BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday, 6 August 2013

വാഷിംഗ്ടണ്‍ ആമസോണിലെത്തി...!

വാഷിംഗ്ടണ്‍ പോസ്റ്റ് എന്നും ആമസോണ്‍ ഡോട് കോം എന്നും കേട്ടിട്ടുണ്ടാവും, അല്ലേ? ആദ്യത്തേത് അമേരിക്കയുടെ ചരിത്രത്തോടൊപ്പം പഴമയും പെരുമയും അവകാശപ്പെടാവുന്ന പത്രം. രണ്ടാമത്തേത് ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പനശാല. രണ്ടും ഇനിമുതല്‍ രണ്ടല്ല, ഒന്നാണ്!

നൂറ്റാണ്ടിന്റെ ചരിത്രം പറയാനുള്ള, അമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള പത്രമാണ് 'ദി വാഷിംഗ്ടണ്‍ പോസ്റ്റ്'. കഴിഞ്ഞ നാല് തലമുറകളിലായി ഗ്രഹാം കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു പത്രം. അമ്പതോളം പുലിറ്റ്‌സര്‍ പുരസ്‌ക്കാരങ്ങളും മറ്റ് നിരവധി ബഹുമതികളും നേടിയിട്ടുള്ള ഈ പത്രം അടുത്തകാലത്തായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വര്‍ഷാവര്‍ഷം ഏഴ് ശതമാനം എന്ന കണക്കില്‍ സര്‍ക്കുലേഷന്‍ കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നത്രേ. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍കൊണ്ട് വരുമാനത്തില്‍ 44 ശതമാനം ഇടിവുണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വില്പന അനിവാര്യമായത്.
ഇന്റര്‍നെറ്റിന്റെ വരവോടെ പ്രചാരം കുറഞ്ഞ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന പല പത്രങ്ങളും അച്ചടി നിര്‍ത്തി ഓണ്‍ലൈനാകുന്ന കാഴ്ചയാണ് അമേരിക്കയില്‍.

അമേരിക്കയുടെ അഭിമാനസ്തംഭങ്ങളിലൊന്നായ വാഷിംഗ്ടണ്‍ പോസ്റ്റ് ഉടമസ്ഥതയ്ക്കായി പലരും ക്യൂ നിന്നെങ്കിലും നറുക്കുവീണത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോണ്‍ ഡോട് കോമിന്റെ ഉടമകൂടിയായ ജെഫ് ബിസോസിന്. ലോകത്തിലെ ധനാഠ്യരില്‍ മുന്‍പനായ ബിസോസിന്റെ ആസ്തിയുടെ വെറും ഒരു ശതമാനം വരുന്ന 250 ദശലക്ഷം ഡോളറിനാണ് കച്ചവടം എന്നാണ് കേള്‍ക്കുന്നത്.  പകല്‍വെളിച്ചം പോലെ സുതാര്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പോസ്റ്റിന്റെ വില്പന പക്ഷേ അതീവരഹസ്യമായിട്ടാണ് നടന്നത്.
ജെഫ് ബിസോസ്‌
നിലവിലെ ഉടമ ഡെണാള്‍ഡ് ഗ്രഹാമിന്റെ മരുമകള്‍ കാതറീന്‍ വേയ്മൗത് തന്നെ പത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവായി തുടരും. ജോലിക്കാരെയൊന്നും ഒഴിവാക്കില്ലെന്നും കമ്പനിയുടെ പോളിസികളില്‍ കൈകടത്തില്ലെന്നുമാണ് പുതിയ ഉടമ ബിസോസിന്റെ വാഗ്ദാനങ്ങള്‍.പത്രപ്രവര്‍ത്തനത്തിന്റെ ഉന്നത മൂല്യങ്ങളും നിഷ്പക്ഷതയുമൊക്കെ എന്നും കാത്തുസൂക്ഷിച്ചിരുന്നു എന്നവകാശപ്പെടുന്ന വാഷിംഗ്ടണ്‍ പോസ്റ്റിന് ഇനി അതുപോലെ തുടരാനാവുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യങ്ങളാണ്. വാഷിംഗ്ടണ്‍ പഴയ വാഷിംഗ്ടണല്ലല്ലോ... പോസ്റ്റ് പഴയ പോസ്റ്റും...!
വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്‌സൈറ്റ് കാണാന്‍ ക്ലിക്ക് ചെയ്യൂ...

No comments:

Post a Comment

Top News

Labour India