടിച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷമായി കക്ഷി ബഹിരാകാശത്തിന്റെ അനന്തവിശാലതയില്‍ ഉറക്കത്തിലെന്നവണ്ണം നിര്‍ജ്ജീവമായി കഴിഞ്ഞു. ഇപ്പോള്‍ അതിനെ ഉണര്‍ത്തി യാത്രയ്ക്ക് വീണ്ടും സജ്ജമാക്കിയിരിക്കുന്നു എന്നതാണ് രസകരമായ വാര്‍ത്ത!

റോസെറ്റയുടെ സഞ്ചാരപഥം
2014 ജനുവരി 20 വൈകുന്നേരമാണ് റോസെറ്റ ഉണര്‍ന്നെണീറ്റതായുള്ള സന്ദേശം ജര്‍മനിയിലെ ഡാംസ്റ്റഡിലുള്ള കണ്‍ട്രോള്‍ സെന്ററിലെത്തിയത്.  പേടകത്തിനെ കൃത്യം ആ സമയത്ത് ഉണര്‍ത്തുന്നതിനുള്ള ഒരു അലാം നേരത്തേതന്നെ റോസെറ്റയിലെ കമ്പ്യൂട്ടറുകളില്‍ സെറ്റ് ചെയ്യപ്പെട്ടിരുന്നു. അത് കൃത്യമായി പ്രവര്‍ത്തിച്ച് സന്ദേശം ഭൂമിയിലെത്തിക്കുകയും ചെയ്തു. 
ഇതിനുമുന്‍പും ചില പേടകങ്ങള്‍ വാല്‍നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ അകലെനിന്നുള്ള ദര്‍ശനങ്ങള്‍ മാത്രമായിരുന്നു. റോസെറ്റ വാല്‍നക്ഷത്രത്തെ അടുത്തുപോയി ശരിക്കും മനസ്സിലാക്കാനുള്ള പുറപ്പാടിലാണ്. മാത്രമല്ല റോസെറ്റ യില്‍നിന്നൊരു കൊച്ചുപേടകം ഒരു വാല്‍നക്ഷത്രത്തിലിറങ്ങുകയും ചെയ്യും! കോമറ്റ് 67P എന്ന് പേരിട്ടിരിക്കുന്ന വാല്‍നക്ഷത്രത്തോടാണ്  റോസെറ്റ ചങ്ങാത്തം കൂടുക. ആദ്യപടി യായി പേടകം ഈ വാല്‍നക്ഷത്രത്തെ പരമാവധി അടുത്തെത്തി നിരീക്ഷിക്കും. 2014 സെപ്റ്റംബറോടുകൂടി വാല്‍നക്ഷത്രത്തിന്റെ 10 കിലോമീറ്റര്‍ അടുത്തെത്തും. തുടര്‍ന്ന് പേടക ത്തില്‍ നിന്നൊരു പ്രോബ് 4 കിലോമീറ്ററോളം വലിപ്പമുള്ള വാല്‍നക്ഷത്രത്തിലേക്കിറക്കാനാണ് പ്ലാന്‍. 'ഫിലേ' (Philae) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2014 നവംബര്‍ 11നായിരിക്കും ഫിലേ വാല്‍നക്ഷത്രത്തിലിറങ്ങുക. വാല്‍നക്ഷത്രം സൂര്യനെ സമീപിക്കുമ്പോള്‍ റോസെറ്റ പിന്തുടര്‍ന്ന് ഫിലേയുടെ സഹായത്തോടെ അതിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും. 

റോസെറ്റ ദൗത്യം - വീഡിയോ കാണാം...


വാഹനവിമുക്തനഗരമാകാന്‍ ഹാംബര്‍ഗ്...!


മെഴ്‌സിഡസ്, ഓഡി, ബിഎംഡബ്ല്യു, വോക്‌സ്‌വാഗന്‍ തുടങ്ങി ലോകപ്രശസ്തങ്ങളായ നിരവധി വമ്പന്‍ വാഹനനിര്‍മ്മാണക്കമ്പനികളുടെ  നാടാണ് ജര്‍മനി. ആ ജര്‍മനിയിലെ ഒരു നഗരമാണ് ഹാംബര്‍ഗ്. എന്നാല്‍ രാജ്യത്തിന്റെ വാഹനനിര്‍മ്മാണ പാരമ്പര്യമൊന്നും കണക്കിലെടുക്കാതെ വാഹന വിമുക്തനഗരമാകാന്‍ തയാറെടുക്കുകയാണ് ഈ നഗരം.

ഹാംബര്‍ഗ് ടൗണ്‍ ഹാള്‍
2034ഓടെ സൈക്കിള്‍ മാത്രമായിരിക്കും ഈ നഗരത്തില്‍ അനുവദിക്കപ്പെടുന്ന വാഹനം. 'ഗ്രീന്‍ നെറ്റ്‌വര്‍ക്ക്' എന്നുപേരിട്ടിരിക്കുന്ന ഒരു ബൃഹദ്പദ്ധതിതന്നെ ഇതിനായി നടപ്പിലാക്കിത്തുടങ്ങി. ഇതനുസരിച്ച് നഗരത്തിന്റെ 40% പുല്‍ത്തകിടികളും പാര്‍ക്കുകളുമാക്കും. മോട്ടോര്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.
കൊളംബിയ, തായ്‌ലന്‍ഡ് തുടങ്ങിയ ചില രാജ്യങ്ങളിലെ ചില നഗരങ്ങളും ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനുമൊക്കെ ചില പ്രത്യേക ദിവസങ്ങളില്‍ വാഹനഗതാഗതം നിരോധിച്ചുകൊണ്ട് മുന്‍പും ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വാഹനങ്ങളെ അപ്പാടെ പുറത്താക്കിക്കൊണ്ടുള്ള ഒരു നീക്കം ആദ്യമായിട്ടാണ്. 

Sunday, 19 January 2014

ഇന്ത്യ പോളിയോ വിമുക്തിയിലേക്ക്...

ഇനി നിവര്‍ന്നു നടക്കാം... പോളിയോക്കെതിരെയുള്ള യുദ്ധം നാം ജയിച്ചു കഴിഞ്ഞു. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ എന്ന രാജ്യം മുഴുവന്‍ ഒരേ മനസ്സോടെ മുഴുകിയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഗുണഫലമാണ് നാമിപ്പോള്‍ നൂറുമേനി കൊയ്യുന്നത്.


അവസാന വട്ട പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കി ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക ഫെബ്രുവരി 11നായിരിക്കും. 2009ല്‍ രാജ്യത്തെമ്പാടും നിന്ന് 741 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2010 ആയപ്പോള്‍ ഇത് 42 ആയി കുറഞ്ഞിരുന്നു. 2011 ലാകട്ടെ ആകെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അത് പശ്ചിമബംഗാളിലായിരുന്നു. അതിനുഷേം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഒരൊറ്റ പോളയോ ബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് നമ്മുടെ പരിശ്രമങ്ങള്‍ വിജയത്തിലെത്തി എന്ന നിഗമനത്തിലേക്കെത്താന്‍ കാരണം.
ഇതിനു മുന്‍പ് 1980 മെയ് മാസത്തിലാണ് ഇതുപോലൊരു രോഗത്തെ കീഴടക്കിയതായി നാം പ്രഖ്യാപിച്ചത്. അത് സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയായിരുന്നു.

Top News

Labour India