BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday, 20 November 2013

അമ്പതുവര്‍ഷം...തുമ്പ മുതല്‍ ചൊവ്വ വരെ! (50 Years of Indian Space Research)

നമ്മുടെ രാജ്യത്തിന്റെ യശസ്സ് വിശ്വസീമകള്‍ക്കപ്പുറത്തെത്തിച്ച ബഹിരാകാശക്കുതിപ്പുകള്‍ക്ക് തുടക്കം കുറിച്ചിട്ട് അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ആദ്യത്തെ റോക്കറ്റ് തുമ്പയില്‍നിന്ന് കുതിച്ചുയര്‍ന്നത് 1963 നവംബര്‍ 21ന്.

സ്പുട്‌നിക് 1
1957 ഒക്‌ടോബര്‍ 4നാണ് മനുഷ്യന്‍ ആദ്യമായി ഒരു കൃത്രിമ ഉപഗ്രഹം അതുവരെ തികച്ചും അജ്ഞാതമായിരുന്ന ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പറഞ്ഞുവിടുന്നത്. റഷ്യ വിക്ഷേപിച്ച സ്പുട്‌നിക് 1 ആയിരുന്നു അത്. ഇതോടെ ബഹിരാകാശയുഗം ആരംഭിച്ചു എന്നു പറയാം. ദീര്‍ഘദൃഷ്ടിയായിരുന്ന നമ്മുടെ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഈ രംഗത്ത് രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടതിന്റെ പ്രധാന്യം തിരിച്ചറിഞ്ഞു. അദ്ദേഹം ഡോ. ഹോമി ജഹാംഗീര്‍ ഭാഭയെ ദൗത്യത്തിന്റെ ചുമതലക്കാരനാക്കി. ഭാഭയുടെ നേതൃത്വത്തില്‍ ഡോ. വിക്രം സാരാഭായ് നമ്മുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ചുക്കാന്‍ പിടിച്ചു.


ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ റോക്കറ്റ് വിക്ഷേപണത്തിന് പറ്റിയ സ്ഥലം അന്വേഷിക്കുകയും ഭൂമിയുടെ കാന്തിക ഭൂമധ്യരേഖയ്ക്കടുത്തുള്ള സ്ഥലം എന്ന നിലയില്‍ തിരുവനന്തപുരം പള്ളിത്തുറയ്ക്കടുത്തുള്ള തുമ്പ തിരഞ്ഞെടുക്കുകയും ചെയ്തു. ലത്തീന്‍ കത്തോലിക്ക രൂപതയുടെ കീഴിലുള്ള പള്ളിയാണ് ഏറ്റെടുത്ത് റോക്കറ്റ് വിക്ഷേപണകേന്ദ്രമാക്കി മാറ്റിയത്. മത്സ്യബന്ധനത്തൊഴിലാളികളും സാധാരണക്കാരുമായ വിശ്വാസികളും നാട്ടുകാരും രൂപത അധികാരികളും അകമഴിഞ്ഞു നല്‍കിയ പ്രോത്സാഹനം അങ്ങനെ രാജ്യത്തിന്റെ വലിയ കുതിപ്പില്‍ നിര്‍ണ്ണായകമായി.

രോഹിണി റോക്കറ്റ്‌
1963 നവംബര്‍ 21ന് വൈകിട്ട് 6.25നായിരുന്നു ആദ്യ വിക്ഷേപണം. അമേരിക്കന്‍ നിര്‍മ്മിതമായ ചെറിയ റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗപ്പെടുത്തിയത്. രാജ്യം സ്വന്തമായി നിര്‍മ്മിച്ച ആദ്യ സൗണ്ടിംഗ് റോക്കറ്റ് തുമ്പയില്‍നിന്ന് വിക്ഷേപിക്കപ്പെടുന്നത് 1967ലാണ്. രോഹിണി എന്നു പേരിട്ട ആ റോക്കറ്റിന് ഒരു മീറ്റര്‍ മാത്രമായിരുന്നു ഉയരം!
അവിടെനിന്നും ഉയര്‍ന്ന് ഇപ്പോള്‍ ചന്ദ്രോപരിതലത്തില്‍ രാജ്യത്തിന്റെ പതാകയെത്തിക്കാന്‍ നമുക്കു കഴിഞ്ഞു. ഇപ്പോഴിതാ ചൊവ്വാ ഗ്രഹത്തിലേക്കും നാം സ്വന്തം പേടകം അയച്ചു കഴിഞ്ഞിരിക്കുന്നു. അതും 300ലേറെ ടണ്‍ ഭാരവും 40ലേറെ മീറ്റര്‍ ഉയരവുമുള്ള പിഎസ്എല്‍വി എന്ന നമ്മുടെ സ്വന്തം റോക്കറ്റിലും!

ചന്ദ്രയാനും മംഗള്‍യാനും
ലോകത്ത് മൂന്നോ നാലോ രാജ്യങ്ങള്‍ക്കു മാത്രം സാധിച്ചിട്ടുള്ളതാണ് ഈ നേട്ടങ്ങള്‍ എന്നറിയുമ്പോള്‍ നാം അമ്പത് വര്‍ഷങ്ങള്‍കൊണ്ട് എത്രമാത്രം മുന്നിലെത്തിയിരിക്കുന്നു എന്നത് അഭിമാനമേകുന്നു.
ഡോ. വിക്രം സാരാഭായ് ഡോ. അബ്ദുള്‍ കലാം എന്നിവര്‍ ഐഎസ്ആര്‍ഒയില്‍.
ഇടത് പിന്നില്‍ നില്‍ക്കുന്നത് ഡോ. മാധവന്‍ നായര്‍.
സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം അര്‍പ്പണ ബോധവും രാജ്യസ്‌നേഹവുമുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ നിതാന്ത പരിശ്രമങ്ങളാണ് ഈ വിജയങ്ങള്‍ക്കു പിന്നിലെന്ന് പുതു തലമുറയ്ക്ക് സ്മരിക്കാന്‍ ഇതാണവസരം. ഹോമി ഭാഭയ്ക്കും വിക്രം സാരാഭായിക്കും പിന്നാലെ ഡോ. അബ്ദുള്‍ കലാമും ഡോ. മാധവന്‍ നായരും ഇപ്പോള്‍ ഡോ. രാധാകൃഷ്ണനുമെല്ലാം ഈ കുതിപ്പുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും ബഹിരാകാശ ഗവേഷണത്തിലും ഒക്കെ തല്പരരായ ഒരു പുതു തലമുറ ഈ നേട്ടങ്ങളുടെ പിന്തുടര്‍ച്ചയ്ക്ക് ആവശ്യമാണ് എന്ന കാര്യവും വിസ്മരിക്കരുത്.

No comments:

Post a Comment

Top News

Labour India