BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 11 October 2013

രാസായുധ വിരുദ്ധസംഘടനയ്ക്ക് സമാധാന നോബല്‍

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (OPCW) എന്ന സംഘനയ്ക്ക്.
ഒപിസിഡബ്ല്യുവിന്റെ ഹേഗിലെ ആസ്ഥാനമന്ദിരം
അടുത്തകാലത്ത് സിറിയയില്‍ നടന്നതായി പറയപ്പെടുന്ന രാസായുധ പ്രയോഗം ഇത്തരമൊരു സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ മൂല്യവും ആവശ്യകതയും വര്‍ധിപ്പിക്കുന്നതായി നോബല്‍ കമ്മിറ്റി വിലയിരുത്തി. 
നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസഥാനമായി 1997 ല്‍ രൂപീകൃതമായ ഈ സംഘടന ലോകമെമ്പാടും രാസായുധ നിര്‍മാര്‍ജനത്തിനായി പരിശ്രമിക്കുന്നു. 189 അംഗരാഷ്ട്രങ്ങളുണ്ട് ഇപ്പോള്‍ ഈ സംഘടനയില്‍. അടുത്തയിടെ രാസായുധപ്രയോഗം കൊണ്ട് കുപ്രസിദ്ധി നേടിയ സിറിയയും സംഘനയില്‍ അംഗമായതിനു പിറകേയാണ് നോബല്‍ അവാര്‍ഡ് പ്രഖ്യാപനവും വരുന്നത് എന്നത് യാദൃച്ഛികമായി. സിറിയയിലെ രാസായുധങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്ന ജോലി ഇപ്പോഴും ഒപിസിഡബ്ല്യുവിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
ഇക്കഴിഞ്ഞ 16 വര്‍ഷങ്ങള്‍കൊണ്ട് ഈ സംഘടന ഏതാണ്ട് 57000 ടണ്‍ രാസായുധങ്ങള്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയെന്ന് കണക്കുകള്‍ പറയുന്നു. ശീതയുദ്ധത്തിന്റെ തുടര്‍ച്ചയായി അമേരിക്കയും റഷ്യയും സംഭരിച്ചു സൂക്ഷിച്ചതാണ് ഇതില്‍ ഏറിയ പങ്കും. 
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1993ല്‍ ചേര്‍ന്ന രാസായുധ കണ്‍വെന്‍ഷനെ തുടര്‍ന്നാണ് ഇത്തരമൊരു സംഘടന രൂപീകരിക്കാന്‍ തീരുമാനമായത്. ഇതൊരു യു എന്‍ ഏജന്‍സി അല്ലെ ങ്കിലും നയരൂപീകരണത്തിലും നടപടികളിലും യുഎന്നുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. 2000 സെപ്റ്റംബര്‍ 7ന് ഇരു സംഘടനകളും ഒരു സഹകരണ ഉടമ്പടി ഒപ്പുവച്ചിട്ടുമുണ്ട്. 

ഒപിസിഡബ്ല്യുവിന്റെ ഡയറക്ടര്‍ ജനറല്‍ അഹ്‌മെത് ഉസുംസു
ഒപിസിഡബ്ല്യുവിന്റെ പ്രവര്‍ത്തനനേതൃത്വം ഡയറക്ടര്‍ ജനറലിനാണ്. ബ്രസീലുകാരനായ ജോസ് ബുസ്താനിയായിരുന്നു ആദ്യ ഡയറക്ടര്‍ ജനറല്‍. ടര്‍ക്കിക്കാരനായ അഹ്‌മെത് ഉസുംസു ഇപ്പോഴത്തെ ഡയറക്ടര്‍ ജനറലും. ചില മലയാളികളും ഈ സംഘനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതില്‍ നമുക്കും അഭിമാനിക്കാം.




അസര്‍ബയ്ജാനില്‍ മൂന്നാമതും അലിയേവ് തരംഗം


എണ്ണ പ്രകൃതിവാതക സമ്പന്നമായ മുന്‍ സോവിയറ്റ് റിപബ്ലിക് അസര്‍ബയ്ജാനില്‍ പ്രസിഡന്റായി ഇലാം അലിയേവ്  മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടു. അടുത്തയിടെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അലിയേവിന്റെ ന്യൂ അസര്‍ബയ്ജാന്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലാണ് പ്രതിപക്ഷ കൂട്ടുകക്ഷി മുന്നണിയെ തകര്‍ത്തെറിഞ്ഞത്.
മുന്‍ പ്രസിഡന്റ് ഹൈദര്‍ അലിയേവിന്റെ മകനായ ഇലാം 2003ലാണ് ആദ്യമായി പ്രസിഡന്റ് പദത്തിലെത്തുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും സപ്ലൈ ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് അസര്‍ബയ്ജാന്‍. 1920 ഏപ്രില്‍ 28നാണ് അസര്‍ബയ്ജാന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്കിന്റെ ഭാഗമാകുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 1991 ഒക്‌ടോബര്‍ 18നാണ് സോവിയറ്റ് യൂണിയനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അസര്‍ബയ്ജാന്‍ ഡമോക്രാറ്റിക് റിപബ്ലിക്കായത്. 1995 നവംബര്‍ 12ന് പുതിയ ഭരണഘടന അംഗീകരിച്ചു.


അസര്‍ബയ്ജാനിന്റെ തലസ്ഥാനമായ ബകുവില്‍ 1961 ഡിസംബര്‍ 24നാണ് ഇലാം ഹൈദര്‍ ഒഗ്‌ലു അലിയേവ് ജനിച്ചത്. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലാണ് അലിയേവ് ബിരുദ ബിരുദാനന്തര പഠനങ്ങള്‍ നടത്തിയത്. 1985ല്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1990 വരെ അവിടെത്തന്നെ അധ്യാപകനായി.
ജര്‍മനി ആസ്ഥാനമായ അന്താരാഷ്ട്ര അഴിമതിവിരുദ്ധ സംഘടന, ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍, അസര്‍ബയ്ജാനിലെ ഭരണസംവിധാനത്തെ ലോകത്തെ ഏറ്റവും അഴിമതിനിറഞ്ഞതിലൊന്നായാണ്   രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലും വ്യാപക അഴിമതിയാരോപണങ്ങളുണ്ട്.

ഡോ. എം. എസ്. സ്വാമിനാഥന് ഇന്ദിരാഗാന്ധി പുരസ്‌ക്കാരം

ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം. എസ്. സ്വാമിനാഥന് ദേശീയോദ്ഗ്രഥനത്തിനുള്ള 2012ലെ ഇന്ദിരാഗാന്ധി പുരസ്‌ക്കാരം. അഞ്ചു ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി ലഭിക്കുക.

പ്രമുഖ സര്‍ജനായിരുന്ന ഡോ. എം. കെ. സാംബശിവന്റെയും തങ്കമ്മാളിന്റെയും രണ്ടാമത്തെ പുത്രനായി 1925 ആഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥന്‍ ജനിച്ചത്. പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത ലോകമാണ് അദ്ദേഹത്തിന്റെ സ്വപ്നം. 1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ചറല്‍ റിസര്‍ച്ചിന്റെ ഡയറക്ടറായിരുന്നു. 1982 മുതല്‍ 88 വരെ ഇന്റനാണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ര്‍ ജനറലായിരുന്നു. 1988 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ച്വറല്‍ റിസോഴ്‌സസിന്റെ പ്രസിഡന്റായി. 1999ല്‍ പ്രശസ്തമായ ടൈം മാസിക അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 ഏഷ്യക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അടുത്തകാലം വരെ രാജ്യസഭാംഗവുമായിരുന്നു സ്വാമിനാഥന്‍. കാര്‍ഷിക രംഗത്തെ ഗവേഷണങ്ങള്‍ക്കായി അദ്ദേഹം സഥാപിച്ചിരിക്കുന്ന എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രശസ്തമാണ്. കാര്‍ഷിക ഗവേഷണ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടന ഏര്‍പ്പെടുത്തിയിട്ടുള്ള വേള്‍ഡ് ഫുഡ് പ്രൈസ് ആദ്യമായി (1987) സമ്മാനിക്കപ്പെട്ടതും സ്വാമിനാഥനായിരുന്നു.
പണ്ട് അമ്പലപ്പുഴ രാജാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് തഞ്ചാവൂരുനിന്നും അമ്പലപ്പുഴയിലെത്തിയതാണ് ജ്ഞാനികളായിരുന്ന സ്വാമിനാഥന്റെ കുടുംബം. സ്വാമിനാഥന്റെ പിതാമഹന്‍ മഹാപണ്ഡിതനായിരുന്ന എഞ്ഞി വെങ്കടചെല്ലയ്യരുടെ പാണ്ഡിത്യത്തില്‍ സന്തുഷ്ടനായ രാജാവ് മങ്കൊമ്പ് അടങ്ങിയ ഒരു വലിയ പ്രദേശം അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കുകയായിരുന്നത്രേ. അങ്ങനെയാണ് സ്വാമിനാഥന് ഒരു മലയാളി ബന്ധമുണ്ടാവുന്നത്.

Thursday, 10 October 2013

മലാലയ്ക്ക് സഖറോവ് പുരസ്‌ക്കാരം


മലാല വീണ്ടും ലോകത്തിന്റെ ശ്രദ്ധയില്‍. താലിബാന്‍ നയത്തിനെതിരായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദിച്ചതിന് വെടിയുണ്ടയേറ്റുവാങ്ങേണ്ടിവന്ന പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യൂസുഫ്‌സായിക്ക് സഖറോവ് മനുഷ്യാവകാശ പുരസ്‌ക്കാരം. യൂറോപ്യന്‍ പാര്‍ലമെന്റ് നല്‍കുന്നതാണ് അന്താരാഷ്ട്ര പ്രസിദ്ധമായ ഈ സമ്മാനം. താലിബാന്‍ ശക്തികേന്ദ്രമായ പാകിസ്ഥാനിലെ സ്വാത്‌മേഘലയിലെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് എതിരെ താലിബാന്‍ ഭീഷണിയുണ്ടായപ്പോള്‍ അതിനെതിരെ കുറിപ്പുകളെഴുതുകയും അന്താരാഷ്ട്ര ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് സ്‌കൂളില്‍നിന്നും വരും വഴി മലാലയെ വെടിവച്ച് വീഴ്ത്തിയത്. എന്നാല്‍ വിദേശത്ത് നടത്തിയ നീണ്ട ചികിത്സയിലൂടെ അത്ഭുകരമായി ജിവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മുന്‍ സോവിയറ്റ് യൂണിയനിലെ ഏകാധിപത്യ ഭരണത്തിനെതിരെ പോരാടിയ ശാസ്ത്രജ്ഞനായ ആന്ദ്രേ സഖറോവിന്റെ പേരിലുള്ളതാണ് പുരസ്‌ക്കാരം. 'റഷ്യന്‍ ഹൈഡ്രജന്‍ ബോംബിന്റെ പിതാവ്' എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. 1988ലാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തപ്പെട്ടത്. 50000 യൂറോ (ഏതാണ്ട് 40 ലക്ഷം രൂപ) ആണ് സമ്മാനത്തുക. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസനായകന്‍ നെല്‍സണ്‍ മണ്ടേലയായിരുന്നു ആദ്യ വിജയി. യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, മ്യാന്‍മറിലെ പട്ടാളഭരണത്തിനെതിരെ സമരം നയിച്ച ഓങ് സാന്‍ സൂചി, വ്യവസ്ഥകളെ വെല്ലുവിളിച്ച് യാഥാസ്ഥിതികരുടെ ഭീഷണി നേരിട്ട ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍ തുടങ്ങിയവര്‍ ഇതിനു മുന്‍പ് സഖറോവ് പുരസ്‌ക്കാരം നേടിയ പ്രമുഖരുടെ പട്ടികയിലുണ്ട്. നിരവധി അന്താരാഷ്്ട്ര സംഘടനകളും ഈ പുരസ്‌ക്കാരത്തിന് അര്‍ഹരായിട്ടുണ്ട്.

ആന്ദ്രേ സഖറോവ് 
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി സംവിധാനമാണ് യൂറോപ്യന്‍ പാര്‍ലമെന്റ്.

ചെറുകഥകളുടെ റാണിക്ക് സാഹിത്യ നോബല്‍

സമകാലിക ചെറുകഥാ ലോകത്തെ കുലപതി എന്ന് നിരൂപകര്‍ വാഴ്ത്തുന്ന കനേഡിയന്‍ എഴുത്തുകാരി ആലീസ് ആന്‍ മണ്‍റോയ്ക്ക് സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.


1901ല്‍ നോബല്‍ സാഹിത്യ സമ്മാനം ഏര്‍പ്പെടുത്തിയശേഷം ഇത് കരസ്ഥമാക്കുന്ന പതിമൂന്നാമത്തെ വനിതയും ആദ്യ കാനഡക്കാരിയുമാണ് ആലീസ്. കാനഡയിലെ ഒന്റോറിയയിലുള്ള വിങ്ഹാം എന്ന സ്ഥലത്ത് 1931 ജൂലൈ 10നാണ് ആലീസ് ജനിച്ചത്. ഇപ്പോള്‍ 82വയസ്സുണ്ട്.
'കാനഡയുടെ ആന്റണ്‍ ചെക്കോവ്' എന്ന് വിശേഷിപ്പിക്കപെടുന്ന ആലീസ് ചെറിയ ചുറ്റുപാടുകളില്‍ ജീവിതം തളച്ചിടേണ്ടി വരുന്ന യുവതികളുടെ സംഘര്‍ഷങ്ങളും മറ്റുമാണ് കൂടുതലും തന്റെ കൃതികളിലൂടെ കൈകാര്യം ചെയ്തിട്ടുള്ളത്. കൗമാരകാലത്തുതന്നെ കഥകളെഴുതിത്തുടങ്ങിയ ആലീസിന്റെ ആദ്യ കഥ, 'ദി ഡയമെന്‍ഷന്‍സ് ഓഫ് എ ഷാഡോ' പ്രസിദ്ധീകൃതമായത് 1950ലാണ്. 1968ല്‍ പുറത്തിറങ്ങിയ 'ഡാന്‍സ് ഓഫ് ദ ഹാപ്പി ഷേഡ്‌സ്' ആണ് ആദ്യ കഥാസമാഹാരം. അതിന് കാനഡയുടെ പരമോന്നത സാഹിത്യ പുരസ്‌ക്കാരമായ ഗവര്‍ണര്‍ ജനറല്‍സ് അവാര്‍ഡ് ലഭിച്ചു. ഈ അവാര്‍ഡ് മൂന്ന് തവണ നേടി ഇവര്‍. 2009ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചു. കൂടാതെ പ്രശസ്തമായ ദ കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസും നേടിയിട്ടുണ്ട്.

നേട്ടങ്ങള്‍ക്കൊക്കെ നടുവിലും അഭിമുഖങ്ങളോടും പൊതു ഇടങ്ങളോടും അസാധാരണമായ അകല്‍ച്ച പാലിച്ച പ്രത്യേക വ്യക്തിത്വമായിരുന്നു ഈ കഥാകാരി.
2012ല്‍ പ്രസിദ്ധീകരിച്ച 'ഡിയര്‍ ലൈഫ്' ആണ് അവസാനകൃതി. 'ലൈവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വിമന്‍', 'ഹു ഡു യു തിങ്ക് യു ആര്‍', 'ദ പ്രോഗ്രസ് ഓഫ് ലവ് ആന്‍ഡ് റണ്‍എവേ', 'ദ ബെഗര്‍ മെയ്ഡ്' തുടങ്ങിയവയൊക്കെയാണ് മറ്റു പ്രധാന കൃതികള്‍.
കഴിഞ്ഞ വര്‍ഷം ചൈനീസ് നോവലിസ്റ്റ് മോ യാന്‍ ആയിരുന്നു നോബല്‍ സാഹിത്യ വിജയി.


Wednesday, 9 October 2013

രസതന്ത്രത്തെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിന് നോബല്‍ സമ്മാനം...

സതന്ത്രപരീക്ഷണങ്ങളെ സൈബര്‍ ലോകത്തേയ്ക്ക് കൊണ്ടുവരുന്നതിന് അടിത്തറപാകിയ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ മൈക്കല്‍ ലെവിറ്റ്, സ്ട്രാസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ആസ്ട്രിയന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ കാര്‍പ്ലസ്, സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഇസ്രയേല്‍ വംശജനായ ആര്യേ വാര്‍ഷല്‍  എന്നിവരാണ് രസതന്ത്രനോബല്‍ പങ്കിട്ടത്. 

ആര്യേ വാര്‍ഷല്‍, മൈക്കല്‍ ലെവിറ്റ്, മാര്‍ട്ടിന്‍ കാര്‍പ്ലസ് എന്നിവര്‍
ഇവര്‍ മൂവരും സങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍ സിമുലേഷന്‍സ് വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഈ ഗവേഷണങ്ങള്‍ക്കിടയില്‍ പുതിയതരം മരുന്നുകള്‍ വികസിപ്പിക്കുന്നതിന് അടിത്തറയൊരുക്കുന്നതിനും ഇവര്‍ക്ക് സാധിച്ചു. 1970കളില്‍ ഇവര്‍ നടത്തിയ ഗവേഷണങ്ങള്‍ പച്ചിലകളില്‍ നടക്കുന്ന പ്രകാശസംശ്ലേഷണം, വിവിധ സ്രോതസുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങളുടെ ശുദ്ധീകരണം തുടങ്ങിയവയുടെയൊക്കെ രാസപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചിത്രീകരിക്കുന്നതിന് പിന്നീട് ശാസ്ത്രകാരന്മാര്‍ക്ക് സഹായകമായി. ന്യൂട്ടണ്‍ മുന്നോട്ടുവച്ച ക്ലാസിക്കല്‍ ഫിസിക്‌സും അതുമായി അടിസ്ഥാനപരമായി ബന്ധമില്ലാത്ത ക്വാണ്ടം ഫിസിക്‌സും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഇവരുടെ കണ്ടെത്തലുകള്‍ സഹായകരമായതായി നോബല്‍ കമ്മറ്റി പറയുന്നു.

വോട്ടു ചെയ്യൂ... രസീത് വാങ്ങൂ...

ഇനി മുതല്‍ വോട്ടു ചെയ്യുന്നവര്‍ക്ക് താന്‍ വോട്ടു ചെയ്തതു സംബന്ധച്ച രസീതുകൂടി ലഭിക്കും. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ചീഫ് ജസ്റ്റീസ് പി. സദാശിവം, ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഈ സുപ്രധാനവിധി പുറപ്പെടുവിച്ചത്.


ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന വ്യക്തിക്ക് യന്ത്രത്തോടൊപ്പമുള്ള വിവിപാറ്റ് (വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍) സംവിധാനം വഴിയാണ് രസീത് ലഭിക്കുക. ഈ രസീത് പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം പോളിംഗ് ബൂത്തില്‍ സജ്ജീകരിക്കുന്ന പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കണം. ശേഷം അത് തുറക്കാനും പരിശോധിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമായിരിക്കും അവകാശം. വോട്ടെടുപ്പിന് ശേഷം എന്തെങ്കിലും ക്രമക്കേട് ആരോപിക്കപ്പെടുകയോ, വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചതായി പരാതിയുണ്ടാവുകയോ മറ്റോ ചെയ്താല്‍ ഈ രസീതുകള്‍ എണ്ണിനോക്കി പരിഹാരമുണ്ടാക്കാവുന്നതാണ്.


പൊതുമേഖലാസ്ഥാപനങ്ങളായ ഭാരത് ഇലക്‌ട്രോണിക്‌സും ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും വികസിപ്പിച്ച വിവിപാറ്റ് വിവിധ സ്ഥലങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചത് വിജയമാണെന്ന് കണ്ടിട്ടുണ്ട്. രാജ്യത്താകമാനം ഉപയോഗിക്കുന്ന 13 ലക്ഷത്തോളം വോട്ടിംഗ് യന്ത്രങ്ങളില്‍ വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഏകദേശം 1690 കോടി രൂപ മുടക്കേണ്ടിവരും.

Tuesday, 8 October 2013

ഭൗതിക നോബല്‍ തീരുമാനത്തില്‍ 'ദൈവത്തിന്റെ കൈ'...!

വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ദൈവകണത്തിന്റെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞര്‍ക്ക്. പ്രപഞ്ചത്തിന്റെ അടിസ്ഥാനകണം എന്ന് പറയപ്പെടുന്ന ഹിഗ്‌സ് ബോസോണിന്റെ സാന്നിധ്യം പ്രവചിച്ച പീറ്റര്‍ ഡബ്ലിയു. ഹിഗ്‌സും ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും നോബല്‍ സമമാനം പങ്കുവയ്ക്കും. പീറ്റര്‍ ഹിഗ്‌സ് 1929ല്‍ ബ്രിട്ടനില്‍ ജനിച്ചു. 1932ല്‍ ബെല്‍ജിയത്തിലാണ് ഇംഗ്ലര്‍ട്ട് ജനിച്ചത്.
ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും(ഇടത്ത്) പീറ്റര്‍ ഹിഗ്‌സും
1964ലാണ് ഇത്തരമൊരു കണത്തിന്റെ സാധ്യത പീറ്റര്‍ ഹിഗ്‌സ് പ്രവചിക്കുന്നത്. ഇതിനടിസ്ഥാനമായതോ 1924ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് മുന്നോട്ടുവച്ച കണികാസാദ്ധാന്തവും. അതുകൊണ്ടാണ് ആ കണത്തിന് ഹിഗ്‌സ് ബോസോണ്‍ കണം എന്നു പേരിട്ടതുതന്നെ. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍), ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ കണത്തിന്റെ സാന്നിധ്യം ഉറപ്പാക്കപ്പെട്ടത്.

എന്താണ് ഹിഗ്‌സ് ബോസോണ്‍ കണം? 
വിശദീകരണം കേള്‍ക്കൂ...

ആശാന്‍ പുരസ്‌ക്കാരം എന്‍. കെ. ദേശത്തിന്

പ്രശസ്ത കവിയും നിരൂപകനുമായ എന്‍. കെ. ദേശത്തിന് ഈ വര്‍ഷത്തെ ആശാന്‍ സ്മാരക കവിതാ പുരസ്‌ക്കാരം. മലയാള കവിതയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മുപ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
എന്‍. കെ. ദേശം എന്നറിയപ്പെടുന്ന കുട്ടിക്കൃഷ്ണപിള്ള ആലുവയ്ക്കടുത്തുള്ള ദേശം എന്ന സ്ഥലത്താണ് ജനിച്ചത്. സ്ഥലപ്പേര് ചേര്‍ന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. ഔദ്യോഗികജീവിതംഎല്‍ഐസിയിലായിരുന്നു.
അദ്ദേഹത്തിന്റെ കവിതാസമാഹാരമായ 'മുദ്ര' 2007ല്‍ ഓടക്കുഴല്‍ അവാര്‍ഡിനും 2009ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. 'അന്തിമലരി', 'ചൊട്ടയിലെ ശീലം', 'അമ്പത്തൊന്നക്ഷരാളീ', 'അപ്പൂപ്പന്‍താടി', 'പവിഴമല്ലി', 'മുദ്ര', 'ഉതിര്‍മണികള്‍',  'കന്യാഹൃദയം', 'ഗീതാഞ്ജലി' (വിവര്‍ത്തനം) തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

Nobel Prize2013

                    

Monday, 7 October 2013

ശ്രീലങ്കയിലെ ആദ്യ തമിഴ് മുഖ്യമന്ത്രി സ്ഥാനമേറ്റു.

ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ തമിഴ് മുഖ്യമന്ത്രി. സി. വി. വിഗ്‌നേശ്വരനാണ് (കനഗസഭാപതി വിസുവലിംഗം വിഗ്‌നേശ്വരന്‍) ജാഫ്‌ന, കിളിനൊച്ചി, മന്നാര്‍, വാവുനിയ എന്നീ ജില്ലകള്‍ ചേര്‍ത്ത് രൂപീകരിച്ച വടക്കന്‍ പ്രവിശ്യയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്  മുഖ്യമന്ത്രി പദത്തിലെത്തിയത്. ഇദ്ദേഹം സുപ്രീം കോടതി മുന്‍ ജഡ്ജിയാണ്. ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്ഷെയുടെ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.


തമിഴ് വിമോചനപുലികളുടെ ശക്തികേന്ദ്രമായിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് 25 വര്‍ഷം മുന്‍പ് രൂപീകൃതമായ വടക്കന്‍ പ്രവിശ്യയില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ തമിഴ് കക്ഷികളുടെ കൂട്ടുമുന്നണിയായ തമിഴ് നാഷണല്‍ അലയന്‍സ് (ടിഎന്‍എ) 38 സീറ്റില്‍ 30 ഉം നേടി ആധിപത്യമുറപ്പിക്കുകയായിരുന്നു. ടെലോ, തുള്‍ഫ്, പീപിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴം, ഈഴം പീപിള്‍സ് ലിബറേഷന്‍ ഫ്രണ്ട്, ഇളങ്കൈ തമിഴ് അരശ് കക്ഷി എന്നിങ്ങനെയുള്ള അഞ്ച് പാര്‍ട്ടികളുടെ കൂട്ടുമുന്നണിയാണ് ടിഎന്‍എ. ഇതില്‍ ഇളങ്കൈ തമിഴ് അരശ് കക്ഷിക്കാരനാണ് മുഖ്യമന്ത്രിയായ വിഗ്‌നേശ്വരന്‍.
1939 ഒക്‌ടോബര്‍ 23ന് കൊളംബോയിലെ ഹള്‍സ്‌ഡോര്‍പ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. പിതാവ് കനഗസഭാപതി ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. 1979 മെയ് 7നാണ് വിഘ്‌നേശ്വരന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. 2001 മാര്‍ച്ചില്‍ സുപ്രീം കോടതി ജഡ്ജി പദവിയിലെത്തി. 2004 ഒക്‌ടോബറില്‍ വിരമിച്ചു.

റോത്മാന്‍, ഷെക്മാന്‍, സൂഡോഫ് എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബല്‍

2013ലെ വൈദ്യശാസ്ത്ര നോബല്‍ വിജയികള്‍: യഥാക്രമം ഷെക്മാന്‍, സൂഡോഫ്, റോത്മാന്‍  എന്നിവര്‍
മേരിക്കക്കാരായ ജെയിംസ് റോത്മാന്‍, റാന്‍ഡി ഷെക്മാന്‍ എന്നിവരും ജര്‍മന്‍കാരനായ തോമസ് സൂഡോഫും വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌ക്കാരം പങ്കിട്ടു.
കോശങ്ങള്‍ അവയ്ക്കുള്ളിലെ പദാര്‍ത്ഥസംവഹനസംവിധാനം രൂപപ്പെടുത്തുന്നതെങ്ങനെ എന്നവിഷയത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്കാണ് ഇവര്‍ക്ക് നോബല്‍ ലഭിക്കുന്നത്.
കോശങ്ങളിലെ സംവഹനസംവിധാനത്തിന്റെ തകര്‍ച്ചയും നാഡീരോഗങ്ങള്‍, പ്രമേഹം, രോഗപ്രതിരോധസംവിധാനത്തിനുണ്ടാകുന്ന തകരാറുകള്‍ എന്നിവയും തമ്മിലുള്ള ബന്ധ ത്തെക്കുറിച്ചുള്ള സുവ്യക്തമായ ഇവര്‍ തങ്ങളുടെ ഗവേഷണങ്ങളിലൂടെ ലോകത്തിന് നല്‍കിയിരിക്കുന്നത്. ഉദാഹരണമായി ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നതെ ങ്ങനെയെന്നും അതിനെ എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എങ്ങനെയാണ് എത്തി ച്ചുകൊടുക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. 
മനുഷ്യശരീരത്തെപ്പറ്റിയുള്ള ഗ്രാഹ്യം മെച്ചപ്പെടുത്തുന്നതുവഴി നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം, രോഗപ്രതിരോധസംവിധാനത്തിനുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയ വയെ നേരിടുന്നതില്‍ ഇവരുടെ കണ്ടെത്തലുകള്‍ വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രസക്തമാണ്.
1.2 മില്ല്യന്‍ ഡോളര്‍ വരുന്ന സമ്മാനത്തുക ഇവര്‍ക്ക് തുല്ല്യമായി വീതിച്ചു നല്‍കും. ഇത് രൂപക്കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 74,256,000 (ഏഴുകോടി നാല്പത്തിരണ്ടുലക്ഷത്തി അന്‍പത്താറായിരം രൂപ!) വരും.

Top News

Labour India