BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday, 7 August 2013

രഘുറാം റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍

പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. രഘുറാം ഗോവിന്ദ് രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത് ഗവര്‍ണറായി നിയമിതനായി. നിലവിലെ ഗവര്‍ണര്‍ ഡി. സുബ്ബറാവു സ്ഥാനമൊഴിയുന്ന 2013 സെപ്റ്റംബര്‍ 4ന് ഇദ്ദേഹം ചുമതലയേല്‍ക്കും. 50 വയസ്സുകാരനായ ഇദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് അഥവാ ഐഎംഎഫിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റ് കൂടിയായ ഡോ. രഘുറാമിനെ 2012 ആഗസ്റ്റിലാണ് ധനമന്ത്രാലയം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. ഒപ്പം പ്രധാനമന്ത്രിയുടെ ഓണററി എക്കണോമിക് അഡൈ്വസര്‍ സ്ഥാനം കൂടി വഹിച്ചുപോന്നു.
1963ല്‍ ഭോപ്പാലിലായിരുന്നു രഘുറാമിന്റെ ജനനം. നയതന്ത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പിതാവിനൊപ്പം ബെല്‍ജിയത്തിലായിരുന്നു ഏഴാം ക്ലാസുവരെ രഘുറാമിന്റെ ജീവിതം. 1974ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. 1985ല്‍ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ കരസ്ഥമാക്കി. ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ രഘുറാം 1991ല്‍ പ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മാനേജ്‌മെന്റില്‍ പിഎച്ച്ഡിയും നേടി.

ഇതിനുശേഷം ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അധ്യാപകനായി.  താമസിയാതെ ഐഎംഎഫിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് എക്കണോമിസ്റ്റായും ഇദ്ദേഹം നിയമിതനായി. 2003 ഒക്‌ടോബറില്‍ ഈ സ്ഥാനത്തെത്തിയ ഇദ്ദേഹം 2006 ഡിസംബര്‍ വരെ അവിടെ തുടര്‍ന്നു.

2008ല്‍ അമേരിക്കയെയും മറ്റും പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടി കൃത്യമായി പ്രവചിച്ച് അന്നേ രഘുറാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ ദീര്‍ഘവീക്ഷണം വെല്ലുവിളികള്‍ നിറഞ്ഞ സമകാലിക ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാകുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment

Top News

Labour India