BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Personalities. Show all posts
Showing posts with label Personalities. Show all posts

Saturday, 15 February 2014

360 ഡിഗ്രി ടെലിവിഷന്‍ വികസിപ്പിച്ച മലയാളിക്ക് പുരസ്‌ക്കാരം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറ സ്വദേശിയും അമേരിക്കയിലെ സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഫോട്ടോണിക്‌സ് ആന്‍ഡ് മെറ്റീരിയല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ജയന്‍ തോമസ് ആണ് പുതിയ ടെലിവിഷന്റെ പിന്നിലെ ബുദ്ധികേന്ദ്രം.


360 ഡിഗ്രി ദൃശ്യാനുഭവം നല്‍കുന്ന 3ഡി ടെലിവിഷന്‍ വികസിപ്പിച്ചതിന് ഇദ്ദേഹത്തിന് യുഎസ് National Science Foundationന്റെ നാലു ലക്ഷം ഡോളര്‍ ഗ്രാന്റ് ലഭിച്ചു. ഉദ്ദേശം മൂന്ന് കോടി രൂപയ്ക്കടുത്തുവരും ഈ തുക.
നിലവിലുള്ള 3ഡി ടെലിവിഷനില്‍ ചില പ്രത്യേക ആംഗിളിലിരുന്നാല്‍ മാത്രമേ കാഴ്ച സുഖമാവൂ. പ്രത്യേക കണ്ണടയും വേണം. എന്നാല്‍ ഈ പുതിയ ടെലിവിഷന് പ്രത്യേക കണ്ണട ആവശ്യമില്ലത്രേ! മാത്രവുമല്ല ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ദൃശ്യാനുഭവം നല്‍കുകയും ചെയ്യും ഈ ടെലിവിഷന്‍.
 


Thursday, 13 February 2014

ബാലു മഹേന്ദ്ര ഓര്‍മ്മയായി ( Balu Mahendra Passed Away)

നിഴലും വെളിച്ചവും ചേര്‍ത്ത് വെള്ളിത്തിരയില്‍ അനശ്വരകാവ്യങ്ങള്‍ രചിച്ച ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര ഓര്‍മ്മയായി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും പകരക്കാരനില്ലാത്ത ഈ പ്രതിഭ 74-ാം വയസില്‍ വിടപറയുമ്പോള്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിനിത് തീരാനഷ്ടം.


ശ്രീലങ്കയില്‍ ജനിച്ച ബാലു മഹേന്ദ്ര പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനാര്‍ത്ഥമാണ് ഇന്ത്യയി ലെത്തിയത്. ലക്ഷ്യം സംവിധാനം പഠിക്കുക എന്നതായിരുന്നെങ്കിലും അഡ്മിഷന്‍ കിട്ടിയത് ഛായാഗ്രഹണ കോഴ്‌സിനായിരുന്നു. ഒടുവില്‍ ഛായാഗ്രഹണത്തില്‍ ഒന്നാം റാങ്കുമായാണ് 1969ല്‍ അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് ഛായാഗ്രഹണ ക്ലാസുകള്‍ കട്ട് ചെയ്ത് ഇടയ്ക്കിടെ സംവിധാന, തിരക്കഥാരചന ക്ലാസുകളില്‍ പോയിരിക്കു മായിരുന്നത്രേ അദ്ദേഹം! എന്നാല്‍ ഈ മിടുമിടുക്കന്‍ വിദ്യാര്‍ത്ഥിയോട് അധ്യാപകര്‍ക്ക് അനിഷ്ട മേതുമില്ലായിരുന്നുതാനും. 
സിനിമാ ലോകത്തേയ്ക്ക് ഈ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്റെ രംഗപ്രവേശത്തിന് നിമിത്തമായത് മലയാളമാണ്. 1974ല്‍ രാമുകാരാട്ടിന്റെ 'നെല്ല്' എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചുകൊണ്ടാ യിരുന്നു അത്. കമല്‍ ഹാസന്‍ നായകനായ 'കോകില' എന്ന കന്നട ചിത്രമാണ് ബാലു മഹേന്ദ്രയുടെ ആദ്യ സംവിധാന സംരംഭം. 1977ലായിരുന്നു അത്. 1979ല്‍ പുറത്തുവന്ന 'അഴിയാത്ത കോലങ്ങള്‍' ആയിരുന്നു ഇദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ചിത്രം. അന്നത്തെ തമിഴ് മുഖ്യധാരാ സിനിമ സങ്കല്പങ്ങളെ വെല്ലുവിളിച്ച് സമാന്തരസിനിമയുടെ ഒരു പുതിയ പാത തുറന്നെടുക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ബാലു മഹേന്ദ്ര. 1983ല്‍ വെളിച്ചം കണ്ട 'മൂന്നാം പിറ' എന്ന ചിത്രം ബാലു മഹേന്ദ്രയ്ക്ക് ഛായാഗ്രഹണത്തിനും കമല്‍ ഹാസന് അഭിനയത്തിനു മുള്ള ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ഛായാഗ്രഹണത്തിന് രണ്ട് അടക്കം അഞ്ച് ദേശീയ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. പുരസ്‌ക്കാരങ്ങളുടെ വര്‍ണമഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴും മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ കാമറ ചലിപ്പിക്കാനും അദ്ദേഹം തയാറായി. ഭരതന്റെ 'പ്രയാണം', മണിരത്‌നത്തിന്റെ ആദ്യ ചിത്രം 'പല്ലവി അനുപല്ലവി' തുടങ്ങിയവയിലൊക്കെ കാമറയ്ക്ക് പിന്നില്‍ ബാലു മഹേന്ദ്രയായിരുന്നു. കെ. വിശ്വനാഥന്റെ ചരിത്രം കുറിച്ച 'ശങ്കരാഭരണം' എന്ന ചിത്രത്തിനും കാമറ ബാലു മഹേന്ദ്രയുടേതായിരുന്നു.


ഇതോടൊപ്പം നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലും ബാലു മഹേന്ദ്ര പങ്കുവഹിച്ചു. ബാല, വെട്രിമാരന്‍, സീനു രാമസ്വാമി തുടങ്ങിയ പേരെടുത്ത സംവിധായകര്‍ ബാലു മഹേന്ദ്രയുടെ ശിക്ഷണത്തില്‍ സിനിമാരംഗത്ത് വളര്‍ന്നവരാണ്. 'തലമുറകള്‍' ആണ് ഇദ്ദേഹത്തിന്റെ അവ സാനചിത്രം.

ബാലു മഹേന്ദ്ര ഒരു പഴയകാല ചിത്രം
1939 മെയ് 20ന് ശ്രീലങ്കയിലെ ബറ്റിക്കലോവയിലുള്ള അമിര്‍തകലി എന്ന സ്ഥലത്ത് ശ്രീലങ്കന്‍ തമിഴ് കുടുംബത്തിലാണ് ബാലനാഥന്‍ ബഞ്ചമിന്‍ മഹേന്ദ്രന്‍ എന്ന ബാലു മഹേന്ദ്ര ജനിച്ചത്. പിതാവ് പ്രൊഫസറായിരുന്നു. ശ്രീലങ്കയിലെ അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ബിരുദ പഠനത്തിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെത്തി. പിന്നീട് പൂനെയില്‍ ചലച്ചിത്ര പഠനം. ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

Saturday, 1 February 2014

മൈക്രോസോഫ്റ്റ് തലപ്പത്തേയ്ക്ക് ഇന്ത്യക്കാരന്‍! (An Indian to head Microsoft)


ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ തലപ്പത്തേക്ക് ഒരിന്ത്യക്കാരന്‍ എത്തുന്നു! ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് & എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഹൈദരാബാദ് സ്വദേശി സത്യ നാദെല്ലയാണ് മൈക്രോസോഫ്റ്റിന്റെ അടുത്ത സിഇഒ ആയി നിയമിക്കപ്പെടാന്‍ സാധ്യത കല്പിക്കപ്പെടുന്നത്. 

1967ല്‍ ആന്ധ്രയിലെ ഹൈദരാബാദിലാണ് സത്യ ജനിച്ചത്. പിതാവ് ബി. എന്‍. യുഗാന്ധര്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രഥമിക വിദ്യാഭ്യാസം ഹൈദരാബാദില്‍ നിര്‍വഹിച്ച സത്യ കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്‌ട്രോണിക്‌സില്‍ എന്‍ജിനീയറിംഗ് ബിരുദം നേടി. തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി. തുടര്‍ന്ന് വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എംബിഎയും നേടി. തുടക്കത്തില്‍ സണ്‍ മൈക്രോസിസ്റ്റംസില്‍ ജോലിക്ക് കയറി. 1992ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു. താമസിയാതെ മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സര്‍വീസസ് ഡിവിഷന്റെയും ബിസിനസ് ഡിവിഷന്റെയും വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. പിന്നീട് ക്ലൗഡ് എന്റര്‍പ്രൈസ് വിഭാഗത്തിന്റെ മേധാവിയായി. മൈക്രോസോഫ്റ്റിന്റെ ഡാറ്റാബേസ്, വിന്‍ഡോസ് സെര്‍വര്‍ മറ്റ് ഡവലപര്‍ ടൂളുകള്‍ എന്നിവയെല്ലാം ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിന്റെ ക്രെഡിറ്റ് നാദല്ലെയ്ക്കാണ്. 
സിഇഒ ആയി നിയമിക്കപ്പെട്ടാല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനും ഇപ്പോഴത്തെ സിഇഒ സ്റ്റീവ് ബാമറിനും ശേഷം ഈ പദവിയിലെത്തുന്ന  മൂന്നാമത്തെ വ്യക്തിയായിരിക്കുമിദ്ദേഹം. ആഗോളതലത്തില്‍ നിരവധി പ്രമുഖരെ പരിഗണിച്ചശേഷമാണ് സിഇഒ പദവിയിലേക്ക് സത്യ നാദെല്ല വരുന്നത് എന്നത് അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍, മാനേജ്‌മെന്റ് വൈദഗ്ധ്യങ്ങള്‍ക്കുള്ള അഗേീകാരമായി കണക്കാക്കപ്പെടുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബില്‍ ഗേറ്റ്‌സും മാറുകയാണ് എന്നാണ് വാര്‍ത്തകള്‍. പകരം ഡയറക്ടര്‍ ജോണ്‍ തോംസന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തുമെന്നും പറയപ്പെടുന്നു.

ജോണ്‍ തോംസന്‍, ബില്‍ ഗേറ്റ്‌സ്,  സ്റ്റീവ് ബാമര്‍

Wednesday, 15 January 2014

ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു ( Ariel Sharon Passed Away)

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 8 വര്‍ഷങ്ങളായി കോമയിലായിരുന്ന ഷരോണ്‍ 85-ാമത്തെ വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്.


ഇസ്രായേല്‍ സേനയില്‍ കമാണ്ടറായിരുന്ന ഷാരോണ്‍ 1948ലെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ പങ്കാളിയായിട്ടുണ്ട്. അന്നുതൊട്ട് അടുത്തകാലത്ത് കിടപ്പിലാകും വരെ ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകസ്ഥാനം വഹിച്ചു ഇദ്ദേഹം. 2001 ലും 2005ലും പ്രധാനമന്ത്രിപദത്തിലെത്തി. രാഷ്ട്രീയജീവിതത്തിന്റെ ഭൂരിഭാഗവും ലികുഡ് (Likud) പാര്‍ട്ടിയില്‍ സജീവമായിരുന്ന ഇദ്ദേഹം പിന്നീട്  2005 നവംബറില്‍ പാര്‍ട്ടിവിട്ട് കാഡിമ (Kadima) എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു.  ഇസ്രയേലില്‍ യുദ്ധവീരനായി അറിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് പക്ഷെ പലസ്തീന്‍ ജനതയ്ക്ക് നല്ല ഓര്‍മകളൊന്നുമില്ല.

Friday, 3 January 2014

ആന്‍ഡി മറേ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി 2013 (Andy Murray BBC Sports Personality 2013)

ഇംഗ്ലീഷ് ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറേ 2013ലെ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അവാര്‍ഡിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ടെന്നീസ് താരമായ നാലാമത്തെ വിജയിയാണ് ഇദ്ദേഹം.


കഴിഞ്ഞ നീണ്ട 77 വര്‍ഷങ്ങളിലെ ഇംഗ്ലീഷുകാരനായ ഏക വിംബിള്‍ഡന്‍ ടെന്നീസ് ജേതാവാണ് സ്‌കോട്‌ലന്റില്‍ ജനിച്ച മറേ. 2012ല്‍ ഒളിംപിക്‌സ് സ്വര്‍ണ്ണവും യുഎസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ വിജയവും നേടിയ മറേ ഈ നേട്ടം കൈവരിച്ച ഏക താരമാണ്. 2013ലായിരുന്നു വിംബിള്‍ഡന്‍ കിരീടനേട്ടം. ഇപ്പോള്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനം.

Sunday, 29 December 2013

മേരി ടി. ബാര ജനറല്‍ മോട്ടോഴ്‌സ് സിഇഒ (Mary T. Barra named CEO of GM)

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍വാഹന നിര്‍മ്മാതാക്കളിലൊന്നായ ജനറല്‍ മോട്ടോഴ്‌സിന് ഇനി വനിതാ ഡ്രൈവര്‍! അതെ, ജനറല്‍ മോട്ടോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മേരി തെരേസ ബാര നിയമിതയായി.


നിലവില്‍ കമ്പനിയുടെ ഗ്ലോബല്‍ പ്രേഡക്ട് ഡവലപ്‌മെന്റ് പര്‍ച്ചേസിംഗ് ആന്‍ഡ് സപ്ലൈ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിലെ സിഇഒ ഡാന്‍ അകേര്‍സന്‍ വിരമിക്കുന്ന ഒഴിവിലാണ് ബാരയുടെ നിയമനം. തന്റെ 18-ാം വയസ്സില്‍ എന്‍ജിനീയറായി ജിഎമ്മില്‍ ചേര്‍ന്ന മേരി ബാര കമ്പനിയുടെ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചാണ് ഉയര്‍ന്ന തലത്തിലേക്കെത്തിയത്.  
ഇപ്പോള്‍ കെറ്ററിംഗ് യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന ജനറല്‍ മോട്ടോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് മേരി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്. ജിഎം ഫെല്ലോഷിപ്പോടെ സ ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂളില്‍നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടി.
2012ല്‍ ഫോബ്‌സ് മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ ലിസ്റ്റില്‍ മേരി ബാരയെയും ഉള്‍പ്പെടുത്തിയിരുന്നു. 1961 ഡിസംബര്‍ 24ന്‍ മിച്ചിഗണിലെ വാട്ടര്‍ഫോഡ് എന്ന സ്ഥലത്ത് ജനിച്ചു.


ചിക്കന്‍ പോക്‌സിനെ മെരുക്കിയ ഡോ. മിചിയാകി തകാഹാഷി അന്തരിച്ചു

ചിക്കന്‍ പോക്‌സിനെതിരെ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ച ജപ്പാന്‍കാരന്‍ ഡോ. മിചിയാകി തകാഹാഷി മരണത്തിന് കീഴടങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് 85-ാം വയസ്സിലായിരുന്നു അന്ത്യം.

1928ല്‍ ജപ്പാനില്‍ ജനിച്ച തകാഹാഷി 1954ല്‍ ഒസാകാ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍നിന്ന് മെഡിസിനില്‍ എം.ഡി. നേടി. പിന്നീട് വൈറോളജിയിലായിരുന്നു ഉപരിപഠനം. 1972ലാണ് ചിക്കന്‍ പോക്‌സിന് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഈ വാക്‌സിന്‍ ചിക്കന്‍ പോക്‌സിനെ ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്നില്ല. മറിച്ച് അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
ഈ രംഗത്തെ സേവനങ്ങളെ പുരസ്‌ക്കരിച്ച് നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ ജപ്പാനില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടതാണ് 'ദി ജാപ്പനീസ് സൊസൈറ്റി ഫോര്‍ വാക്‌സിനോളജി തകാഹാഷി പ്രൈസ്'.

Saturday, 28 December 2013

മുന്‍ എംഎല്‍എ റോസമ്മ പുന്നൂസ് അന്തരിച്ചു

കാഞ്ഞിരപ്പിള്ളിയില്‍നിന്നും കേരളത്തിന്റെ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ച താരം പൊലിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ പുന്നൂസ് നൂറാം വയസ്സില്‍ അന്തരിച്ചപ്പോള്‍ മറഞ്ഞത് ചരിത്രത്തിന്റെ സംഭവബഹുലമായ ഒരേട് കൂടിയാണ്.


കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന കാഞ്ഞിരപ്പിള്ളിയിലെ കരിപ്പാപ്പറമ്പില്‍ കുടുംബത്തില്‍ ജനിച്ച റോസമ്മ അവിടെനിന്നും നിയമസഭ കണ്ട ഏക കമ്മ്യൂണിസ്റ്റുമായിരുന്നു. സമാനതകളില്ലാത്ത നിരവധി വിശേഷണങ്ങള്‍ക്കര്‍ഹയാണ് ഈ മഹതി. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോ ടേം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയി എന്നു തുടങ്ങി കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍ എന്നതു വരെ റോസമ്മ പുന്നൂസിന് മാത്രം അവകാശപ്പെടാവുന്ന പ്രതേകതകള്‍ നിരവധിയാണ്. 1957ലെ തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്ന് റോസമ്മ നിയമസഭയിലേക്ക് വിജയിച്ചപ്പോള്‍ ഭര്‍ത്താവും സിപിഐ നേതാവുമായിരുന്ന പി. ടി. പുന്നൂസ് ആലപുഴയില്‍നിന്ന് ലോക്‌സഭയിലേക്കും ജയിച്ചു. കേരളത്തിലാദ്യമായി നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം ജയിച്ച ദമ്പതികള്‍ എന്ന നിലയില്‍ ഇതും റെക്കോഡാണ്.
മരണസമയത്ത് ഒമാനിലായിരുന്നു.

Wednesday, 25 December 2013

കലാഷ്‌നിക്കോവിന്റെ ഹൃദയം നിലച്ചു

AK-47 എന്നു കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ലോകത്തെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരായുധം വേറെയുണ്ടോ എന്ന് സംശയമാണ്. വിനാശകാരിയായ ആ തോക്കിന്റെ ഉപജ്ഞാതാവ് റഷ്യക്കാരനായ മിഖായില്‍ കലാഷ്‌നിക്കോവ് അന്തരിച്ചു. 94 വയസ്സായിരുന്നു.


മിഖായില്‍ തിമോഫെയേവിച്ച് കലാഷ്‌നിക്കോവ് 1919 നവംബര്‍ 10ന് പടിഞ്ഞാറന്‍ സൈബീരിയയില്‍ ജനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് റെഡ് ആര്‍മിയില്‍ ടാങ്ക് കമാന്‍ഡറായി ജോലി ചെയ്തു. അക്കാലത്ത് ഒരു അപകടത്തില്‍ പരിക്ക് പറ്റിയതിനേത്തുടര്‍ന്ന് ആയുധങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യാനാരംഭിച്ചു. അന്ന് ജര്‍മ്മന്‍ പടയുടെ കൈവശമുണ്ടായിരുന്ന തോക്കുകളേക്കാള്‍ മികച്ച തോക്കുകളുണ്ടാക്കാനായിരുന്നു കലാഷ്‌നിക്കോവിന്റെ ശ്രമം. നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1947ല്‍ ലളിതവും എന്നാല്‍ അത്യന്തം മാരകവുമായ ഒരു തോക്ക് അദ്ദേഹം വികസിപ്പിച്ചു. AK-47 എന്നു പേരിട്ട ആ തോക്ക് താമസിയാതെ സോവിയറ്റ് പടയുടെ വജ്രായുധമായി. ഓട്ടോമാറ്റിക് കലാഷ്‌നിക്കോവ് (Automatic Kalashnikov) എന്നതിന്റെ ചുരുക്കരൂപമാണ് AK. 47 എന്നത് വികസിപ്പിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്നു.


ഇന്ന് വിവിധ ലോക രാഷ്ട്രങ്ങളുടെ സായുധവിഭാഗം ഈ മാരകായുധം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയുടെ ആകെ എണ്ണം ഏതാണ്ട് 10 കോടി വരുമത്രേ! ഇത് ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍, AK47 ലോകമെമ്പാടും വിധ്വസംകരുടെയും തീവ്രവാദികളുടെയും പ്രധാന ആയുധമാവുകയും നിഷ്‌കളങ്കരായ നിരവധി  സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്ക് കാരണമാവുകയും ചെയുന്നതില്‍ നിരാശനും ഖിന്നനുമായിരുന്നു കലാഷ്‌നിക്കോവ്.

ചില AK-47 വിശേഷങ്ങള്‍!


  • ഉപയോഗിക്കാനെളുപ്പവും ഏതു സാഹചര്യത്തിലും പ്രശ്‌നരഹിതമായ പ്രവര്‍ത്തനവും താരതമ്യേന വിലക്കുറവുമാണ് AK-47നെ ലോകത്ത് ഇത്രയധികം പ്രശസ്തമാക്കിയത്. 12000 രൂപയ്ക്കുമുകളില്‍ ലഭിക്കുന്ന മോഡലുകളുണ്ട്.
  • മൊസാംബിക് എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ പതാകയില്‍ AK-47ന്റെ ചിത്രം പതിച്ചിട്ടുണ്ട്. സിംബാബ്‌വേ, കിഴക്കന്‍ ടിമൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഔദ്യോഗിക മിലിട്ടറി മുദ്രകളിലും ( coats of arms ) ഇതിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. 

  • ഈജിപ്റ്റും ഇസ്രയേലും തമ്മില്‍ 1973ല്‍ നടന്ന യുദ്ധത്തിന്റെ (The Battle of Ismailia) ഓര്‍മ്മയ്ക്കായി സീയുസ് കനാലിന്റെ തീരത്ത് പണിതുയര്‍ത്തിയിട്ടുള്ള കൂറ്റന്‍ സ്മാരകത്തിലും AK-47ന്റെ ബാരലും ബയണറ്റും കാണാം.

  • അമേരിക്കയുടെ ഇറാക്ക് അധിനിവേശക്കാലത്ത് അന്നത്തെ ഇറാക്ക് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ പക്കല്‍നിന്ന് സ്വര്‍ണ്ണം പൂശിയ രണ്ട് AK-47 തോക്കുകള്‍ കണ്ടെടുത്തിരുന്നു. ഇവ ഇന്ന് വാഷിങ്ടണ്‍ ഡിസിയിലെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

  • AK-47ന്റെയും അതിന്റെ ഉപജ്ഞാതാവ് മിഖായില്‍ കലാഷ്‌നിക്കോവിന്റെയും സ്മാരകസ്റ്റാംപുകള്‍ റഷ്യയേപ്പോലെതന്നെ ന്യൂസിലാന്‍ഡും പുറത്തിറക്കിയിട്ടുണ്ട്. 
  • വര്‍ഷം തോറും ലോകത്താകെ ഏതാണ്ട് രണ്ടരലക്ഷം ജനങ്ങള്‍ AK-47ല്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് മരണമടയുന്നുണ്ടെന്നാണ് കണക്ക്!

Sunday, 15 December 2013

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങി. (Uthradam Thirunal Marthanda Varma Passed Away)

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാനത്തെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ ഇളയ സഹോദരനാണിദ്ദേഹം. ലളിത 
ജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു രാജാവിന്റെ പ്രത്യേകത. 


1922 മാര്‍ച്ച് 22-ന്‌ തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍മഹാറാണി സേതു പാര്‍വതിഭായിയുടേയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും  പുത്രനായി  അദ്ദേഹം ജനിച്ചു. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ പ്ലൈമൗത്ത് കമ്പനിയില്‍ ജോലി നോക്കി. പിന്നീട് ഇംഗ്ലണ്ടില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടി. പഠനശേഷം തിരിച്ചെത്തി 1956-ല്‍ ബാംഗ്ലൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസം. 1991ല്‍ ശ്രീ ചിത്തിര തിരുനാള്‍  നാടുനീങ്ങിയതിനെത്തുടര്‍ന്ന് രാജകുടുംബത്തിന്റെ അധികാരസ്ഥാനമേറ്റെടുത്ത ഉത്രാടം തിരുനാള്‍  ഒരേ സമയം  എളിമയുടേയും പ്രൗഢിയുടെയും
പാണ്ഡിത്യത്തിന്റേയും പ്രതീകമായിരുന്നു. പട്ടം പാലസിലാണ് (തുളസി ഹില്‍ പാലസ്) മഹാരാജാവ് താമസിച്ചിരുന്നത്.  

2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍ പദ്മനാഭ വര്‍മയും പാര്‍വതിദേവിയും. 
'തൃപ്പടിദാനം' എന്നപേരില്‍ ആതമകഥ പ്രസദ്ധീകരിച്ചിട്ടുണ്ട്.

Saturday, 14 December 2013

ചിത്രശോഭ മാഞ്ഞു. (C. N. Karunakran Died)

പ്രമുഖ ചിത്രകാരന്‍ സി. എന്‍. കരുണാകരന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കേരള ലളിത കലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്നു.


1940ല്‍ ത്രിശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന സ്ഥലത്ത് ജനിച്ചു. വിഖ്യാത ചിത്രകാരന്മാരായ ഡി. പി. റോയിയുടെയും കെ. സി. എസ്. പണിക്കരുടേയും മറ്റും ശിഷ്യത്വത്തില്‍ ചിത്രകല പഠിക്കാനവസരമുണ്ടായിട്ടുണ്ട്. ചെന്നെയിലെ പഠനത്തെത്തുടര്‍ന്ന് പരസ്യചിത്രങ്ങളെടുക്കുകയും കലാസംവിധാനരംഗത്ത് പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു ഇദേഹം. 1970ല്‍ കേരളത്തില്‍ തിരിച്ചെത്തി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ ആദ്യ ആര്‍ട്ട് ഗാലറിയായ 'ചിത്രകൂടം' ആരംഭിച്ചതും സി. എന്നിന്റെ നേതൃത്വത്തിലായിരുന്നു. മാതൃഭൂമി, മനോരമ, ചിന്ത, ദേശാഭിമാനി, കൗമുദി, മലയാളനാട്, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഒരേ തൂവല്‍പക്ഷികള്‍', 'അക്കരെ', 'പുരുഷാര്‍ത്ഥം' തുടങ്ങി നിരവധി മലയാളം സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യന്‍ എംബസിയിലും മറ്റും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
1964ല്‍ മദ്രാസ് ലളിതകലാ അക്കാദമി അവാര്‍ഡ്, 1971, 1972, 1975 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ ഈ കലാകാരന് ലഭിച്ചു. 2005ല്‍ കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു.

സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍


Thursday, 12 December 2013

'ആം ആദ്മി'കള്‍ താരങ്ങളാകുമ്പോള്‍...! (Aam Admi)

അടുത്തകാലത്ത് ഒരുപക്ഷേ നിങ്ങള്‍ ഏറ്റവും കൂടുതല്‍ കേട്ട ഒരു ഒന്നായിരിക്കും ' ആം ആദ്മി' എന്നത്. ഈ ഹിന്ദി വാക്കുകളുടെ മലയാളം അര്‍ത്ഥം 'സാധാരണക്കാരന്‍' എന്നാണ്. കോര്‍പറേറ്റ് ഭീമന്മാരുടേയും വന്‍ കള്ളക്കടത്തുകാരുടേയും ഗ്ലാമര്‍ താരങ്ങളുടെയും ഒക്കെ പേരുകള്‍ അലയടിച്ചുകൊണ്ടിരുന്ന മാധ്യമവേദികളിലെല്ലാം ഈ പാവം ആം ആദ്മി എങ്ങനെ കയറിപ്പറ്റി? അത് ആധുനിക ഇന്ത്യയുടെ ചരിത്രമാവുകയാണ്. 


അഴിമതിയിലും കൈയൂക്കിലും വര്‍ഗീയതയിലുമൊക്കെ മൂക്കോളം മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത്  ആം ആദ്മിയെ താരമാക്കിയതിന് പിന്നില്‍ പലരുണ്ട്, അണ്ണാ ഹസാരെ മുതലിങ്ങോട്ട്. എന്നാല്‍ രാഷ്ട്രീയ ഗോദയില്‍ ബലപരീക്ഷണത്തിന് മുതരാവുന്ന നിലയില്‍ ഈ 'സാധാരണക്കാരനെ' ശക്തനാക്കിയതിന്റെ ക്രെഡിറ്റ് ഒരാള്‍ക്ക് കൊടുക്കേണ്ടിവരും... അരവിന്ദ് കേജ്‌രിവാള്‍ എന്ന മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്. 15 വര്‍ഷങ്ങളോളം ഡല്‍ഹി എന്ന രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച ഷീല ദീക്ഷിതിനെ പരമ്പരാഗത പാര്‍ട്ടികളുടെയൊന്നും പിന്‍ബലമില്ലാതെ മലര്‍ത്തിയടിച്ച് വിജയിച്ച് ആം ആദ്മിയുടെ ശക്തി, ജനാധിപ്യത്തിന്റെ ശക്തി, തെളിയിച്ചുകൊടുത്തുവെന്നതാണ് കേജ്‌രിവാളിനെ ആധുനിക കാലത്ത് പ്രസക്തനാക്കുന്നത്.
2012 നവംബറിലാണ് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ജനനം. നവംബര്‍ 26നായിരുന്നു ലോഞ്ചിംഗ് ചടങ്ങ് നടന്നത്. ഒരു വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും സ്വന്തം കാലില്‍ നില്‍ക്കാനും തലമുതിര്‍ന്നവരേക്കാള്‍ ജനവിശ്വാസമാര്‍ജിക്കാനും കഴിഞ്ഞു എന്നത് കേജ്‌രിവാള്‍ പ്രതിനിധാനം ചെയ്യുന്ന പരിവര്‍ത്തനവാദത്തെ സാധാരണജനസമൂഹം എത്രമാത്രം പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ തെളിവായി. ആദ്യ ഇലക്ഷന്‍ ബലബലത്തില്‍ത്തന്നെ 28 സീറ്റുകള്‍ നേടുകയും ചെയ്തു ആം ആദ്മി പാര്‍ട്ടി.

അരവിന്ദ് കേജ്‌രിവാള്‍
1968 ആഗസ്റ്റ് 16ന് ഹരിയാനയിലെ ഹിസാറില്‍ ഒരു സമ്പന്ന ബനിയ കുടുംബത്തിലാണ് അരവിന്ദ് കേജ്‌രിവാളിന്റെ ജനനനം. പിതാവ് രാം കേജ്‌രിവാള്‍ എന്‍ജിനീയറായിരുന്നു. മാതാവ് ഗീതാ ദേവി. പ്രശസ്തമായ ഖരഗ്പൂര്‍ ഐഐറ്റിയില്‍നിന്നും എന്‍ജിനീയറിംഗ് ബിരുദമെടുത്ത കേജ്‌രിവാള്‍ 1989 മുതല്‍ 1992 വരെ ടാറ്റ സ്റ്റീലില്‍ ജോലി ചെയ്തു. പിന്നീട് സിവില്‍ സര്‍വീസ് പരിശീനത്തിുലക്ക് മാറിയ അരവിന്ദ് 1995ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേര്‍ന്നു. 2006ല്‍ ഡല്‍ഹി ജോയിന്റ് ഇന്‍കം ടാക്‌സ് കമ്മീഷണറായിരിക്കെ സര്‍വീസില്‍നിന്ന് രാജിവച്ചു. അണ്ണാ ഹസാരെയുടെ അനുയായിയായി അഴിമതിവിരുദ്ധസമരങ്ങളില്‍ അണിചേര്‍ന്നു . അധികം വൈകാതെ അണ്ണാ ഹസാരെയുമായി ആശയ വൈരുധ്യങ്ങളുണ്ടായി പിരിഞ്ഞെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. ജനപ്രതിനിധികളെ അഴിമതിവിരുദ്ധ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുന്ന ജന ലോക്പാല്‍ ബില്ല് തയാറാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിവരാവകാശ നിയമം നടപ്പാകുന്നതിലും കേജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങളാണ് വഴിവച്ചത്.
2006ലെ മാഗ്‌സസെ പുരസ്‌ക്കാരം കേജ്‌രിവാളിന് ലഭിച്ചിട്ടുണ്ട്. ഐആര്‍എസ് ഉദ്യോഗസ്ഥയായ സുനിതയാണ് ഭാര്യ. രണ്ട് കുട്ടികള്‍.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ സാധാരണ ജനത്തിന് വോട്ടു ചെയ്യുക എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമൊന്നും ഇല്ലായിരുന്നു എന്നത് ഒരു സത്യമാണ്. ഇതിനൊരു മാറ്റം വന്നിരിക്കുകയാണ്. ജീര്‍ണിച്ച സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിന്  രക്തരൂക്ഷിത വിപ്ലവങ്ങളേക്കാള്‍ സാധാരണക്കാരന്റെ ചെറിയ ചെറിയ ചുവടുവയ്പുകള്‍ക്ക് സാധിക്കും എന്നതിന്റെ ശക്തമായ ഉദാഹരണമായിരിക്കുകയാണ് ആം ആദ്മിയുടെ വിജയം. ജനാധിപത്യത്തില്‍ 'ആം ആദ്മി'യും താരമാവുകയാണ്!

Thursday, 5 December 2013

നെല്‍സണ്‍ മണ്ടേല വിടവാങ്ങി (Nelson Mandela died)

ദക്ഷിണാഫ്രിക്കക്കും ലോകത്തിനും ഇത് കറുത്തദിനം.   വര്‍ണവിവേചനത്തിന്റെയും അടിമത്തത്തിന്റേയും  ഇരുണ്ട ചങ്ങലകളില്‍നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ ഉണര്‍ത്തിയ സമരനായകന്‍ നെല്‍സണ്‍ മണ്ടേലയെ മരണം വന്നു വിളിച്ചിരിക്കുന്നു.


ദീര്‍ഘകാലമായി രോഗക്കിടക്കയിലായിരുന്ന മണ്ടേല ജോഹന്നാസ് ബര്‍ഗിലെ സ്വവസതിയിലാണ് 95കാരനായിരുന്ന മണ്ടേല അന്ത്യശ്വാസം വലിച്ചത്. അഹിംസയിലൂന്നിയ സമരശക്തി തെളിയിച്ച ഗാന്ധിജിയ്ക്ക് ശേഷം ലോകം ആ പാതയില്‍ ചരിക്കുന്ന മറ്റൊരു വിശ്വവ്യക്തിയെ കാണുകയായിരുന്നു മണ്ടേലയില്‍.
കറുത്തവര്‍ഗ്ഗ വിമോചനത്തിന് വെള്ളക്കാരുടെ ഭരണകൂടത്തോട് പൊരുതിയ മണ്ടേലയെ അധികൃതര്‍ 27 വര്‍ഷത്തോളം റോബന്‍ ദ്വീപിലെ ജയിലില്‍ തടവിലട്ടു. തടവില്‍ കിടന്നും തന്റെ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെ പ്രോജ്വലിപ്പിച്ച ആ സമരനായകന്‍ ഒടുവില്‍ പുറത്തുവന്നത്  സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ ചരിത്രമെഴുതിക്കൊണ്ടായിരുന്നു. 1964ല്‍ ജയിലിലടയ്ക്കപ്പെട്ട മണ്ടേല മോചിതനായത് 1990 ഫെബ്രുവരി 11ന്. ആ വിരോചിത പോരാട്ടത്തെ മാനിച്ച് 1993ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം നല്‍കപ്പെട്ടു.
1994ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ ജനവിധി തേടിയ മണ്ടേല ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി. 1994 ഏപ്രില്‍ 14ന് വര്‍ണ്വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള  നിയമവും നിലവില്‍വന്നു.
1979ല്‍ നെഹ്‌റു അവാര്‍ഡും 1990ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി നമ്മുടെ രാജ്യം ആ മഹാനുഭാവന് ആദരമര്‍പ്പിച്ചു.
1918 ജൂലൈ 18ന്  ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റുവിലുള്ള ഉംവേസോ എന്ന ഗ്രാമത്തിലാണ് മണ്ടേല ജനിച്ചത്. സോസ ഭാഷ സംസാരിക്കുന്ന മാഡിബ വംശത്തില്‍പെട്ടയാളാണ് ഇദ്ദേഹം. 'ദക്ഷിണാഫ്രിക്കയുടെ പിതാവ'് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

നെല്‍സണ്‍ മണ്ടേലയുടെ ലഘുജീവചരിത്രം വീഡിയോ കാണാം...




Monday, 25 November 2013

സൗരയൂഥത്തിനു വെളിയില്‍ ഒരിന്ത്യന്‍ ശബ്ദം (Voyager Golden Record)

സൗരയൂഥമെന്നാല്‍ സൂര്യനും അതിനെ ചുറ്റുന്ന നമ്മുടെ ഭൂമിയടക്കമുള്ള ഗ്രഹങ്ങളുമടങ്ങുന്ന ഒരു സിസ്റ്റമാണെന്ന് നമുക്കറിയാം. ഈ സൗരയൂഥമാകട്ടെ മില്‍ക്കിവേ (ആകാശഗംഗ) എന്ന ഗാലക്‌സിയുടെ ഒരു ചെറിയ അംശം മാത്രം! ഈ ആകാശഗംഗയ്ക്കപ്പുറം കോടിക്കണക്കിന് ഇത്തരം ഗാലക്‌സികള്‍... അതിലോരോന്നിലും എത്രയോ സൗരയൂഥങ്ങള്‍... അമ്പോ... ഈ പ്രപഞ്ചമെന്നു പറയുന്നത് നമ്മുടെ ഭാവനയ്ക്കും എത്രയോ അപ്പുറത്താണ്!


അടുത്തയിടെ നാം ഒരു വാര്‍ത്ത കേട്ടു. മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തു ആദ്യമായി സൗരയൂഥത്തിന്റെ അതിരുകള്‍ ഭേദിച്ച് കടന്നിരിക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച് സൗരയൂഥം എന്നത് ചെറിയ ദൂരം മാത്രമാണെങ്കിലും മനുഷ്യനെ സംബന്ധിച്ച് അത് ഒരു ബ്രഹ്മാണ്ഡ ദൂരമാണ്. 1977ല്‍ അമേരിക്ക വിക്ഷേപിച്ച വോയേജര്‍ 1 എന്ന ബഹിരാകാശപേടകമാണ് ഇപ്പോള്‍ സൗരയൂഥദൂരം പിന്നിട്ടിരിക്കുന്നത്. മണിക്കൂറില്‍ ഏതാണ്ട് 60,000 കിലോമീറ്റര്‍ എന്ന വേഗതയില്‍ സഞ്ചരിച്ചിട്ടാണ് ഇപ്പോള്‍ അത്രയുമെത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്‍ 12നാണ് ഇതു സംബന്ധിച്ച് നാസയുടെ  പ്രഖ്യാപനം വന്നത്. സൗരയൂഥത്തിനപ്പുറമുള്ള ഏതെങ്കിലും ഒരു ഗ്രഹസഞ്ചയത്തില്‍ മനുഷ്യരേപ്പോലെ സാങ്കേതിക വളര്‍ച്ച പ്രാപിച്ച ഏതെങ്കിലും ഒരു വംശം വാസമുറപ്പിച്ചുണ്ടാവും എന്നത് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലിലുണ്ട്. അങ്ങനെയാരെങ്കിലും ഈ വോയേജര്‍ കാണാനിടയാവുകയും അത് പിടിച്ചെടുക്കുകയും ചെയ്താലോ...? എങ്കില്‍ അവര്‍ക്കായി ഈ കൊച്ചു ഭൂമിയുടേതായി ചിലതൊക്കെ വോയേജറില്‍ കരുതിയിട്ടുണ്ട്. അക്കൂട്ടത്തിലൊരു ഇന്ത്യന്‍ ശബ്ദവുമുണ്ട്...!

വോയേജര്‍ 1 (ഇടത്ത്) വോയേജര്‍ 2
അധികമാര്‍ക്കും അറിയാത്ത ആ കഥ ... 
വോയേജര്‍ പദ്ധതിപ്രകാരം പേടകം നിര്‍മ്മാണം നടക്കുന്ന കാലം. വോയേജറില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടുണ്ടാക്കാന്‍ പ്രശസ്ത വാനശസ്ത്രജ്ഞനും കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന കാള്‍ സാഗന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. സാഗനും കൂട്ടരും 116 ചിത്രങ്ങളും കുറച്ച് ശബ്ദങ്ങളും ശേഖരിച്ചു. കാറ്റിന്റെയും ഇടിമിന്നലിന്റെയുമൊക്കെ ശബ്ദങ്ങളും പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങളും മറ്റും ഇക്കൂട്ടത്തില്‍ ശേഖരിച്ചു. കൂടാതെ 55 ലോകഭാഷകളിലുള്ള ആശംസകളും ഉള്‍പ്പെടുത്തി. അന്നത്തെ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെയും യുഎന്‍ സെക്രട്ടറി ജനറല്‍ കുര്‍ട് വാള്‍ഡെയിമിന്റെയും ആശംസകള്‍ പ്രിന്റ് ചെയ്ത രൂപത്തിലുമുള്‍പ്പെടുത്തി. പുറമേ, ലോകത്തിന്റെ വിവധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന തിരഞ്ഞെടുത്ത കുറച്ചു 
സംഗീതശകലങ്ങളുമുണ്ടായിരുന്നു. 

കാള്‍ സാഗന്‍
കേര്‍ക്കറിന്റെയും മറ്റും ഗാനങ്ങളും മറ്റ് ശബ്ദങ്ങളും ഉള്‍പ്പെടുത്തി
വോയേജറില്‍ അയച്ച ഡിസ്‌കും അതിന്റെ കവറും.

ടഗോറിന്റെ പ്രിയ ഗായിക
വോയേജറില്‍ ഉള്‍പ്പെടുത്തേണ്ട സംഗീതശകലങ്ങള്‍ തിരഞ്ഞെടുത്തത് ലോകത്തിന്റെ വിവധ ഭാഗങ്ങളിലെ പ്രശസ്തരായ സംഗീതജ്ഞരുടെ ആലാപനങ്ങളില്‍ നിന്നായിരുന്നു. ബിഥോവന്‍, ഗുവാന്‍ പിംഗു, മൊസാര്‍ട്ട്, സ്ട്രാവിന്‍സ്‌കി, ബ്ലൈന്‍ഡ് വില്ലി ജോണ്‍സന്‍, ചക് ബെറി എന്നീ സംഗീത മാന്ത്രികരുടെ ശബ്ദം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. കൂടെ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയായി ഒരു ഗായികയുടെ ശബ്ദവും. അതാരാണെന്നല്ലേ...? നിങ്ങളാരും ഒരുപക്ഷേ കേട്ടിരിക്കാനിടയില്ല... കേസര്‍ബായ് കേര്‍ക്കര്‍ എന്ന ഗായിക ആലപിച്ച 'ജാത് കഹാ ഹോ...' എന്നു തുടങ്ങുന്ന ഒരു ഹിന്ദുസ്ഥാനി കീര്‍ത്തനമായിരുന്നു അത്! ഭൈരവി രാഗത്തിലുള്ള സുന്ദരമായ ആലാപനം. നോബല്‍ ജേതാവായ ഭാരതത്തിന്റെ സ്വന്തം കവി  രവീന്ദ്രനാഥ ടാഗോറിന് ഏറ്റവും പ്രിയപ്പെട്ട സ്വരമായിരുന്നു കേര്‍ക്കറിന്റേത്. സംഗീതത്തിലെ പ്രതിഭയും സ്വരമാധുര്യവും ഇവര്‍ക്ക് 'സുരശ്രീ' ബഹുമതി നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍ എന്നാണറിയപ്പെട്ടിരുന്നത്. 

സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍
അമേരിക്കക്കാരനായ റോബര്‍ട്ട് ഇ. ബ്രൗണ്‍ എന്ന സംഗീതഗവേഷകനാണ് ഈ ഗാനം വോയേജറില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും മികച്ച ഒരു ഗാനമായിരുന്നു അത്. 

റോബര്‍ട്ട് ഇ. ബ്രൗണ്‍
ഗോവയില്‍ പിറന്ന് സംഗീതലോകം കീഴടക്കി
1892 ജൂലൈ 13ന് ഗോവയിലെ കേരി എന്ന ഗ്രാമത്തിലാണ് കേസര്‍ബായ് ജനിച്ചത്. ഗോവ അന്ന് ഒരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു. എട്ടാം വയസ്സില്‍ സംഗീതപഠനാര്‍ത്ഥം കോലാപൂരിലെത്തി. അവിടെ അബ്ദുര്‍ കരീം ഖാന്റെ ശിക്ഷണത്തില്‍ പഠിച്ചു. തിരിച്ച് ഗോവയിലെത്തി സംഗീതജ്ഞന്‍ രാമകൃഷ്ണബുവ വാസെയുടെ കീഴില്‍ സംഗീതപഠനം തുടര്‍ന്നു. പതിനാറാം വയസ്സില്‍ മുംബായിലെത്തി പല സംഗീതജ്ഞരുടെയും ശിക്ഷണത്തില്‍ പഠനം തുടര്‍ന്നു. ഒടുവില്‍, ഹിന്ദുസ്ഥാനി സംഗീതത്തില്‍ ജയ്പൂര്‍ അത്രൗളി ഖരാന എന്ന ശാഖയുടെ ഉപജ്ഞാതാവായ ഉസ്താദ് അല്ലാദിയ ഖാന്റെ അടുത്തെത്തി. അതോടെ കേര്‍ക്കര്‍ ആ ശൈലിയില്‍ പ്രാവീണ്യം നേടി അതിന്റെ പേരില്‍ അറിയപ്പെട്ടുതുടങ്ങി. 
1969ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്മ ഭൂഷന്‍ ബഹുമതി നല്‍കി. 

കേസര്‍ബായ് കേര്‍ക്കര്‍ കച്ചേരി അവതരിപ്പിക്കുന്നു.
1977 ആഗസ്റ്റ് 20ന് വോയേജര്‍ 2 എന്ന പേടകവും 1977 സെപ്റ്റംബര്‍ 5ന് വോയേജര്‍ 1ഉം വിക്ഷേപിക്കപ്പെട്ടു. ആദ്യം വിക്ഷേപിക്കപ്പെട്ടത് വോയേജര്‍ 2 ആയിരുന്നെങ്കിലും വോയേജര്‍ 1 അതിനെ മറികടന്ന് മുന്നിലെത്തുകയായിരുന്നു. ഏറ്റവും യാദൃശ്ചികമായ കാര്യം, തന്റെ ശബ്ദവുമായി വോയേജര്‍ 1 യാത്ര പുറപ്പെട്ട് കൃത്യം പത്ത് ദിവസം കഴിഞ്ഞ ദിവസം... അതായത് 1977 സെപ്റ്റംബര്‍ 16ന് കേസര്‍ബായ് കേര്‍ക്കര്‍ ഈ ലോകത്തുനിന്നും യാത്രയായി എന്നതാണ്!

കേസര്‍ബായ് കേര്‍ക്കിന്റെ 'ജാത് കഹാ ഹോ...' 
എന്ന ഗാനം കേള്‍ക്കാം...


Friday, 22 November 2013

മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് ചാംപ്യന്‍ (Carlsen World Chess Champion)

ലോക ചെസ് കിരീടം ഇനി പുതിയ തലയില്‍. ലോക നമ്പര്‍ വണ്‍ സ്ഥാനത്തുള്ള നോര്‍വെക്കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാഗ്‌നസ് കാള്‍സനാണ് ഇനി ചെസിലെ രാജാവ്. ചെന്നൈയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വന്തം വിശ്വനാഥന്‍ ആനന്ദിനെ തോല്പിച്ചാണ് കാള്‍സന്‍ ജേതാവായത്. 


2000 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 5 വട്ടം ലോകകിരീടം ശിരസ്സിലണിഞ്ഞ ആനന്ദിന് പക്ഷേ ഇത്തവണ തന്റെ പകുതി മാത്രം പ്രായമുള്ള കാള്‍സന് മുന്നില്‍ അടിതെറ്റി. ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി കൈവരിക്കുമ്പോള്‍ വെറും 13 വയസ്സ് മാത്രമായിരുന്നു കാള്‍സന്. 2012 ജനുവരി 1ന് ലോക നമ്പര്‍ വണ്‍ റാങ്കിലെത്തുമ്പോള്‍ ഈ അസാമാന്യ പ്രതിഭയ്ക്ക് പ്രായം 19 വര്‍ഷവും 32 ദിവസവും മാത്രം! ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ചെസ് താരവുമായി അന്ന് കാള്‍സന്‍. ചെസ് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റിംഗ് പോയിന്റായ 2872 നേടിയതും ഇദ്ദേഹം തന്നെ. ഓപ്പണിംഗിലെ വൈവിധ്യമാണ് കാള്‍സനെ അപകടകാരിയാക്കുന്ന ഒരു ഘടകം. എന്‍ഡ് ഗെയിമിലെ അസാമാന്യ യുദ്ധതന്ത്രങ്ങളും കൂടിയാകുമ്പോള്‍ കാള്‍സന്‍ അജയ്യനാകുന്നു.
ആനന്ദും കാള്‍സനും മത്സരത്തിനിടെ
1990 നവംബര്‍ 30ന് എന്‍ജിനീയര്‍ ദമ്പതികളുടെ മകനായി നോര്‍വേയിലെ ടോണ്‍സ്‌ബെര്‍ഗിലാണ് കാള്‍സന്‍ ജനിച്ചത്. വെറും രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ പത്ത്-പതിനാല് വയസ്സുകാര്‍ക്കുള്ള പസിലുകളൊക്കെ കൊച്ചു കാള്‍സന്‍ നിഷ്പ്രയാസം ചെയ്യുന്നത് കണ്ട പിതാവ് തന്നെയാണ് ചെസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. പിന്നീട് പ്രായത്തില്‍ കവിഞ്ഞ കളിവിരുതുമായി കാള്‍സന്‍ ചതുരംഗക്കളത്തില്‍  തരംഗം സൃഷ്ടിക്കുന്നതാണ് ലോകം കണ്ടത്.

Tuesday, 19 November 2013

ഇന്ദിരാഗാന്ധി സമാധാന സമ്മാനം ആഞ്ചെല മെര്‍ക്കലിന് (Angela Merkel)

2013ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് സമ്മാനിക്കും. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജര്‍മനിയുടെ വളര്‍ച്ചയില്‍ പുലര്‍ത്തിയ നേതൃത്വപാടവത്തിനാണ് ആഞ്ചെല സമ്മാനിതയായത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അധ്യക്ഷനായ ഒരു അന്താരാഷ്ട്ര ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.


ജര്‍മ്മനിയുടെ ആദ്യ വനിതാ ചാന്‍സലര്‍ കൂടിയാണ് 59കാരിയായ ആഞ്ചെല. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തിവരുന്നു. 2011 ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Monday, 18 November 2013

ഇന്ത്യന്‍ സിനിമ ശതാബ്ദി അവാര്‍ഡ് വഹീദ റഹ്മാന് (Waheeda Rehman)

ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇന്നലെകളുടെ രോമാഞ്ചം വഹീദ റഹ്മാന് ആദ്യ ശതാബ്ദി പുരസ്‌ക്കാരം. നവംബര്‍ 20ന് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം. വെള്ളിയില്‍ തീര്‍ത്ത മയില്‍ രൂപം, സര്‍ട്ടിഫിക്കറ്റ്, പത്തു ലക്ഷം രൂപ തുടങ്ങിയവ അടങ്ങിയതാണ് പുരസ്‌ക്കാരം.
'ഗൈഡ്', 'സാഹിബ് ബീബി ഔര്‍ ഗുലാം' തുടങ്ങിയവ വഹീദ റഹ്മാന്റെ പ്രശസ്ത ചിത്രങ്ങളില്‍ ചിലതാണ്. 1972ല്‍ പത്മശ്രീ, 2011ല്‍ പത്മ ഭൂഷണ്‍ ബഹുമതികളും നല്‍കി രാജ്യം ഈ അനുഗ്രഹീത കലാകാരിയെ  ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ 77 വയസ്സുണ്ട്.

വഹീദ റഹ്മാന്‍ (ഒരു പഴയകാല ചിത്രം)
1936 മെയ് 14ന് തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ ജനിച്ചത്. 1954ല്‍ സിനിമയിലെത്തി. തെലുങ്ക് ചിത്രങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. ഗുരു ദത്താണ് വഹീദയെ ഹിന്ദി സിനിമാലോകത്തേയ്ക്ക് കൈപിടിച്ച് നടത്തിയത്. ഗുരു ദത്തിന്റെ സംവിധാനത്തിലും പിന്നീട് ദേവ് ആനന്ദിനൊപ്പവും നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുത്തു.

കമല്‍ജിത്ത് എന്നറിയപ്പെടുന്ന ശശി രേഖി ആണ് ഭര്‍ത്താവ്. ഇദ്ദേഹം 2000ത്തില്‍ മരണമടഞ്ഞു.

പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും (Prof. CNR Rao & Sachin Tendulkar) ഭാരതരത്‌ന

ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും ക്രിക്കറ്റ് ജീനിയസ് സച്ചിന്‍ തെന്‍ഡുല്‍ക്കറിനും രാജ്യത്തെ പരമോന്നത ബഹുമതി ഭാരതരത്‌ന.  



സോളിഡ് സ്‌റ്റേറ്റ്,  മെറ്റീരിയല്‍സ് കെമിസ്ട്രി എന്നീ രംഗങ്ങളില്‍ ലോകമാദരിക്കുന്ന ശാസ്ത്രജ്ഞനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു അഥവാ പ്രൊഫ. സി. എന്‍. ആര്‍. റാവു. ആയിരത്തി അഞ്ഞൂറിലധികം ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പതോളം ശാസ്ത്ര ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍നിന്നും 60 ഓണററി ഡോക്ടറേറ്റുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1934 ജൂണ്‍ 30ന് ബാംഗ്ലൂരില്‍ ജനിച്ച റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പ്രശസ്തമായ പര്‍ഡ്യൂ സര്‍വകലാശാലയില്‍നിന്ന് ആദ്യ പിഎച്ച്ഡി നേടി. തുടര്‍ന്ന് 1976 വരെ ഐഐടി കാണ്‍പൂരില്‍ അധ്യാപകനായി. 1984 മുതല്‍ പത്തുവര്‍ഷക്കാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായും സേവനം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1989ല്‍ ബാഗ്ലൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്  ആരംഭിക്കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് സയന്‍സിന്റെ (ICMS) ഡയറക്ടറുമാണ്. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.
സര്‍. സി. വി. രാമനും ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനും ശേഷം ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ശസ്ത്രജ്ഞനാണ് പ്രൊഫ. റാവു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലിന്റെ തലവനാണ്. 2005ലാണ് ഇവിടെ നിയമിതനായത്. മുന്‍പ് 1985-89 കാലഘട്ടത്തിലും ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ നേടിയിട്ടുള്ള പ്രൊഫ. റാവുവിനെ പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

24 വര്‍ഷം നീണ്ട സംഭവബഹുലമായ ക്രിക്കറ്റ് ജീവിതത്തോട് വിട ചൊല്ലിയ ദിവസം തന്നെയാണ് ഭാരതരത്‌ന പുരസ്‌ക്കാരലബ്ധി എന്നത് സച്ചിന് അപൂര്‍വ ബഹുമതിയായി. രാജ്യത്തെ കായികമേഖലയില്‍നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യവ്യക്തിയുമായി സച്ചിന്‍. ലോക കായികരംഗത്ത് ഭാരതത്തിന്റെ യഥാര്‍ത്ഥ അംബാസഡറാണ് സച്ചിന്‍ എന്ന് വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍െ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമാണ്. കായികമികവിനൊപ്പം അദ്ദേഹം പുലര്‍ത്തിയ വ്യക്തിനിഷ്ഠകളും അന്യാദൃശമാണ്. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികളും സച്ചിനെ തേടിയെത്തിയിട്ടുമുണ്ട്. ദേശീയ കായിക യുവജനകാര്യ മന്ത്രി ജിതേന്ദ്രസിങ് സച്ചിനെ ഒരു 'നാഷണല്‍ ഹീറോ' ആയാണ് വിശേഷിപ്പിച്ചത്. പ്രതിഭയും വിനയവും സത്യസന്ധതയും അര്‍പ്പണബോധവുമെല്ലാം ഒത്തുചേര്‍ന്ന ഒരതുല്ല്യ പ്രതിഭയാണ് സച്ചിന്‍ എന്ന് അദ്ദേഹം പറഞ്ഞു. സച്ചിന് ഭരതരത്‌ന നല്‍കുന്നതിനായി അടുത്തയിടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.

ഡോ. രാജേന്ദ്രപ്രസാദ്‌
രതത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന. ഭാരതരത്‌ന നല്‍കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രി പ്രസിഡന്‍ിന് സമര്‍പ്പിക്കുകയും പ്രസിഡന്റ് അത് അംഗീകരിക്കുകയുമാണ് പതിവ്. 1955 ജനുവരി 2ന് അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദാണ് ആദ്യമായി ഭാരതരത്‌ന ഏര്‍പ്പെടുത്തുന്നത്. ഭാരതരത്‌ന നല്‍കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്കായിരിക്കണം എന്ന് നിബന്ധനയില്ല. ഖാന്‍ അബ്ദുള്‍ ഗാഫര്‍ (1987) ഖാന്‍, നെല്‍സണ്‍ മണ്ടേല (1990) എന്നിവര്‍ക്ക് ഭാരതരത്‌ന നല്‍കിയിട്ടുണ്ട്. ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് ഇന്ത്യക്കാരിയായ മദര്‍ തെരേസയ്ക്കും (1980) ഈ ബഹുമതി നല്‍കിയിട്ടുണ്ട്.

ഖാന്‍ അബ്ദുള്‍ ഗാഫര്‍, നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ
ഭാരതരത്‌ന പുരസ്‌ക്കാരജേതാക്കള്‍



Friday, 8 November 2013

താജിക്കിസ്ഥാനില്‍ ഇമോമലി റഖ്‌മോന്‍ വീണ്ടും പ്രസിഡന്റ്‌

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനില്‍ നിലവിലുള്ള പ്രസിഡന്റ് ഇമോമലി റഖ്‌മോന്‍ നാലാം വട്ടവും അധികാരത്തിലെത്തി. അടുത്തയിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷമാണ് ഇദ്ദേഹം നേടിയത്. താജിക്കിസ്ഥാന്‍ നിയമമനുസരിച്ച് ഇനി ഏഴ് വര്‍ഷം കൂടി ഇദ്ദേഹത്തിന് പ്രസിഡന്റ് പദവിയില്‍ തുടരാം.


മലനിരകള്‍ നിറഞ്ഞ താജിക്കിസ്ഥാന്‍ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ ഏറ്റവും ദരിദ്രാവസ്ഥയിലുള്ള രാജ്യമാണ്. സോവിയറ്റ് യൂണിയനു കീഴില്‍ താജിക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്ക് എന്ന പേരില്‍ ഈ പ്രദേശം എത്തുന്നത്  1929ലാണ്. 1991ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്രരാഷ്ട്രമായെങ്കിലും രൂക്ഷമായ ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീണു. 1997 വരെ നീണ്ടുനിന്ന കലാപം അവസാനിച്ചതോടെ ജനാധിപധ്യ ഭരണത്തിന്റെ പുതുയുഗം പിറന്നു. 1994 മുതല്‍ ഇമോമലി റഖ്‌മോന്‍ പ്രസിഡന്റ് പദത്തില്‍ തുടരുകയാണ്. അദ്ദേഹം നയിക്കുന്ന ദ പീപിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് താജിക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ബഹുഭൂരിപക്ഷം സീറ്റുകളും കൈയടക്കിവരുന്നു. ദുഷാന്‍ബെ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.



Monday, 4 November 2013

എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്

സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന് ലഭിച്ചു. ഒന്നരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.


മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മലയാളസാഹിത്യവിമര്‍ശന രംഗത്ത് മൗലികവും പരിപക്വവും പ്രസാദപൂര്‍ണവുമായ രീതി വളര്‍ത്തിയെടുത്ത ആചാര്യനാണ് സാനുമാഷ്.
1928 ഒക്‌ടോബര്‍ 27 ന് ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. സ്‌കൂള്‍ അധ്യാപകനായി ഔദേ്യാഗികജീവിതമാരംഭിച്ചു. പിന്നീട് കോളേജ് അധ്യാപകനായി. 1987ല്‍ നിയമസഭാംഗമായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ധാരാളം പുരസ്‌കാരങ്ങള്‍ സാനുമാഷെ തേടിയെത്തിയിട്ടുണ്ട്. കാറ്റും വെളിച്ചവും, പ്രഭാതദര്‍ശനം, രാജവീഥി, അസ്തമിക്കാത്ത വെളിച്ചം, കുമാരനാശാന്റെ കാവ്യപ്രപഞ്ചം, ചുമരിലെ ചിത്രങ്ങള്‍, സഹോദരന്‍ അയ്യപ്പന്‍ (ജീവചരിത്രം), ചങ്ങമ്പുഴ കൃഷ്ണപിളള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, ഏകാന്തവീഥിയിലെ അവധൂതന്‍
എന്നിവയാണ് പ്രധാന കൃതികള്‍. ഇപ്പോള്‍ വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രസിഡന്റാണ്.

വിലാസം
പ്രൊഫ. എം. കെ. സാനു
സന്ധ്യ
എറണാകുളം, കാരിക്കാമുറി.

പ്രൊഫ. എം.കെ. സാനുവിന് ലഭിച്ച പ്രധാന പുരസ്‌ക്കാരങ്ങള്‍ താഴക്കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ...

1958 - Published first book of Translation, "Anchu Sastra Nayakanmar"
1960 - Published first book of Criticism, "Kaattum Velichavum"
1962 - Published first book of Biography, "Asthamikkatha Velicham"
1981 - SPCS Award for the best Biography for the book "Sahodaran. K. Ayyappan"
1985 - Kerala Sahitya Akademi Award for the best Critical work for "Avadhaaranam"
1988 - Abudabi Sakti Award for "Changampuzha Krishnapilla: Nakshatrangalude Snehabhajanam"
1992 - Vayalar Award for "Changampuzha Krishnapilla: Nakshatrangalude Snehabhajanam"
1992 - Sree Narayana Samskarika Award instituted by Sree Narayana Samskarika Samithi
1993 - Sree Narayana Jayanthi Award for the Biography "Narayana Guru Swami"
1994 - K.T Achuthan Award for the Best Cultural Activist
1997 - Asan Award for the Biography "Mruthyunjayam Kavyajeevitham"
2002 - Sahodaran Award for the Biography "Sahodaran. K. Ayyappan"
2003 - Vyloppilly Award for the Biography "M.Govindan"
2005 - Kerala Sahitya Akademi Award for total contribution to Malayalam Literature
2007 - Kerala Sahitya Akademi's Eminent Membership
2009 - Sree Narayana Award for Propagation of Sree Narayana ideals
2011 - Kendra Sahitya Akademi Award for the biography "Basheer: Ekantha Veedhiyile Avadhoothan"
2012 - Pavanan foundation India's Award for 2011 for his Autobiography "Karmagathi"
2013 - Ezhuthachan Puraskaram, the highest literary honour given by the Kerala government[2]

Top News

Labour India