നിഴലും വെളിച്ചവും ചേര്‍ത്ത് വെള്ളിത്തിരയില്‍ അനശ്വരകാവ്യങ്ങള്‍ രചിച്ച ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര ഓര്‍മ്മയായി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും പകരക്കാരനില്ലാത്ത ഈ പ്രതിഭ 74-ാം വയസില്‍ വിടപറയുമ്പോള്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിനിത് തീരാനഷ്ടം.
ശ്രീലങ്കയില്‍ ജനിച്ച ബാലു മഹേന്ദ്ര പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനാര്‍ത്ഥമാണ് ഇന്ത്യയി ലെത്തിയത്. ലക്ഷ്യം സംവിധാനം പഠിക്കുക എന്നതായിരുന്നെങ്കിലും അഡ്മിഷന്‍ കിട്ടിയത് ഛായാഗ്രഹണ കോഴ്‌സിനായിരുന്നു. ഒടുവില്‍ ഛായാഗ്രഹണത്തില്‍ ഒന്നാം റാങ്കുമായാണ് 1969ല്‍ അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് ഛായാഗ്രഹണ ക്ലാസുകള്‍ കട്ട് ചെയ്ത് ഇടയ്ക്കിടെ സംവിധാന, തിരക്കഥാരചന ക്ലാസുകളില്‍ പോയിരിക്കു മായിരുന്നത്രേ അദ്ദേഹം! എന്നാല്‍ ഈ മിടുമിടുക്കന്‍ വിദ്യാര്‍ത്ഥിയോട് അധ്യാപകര്‍ക്ക് അനിഷ്ട മേതുമില്ലായിരുന്നുതാനും.
സിനിമാ ലോകത്തേയ്ക്ക് ഈ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്റെ രംഗപ്രവേശത്തിന് നിമിത്തമായത് മലയാളമാണ്. 1974ല്‍ രാമുകാരാട്ടിന്റെ 'നെല്ല്' എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചുകൊണ്ടാ യിരുന്നു അത്. കമല്‍ ഹാസന്‍ നായകനായ 'കോകില' എന്ന കന്നട ചിത്രമാണ് ബാലു മഹേന്ദ്രയുടെ ആദ്യ സംവിധാന സംരംഭം. 1977ലായിരുന്നു അത്. 1979ല്‍ പുറത്തുവന്ന 'അഴിയാത്ത കോലങ്ങള്‍' ആയിരുന്നു ഇദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ചിത്രം. അന്നത്തെ തമിഴ് മുഖ്യധാരാ സിനിമ സങ്കല്പങ്ങളെ വെല്ലുവിളിച്ച് സമാന്തരസിനിമയുടെ ഒരു പുതിയ പാത തുറന്നെടുക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ബാലു മഹേന്ദ്ര. 1983ല്‍ വെളിച്ചം കണ്ട 'മൂന്നാം പിറ' എന്ന ചിത്രം ബാലു മഹേന്ദ്രയ്ക്ക് ഛായാഗ്രഹണത്തിനും കമല്‍ ഹാസന് അഭിനയത്തിനു മുള്ള ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ഛായാഗ്രഹണത്തിന് രണ്ട് അടക്കം അഞ്ച് ദേശീയ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. പുരസ്‌ക്കാരങ്ങളുടെ വര്‍ണമഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴും മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ കാമറ ചലിപ്പിക്കാനും അദ്ദേഹം തയാറായി. ഭരതന്റെ 'പ്രയാണം', മണിരത്‌നത്തിന്റെ ആദ്യ ചിത്രം 'പല്ലവി അനുപല്ലവി' തുടങ്ങിയവയിലൊക്കെ കാമറയ്ക്ക് പിന്നില്‍ ബാലു മഹേന്ദ്രയായിരുന്നു. കെ. വിശ്വനാഥന്റെ ചരിത്രം കുറിച്ച 'ശങ്കരാഭരണം' എന്ന ചിത്രത്തിനും കാമറ ബാലു മഹേന്ദ്രയുടേതായിരുന്നു.
ഇതോടൊപ്പം നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലും ബാലു മഹേന്ദ്ര പങ്കുവഹിച്ചു. ബാല, വെട്രിമാരന്‍, സീനു രാമസ്വാമി തുടങ്ങിയ പേരെടുത്ത സംവിധായകര്‍ ബാലു മഹേന്ദ്രയുടെ ശിക്ഷണത്തില്‍ സിനിമാരംഗത്ത് വളര്‍ന്നവരാണ്. 'തലമുറകള്‍' ആണ് ഇദ്ദേഹത്തിന്റെ അവ സാനചിത്രം.
ബാലു മഹേന്ദ്ര ഒരു പഴയകാല ചിത്രം |
1939 മെയ് 20ന് ശ്രീലങ്കയിലെ ബറ്റിക്കലോവയിലുള്ള അമിര്‍തകലി എന്ന സ്ഥലത്ത് ശ്രീലങ്കന്‍ തമിഴ് കുടുംബത്തിലാണ് ബാലനാഥന്‍ ബഞ്ചമിന്‍ മഹേന്ദ്രന്‍ എന്ന ബാലു മഹേന്ദ്ര ജനിച്ചത്. പിതാവ് പ്രൊഫസറായിരുന്നു. ശ്രീലങ്കയിലെ അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ബിരുദ പഠനത്തിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെത്തി. പിന്നീട് പൂനെയില്‍ ചലച്ചിത്ര പഠനം. ചെന്നൈയിലായിരുന്നു സ്ഥിരതാമസം.
No comments:
Post a Comment