ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (OPCW) എന്ന സംഘനയ്ക്ക്.
അടുത്തകാലത്ത് സിറിയയില്‍ നടന്നതായി പറയപ്പെടുന്ന രാസായുധ പ്രയോഗം ഇത്തരമൊരു സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ മൂല്യവും ആവശ്യകതയും വര്‍ധിപ്പിക്കുന്നതായി നോബല്‍ കമ്മിറ്റി വിലയിരുത്തി.
ഒപിസിഡബ്ല്യുവിന്റെ ഹേഗിലെ ആസ്ഥാനമന്ദിരം |
നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസഥാനമായി 1997 ല്‍ രൂപീകൃതമായ ഈ സംഘടന ലോകമെമ്പാടും രാസായുധ നിര്‍മാര്‍ജനത്തിനായി പരിശ്രമിക്കുന്നു. 189 അംഗരാഷ്ട്രങ്ങളുണ്ട് ഇപ്പോള്‍ ഈ സംഘടനയില്‍. അടുത്തയിടെ രാസായുധപ്രയോഗം കൊണ്ട് കുപ്രസിദ്ധി നേടിയ സിറിയയും സംഘനയില്‍ അംഗമായതിനു പിറകേയാണ് നോബല്‍ അവാര്‍ഡ് പ്രഖ്യാപനവും വരുന്നത് എന്നത് യാദൃച്ഛികമായി. സിറിയയിലെ രാസായുധങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്ന ജോലി ഇപ്പോഴും ഒപിസിഡബ്ല്യുവിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
ഇക്കഴിഞ്ഞ 16 വര്‍ഷങ്ങള്‍കൊണ്ട് ഈ സംഘടന ഏതാണ്ട് 57000 ടണ്‍ രാസായുധങ്ങള്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയെന്ന് കണക്കുകള്‍ പറയുന്നു. ശീതയുദ്ധത്തിന്റെ തുടര്‍ച്ചയായി അമേരിക്കയും റഷ്യയും സംഭരിച്ചു സൂക്ഷിച്ചതാണ് ഇതില്‍ ഏറിയ പങ്കും.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1993ല്‍ ചേര്‍ന്ന രാസായുധ കണ്‍വെന്‍ഷനെ തുടര്‍ന്നാണ് ഇത്തരമൊരു സംഘടന രൂപീകരിക്കാന്‍ തീരുമാനമായത്. ഇതൊരു യു എന്‍ ഏജന്‍സി അല്ലെ ങ്കിലും നയരൂപീകരണത്തിലും നടപടികളിലും യുഎന്നുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. 2000 സെപ്റ്റംബര്‍ 7ന് ഇരു സംഘടനകളും ഒരു സഹകരണ ഉടമ്പടി ഒപ്പുവച്ചിട്ടുമുണ്ട്.
ഒപിസിഡബ്ല്യുവിന്റെ ഡയറക്ടര്‍ ജനറല്‍ അഹ്‌മെത് ഉസുംസു |
ഒപിസിഡബ്ല്യുവിന്റെ പ്രവര്‍ത്തനനേതൃത്വം ഡയറക്ടര്‍ ജനറലിനാണ്. ബ്രസീലുകാരനായ ജോസ് ബുസ്താനിയായിരുന്നു ആദ്യ ഡയറക്ടര്‍ ജനറല്‍. ടര്‍ക്കിക്കാരനായ അഹ്‌മെത് ഉസുംസു ഇപ്പോഴത്തെ ഡയറക്ടര്‍ ജനറലും. ചില മലയാളികളും ഈ സംഘനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതില്‍ നമുക്കും അഭിമാനിക്കാം.
No comments:
Post a Comment