BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Sunday, 29 December 2013

മേരി ടി. ബാര ജനറല്‍ മോട്ടോഴ്‌സ് സിഇഒ (Mary T. Barra named CEO of GM)

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍വാഹന നിര്‍മ്മാതാക്കളിലൊന്നായ ജനറല്‍ മോട്ടോഴ്‌സിന് ഇനി വനിതാ ഡ്രൈവര്‍! അതെ, ജനറല്‍ മോട്ടോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മേരി തെരേസ ബാര നിയമിതയായി.


നിലവില്‍ കമ്പനിയുടെ ഗ്ലോബല്‍ പ്രേഡക്ട് ഡവലപ്‌മെന്റ് പര്‍ച്ചേസിംഗ് ആന്‍ഡ് സപ്ലൈ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിലെ സിഇഒ ഡാന്‍ അകേര്‍സന്‍ വിരമിക്കുന്ന ഒഴിവിലാണ് ബാരയുടെ നിയമനം. തന്റെ 18-ാം വയസ്സില്‍ എന്‍ജിനീയറായി ജിഎമ്മില്‍ ചേര്‍ന്ന മേരി ബാര കമ്പനിയുടെ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചാണ് ഉയര്‍ന്ന തലത്തിലേക്കെത്തിയത്.  
ഇപ്പോള്‍ കെറ്ററിംഗ് യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന ജനറല്‍ മോട്ടോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് മേരി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്. ജിഎം ഫെല്ലോഷിപ്പോടെ സ ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂളില്‍നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടി.
2012ല്‍ ഫോബ്‌സ് മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ ലിസ്റ്റില്‍ മേരി ബാരയെയും ഉള്‍പ്പെടുത്തിയിരുന്നു. 1961 ഡിസംബര്‍ 24ന്‍ മിച്ചിഗണിലെ വാട്ടര്‍ഫോഡ് എന്ന സ്ഥലത്ത് ജനിച്ചു.


ചിക്കന്‍ പോക്‌സിനെ മെരുക്കിയ ഡോ. മിചിയാകി തകാഹാഷി അന്തരിച്ചു

ചിക്കന്‍ പോക്‌സിനെതിരെ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ച ജപ്പാന്‍കാരന്‍ ഡോ. മിചിയാകി തകാഹാഷി മരണത്തിന് കീഴടങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് 85-ാം വയസ്സിലായിരുന്നു അന്ത്യം.

1928ല്‍ ജപ്പാനില്‍ ജനിച്ച തകാഹാഷി 1954ല്‍ ഒസാകാ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍നിന്ന് മെഡിസിനില്‍ എം.ഡി. നേടി. പിന്നീട് വൈറോളജിയിലായിരുന്നു ഉപരിപഠനം. 1972ലാണ് ചിക്കന്‍ പോക്‌സിന് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഈ വാക്‌സിന്‍ ചിക്കന്‍ പോക്‌സിനെ ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്നില്ല. മറിച്ച് അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
ഈ രംഗത്തെ സേവനങ്ങളെ പുരസ്‌ക്കരിച്ച് നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ ജപ്പാനില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടതാണ് 'ദി ജാപ്പനീസ് സൊസൈറ്റി ഫോര്‍ വാക്‌സിനോളജി തകാഹാഷി പ്രൈസ്'.

Saturday, 28 December 2013

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരമേറ്റു

അഴിമതിവിരുദ്ധ സദ്ഭാവന സന്ദേശവുമായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഡല്‍ഹിയിലെ ഏഴാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാളും കൂടെ ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.


ആഡംബപൂര്‍ണമായ മന്ത്രിമന്ദിരങ്ങളും അകമ്പടിയുമൊന്നും തനിക്ക് വേണ്ടെന്ന് കേജ്‌രിവാള്‍ നേരത്തെതന്നെ നിലപാടെടുത്തിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്കെത്തിയതാകട്ടെ മെട്രോ ട്രെയിനിലും. ജനം വലിയ പ്രതീക്ഷയിലാണ്. രാജ്യം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ മാതൃകകള്‍ കുറെയെങ്കിലും അനുകരിക്കേണ്ടിവരും എന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍ അമിതപ്രതീക്ഷകള്‍ എങ്ങുമെത്താതെ പോയാല്‍ നിരാശ കനത്തതാവുമെന്നത് കേജ്‌രിവാളിനും സംഘത്തിനും അറിയാതിരിക്കാന്‍ വഴിയില്ല.

ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍

മുന്‍ എംഎല്‍എ റോസമ്മ പുന്നൂസ് അന്തരിച്ചു

കാഞ്ഞിരപ്പിള്ളിയില്‍നിന്നും കേരളത്തിന്റെ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ച താരം പൊലിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ പുന്നൂസ് നൂറാം വയസ്സില്‍ അന്തരിച്ചപ്പോള്‍ മറഞ്ഞത് ചരിത്രത്തിന്റെ സംഭവബഹുലമായ ഒരേട് കൂടിയാണ്.


കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന കാഞ്ഞിരപ്പിള്ളിയിലെ കരിപ്പാപ്പറമ്പില്‍ കുടുംബത്തില്‍ ജനിച്ച റോസമ്മ അവിടെനിന്നും നിയമസഭ കണ്ട ഏക കമ്മ്യൂണിസ്റ്റുമായിരുന്നു. സമാനതകളില്ലാത്ത നിരവധി വിശേഷണങ്ങള്‍ക്കര്‍ഹയാണ് ഈ മഹതി. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോ ടേം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയി എന്നു തുടങ്ങി കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍ എന്നതു വരെ റോസമ്മ പുന്നൂസിന് മാത്രം അവകാശപ്പെടാവുന്ന പ്രതേകതകള്‍ നിരവധിയാണ്. 1957ലെ തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്ന് റോസമ്മ നിയമസഭയിലേക്ക് വിജയിച്ചപ്പോള്‍ ഭര്‍ത്താവും സിപിഐ നേതാവുമായിരുന്ന പി. ടി. പുന്നൂസ് ആലപുഴയില്‍നിന്ന് ലോക്‌സഭയിലേക്കും ജയിച്ചു. കേരളത്തിലാദ്യമായി നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം ജയിച്ച ദമ്പതികള്‍ എന്ന നിലയില്‍ ഇതും റെക്കോഡാണ്.
മരണസമയത്ത് ഒമാനിലായിരുന്നു.

Wednesday, 25 December 2013

കലാഷ്‌നിക്കോവിന്റെ ഹൃദയം നിലച്ചു

AK-47 എന്നു കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ലോകത്തെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരായുധം വേറെയുണ്ടോ എന്ന് സംശയമാണ്. വിനാശകാരിയായ ആ തോക്കിന്റെ ഉപജ്ഞാതാവ് റഷ്യക്കാരനായ മിഖായില്‍ കലാഷ്‌നിക്കോവ് അന്തരിച്ചു. 94 വയസ്സായിരുന്നു.


മിഖായില്‍ തിമോഫെയേവിച്ച് കലാഷ്‌നിക്കോവ് 1919 നവംബര്‍ 10ന് പടിഞ്ഞാറന്‍ സൈബീരിയയില്‍ ജനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് റെഡ് ആര്‍മിയില്‍ ടാങ്ക് കമാന്‍ഡറായി ജോലി ചെയ്തു. അക്കാലത്ത് ഒരു അപകടത്തില്‍ പരിക്ക് പറ്റിയതിനേത്തുടര്‍ന്ന് ആയുധങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യാനാരംഭിച്ചു. അന്ന് ജര്‍മ്മന്‍ പടയുടെ കൈവശമുണ്ടായിരുന്ന തോക്കുകളേക്കാള്‍ മികച്ച തോക്കുകളുണ്ടാക്കാനായിരുന്നു കലാഷ്‌നിക്കോവിന്റെ ശ്രമം. നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1947ല്‍ ലളിതവും എന്നാല്‍ അത്യന്തം മാരകവുമായ ഒരു തോക്ക് അദ്ദേഹം വികസിപ്പിച്ചു. AK-47 എന്നു പേരിട്ട ആ തോക്ക് താമസിയാതെ സോവിയറ്റ് പടയുടെ വജ്രായുധമായി. ഓട്ടോമാറ്റിക് കലാഷ്‌നിക്കോവ് (Automatic Kalashnikov) എന്നതിന്റെ ചുരുക്കരൂപമാണ് AK. 47 എന്നത് വികസിപ്പിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്നു.


ഇന്ന് വിവിധ ലോക രാഷ്ട്രങ്ങളുടെ സായുധവിഭാഗം ഈ മാരകായുധം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയുടെ ആകെ എണ്ണം ഏതാണ്ട് 10 കോടി വരുമത്രേ! ഇത് ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍, AK47 ലോകമെമ്പാടും വിധ്വസംകരുടെയും തീവ്രവാദികളുടെയും പ്രധാന ആയുധമാവുകയും നിഷ്‌കളങ്കരായ നിരവധി  സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്ക് കാരണമാവുകയും ചെയുന്നതില്‍ നിരാശനും ഖിന്നനുമായിരുന്നു കലാഷ്‌നിക്കോവ്.

ചില AK-47 വിശേഷങ്ങള്‍!


  • ഉപയോഗിക്കാനെളുപ്പവും ഏതു സാഹചര്യത്തിലും പ്രശ്‌നരഹിതമായ പ്രവര്‍ത്തനവും താരതമ്യേന വിലക്കുറവുമാണ് AK-47നെ ലോകത്ത് ഇത്രയധികം പ്രശസ്തമാക്കിയത്. 12000 രൂപയ്ക്കുമുകളില്‍ ലഭിക്കുന്ന മോഡലുകളുണ്ട്.
  • മൊസാംബിക് എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ പതാകയില്‍ AK-47ന്റെ ചിത്രം പതിച്ചിട്ടുണ്ട്. സിംബാബ്‌വേ, കിഴക്കന്‍ ടിമൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഔദ്യോഗിക മിലിട്ടറി മുദ്രകളിലും ( coats of arms ) ഇതിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. 

  • ഈജിപ്റ്റും ഇസ്രയേലും തമ്മില്‍ 1973ല്‍ നടന്ന യുദ്ധത്തിന്റെ (The Battle of Ismailia) ഓര്‍മ്മയ്ക്കായി സീയുസ് കനാലിന്റെ തീരത്ത് പണിതുയര്‍ത്തിയിട്ടുള്ള കൂറ്റന്‍ സ്മാരകത്തിലും AK-47ന്റെ ബാരലും ബയണറ്റും കാണാം.

  • അമേരിക്കയുടെ ഇറാക്ക് അധിനിവേശക്കാലത്ത് അന്നത്തെ ഇറാക്ക് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ പക്കല്‍നിന്ന് സ്വര്‍ണ്ണം പൂശിയ രണ്ട് AK-47 തോക്കുകള്‍ കണ്ടെടുത്തിരുന്നു. ഇവ ഇന്ന് വാഷിങ്ടണ്‍ ഡിസിയിലെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

  • AK-47ന്റെയും അതിന്റെ ഉപജ്ഞാതാവ് മിഖായില്‍ കലാഷ്‌നിക്കോവിന്റെയും സ്മാരകസ്റ്റാംപുകള്‍ റഷ്യയേപ്പോലെതന്നെ ന്യൂസിലാന്‍ഡും പുറത്തിറക്കിയിട്ടുണ്ട്. 
  • വര്‍ഷം തോറും ലോകത്താകെ ഏതാണ്ട് രണ്ടരലക്ഷം ജനങ്ങള്‍ AK-47ല്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് മരണമടയുന്നുണ്ടെന്നാണ് കണക്ക്!

Monday, 23 December 2013

ഈ ഹൃദയത്തിന് ഗ്യാരണ്ടി 5 വര്‍ഷം!



ഇനി സ്വന്തം ഹൃദയം പണിമുടക്കിയാലും പേടിക്കാനില്ല. ഗ്യാരണ്ടിയുള്ള കൃത്രിമഹൃദയം റെഡി. ഫ്രാന്‍സിലെ ഒരു ബയോമെഡിക്കല്‍ സ്ഥാപനമായ കാര്‍മാറ്റ് ആണ് ഈ കൃത്രിമഹൃദയത്തിന്റെ നിര്‍മ്മാതാക്കള്‍.


പാരീസിലെ ജോര്‍ജസ് പോപിംഡു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 75 വയസ്സുള്ള ഒരു വ്യക്തിയിലാണ് കൃത്രിമഹൃദയം വച്ചു പിടിപ്പിച്ചത്. യഥാര്‍ത്ഥ ഹൃദയത്തിന് പകരമായി 5 വര്‍ഷം വരെ ഒരു കുഴപ്പവും കൂടാതെ ഈ കൃത്രിമഹൃദയം പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. ഹൃദയം തകരാറാവുന്നതുമൂലം നിരവധി ആളുകള്‍ മരണമടയുന്ന ഇക്കാലത്ത് ഇതൊരു അനുഗ്രഹമായേക്കാം.
പാരീസിലെ ജോര്‍ജസ് പോപിംഡു ആശുപത്രി
ഹൃദയത്തകരാറുകള്‍ക്ക് പരിഹാരമായി ചില കൃത്രിമഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സിക്കുന്ന രീതി നേരത്തേയുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ണ്ണമായ കൃത്രിമ ഹൃദയമല്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടന്നിരിക്കുന്നത് ലോകത്തെ ആദ്യ കൃത്രിമഹൃദയം മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയയാണ് എന്നു പറയാം. സാധാരണ ഹൃദയത്തിന്റെ മൂന്നിരട്ടിയോളം വരുന്നതാണ് കാര്‍മാറ്റിന്റെ കൃത്രിമഹൃദയം. ഏതാണ്ട് 900 ഗ്രാം ഭാരമുണ്ടിതിന്. ലിഥിയം ബാറ്ററിയാണിതിന് ഊര്‍ജ്ജം പകരുന്നത്. ബാറ്ററികള്‍ ശരീരത്തിന് പുറത്ത് ധരിക്കാം. ശരീരത്തിനുള്ളില്‍ രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന കൃത്രിമഹൃദയത്തിന്റെ ഭാഗങ്ങളെല്ലാം ജൈവപദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഹൃദയത്തിന്റെ മസിലുകള്‍ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന പ്രക്രിയ അനുകരിക്കാന്‍ കൃത്രിമഹൃദയത്തിന് കഴിയും. പ്രത്യേക സെന്‍സറുകളും മറ്റും ഉപയോഗപ്പെടുത്തിയാണ് വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ഹൃദയം പ്രവര്‍ത്തിക്കുക. ഈ കൃത്രിമഹൃദയത്തിന്റെ വലിപ്പവും ഭാരവും ഇനിയും കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ് കമ്പനി.
അലെയ്ന്‍ ഫ്രെഡറിക്  കാര്‍പെന്റിയര്‍ എന്ന ഫ്രഞ്ച് സര്‍ജനാണ് ഈ കൃത്രിമഹൃദയത്തിന്റെ പിന്നിലുള്ളത്. ശസ്ത്രക്രിയ നടത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കാര്‍മാറ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണിദ്ദേഹം. ഹൃദയത്തിലെ മിത്രല്‍ വാല്‍വ് റിപ്പയറിന്റെ പിതാവ് എന്നാണിദ്ദേഹം അറിയപ്പെടുന്നത്. ഹൃദയത്തിന്റെ ഇടത് അറയിലേക്ക് രക്തമെത്തിക്കുന്നതാണ് മിത്രല്‍ വാല്‍വ്.
ഡോ.അലെയ്ന്‍ ഫ്രെഡറിക് കാര്‍പെന്റിയര്‍
ജാര്‍വിക് - 7 (Jarvik-7)
ആദ്യ കൃത്രിമഹൃദയം എന്ന് പരക്കെ അംഗീകരിക്കപ്പെടുന്നത് ജാര്‍വിക് - 7 ആണ്. അമേരിക്ക ക്കാരനായ റോബര്‍ട് ജാര്‍വിക് വികസിപ്പിച്ച ഇത് 1982 ഡിസംബര്‍ 2ന് ബാര്‍ണി ക്ലാര്‍ക്ക് എന്നയാള്‍ക്ക് വച്ചുപിടിപ്പിച്ചു. ഡോ. വില്ല്യം ഡീവ്രിസ് ശസ്ത്രക്രിയ നടത്തി. ആ കൃത്രിമഹൃദയ വുമായി 112 ദിവസം ജീവിച്ച ക്ലാര്‍ക്ക് 1983 മാര്‍ച്ച് 23ന് അന്തരിച്ചു. 1984ല്‍ ജാര്‍വിക് - 7 വില്ല്യം ജെ. ഷ്രോഡര്‍  എന്ന വ്യക്തിയില്‍ വച്ചു പിടിപ്പിച്ചു. ഇദ്ദേഹം 620 ദിവസം ജീവിച്ചു. ഹൃദയ ത്തിന്റെ തകരാറല്ല ശ്വാസകോശസംബന്ധമായ അസുഖമായിരുന്നുവത്രേ മരണകാരണം!

മരണം ഉറപ്പാക്കപ്പെട്ട വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഹൃദയം മാറ്റിവയ്ക്കുന്നത് ഇന്ന് അസാധാരണമായൊരു കാര്യമല്ല. മനുഷ്യഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ തലതൊട്ടപ്പനായി പരക്കെ അംഗീകരിക്കപ്പെടുന്നത് അമേരലിക്കന്‍ ഡോക്ടര്‍ നോര്‍മന്‍ ഷംവേയാണ്. എന്നാല്‍ ലോകത്തെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് സൗത്ത് ആഫ്രിക്കക്കാരനായ ഡോക്ടര്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡാണ്. 1967 ഡിസംബര്‍ 3ന് സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലുള്ള ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍ ലൂയിസ് വാഷ്‌കന്‍സ്‌കിയെന്ന രോഗിയ്ക്കാണ് ലോകത്താദ്യമായി ഹൃദയം മാറ്റിവയ്ച്ചത്. 

ഡോ. ക്രിസ്റ്റിയന്‍ ബര്‍ണാഡ്‌
പുതിയ കൃത്രിമ ഹൃദയം പ്രവര്‍ത്തികമായാല്‍ ഇനി ഹൃദയ ദാതാവിനെ തേടി രോഗികള്‍ വലയേണ്ടി വരില്ല എന്നു കരുതാം. എന്നാല്‍ ഏകദേശം ഒന്നരക്കോടി രൂപ മുടക്കി ഇതിന് എത്രപേര്‍ക്ക് സാധിക്കുമെന്ന ചോദ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തമാണ്.


Wednesday, 18 December 2013

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത കവി.എം.എന്‍ പാലൂരിന്

പ്രശസ്ത കവി.എം.എന്‍ പാലൂരിന് (പാലൂര്‍ മാധവന്‍ നമ്പൂതിരി) ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. 
എറണാകുളം ജില്ലയിലെ പാലൂര്‍ നമ്പൂതിരി കുടുംബത്തില്‍ ജനിച്ച പാലൂര്‍ സംസ്‌കൃത വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഡ്രൈവറായി ജോലി നോക്കി. കോഴിക്കോട് കോവുരിലാണ് താമസം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1983-ല്‍ കലികാലം എന്ന കവിതാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
2009-ല്‍  ആശാന്‍  സ്മാരക കവിതാ പുരസ്കാരം.
2004-ല്‍  കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.

Sunday, 15 December 2013

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങി. (Uthradam Thirunal Marthanda Varma Passed Away)

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാനത്തെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ ഇളയ സഹോദരനാണിദ്ദേഹം. ലളിത 
ജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു രാജാവിന്റെ പ്രത്യേകത. 


1922 മാര്‍ച്ച് 22-ന്‌ തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍മഹാറാണി സേതു പാര്‍വതിഭായിയുടേയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും  പുത്രനായി  അദ്ദേഹം ജനിച്ചു. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ പ്ലൈമൗത്ത് കമ്പനിയില്‍ ജോലി നോക്കി. പിന്നീട് ഇംഗ്ലണ്ടില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടി. പഠനശേഷം തിരിച്ചെത്തി 1956-ല്‍ ബാംഗ്ലൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസം. 1991ല്‍ ശ്രീ ചിത്തിര തിരുനാള്‍  നാടുനീങ്ങിയതിനെത്തുടര്‍ന്ന് രാജകുടുംബത്തിന്റെ അധികാരസ്ഥാനമേറ്റെടുത്ത ഉത്രാടം തിരുനാള്‍  ഒരേ സമയം  എളിമയുടേയും പ്രൗഢിയുടെയും
പാണ്ഡിത്യത്തിന്റേയും പ്രതീകമായിരുന്നു. പട്ടം പാലസിലാണ് (തുളസി ഹില്‍ പാലസ്) മഹാരാജാവ് താമസിച്ചിരുന്നത്.  

2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍ പദ്മനാഭ വര്‍മയും പാര്‍വതിദേവിയും. 
'തൃപ്പടിദാനം' എന്നപേരില്‍ ആതമകഥ പ്രസദ്ധീകരിച്ചിട്ടുണ്ട്.

Saturday, 14 December 2013

ചിത്രശോഭ മാഞ്ഞു. (C. N. Karunakran Died)

പ്രമുഖ ചിത്രകാരന്‍ സി. എന്‍. കരുണാകരന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കേരള ലളിത കലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്നു.


1940ല്‍ ത്രിശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന സ്ഥലത്ത് ജനിച്ചു. വിഖ്യാത ചിത്രകാരന്മാരായ ഡി. പി. റോയിയുടെയും കെ. സി. എസ്. പണിക്കരുടേയും മറ്റും ശിഷ്യത്വത്തില്‍ ചിത്രകല പഠിക്കാനവസരമുണ്ടായിട്ടുണ്ട്. ചെന്നെയിലെ പഠനത്തെത്തുടര്‍ന്ന് പരസ്യചിത്രങ്ങളെടുക്കുകയും കലാസംവിധാനരംഗത്ത് പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു ഇദേഹം. 1970ല്‍ കേരളത്തില്‍ തിരിച്ചെത്തി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ ആദ്യ ആര്‍ട്ട് ഗാലറിയായ 'ചിത്രകൂടം' ആരംഭിച്ചതും സി. എന്നിന്റെ നേതൃത്വത്തിലായിരുന്നു. മാതൃഭൂമി, മനോരമ, ചിന്ത, ദേശാഭിമാനി, കൗമുദി, മലയാളനാട്, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഒരേ തൂവല്‍പക്ഷികള്‍', 'അക്കരെ', 'പുരുഷാര്‍ത്ഥം' തുടങ്ങി നിരവധി മലയാളം സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യന്‍ എംബസിയിലും മറ്റും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
1964ല്‍ മദ്രാസ് ലളിതകലാ അക്കാദമി അവാര്‍ഡ്, 1971, 1972, 1975 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ ഈ കലാകാരന് ലഭിച്ചു. 2005ല്‍ കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു.

സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍


Thursday, 12 December 2013

'ആം ആദ്മി'കള്‍ താരങ്ങളാകുമ്പോള്‍...! (Aam Admi)

അടുത്തകാലത്ത് ഒരുപക്ഷേ നിങ്ങള്‍ ഏറ്റവും കൂടുതല്‍ കേട്ട ഒരു ഒന്നായിരിക്കും ' ആം ആദ്മി' എന്നത്. ഈ ഹിന്ദി വാക്കുകളുടെ മലയാളം അര്‍ത്ഥം 'സാധാരണക്കാരന്‍' എന്നാണ്. കോര്‍പറേറ്റ് ഭീമന്മാരുടേയും വന്‍ കള്ളക്കടത്തുകാരുടേയും ഗ്ലാമര്‍ താരങ്ങളുടെയും ഒക്കെ പേരുകള്‍ അലയടിച്ചുകൊണ്ടിരുന്ന മാധ്യമവേദികളിലെല്ലാം ഈ പാവം ആം ആദ്മി എങ്ങനെ കയറിപ്പറ്റി? അത് ആധുനിക ഇന്ത്യയുടെ ചരിത്രമാവുകയാണ്. 


അഴിമതിയിലും കൈയൂക്കിലും വര്‍ഗീയതയിലുമൊക്കെ മൂക്കോളം മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത്  ആം ആദ്മിയെ താരമാക്കിയതിന് പിന്നില്‍ പലരുണ്ട്, അണ്ണാ ഹസാരെ മുതലിങ്ങോട്ട്. എന്നാല്‍ രാഷ്ട്രീയ ഗോദയില്‍ ബലപരീക്ഷണത്തിന് മുതരാവുന്ന നിലയില്‍ ഈ 'സാധാരണക്കാരനെ' ശക്തനാക്കിയതിന്റെ ക്രെഡിറ്റ് ഒരാള്‍ക്ക് കൊടുക്കേണ്ടിവരും... അരവിന്ദ് കേജ്‌രിവാള്‍ എന്ന മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്. 15 വര്‍ഷങ്ങളോളം ഡല്‍ഹി എന്ന രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച ഷീല ദീക്ഷിതിനെ പരമ്പരാഗത പാര്‍ട്ടികളുടെയൊന്നും പിന്‍ബലമില്ലാതെ മലര്‍ത്തിയടിച്ച് വിജയിച്ച് ആം ആദ്മിയുടെ ശക്തി, ജനാധിപ്യത്തിന്റെ ശക്തി, തെളിയിച്ചുകൊടുത്തുവെന്നതാണ് കേജ്‌രിവാളിനെ ആധുനിക കാലത്ത് പ്രസക്തനാക്കുന്നത്.
2012 നവംബറിലാണ് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ജനനം. നവംബര്‍ 26നായിരുന്നു ലോഞ്ചിംഗ് ചടങ്ങ് നടന്നത്. ഒരു വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും സ്വന്തം കാലില്‍ നില്‍ക്കാനും തലമുതിര്‍ന്നവരേക്കാള്‍ ജനവിശ്വാസമാര്‍ജിക്കാനും കഴിഞ്ഞു എന്നത് കേജ്‌രിവാള്‍ പ്രതിനിധാനം ചെയ്യുന്ന പരിവര്‍ത്തനവാദത്തെ സാധാരണജനസമൂഹം എത്രമാത്രം പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ തെളിവായി. ആദ്യ ഇലക്ഷന്‍ ബലബലത്തില്‍ത്തന്നെ 28 സീറ്റുകള്‍ നേടുകയും ചെയ്തു ആം ആദ്മി പാര്‍ട്ടി.

അരവിന്ദ് കേജ്‌രിവാള്‍
1968 ആഗസ്റ്റ് 16ന് ഹരിയാനയിലെ ഹിസാറില്‍ ഒരു സമ്പന്ന ബനിയ കുടുംബത്തിലാണ് അരവിന്ദ് കേജ്‌രിവാളിന്റെ ജനനനം. പിതാവ് രാം കേജ്‌രിവാള്‍ എന്‍ജിനീയറായിരുന്നു. മാതാവ് ഗീതാ ദേവി. പ്രശസ്തമായ ഖരഗ്പൂര്‍ ഐഐറ്റിയില്‍നിന്നും എന്‍ജിനീയറിംഗ് ബിരുദമെടുത്ത കേജ്‌രിവാള്‍ 1989 മുതല്‍ 1992 വരെ ടാറ്റ സ്റ്റീലില്‍ ജോലി ചെയ്തു. പിന്നീട് സിവില്‍ സര്‍വീസ് പരിശീനത്തിുലക്ക് മാറിയ അരവിന്ദ് 1995ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേര്‍ന്നു. 2006ല്‍ ഡല്‍ഹി ജോയിന്റ് ഇന്‍കം ടാക്‌സ് കമ്മീഷണറായിരിക്കെ സര്‍വീസില്‍നിന്ന് രാജിവച്ചു. അണ്ണാ ഹസാരെയുടെ അനുയായിയായി അഴിമതിവിരുദ്ധസമരങ്ങളില്‍ അണിചേര്‍ന്നു . അധികം വൈകാതെ അണ്ണാ ഹസാരെയുമായി ആശയ വൈരുധ്യങ്ങളുണ്ടായി പിരിഞ്ഞെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. ജനപ്രതിനിധികളെ അഴിമതിവിരുദ്ധ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുന്ന ജന ലോക്പാല്‍ ബില്ല് തയാറാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിവരാവകാശ നിയമം നടപ്പാകുന്നതിലും കേജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങളാണ് വഴിവച്ചത്.
2006ലെ മാഗ്‌സസെ പുരസ്‌ക്കാരം കേജ്‌രിവാളിന് ലഭിച്ചിട്ടുണ്ട്. ഐആര്‍എസ് ഉദ്യോഗസ്ഥയായ സുനിതയാണ് ഭാര്യ. രണ്ട് കുട്ടികള്‍.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ സാധാരണ ജനത്തിന് വോട്ടു ചെയ്യുക എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമൊന്നും ഇല്ലായിരുന്നു എന്നത് ഒരു സത്യമാണ്. ഇതിനൊരു മാറ്റം വന്നിരിക്കുകയാണ്. ജീര്‍ണിച്ച സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിന്  രക്തരൂക്ഷിത വിപ്ലവങ്ങളേക്കാള്‍ സാധാരണക്കാരന്റെ ചെറിയ ചെറിയ ചുവടുവയ്പുകള്‍ക്ക് സാധിക്കും എന്നതിന്റെ ശക്തമായ ഉദാഹരണമായിരിക്കുകയാണ് ആം ആദ്മിയുടെ വിജയം. ജനാധിപത്യത്തില്‍ 'ആം ആദ്മി'യും താരമാവുകയാണ്!

Thursday, 5 December 2013

നെല്‍സണ്‍ മണ്ടേല വിടവാങ്ങി (Nelson Mandela died)

ദക്ഷിണാഫ്രിക്കക്കും ലോകത്തിനും ഇത് കറുത്തദിനം.   വര്‍ണവിവേചനത്തിന്റെയും അടിമത്തത്തിന്റേയും  ഇരുണ്ട ചങ്ങലകളില്‍നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ ഉണര്‍ത്തിയ സമരനായകന്‍ നെല്‍സണ്‍ മണ്ടേലയെ മരണം വന്നു വിളിച്ചിരിക്കുന്നു.


ദീര്‍ഘകാലമായി രോഗക്കിടക്കയിലായിരുന്ന മണ്ടേല ജോഹന്നാസ് ബര്‍ഗിലെ സ്വവസതിയിലാണ് 95കാരനായിരുന്ന മണ്ടേല അന്ത്യശ്വാസം വലിച്ചത്. അഹിംസയിലൂന്നിയ സമരശക്തി തെളിയിച്ച ഗാന്ധിജിയ്ക്ക് ശേഷം ലോകം ആ പാതയില്‍ ചരിക്കുന്ന മറ്റൊരു വിശ്വവ്യക്തിയെ കാണുകയായിരുന്നു മണ്ടേലയില്‍.
കറുത്തവര്‍ഗ്ഗ വിമോചനത്തിന് വെള്ളക്കാരുടെ ഭരണകൂടത്തോട് പൊരുതിയ മണ്ടേലയെ അധികൃതര്‍ 27 വര്‍ഷത്തോളം റോബന്‍ ദ്വീപിലെ ജയിലില്‍ തടവിലട്ടു. തടവില്‍ കിടന്നും തന്റെ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെ പ്രോജ്വലിപ്പിച്ച ആ സമരനായകന്‍ ഒടുവില്‍ പുറത്തുവന്നത്  സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ ചരിത്രമെഴുതിക്കൊണ്ടായിരുന്നു. 1964ല്‍ ജയിലിലടയ്ക്കപ്പെട്ട മണ്ടേല മോചിതനായത് 1990 ഫെബ്രുവരി 11ന്. ആ വിരോചിത പോരാട്ടത്തെ മാനിച്ച് 1993ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം നല്‍കപ്പെട്ടു.
1994ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ ജനവിധി തേടിയ മണ്ടേല ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി. 1994 ഏപ്രില്‍ 14ന് വര്‍ണ്വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള  നിയമവും നിലവില്‍വന്നു.
1979ല്‍ നെഹ്‌റു അവാര്‍ഡും 1990ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി നമ്മുടെ രാജ്യം ആ മഹാനുഭാവന് ആദരമര്‍പ്പിച്ചു.
1918 ജൂലൈ 18ന്  ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റുവിലുള്ള ഉംവേസോ എന്ന ഗ്രാമത്തിലാണ് മണ്ടേല ജനിച്ചത്. സോസ ഭാഷ സംസാരിക്കുന്ന മാഡിബ വംശത്തില്‍പെട്ടയാളാണ് ഇദ്ദേഹം. 'ദക്ഷിണാഫ്രിക്കയുടെ പിതാവ'് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

നെല്‍സണ്‍ മണ്ടേലയുടെ ലഘുജീവചരിത്രം വീഡിയോ കാണാം...




Wednesday, 4 December 2013

ലോക സ്‌കൂള്‍ ഒളിംപ്യാഡില്‍ മലയാളിത്തിളക്കം!

ബ്രസീലിലെ ബ്രസീലിയയില്‍ നടക്കുന്ന ലോക സ്‌കൂള്‍ ഒളിംപ്യാഡില്‍ മലയാളിക്കുട്ടികളിലൂടെ ഇന്ത്യന്‍ കുതിപ്പ്. 60 അംഗ ഇന്ത്യന്‍ ടീമില്‍ 7 കുട്ടികള്‍ കേരളത്തില്‍നിന്നാണ്.
കോട്ടയം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ താരമായ അഞ്ജലി ജോസ് 400 മീ. ഹര്‍ഡില്‍സില്‍ വെള്ളി നേടി. കോട്ടയം എം. ടി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. പാലക്കാട് കല്ലടി എച്ച്എസ്എസിലെ ബബിത സി. ആണ് മറ്റൊരു മെഡല്‍ ജേതാവ്. 800 മീറ്ററില്‍ ബബിത വെങ്കലം നേടി. നേരത്തെ, കഴിഞ്ഞ സെപ്റ്റംബറില്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിലും 800 മീറ്ററില്‍ ബബിത വെങ്കലം നേടിയിരുന്നു. കൂടാതെ സ്വര്‍ണ്ണം നേടിയ 4 x 400  മീറ്റര്‍  റിലേ ടീമിലും ബബിയ അംഗമായിരുന്നു. 1500 മീറ്ററില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട് സ്‌കൂളിലെ ലേഖ ഉണ്ണിയും വെങ്കലം നേടി.
ഡല്‍ഹിക്കാരന്‍ ശക്തി സോളങ്കിയാണ് മറ്റൊരു മെഡല്‍ ജേതാവ്.  ആണ്‍കുട്ടികളുടെ ഷോട്പുടില്‍ സോളങ്കി വെങ്കലം നേടി.

Monday, 2 December 2013

ആമസോണിന് ഓര്‍ഡര്‍ കൊടുത്തോളൂ... പാഴ്‌സല്‍ വിമാനത്തില്‍ വീട്ടുമുറ്റത്തെത്തും...!

ജോലിക്ക് ആളെക്കിട്ടാന്‍ വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഫാക്ടറികളിലും കടകളിലും എന്തിന് ഓണത്തിന് പുലികളിക്ക് വേഷം കെട്ടാന്‍ പോലും അന്യ നാട്ടുകാരെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലും. ഇത് തന്നെയാണ് ആഗോളതലത്തിലും എന്നു തോന്നുന്നു. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിന്റെ പുതിയ നീക്കത്തെപ്പറ്റി അറിയുമ്പോള്‍ നമുക്കിത് ഉറപ്പിക്കാം. 

ആമസോണ്‍ അമേരിക്കയില്‍ ഉപഭോക്താക്കള്‍ക്ക്‌ ഓര്‍ഡറുകളെത്തിക്കാന്‍ ആളി ല്ലാത്ത ചെറുവിമാനം (drone) പരീക്ഷിക്കുന്നു. ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ്  'പ്രൈം എയര്‍ ' ( Prime Air) എന്നു പേരിട്ടിരിക്കുന്ന പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ്  അറിയിച്ചു. പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. 'ഒക്ടോകോപ്റ്റര്‍ ' ( Octocopter ) എന്നാണ് ഡെലിവറി ഡ്രോണിനിട്ടിരിക്കുന്ന പേര്.  അരമണിക്കൂര്‍ കൊണ്ട് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളെത്തിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.


ആമസോണ്‍ പ്രൈം എയര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് കാണാം...


എന്നാല്‍ പ്രൈം എയര്‍ സര്‍വീസ്  പ്രവര്‍ത്തികമാകാന്‍ അഞ്ചു വര്‍ഷമെങ്കി ലുമെടുക്കും. തല്ക്കാലം ഇതിന് തടസ്സമായി ചില നിയമപ്രശ്‌നങ്ങളുമുണ്ട്. യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) ആളില്ലാവിമാനങ്ങള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇതുവരെ അനുവാദം നല്‍കിയിച്ചില്ല. പോലീസിന്റെയും ഗവണ്‍മെന്റ് ഏജന്‍സികളുടെയും ആവശ്യത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. 

Friday, 29 November 2013

ചന്ദ്രനില്‍ കൃഷി ചെയ്യാന്‍ നാസ റെഡി! (NASA to plant trees in Moon)

യുഎസ് ബഹിരകാശ ഏജന്‍സിയായ നാസ ചന്ദ്രനില്‍ ചെടികളും പച്ചക്കറികളും നടാന്‍ പദ്ധതിയിടുന്നു. മുള്ളങ്കി പോലുള്ള പച്ചക്കറികളുടെ വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനകം വിക്ഷേപിക്കുന്ന വാണിജ്യ പര്യവേക്ഷണ ബഹിരാകാശ വാഹനങ്ങളില്‍ ഇവയുടെ വിത്തുകള്‍ ചന്ദ്രോപരിതലത്തില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ സസ്യജാലങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമുണ്ടോയെന്ന് പരീക്ഷിക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലേതിന് സമാനമായ അന്തരീക്ഷത്തില്‍ ചെടികള്‍ വളര്‍ത്തുന്നതായി അടുത്തയിടെ ചൈന അവകാശപ്പെട്ടിരുന്നു. 


വായു നിറച്ച പ്രത്യേക പാത്രങ്ങളില്‍ ചന്ദ്രനിലേക്കയക്കുന്ന വിത്തുകള്‍ മുളയ്ക്കാനും 10 ദിവസംവരെ വളരാനുമുള്ള വെള്ളം പ്രത്യേക ഫില്‍ട്ടര്‍ പേപ്പറുകളില്‍ അടക്കം ചെയ്ത നിലയില്‍ ഇതിനൊപ്പമയയ്ക്കും. വളര്‍ച്ചയും മറ്റു വിവരങ്ങളും അപ്പപ്പോള്‍ നിരീക്ഷിച്ച്  ഭൂമിയിലെ നിരീക്ഷണകേന്ദ്രത്തിലറിയിക്കാന്‍ കാമറകളും സെന്‍സറുകളും കൂടെയുണ്ടാവും. സൂര്യപ്രകാശമുള്ള ചന്ദ്രനില്‍ ചെടികള്‍ വളര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രകാശസംശ്ലേഷണത്തിനുശേഷം അവ പുറന്തള്ളുന്ന ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്നും അതുവഴി മറ്റു ജീവജാലങ്ങള്‍ക്കും  അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നുമാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

ഐസണ്‍ (ISON) - ഈ നൂറ്റാണ്ടിന്റെ ആകാശവിസ്മയം!

അടുത്തകാലത്ത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നാണ് ഐസണ്‍ (ISON) എന്ന വാല്‍നക്ഷത്രം അഥവാ ധൂമകേതു. റഷ്യക്കാരനായ ആര്‍ട്യോം നോവിചനോക്, ബലാറസുകാരനായ വിതാലി  നെവ്‌സ്‌കി എന്നീ വാനനിരീക്ഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. റഷ്യയിലെ ഇന്റര്‍നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് എന്ന വാനനിരീക്ഷണകേന്ദ്രത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 


ഐസണ്‍ ഒരു സണ്‍ ഗ്രേസിംഗ്’ധൂമകേതുവാണ്. അതായത് സൂര്യന് നേരെ നീങ്ങുന്ന ഗണത്തില്‍പെട്ടത്. അതാണ് അതിന്റെ പ്രാധാന്യവും. സാധാരണഗതിയില്‍ സൂര്യന് സമീപമെത്തുമ്പോഴേയ്ക്കും വാല്‍നക്ഷത്രങ്ങള്‍ എരിഞ്ഞുതീരും. ഐസണ്‍ കുറെയൊക്കെ സൂര്യതാപത്തെ അതിജീവിച്ച് നിന്നേക്കും എന്നായിരുന്നു വാനനിരീക്ഷകരുടെ വിശ്വാസം. എന്നാല്‍ നവംബര്‍ 29ന് സൂര്യന് ഏതാണ്ട് 11.6 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തിയ ഘട്ടത്തില്‍ ഐസണ്‍ തകര്‍ന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറച്ച് ഭാഗങ്ങള്‍ അതിജീവിച്ചു നിന്നേക്കാന്‍ ഇടയുണ്ടെന്നും പറയപ്പെടുന്നു. 

ഐസണ്‍ സൂര്യന് സമീപമെത്തിയപ്പോള്‍...
ധൂമകേതുക്കളുടെ പ്രഭവകേന്ദ്രം നെപ്ട്യൂണിനടുത്തുള്ള കുയിപ്പര്‍ ബെല്‍ട്ട് (Kuiper Belt), സൗരയൂഥത്തിന്റെ പുറംവക്കിലെ ഉൗര്‍ട്ട്‌മേഘപടലം (Oort cloud) എന്നിവിടങ്ങളിലാണെന്ന് കരുതപ്പെടുന്നു. മഞ്ഞും, പൊടിയും, ഹൈഡ്രജന്‍ അടക്കമുള്ള ചില വാതകങ്ങളും ചേര്‍ന്ന ചെറു ആകാശഗോളങ്ങളാണ് ധൂമകേതുക്കള്‍.  
ധൂമകേതുവിന്റെ കേന്ദ്രം അല്ലെങ്കില്‍ ന്യൂക്ലിയസില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്, പൊടിപടലങ്ങള്‍, കാര്‍ബണ്‍ മോണോക്‌സയിഡ്, ജലകണങ്ങള്‍ തുടങ്ങിയവ കാണപ്പെടുന്നു. ഐസണിന്റെ ന്യൂക്ലിയസിന് ഏതാണ്ട് 2 കിലോമീറ്റര്‍ വ്യാസമുണ്ടെന്നാണ് കണക്കാക്കപ്പെട്ടത്. 
സൂര്യനോടടുക്കുമ്പോള്‍ സൗരവാതകങ്ങള്‍ കോമയെ പിറകോട്ട് തെറിപ്പിക്കുന്നതുമൂലമാണ് വാല്‍നക്ഷത്രങ്ങള്‍ക്ക് നാം കാണുന്ന നീണ്ട വാല്‍ ഉണ്ടാകുന്നത്.

Thursday, 28 November 2013

സച്ചിന്‍ യുണിസെഫ് ബ്രാന്‍ഡ് അംബാസഡര്‍ (Sachin UNICEF brand ambassador)



ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇനി പുതിയൊരു ഇന്നിംഗ്‌സിലേക്ക്. യുണിസെഫ് ശുചിത്വ മിഷന്റെ ബ്രാന്‍ഡ് അംബാസഡറായാണ് സച്ചിന്റെ പുതിയ രംഗപ്രവേശം. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപാള്‍ എന്നീ രാജ്യങ്ങളുള്‍പ്പെട്ട തെക്കേ ഏഷ്യന്‍ മേഖലയുടെ ശുചിത്വമിഷന്റെ മുഖമായാണ് സച്ചിനെ അവതരിപ്പിക്കുന്നത്.
രണ്ടു വര്‍ഷത്തേക്കാണ് പുതിയ കരാര്‍. ശുചിത്വം ആരോഗ്യപരിപാലനത്തില്‍ മുഖ്യമാണെന്നും ടോയ്‌ലറ്റ് ഉപയോഗത്തിനുശേഷം സോപ്പുകൊണ്ട് കൈകഴുകുന്നത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതുപോലെ പ്രധാനമാണെന്നും സച്ചിന്‍ പറഞ്ഞു. ആളുകളുടെയിടയില്‍ ശുചിത്വത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും സച്ചിന്‍ പറഞ്ഞു.
യുണിസെഫ് സൗത്ത് ഏഷ്യ റീജണല്‍ ഡയറക്ടര്‍ കരിന്‍ ഹള്‍ഷോഫ് (വലത്ത്)
സച്ചിന് യുണിസെഫ് അംബാസഡര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു.
ഇന്ത്യയുള്‍പ്പെടുന്ന തെക്കനേഷ്യന്‍ മേഖലയാണ് 5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കില്‍ മുന്നില്‍. 2011 ല്‍ ഇത് 2.3 ദശലക്ഷമായിരുന്നു. 70 ദശലക്ഷമാണ് ഈ മേഖലയിലെ അതേ പ്രായ ഗ്രൂപ്പിലുള്ള കുട്ടികളുടെ എണ്ണം. ക്രിക്കറ്റ് താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും സച്ചിന് ഈ മേഖലയിലാകമാനമുള്ള സ്വാധീനം ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് യുണിസെഫ് അധികാരികള്‍.
വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 1946 ഡിസംബര്‍ 11ന് യുഎന്‍ ജനറല്‍ അസംബ്ലി രൂപീകരിച്ച സംഘടനയാണ് UNICEF  അഥവാ The United Nations Children's Fund. മുന്‍പ് ഇത് United Nations International Children's Emergency Fund എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട്  ഇന്നത്തെ രൂപത്തിലേക്ക് മാറിയെങ്കിലും UNICEF എന്നത് അങ്ങനെതന്നെ നിലനിര്‍ത്തിയിരിക്കുന്നു. ആസ്ഥാനം ന്യൂയോര്‍ക്ക്. 1965ല്‍ സമാധാനത്തിനുള്ള നോബല്‍ പ്രൈസ് ഈ സംഘടനയ്ക്കായിരുന്നു. അമേരിക്കന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമൊക്കെയായ വില്ല്യം ആന്റണി കിര്‍സോപ് ലേക്ക് ആണ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍.
വില്ല്യം ആന്റണി കിര്‍സോപ് ലേക്ക്‌

Wednesday, 27 November 2013

പ്ലസ് ടു പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിള്‍ (2014 Plus Two Exam - Time table)

ഈ അധ്യയനവര്‍ഷത്തെ പ്ലസ്`വണ്‍, പ്ലസ്`ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നുമുതല്‍ 22 വരെ നടക്കും

പ്ലസ് ടു പരീക്ഷ ടൈം ടേബിള്‍

മാര്‍ച്ച് 3 പൊളിറ്റിക്കല്‍ സയന്‍സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്കൃത ശാസ്ത്ര.
മാര്‍ച്ച് 4 ബയോളജി
മാര്‍ച്ച് 5 ഇക്കണോമിക്സ് 
മാര്‍ച്ച് 6 കെമിസ്ട്രി, ജേര്‍ണലിസം, 
മാര്‍ച്ച്10 സൈക്കോളജി, ഹോം സയന്‍സ്, അക്കൗണ്ടന്‍സി, ജിയോഗ്രഫി,ഫിലോസഫി,ആന്ത്രോപ്പോളജി
മാര്‍ച്ച്11 പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. 
മാര്‍ച്ച്13 കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍. 
മാര്‍ച്ച്15 മാത്തമാറ്റിക്സ്, സോഷ്യോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
മാര്‍ച്ച്17 ഫിസിക്സ്, പാര്‍ട്ട്-3 ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്. 
മാര്‍ച്ച്18 ബിസിനസ് സ്റ്റഡീസ് 
മാര്‍ച്ച്19 ജിയോളജി, സംസ്കൃത സാഹിത്യം, ഇലക്ട്രോണിക് സര്‍വീസ് ടെക്നോളജി. 
മാര്‍ച്ച്20 പാര്‍ട്ട് 1 ഇംഗ്ലീഷ്. 
മാര്‍ച്ച്22 സ്റ്റാറ്റിസ്റ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്.

പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിള്‍

മാര്‍ച്ച് 3പൊളിറ്റിക്കല്‍ സയന്‍സ്
മാര്‍ച്ച് 4കെമിസ്ട്രി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്കൃതം ശാസ്ത്ര
മാര്‍ച്ച് 5അക്കൗണ്ടന്‍സ്, ജിയോഗ്രാഫി, ഫിലോസഫി, അന്ത്രോപ്പോളജി
മാര്‍ച്ച് 6ഫിസിക്സ്, പാര്‍ട്ട്-3 ലാംഗ്വേജസ്, സോഷ്യല്‍വര്‍ക്ക്, മ്യൂസിക്
മാര്‍ച്ച്10മാത്തമാറ്റിക്സ്, സോഷ്യോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
മാര്‍ച്ച്12കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍
മാര്‍ച്ച്13പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
മാര്‍ച്ച്15ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഹോംസയന്‍സ്
മാര്‍ച്ച്17ഇക്കണോമിക്സ്
മാര്‍ച്ച്18ബയോളജി, ജേര്‍ണലിസം
മാര്‍ച്ച്19സ്റ്റാറ്റിസ്റ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്
മാര്‍ച്ച്20ജിയോളജി, സംസ്കൃതം സാഹിത്യ, ഇലക്ട്രോണിക് സര്‍വീസ് ടെക്നോളജി
മാര്‍ച്ച്22പാര്‍ട്ട് 1 ഇംഗ്ലീഷ്. 

രണ്ടാംവര്‍ഷ പരീക്ഷ, രണ്ട് സ്കീമുകളിലായാണ് നടത്തുക. 2008-2009 അധ്യയനവര്‍ഷം മുതല്‍ ഒന്നാംവര്‍ഷ പ്രവേശനം ലഭിച്ചവര്‍ സ്കീം-1ലും 2005-2006 അധ്യയനവര്‍ഷം മുതല്‍ ഒന്നാംവര്‍ഷ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ സ്കീം-2ലും പരീക്ഷ എഴുതണം. 
രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30നാണ്. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ച്. രണ്ടാംവര്‍ഷ റഗുലര്‍ വിദ്യാര്‍ഥികളുടെ പരീക്ഷാഫീസ് 200 രൂപ. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസുകള്‍പ്പെടെ സര്‍ട്ടിഫിക്കറ്റ് ഫീസിനത്തില്‍ 70 രൂപയും അടയ്ക്കണം. കംപാര്‍ട്മെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുവിഷയത്തിന് ഒടുക്കേണ്ട ഫീസ് 50 രൂപയാണ്. ഇവരും സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപ അടയ്ക്കണം. 2013 മാര്‍ച്ചില്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് അടച്ചിട്ടില്ലാത്ത കപാര്‍ട്മെന്റല്‍ വിദ്യാര്‍ഥികള്‍ മൈഗ്രേഷന്‍ ഫീസായ 30 രൂപ കൂടി സര്‍ട്ടിഫിക്കറ്റ് ഫീസിനോടൊപ്പം അടയ്ക്കണം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷാഫീസ് 200 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപയുമാണ്. അപേക്ഷാഫോമുകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ലഭ്യമാണ്.
ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കനുവദിച്ച പരീക്ഷാകേന്ദ്രങ്ങളിലും കംപാര്‍ട്മെന്റ് വിദ്യാര്‍ഥികള്‍ അവര്‍ മുന്‍പ് പരീക്ഷയെഴുതിയ പരീക്ഷാകേന്ദ്രങ്ങളിലും അപേക്ഷ നല്‍കണം. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വെബസൈറ്റ് സന്ദര്‍ശിക്കുക

Tuesday, 26 November 2013

വരുന്നൂ... വോളോകോപ്റ്റര്‍ (Volocopter)

ജര്‍മ്മനിയില്‍നിന്നൊരു പരിസ്ഥിതി സൗഹൃദവാര്‍ത്ത. ഇലക്ട്രിക് പവര്‍ കൊണ്ട് പറക്കുന്ന കൊച്ചു ഹെലികോപ്റ്റര്‍ - വോളോകോപ്റ്റര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു.


Volocopter-VC200 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ ടെസ്റ്റ് ഫൈ്‌ളറ്റുകളാണ് അടുത്തയിടെ നടന്നത്. ഇ വോളോ എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ അമരക്കാരന്‍ അലക്‌സാണ്ടര്‍ സോസല്‍ ആണ്. 450 കിലോ വരെ ഭാരം വഹിച്ച് ഒരു മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍  കഴിയുന്ന രീതിയിലാണ് ഇത് വികസിപ്പിക്കുന്നത്. 100 km/h (54 kn)  ആണ് ലക്ഷ്യമിടുന്ന പരമാവധി വേഗം. 2 സീറ്റുകള്‍ നല്‍കിയിരിക്കുന്ന ഇതിന്  6500 അടി ഉയരത്തില്‍ വരെ പറക്കുവാന്‍ കഴിയുമത്രേ! 


എന്നാല്‍ ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന മോഡലിന് ഈ പറയുന്ന കഴിവുകളെല്ലാം സ്വായത്തമായിട്ടില്ല കേട്ടോ. താമസിയാതെ തന്നെ അത് സാധ്യമാക്കുമെന്നാണ് അറിയുന്നത്. അതോടെ പൈലറ്റ് ലൈസന്‍സുള്ള ആര്‍ക്കും ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രയ്‌ക്കൊക്കെ ഇത് ഉപയോഗപ്പെടുത്താന്‍ കഴിയും. 


18 ഇലക്ട്രിക്ക് റോട്ടോറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ബാറ്ററി ബ്ലോക്കുകള്‍ റോട്ടോറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നു. ഇതുകൊണ്ട് തന്നെ പരിസ്ഥിതി മലിനീകരണം തീരെയില്ല.   

വോളോകോപ്റ്ററിന്റെ ശില്പികള്‍: അലക്‌സാണ്ടര്‍ സോസല്‍ - സിഇഒ(പിന്നില്‍), 
തോമസ് സെന്‍കല്‍ (ഇടത്ത്), സ്‌റ്റെഫാന്‍ വോള്‍ഫ് - സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് തലവന്‍(വലത്ത്)
സുരക്ഷിതത്വവും ഈ വാഹനത്തില്‍ കൂടുതലുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാരണം ഈ വാഹനത്തില്‍ പൈലറ്റിന്റെ ചുമതല ദിശാനിയന്ത്രണം മാത്രമാണ്.  വാഹനത്തിന്റെ ബാക്കി നിയന്ത്രണമെല്ലാം ഇതില്‍ ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളാണ് ചെയ്യുന്നത്.

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റ്

കായിക കേരളം പുത്തന്‍ താരോദയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിന്  എറണാകുളത്ത്  കൊടിയിറങ്ങി. എറണാകുളം ജില്ലയും പാലക്കാട് ജില്ലയും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി.
സ്‌കൂളുകളില്‍ കോതമംഗലം സെന്റ് ജോര്‍ജ് ആണ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനം ഇവര്‍ നിലനിര്‍ത്തുകയായിരുന്നു. 79 മത്സരയിനങ്ങളില്‍ തീര്‍പ്പായപ്പോള്‍ 85 പോയിന്റുമായാണ് അവര്‍ കിരീടം ഉറപ്പിച്ചത്. തൊട്ടടുത്തുള്ള പാലക്കാട് പറളി സ്‌കൂളിന് 56 പോയിന്റ് മാത്രമാണുള്ളത്. 55 പോയിന്റുള്ള കോതമംഗലം മാര്‍ ബേസിലാണ് മൂന്നാം സ്ഥാനത്ത്. പാലക്കാട് കുമരംപുത്തൂര്‍(47) പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ (34) കോട്ടയം മാതിരപ്പള്ളി സ്‌കൂള്‍ (23), കോഴിക്കോട് പൂവമ്പായി സ്‌കൂള്‍ (21), സെന്റ് ജോസഫ്‌സ് പുല്ലൂരാംപാറ (19), സെന്റ് ജോണ്‍സ് നെല്ലിപ്പൊയില്‍ (18), മലപ്പുറം വണ്ണപുരം സ്‌കൂള്‍ (18) എന്നിവരാണ് പിറകില്‍ .
3000, 5000, 1500 മീറ്ററുകളിലും ക്രോസ് കണ്‍ട്രിയിലും സ്വര്‍ണ്ണം നേടിക്കൊണ്ട് രാജ്യാന്തരതാരം പാലക്കാട് മുണ്ടൂര്‍ എച്ച് എസ് എസിലെ പി. യു. ചിത്ര താരത്തിളക്കമായി. 5000, 1500 മീറ്ററുകളില്‍ ദേശീയ റെക്കോഡ് തകര്‍ത്തുകൊണ്ട് കോഴിക്കോട് ജില്ലയിലെ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച് എസിലെ കെ. ആര്‍. ആതിരയും വിസ്മയം സൃഷ്ടിച്ചു.

പി. യു. ചിത്രയും കെ. ആര്‍. ആതിരയും
195 പോയിന്റോടെ എറണാകുളമാണ്‌ മുന്നില്‍ . രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 179 പോയിന്റാണുള്ളത്. 91 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം (50), കോട്ടയം (46), മലപ്പുറം (42), ഇടുക്കി (30), ആലപ്പുഴ (26), തൃശൂര്‍ (25), വയനാട് (25), പത്തനംതിട്ട (20), കണ്ണൂര്‍ (10), കൊല്ലം (5), കാസര്‍ക്കോട് (3) എന്നീ ജില്ലകള്‍ തൊട്ടു പിറകിലായും എത്തി.

Monday, 25 November 2013

സൗരയൂഥത്തിനു വെളിയില്‍ ഒരിന്ത്യന്‍ ശബ്ദം (Voyager Golden Record)

സൗരയൂഥമെന്നാല്‍ സൂര്യനും അതിനെ ചുറ്റുന്ന നമ്മുടെ ഭൂമിയടക്കമുള്ള ഗ്രഹങ്ങളുമടങ്ങുന്ന ഒരു സിസ്റ്റമാണെന്ന് നമുക്കറിയാം. ഈ സൗരയൂഥമാകട്ടെ മില്‍ക്കിവേ (ആകാശഗംഗ) എന്ന ഗാലക്‌സിയുടെ ഒരു ചെറിയ അംശം മാത്രം! ഈ ആകാശഗംഗയ്ക്കപ്പുറം കോടിക്കണക്കിന് ഇത്തരം ഗാലക്‌സികള്‍... അതിലോരോന്നിലും എത്രയോ സൗരയൂഥങ്ങള്‍... അമ്പോ... ഈ പ്രപഞ്ചമെന്നു പറയുന്നത് നമ്മുടെ ഭാവനയ്ക്കും എത്രയോ അപ്പുറത്താണ്!


അടുത്തയിടെ നാം ഒരു വാര്‍ത്ത കേട്ടു. മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തു ആദ്യമായി സൗരയൂഥത്തിന്റെ അതിരുകള്‍ ഭേദിച്ച് കടന്നിരിക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച് സൗരയൂഥം എന്നത് ചെറിയ ദൂരം മാത്രമാണെങ്കിലും മനുഷ്യനെ സംബന്ധിച്ച് അത് ഒരു ബ്രഹ്മാണ്ഡ ദൂരമാണ്. 1977ല്‍ അമേരിക്ക വിക്ഷേപിച്ച വോയേജര്‍ 1 എന്ന ബഹിരാകാശപേടകമാണ് ഇപ്പോള്‍ സൗരയൂഥദൂരം പിന്നിട്ടിരിക്കുന്നത്. മണിക്കൂറില്‍ ഏതാണ്ട് 60,000 കിലോമീറ്റര്‍ എന്ന വേഗതയില്‍ സഞ്ചരിച്ചിട്ടാണ് ഇപ്പോള്‍ അത്രയുമെത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്‍ 12നാണ് ഇതു സംബന്ധിച്ച് നാസയുടെ  പ്രഖ്യാപനം വന്നത്. സൗരയൂഥത്തിനപ്പുറമുള്ള ഏതെങ്കിലും ഒരു ഗ്രഹസഞ്ചയത്തില്‍ മനുഷ്യരേപ്പോലെ സാങ്കേതിക വളര്‍ച്ച പ്രാപിച്ച ഏതെങ്കിലും ഒരു വംശം വാസമുറപ്പിച്ചുണ്ടാവും എന്നത് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലിലുണ്ട്. അങ്ങനെയാരെങ്കിലും ഈ വോയേജര്‍ കാണാനിടയാവുകയും അത് പിടിച്ചെടുക്കുകയും ചെയ്താലോ...? എങ്കില്‍ അവര്‍ക്കായി ഈ കൊച്ചു ഭൂമിയുടേതായി ചിലതൊക്കെ വോയേജറില്‍ കരുതിയിട്ടുണ്ട്. അക്കൂട്ടത്തിലൊരു ഇന്ത്യന്‍ ശബ്ദവുമുണ്ട്...!

വോയേജര്‍ 1 (ഇടത്ത്) വോയേജര്‍ 2
അധികമാര്‍ക്കും അറിയാത്ത ആ കഥ ... 
വോയേജര്‍ പദ്ധതിപ്രകാരം പേടകം നിര്‍മ്മാണം നടക്കുന്ന കാലം. വോയേജറില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടുണ്ടാക്കാന്‍ പ്രശസ്ത വാനശസ്ത്രജ്ഞനും കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന കാള്‍ സാഗന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. സാഗനും കൂട്ടരും 116 ചിത്രങ്ങളും കുറച്ച് ശബ്ദങ്ങളും ശേഖരിച്ചു. കാറ്റിന്റെയും ഇടിമിന്നലിന്റെയുമൊക്കെ ശബ്ദങ്ങളും പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങളും മറ്റും ഇക്കൂട്ടത്തില്‍ ശേഖരിച്ചു. കൂടാതെ 55 ലോകഭാഷകളിലുള്ള ആശംസകളും ഉള്‍പ്പെടുത്തി. അന്നത്തെ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെയും യുഎന്‍ സെക്രട്ടറി ജനറല്‍ കുര്‍ട് വാള്‍ഡെയിമിന്റെയും ആശംസകള്‍ പ്രിന്റ് ചെയ്ത രൂപത്തിലുമുള്‍പ്പെടുത്തി. പുറമേ, ലോകത്തിന്റെ വിവധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന തിരഞ്ഞെടുത്ത കുറച്ചു 
സംഗീതശകലങ്ങളുമുണ്ടായിരുന്നു. 

കാള്‍ സാഗന്‍
കേര്‍ക്കറിന്റെയും മറ്റും ഗാനങ്ങളും മറ്റ് ശബ്ദങ്ങളും ഉള്‍പ്പെടുത്തി
വോയേജറില്‍ അയച്ച ഡിസ്‌കും അതിന്റെ കവറും.

ടഗോറിന്റെ പ്രിയ ഗായിക
വോയേജറില്‍ ഉള്‍പ്പെടുത്തേണ്ട സംഗീതശകലങ്ങള്‍ തിരഞ്ഞെടുത്തത് ലോകത്തിന്റെ വിവധ ഭാഗങ്ങളിലെ പ്രശസ്തരായ സംഗീതജ്ഞരുടെ ആലാപനങ്ങളില്‍ നിന്നായിരുന്നു. ബിഥോവന്‍, ഗുവാന്‍ പിംഗു, മൊസാര്‍ട്ട്, സ്ട്രാവിന്‍സ്‌കി, ബ്ലൈന്‍ഡ് വില്ലി ജോണ്‍സന്‍, ചക് ബെറി എന്നീ സംഗീത മാന്ത്രികരുടെ ശബ്ദം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. കൂടെ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയായി ഒരു ഗായികയുടെ ശബ്ദവും. അതാരാണെന്നല്ലേ...? നിങ്ങളാരും ഒരുപക്ഷേ കേട്ടിരിക്കാനിടയില്ല... കേസര്‍ബായ് കേര്‍ക്കര്‍ എന്ന ഗായിക ആലപിച്ച 'ജാത് കഹാ ഹോ...' എന്നു തുടങ്ങുന്ന ഒരു ഹിന്ദുസ്ഥാനി കീര്‍ത്തനമായിരുന്നു അത്! ഭൈരവി രാഗത്തിലുള്ള സുന്ദരമായ ആലാപനം. നോബല്‍ ജേതാവായ ഭാരതത്തിന്റെ സ്വന്തം കവി  രവീന്ദ്രനാഥ ടാഗോറിന് ഏറ്റവും പ്രിയപ്പെട്ട സ്വരമായിരുന്നു കേര്‍ക്കറിന്റേത്. സംഗീതത്തിലെ പ്രതിഭയും സ്വരമാധുര്യവും ഇവര്‍ക്ക് 'സുരശ്രീ' ബഹുമതി നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍ എന്നാണറിയപ്പെട്ടിരുന്നത്. 

സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍
അമേരിക്കക്കാരനായ റോബര്‍ട്ട് ഇ. ബ്രൗണ്‍ എന്ന സംഗീതഗവേഷകനാണ് ഈ ഗാനം വോയേജറില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും മികച്ച ഒരു ഗാനമായിരുന്നു അത്. 

റോബര്‍ട്ട് ഇ. ബ്രൗണ്‍
ഗോവയില്‍ പിറന്ന് സംഗീതലോകം കീഴടക്കി
1892 ജൂലൈ 13ന് ഗോവയിലെ കേരി എന്ന ഗ്രാമത്തിലാണ് കേസര്‍ബായ് ജനിച്ചത്. ഗോവ അന്ന് ഒരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു. എട്ടാം വയസ്സില്‍ സംഗീതപഠനാര്‍ത്ഥം കോലാപൂരിലെത്തി. അവിടെ അബ്ദുര്‍ കരീം ഖാന്റെ ശിക്ഷണത്തില്‍ പഠിച്ചു. തിരിച്ച് ഗോവയിലെത്തി സംഗീതജ്ഞന്‍ രാമകൃഷ്ണബുവ വാസെയുടെ കീഴില്‍ സംഗീതപഠനം തുടര്‍ന്നു. പതിനാറാം വയസ്സില്‍ മുംബായിലെത്തി പല സംഗീതജ്ഞരുടെയും ശിക്ഷണത്തില്‍ പഠനം തുടര്‍ന്നു. ഒടുവില്‍, ഹിന്ദുസ്ഥാനി സംഗീതത്തില്‍ ജയ്പൂര്‍ അത്രൗളി ഖരാന എന്ന ശാഖയുടെ ഉപജ്ഞാതാവായ ഉസ്താദ് അല്ലാദിയ ഖാന്റെ അടുത്തെത്തി. അതോടെ കേര്‍ക്കര്‍ ആ ശൈലിയില്‍ പ്രാവീണ്യം നേടി അതിന്റെ പേരില്‍ അറിയപ്പെട്ടുതുടങ്ങി. 
1969ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്മ ഭൂഷന്‍ ബഹുമതി നല്‍കി. 

കേസര്‍ബായ് കേര്‍ക്കര്‍ കച്ചേരി അവതരിപ്പിക്കുന്നു.
1977 ആഗസ്റ്റ് 20ന് വോയേജര്‍ 2 എന്ന പേടകവും 1977 സെപ്റ്റംബര്‍ 5ന് വോയേജര്‍ 1ഉം വിക്ഷേപിക്കപ്പെട്ടു. ആദ്യം വിക്ഷേപിക്കപ്പെട്ടത് വോയേജര്‍ 2 ആയിരുന്നെങ്കിലും വോയേജര്‍ 1 അതിനെ മറികടന്ന് മുന്നിലെത്തുകയായിരുന്നു. ഏറ്റവും യാദൃശ്ചികമായ കാര്യം, തന്റെ ശബ്ദവുമായി വോയേജര്‍ 1 യാത്ര പുറപ്പെട്ട് കൃത്യം പത്ത് ദിവസം കഴിഞ്ഞ ദിവസം... അതായത് 1977 സെപ്റ്റംബര്‍ 16ന് കേസര്‍ബായ് കേര്‍ക്കര്‍ ഈ ലോകത്തുനിന്നും യാത്രയായി എന്നതാണ്!

കേസര്‍ബായ് കേര്‍ക്കിന്റെ 'ജാത് കഹാ ഹോ...' 
എന്ന ഗാനം കേള്‍ക്കാം...


Friday, 22 November 2013

മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് ചാംപ്യന്‍ (Carlsen World Chess Champion)

ലോക ചെസ് കിരീടം ഇനി പുതിയ തലയില്‍. ലോക നമ്പര്‍ വണ്‍ സ്ഥാനത്തുള്ള നോര്‍വെക്കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാഗ്‌നസ് കാള്‍സനാണ് ഇനി ചെസിലെ രാജാവ്. ചെന്നൈയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വന്തം വിശ്വനാഥന്‍ ആനന്ദിനെ തോല്പിച്ചാണ് കാള്‍സന്‍ ജേതാവായത്. 


2000 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 5 വട്ടം ലോകകിരീടം ശിരസ്സിലണിഞ്ഞ ആനന്ദിന് പക്ഷേ ഇത്തവണ തന്റെ പകുതി മാത്രം പ്രായമുള്ള കാള്‍സന് മുന്നില്‍ അടിതെറ്റി. ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി കൈവരിക്കുമ്പോള്‍ വെറും 13 വയസ്സ് മാത്രമായിരുന്നു കാള്‍സന്. 2012 ജനുവരി 1ന് ലോക നമ്പര്‍ വണ്‍ റാങ്കിലെത്തുമ്പോള്‍ ഈ അസാമാന്യ പ്രതിഭയ്ക്ക് പ്രായം 19 വര്‍ഷവും 32 ദിവസവും മാത്രം! ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ചെസ് താരവുമായി അന്ന് കാള്‍സന്‍. ചെസ് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റിംഗ് പോയിന്റായ 2872 നേടിയതും ഇദ്ദേഹം തന്നെ. ഓപ്പണിംഗിലെ വൈവിധ്യമാണ് കാള്‍സനെ അപകടകാരിയാക്കുന്ന ഒരു ഘടകം. എന്‍ഡ് ഗെയിമിലെ അസാമാന്യ യുദ്ധതന്ത്രങ്ങളും കൂടിയാകുമ്പോള്‍ കാള്‍സന്‍ അജയ്യനാകുന്നു.
ആനന്ദും കാള്‍സനും മത്സരത്തിനിടെ
1990 നവംബര്‍ 30ന് എന്‍ജിനീയര്‍ ദമ്പതികളുടെ മകനായി നോര്‍വേയിലെ ടോണ്‍സ്‌ബെര്‍ഗിലാണ് കാള്‍സന്‍ ജനിച്ചത്. വെറും രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ പത്ത്-പതിനാല് വയസ്സുകാര്‍ക്കുള്ള പസിലുകളൊക്കെ കൊച്ചു കാള്‍സന്‍ നിഷ്പ്രയാസം ചെയ്യുന്നത് കണ്ട പിതാവ് തന്നെയാണ് ചെസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. പിന്നീട് പ്രായത്തില്‍ കവിഞ്ഞ കളിവിരുതുമായി കാള്‍സന്‍ ചതുരംഗക്കളത്തില്‍  തരംഗം സൃഷ്ടിക്കുന്നതാണ് ലോകം കണ്ടത്.

മംഗള്‍യാനില്‍ (Mangalyaan) നിന്നുളള ആദ്യ ചിത്രം പുറത്തുവന്നു

ന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാനില്‍ നിന്നുളള ആദ്യ ചിത്രം പുറത്തുവന്നു. ഐഎസ്ആര്‍ഒയാണ് മംഗള്‍യാനില്‍ നിന്നുളള ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആന്ധ്ര തീരദേശത്തേക്ക് അടുക്കുന്ന ഹെലന്‍ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളാണ് മംഗള്‍യാന്‍ ആദ്യമായി പുറത്ത് വിട്ടത്.


 ഭൂമിയില്‍ നിന്നും 75,000 അടി ഉയരത്തില്‍ നിന്നെടുത്ത ചിത്രമാണിത്. ഇന്ത്യന്‍ ഉപഭൂഗണ്ഡവും ആഫ്രിക്കയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഒരു സെറ്റ് ചിത്രങ്ങളാണ് മംഗള്‍യാനില്‍ നിന്നും ഐഎസ്ആര്‍ഒക്ക് ലഭിച്ചത്. ഇതില്‍ ഒരു ചിത്രം മാത്രമാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.

ഒമാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും...!

ഒമാന്‍ ഭരണാധികാരിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇനി മുതല്‍ മലയാളത്തിലും വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.

സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയിദ്‌
ഒമാന്റെ ദേശീയ ദിനാഘോഷവും സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയിദിന്റെ ഭരണത്തിന്റെ 43-ാം വാര്‍ഷികാഘോഷവും നടന്ന വേളയിലാണ് ഈ പ്രഖ്യാപനം വന്നത്. മലയാളത്തിന് പുറമേ ഇന്ത്യന്‍ ഭാഷയായ ഉറുദുവും വെബ് സൈറ്റിലുള്‍പ്പെടുത്തും. കൂടാതെ തായ്, ഇന്തോനേഷ്യന്‍ ഭാഷകളും ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, കൊറിയന്‍, ഫ്രഞ്ച്, പേര്‍ഷ്യന്‍, പോര്‍ച്ചുഗീസ് ഭാഷകള്‍ നേരത്തേതന്നെ ഈ വെബ്‌സൈറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Wednesday, 20 November 2013

അമ്പതുവര്‍ഷം...തുമ്പ മുതല്‍ ചൊവ്വ വരെ! (50 Years of Indian Space Research)

നമ്മുടെ രാജ്യത്തിന്റെ യശസ്സ് വിശ്വസീമകള്‍ക്കപ്പുറത്തെത്തിച്ച ബഹിരാകാശക്കുതിപ്പുകള്‍ക്ക് തുടക്കം കുറിച്ചിട്ട് അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ആദ്യത്തെ റോക്കറ്റ് തുമ്പയില്‍നിന്ന് കുതിച്ചുയര്‍ന്നത് 1963 നവംബര്‍ 21ന്.

സ്പുട്‌നിക് 1
1957 ഒക്‌ടോബര്‍ 4നാണ് മനുഷ്യന്‍ ആദ്യമായി ഒരു കൃത്രിമ ഉപഗ്രഹം അതുവരെ തികച്ചും അജ്ഞാതമായിരുന്ന ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പറഞ്ഞുവിടുന്നത്. റഷ്യ വിക്ഷേപിച്ച സ്പുട്‌നിക് 1 ആയിരുന്നു അത്. ഇതോടെ ബഹിരാകാശയുഗം ആരംഭിച്ചു എന്നു പറയാം. ദീര്‍ഘദൃഷ്ടിയായിരുന്ന നമ്മുടെ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഈ രംഗത്ത് രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടതിന്റെ പ്രധാന്യം തിരിച്ചറിഞ്ഞു. അദ്ദേഹം ഡോ. ഹോമി ജഹാംഗീര്‍ ഭാഭയെ ദൗത്യത്തിന്റെ ചുമതലക്കാരനാക്കി. ഭാഭയുടെ നേതൃത്വത്തില്‍ ഡോ. വിക്രം സാരാഭായ് നമ്മുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ചുക്കാന്‍ പിടിച്ചു.


ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ റോക്കറ്റ് വിക്ഷേപണത്തിന് പറ്റിയ സ്ഥലം അന്വേഷിക്കുകയും ഭൂമിയുടെ കാന്തിക ഭൂമധ്യരേഖയ്ക്കടുത്തുള്ള സ്ഥലം എന്ന നിലയില്‍ തിരുവനന്തപുരം പള്ളിത്തുറയ്ക്കടുത്തുള്ള തുമ്പ തിരഞ്ഞെടുക്കുകയും ചെയ്തു. ലത്തീന്‍ കത്തോലിക്ക രൂപതയുടെ കീഴിലുള്ള പള്ളിയാണ് ഏറ്റെടുത്ത് റോക്കറ്റ് വിക്ഷേപണകേന്ദ്രമാക്കി മാറ്റിയത്. മത്സ്യബന്ധനത്തൊഴിലാളികളും സാധാരണക്കാരുമായ വിശ്വാസികളും നാട്ടുകാരും രൂപത അധികാരികളും അകമഴിഞ്ഞു നല്‍കിയ പ്രോത്സാഹനം അങ്ങനെ രാജ്യത്തിന്റെ വലിയ കുതിപ്പില്‍ നിര്‍ണ്ണായകമായി.

രോഹിണി റോക്കറ്റ്‌
1963 നവംബര്‍ 21ന് വൈകിട്ട് 6.25നായിരുന്നു ആദ്യ വിക്ഷേപണം. അമേരിക്കന്‍ നിര്‍മ്മിതമായ ചെറിയ റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗപ്പെടുത്തിയത്. രാജ്യം സ്വന്തമായി നിര്‍മ്മിച്ച ആദ്യ സൗണ്ടിംഗ് റോക്കറ്റ് തുമ്പയില്‍നിന്ന് വിക്ഷേപിക്കപ്പെടുന്നത് 1967ലാണ്. രോഹിണി എന്നു പേരിട്ട ആ റോക്കറ്റിന് ഒരു മീറ്റര്‍ മാത്രമായിരുന്നു ഉയരം!
അവിടെനിന്നും ഉയര്‍ന്ന് ഇപ്പോള്‍ ചന്ദ്രോപരിതലത്തില്‍ രാജ്യത്തിന്റെ പതാകയെത്തിക്കാന്‍ നമുക്കു കഴിഞ്ഞു. ഇപ്പോഴിതാ ചൊവ്വാ ഗ്രഹത്തിലേക്കും നാം സ്വന്തം പേടകം അയച്ചു കഴിഞ്ഞിരിക്കുന്നു. അതും 300ലേറെ ടണ്‍ ഭാരവും 40ലേറെ മീറ്റര്‍ ഉയരവുമുള്ള പിഎസ്എല്‍വി എന്ന നമ്മുടെ സ്വന്തം റോക്കറ്റിലും!

ചന്ദ്രയാനും മംഗള്‍യാനും
ലോകത്ത് മൂന്നോ നാലോ രാജ്യങ്ങള്‍ക്കു മാത്രം സാധിച്ചിട്ടുള്ളതാണ് ഈ നേട്ടങ്ങള്‍ എന്നറിയുമ്പോള്‍ നാം അമ്പത് വര്‍ഷങ്ങള്‍കൊണ്ട് എത്രമാത്രം മുന്നിലെത്തിയിരിക്കുന്നു എന്നത് അഭിമാനമേകുന്നു.
ഡോ. വിക്രം സാരാഭായ് ഡോ. അബ്ദുള്‍ കലാം എന്നിവര്‍ ഐഎസ്ആര്‍ഒയില്‍.
ഇടത് പിന്നില്‍ നില്‍ക്കുന്നത് ഡോ. മാധവന്‍ നായര്‍.
സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം അര്‍പ്പണ ബോധവും രാജ്യസ്‌നേഹവുമുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ നിതാന്ത പരിശ്രമങ്ങളാണ് ഈ വിജയങ്ങള്‍ക്കു പിന്നിലെന്ന് പുതു തലമുറയ്ക്ക് സ്മരിക്കാന്‍ ഇതാണവസരം. ഹോമി ഭാഭയ്ക്കും വിക്രം സാരാഭായിക്കും പിന്നാലെ ഡോ. അബ്ദുള്‍ കലാമും ഡോ. മാധവന്‍ നായരും ഇപ്പോള്‍ ഡോ. രാധാകൃഷ്ണനുമെല്ലാം ഈ കുതിപ്പുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും ബഹിരാകാശ ഗവേഷണത്തിലും ഒക്കെ തല്പരരായ ഒരു പുതു തലമുറ ഈ നേട്ടങ്ങളുടെ പിന്തുടര്‍ച്ചയ്ക്ക് ആവശ്യമാണ് എന്ന കാര്യവും വിസ്മരിക്കരുത്.

Top News

Labour India