എണ്ണ പ്രകൃതിവാതക സമ്പന്നമായ മുന്‍ സോവിയറ്റ് റിപബ്ലിക് അസര്‍ബയ്ജാനില്‍ പ്രസിഡന്റായി ഇലാം അലിയേവ് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടു. അടുത്തയിടെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അലിയേവിന്റെ ന്യൂ അസര്‍ബയ്ജാന്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലാണ് പ്രതിപക്ഷ കൂട്ടുകക്ഷി മുന്നണിയെ തകര്‍ത്തെറിഞ്ഞത്.
മുന്‍ പ്രസിഡന്റ് ഹൈദര്‍ അലിയേവിന്റെ മകനായ ഇലാം 2003ലാണ് ആദ്യമായി പ്രസിഡന്റ് പദത്തിലെത്തുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും സപ്ലൈ ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് അസര്‍ബയ്ജാന്‍. 1920 ഏപ്രില്‍ 28നാണ് അസര്‍ബയ്ജാന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്കിന്റെ ഭാഗമാകുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 1991 ഒക്‌ടോബര്‍ 18നാണ് സോവിയറ്റ് യൂണിയനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അസര്‍ബയ്ജാന്‍ ഡമോക്രാറ്റിക് റിപബ്ലിക്കായത്. 1995 നവംബര്‍ 12ന് പുതിയ ഭരണഘടന അംഗീകരിച്ചു.
അസര്‍ബയ്ജാനിന്റെ തലസ്ഥാനമായ ബകുവില്‍ 1961 ഡിസംബര്‍ 24നാണ് ഇലാം ഹൈദര്‍ ഒഗ്‌ലു അലിയേവ് ജനിച്ചത്. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലാണ് അലിയേവ് ബിരുദ ബിരുദാനന്തര പഠനങ്ങള്‍ നടത്തിയത്. 1985ല്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1990 വരെ അവിടെത്തന്നെ അധ്യാപകനായി.
ജര്‍മനി ആസ്ഥാനമായ അന്താരാഷ്ട്ര അഴിമതിവിരുദ്ധ സംഘടന, ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍, അസര്‍ബയ്ജാനിലെ ഭരണസംവിധാനത്തെ ലോകത്തെ ഏറ്റവും അഴിമതിനിറഞ്ഞതിലൊന്നായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലും വ്യാപക അഴിമതിയാരോപണങ്ങളുണ്ട്.
No comments:
Post a Comment