അടുത്തകാലത്ത് ഒരുപക്ഷേ നിങ്ങള്‍ ഏറ്റവും കൂടുതല്‍ കേട്ട ഒരു ഒന്നായിരിക്കും ' ആം ആദ്മി' എന്നത്. ഈ ഹിന്ദി വാക്കുകളുടെ മലയാളം അര്‍ത്ഥം 'സാധാരണക്കാരന്‍' എന്നാണ്. കോര്‍പറേറ്റ് ഭീമന്മാരുടേയും വന്‍ കള്ളക്കടത്തുകാരുടേയും ഗ്ലാമര്‍ താരങ്ങളുടെയും ഒക്കെ പേരുകള്‍ അലയടിച്ചുകൊണ്ടിരുന്ന മാധ്യമവേദികളിലെല്ലാം ഈ പാവം ആം ആദ്മി എങ്ങനെ കയറിപ്പറ്റി? അത് ആധുനിക ഇന്ത്യയുടെ ചരിത്രമാവുകയാണ്.
അഴിമതിയിലും കൈയൂക്കിലും വര്‍ഗീയതയിലുമൊക്കെ മൂക്കോളം മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ആം ആദ്മിയെ താരമാക്കിയതിന് പിന്നില്‍ പലരുണ്ട്, അണ്ണാ ഹസാരെ മുതലിങ്ങോട്ട്. എന്നാല്‍ രാഷ്ട്രീയ ഗോദയില്‍ ബലപരീക്ഷണത്തിന് മുതരാവുന്ന നിലയില്‍ ഈ 'സാധാരണക്കാരനെ' ശക്തനാക്കിയതിന്റെ ക്രെഡിറ്റ് ഒരാള്‍ക്ക് കൊടുക്കേണ്ടിവരും... അരവിന്ദ് കേജ്‌രിവാള്‍ എന്ന മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്. 15 വര്‍ഷങ്ങളോളം ഡല്‍ഹി എന്ന രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച ഷീല ദീക്ഷിതിനെ പരമ്പരാഗത പാര്‍ട്ടികളുടെയൊന്നും പിന്‍ബലമില്ലാതെ മലര്‍ത്തിയടിച്ച് വിജയിച്ച് ആം ആദ്മിയുടെ ശക്തി, ജനാധിപ്യത്തിന്റെ ശക്തി, തെളിയിച്ചുകൊടുത്തുവെന്നതാണ് കേജ്‌രിവാളിനെ ആധുനിക കാലത്ത് പ്രസക്തനാക്കുന്നത്.
2012 നവംബറിലാണ് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ജനനം. നവംബര്‍ 26നായിരുന്നു ലോഞ്ചിംഗ് ചടങ്ങ് നടന്നത്. ഒരു വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും സ്വന്തം കാലില്‍ നില്‍ക്കാനും തലമുതിര്‍ന്നവരേക്കാള്‍ ജനവിശ്വാസമാര്‍ജിക്കാനും കഴിഞ്ഞു എന്നത് കേജ്‌രിവാള്‍ പ്രതിനിധാനം ചെയ്യുന്ന പരിവര്‍ത്തനവാദത്തെ സാധാരണജനസമൂഹം എത്രമാത്രം പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ തെളിവായി. ആദ്യ ഇലക്ഷന്‍ ബലബലത്തില്‍ത്തന്നെ 28 സീറ്റുകള്‍ നേടുകയും ചെയ്തു ആം ആദ്മി പാര്‍ട്ടി.
അരവിന്ദ് കേജ്‌രിവാള്‍ |
2006ലെ മാഗ്‌സസെ പുരസ്‌ക്കാരം കേജ്‌രിവാളിന് ലഭിച്ചിട്ടുണ്ട്. ഐആര്‍എസ് ഉദ്യോഗസ്ഥയായ സുനിതയാണ് ഭാര്യ. രണ്ട് കുട്ടികള്‍.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ സാധാരണ ജനത്തിന് വോട്ടു ചെയ്യുക എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമൊന്നും ഇല്ലായിരുന്നു എന്നത് ഒരു സത്യമാണ്. ഇതിനൊരു മാറ്റം വന്നിരിക്കുകയാണ്. ജീര്‍ണിച്ച സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിന് രക്തരൂക്ഷിത വിപ്ലവങ്ങളേക്കാള്‍ സാധാരണക്കാരന്റെ ചെറിയ ചെറിയ ചുവടുവയ്പുകള്‍ക്ക് സാധിക്കും എന്നതിന്റെ ശക്തമായ ഉദാഹരണമായിരിക്കുകയാണ് ആം ആദ്മിയുടെ വിജയം. ജനാധിപത്യത്തില്‍ 'ആം ആദ്മി'യും താരമാവുകയാണ്!
No comments:
Post a Comment