പ്രൊഫ. എസ്.
ശിവദാസ്
മലയാളത്തിനു ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചിരിക്കുന്നു. അഭിമാനകരമായ ആ വാര്‍ത്ത കേട്ട് ആഹ്ലാദിച്ചിരിക്കുമ്പോഴും എന്‍െറ ഉള്ളില്‍ ഒരു ചോദ്യം തലപൊക്കി. കേന്ദ്രഗവണ്‍മെന്റിന്റെ ഇൗ `ക്ലാസിക്‌ഭാഷാ'പദവികൊണ്ട് സാങ്കേതികമായി മാത്രമല്ലേ മലയാളം ശ്രേഷ്‌ഠമാകുന്നുള്ളൂ? യഥാര്‍ത്ഥത്തില്‍ മലയാളം ശ്രേഷ്‌ഠമാകണമെങ്കില്‍ മലയാളികള്‍ മലയാളത്തെ സ്‌നേഹിക്കണം. ശരിയായി സ്‌നേഹിക്കണം. ശക്തമായ വികാരത്തോടെ സ്‌നേഹിക്കണം.
മലയാളം എന്റേതാണ് എന്ന തോന്നലോടെ സ്‌നേഹിക്കണം. മലയാളമെന്നു കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്ന മലയാളികളുണ്ടായാലേ മലയാളം നിലനില്‍ക്കൂ; വളരൂ; യഥാര്‍ത്ഥത്തില്‍ ശ്രേഷ്‌ഠത കൈവരിക്കൂ.ഭാഷ കേട്ടുകേട്ടു സ്വന്തമാകണം. പറഞ്ഞുപറഞ്ഞ് പ്രിയമുള്ളതാകണം. പ്രയോഗിച്ചു പ്രയോഗിച്ചു പ്രയോജനമുള്ളതായി സ്വയം അനുഭവിച്ചറിയണം. ഭാഷ ആശയവിനിമയത്തിനാണ്. ആശയം ഉള്ളില്‍നിന്നും ഒഴുകിയൊഴുകി വരണം. യാതൊരുതടസവുമില്ലാതെ, അനായാസം, പുഴയൊഴുകുംപോലെ, ഉത്‌സാഹത്തോടെ, ആനന്ദത്തോടെ, ഒഴുകിയെത്തണമെങ്കില്‍ സ്വന്തം ഭാഷയില്‍ത്തന്നെ പറയണം. എഴുതണം. പാടണം. ആടണം. ഭാഷയ്‌ക്ക് അപ്പോഴേ ആത്‌മാവുണ്ടാകൂ. വികാരമുണ്ടാകൂ. ജീവനുണ്ടാകൂ. അങ്ങനെ സ്വന്തം ഭാഷയില്‍ ആത്‌മാഭിമാനത്തോടെ ആശയവിനിമയം നടത്തുന്നവര്‍ക്കേ സ്വന്തമായ തനിമയുണ്ടാകൂ. സാംസ്‌കാരികമായ മുദ്രയുണ്ടാകൂ. സ്വത്വമുണ്ടാകൂ. നിലനില്‌പുണ്ടാകൂ.
മലയാളം മനോഹരമായ ഒരു ഭാഷയാണ്. ലോകത്തെ എല്ലാഭാഷകളും അങ്ങനെയാണുതാനും. ഒരു ഭാഷയും മരിക്കരുത്. ഒരുഭാഷ മരിച്ചാല്‍ ഒരു സംസ്‌കാരമായിരിക്കും മരിക്കുക. ശ്രേഷ്‌ഠഭാഷാപദവിയും തലയില്‍വച്ചു മലയാളികള്‍ ജീവിച്ചാല്‍ മലയാളം നിലനില്‍ക്കില്ല. നിലനില്‍ക്കാന്‍ മലയാളം പഠിക്കണം. പ്രയോഗിക്കണം. പ്രയോജനപ്പെടുത്തണം. മലയാളത്തെ സ്‌നേഹിക്കണം. മലയാളിയായതില്‍ സന്തോഷിക്കണം.
No comments:
Post a Comment