BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Monday, 11 March 2013

കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അന്തരിച്ചു


കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (87) അന്തരിച്ചു.രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ആദ്യ കഥകളികലാകാരനും കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കുലപതിയുമായിരുന്നു ഇദ്ദേഹം.
അരനൂറ്റാണ്ടിലേറെക്കാലം കളിയരങ്ങിലെ പച്ച, കത്തി, വെള്ളത്താടി വേഷങ്ങളില്‍ നിറഞ്ഞുനിന്ന കലാകാരനാ യായിരുന്നു രാമന്‍കുട്ടിനായര്‍. കഥകളികലാകാരന്‍, കളിയാശാന്‍, കലാമണ്ഡലം പ്രിന്‍സിപ്പല്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍ അദ്ദേഹം പാദമുദ്ര പതിപ്പിച്ചു.
പച്ചവേഷങ്ങളില്‍ 'കിര്‍മീരവധ'ത്തിലെ ധര്‍മപുത്രര്‍, 'കാലകേയവധ'ത്തിലെ അര്‍ജുനന്‍, കത്തിവേഷങ്ങളില്‍ 'ഉത്ഭവ'ത്തിലെ രാവണന്‍, 'ബാലിവിജയ'ത്തിലെ രാവണന്‍, ചെറിയ നരകാസുരന്‍, ശിശുപാലന്‍, ദുര്യോധനന്‍, കീചകന്‍, വെള്ളത്താടിയില്‍ ഹനുമാന്‍, കറുത്ത താടിയില്‍ 'കിരാത'ത്തിലെ കാട്ടാളന്‍ തുടങ്ങിയ വേഷങ്ങളില്‍ അദ്വിതീയനായിരുന്നു രാമന്‍കുട്ടിനായര്‍.


ഓപ്പത്ത് നാരായണന്‍നായരുടെയും തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും മകനായി 1925 മെയ് 25 ന് ജനി ച്ചു. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. അമ്മയുടെ തണലിലാണ് വളര്‍ന്നത്.
പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഒളപ്പമണ്ണ മനയിലെ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴില്‍ കഥകളിയഭ്യസനം തുടങ്ങി. 13-ാം വയസ്സില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി. കലാമണ്ഡലത്തില്‍ അധ്യാപകന്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ തസ്തികകളിലായി 50 വര്‍ഷത്തെ സേവനത്തിനുശേഷം 1985 ല്‍ വിരമിച്ചു. തുടര്‍ന്ന് കലാമണ്ഡലത്തില്‍ എക്‌സിക്യുട്ടീവ് ബോര്‍ഡംഗം, വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കളിയരങ്ങില്‍ ഇന്നുള്ള മിക്ക പ്രശസ്തരുടെയും ഗുരുനാഥനാണ്  ഇദ്ദേഹം.
മുപ്പതിലേറെ തവണ വിദേശപര്യടനം നടത്തി. 'തിരനോട്ടം' എന്ന പേരില്‍ ആത്മകഥയും രചിച്ചിട്ടുണ്ട്.
2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും 2000 ല്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ പ്രഥമ കഥകളിപുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചു.
കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് (1974), കലാമണ്ഡലം സ്‌പെഷല്‍ അവാര്‍ഡ് (1984), കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (1987), മധ്യപ്രദേശിലെ കാളിദാസ സമ്മാന്‍ (1994), കലാമണ്ഡലം ഫെലോഷിപ്പ്, എമറിറ്റസ് ഫെലോഷിപ്പ്, നര്‍ത്തകചക്രവര്‍ത്തി അവാര്‍ഡ് (2003), കലാരത്‌നം അവാര്‍ഡ് (2003), മുംബൈ ശ്രീ ഗുരുവായൂരപ്പന്‍ പുരസ്‌കാരം (2004), കേന്ദ്ര സംഗീതനാടക അക്കാദമി രത്‌ന അവാര്‍ഡ് (2004) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.
ഭാര്യ: സരസ്വതിയമ്മ. മക്കള്‍: നാരായണന്‍കുട്ടി (ഏഷ്യാനെറ്റ്), അപ്പുക്കുട്ടന്‍ (കടമ്പഴിപ്പുറം ഹൈസ്‌കൂള്‍), വിജയലക്ഷ്മി.

No comments:

Post a Comment

Top News

Labour India