സ്വിറ്റ്‌സര്‍ലന്റിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയ്ക്ക് വയസ്സ് 28. തന്റെ ടെന്നീസ് ജീവിതത്തില്‍ ഇതുവരെ ഒരൊറ്റ ഗ്രാന്റ് സ്ലാം കിരീടവും സ്വന്തമായില്ല. റാഫേല്‍ നദാലാകട്ടെ 13 തവണ മേജര്‍ ടൂര്‍ണമെന്റ് കിരീടങ്ങള്‍ നേടിയ വ്യക്തി. ഇവര്‍ തമ്മില്‍ നേരിട്ട് മത്സരിച്ചപ്പോഴൊന്നും വാവ്‌റിങ്ക ജയിച്ചിട്ടില്ല എന്നു മാത്രമല്ല, ഒരു സെറ്റുപോലും നേടിയിട്ടുമില്ല. ഇത്തവണത്തെ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വാവ്‌റിങ്ക നദാലിനെ തകര്‍ത്ത് തന്റെ കന്നീക്കിരീടം നേടിയതോടെ ഇതൊക്കെ പഴങ്കഥകളായിക്കഴിഞ്ഞു.
വാവ്‌റിങ്കയുടെ നേട്ടം ഒട്ടും യാദൃശ്ചികമല്ല. ഫൈനലിലേക്കുള്ള വഴിയില്‍ മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനെയും ഫൈനലില്‍ നദാലിനെയും തോല്പിച്ചുകൊണ്ട് തന്റെ മികവ് അടിവരയിട്ടുറപ്പിച്ചാണ് റോജര്‍ ഫെഡററിന്റെ ഈ നാട്ടുകാരന്‍ കിരീടം ചൂടിയത്.
ചൈനക്കാരി ലി നാ വനിതാവിഭാഗം കിരീടം നേടി. 2011ലും കഴിഞ്ഞ വര്‍ഷവും ഇവിടെ ഫൈനല്‍ കളിച്ച് തോറ്റ ലി ന ഇത്തവണ തന്റെ 32-ാം വയസ്സില്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ഇവിടത്തെ ഏറ്റവും പ്രായം കൂടിയ വനിതാ ചാംപ്യനുമായി. ഫൈനലില്‍ അട്ടിമറികളിലൂടെ കയറിവന്ന ഡൊമിനിക്ക സിബുല്‍ക്കോവയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലി തോല്പിച്ചത്. 2011ലെ ഫ്രഞ്ച് ഓപ്പണ്‍ വിജയമാണ് ലിക്ക് എടുത്തു കാട്ടാനുള്ള മറ്റൊരു പ്രമുഖ നേട്ടം.
No comments:
Post a Comment