BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 16 August 2013

നമ്മുടെ സ്വന്തം വിക്രാന്ത്‌

'വിക്രാന്ത്' എന്ന പദത്തിന് 'ധീരനായ യോദ്ധാവ്', 'വീരന്‍' എന്നെല്ലാമാണ് അര്‍ത്ഥം. ഇന്ത്യന്‍ സേനയ്ക്ക് കരുത്തു പകരുന്ന ധീരനായ യോദ്ധാവുതന്നെയാണ് വിക്രാന്ത്. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍.

ഇത് വിക്രാന്തിന്റെ രണ്ടാം അവതാരമാണ്. 1961ല്‍ ബ്രിട്ടീഷ്‌സേനയില്‍നിന്നും ഇന്ത്യ സ്വന്തമാക്കിയ ആദ്യ വിമാന വാഹിനിക്കപ്പല്‍. ഐ. എന്‍. എസ്. വിക്രാന്ത് 1997ലാണ് ഡി കമ്മീഷന്‍ ചെയ്തത്. അറുപതുകളുടെ മധ്യത്തിലുണ്ടായ ഇന്ത്യ-പാക് യുദ്ധത്തിലും അഞ്ചുവര്‍ഷം കഴിഞ്ഞുണ്ടായ ബംഗ്ലാദേശിന്റെ പിറവിക്കു കാരണമായ യുദ്ധത്തിലും നമ്മുടെ സേനയെ വിജയത്തിലേക്ക് നയിച്ച വിക്രാന്തിന്റെ പിന്‍ഗാമിയാണ് പുതിയ നമ്മുടെ സ്വന്തം വിക്രാന്ത്.
വാണിജ്യകപ്പല്‍ മാത്രം നിര്‍മ്മിച്ചു വന്ന കൊച്ചി കപ്പല്‍ശാലയുടെ വളര്‍ച്ചയില്‍ മറ്റൊരു പൊന്‍തൂവലായ പുതിയ വിക്രാന്ത് വിമാനവാഹിനികളുടെ രൂപകല്പനയിലും നിര്‍മ്മാണത്തിലും സ്വാശ്രയത്വം നേടിയ ലോകത്തെ അഞ്ചാമത്തെ രാജ്യമെന്ന പദവികൂടി ഭാരതത്തിന് നേടിത്തന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
അതില്‍തന്നെ 40,000 ടണ്‍ കേവു ഭാരമുള്ള വിമാനവാഹിനിക്കപ്പല്‍ മൂന്നു വമ്പന്‍ രാജ്യങ്ങളേ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളൂ. അമേരിക്ക, ബ്രിട്ടന്‍, റഷ്യ. നാലാമതായി ആ പട്ടികയിലിടംപിടിച്ച രാജ്യം ഇന്ത്യയാണ്.

 മറ്റു രാജ്യങ്ങളുടെ അതിരു ലംഘിക്കാതെ തന്നെ സമുദ്രത്തിലെ വിമാനത്താവളമായ ഇൗ കപ്പലില്‍നിന്നും ഏതു ശത്രുവിനേയും ഏതു ലക്ഷ്യത്തേയും ആക്രമിക്കാനുള്ള കരുത്താണ് ഇതോടെ ഇന്ത്യന്‍ സേനയ്ക്ക് കൈവന്നിരിക്കുന്നത്.മുപ്പതു വിമാനങ്ങളെ ഉള്ളില്‍ക്കരുതാന്‍ വിക്രാന്തിനു കഴിയും. ഒരേ സമയം രണ്ട് യുദ്ധവിമാനങ്ങള്‍ക്കു പറന്നുയരാനും ഒരെണ്ണത്തിന് തിരിച്ചിറങ്ങാനും കഴിയുന്നത്ര വിശാലമായ ഡക്ക് വിക്രാന്തിന്റെ മറ്റൊരു സവിശേഷതയാണ്. 260 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള ഇൗ വിമാനവാഹിനിയില്‍ രണ്ടായിരത്തിലേറെ നാവികര്‍ക്കു കഴിയാനുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ഇതുവരെയുള്ള നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാകാന്‍ ഒന്‍പത് വര്‍ഷമാണെടുത്തത്. രണ്ടായിരത്തിപതിനെട്ടോടെ പൂര്‍ണ്ണമായും യുദ്ധത്തിന് സജ്ജമാകും.
വിക്രാന്തിന്റെ വരവോടെ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നാകും. ഇപ്പോഴുള്ള ഐ. എന്‍. എസ് വിരാട്, റഷ്യയില്‍നിന്നു വാങ്ങിയ ഗോര്‍ഷ്‌കോവ് എന്നിവയാണ് മറ്റു രണ്ടെണ്ണം. ഇന്ത്യന്‍ നാവികസേനയുടെ അരാഹത്ത് എന്ന ആണവ മുങ്ങിക്കപ്പലിന്റെ ആണവ റീയാക്ടര്‍ പ്രവര്‍ത്തനക്ഷമമായത് 2013 ആഗസ്റ്റ് 10നാണ്. ഇതോടെ ന്യൂക്ലിയര്‍ മുങ്ങിക്കപ്പല്‍ക്ലബില്‍ (അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന) ഇന്ത്യ അംഗമായതിന് തൊട്ടുപിന്നാലെയാണ് വിക്രാന്തിന്റെ വരവ്.

പ്രതിരോധ സംവിധാനങ്ങള്‍ പരമാവധി വര്‍ധിപ്പിക്കേണ്ട നിലയിലാണ് നമ്മുടെ അയല്‍ബന്ധങ്ങളെന്നതിനാല്‍ ഇൗ രംഗത്തെ ഏത് നേട്ടവും ഇന്ത്യയിലെ ജനങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യും.

കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര

ഒരു പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി ചരിത്രം കുറിച്ച മലയാളിയായ നേവി ഓഫീസര്‍, കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ഉന്നതമായ സേനാമെഡല്‍ കീര്‍ത്തിചക്ര.











ത്രിപ്പൂണിത്തുറ കണ്ടനാട് വലിയവറ വീട്ടില്‍ ലഫ്. കേണല്‍ (റിട്ട.) വി. സി. ടോമിയുടെയും വല്‍സമ്മയുടെയും പുത്രനായ കമാന്‍ഡര്‍ ടോമി 2012 നവംബര്‍ 1ന് കേരളപ്പിറവി ദിനത്തിലാണ് തന്റെ സാഹസിക യാത്രയ്ക്കിറങ്ങിയത്. 'മാതേയി' എന്നു പേരിട്ട പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ഒരു കരയിലും ഇറങ്ങാതെ 150 ദിവസങ്ങള്‍കൊണ്ട് നിരവധി പ്രതികൂലഘടകങ്ങളെ നേരിട്ട് അഭിലാഷ് ടോമി കടല്‍ കീഴടക്കുകയായിരുന്നു. 2013 മാര്‍ച്ച് 31നാണ് യാത്ര പൂര്‍ത്തിയാക്കി അഭിലാഷ് മുംബൈയില്‍ എത്തിച്ചേര്‍ന്നത്.




കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രാഷ്ട്രപതി സ്വീകരിച്ചപ്പോള്‍...
അഭിലാഷ് ടോമി മാദേയി എന്ന പായ്ക്കപ്പലില്‍
ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായി കമാന്‍ഡര്‍ അഭിലാഷ്. ഇന്ത്യന്‍ നേവി ഓഫീസറായിരുന്ന കമാന്‍ഡര്‍ ദിലിപ് ഡോന്‍ഡേയാണ് ഇത്തരത്തില്‍ പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍. പക്ഷേ അദ്ദേഹം യാത്രയ്ക്കിടെ നാല് തവണ കരയ്ക്ക് കയറിയിരുന്നു.
കമാന്‍ഡര്‍ ദിലിപ് ഡോന്‍ഡേ


യുദ്ധേതരരംഗത്തെ ധീരതയ്ക്കും സ്വയം സമര്‍പ്പണത്തിനും നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഇന്ത്യന്‍ മിലിറ്ററി ബഹുമതിയാണ് കീര്‍ത്തിചക്ര.

1952 ജനുവരി 4നാണ് ഈ മെഡല്‍ ഏര്‍പ്പെടുത്തിയത്. 1947 ഓഗസ്റ്റ് 15 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഇത്. 'അശോക ചക്ര ക്ലാസ് II' എന്നായിരുന്നു ഈ മെഡല്‍ ആദ്യകാലത്തറിയപ്പെട്ടിരുന്നത്. 1967 ജനുവരി 27ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട് 'കീര്‍ത്തിചക്ര' യായി. വൃത്താകൃതിയുള്ള വെള്ളി മെഡലാണിത്. 1-3/8 ഇഞ്ച് വ്യാസം. മധ്യത്തില്‍ അശോകചക്രം. ഇതിനുചുറ്റും താമരപ്പുമൊട്ടുകള്‍കൊണ്ടൊരു പുഷ്പചക്രവുമുണ്ട്.

ലോകം ചുറ്റിവന്ന കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ സാഹസിക യാത്രയുടെ 
ദൃശ്യങ്ങള്‍ കാണൂ...

Tuesday, 13 August 2013

രഞ്ജന്‍ സോധിക്ക് ഖേല്‍ രത്‌ന... രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന

രഞ്ജന്‍ സോധി
ഷൂട്ടിംഗ് താരം രഞ്ജന്‍ സോധിക്ക് പരമോന്നത കായിക പുരസ്‌ക്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന.

മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ്. ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി, ബാഡ്മിന്റണിലെ പുതിയ താരോദയം പി. വി. സിന്ധു എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.
എന്നാല്‍ രാജ്യത്തെ വോളീബോള്‍ രംഗത്ത് ദീര്‍ഘകാലമായി നിറഞ്ഞുനില്‍ക്കുന്ന മലയാളി താരം ടോം ജോസഫിന് ഇക്കുറിയും അര്‍ജുന ലഭിച്ചില്ല എന്നത് കായിക ലോകത്തിന് നിരാശയുണ്ടാക്കി.

രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡ്‌

മലയാളിയായ ഒളിംപ്യന്‍ ട്രിപ്പിള്‍ ജംപ്‌ താരം രഞ്‌ജിത്ത്‌ മഹേശ്വരി ഇത്തവണത്തെ അര്‍ജുന അവാര്‍ഡ്‌ ജേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു. രണ്ട്‌ ഒളിംപിക്‌സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച രഞ്‌ജിത്തിന്‌ ഇത്‌ അര്‍ഹതയ്‌ക്കുള്ള അംഗീകാരം. ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോഡ്‌ (17.07 മീ.) സ്വന്തം പേരില്‍ കുറിച്ചിരിക്കുന്ന രഞ്‌ജിത്ത്‌ 2008 ബീജിംഗ്‌ ഒളിംപിക്‌സിലും 2012 ലണ്ടന്‍ ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 2007ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, 2010ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വെങ്കലം, 2012ലെ ഏഷ്യന്‍ ഗ്രാന്‍പ്രി മീറ്റില്‍ സ്വര്‍ണ്ണം തുടങ്ങിയവ രഞ്‌ജിത്തിന്‍െറ രാജ്യാന്തരനേട്ടങ്ങളില്‍ പ്രധാനമായവയാണ്‌.
1986 ജനുവരി 30ന്‌ കോട്ടയം ജില്ലയിലെ ചാന്നാനിക്കാട്‌ ജനിച്ചു. 

Monday, 12 August 2013

ഇന്ത്യന്‍ ബാഡ്മിന്റന്റെ സിന്ദൂര തിലകം...

ന്ത്യന്‍ ബാഡ്മിന്റന്‍ രംഗത്ത് പുത്തന്‍ താരോദയമാകുകയാണ് പി. വി. സിന്ധു എന്ന ആന്ധ്രക്കാരി. ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിക്കൊണ്ട് സിന്ധു പുതു ചരിത്രമെഴുതിയിരിക്കുന്നു.  ആദ്യമായാണൊരിന്ത്യക്കാരി ലോക ചാംപ്യന്‍ഷിപ്പില്‍ വ്യക്തിഗത മെഡല്‍ നേടുന്നത്. ലോകറാങ്കില്‍ മുന്‍നിരയിലെത്തിയ സൈന നെഹ്‌വാളിനുപോലും എത്തിപ്പിടിക്കാനാവാത്ത അസുലഭനേട്ടം.
ചൈനയിലെ ഗാങ്ഷുവില്‍ അരങ്ങേറിയ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലാണ് സിന്ധു ഭാരതത്തിന്റെ അഭിമാനമായത്.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇവിടെ മൂന്നാം സീഡായിരുന്ന സൈന ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. സിന്ധുവാകട്ടെ പത്താം സീഡും. സെമിയിലേക്കുള്ള വഴിയില്‍ സിന്ധു പരാജയപ്പെടുത്തിയതോ നിലവിലുള്ള ചാംപ്യന്‍ ചൈനയുടെ യിഹാന്‍ വാങിനെയും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ ജേത്രി ഷിസിയന്‍ വാങിനെയുമൊക്കെയാണ്. സെമിയില്‍ പക്ഷേ, ഈ സ്വപ്നതുല്യ യാത്രയ്ക്ക് ഭംഗമായി. തായ്‌ലന്‍ഡുകാരി, ലോക ജൂനിയര്‍ ചാംപ്യന്‍കൂടിയായ, റാച്ചനോക്ക് ഇന്റനോണ്‍ സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചു. റാച്ചനോക്ക് തുടര്‍ന്ന് ഫൈനലിലും വിജയിച്ച് ലോക ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ ചൈനക്കാരികളുടെ കുത്തക തകര്‍ത്ത് ആദ്യമായൊരു തായ് വനിത ലോകചാംപ്യന്‍ഷിപ്പില്‍ മുത്തമിട്ടു.

എന്തായാലും ആദ്യമായി ലോകചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പതിനെട്ട് വയസ്സു മാത്രമുള്ള പി. വി. സിന്ധുവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടം തന്നെ. സൈനയേപ്പോലെ തന്നെ മുന്‍ രാജ്യാന്തരതാരം ഗോപീചന്ദിന്റെ ശിഷ്യയാണ് സിന്ധുവും.
സിന്ധുവിനുമുന്‍പ് 1983ല്‍ കോപ്പന്‍ഹേഗനില്‍ വച്ച് നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ പ്രകാശ് പദുക്കോണ്‍ വെങ്കലം നേടിയിരുന്നു. 2011ല്‍ നടന്ന ലണ്ടന്‍ ചാംപ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ ജ്വാലാ ഗുട്ടയും അശ്വിനി പൊന്നപ്പയും ചേര്‍ന്ന സഖ്യം വെങ്കലമെഡല്‍ നേടിയിട്ടുണ്ട്.
വോളിബോള്‍ കോര്‍ട്ടുകളില്‍ മിന്നല്‍പിണരായിരുന്ന മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരം അര്‍ജുന അവാര്‍ഡ് ജേതാവ് പി. രമണയുടെയും ദേശീയ വോളി താരമായിരുന്ന വിജയയുടെയും മകളാണ് പുസര്‍ല വെങ്കട സിന്ധു എന്ന പി. വി. സിന്ധു. 1995 ജൂലൈ 5ന്  ഹൈദരാബാദില്‍ ജനിച്ചു. 2013ല്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടവും സിന്ധു നേടിയിട്ടുണ്ട്.

ഒരേയൊരു ബോള്‍ട്ട്...


ഈ ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ താനാണെന്ന് 'ലൈറ്റ്‌നിംഗ് ബോള്‍ട്ട്' എന്ന് വിളിപ്പേരുള്ള ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ഒരിക്കല്‍കൂടി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മോസ്‌കോയില്‍ അരങ്ങേറിയ ലോക അത്‌ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ സ്വര്‍ണ്ണം നേടിക്കൊണ്ടായിരുന്നു ഈ അശ്വമേധം. 9.77 സെക്കന്റില്‍ ഈ സീസണിലെ തന്റെ മികച്ച സമയവും ബോള്‍ട്ട് കുറിച്ചു. അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ 9.85 സെക്കന്റില്‍ വെളളിയും ജമൈക്കയുടെ തന്നെ നെസ്റ്റ കാര്‍ട്ടര്‍ 9.95 സെക്കന്റില്‍ വെങ്കലവും നേടി.
നൂറ് മീറ്റര്‍ ഫൈനലില്‍ മത്സരിക്കാന്‍ ഇറങ്ങിയ എട്ട് പേരില്‍ നാലും ജമൈക്കക്കാരായിരുന്നു എന്നത് കൗതുകമായി. ഈ നാലു പേരും ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിക്കൊണ്ട് ജമൈക്കയുടെ സ്പ്രിന്റ് കരുത്തിന് നേര്‍ സാക്ഷ്യമാവുകയും ചെയ്തു. ബോള്‍ട്ടിനും കാര്‍ട്ടര്‍ക്കും പിന്നാലെ കെമര്‍ ബെയ്‌ലി കോള്‍(9.98) നിക്കല്‍ അഷ്‌മെദെ (9.98) എന്നീ ജമൈക്കന്‍ അത്‌ലറ്റുകള്‍ യഥക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
ബോള്‍ട്ടും ഗാട്‌ലിനും പോരാട്ടത്തില്‍
നിലവില്‍ 100 മീറ്റര്‍ 200 മീറ്റര്‍ ലോക റെക്കോഡുകള്‍ 26-കാരനായ ബോള്‍ട്ടിനു സ്വന്തമാണ്. 4 * 100 മീറ്റര്‍ റിലേയിലും ലോകറെക്കോഡ് സ്ഥാപിച്ച ജമൈക്കന്‍ ടീമില്‍ ബോള്‍ട്ടുണ്ട്. സ്പ്രിന്റ് ഇനങ്ങളില്‍ ആറ് ഒളിംപിക് മെഡലുകള്‍ നേടിയ ആദ്യ അത്‌ലറ്റ് എന്ന ഖ്യാതിയും ഇദ്ദേഹത്തിനാണ്. 9.58 സെക്കന്റാണ് 100 മീറ്ററിലെ മികച്ച സമയം.
ജമൈക്കയിലെ ട്രെലവ്‌നിയിലുള്ള ചെറു പട്ടണമായ ഷെര്‍വുഡ് കണ്ടെന്റിലാണ് 1986 ആഗസ്റ്റ് 21ന് വെല്ലസ്ലി ബോള്‍ട്ടിന്റെയും ജെന്നിഫറിന്റേയും പുത്രനായി ഉസൈന്‍ ബോള്‍ട്ട് ജനിച്ചത്.

ബോള്‍ട്ടിന്റെ ലോകറെക്കോഡ് പ്രകടനം കാണാന്‍ ക്ലിക്ക് ചെയ്യൂ...



Top News

Labour India