BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Technology. Show all posts
Showing posts with label Technology. Show all posts

Tuesday, 18 February 2014

ഇമെയില്‍ മൈല്‍സ് (Email Miles), ഇമെയിലുകളുടെ സഞ്ചാരമറിയാന്‍!

ഇമെയിലുകള്‍ അയച്ചതാരെന്നറിയാന്‍ ഇപ്പോള്‍ നമുക്ക് സംവിധാനമുണ്ട്. എന്നാല്‍ എത്ര ദൂരം സഞ്ചരിച്ചാണ് അവ നമ്മുടെ കമ്പ്യൂട്ടറില്‍ എത്തിയതെന്നറിയാനും ഇനി സാധിക്കും. അതിനുള്ള പുതിയ ഒരു ആപ്ലിക്കേഷന്‍ തയാറായിക്കഴിഞ്ഞു. ഇമെയില്‍ മൈല്‍സ് (Email Miles) എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത് ജോന ബ്രൂക്കര്‍ കോഹന്‍ (Jonah Brucker-Cohen) എന്ന വ്യക്തിയാണ്. 

ന്യൂയോര്‍ക്കില്‍നിന്നും ഡക്കറിലേക്കയച്ച ഇമെയിലിന്റെ സഞ്ചാരപഥം ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടപ്പോള്‍
ഗ്ലോബല്‍ പൊസിഷനിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ ആപ്ലിക്കേഷന്‍ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്തുകഴിഞ്ഞാല്‍ അത് ഇമെയില്‍ വരുന്ന വഴി ട്രാക്ക് ചെയ്യും. എന്നിട്ട് അത് പുറപ്പെടുന്ന ലൊക്കേഷനും എത്തിച്ചേരുന്ന ലൊക്കേഷനും തമ്മിലുള്ള ദൂരം കണക്കാക്കും. ഈ ദൂരം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇമെയില്‍ വന്ന വഴി ഭൂപടത്തിലും കാണിച്ചുതരും. ഉദാഹരണമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍നിന്ന് സെനഗലിലെ ഡക്കര്‍ എന്ന സ്ഥലത്തേക്കയച്ച ഒരു ഇമെയിലിന്റെ സഞ്ചാരപഥവും ദൂരവും കൃത്യമായി കാണിച്ചു കൊടുക്കുകയും ചെയ്തു ഇതിന്റെ ഉപജ്ഞാതാവ്. ഇതില്‍നിന്നും മനസിലാവുന്ന ഒരു കാര്യം ഈ ഇമെയിലുകളൊന്നും നേരെ ലക്ഷ്യത്തിലേക്ക് പോവുകയല്ല മറിച്ച് പല ലൊക്കേഷനുകളിലൂടെ കറങ്ങിയാണ് ലക്ഷ്യത്തിലെത്തുന്നത് എന്നാണ്. കാരണം സെര്‍വറുകളിരിക്കുന്ന സ്ഥലങ്ങളി ലൂടെയൊക്കെ പോയി മാത്രമേ ഇവ ലക്ഷ്യത്തിലെത്തുകയുള്ളൂ.

Monday, 2 December 2013

ആമസോണിന് ഓര്‍ഡര്‍ കൊടുത്തോളൂ... പാഴ്‌സല്‍ വിമാനത്തില്‍ വീട്ടുമുറ്റത്തെത്തും...!

ജോലിക്ക് ആളെക്കിട്ടാന്‍ വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഫാക്ടറികളിലും കടകളിലും എന്തിന് ഓണത്തിന് പുലികളിക്ക് വേഷം കെട്ടാന്‍ പോലും അന്യ നാട്ടുകാരെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലും. ഇത് തന്നെയാണ് ആഗോളതലത്തിലും എന്നു തോന്നുന്നു. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിന്റെ പുതിയ നീക്കത്തെപ്പറ്റി അറിയുമ്പോള്‍ നമുക്കിത് ഉറപ്പിക്കാം. 

ആമസോണ്‍ അമേരിക്കയില്‍ ഉപഭോക്താക്കള്‍ക്ക്‌ ഓര്‍ഡറുകളെത്തിക്കാന്‍ ആളി ല്ലാത്ത ചെറുവിമാനം (drone) പരീക്ഷിക്കുന്നു. ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ്  'പ്രൈം എയര്‍ ' ( Prime Air) എന്നു പേരിട്ടിരിക്കുന്ന പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ്  അറിയിച്ചു. പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. 'ഒക്ടോകോപ്റ്റര്‍ ' ( Octocopter ) എന്നാണ് ഡെലിവറി ഡ്രോണിനിട്ടിരിക്കുന്ന പേര്.  അരമണിക്കൂര്‍ കൊണ്ട് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളെത്തിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.


ആമസോണ്‍ പ്രൈം എയര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് കാണാം...


എന്നാല്‍ പ്രൈം എയര്‍ സര്‍വീസ്  പ്രവര്‍ത്തികമാകാന്‍ അഞ്ചു വര്‍ഷമെങ്കി ലുമെടുക്കും. തല്ക്കാലം ഇതിന് തടസ്സമായി ചില നിയമപ്രശ്‌നങ്ങളുമുണ്ട്. യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) ആളില്ലാവിമാനങ്ങള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇതുവരെ അനുവാദം നല്‍കിയിച്ചില്ല. പോലീസിന്റെയും ഗവണ്‍മെന്റ് ഏജന്‍സികളുടെയും ആവശ്യത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. 

Tuesday, 26 November 2013

വരുന്നൂ... വോളോകോപ്റ്റര്‍ (Volocopter)

ജര്‍മ്മനിയില്‍നിന്നൊരു പരിസ്ഥിതി സൗഹൃദവാര്‍ത്ത. ഇലക്ട്രിക് പവര്‍ കൊണ്ട് പറക്കുന്ന കൊച്ചു ഹെലികോപ്റ്റര്‍ - വോളോകോപ്റ്റര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു.


Volocopter-VC200 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ ടെസ്റ്റ് ഫൈ്‌ളറ്റുകളാണ് അടുത്തയിടെ നടന്നത്. ഇ വോളോ എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ അമരക്കാരന്‍ അലക്‌സാണ്ടര്‍ സോസല്‍ ആണ്. 450 കിലോ വരെ ഭാരം വഹിച്ച് ഒരു മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍  കഴിയുന്ന രീതിയിലാണ് ഇത് വികസിപ്പിക്കുന്നത്. 100 km/h (54 kn)  ആണ് ലക്ഷ്യമിടുന്ന പരമാവധി വേഗം. 2 സീറ്റുകള്‍ നല്‍കിയിരിക്കുന്ന ഇതിന്  6500 അടി ഉയരത്തില്‍ വരെ പറക്കുവാന്‍ കഴിയുമത്രേ! 


എന്നാല്‍ ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന മോഡലിന് ഈ പറയുന്ന കഴിവുകളെല്ലാം സ്വായത്തമായിട്ടില്ല കേട്ടോ. താമസിയാതെ തന്നെ അത് സാധ്യമാക്കുമെന്നാണ് അറിയുന്നത്. അതോടെ പൈലറ്റ് ലൈസന്‍സുള്ള ആര്‍ക്കും ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രയ്‌ക്കൊക്കെ ഇത് ഉപയോഗപ്പെടുത്താന്‍ കഴിയും. 


18 ഇലക്ട്രിക്ക് റോട്ടോറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ബാറ്ററി ബ്ലോക്കുകള്‍ റോട്ടോറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നു. ഇതുകൊണ്ട് തന്നെ പരിസ്ഥിതി മലിനീകരണം തീരെയില്ല.   

വോളോകോപ്റ്ററിന്റെ ശില്പികള്‍: അലക്‌സാണ്ടര്‍ സോസല്‍ - സിഇഒ(പിന്നില്‍), 
തോമസ് സെന്‍കല്‍ (ഇടത്ത്), സ്‌റ്റെഫാന്‍ വോള്‍ഫ് - സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് തലവന്‍(വലത്ത്)
സുരക്ഷിതത്വവും ഈ വാഹനത്തില്‍ കൂടുതലുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാരണം ഈ വാഹനത്തില്‍ പൈലറ്റിന്റെ ചുമതല ദിശാനിയന്ത്രണം മാത്രമാണ്.  വാഹനത്തിന്റെ ബാക്കി നിയന്ത്രണമെല്ലാം ഇതില്‍ ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളാണ് ചെയ്യുന്നത്.

Saturday, 14 September 2013

ചൊവ്വയിലേക്ക് പോകാന്‍ 20,000 ഇന്ത്യക്കാര്‍

''ചൊവ്വയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മലയാളിയായ ജോസഫ് മാത്യു 5000 വോട്ടുകള്‍ക്ക് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ അമേരിക്കക്കാരനെ തോല്പിച്ചു...'' 
ഞെട്ടണ്ട! ഇങ്ങനെയൊരു വാര്‍ത്ത സമീപഭാവിയില്‍ കേട്ടാലും അത്ഭുതപ്പെടാനില്ല. കാരണം ചൊവ്വയിലേക്ക് ചേക്കേറാന്‍ തയാറായി പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് നില്‍ക്കുന്നത്...!
ചൊവ്വയിലുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന കോളനികളുടെ മാതൃകകള്‍
ചൊവ്വാഗ്രഹത്തിലേക്ക് സ്ഥിരവാസത്തിന് പോകാന്‍ 140 രാജ്യങ്ങളില്‍നിന്നുള്ള ആകെ അപേക്ഷകര്‍ രണ്ട് ലക്ഷത്തോളമാണ്. അപേക്ഷിച്ചവരില്‍ ഇന്ത്യക്കാര്‍ 20,000. അമേരിക്കക്കാരാണ്  ഒന്നാംസ്ഥാനത്ത്  47,000 പേര്‍. 13,000 അപേക്ഷകരുമായി ചൈന മൂന്നാം സ്ഥാനത്തുണ്ട്. ഏറ്റവും പ്രധാന കാര്യം പോകുന്നവരാരും തിരിച്ചുവരുന്നവരല്ല എന്നതാണ്‌. ഈ ദൗത്യത്തില്‍ തിരിച്ചുവരവിന്റെ കാര്യം പറയുന്നേയില്ല. അതായത് പോകുന്നവര്‍ അവിടെ സ്ഥിരതാമസം ഉദ്ദേശിച്ചു തന്നെയിറങ്ങിയവരാണ്!
നെതര്‍ലന്‍ഡ്‌സുകാരനായ വ്യവസായസംരംഭകന്‍ ബാസ്  ലാന്‍സ്‌ഡ്രോപ്പാണ്  'മാര്‍സ്‌വണ്‍' എന്ന ചൊവ്വാ പദ്ധതിക്ക് പിന്നില്‍. ചൊവ്വയില്‍ സ്ഥിരവാസത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി തുടക്കത്തില്‍വേണ്ടത് 600 കോടി ഡോളറാണ് (ഏതാണ്ട്‌  38,598 കോടി രൂപ). ദൗത്യത്തിന്റെ ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയും മറ്റും പണം കണ്ടെത്താനാകുമെന്നാണ് പദ്ധതി നടത്തിപ്പുകാര്‍ കരുതുന്നത്. 1999-ല്‍ ഊര്‍ജതന്ത്രനൊബേല്‍ നേടിയ നെതര്‍ലന്‍ഡ്‌സുകാരന്‍ ജെറാര്‍ഡ് ഹൂഫ്റ്റ് പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
2023-ഓടെ നാലംഗങ്ങള്‍ വീതമുള്ള 10 ടീമുകളെ ചൊവ്വയിലെത്തിക്കുകയാണ്  ആദ്യ
ലക്ഷ്യം. 2015-ല്‍ ഇതിന്റെ തീവ്രപരിശീലനങ്ങള്‍ക്ക് തുടക്കമാകും.
ചൊവ്വയിലേക്കുള്ള യാത്രതന്നെ ഏഴുമാസത്തോളമെടുക്കും. -55 ഡിഗ്രി താപനില അടക്കം
അവിടത്തെ കഠിന സാഹചര്യങ്ങളെ മനുഷ്യന്‍ എങ്ങനെ അതിജീവിക്കും എന്നതും പ്രശ്‌നമാണ്. മരുഭൂമിയിലേതുപോലുള്ള അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്നതിലേറെയും കാര്‍ബണ്‍ ഡയോക്‌സൈഡും.
പദ്ധതിയുടെ ആദ്യപടിയായി 2016 ജനുവരിയില്‍ സോളാര്‍ പാനലുകളും സ്‌പെയര്‍ പാര്‍ട്ടുകളും മറ്റ് അവശ്യവസ്തുക്കളുമടക്കം 2500 കിലോ സാധനങ്ങളുമായി ഒരു വാഹനം ചൊവ്വയിലേക്കയക്കും. അവിടെ കോളനികള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായ പ്രവര്‍ത്തനങ്ങള്‍ക്കാണിത്. തുടര്‍ന്ന് 2018ല്‍ അടുത്ത വാഹനം പ്രത്യേക മാര്‍സ് റോവറുകളുമായെത്തും. ഈ റോവറുകള്‍ മനുഷ്യന് താമസിക്കാന്‍ യോഗ്യമായ സ്ഥലം കണ്ടെത്തുന്നതിന് ചൊവ്വയുടെ ഉപരിതലത്തില്‍ ചുറ്റിസഞ്ചരിക്കും. 2021 ആകുമ്പോഴേക്കും ഈ റോവറുകള്‍ മനുഷ്യനെയും വഹിച്ചെത്തുന്ന പേടകങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കും. 2022 ഓടെ ആദ്യ വാഹനം ചൊവ്വ ലക്ഷ്യമാക്കി കുതിപ്പാരംഭിക്കും. 2023ഓടെ ഈ സംഘം ചൊവ്വ ഗ്രഹത്തിലെ ആദ്യ താമസക്കാരാകും എന്നതാണ് കണക്കുകൂട്ടല്‍. 2025ല്‍ അടുത്ത സംഘം എത്തും. ആദ്യ സംഘമെത്തി രണ്ടു വര്‍ഷത്തെ ഇടവേളയില്‍ നാല് പേരടങ്ങുന്ന സംഘങ്ങള്‍ ചൊവ്വയിലെത്തിക്കൊണ്ടിരിക്കുമെന്നര്‍ത്ഥം.
നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നാസയുടെ ആളില്ലാ പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയിലെത്തിയിട്ടുണ്ട്. 20 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനും നാസയ്ക്ക് പദ്ധതിയുണ്ട്‌.
ബാസ് ലാന്‍സ്‌ഡ്രോപ് 
1977 മാര്‍ച്ച് 5ന് നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച ബാസ് ലാന്‍സ്‌ഡ്രോപ് 'മാര്‍സ് വണ്‍' എന്ന പ്രോജക്ടിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്നു. നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ട്വന്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദ കോഴ്‌സിനു പഠിക്കുന്ന കാലത്താണ് ഭ്രമാത്മകമെന്ന് തോന്നാവുന്ന ചൊവ്വ ദൗത്യത്തിന്റെ ആശയം അദ്ദേഹത്തില്‍ പൊട്ടിമുളയ്ക്കുന്നത്.
മാര്‍സ് വണ്‍ പദ്ധതി വീഡിയോ പ്രസന്റേഷന്‍ കാണൂ...



Wednesday, 4 September 2013

നോക്കണ്ട... നോക്കിയ ഇനിയില്ല.

നോക്കിയ ഇനിമുതല്‍ പഴയ നോക്കിയ അല്ല. മൊബൈല്‍ ഫോണുകളുടെ പര്യായമായി മാറിക്കഴിഞ്ഞ നോക്കിയയുടെ വിലാസം മാറുകയാണ്. നോക്കിയയുടെ ഹാന്‍ഡ് സെറ്റ് വിഭാഗം മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ഏറ്റെടുത്തുകഴിഞ്ഞു. 720 കോടി ഡോളറിനാണ് കച്ചവടം. രൂപക്കണക്കില്‍ ഏതാണ്ട് 47,520 കോടി വരുമിത്.
നോക്കിയ സിഇഒ സ്റ്റീഫന്‍ എലോപും മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാമറും
സ്മാര്‍ട് ഫോണ്‍ രംഗത്ത് തരംഗം സൃഷ്ടിച്ച ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മറുപടിയായി വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വന്‍ മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്. അതിനാക്കം കൂട്ടുന്നതാണ് നോക്കിയയെ ഏറ്റെടുക്കല്‍. സ്മാര്‍ട് ഫോണ്‍ മൊബൈല്‍ രംഗത്തെ മുന്‍നിരക്കാരായ ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയവര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും ഈ നീക്കം എന്ന് കരുതപ്പെടുന്നു. ആന്‍ഡ്രോയ്ഡിന്റെ ഉപജ്ഞാതാക്കളായ ഗൂഗിള്‍ അടുത്തയിടെ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ മോട്ടോറോളയെ ഏറ്റെടുത്തിരുന്നു.
നോക്കിയ ഇനി വയര്‍ലെസ് ഉപകരണങ്ങളുടെ നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്നറിയുന്നു.
ഫിന്‍ലന്റിലെ എസ്പൂ എന്ന സ്ഥലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നോക്കിയ. 1998 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായിരുന്നു നോക്കിയ. അടുത്തകാലത്ത് വില്പനയില്‍ പിന്നോട്ടായി. തകര്‍ച്ചയില്‍നിന്ന് കരകയറാന്‍, അതുവരെ ഉപയോഗപ്പെടുത്തിയിരുന്ന സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ തള്ളി, 2012 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കി. തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നോക്കിയ സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിച്ചു തുടങ്ങി. ഇപ്പോഴിതാ മുഴുവനായും മൈക്രോസോഫ്റ്റിന്റെ കൈകളിലെത്തി.

Saturday, 10 August 2013

ഇനി വണ്ടിയോടും... വയര്‍ലെസ് വൈദ്യുതിയില്‍...

പരമ്പരാഗത ഊര്‍ജ്ജസ്രോതസുകളെ ഇനി അധികം വിശ്വസിക്കാന്‍ പറ്റില്ല എന്നും ഇതുവരെ കണ്ടെത്തിയ അത്തരം സ്രോതസുകളൊക്കെ തീര്‍ന്നുതുടങ്ങിയെന്നും നമുക്കറിയാം. എന്നാല്‍ പകരം സംവിധാനങ്ങളൊന്നും അത്രയ്ക്കങ്ങ് ഫലപ്രദമായിട്ടുമില്ല. ഇലക്ട്രിക് വാഹനങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രധാനമായും രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന്, ഇത്തരം വാഹനങ്ങള്‍ക്ക് വലിയ വിലയേറിയ ബാറ്ററികള്‍ അനിവാര്യമായിരിക്കുന്നു. മറ്റൊന്ന് ഇപ്പോഴും ചാര്‍ജിംഗ് സെന്ററുകളും മറ്റും വേണ്ടത്രയില്ലാത്തതിനാല്‍ ഇത്തരം വണ്ടികളില്‍ ഗ്യാസിലോ പെട്രോളിലോ മറ്റോ പ്രവര്‍ത്തിക്കുന്ന മറ്റൊരു എന്‍ജിന്‍ കൂടി ഘടിപ്പിക്കേണ്ടിവരുന്നു എന്നതാണ്. അല്ലെങ്കില്‍ ദീര്‍ഘദൂരം താണ്ടേണ്ട ഘട്ടങ്ങളില്‍ വഴിയില്‍ കിടക്കാനുള്ള സാധ്യതകളുണ്ട്. ഇതിനെല്ലാം മറുപടിയുമായി ഇതാ കൊറിയയില്‍നിന്നൊരു പുതിയ സാങ്കേതികവിദ്യ എത്തിയിരിക്കുന്നു.

വണ്ടികളുടെ ബാറ്ററിക്ക് അതോടുന്ന വഴിയില്‍നിന്നുതന്നെ ചാര്‍ജ് കിട്ടുന്ന സാങ്കേതികവിദ്യയാണ് ദക്ഷിണകൊറിയയില്‍നിന്ന് വരുന്നത്. വണ്ടിയോടുമ്പോഴോ നിറുത്തിയിട്ടിരിക്കുമ്പോഴോ റോഡിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന കേബിളില്‍നിന്ന് വയര്‍ലെസായി ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുന്ന സംവിധാനമാണിത്. ഷേപ്ഡ് മാഗ്‌നറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ് (Shaped Magnetic Field in Resonance, SMFIR)  എന്നാണിതിന്റെ പേര്. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളജിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ദക്ഷിണകൊറിയയിലെ ഗുമി മുനിസിപ്പാലിറ്റിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 12 കിലോമീറ്റര്‍ ദൂരത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ആവൃത്തിയില്‍ വൈദ്യുതി കടന്നുപോകുന്ന കേബിളുകള്‍ റോഡിനടിയില്‍ ഇട്ടിരിക്കും. ഇത് ഒരു ഇലക്‌ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് സൃഷ്ടിക്കുന്നുണ്ട്. ഈ കാന്തികമണ്ഡലത്തിന്റെ നിശ്ചിതദൂരപരിധിയില്‍ വരുന്ന ഒരു കോയില്‍ ഇത് വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം കോയിലുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കും. ഇവിടെ കേബിള്‍ വഴിയുള്ള ചാര്‍ജിംഗ് അല്ല നടക്കുന്നത്. പൂര്‍ണ്ണമായും വയര്‍ലെസ് ചാര്‍ജിംഗ്! നിരന്തരമായി ചാര്‍ജ് ചെയ്യപ്പെടുന്നതുകൊണ്ട് ബാറ്ററിയും ചെറുതായിരിക്കും.

Monday, 5 August 2013

ഗൂഗിള്‍ ക്രോംകാസ്റ്റ:് ടെലിവിഷനില്‍ ഇന്റര്‍നെറ്റ് വീഡിയോ കാണാന്‍

ടെലിവിഷനില്‍ ഇനി ഇന്റര്‍നെറ്റ് വീഡിയോ കാണാം... എച്ച് ഡി ക്വാളിറ്റിയില്‍. ഗൂഗിളിന്റെ പുതിയ കൈനീട്ടമാണ് ഈ പുതിയ ഉപകരണം. പേര് 'ക്രോംകാസ്റ്റ്'.

എല്‍സിഡി എല്‍ഇഡി ടിവികളിലാണ് ഈ ഉപകരണം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇത്തരം ടിവികളുടെ എച്ച്ഡിഎംഐ പോര്‍ട്ടുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന വയര്‍ലെസ് ടിവി ഡോംഗിളാണ് ക്രോംകാസ്റ്റ്. കാഴ്ചയില്‍ പെന്‍ ഡ്രൈവ് പോലിരിക്കും. രണ്ടിഞ്ച് മാത്രം വലിപ്പം. യൂടൂബ്, ഗൂഗിള്‍ മ്യൂസിക് തുടങ്ങിയവയൊക്കെ ഈ സംവിധാനത്തിന്റെ സഹായത്തോടെ ഹൈഡെഫനിഷന്‍ ക്ലാരിറ്റിയോടെ ടിവിയുടെ വലിയ സ്‌ക്രീനില്‍ ആസ്വദിക്കാം. വയര്‍ലെസ് ആയാണ് പ്രവര്‍ത്തനം എന്നത് കൂടുതല്‍ സൗകര്യപ്രദവുമാണ്.

ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിന്‍ഡോസ് അല്ലെങ്കില്‍ മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ വഴിയും ക്രോം കാസ്റ്റ് വെബ്കാസ്റ്റിംഗ് സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വഴിയും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാം.
വില താരതമ്യേന കുറവായിരിക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന ക്രോംകാസ്റ്റിന് 35 ഡോളറാണ് വില. അതായത് ഏകദേശം 2000 രൂപ. താമസിയാതെ ഇന്ത്യയിലും ഇതെത്തും.


Top News

Labour India