യുഎസ് ബഹിരകാശ ഏജന്‍സിയായ നാസ ചന്ദ്രനില്‍ ചെടികളും പച്ചക്കറികളും നടാന്‍ പദ്ധതിയിടുന്നു. മുള്ളങ്കി പോലുള്ള പച്ചക്കറികളുടെ വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനകം വിക്ഷേപിക്കുന്ന വാണിജ്യ പര്യവേക്ഷണ ബഹിരാകാശ വാഹനങ്ങളില്‍ ഇവയുടെ വിത്തുകള്‍ ചന്ദ്രോപരിതലത്തില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ സസ്യജാലങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമുണ്ടോയെന്ന് പരീക്ഷിക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലേതിന് സമാനമായ അന്തരീക്ഷത്തില്‍ ചെടികള്‍ വളര്‍ത്തുന്നതായി അടുത്തയിടെ ചൈന അവകാശപ്പെട്ടിരുന്നു.
വായു നിറച്ച പ്രത്യേക പാത്രങ്ങളില്‍ ചന്ദ്രനിലേക്കയക്കുന്ന വിത്തുകള്‍ മുളയ്ക്കാനും 10 ദിവസംവരെ വളരാനുമുള്ള വെള്ളം പ്രത്യേക ഫില്‍ട്ടര്‍ പേപ്പറുകളില്‍ അടക്കം ചെയ്ത നിലയില്‍ ഇതിനൊപ്പമയയ്ക്കും. വളര്‍ച്ചയും മറ്റു വിവരങ്ങളും അപ്പപ്പോള്‍ നിരീക്ഷിച്ച് ഭൂമിയിലെ നിരീക്ഷണകേന്ദ്രത്തിലറിയിക്കാന്‍ കാമറകളും സെന്‍സറുകളും കൂടെയുണ്ടാവും. സൂര്യപ്രകാശമുള്ള ചന്ദ്രനില്‍ ചെടികള്‍ വളര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രകാശസംശ്ലേഷണത്തിനുശേഷം അവ പുറന്തള്ളുന്ന ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്നും അതുവഴി മറ്റു ജീവജാലങ്ങള്‍ക്കും അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നുമാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
അടുത്തകാലത്ത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നാണ് ഐസണ്‍ (ISON) എന്ന വാല്‍നക്ഷത്രം അഥവാ ധൂമകേതു. റഷ്യക്കാരനായ ആര്‍ട്യോം നോവിചനോക്, ബലാറസുകാരനായ വിതാലി നെവ്‌സ്‌കി എന്നീ വാനനിരീക്ഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. റഷ്യയിലെ ഇന്റര്‍നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് എന്ന വാനനിരീക്ഷണകേന്ദ്രത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
ഐസണ്‍ ഒരു സണ്‍ ഗ്രേസിംഗ്’ധൂമകേതുവാണ്. അതായത് സൂര്യന് നേരെ നീങ്ങുന്ന ഗണത്തില്‍പെട്ടത്. അതാണ് അതിന്റെ പ്രാധാന്യവും. സാധാരണഗതിയില്‍ സൂര്യന് സമീപമെത്തുമ്പോഴേയ്ക്കും വാല്‍നക്ഷത്രങ്ങള്‍ എരിഞ്ഞുതീരും. ഐസണ്‍ കുറെയൊക്കെ സൂര്യതാപത്തെ അതിജീവിച്ച് നിന്നേക്കും എന്നായിരുന്നു വാനനിരീക്ഷകരുടെ വിശ്വാസം. എന്നാല്‍ നവംബര്‍ 29ന് സൂര്യന് ഏതാണ്ട് 11.6 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തിയ ഘട്ടത്തില്‍ ഐസണ്‍ തകര്‍ന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറച്ച് ഭാഗങ്ങള്‍ അതിജീവിച്ചു നിന്നേക്കാന്‍ ഇടയുണ്ടെന്നും പറയപ്പെടുന്നു.
ഐസണ്‍ സൂര്യന് സമീപമെത്തിയപ്പോള്‍...
ധൂമകേതുക്കളുടെ പ്രഭവകേന്ദ്രം നെപ്ട്യൂണിനടുത്തുള്ള കുയിപ്പര്‍ ബെല്‍ട്ട് (Kuiper Belt), സൗരയൂഥത്തിന്റെ പുറംവക്കിലെ ഉൗര്‍ട്ട്‌മേഘപടലം (Oort cloud) എന്നിവിടങ്ങളിലാണെന്ന് കരുതപ്പെടുന്നു. മഞ്ഞും, പൊടിയും, ഹൈഡ്രജന്‍ അടക്കമുള്ള ചില വാതകങ്ങളും ചേര്‍ന്ന ചെറു ആകാശഗോളങ്ങളാണ് ധൂമകേതുക്കള്‍.
ധൂമകേതുവിന്റെ കേന്ദ്രം അല്ലെങ്കില്‍ ന്യൂക്ലിയസില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്, പൊടിപടലങ്ങള്‍, കാര്‍ബണ്‍ മോണോക്‌സയിഡ്, ജലകണങ്ങള്‍ തുടങ്ങിയവ കാണപ്പെടുന്നു. ഐസണിന്റെ ന്യൂക്ലിയസിന് ഏതാണ്ട് 2 കിലോമീറ്റര്‍ വ്യാസമുണ്ടെന്നാണ് കണക്കാക്കപ്പെട്ടത്.
സൂര്യനോടടുക്കുമ്പോള്‍ സൗരവാതകങ്ങള്‍ കോമയെ പിറകോട്ട് തെറിപ്പിക്കുന്നതുമൂലമാണ് വാല്‍നക്ഷത്രങ്ങള്‍ക്ക് നാം കാണുന്ന നീണ്ട വാല്‍ ഉണ്ടാകുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇനി പുതിയൊരു ഇന്നിംഗ്‌സിലേക്ക്. യുണിസെഫ് ശുചിത്വ മിഷന്റെ ബ്രാന്‍ഡ് അംബാസഡറായാണ് സച്ചിന്റെ പുതിയ രംഗപ്രവേശം. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപാള്‍ എന്നീ രാജ്യങ്ങളുള്‍പ്പെട്ട തെക്കേ ഏഷ്യന്‍ മേഖലയുടെ ശുചിത്വമിഷന്റെ മുഖമായാണ് സച്ചിനെ അവതരിപ്പിക്കുന്നത്.
രണ്ടു വര്‍ഷത്തേക്കാണ് പുതിയ കരാര്‍. ശുചിത്വം ആരോഗ്യപരിപാലനത്തില്‍ മുഖ്യമാണെന്നും ടോയ്‌ലറ്റ് ഉപയോഗത്തിനുശേഷം സോപ്പുകൊണ്ട് കൈകഴുകുന്നത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതുപോലെ പ്രധാനമാണെന്നും സച്ചിന്‍ പറഞ്ഞു. ആളുകളുടെയിടയില്‍ ശുചിത്വത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും സച്ചിന്‍ പറഞ്ഞു.
യുണിസെഫ് സൗത്ത് ഏഷ്യ റീജണല്‍ ഡയറക്ടര്‍ കരിന്‍ ഹള്‍ഷോഫ് (വലത്ത്) സച്ചിന് യുണിസെഫ് അംബാസഡര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു.
ഇന്ത്യയുള്‍പ്പെടുന്ന തെക്കനേഷ്യന്‍ മേഖലയാണ് 5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കില്‍ മുന്നില്‍. 2011 ല്‍ ഇത് 2.3 ദശലക്ഷമായിരുന്നു. 70 ദശലക്ഷമാണ് ഈ മേഖലയിലെ അതേ പ്രായ ഗ്രൂപ്പിലുള്ള കുട്ടികളുടെ എണ്ണം. ക്രിക്കറ്റ് താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും സച്ചിന് ഈ മേഖലയിലാകമാനമുള്ള സ്വാധീനം ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് യുണിസെഫ് അധികാരികള്‍.
വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 1946 ഡിസംബര്‍ 11ന് യുഎന്‍ ജനറല്‍ അസംബ്ലി രൂപീകരിച്ച സംഘടനയാണ് UNICEF അഥവാ The United Nations Children's Fund. മുന്‍പ് ഇത് United Nations International Children's Emergency Fund എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ഇന്നത്തെ രൂപത്തിലേക്ക് മാറിയെങ്കിലും UNICEF എന്നത് അങ്ങനെതന്നെ നിലനിര്‍ത്തിയിരിക്കുന്നു. ആസ്ഥാനം ന്യൂയോര്‍ക്ക്. 1965ല്‍ സമാധാനത്തിനുള്ള നോബല്‍ പ്രൈസ് ഈ സംഘടനയ്ക്കായിരുന്നു. അമേരിക്കന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമൊക്കെയായ വില്ല്യം ആന്റണി കിര്‍സോപ് ലേക്ക് ആണ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍.
ഫിസിക്സ്, പാര്‍ട്ട്-3 ലാംഗ്വേജസ്, സോഷ്യല്‍വര്‍ക്ക്, മ്യൂസിക്
മാര്‍ച്ച്10
മാത്തമാറ്റിക്സ്, സോഷ്യോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
മാര്‍ച്ച്12
കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍
മാര്‍ച്ച്13
പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
മാര്‍ച്ച്15
ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഹോംസയന്‍സ്
മാര്‍ച്ച്17
ഇക്കണോമിക്സ്
മാര്‍ച്ച്18
ബയോളജി, ജേര്‍ണലിസം
മാര്‍ച്ച്19
സ്റ്റാറ്റിസ്റ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്
മാര്‍ച്ച്20
ജിയോളജി, സംസ്കൃതം സാഹിത്യ, ഇലക്ട്രോണിക് സര്‍വീസ് ടെക്നോളജി
മാര്‍ച്ച്22
പാര്‍ട്ട് 1 ഇംഗ്ലീഷ്.
രണ്ടാംവര്‍ഷ പരീക്ഷ, രണ്ട് സ്കീമുകളിലായാണ് നടത്തുക. 2008-2009 അധ്യയനവര്‍ഷം മുതല്‍ ഒന്നാംവര്‍ഷ പ്രവേശനം ലഭിച്ചവര്‍ സ്കീം-1ലും 2005-2006 അധ്യയനവര്‍ഷം മുതല്‍ ഒന്നാംവര്‍ഷ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ സ്കീം-2ലും പരീക്ഷ എഴുതണം.
രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30നാണ്. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ച്. രണ്ടാംവര്‍ഷ റഗുലര്‍ വിദ്യാര്‍ഥികളുടെ പരീക്ഷാഫീസ് 200 രൂപ. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസുകള്‍പ്പെടെ സര്‍ട്ടിഫിക്കറ്റ് ഫീസിനത്തില്‍ 70 രൂപയും അടയ്ക്കണം. കംപാര്‍ട്മെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുവിഷയത്തിന് ഒടുക്കേണ്ട ഫീസ് 50 രൂപയാണ്. ഇവരും സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപ അടയ്ക്കണം. 2013 മാര്‍ച്ചില്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് അടച്ചിട്ടില്ലാത്ത കപാര്‍ട്മെന്റല്‍ വിദ്യാര്‍ഥികള്‍ മൈഗ്രേഷന്‍ ഫീസായ 30 രൂപ കൂടി സര്‍ട്ടിഫിക്കറ്റ് ഫീസിനോടൊപ്പം അടയ്ക്കണം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷാഫീസ് 200 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപയുമാണ്. അപേക്ഷാഫോമുകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ലഭ്യമാണ്.
ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കനുവദിച്ച പരീക്ഷാകേന്ദ്രങ്ങളിലും കംപാര്‍ട്മെന്റ് വിദ്യാര്‍ഥികള്‍ അവര്‍ മുന്‍പ് പരീക്ഷയെഴുതിയ പരീക്ഷാകേന്ദ്രങ്ങളിലും അപേക്ഷ നല്‍കണം. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല.
ജര്‍മ്മനിയില്‍നിന്നൊരു പരിസ്ഥിതി സൗഹൃദവാര്‍ത്ത. ഇലക്ട്രിക് പവര്‍ കൊണ്ട് പറക്കുന്ന കൊച്ചു ഹെലികോപ്റ്റര്‍ - വോളോകോപ്റ്റര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു.
Volocopter-VC200 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ ടെസ്റ്റ് ഫൈ്‌ളറ്റുകളാണ് അടുത്തയിടെ നടന്നത്. ഇ വോളോ എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ അമരക്കാരന്‍ അലക്‌സാണ്ടര്‍ സോസല്‍ ആണ്. 450 കിലോ വരെ ഭാരം വഹിച്ച് ഒരു മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് വികസിപ്പിക്കുന്നത്. 100 km/h (54 kn) ആണ് ലക്ഷ്യമിടുന്ന പരമാവധി വേഗം. 2 സീറ്റുകള്‍ നല്‍കിയിരിക്കുന്ന ഇതിന് 6500 അടി ഉയരത്തില്‍ വരെ പറക്കുവാന്‍ കഴിയുമത്രേ!
എന്നാല്‍ ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന മോഡലിന് ഈ പറയുന്ന കഴിവുകളെല്ലാം സ്വായത്തമായിട്ടില്ല കേട്ടോ. താമസിയാതെ തന്നെ അത് സാധ്യമാക്കുമെന്നാണ് അറിയുന്നത്. അതോടെ പൈലറ്റ് ലൈസന്‍സുള്ള ആര്‍ക്കും ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രയ്‌ക്കൊക്കെ ഇത് ഉപയോഗപ്പെടുത്താന്‍ കഴിയും.
18 ഇലക്ട്രിക്ക് റോട്ടോറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ബാറ്ററി ബ്ലോക്കുകള്‍ റോട്ടോറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നു. ഇതുകൊണ്ട് തന്നെ പരിസ്ഥിതി മലിനീകരണം തീരെയില്ല.
സുരക്ഷിതത്വവും ഈ വാഹനത്തില്‍ കൂടുതലുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാരണം ഈ വാഹനത്തില്‍ പൈലറ്റിന്റെ ചുമതല ദിശാനിയന്ത്രണം മാത്രമാണ്. വാഹനത്തിന്റെ ബാക്കി നിയന്ത്രണമെല്ലാം ഇതില്‍ ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളാണ് ചെയ്യുന്നത്.
കായിക കേരളം പുത്തന്‍ താരോദയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിന് എറണാകുളത്ത് കൊടിയിറങ്ങി. എറണാകുളം ജില്ലയും പാലക്കാട് ജില്ലയും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി.
സ്‌കൂളുകളില്‍ കോതമംഗലം സെന്റ് ജോര്‍ജ് ആണ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനം ഇവര്‍ നിലനിര്‍ത്തുകയായിരുന്നു. 79 മത്സരയിനങ്ങളില്‍ തീര്‍പ്പായപ്പോള്‍ 85 പോയിന്റുമായാണ് അവര്‍ കിരീടം ഉറപ്പിച്ചത്. തൊട്ടടുത്തുള്ള പാലക്കാട് പറളി സ്‌കൂളിന് 56 പോയിന്റ് മാത്രമാണുള്ളത്. 55 പോയിന്റുള്ള കോതമംഗലം മാര്‍ ബേസിലാണ് മൂന്നാം സ്ഥാനത്ത്. പാലക്കാട് കുമരംപുത്തൂര്‍(47) പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ (34) കോട്ടയം മാതിരപ്പള്ളി സ്‌കൂള്‍ (23), കോഴിക്കോട് പൂവമ്പായി സ്‌കൂള്‍ (21), സെന്റ് ജോസഫ്‌സ് പുല്ലൂരാംപാറ (19), സെന്റ് ജോണ്‍സ് നെല്ലിപ്പൊയില്‍ (18), മലപ്പുറം വണ്ണപുരം സ്‌കൂള്‍ (18) എന്നിവരാണ് പിറകില്‍ .
3000, 5000, 1500 മീറ്ററുകളിലും ക്രോസ് കണ്‍ട്രിയിലും സ്വര്‍ണ്ണം നേടിക്കൊണ്ട് രാജ്യാന്തരതാരം പാലക്കാട് മുണ്ടൂര്‍ എച്ച് എസ് എസിലെ പി. യു. ചിത്ര താരത്തിളക്കമായി. 5000, 1500 മീറ്ററുകളില്‍ ദേശീയ റെക്കോഡ് തകര്‍ത്തുകൊണ്ട് കോഴിക്കോട് ജില്ലയിലെ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച് എസിലെ കെ. ആര്‍. ആതിരയും വിസ്മയം സൃഷ്ടിച്ചു.
പി. യു. ചിത്രയും കെ. ആര്‍. ആതിരയും
195 പോയിന്റോടെ എറണാകുളമാണ് മുന്നില്‍ . രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 179 പോയിന്റാണുള്ളത്. 91 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം (50), കോട്ടയം (46), മലപ്പുറം (42), ഇടുക്കി (30), ആലപ്പുഴ (26), തൃശൂര്‍ (25), വയനാട് (25), പത്തനംതിട്ട (20), കണ്ണൂര്‍ (10), കൊല്ലം (5), കാസര്‍ക്കോട് (3) എന്നീ ജില്ലകള്‍ തൊട്ടു പിറകിലായും എത്തി.
സൗരയൂഥമെന്നാല്‍ സൂര്യനും അതിനെ ചുറ്റുന്ന നമ്മുടെ ഭൂമിയടക്കമുള്ള ഗ്രഹങ്ങളുമടങ്ങുന്ന ഒരു സിസ്റ്റമാണെന്ന് നമുക്കറിയാം. ഈ സൗരയൂഥമാകട്ടെ മില്‍ക്കിവേ (ആകാശഗംഗ) എന്ന ഗാലക്‌സിയുടെ ഒരു ചെറിയ അംശം മാത്രം! ഈ ആകാശഗംഗയ്ക്കപ്പുറം കോടിക്കണക്കിന് ഇത്തരം ഗാലക്‌സികള്‍... അതിലോരോന്നിലും എത്രയോ സൗരയൂഥങ്ങള്‍... അമ്പോ... ഈ പ്രപഞ്ചമെന്നു പറയുന്നത് നമ്മുടെ ഭാവനയ്ക്കും എത്രയോ അപ്പുറത്താണ്!
അടുത്തയിടെ നാം ഒരു വാര്‍ത്ത കേട്ടു. മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തു ആദ്യമായി സൗരയൂഥത്തിന്റെ അതിരുകള്‍ ഭേദിച്ച് കടന്നിരിക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച് സൗരയൂഥം എന്നത് ചെറിയ ദൂരം മാത്രമാണെങ്കിലും മനുഷ്യനെ സംബന്ധിച്ച് അത് ഒരു ബ്രഹ്മാണ്ഡ ദൂരമാണ്. 1977ല്‍ അമേരിക്ക വിക്ഷേപിച്ച വോയേജര്‍ 1 എന്ന ബഹിരാകാശപേടകമാണ് ഇപ്പോള്‍ സൗരയൂഥദൂരം പിന്നിട്ടിരിക്കുന്നത്. മണിക്കൂറില്‍ ഏതാണ്ട് 60,000 കിലോമീറ്റര്‍ എന്ന വേഗതയില്‍ സഞ്ചരിച്ചിട്ടാണ് ഇപ്പോള്‍ അത്രയുമെത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്‍ 12നാണ് ഇതു സംബന്ധിച്ച് നാസയുടെ പ്രഖ്യാപനം വന്നത്. സൗരയൂഥത്തിനപ്പുറമുള്ള ഏതെങ്കിലും ഒരു ഗ്രഹസഞ്ചയത്തില്‍ മനുഷ്യരേപ്പോലെ സാങ്കേതിക വളര്‍ച്ച പ്രാപിച്ച ഏതെങ്കിലും ഒരു വംശം വാസമുറപ്പിച്ചുണ്ടാവും എന്നത് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലിലുണ്ട്. അങ്ങനെയാരെങ്കിലും ഈ വോയേജര്‍ കാണാനിടയാവുകയും അത് പിടിച്ചെടുക്കുകയും ചെയ്താലോ...? എങ്കില്‍ അവര്‍ക്കായി ഈ കൊച്ചു ഭൂമിയുടേതായി ചിലതൊക്കെ വോയേജറില്‍ കരുതിയിട്ടുണ്ട്. അക്കൂട്ടത്തിലൊരു ഇന്ത്യന്‍ ശബ്ദവുമുണ്ട്...!
വോയേജര്‍ 1 (ഇടത്ത്) വോയേജര്‍ 2
അധികമാര്‍ക്കും അറിയാത്ത ആ കഥ ...
വോയേജര്‍ പദ്ധതിപ്രകാരം പേടകം നിര്‍മ്മാണം നടക്കുന്ന കാലം. വോയേജറില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടുണ്ടാക്കാന്‍ പ്രശസ്ത വാനശസ്ത്രജ്ഞനും കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന കാള്‍ സാഗന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. സാഗനും കൂട്ടരും 116 ചിത്രങ്ങളും കുറച്ച് ശബ്ദങ്ങളും ശേഖരിച്ചു. കാറ്റിന്റെയും ഇടിമിന്നലിന്റെയുമൊക്കെ ശബ്ദങ്ങളും പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങളും മറ്റും ഇക്കൂട്ടത്തില്‍ ശേഖരിച്ചു. കൂടാതെ 55 ലോകഭാഷകളിലുള്ള ആശംസകളും ഉള്‍പ്പെടുത്തി. അന്നത്തെ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെയും യുഎന്‍ സെക്രട്ടറി ജനറല്‍ കുര്‍ട് വാള്‍ഡെയിമിന്റെയും ആശംസകള്‍ പ്രിന്റ് ചെയ്ത രൂപത്തിലുമുള്‍പ്പെടുത്തി. പുറമേ, ലോകത്തിന്റെ വിവധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന തിരഞ്ഞെടുത്ത കുറച്ചു
സംഗീതശകലങ്ങളുമുണ്ടായിരുന്നു.
കാള്‍ സാഗന്‍
കേര്‍ക്കറിന്റെയും മറ്റും ഗാനങ്ങളും മറ്റ് ശബ്ദങ്ങളും ഉള്‍പ്പെടുത്തി വോയേജറില്‍ അയച്ച ഡിസ്‌കും അതിന്റെ കവറും.
ടഗോറിന്റെ പ്രിയ ഗായിക
വോയേജറില്‍ ഉള്‍പ്പെടുത്തേണ്ട സംഗീതശകലങ്ങള്‍ തിരഞ്ഞെടുത്തത് ലോകത്തിന്റെ വിവധ ഭാഗങ്ങളിലെ പ്രശസ്തരായ സംഗീതജ്ഞരുടെ ആലാപനങ്ങളില്‍ നിന്നായിരുന്നു. ബിഥോവന്‍, ഗുവാന്‍ പിംഗു, മൊസാര്‍ട്ട്, സ്ട്രാവിന്‍സ്‌കി, ബ്ലൈന്‍ഡ് വില്ലി ജോണ്‍സന്‍, ചക് ബെറി എന്നീ സംഗീത മാന്ത്രികരുടെ ശബ്ദം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. കൂടെ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയായി ഒരു ഗായികയുടെ ശബ്ദവും. അതാരാണെന്നല്ലേ...? നിങ്ങളാരും ഒരുപക്ഷേ കേട്ടിരിക്കാനിടയില്ല... കേസര്‍ബായ് കേര്‍ക്കര്‍ എന്ന ഗായിക ആലപിച്ച 'ജാത് കഹാ ഹോ...' എന്നു തുടങ്ങുന്ന ഒരു ഹിന്ദുസ്ഥാനി കീര്‍ത്തനമായിരുന്നു അത്! ഭൈരവി രാഗത്തിലുള്ള സുന്ദരമായ ആലാപനം. നോബല്‍ ജേതാവായ ഭാരതത്തിന്റെ സ്വന്തം കവി രവീന്ദ്രനാഥ ടാഗോറിന് ഏറ്റവും പ്രിയപ്പെട്ട സ്വരമായിരുന്നു കേര്‍ക്കറിന്റേത്. സംഗീതത്തിലെ പ്രതിഭയും സ്വരമാധുര്യവും ഇവര്‍ക്ക് 'സുരശ്രീ' ബഹുമതി നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍ എന്നാണറിയപ്പെട്ടിരുന്നത്.
സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍
അമേരിക്കക്കാരനായ റോബര്‍ട്ട് ഇ. ബ്രൗണ്‍ എന്ന സംഗീതഗവേഷകനാണ് ഈ ഗാനം വോയേജറില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും മികച്ച ഒരു ഗാനമായിരുന്നു അത്.
റോബര്‍ട്ട് ഇ. ബ്രൗണ്‍
ഗോവയില്‍ പിറന്ന് സംഗീതലോകം കീഴടക്കി
1892 ജൂലൈ 13ന് ഗോവയിലെ കേരി എന്ന ഗ്രാമത്തിലാണ് കേസര്‍ബായ് ജനിച്ചത്. ഗോവ അന്ന് ഒരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു. എട്ടാം വയസ്സില്‍ സംഗീതപഠനാര്‍ത്ഥം കോലാപൂരിലെത്തി. അവിടെ അബ്ദുര്‍ കരീം ഖാന്റെ ശിക്ഷണത്തില്‍ പഠിച്ചു. തിരിച്ച് ഗോവയിലെത്തി സംഗീതജ്ഞന്‍ രാമകൃഷ്ണബുവ വാസെയുടെ കീഴില്‍ സംഗീതപഠനം തുടര്‍ന്നു. പതിനാറാം വയസ്സില്‍ മുംബായിലെത്തി പല സംഗീതജ്ഞരുടെയും ശിക്ഷണത്തില്‍ പഠനം തുടര്‍ന്നു. ഒടുവില്‍, ഹിന്ദുസ്ഥാനി സംഗീതത്തില്‍ ജയ്പൂര്‍ അത്രൗളി ഖരാന എന്ന ശാഖയുടെ ഉപജ്ഞാതാവായ ഉസ്താദ് അല്ലാദിയ ഖാന്റെ അടുത്തെത്തി. അതോടെ കേര്‍ക്കര്‍ ആ ശൈലിയില്‍ പ്രാവീണ്യം നേടി അതിന്റെ പേരില്‍ അറിയപ്പെട്ടുതുടങ്ങി.
1969ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്മ ഭൂഷന്‍ ബഹുമതി നല്‍കി.
കേസര്‍ബായ് കേര്‍ക്കര്‍ കച്ചേരി അവതരിപ്പിക്കുന്നു.
1977 ആഗസ്റ്റ് 20ന് വോയേജര്‍ 2 എന്ന പേടകവും 1977 സെപ്റ്റംബര്‍ 5ന് വോയേജര്‍ 1ഉം വിക്ഷേപിക്കപ്പെട്ടു. ആദ്യം വിക്ഷേപിക്കപ്പെട്ടത് വോയേജര്‍ 2 ആയിരുന്നെങ്കിലും വോയേജര്‍ 1 അതിനെ മറികടന്ന് മുന്നിലെത്തുകയായിരുന്നു. ഏറ്റവും യാദൃശ്ചികമായ കാര്യം, തന്റെ ശബ്ദവുമായി വോയേജര്‍ 1 യാത്ര പുറപ്പെട്ട് കൃത്യം പത്ത് ദിവസം കഴിഞ്ഞ ദിവസം... അതായത് 1977 സെപ്റ്റംബര്‍ 16ന് കേസര്‍ബായ് കേര്‍ക്കര്‍ ഈ ലോകത്തുനിന്നും യാത്രയായി എന്നതാണ്!