ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ തലപ്പത്തേക്ക് ഒരിന്ത്യക്കാരന്‍ എത്തുന്നു! ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് & എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഹൈദരാബാദ് സ്വദേശി സത്യ നാദെല്ലയാണ് മൈക്രോസോഫ്റ്റിന്റെ അടുത്ത സിഇഒ ആയി നിയമിക്കപ്പെടാന്‍ സാധ്യത കല്പിക്കപ്പെടുന്നത്.
1967ല്‍ ആന്ധ്രയിലെ ഹൈദരാബാദിലാണ് സത്യ ജനിച്ചത്. പിതാവ് ബി. എന്‍. യുഗാന്ധര്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രഥമിക വിദ്യാഭ്യാസം ഹൈദരാബാദില്‍ നിര്‍വഹിച്ച സത്യ കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്‌ട്രോണിക്‌സില്‍ എന്‍ജിനീയറിംഗ് ബിരുദം നേടി. തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി. തുടര്‍ന്ന് വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എംബിഎയും നേടി. തുടക്കത്തില്‍ സണ്‍ മൈക്രോസിസ്റ്റംസില്‍ ജോലിക്ക് കയറി. 1992ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു. താമസിയാതെ മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സര്‍വീസസ് ഡിവിഷന്റെയും ബിസിനസ് ഡിവിഷന്റെയും വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. പിന്നീട് ക്ലൗഡ് എന്റര്‍പ്രൈസ് വിഭാഗത്തിന്റെ മേധാവിയായി. മൈക്രോസോഫ്റ്റിന്റെ ഡാറ്റാബേസ്, വിന്‍ഡോസ് സെര്‍വര്‍ മറ്റ് ഡവലപര്‍ ടൂളുകള്‍ എന്നിവയെല്ലാം ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിന്റെ ക്രെഡിറ്റ് നാദല്ലെയ്ക്കാണ്.
സിഇഒ ആയി നിയമിക്കപ്പെട്ടാല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനും ഇപ്പോഴത്തെ സിഇഒ സ്റ്റീവ് ബാമറിനും ശേഷം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വ്യക്തിയായിരിക്കുമിദ്ദേഹം. ആഗോളതലത്തില്‍ നിരവധി പ്രമുഖരെ പരിഗണിച്ചശേഷമാണ് സിഇഒ പദവിയിലേക്ക് സത്യ നാദെല്ല വരുന്നത് എന്നത് അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍, മാനേജ്‌മെന്റ് വൈദഗ്ധ്യങ്ങള്‍ക്കുള്ള അഗേീകാരമായി കണക്കാക്കപ്പെടുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബില്‍ ഗേറ്റ്‌സും മാറുകയാണ് എന്നാണ് വാര്‍ത്തകള്‍. പകരം ഡയറക്ടര്‍ ജോണ്‍ തോംസന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തുമെന്നും പറയപ്പെടുന്നു.
ജോണ്‍ തോംസന്‍, ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാമര്‍ |
No comments:
Post a Comment