BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Obituary. Show all posts
Showing posts with label Obituary. Show all posts

Thursday, 13 February 2014

ബാലു മഹേന്ദ്ര ഓര്‍മ്മയായി ( Balu Mahendra Passed Away)

നിഴലും വെളിച്ചവും ചേര്‍ത്ത് വെള്ളിത്തിരയില്‍ അനശ്വരകാവ്യങ്ങള്‍ രചിച്ച ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര ഓര്‍മ്മയായി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും പകരക്കാരനില്ലാത്ത ഈ പ്രതിഭ 74-ാം വയസില്‍ വിടപറയുമ്പോള്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിനിത് തീരാനഷ്ടം.


ശ്രീലങ്കയില്‍ ജനിച്ച ബാലു മഹേന്ദ്ര പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനാര്‍ത്ഥമാണ് ഇന്ത്യയി ലെത്തിയത്. ലക്ഷ്യം സംവിധാനം പഠിക്കുക എന്നതായിരുന്നെങ്കിലും അഡ്മിഷന്‍ കിട്ടിയത് ഛായാഗ്രഹണ കോഴ്‌സിനായിരുന്നു. ഒടുവില്‍ ഛായാഗ്രഹണത്തില്‍ ഒന്നാം റാങ്കുമായാണ് 1969ല്‍ അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് ഛായാഗ്രഹണ ക്ലാസുകള്‍ കട്ട് ചെയ്ത് ഇടയ്ക്കിടെ സംവിധാന, തിരക്കഥാരചന ക്ലാസുകളില്‍ പോയിരിക്കു മായിരുന്നത്രേ അദ്ദേഹം! എന്നാല്‍ ഈ മിടുമിടുക്കന്‍ വിദ്യാര്‍ത്ഥിയോട് അധ്യാപകര്‍ക്ക് അനിഷ്ട മേതുമില്ലായിരുന്നുതാനും. 
സിനിമാ ലോകത്തേയ്ക്ക് ഈ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്റെ രംഗപ്രവേശത്തിന് നിമിത്തമായത് മലയാളമാണ്. 1974ല്‍ രാമുകാരാട്ടിന്റെ 'നെല്ല്' എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചുകൊണ്ടാ യിരുന്നു അത്. കമല്‍ ഹാസന്‍ നായകനായ 'കോകില' എന്ന കന്നട ചിത്രമാണ് ബാലു മഹേന്ദ്രയുടെ ആദ്യ സംവിധാന സംരംഭം. 1977ലായിരുന്നു അത്. 1979ല്‍ പുറത്തുവന്ന 'അഴിയാത്ത കോലങ്ങള്‍' ആയിരുന്നു ഇദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ചിത്രം. അന്നത്തെ തമിഴ് മുഖ്യധാരാ സിനിമ സങ്കല്പങ്ങളെ വെല്ലുവിളിച്ച് സമാന്തരസിനിമയുടെ ഒരു പുതിയ പാത തുറന്നെടുക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ബാലു മഹേന്ദ്ര. 1983ല്‍ വെളിച്ചം കണ്ട 'മൂന്നാം പിറ' എന്ന ചിത്രം ബാലു മഹേന്ദ്രയ്ക്ക് ഛായാഗ്രഹണത്തിനും കമല്‍ ഹാസന് അഭിനയത്തിനു മുള്ള ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ഛായാഗ്രഹണത്തിന് രണ്ട് അടക്കം അഞ്ച് ദേശീയ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. പുരസ്‌ക്കാരങ്ങളുടെ വര്‍ണമഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴും മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ കാമറ ചലിപ്പിക്കാനും അദ്ദേഹം തയാറായി. ഭരതന്റെ 'പ്രയാണം', മണിരത്‌നത്തിന്റെ ആദ്യ ചിത്രം 'പല്ലവി അനുപല്ലവി' തുടങ്ങിയവയിലൊക്കെ കാമറയ്ക്ക് പിന്നില്‍ ബാലു മഹേന്ദ്രയായിരുന്നു. കെ. വിശ്വനാഥന്റെ ചരിത്രം കുറിച്ച 'ശങ്കരാഭരണം' എന്ന ചിത്രത്തിനും കാമറ ബാലു മഹേന്ദ്രയുടേതായിരുന്നു.


ഇതോടൊപ്പം നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലും ബാലു മഹേന്ദ്ര പങ്കുവഹിച്ചു. ബാല, വെട്രിമാരന്‍, സീനു രാമസ്വാമി തുടങ്ങിയ പേരെടുത്ത സംവിധായകര്‍ ബാലു മഹേന്ദ്രയുടെ ശിക്ഷണത്തില്‍ സിനിമാരംഗത്ത് വളര്‍ന്നവരാണ്. 'തലമുറകള്‍' ആണ് ഇദ്ദേഹത്തിന്റെ അവ സാനചിത്രം.

ബാലു മഹേന്ദ്ര ഒരു പഴയകാല ചിത്രം
1939 മെയ് 20ന് ശ്രീലങ്കയിലെ ബറ്റിക്കലോവയിലുള്ള അമിര്‍തകലി എന്ന സ്ഥലത്ത് ശ്രീലങ്കന്‍ തമിഴ് കുടുംബത്തിലാണ് ബാലനാഥന്‍ ബഞ്ചമിന്‍ മഹേന്ദ്രന്‍ എന്ന ബാലു മഹേന്ദ്ര ജനിച്ചത്. പിതാവ് പ്രൊഫസറായിരുന്നു. ശ്രീലങ്കയിലെ അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ബിരുദ പഠനത്തിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെത്തി. പിന്നീട് പൂനെയില്‍ ചലച്ചിത്ര പഠനം. ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

Wednesday, 15 January 2014

ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു ( Ariel Sharon Passed Away)

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 8 വര്‍ഷങ്ങളായി കോമയിലായിരുന്ന ഷരോണ്‍ 85-ാമത്തെ വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്.


ഇസ്രായേല്‍ സേനയില്‍ കമാണ്ടറായിരുന്ന ഷാരോണ്‍ 1948ലെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ പങ്കാളിയായിട്ടുണ്ട്. അന്നുതൊട്ട് അടുത്തകാലത്ത് കിടപ്പിലാകും വരെ ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകസ്ഥാനം വഹിച്ചു ഇദ്ദേഹം. 2001 ലും 2005ലും പ്രധാനമന്ത്രിപദത്തിലെത്തി. രാഷ്ട്രീയജീവിതത്തിന്റെ ഭൂരിഭാഗവും ലികുഡ് (Likud) പാര്‍ട്ടിയില്‍ സജീവമായിരുന്ന ഇദ്ദേഹം പിന്നീട്  2005 നവംബറില്‍ പാര്‍ട്ടിവിട്ട് കാഡിമ (Kadima) എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു.  ഇസ്രയേലില്‍ യുദ്ധവീരനായി അറിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് പക്ഷെ പലസ്തീന്‍ ജനതയ്ക്ക് നല്ല ഓര്‍മകളൊന്നുമില്ല.

Sunday, 5 January 2014

വെള്ളിനക്ഷത്രം മറഞ്ഞു...!

മുന്‍കാല ചലച്ചിത്ര പിന്നണിഗായകനും പത്മശ്രീ ജേതാവുമായ കെ. പി. ഉദയഭാനു അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്ന ഇദ്ദേഹം 77-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.


1936 ജൂണ്‍ 15ന് പാലക്കാട് ജില്ലയിലെ തരൂരില്‍ ജനിച്ചു. പിതാവ് എ എസ്. വര്‍മയും മാതാവ് നേത്യാരമ്മയും. മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. പി. കേശവമേനോന്‍ അമ്മാവനായിരുന്നു.
1956ല്‍ 'നായര് പിടിച്ച പുലിവാല്' എന്ന സിനിമയിലൂടെയായിരുന്നു സിനിമാ സംഗീതലോകത്തേക്കുള്ള ഉദയഭാനുവിന്റെ പ്രവേശനം. 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന ആദ്യഗാനം തന്നെ അക്കാലത്ത് ഹിറ്റായി. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍. അദ്ദേഹം പാടിയ വിഷാദഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റുപാടുന്നു. 'കാനനചോലയില്‍...', 'വെളുത്ത പെണ്ണേ...', 'വെള്ളിനക്ഷത്രമേ...', 'താരമേ താരമേ...' എന്നിങ്ങനെയുള്ള പാട്ടുകളെല്ലാം മലയാളികളുടെ മനം കുളിര്‍പ്പിച്ചവയാണ്. അവസാനം പാടിയത് 2011ല്‍ പുറത്തിറങ്ങിയ 'താന്തോന്നി' എന്ന ചിത്ത്രില്‍. 'സമസ്യ' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനുമായി.
ആകാശവാണിയില്‍ ഇദ്ദേഹം 38 വര്‍ഷം ജോലിചെയ്തു. നിരവധി പുരസ്‌ക്കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 1981ലെ കേരള സംസ്ഥാന അവാര്‍ഡ്, 1987ലെ സംഗീതനാടക അക്കാദമി അവാര്‍ഡ്, 1995ലെ നോണ്‍ ഫീച്ചര്‍ ഫിലിം സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,  2003ലെ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ ഇതില്‍പെടുന്നു. 2009ല്‍ പത്മശ്രീ ലഭിച്ചു.

Sunday, 29 December 2013

ചിക്കന്‍ പോക്‌സിനെ മെരുക്കിയ ഡോ. മിചിയാകി തകാഹാഷി അന്തരിച്ചു

ചിക്കന്‍ പോക്‌സിനെതിരെ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ച ജപ്പാന്‍കാരന്‍ ഡോ. മിചിയാകി തകാഹാഷി മരണത്തിന് കീഴടങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് 85-ാം വയസ്സിലായിരുന്നു അന്ത്യം.

1928ല്‍ ജപ്പാനില്‍ ജനിച്ച തകാഹാഷി 1954ല്‍ ഒസാകാ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍നിന്ന് മെഡിസിനില്‍ എം.ഡി. നേടി. പിന്നീട് വൈറോളജിയിലായിരുന്നു ഉപരിപഠനം. 1972ലാണ് ചിക്കന്‍ പോക്‌സിന് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഈ വാക്‌സിന്‍ ചിക്കന്‍ പോക്‌സിനെ ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്നില്ല. മറിച്ച് അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
ഈ രംഗത്തെ സേവനങ്ങളെ പുരസ്‌ക്കരിച്ച് നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ ജപ്പാനില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടതാണ് 'ദി ജാപ്പനീസ് സൊസൈറ്റി ഫോര്‍ വാക്‌സിനോളജി തകാഹാഷി പ്രൈസ്'.

Saturday, 28 December 2013

മുന്‍ എംഎല്‍എ റോസമ്മ പുന്നൂസ് അന്തരിച്ചു

കാഞ്ഞിരപ്പിള്ളിയില്‍നിന്നും കേരളത്തിന്റെ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ച താരം പൊലിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ പുന്നൂസ് നൂറാം വയസ്സില്‍ അന്തരിച്ചപ്പോള്‍ മറഞ്ഞത് ചരിത്രത്തിന്റെ സംഭവബഹുലമായ ഒരേട് കൂടിയാണ്.


കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന കാഞ്ഞിരപ്പിള്ളിയിലെ കരിപ്പാപ്പറമ്പില്‍ കുടുംബത്തില്‍ ജനിച്ച റോസമ്മ അവിടെനിന്നും നിയമസഭ കണ്ട ഏക കമ്മ്യൂണിസ്റ്റുമായിരുന്നു. സമാനതകളില്ലാത്ത നിരവധി വിശേഷണങ്ങള്‍ക്കര്‍ഹയാണ് ഈ മഹതി. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോ ടേം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയി എന്നു തുടങ്ങി കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍ എന്നതു വരെ റോസമ്മ പുന്നൂസിന് മാത്രം അവകാശപ്പെടാവുന്ന പ്രതേകതകള്‍ നിരവധിയാണ്. 1957ലെ തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്ന് റോസമ്മ നിയമസഭയിലേക്ക് വിജയിച്ചപ്പോള്‍ ഭര്‍ത്താവും സിപിഐ നേതാവുമായിരുന്ന പി. ടി. പുന്നൂസ് ആലപുഴയില്‍നിന്ന് ലോക്‌സഭയിലേക്കും ജയിച്ചു. കേരളത്തിലാദ്യമായി നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം ജയിച്ച ദമ്പതികള്‍ എന്ന നിലയില്‍ ഇതും റെക്കോഡാണ്.
മരണസമയത്ത് ഒമാനിലായിരുന്നു.

Wednesday, 25 December 2013

കലാഷ്‌നിക്കോവിന്റെ ഹൃദയം നിലച്ചു

AK-47 എന്നു കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ലോകത്തെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരായുധം വേറെയുണ്ടോ എന്ന് സംശയമാണ്. വിനാശകാരിയായ ആ തോക്കിന്റെ ഉപജ്ഞാതാവ് റഷ്യക്കാരനായ മിഖായില്‍ കലാഷ്‌നിക്കോവ് അന്തരിച്ചു. 94 വയസ്സായിരുന്നു.


മിഖായില്‍ തിമോഫെയേവിച്ച് കലാഷ്‌നിക്കോവ് 1919 നവംബര്‍ 10ന് പടിഞ്ഞാറന്‍ സൈബീരിയയില്‍ ജനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് റെഡ് ആര്‍മിയില്‍ ടാങ്ക് കമാന്‍ഡറായി ജോലി ചെയ്തു. അക്കാലത്ത് ഒരു അപകടത്തില്‍ പരിക്ക് പറ്റിയതിനേത്തുടര്‍ന്ന് ആയുധങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യാനാരംഭിച്ചു. അന്ന് ജര്‍മ്മന്‍ പടയുടെ കൈവശമുണ്ടായിരുന്ന തോക്കുകളേക്കാള്‍ മികച്ച തോക്കുകളുണ്ടാക്കാനായിരുന്നു കലാഷ്‌നിക്കോവിന്റെ ശ്രമം. നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1947ല്‍ ലളിതവും എന്നാല്‍ അത്യന്തം മാരകവുമായ ഒരു തോക്ക് അദ്ദേഹം വികസിപ്പിച്ചു. AK-47 എന്നു പേരിട്ട ആ തോക്ക് താമസിയാതെ സോവിയറ്റ് പടയുടെ വജ്രായുധമായി. ഓട്ടോമാറ്റിക് കലാഷ്‌നിക്കോവ് (Automatic Kalashnikov) എന്നതിന്റെ ചുരുക്കരൂപമാണ് AK. 47 എന്നത് വികസിപ്പിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്നു.


ഇന്ന് വിവിധ ലോക രാഷ്ട്രങ്ങളുടെ സായുധവിഭാഗം ഈ മാരകായുധം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയുടെ ആകെ എണ്ണം ഏതാണ്ട് 10 കോടി വരുമത്രേ! ഇത് ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍, AK47 ലോകമെമ്പാടും വിധ്വസംകരുടെയും തീവ്രവാദികളുടെയും പ്രധാന ആയുധമാവുകയും നിഷ്‌കളങ്കരായ നിരവധി  സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്ക് കാരണമാവുകയും ചെയുന്നതില്‍ നിരാശനും ഖിന്നനുമായിരുന്നു കലാഷ്‌നിക്കോവ്.

ചില AK-47 വിശേഷങ്ങള്‍!


  • ഉപയോഗിക്കാനെളുപ്പവും ഏതു സാഹചര്യത്തിലും പ്രശ്‌നരഹിതമായ പ്രവര്‍ത്തനവും താരതമ്യേന വിലക്കുറവുമാണ് AK-47നെ ലോകത്ത് ഇത്രയധികം പ്രശസ്തമാക്കിയത്. 12000 രൂപയ്ക്കുമുകളില്‍ ലഭിക്കുന്ന മോഡലുകളുണ്ട്.
  • മൊസാംബിക് എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ പതാകയില്‍ AK-47ന്റെ ചിത്രം പതിച്ചിട്ടുണ്ട്. സിംബാബ്‌വേ, കിഴക്കന്‍ ടിമൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഔദ്യോഗിക മിലിട്ടറി മുദ്രകളിലും ( coats of arms ) ഇതിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. 

  • ഈജിപ്റ്റും ഇസ്രയേലും തമ്മില്‍ 1973ല്‍ നടന്ന യുദ്ധത്തിന്റെ (The Battle of Ismailia) ഓര്‍മ്മയ്ക്കായി സീയുസ് കനാലിന്റെ തീരത്ത് പണിതുയര്‍ത്തിയിട്ടുള്ള കൂറ്റന്‍ സ്മാരകത്തിലും AK-47ന്റെ ബാരലും ബയണറ്റും കാണാം.

  • അമേരിക്കയുടെ ഇറാക്ക് അധിനിവേശക്കാലത്ത് അന്നത്തെ ഇറാക്ക് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ പക്കല്‍നിന്ന് സ്വര്‍ണ്ണം പൂശിയ രണ്ട് AK-47 തോക്കുകള്‍ കണ്ടെടുത്തിരുന്നു. ഇവ ഇന്ന് വാഷിങ്ടണ്‍ ഡിസിയിലെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

  • AK-47ന്റെയും അതിന്റെ ഉപജ്ഞാതാവ് മിഖായില്‍ കലാഷ്‌നിക്കോവിന്റെയും സ്മാരകസ്റ്റാംപുകള്‍ റഷ്യയേപ്പോലെതന്നെ ന്യൂസിലാന്‍ഡും പുറത്തിറക്കിയിട്ടുണ്ട്. 
  • വര്‍ഷം തോറും ലോകത്താകെ ഏതാണ്ട് രണ്ടരലക്ഷം ജനങ്ങള്‍ AK-47ല്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് മരണമടയുന്നുണ്ടെന്നാണ് കണക്ക്!

Sunday, 15 December 2013

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങി. (Uthradam Thirunal Marthanda Varma Passed Away)

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാനത്തെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ ഇളയ സഹോദരനാണിദ്ദേഹം. ലളിത 
ജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു രാജാവിന്റെ പ്രത്യേകത. 


1922 മാര്‍ച്ച് 22-ന്‌ തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍മഹാറാണി സേതു പാര്‍വതിഭായിയുടേയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും  പുത്രനായി  അദ്ദേഹം ജനിച്ചു. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ പ്ലൈമൗത്ത് കമ്പനിയില്‍ ജോലി നോക്കി. പിന്നീട് ഇംഗ്ലണ്ടില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടി. പഠനശേഷം തിരിച്ചെത്തി 1956-ല്‍ ബാംഗ്ലൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസം. 1991ല്‍ ശ്രീ ചിത്തിര തിരുനാള്‍  നാടുനീങ്ങിയതിനെത്തുടര്‍ന്ന് രാജകുടുംബത്തിന്റെ അധികാരസ്ഥാനമേറ്റെടുത്ത ഉത്രാടം തിരുനാള്‍  ഒരേ സമയം  എളിമയുടേയും പ്രൗഢിയുടെയും
പാണ്ഡിത്യത്തിന്റേയും പ്രതീകമായിരുന്നു. പട്ടം പാലസിലാണ് (തുളസി ഹില്‍ പാലസ്) മഹാരാജാവ് താമസിച്ചിരുന്നത്.  

2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍ പദ്മനാഭ വര്‍മയും പാര്‍വതിദേവിയും. 
'തൃപ്പടിദാനം' എന്നപേരില്‍ ആതമകഥ പ്രസദ്ധീകരിച്ചിട്ടുണ്ട്.

Saturday, 14 December 2013

ചിത്രശോഭ മാഞ്ഞു. (C. N. Karunakran Died)

പ്രമുഖ ചിത്രകാരന്‍ സി. എന്‍. കരുണാകരന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കേരള ലളിത കലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്നു.


1940ല്‍ ത്രിശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന സ്ഥലത്ത് ജനിച്ചു. വിഖ്യാത ചിത്രകാരന്മാരായ ഡി. പി. റോയിയുടെയും കെ. സി. എസ്. പണിക്കരുടേയും മറ്റും ശിഷ്യത്വത്തില്‍ ചിത്രകല പഠിക്കാനവസരമുണ്ടായിട്ടുണ്ട്. ചെന്നെയിലെ പഠനത്തെത്തുടര്‍ന്ന് പരസ്യചിത്രങ്ങളെടുക്കുകയും കലാസംവിധാനരംഗത്ത് പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു ഇദേഹം. 1970ല്‍ കേരളത്തില്‍ തിരിച്ചെത്തി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ ആദ്യ ആര്‍ട്ട് ഗാലറിയായ 'ചിത്രകൂടം' ആരംഭിച്ചതും സി. എന്നിന്റെ നേതൃത്വത്തിലായിരുന്നു. മാതൃഭൂമി, മനോരമ, ചിന്ത, ദേശാഭിമാനി, കൗമുദി, മലയാളനാട്, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഒരേ തൂവല്‍പക്ഷികള്‍', 'അക്കരെ', 'പുരുഷാര്‍ത്ഥം' തുടങ്ങി നിരവധി മലയാളം സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യന്‍ എംബസിയിലും മറ്റും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
1964ല്‍ മദ്രാസ് ലളിതകലാ അക്കാദമി അവാര്‍ഡ്, 1971, 1972, 1975 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ ഈ കലാകാരന് ലഭിച്ചു. 2005ല്‍ കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു.

സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍


Thursday, 5 December 2013

നെല്‍സണ്‍ മണ്ടേല വിടവാങ്ങി (Nelson Mandela died)

ദക്ഷിണാഫ്രിക്കക്കും ലോകത്തിനും ഇത് കറുത്തദിനം.   വര്‍ണവിവേചനത്തിന്റെയും അടിമത്തത്തിന്റേയും  ഇരുണ്ട ചങ്ങലകളില്‍നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ ഉണര്‍ത്തിയ സമരനായകന്‍ നെല്‍സണ്‍ മണ്ടേലയെ മരണം വന്നു വിളിച്ചിരിക്കുന്നു.


ദീര്‍ഘകാലമായി രോഗക്കിടക്കയിലായിരുന്ന മണ്ടേല ജോഹന്നാസ് ബര്‍ഗിലെ സ്വവസതിയിലാണ് 95കാരനായിരുന്ന മണ്ടേല അന്ത്യശ്വാസം വലിച്ചത്. അഹിംസയിലൂന്നിയ സമരശക്തി തെളിയിച്ച ഗാന്ധിജിയ്ക്ക് ശേഷം ലോകം ആ പാതയില്‍ ചരിക്കുന്ന മറ്റൊരു വിശ്വവ്യക്തിയെ കാണുകയായിരുന്നു മണ്ടേലയില്‍.
കറുത്തവര്‍ഗ്ഗ വിമോചനത്തിന് വെള്ളക്കാരുടെ ഭരണകൂടത്തോട് പൊരുതിയ മണ്ടേലയെ അധികൃതര്‍ 27 വര്‍ഷത്തോളം റോബന്‍ ദ്വീപിലെ ജയിലില്‍ തടവിലട്ടു. തടവില്‍ കിടന്നും തന്റെ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെ പ്രോജ്വലിപ്പിച്ച ആ സമരനായകന്‍ ഒടുവില്‍ പുറത്തുവന്നത്  സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ ചരിത്രമെഴുതിക്കൊണ്ടായിരുന്നു. 1964ല്‍ ജയിലിലടയ്ക്കപ്പെട്ട മണ്ടേല മോചിതനായത് 1990 ഫെബ്രുവരി 11ന്. ആ വിരോചിത പോരാട്ടത്തെ മാനിച്ച് 1993ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം നല്‍കപ്പെട്ടു.
1994ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ ജനവിധി തേടിയ മണ്ടേല ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി. 1994 ഏപ്രില്‍ 14ന് വര്‍ണ്വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള  നിയമവും നിലവില്‍വന്നു.
1979ല്‍ നെഹ്‌റു അവാര്‍ഡും 1990ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി നമ്മുടെ രാജ്യം ആ മഹാനുഭാവന് ആദരമര്‍പ്പിച്ചു.
1918 ജൂലൈ 18ന്  ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റുവിലുള്ള ഉംവേസോ എന്ന ഗ്രാമത്തിലാണ് മണ്ടേല ജനിച്ചത്. സോസ ഭാഷ സംസാരിക്കുന്ന മാഡിബ വംശത്തില്‍പെട്ടയാളാണ് ഇദ്ദേഹം. 'ദക്ഷിണാഫ്രിക്കയുടെ പിതാവ'് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

നെല്‍സണ്‍ മണ്ടേലയുടെ ലഘുജീവചരിത്രം വീഡിയോ കാണാം...




Wednesday, 20 November 2013

ഇരട്ട നോബല്‍ പുരസ്‌ക്കാര വിജയി ഫ്രെഡറിക് സാംഗര്‍ (Frederick Sanger) ഓര്‍മ്മയായി

ലോകം കണ്ട ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളും രണ്ട് തവണ നോബല്‍ പുരസ്‌ക്കാരം നേടിയ വ്യക്തിയുമായ ബ്രിട്ടീഷുകാരന്‍ ഫ്രെഡറിക് സാംഗര്‍ അന്തരിച്ചു.


DNAയുടെ അടിസ്ഥാന ഘടകങ്ങളുടെ യഥാര്‍ത്ഥ തുടര്‍ച്ച വിശദീകരിച്ച സാംഗര്‍ 'ജിനോമിക്‌സിന്റെ പിതാവ്' എന്നാണറിയപ്പെടുന്നത്. പ്രോട്ടീന്‍ ഘടന നിശ്ചയിക്കുന്നതിനുള്ള വിദ്യകള്‍ വികസിപ്പിച്ചതും സാംഗര്‍ തന്നെ.
1958ല്‍ ആണ് ഫ്രെഡറിക് സാംഗര്‍ ആദ്യ നോബല്‍ പുരസ്‌ക്കാരം നേടുന്നത്. ഇന്‍സുലിന്‍ ഘടന സംബന്ധിച്ച പഠനങ്ങള്‍ക്കായിരുന്നു ഇത്. 1980ല്‍ ജനിതക ഘടനയുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്ത ഗവേഷണങ്ങള്‍ക്ക് രണ്ടാമതും നോബല്‍ സമ്മാനം ഈ പ്രതിഭയെ തേടി വന്നു. രസതന്ത്രത്തില്‍ രണ്ട് തവണ നോബല്‍ സമ്മാനം നേടിയ ഒരേയൊരാള്‍ സാംഗറാണ്. കൂടാതെ രണ്ട് തവണ നോബല്‍ സമ്മാനിതനായ ഏക ബ്രിട്ടീഷ് വംശജനും ഇദ്ദേഹം തന്നെ.
ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ 'ദ ഓര്‍ഡര്‍ ഓഫ് മെറിറ്റ്' 1986ല്‍ സാംഗര്‍ക്ക് നല്‍കപ്പെട്ടു. ഇതിനിടയില്‍ തന്നെ തേടിവന്ന സര്‍ പദവി നിരസിച്ച ചരിത്രവുമുണ്ട് സാംഗര്‍ക്ക്. ഈ മഹാനായ ശാസ്ത്രന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ സാംഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ബ്രിട്ടണിലെ കേംബ്രിഡ്ജ്ഷയറില്‍ സ്ഥിതിചെയ്യുന്നു. ജനറ്റിക്‌സ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥാപനം.

സാംഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
1918 ഓഗസ്റ്റ് 13ന് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റര്‍ഷെയറിലെ ഒരു ഗ്രാമത്തിലാണ് ഫ്രഡറിക് സാംഗര്‍ ജനിച്ചത്.

Monday, 18 November 2013

ഡോറിസ് ലെസിങ് (Doris Lessing) അന്തരിച്ചു

യുദ്ധാനന്തര ബ്രിട്ടീഷ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖയായ എഴുത്തുകാരിയും  നോബല്‍ പുരസ്‌ക്കാര വിജയിയുമായിരുന്ന ഡോറിസ് ലെസിങ് അന്തരിച്ചു. 94 വയസ്സായിരുന്നു.


കവിത, ചെറുകഥ, നാടകം, നോവല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നാല്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കൊളോണിയല്‍ വാഴ്ചക്കാലത്തെ ആഫ്രിക്കന്‍ ജീവിതം, ഫെമിനിസം, രാഷ്ട്രീയം ഒക്കെ ആ തൂലികയ്ക്ക് വിഷയമായി. 1950ല്‍ പ്രസിദ്ധീകൃതമായ 'ദ ഗ്രാസ് ഈസ് സിംഗിംഗ്' ആണ് ആദ്യ നോവല്‍. 1962 ല്‍ രചിച്ച 'ദ ഗോള്‍ഡന്‍ നോട്ബുക്ക്' ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. 2007ല്‍ നോബല്‍ പുരസ്‌ക്കാരം ലഭിച്ചു.
1919 ഒക്‌ടോബര്‍ 22ന് ഇറാനിലെ കെര്‍മന്‍ഷ എന്ന സ്ഥലത്താണ് ഡോറിസ് ജനിച്ചത്. ബ്രിട്ടീഷുകാരനായ പിതാവ്‌  ക്യാപ്റ്റന്‍ ആല്‍ഫ്രഡ് കുക്ക് ടെയ്‌ലര്‍, അവിടെ ജോലി ചെയ്യുകയായിരുന്നു. ഡോറിസിന് മൂന്നു വയസ്സുള്ളപ്പോള്‍ ഇവരുടെ കുടുംബം സിംബാബ്‌വേയിലെ റോഡേഷ്യയിലേക്ക് പോയി. നഴ്‌സായിരുന്ന അമ്മയാണ് കൊച്ചു ഡോറിസിന് വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ നല്‍കിയിരുന്നത്. 1950 കാലത്തോടെ ഡോറിസ് ലണ്ടനില്‍ തിരികെയെത്തി.


Friday, 1 November 2013

പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ ഇനി ഓര്‍മ്മ.

മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള മന്നാഡെ എന്ന പ്രഭോത് ചന്ദ്രഡെ, മലയാളത്തില്‍ ചെമ്മീനിലെ മാനസ മൈനേ വരൂവിന് പുറമെ പി.ജയചന്ദ്രനൊപ്പം നെല്ലിലെ ചെമ്പാ ചെമ്പാ എന്നൊരു ഗാനം കൂടി പാടിയിട്ടുണ്ട് .
സ്വന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട മന്നാഡെ 1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. ഏതാണ്ട് മുവ്വായിരത്തോളം പാടുകള്‍ അദ്ദേഹം പാടി റെക്കോഡ് ചെയ്തു. 1971ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും 2005ല്‍ പത്മഭൂഷനും 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചു.
1969, 71, വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിവന്നു. 1972ല്‍ മേര നാം ജോക്കറിലെ ഗാനത്തിന് ഫിലിംഫെയറിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും 2011ല്‍ ഫിലിംഫെയറിന്റെ ആജീവനാന്ത സേവനത്തിനുള്ള പുരസകാരവും ലഭിച്ചു. ഇതിന് പുറമെ മധ്യപ്രദേശ് സര്‍ക്കാരിന്റെ ലത മങ്കേഷ്‌കര്‍ പുരസ്‌കാരവും കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വരലയയുടെ യേശുദാസ് അവാര്‍ഡും പശ്ചിമ സര്‍ക്കാരിന്റെ ബംഗ വിഭൂഷന്‍ അവാര്‍ഡും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കണ്ണൂര്‍ സ്വദേശിയായ പരേതയായ സലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത.

Saturday, 19 October 2013

രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി...

മലയാള ചലച്ചിത്രഗാനരംഗത്ത് നവോത്ഥാനത്തിന് തരികൊളുത്തിയ സംഗീതസംവിധായകരില്‍ പ്രമുഖനായിരുന്ന കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. കഴിഞ്ഞ നാല് ദശകങ്ങളിലായി നാനൂറോളം മലയാള ചലച്ചിത്രഗാനങ്ങളെ തന്റെ മാസ്മരിക സംഗീതം കൊണ്ട് അനശ്വരമാക്കി ഈ യുഗപ്രഭാവന്‍.
1913ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ജനിച്ചു. മത്സ്യത്തൊഴിലാളിയായ കൃഷ്ണനും നാരായണിയും മാതാപിതാക്കള്‍. ചെറുപ്പത്തിലെ സംഗീതപഠനം ആരംഭിച്ചിരുന്നു. ഒപ്പം ഫുട്‌ബോള്‍ കളിയും ഹരമായി കൊണ്ടുനടന്നു. പിന്നീട് ഫുട്‌ബോള്‍ വിട്ട് സംഗീതവഴിയിലൂടെ മാത്രം നടന്നു.

ഓള്‍ ഇന്ത്യ റേഡിയോയില്‍ തംബുരു ആര്‍ട്ടിസ്റ്റായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1950ല്‍ ട്രാന്‍സ്ഫറായി കോഴിക്കോട് നിലയത്തിലെത്തിയ കാലം മുതലാണ് സിനിമ പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. കവിയും ഗാനരചയിതാവുമായ പി. ഭാസ്‌ക്കരനുമായുള്ള സൗഹൃദവും നിമിത്തമായി.  'കതിരുകാണാക്കിളി' ആണ് സംഗീതം നിര്‍വഹിച്ച ആദ്യ ചിത്രമെങ്കിലും പുറത്തുവന്ന ആദ്യ ചിത്രം 'നീലക്കുയില്‍' ആയിരുന്നു. അതിലെ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഹിറ്റ്  ഗാനം സംഗീതസംവിധായകന്‍ എന്ന നിലയിലും ഗായകന്‍ എന്ന നിലയിലും കെ. രാഘവന്‍ മാസ്റ്ററെ മലയാള സംഗീത ലോകത്ത് സുവര്‍ണലിപികളില്‍ അടയാളപ്പെടുത്തി.
ദക്ഷിണാമൂര്‍ത്തി സ്വാമിയും ദേവരാജനും ബാബുരാജും മറ്റും തിളങ്ങിനിന്ന കാലത്ത് സിനിമാഗാനങ്ങളില്‍ നാടന്‍ പാട്ടിന്റെ ചാരുത ഇണക്കിച്ചേര്‍ത്ത മാന്ത്രികവിദ്യയാണ് രാഘവന്‍ മാസ്റ്ററെ വ്യത്യസ്തനാക്കിയത്.  'എല്ലാരും ചൊല്ലണ്', 'മഞ്ഞണിപ്പൂനിലാവില്‍', 'മാനത്തെ കായലിന്‍', 'കരിമുകില്‍ കാട്ടിലെ', 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു'... മലയാളിയെ മയക്കിയ മാസ്റ്ററുടെ മാസ്റ്റര്‍ പീസുകള്‍ ഇങ്ങനെ അനവധി.
സിനിമാ ഗാനങ്ങള്‍ക്കുപരിയായി ഒരുപിടി നാടകഗാനങ്ങളെയും ലളിതഗാനങ്ങളെയും രാഘവസംഗീതം ജനഹൃദയങ്ങളില്‍ ശാശ്വതപ്രതിഷ്ഠ നല്‍കി. 'പാമ്പുകള്‍ക്ക് മാളമുണ്ട്...', 'തലയ്ക്കുമീതേ ശൂന്യാകാശം...', 'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...' തുടങ്ങിയ നാടകഗാനങ്ങള്‍ മലയാളികളെന്നെങ്കിലും മറക്കുമോ! മലയാളത്തിലെയും തമിഴിലെയും പ്രശസ്ത ഗായകരൊക്കെത്തന്നെ രാഘവന്‍ മാസ്റ്ററുടെ ഈണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. ഒപ്പം നിരവധി പുതുമുഖങ്ങള്‍ക്കും അദ്ദേഹം അവസരങ്ങള്‍ നല്‍കി.
1980ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1986ല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, 88ല്‍ കമുകറ പുരുഷോത്തമന്‍, ജെ. സി. ഡാനിയല്‍ അവാര്‍ഡുകള്‍, 2010ല്‍ പത്മശ്രീ... ഇങ്ങനെ നിരവധി പുരസ്‌കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തി.

 'നീലക്കുയില്‍' എന്ന ചിത്രത്തിലെ  
 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍
 എന്ന ഹിറ്റ് ഗാനം രാഘവന്‍  
   മാസ്റ്റര്‍ തന്നെ ആലപിച്ചത് യാദൃശ്ചികമായിട്ടാണ്. 
 ആ കഥ ശ്രീ. ടി. പി. ശാസ്തമംഗലം ഓര്‍മ്മിക്കുന്നു. 
ടി. പി. ശാസ്തമംഗലം
ആലുവാപ്പുഴയുടെ തീരത്തെ ഒരു വാടകവീട്ടിലായിരുന്നു പാട്ടെഴുത്തും ചിട്ടപ്പെടുത്തലുമെല്ലാം നടന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടി.കെ. പരീക്കുട്ടി, കഥാകൃത്ത് ഉറൂബ് എന്ന പി. സി. കുട്ടിക്കൃഷ്ണന്‍, ചിത്രത്തിന്റെ സംവിധായകരായ രാമു കാര്യാട്ട്, പി. ഭാസ്‌കരന്‍ (ഇദ്ദേഹമാണ് പാട്ടുകള്‍ എഴുതുന്നതും), സംഗീത സംവിധായകനായ കെ. രാഘവന്‍ എന്നിവരാണ് അവിടെ താമസിച്ചിരുന്നത്. പരീക്കുട്ടിക്ക് അന്ന് ചില വ്യാപാരങ്ങളുള്ളതിനാല്‍ മിക്ക ദിവസവും രാവിലെ എറണാകുളത്തുപോയി സന്ധ്യയ്ക്ക് തിരിച്ചെത്തും. ഗാനങ്ങള്‍ ഓരോന്നായി പിറക്കാന്‍ തുടങ്ങി. 
അങ്ങനെ ഒരു ദിവസം പരീക്കുട്ടി വന്നപ്പോള്‍ പി. ഭാസ്‌കരന്‍ പറഞ്ഞു: ''ടി. കെ., കായലരികത്തു വലവീശുന്ന 
ആ പാട്ടുണ്ടല്ലോ, അതു ശരിയാക്കിയിട്ടുണ്ട്.''
''എന്നാലൊന്ന് കേള്‍ക്കട്ടെ'' എന്നായി പരീക്കുട്ടി.
കെ. രാഘവന്‍ ഉച്ചത്തില്‍ ആ പാട്ടു പാടി. നിര്‍മ്മാതാവായ ടി. കെ. പരീക്കുട്ടിയുടെ മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുഖം സന്തോഷംകൊണ്ടു തുടുത്തു. 
ഇൗ പാട്ട് ആരു പാടും? അതായി അടുത്ത ചിന്ത. ഹാജി എന്നു വിളിക്കുന്ന കൊച്ചിക്കാരന്‍ അബ്ദുള്‍ ഖാദറിനാണ് നറുക്കു വീണത്. അതനുസരിച്ച് അദ്ദേഹം ആലുവായിലെ ആ വാടകവീട്ടിലെത്തി. ഹാജിക്ക് രാഘവന്‍ പാട്ടു പഠിപ്പിച്ചുകൊടുത്തു. പതിവുസന്ദര്‍ശനത്തിനെത്തിയ പരീക്കുട്ടിക്ക് എന്തോ ആ ഗായകന്റെ ആലാപനത്തില്‍ അത്ര തൃപ്തി പോരാ. അദ്ദേഹം സംഗീതസംവിധായകനായ കെ. രാഘവനോട് കാര്യം തുറന്നു പറഞ്ഞു. ക്ഷണിച്ചു വരുത്തിയ ആളെ പറഞ്ഞുവിടാനാകാതെ കെ. രാഘവന്‍ കുഴങ്ങി.
മദിരാശിയിലെ (ഇന്നത്തെ ചെന്നൈ) വാഹിനി സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഗാനാലേഖനം. പരീക്കുട്ടിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഹാജിയെത്തന്നെ കെ. രാഘവന്‍ പാടാനായി മദിരാശിയിലേക്കു വിളിപ്പിച്ചു. പാട്ടു പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ സമയം അര്‍ദ്ധരാത്രിയോടടുത്തു. രാത്രി ഒരു മണിക്ക് എല്ലാം തയാറാക്കി ഹാജിയെ കെ. രാഘവന്‍ പാടാന്‍ ക്ഷണിച്ചപ്പോള്‍ പരീക്കുട്ടി സമ്മതിച്ചില്ല. ''ഇൗ പാട്ട് മാഷ് (കെ. രാഘവന്‍ അന്നുമിന്നും സകലര്‍ക്കും രാഘവന്‍ മാഷാണ്.) തന്നെ പാടിയാല്‍ മതി'' എന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പാവം ഹാജി! അദ്ദേഹം മാറി നിന്നു. ഹാജിയെ ഒഴിവാക്കേണ്ടി വന്നതിന്റെ വ്യസനത്തോടെ നേരം വെളുത്തുതുടങ്ങിയപ്പോള്‍ കെ. 
രാഘവന്‍ ഒറ്റയടിക്ക് പാടി. അങ്ങനെ 'കായലരികത്ത്' എന്ന ഗാനം കെ. രാഘവന്റെ ശബ്ദത്തില്‍ തന്നെ പിറന്നു.

Tuesday, 15 October 2013

അന്‍പന്‍മാനെ സൃഷ്ടിച്ച തകാഷി അന്തരിച്ചു

ജപ്പാനിലെ ഏറ്റവും പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രം അന്‍പന്‍മാനെ സൃഷ്ടിച്ച കാര്‍ട്ടൂണിസ്റ്റ് തകാഷി യനസെ അന്തരിച്ചു.
 അന്‍പന്‍മാന്‍ 
ജപ്പാനിലെ ഏറ്റവും ജനപ്രിയ ലഘുഭക്ഷണമായ അന്‍പന്‍ എന്നറിയപ്പെടുന്ന ബീന്‍സ് നിറച്ച റൊട്ടിയാണ് കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറിയത്. ഈ രൂപത്തിലുള്ള തലയുമായി രംഗത്തെത്തിയ കാര്‍ട്ടൂണ്‍ കഥാപാത്രം അന്‍പന്‍മാന്‍ പെട്ടെന്നുതന്നെ കുട്ടികളെ കീഴടക്കി. 1969ലാണ് ഇത് ചിത്രകഥയായത്. പിന്നീട് ടെലിവിഷന്‍ പരമ്പരയായും പ്രശസ്തമായി.

തകാഷി യനസെ

അന്‍പന്‍
അന്‍പന്‍മാന്‍ കാര്‍ട്ടൂണ്‍ വീഡിയോ കാണാം...


Thursday, 19 September 2013

വെളിയം ഭാര്‍ഗവന്‍ ഓര്‍മ്മയായി

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.


വെളിയം ഭാര്‍ഗവന്‍ പ്രധാന വിവരങ്ങള്‍


  • 1928ല്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കു സമീപം വെളിയം എന്ന ഗ്രാമത്തില്‍ ജനിച്ചു.
  • സംസ്‌കൃതത്തില്‍ ബിരുദം.
  • കൊല്ലം എസ് എന്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ രാഷ്ട്രീയ പ്രവേശം.
  • 1957 ലെ പ്രഥമ നിയമസഭയില്‍ അംഗമായി.
  • 1960ലും നിയമസഭാംഗമായി.
  • 1998 മുതല്‍ നാല് തവണയായി 12 തവണ സിപിഐ സെക്രട്ടറിയായി.
  • 2010 നവംബറില്‍ സെക്രട്ടറി പദവി ഒഴിഞ്ഞു.

Monday, 5 August 2013

സൂപ്പര്‍ ഹാക്കര്‍ വിടപറഞ്ഞു

ഹാക്കര്‍മാരിലെ മാലാഖ ന്യൂസിലാന്‍ഡുകാരന്‍ ബര്‍ണബി ജാക്ക് അകാലത്തില്‍ പൊലിഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ വസതിയില്‍ 2013 ജൂലൈ 25ന് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.
ബര്‍ണബി ജാക്ക് 
സാധാരണ ഹാക്കര്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് ഇന്റര്‍നെറ്റിലും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലുമൊക്കെ നുഴഞ്ഞുകയറി വിവരങ്ങള്‍ അടിച്ചുമാറ്റുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരെയാണ്. എന്നാല്‍ ഹാക്കര്‍മാര്‍ രണ്ടുതരമുണ്ട്. നല്ല കാര്യത്തിനായി ഹാക്കിംഗ് നടത്തുന്നവരും ചീത്ത ഉദ്ദേശക്കാരും.
നല്ല ഹാക്കര്‍മാരിലെ സൂപ്പര്‍ താരമായിരുന്നു ബര്‍ണബി ജാക്ക്. അപാരമായ ഹാക്കിംഗ് പാടവം പ്രദര്‍ശിപ്പിച്ച് ടെക്‌നോളജി വിദഗ്ധരിലെ സൂപ്പര്‍താരമായി മാറിയ ജാക്കിന് പക്ഷെ 35-ാം വയസ്സില്‍ അകാലത്തില്‍ പൊലിയാനായിരുന്നു യോഗം.
സെക്യൂരിറ്റി സിസ്റ്റങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും മറ്റും പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ പ്രദര്‍ശനങ്ങളിലൂടെയാണ് ജാക്ക് താരപദവിയിലേക്കെത്തിയത്. എടിഎമ്മുകളുടെ പിഴവുകള്‍ മുതലെടുത്ത് അതിലുള്ള പണം മുഴുവന്‍ പിന്‍വലിച്ചുകാണിച്ചുകൊടുത്ത് കാഴ്ചക്കാരെ അമ്പരപ്പിച്ചിരുന്നു ഈ ചെറുപ്പക്കാരന്‍. അടുത്തകാലത്ത് ഇന്‍സുലിന്‍ പമ്പുകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ഇന്‍സുലിന്‍ പമ്പില്‍നിന്നും ഓവര്‍ഡോസ് കുത്തിവയ്പിച്ചുകൊണ്ട് അത് ശരീരത്തില്‍ വച്ചിട്ടുള്ള വ്യക്തിയെ 300 അടി അകലെ നിന്നുകൊണ്ട് അനായാസം അപായപ്പെടുത്താന്‍ കഴിയുമെന്ന് ജാക്ക് കാണിച്ചുകൊടുത്തു. പേസ്‌മേക്കര്‍ യന്ത്രങ്ങളുടെ പോരായ്മകള്‍ വിശദീകരിക്കുന്നതിന് ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ തയാറെടുപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം.
ജാക്കിന്റെ എടിഎം ഡെമോ വീഡിയോ കാണൂ...


1977 നവംബര്‍ 22ന് ന്യൂസിലാന്‍ഡിലെ ഓക്‌ലന്‍ഡിലാണ് ബര്‍ണബി മൈക്കല്‍ ഡഗ്ലസ് ജാക്ക് ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ കമ്പ്യൂട്ടറുകളോട് ജാക്കിന് കമ്പമായിരുന്നു. പിന്നീട് അമേരിക്കയിലാണ് ജാക്ക് കമ്പ്യൂട്ടറുകളുടെ ലോകത്ത് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. മരണസമയത്ത് എംബഡഡ് ഡിവൈസ് സെക്യൂരിറ്റിയുടെ ഡയറക്ടറായിരുന്നു.

Friday, 2 August 2013

പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി (94) ന്തരിച്ചു.
പാര്‍വ്വതി അമ്മാളുടേയും ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. 
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ 125-ലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.. നല്ല തങ്ക ആണ് ആദ്യചിത്രം. മിഴികള്‍ സാക്ഷിയാണ് അവസാന ചിത്രം. 
'സ്വപ്നങ്ങള്‍ , സ്വപ്നങ്ങളേ നിങ്ങള്‍ ... (കാവ്യമേള), ഉത്തരാസ്വയംവരം (ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), കാട്ടിലെ പാഴ്മുളം (വിലയ്ക്കുവാങ്ങിയ വീണ), വാതില്‍പ്പഴുതിലൂടെ (ഇടനാഴിയില്‍ ഒരു കാലൊച്ച) എന്നിവ 'സ്വാമി' എന്ന് വിളിപ്പേരുള്ള ദക്ഷിണാമൂര്‍ത്തിയുടെ പ്രശസ്തമായ ഗാനങ്ങളാണ്.
2013-ല്‍ സ്വാതിതിരുനാള്‍ പുരസ്‌കാരം, 2003-ല്‍ 'സംഗീത സരസ്വതി' പുരസ്‌കാരം, 1998-ല്‍ ജെ.സി.ഡാനിയല്‍ പുരസ്‌കാരം, 1971-ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Wednesday, 24 April 2013

ആദ്യകാല ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു.

ആദ്യകാല ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം (94) അന്തരിച്ചു. 'മേരേ പിയാ ഗയേ രംഗൂണ്‍...', 'കഭി ഔര്‍ കഭി പാര്‍...', 'കജ്‌റ മൊഹബ്ബത് വാല...' തുടങ്ങിയ ഹിറ്റ്  ഗാനങ്ങൾ  ഇവരെ പ്രശസ്തിയിലെക്കുയർത്തി.
1919 ഏപ്രില്‍ 14ന് പഞ്ചാബിലെ അമൃതസറില്‍  ജനിച്ചു.  പെഷവാര്‍ റേഡിയോയിലൂടെ 1947 കാലഖട്ടത്തിൽ ഷംഷാദ്  പാടിത്തുടങ്ങി. 15 രൂപയാണ് ഒരു പാട്ടിന് ആദ്യകാലത്ത് അവര്‍ക്ക് പ്രതിഫലമായി കിട്ടിയിരുന്നത്. 

നൗഷാദ് അലിയും, ഒ.പി നയ്യാരുമാണ് അവരുടെ ശബ്ദം തങ്ങളുടെ ഗാനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ക്ലാസിക് ചിത്രമായ മുഗള്‍ ഇ കസമിലെ 'തേരി മെഹ്ഫില്‍ മേന്‍ കിസ്മത് എന്ന ഗാനം പാടിയത് ഷംഷാദ് ബീഗമാണ്. കഹീന്‍ പേ നിഗാഹേന്‍ കഹീന്‍ പേ നിഷാന, ബുജ് മേര ക്യ നാം രേ, സയാന്‍ ദില്‍ മേന്‍ ആന രേ, ലേകേ പെഹ് ല  പെഹ് ല  പ്യാര്‍, ചോദ് ബാബൂള്‍ കാ ഘര്‍ തുടങ്ങി ഹിറ്റ് ഗാനങ്ങൾക്ക്‌  അവര്‍ ശബ്ദം നല്കി. ഹിന്ദി ചലച്ചിത്രഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകളെ പുരസ്കരിച്ച്  2009ല്‍ ഒ.പി. നയ്യാര്‍ അവാര്‍ഡ് ബീഗത്തിന് നല്‍കി.
50 കളിലും 60 കളിലും അവര്‍ പാടിയ പല ഹിറ്റ് ഗാനങ്ങളും ഇപ്പോൾ സംഗീതസംവിധായകര്‍ റീമിക്‌സ് ചെയ്ത് പുറത്തിറക്കുന്നുണ്ട്.

Tuesday, 23 April 2013

വയലിന്‍ മാന്ത്രികന്‍ ലാല്‍ഗുഡി ജയരാമന്‍ അന്തരിച്ചു.

വിഖ്യാത വയലിന്‍ മാന്ത്രികന്‍ ലാല്‍ഗുഡി ജയരാമന്‍ (83) അന്തരിച്ചു. തൃശ്ശിനാപ്പള്ളി ജില്ലയിലെ ലാല്‍ഗുഡിയില്‍ 1930 സപ്തംബര്‍ 17-ന് ജനിച്ച ജയരാമന്‍ പിതാവ്  വി.ആര്‍. ഗോപാലയ്യരില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 
കച്ചേരികള്‍ക്ക് വയലിന്‍വാദകര്‍ക്കൊപ്പം സഹായിയായിപ്പോയി സംഗീതസപര്യക്ക്  തുടക്കമിട്ട ഇദ്ദേഹം പതിയെപ്പതിയെ വയലിന്‍വാദനത്തില്‍ പ്രാഗല്ഭ്യം നേടുകയായിരുന്നു. താമസിയാതെ  പ്രമുഖ കര്‍ണാടക സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക്  സ്ഥിരം വയലിന്‍വാദകനായി മാറി അദ്ദേഹം. മുസിരി സുബ്രഹ്മണ്യ അയ്യര്‍, അരിയാക്കുടി രാമാനുജ അയ്യങ്കാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യന്‍, മധുരൈ മണി അയ്യര്‍, എം.എം. ദണ്ഡപാണി ദേശികര്‍, രാംനാട് കൃഷ്ണന്‍, മഹാരാജപുരം സന്താനം, എം. ബാലമുരളീകൃഷ്ണ, ടി.വി. ശങ്കരനാരായണന്‍, ടി.എന്‍. ശേഷഗോപാലന്‍ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക് അദ്ദേഹം വയലിനില്‍ അകമ്പടി നല്‍കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം കച്ചേരികളില്‍ പങ്കെടുത്തിട്ടുണ്ട്. വയലിന്‍വാദനത്തില്‍ തന്റേതായ ഒരു ശൈലി ഇദ്ദേഹം  രൂപപ്പെടുത്തി.   'ലാല്‍ഗുഡി ബാണി' എന്നാണ്  അത്  പ്രസിധിപെറ്റത് . 


1972-ല്‍ അദ്ദേഹത്തിന് പദ്മശ്രീയും 2001-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സിനിമാസംഗീത രംഗത്തും ജയരാമന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നൃത്തത്തിന് പ്രാധാന്യം നല്‍കിയ 'ശൃംഗാരം' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2006-ല്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 
രാജലക്ഷ്മിയാണ് ഭാര്യ.  പ്രമുഖ വയലിന്‍വാദകരായ ലാല്‍ഗുഡി ജി.ജെ.ആര്‍. കൃഷ്ണന്‍, ലാല്‍ഗുഡി ജി.ജെ.ആര്‍. വിജയലക്ഷ്മി എന്നിവര്‍ മക്കളാണ്. 

Sunday, 21 April 2013

`മനുഷ്യ കമ്പ്യൂട്ടര്‍' മരണത്തോട്‌ തോറ്റു!

ഗണിതസമസ്യകളേയും കണക്കുകൂട്ടല്‍ യന്ത്രങ്ങളേയും തോല്‌പിച്ച്‌ `മനുഷ്യ കമ്പ്യൂട്ടര്‍' എന്ന വിശേഷണം നേടിയ ശകുന്തളാദേവി ഒടുവില്‍ മരണത്തിന്‌ മുന്‍പില്‍ കീഴടങ്ങി, 83-ാം വയസ്സില്‍. കിഡ്‌നി ശ്വാസകോശ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിതത്സയിലിരിക്കേയായിരുന്നു മരണം.
1929 നവംബര്‍ 4ന്‌ ബാംഗ്ലൂരിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. വ്യവസ്ഥകളോട്‌ കലഹിച്ച്‌, പുരോഹിതനാകുന്നതിന്‌ പകരം പിതാവ്‌ സര്‍ക്കസുകാരനായി. സര്‍ക്കസില്‍ പിതാവിനൊപ്പം ശകുന്തള മൂന്നാം വയസ്സില്‍ത്തന്നെ കാര്‍ഡ്‌ ട്രിക്കുകളൊക്കെ അവതരിപ്പിക്കാന്‍ തുടങ്ങി. അന്നേ ഈ ബാലികയുടെ അത്ഭുതകരമായ ഗണിതശേഷികള്‍ വെളിപ്പെട്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന്‌ ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്റെ ഗണിതവൈഭവങ്ങള്‍ അവതരിപ്പിച്ച്‌ കൈയടി നേടി. താമസിയാതെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലും ശകുന്തള തന്റെ അത്ഭുതപ്രതിഭാവിലാസം അവതരിപ്പിച്ച്‌ സദസ്യരെ വിസ്‌മയിപ്പിച്ചു. ഇതോടെ പ്രശസ്‌തി അന്താരാഷ്‌ട്ര തലങ്ങളിലേക്ക്‌ പടര്‍ന്നുതുടങ്ങി.
1977ല്‍ അമേരിക്കക്കാരെ ഞെട്ടിച്ചു ഈ ഇന്ത്യക്കാരി. 188132517 എന്ന സംഖ്യയുടെ ക്യൂബ്‌ റൂട്ട്‌ കണ്ടുപിടിക്കാന്‍ ഒരു കമ്പ്യൂട്ടറുമായി ശകുന്തള മത്സരിച്ചു. കമ്പ്യൂട്ടര്‍ തോറ്റു എന്നു പറയേണ്ടതില്ലല്ലോ! ഇതിനെത്തുടര്‍ന്ന്‌ മറ്റൊരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ യൂണിവാക്‌ 1108 എന്ന കമ്പ്യൂട്ടറുമായി ശകുന്തള വീണ്ടും ഏറ്റുമുട്ടി. ഏതാണ്ട്‌ 200 അക്കങ്ങളുള്ള ഒരു സംഖ്യയുടെ 23-ാമത്‌ റൂട്ട്‌ കണ്ടെത്താന്‍ കമ്പ്യൂട്ടര്‍ ഒരു മിനിറ്റ്‌ തികച്ചെടുത്തപ്പോള്‍ ശകുന്തളയ്‌ക്ക്‌ വേണ്ടിവന്നത്‌ 50 സെക്കന്റുകള്‍ മാത്രം!
1980 ജൂണ്‍ 18ന്‌ ശകുന്തളാ മാജിക്‌ അരങ്ങേറിയത്‌ ലണ്ടനിലെ ഇംപീരിയല്‍ കോളജിന്റെ കമ്പ്യൂട്ടര്‍ ഡിപാര്‍ട്‌മെന്റിലായിരുന്നു. 13 അക്കങ്ങളുള്ള രണ്ട്‌ സംഖകള്‍ ഗുണിച്ച്‌ ഫലം പറയാന്‍ ശകുന്തള എടുത്തത്‌ വെറും 28 സെക്കന്റ്‌. ഈ പ്രകടനം ഗിന്നസ്‌ ബുക്കിലും ഇടം നല്‍കി. ഗണിതത്തിനുപുറമേ ജ്യേതിഷത്തിലും വിദഗ്‌ധയായിരുന്നു ഇവര്‍. രണ്ടു വിഷയങ്ങളിലും നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. 

Top News

Labour India