കുഞ്ഞുകഥകളിലൂടെ പ്രശസ്തയായ അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം.
ഇന്ത്യയില്‍നിന്ന് പ്രശസ്ത കന്നട എഴുത്തുകാരനും എം. ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ യു. ആര്‍. അനന്തമൂര്‍ത്തിയും ഇത്തവണ ബുക്കറിന് പരിഗണിക്കപ്പെട്ടിരുന്നു. ഒരു പ്രത്യേക കൃതിയ്ക്കല്ല, ലിഡിയയുടെ സമഗ്രസംഭാവനയ്ക്കാണ് ഈ ബുക്കര്‍ പുരസ്‌ക്കാരം. അരക്കോടിയോളം രൂപ (60,000 പൗണ്ട്) സമ്മാനത്തുകയായി ലഭിക്കും.
ഒന്നോ രണ്ടോ വാചകങ്ങളിലോ ഒരു ഖണ്ഡികയിലോ ഒക്കെയാണ് ലിഡിയയുടെ മിക്ക കഥകളും. ഏറ്റവും നീണ്ട കഥകളാകട്ടെ രണ്ടോ മൂന്നോ പേജ് വരുന്നവയും! ഏഴ് കഥാ സമാഹാരങ്ങളും 'കഥയുടെ അവസാനം' എന്ന ഏക നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ബ്രേക്ക് ഇറ്റ് ഡൗണ്‍' (1986), 'ഓള്‍മോസ്റ്റ് നോ മെമ്മറി' (1997), 'സാമുവല്‍ ജോണ്‍സന്‍ ഈസ് ഇന്‍ഡിഗ്‌നന്റ്' (2002), 'വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ്'(2007) തുടങ്ങിയവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍.
|
| ലിഡിയ ഡേവിസും നോവലിന്റെ കവര്‍ ചിത്രവും |
പ്രശസ്തയായ വിവര്‍ത്തകയുമാണ് ലിഡിയ ഡേവിസ്. ഫ്രഞ്ച് എഴുത്തുകാരായ മാര്‍സല്‍ പ്രുസ്ത്, ഗുസ്‌തേവ് ഫേ്‌ളാബേര്‍ തുടങ്ങിയവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തതിന് ഫ്രാന്‍സിലെ ഉന്നത ബഹുമതിയായ 'ഷെവലിയര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്' എന്ന ബഹുമതിയും ലിഡിയയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രുസ്തിന്റെ 'സ്വാന്‍സ് വേ' ഫേ്‌ളാബേറിന്റെ 'മാഡം ബോവറി' എന്നീ പ്രശസ്ത കൃതികളും ലിഡിയ വിവര്‍ത്തനം ചെയ്തവയില്‍ പെടുന്നു.
അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സിലുള്ള നോര്‍ത്താംപ്ടണില്‍ 1947ല്‍ ജനിച്ചു. പിതാവ് റോബര്‍ട്ട് ഗോര്‍ഹം ഡേവിസ് ഇംഗ്ലീഷ് പ്രൊഫസറും സാഹിത്യവിമര്‍ശകനുമായിരുന്നു. മാതാവ് ഹോപ് ഹെയ്ല്‍ ഡേവിസ് അധ്യാപികയും ചെറുകഥാകൃത്തുമായിരുന്നു. ന്യൂയോര്‍ക്കിലുള്ള അല്‍ബനി സര്‍വ്വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിഗ് പ്രൊഫസ്സറാണ് ഇപ്പോള്‍ ലിഡിയ ഡേവിസ്.
മുന്‍പ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌ക്കാരം നേടിയവര്‍:
ഇസ്മയില്‍ കാദര്‍ (2005)
ചിനുവ ആച്ചെബി (2007)
ആലിസ് മണ്‍റോ (2009)
ഫിലിപ് റോത്ത് (2011)