BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Monday, 25 November 2013

സൗരയൂഥത്തിനു വെളിയില്‍ ഒരിന്ത്യന്‍ ശബ്ദം (Voyager Golden Record)

സൗരയൂഥമെന്നാല്‍ സൂര്യനും അതിനെ ചുറ്റുന്ന നമ്മുടെ ഭൂമിയടക്കമുള്ള ഗ്രഹങ്ങളുമടങ്ങുന്ന ഒരു സിസ്റ്റമാണെന്ന് നമുക്കറിയാം. ഈ സൗരയൂഥമാകട്ടെ മില്‍ക്കിവേ (ആകാശഗംഗ) എന്ന ഗാലക്‌സിയുടെ ഒരു ചെറിയ അംശം മാത്രം! ഈ ആകാശഗംഗയ്ക്കപ്പുറം കോടിക്കണക്കിന് ഇത്തരം ഗാലക്‌സികള്‍... അതിലോരോന്നിലും എത്രയോ സൗരയൂഥങ്ങള്‍... അമ്പോ... ഈ പ്രപഞ്ചമെന്നു പറയുന്നത് നമ്മുടെ ഭാവനയ്ക്കും എത്രയോ അപ്പുറത്താണ്!


അടുത്തയിടെ നാം ഒരു വാര്‍ത്ത കേട്ടു. മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തു ആദ്യമായി സൗരയൂഥത്തിന്റെ അതിരുകള്‍ ഭേദിച്ച് കടന്നിരിക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച് സൗരയൂഥം എന്നത് ചെറിയ ദൂരം മാത്രമാണെങ്കിലും മനുഷ്യനെ സംബന്ധിച്ച് അത് ഒരു ബ്രഹ്മാണ്ഡ ദൂരമാണ്. 1977ല്‍ അമേരിക്ക വിക്ഷേപിച്ച വോയേജര്‍ 1 എന്ന ബഹിരാകാശപേടകമാണ് ഇപ്പോള്‍ സൗരയൂഥദൂരം പിന്നിട്ടിരിക്കുന്നത്. മണിക്കൂറില്‍ ഏതാണ്ട് 60,000 കിലോമീറ്റര്‍ എന്ന വേഗതയില്‍ സഞ്ചരിച്ചിട്ടാണ് ഇപ്പോള്‍ അത്രയുമെത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്‍ 12നാണ് ഇതു സംബന്ധിച്ച് നാസയുടെ  പ്രഖ്യാപനം വന്നത്. സൗരയൂഥത്തിനപ്പുറമുള്ള ഏതെങ്കിലും ഒരു ഗ്രഹസഞ്ചയത്തില്‍ മനുഷ്യരേപ്പോലെ സാങ്കേതിക വളര്‍ച്ച പ്രാപിച്ച ഏതെങ്കിലും ഒരു വംശം വാസമുറപ്പിച്ചുണ്ടാവും എന്നത് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലിലുണ്ട്. അങ്ങനെയാരെങ്കിലും ഈ വോയേജര്‍ കാണാനിടയാവുകയും അത് പിടിച്ചെടുക്കുകയും ചെയ്താലോ...? എങ്കില്‍ അവര്‍ക്കായി ഈ കൊച്ചു ഭൂമിയുടേതായി ചിലതൊക്കെ വോയേജറില്‍ കരുതിയിട്ടുണ്ട്. അക്കൂട്ടത്തിലൊരു ഇന്ത്യന്‍ ശബ്ദവുമുണ്ട്...!

വോയേജര്‍ 1 (ഇടത്ത്) വോയേജര്‍ 2
അധികമാര്‍ക്കും അറിയാത്ത ആ കഥ ... 
വോയേജര്‍ പദ്ധതിപ്രകാരം പേടകം നിര്‍മ്മാണം നടക്കുന്ന കാലം. വോയേജറില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടുണ്ടാക്കാന്‍ പ്രശസ്ത വാനശസ്ത്രജ്ഞനും കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന കാള്‍ സാഗന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. സാഗനും കൂട്ടരും 116 ചിത്രങ്ങളും കുറച്ച് ശബ്ദങ്ങളും ശേഖരിച്ചു. കാറ്റിന്റെയും ഇടിമിന്നലിന്റെയുമൊക്കെ ശബ്ദങ്ങളും പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങളും മറ്റും ഇക്കൂട്ടത്തില്‍ ശേഖരിച്ചു. കൂടാതെ 55 ലോകഭാഷകളിലുള്ള ആശംസകളും ഉള്‍പ്പെടുത്തി. അന്നത്തെ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെയും യുഎന്‍ സെക്രട്ടറി ജനറല്‍ കുര്‍ട് വാള്‍ഡെയിമിന്റെയും ആശംസകള്‍ പ്രിന്റ് ചെയ്ത രൂപത്തിലുമുള്‍പ്പെടുത്തി. പുറമേ, ലോകത്തിന്റെ വിവധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന തിരഞ്ഞെടുത്ത കുറച്ചു 
സംഗീതശകലങ്ങളുമുണ്ടായിരുന്നു. 

കാള്‍ സാഗന്‍
കേര്‍ക്കറിന്റെയും മറ്റും ഗാനങ്ങളും മറ്റ് ശബ്ദങ്ങളും ഉള്‍പ്പെടുത്തി
വോയേജറില്‍ അയച്ച ഡിസ്‌കും അതിന്റെ കവറും.

ടഗോറിന്റെ പ്രിയ ഗായിക
വോയേജറില്‍ ഉള്‍പ്പെടുത്തേണ്ട സംഗീതശകലങ്ങള്‍ തിരഞ്ഞെടുത്തത് ലോകത്തിന്റെ വിവധ ഭാഗങ്ങളിലെ പ്രശസ്തരായ സംഗീതജ്ഞരുടെ ആലാപനങ്ങളില്‍ നിന്നായിരുന്നു. ബിഥോവന്‍, ഗുവാന്‍ പിംഗു, മൊസാര്‍ട്ട്, സ്ട്രാവിന്‍സ്‌കി, ബ്ലൈന്‍ഡ് വില്ലി ജോണ്‍സന്‍, ചക് ബെറി എന്നീ സംഗീത മാന്ത്രികരുടെ ശബ്ദം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. കൂടെ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയായി ഒരു ഗായികയുടെ ശബ്ദവും. അതാരാണെന്നല്ലേ...? നിങ്ങളാരും ഒരുപക്ഷേ കേട്ടിരിക്കാനിടയില്ല... കേസര്‍ബായ് കേര്‍ക്കര്‍ എന്ന ഗായിക ആലപിച്ച 'ജാത് കഹാ ഹോ...' എന്നു തുടങ്ങുന്ന ഒരു ഹിന്ദുസ്ഥാനി കീര്‍ത്തനമായിരുന്നു അത്! ഭൈരവി രാഗത്തിലുള്ള സുന്ദരമായ ആലാപനം. നോബല്‍ ജേതാവായ ഭാരതത്തിന്റെ സ്വന്തം കവി  രവീന്ദ്രനാഥ ടാഗോറിന് ഏറ്റവും പ്രിയപ്പെട്ട സ്വരമായിരുന്നു കേര്‍ക്കറിന്റേത്. സംഗീതത്തിലെ പ്രതിഭയും സ്വരമാധുര്യവും ഇവര്‍ക്ക് 'സുരശ്രീ' ബഹുമതി നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍ എന്നാണറിയപ്പെട്ടിരുന്നത്. 

സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍
അമേരിക്കക്കാരനായ റോബര്‍ട്ട് ഇ. ബ്രൗണ്‍ എന്ന സംഗീതഗവേഷകനാണ് ഈ ഗാനം വോയേജറില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും മികച്ച ഒരു ഗാനമായിരുന്നു അത്. 

റോബര്‍ട്ട് ഇ. ബ്രൗണ്‍
ഗോവയില്‍ പിറന്ന് സംഗീതലോകം കീഴടക്കി
1892 ജൂലൈ 13ന് ഗോവയിലെ കേരി എന്ന ഗ്രാമത്തിലാണ് കേസര്‍ബായ് ജനിച്ചത്. ഗോവ അന്ന് ഒരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു. എട്ടാം വയസ്സില്‍ സംഗീതപഠനാര്‍ത്ഥം കോലാപൂരിലെത്തി. അവിടെ അബ്ദുര്‍ കരീം ഖാന്റെ ശിക്ഷണത്തില്‍ പഠിച്ചു. തിരിച്ച് ഗോവയിലെത്തി സംഗീതജ്ഞന്‍ രാമകൃഷ്ണബുവ വാസെയുടെ കീഴില്‍ സംഗീതപഠനം തുടര്‍ന്നു. പതിനാറാം വയസ്സില്‍ മുംബായിലെത്തി പല സംഗീതജ്ഞരുടെയും ശിക്ഷണത്തില്‍ പഠനം തുടര്‍ന്നു. ഒടുവില്‍, ഹിന്ദുസ്ഥാനി സംഗീതത്തില്‍ ജയ്പൂര്‍ അത്രൗളി ഖരാന എന്ന ശാഖയുടെ ഉപജ്ഞാതാവായ ഉസ്താദ് അല്ലാദിയ ഖാന്റെ അടുത്തെത്തി. അതോടെ കേര്‍ക്കര്‍ ആ ശൈലിയില്‍ പ്രാവീണ്യം നേടി അതിന്റെ പേരില്‍ അറിയപ്പെട്ടുതുടങ്ങി. 
1969ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്മ ഭൂഷന്‍ ബഹുമതി നല്‍കി. 

കേസര്‍ബായ് കേര്‍ക്കര്‍ കച്ചേരി അവതരിപ്പിക്കുന്നു.
1977 ആഗസ്റ്റ് 20ന് വോയേജര്‍ 2 എന്ന പേടകവും 1977 സെപ്റ്റംബര്‍ 5ന് വോയേജര്‍ 1ഉം വിക്ഷേപിക്കപ്പെട്ടു. ആദ്യം വിക്ഷേപിക്കപ്പെട്ടത് വോയേജര്‍ 2 ആയിരുന്നെങ്കിലും വോയേജര്‍ 1 അതിനെ മറികടന്ന് മുന്നിലെത്തുകയായിരുന്നു. ഏറ്റവും യാദൃശ്ചികമായ കാര്യം, തന്റെ ശബ്ദവുമായി വോയേജര്‍ 1 യാത്ര പുറപ്പെട്ട് കൃത്യം പത്ത് ദിവസം കഴിഞ്ഞ ദിവസം... അതായത് 1977 സെപ്റ്റംബര്‍ 16ന് കേസര്‍ബായ് കേര്‍ക്കര്‍ ഈ ലോകത്തുനിന്നും യാത്രയായി എന്നതാണ്!

കേസര്‍ബായ് കേര്‍ക്കിന്റെ 'ജാത് കഹാ ഹോ...' 
എന്ന ഗാനം കേള്‍ക്കാം...


No comments:

Post a Comment

Top News

Labour India