BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 10 August 2013

ഇനി വണ്ടിയോടും... വയര്‍ലെസ് വൈദ്യുതിയില്‍...

പരമ്പരാഗത ഊര്‍ജ്ജസ്രോതസുകളെ ഇനി അധികം വിശ്വസിക്കാന്‍ പറ്റില്ല എന്നും ഇതുവരെ കണ്ടെത്തിയ അത്തരം സ്രോതസുകളൊക്കെ തീര്‍ന്നുതുടങ്ങിയെന്നും നമുക്കറിയാം. എന്നാല്‍ പകരം സംവിധാനങ്ങളൊന്നും അത്രയ്ക്കങ്ങ് ഫലപ്രദമായിട്ടുമില്ല. ഇലക്ട്രിക് വാഹനങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രധാനമായും രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന്, ഇത്തരം വാഹനങ്ങള്‍ക്ക് വലിയ വിലയേറിയ ബാറ്ററികള്‍ അനിവാര്യമായിരിക്കുന്നു. മറ്റൊന്ന് ഇപ്പോഴും ചാര്‍ജിംഗ് സെന്ററുകളും മറ്റും വേണ്ടത്രയില്ലാത്തതിനാല്‍ ഇത്തരം വണ്ടികളില്‍ ഗ്യാസിലോ പെട്രോളിലോ മറ്റോ പ്രവര്‍ത്തിക്കുന്ന മറ്റൊരു എന്‍ജിന്‍ കൂടി ഘടിപ്പിക്കേണ്ടിവരുന്നു എന്നതാണ്. അല്ലെങ്കില്‍ ദീര്‍ഘദൂരം താണ്ടേണ്ട ഘട്ടങ്ങളില്‍ വഴിയില്‍ കിടക്കാനുള്ള സാധ്യതകളുണ്ട്. ഇതിനെല്ലാം മറുപടിയുമായി ഇതാ കൊറിയയില്‍നിന്നൊരു പുതിയ സാങ്കേതികവിദ്യ എത്തിയിരിക്കുന്നു.

വണ്ടികളുടെ ബാറ്ററിക്ക് അതോടുന്ന വഴിയില്‍നിന്നുതന്നെ ചാര്‍ജ് കിട്ടുന്ന സാങ്കേതികവിദ്യയാണ് ദക്ഷിണകൊറിയയില്‍നിന്ന് വരുന്നത്. വണ്ടിയോടുമ്പോഴോ നിറുത്തിയിട്ടിരിക്കുമ്പോഴോ റോഡിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന കേബിളില്‍നിന്ന് വയര്‍ലെസായി ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുന്ന സംവിധാനമാണിത്. ഷേപ്ഡ് മാഗ്‌നറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ് (Shaped Magnetic Field in Resonance, SMFIR)  എന്നാണിതിന്റെ പേര്. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളജിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ദക്ഷിണകൊറിയയിലെ ഗുമി മുനിസിപ്പാലിറ്റിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 12 കിലോമീറ്റര്‍ ദൂരത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ആവൃത്തിയില്‍ വൈദ്യുതി കടന്നുപോകുന്ന കേബിളുകള്‍ റോഡിനടിയില്‍ ഇട്ടിരിക്കും. ഇത് ഒരു ഇലക്‌ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് സൃഷ്ടിക്കുന്നുണ്ട്. ഈ കാന്തികമണ്ഡലത്തിന്റെ നിശ്ചിതദൂരപരിധിയില്‍ വരുന്ന ഒരു കോയില്‍ ഇത് വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം കോയിലുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കും. ഇവിടെ കേബിള്‍ വഴിയുള്ള ചാര്‍ജിംഗ് അല്ല നടക്കുന്നത്. പൂര്‍ണ്ണമായും വയര്‍ലെസ് ചാര്‍ജിംഗ്! നിരന്തരമായി ചാര്‍ജ് ചെയ്യപ്പെടുന്നതുകൊണ്ട് ബാറ്ററിയും ചെറുതായിരിക്കും.

No comments:

Post a Comment

Top News

Labour India