BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday, 19 November 2013

സിബിഎസ്ഇ (CBSE) കുട്ടികള്‍ ശ്രദ്ധിക്കൂ...

സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഈ വാര്‍ത്ത. 2014 മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന പരീക്ഷയില്‍ ഓപ്പണ്‍ ടെക്്‌സ്റ്റ് ബേസ്ഡ് അസസ്‌മെന്റ് (OTBA) വരുന്നു എന്നതാണ് വാര്‍ത്ത. ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സമ്മേറ്റീവ് അസസ്‌മെന്റ് II ന്റെ ഭാഗമായി ഈ പുതിയ പരീക്ഷ.


 ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്‌സ് എന്നീ വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ വരിക. ഓരോ വിഷയത്തിലും 5 മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങള്‍. അങ്ങനെ ആകെ 10 മാര്‍ക്ക്. ഇതിനുള്ള ഓപ്പണ്‍ ടെക്‌സ്റ്റ് മെറ്റീരിയല്‍ സിബിഎസ്ഇ വെബ് സൈറ്റിലുണ്ട്. ഓരോ വിഷയത്തിലും ഈരണ്ട് തീം വച്ചാണ് നല്‍കിയിരിക്കുന്നത്. ഒപ്പം മാതൃകാ ചോദ്യങ്ങളുമുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരീക്ഷയിലെ ചോദ്യങ്ങള്‍.
ചോദ്യങ്ങളെല്ലാം ചിന്തിച്ച് സ്വയം കണ്ടെത്തേണ്ട ഉയര്‍ന്ന നിലയിലുള്ളവയായിരിക്കും.

Monday, 18 November 2013

ഡോറിസ് ലെസിങ് (Doris Lessing) അന്തരിച്ചു

യുദ്ധാനന്തര ബ്രിട്ടീഷ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖയായ എഴുത്തുകാരിയും  നോബല്‍ പുരസ്‌ക്കാര വിജയിയുമായിരുന്ന ഡോറിസ് ലെസിങ് അന്തരിച്ചു. 94 വയസ്സായിരുന്നു.


കവിത, ചെറുകഥ, നാടകം, നോവല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നാല്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കൊളോണിയല്‍ വാഴ്ചക്കാലത്തെ ആഫ്രിക്കന്‍ ജീവിതം, ഫെമിനിസം, രാഷ്ട്രീയം ഒക്കെ ആ തൂലികയ്ക്ക് വിഷയമായി. 1950ല്‍ പ്രസിദ്ധീകൃതമായ 'ദ ഗ്രാസ് ഈസ് സിംഗിംഗ്' ആണ് ആദ്യ നോവല്‍. 1962 ല്‍ രചിച്ച 'ദ ഗോള്‍ഡന്‍ നോട്ബുക്ക്' ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. 2007ല്‍ നോബല്‍ പുരസ്‌ക്കാരം ലഭിച്ചു.
1919 ഒക്‌ടോബര്‍ 22ന് ഇറാനിലെ കെര്‍മന്‍ഷ എന്ന സ്ഥലത്താണ് ഡോറിസ് ജനിച്ചത്. ബ്രിട്ടീഷുകാരനായ പിതാവ്‌  ക്യാപ്റ്റന്‍ ആല്‍ഫ്രഡ് കുക്ക് ടെയ്‌ലര്‍, അവിടെ ജോലി ചെയ്യുകയായിരുന്നു. ഡോറിസിന് മൂന്നു വയസ്സുള്ളപ്പോള്‍ ഇവരുടെ കുടുംബം സിംബാബ്‌വേയിലെ റോഡേഷ്യയിലേക്ക് പോയി. നഴ്‌സായിരുന്ന അമ്മയാണ് കൊച്ചു ഡോറിസിന് വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ നല്‍കിയിരുന്നത്. 1950 കാലത്തോടെ ഡോറിസ് ലണ്ടനില്‍ തിരികെയെത്തി.


അബ്ദുള്ള യമീന്‍ (Abdulla Yameen) മാലിദ്വീപിന്റെ പ്രസിഡന്റ്‌

മാലിദ്വീപിന്റെ ആറാമത്തെ പ്രസിഡന്റായി അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം ചുമതലയേറ്റു.



അടുത്തയിടെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും മാല്‍ദ്വീവിയന്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് നഷീദിനെയാണ് ഗയൂം പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി മുഹമ്മദ് ജമീല്‍ സ്ഥാനമേറ്റു.
സാമ്പത്തിക വിദഗ്ധനായ യമീന്‍ മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിന്റെ അര്‍ധ സഹോദരനാണ്. പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീവ്‌സിന്റെ (PPM) പ്രതിനിധിയാണ് യമീന്‍.
1959 മെയ് 21ന് തലസ്ഥാനമായ മാലിയിലാണ് അബ്ദുള്ള യമീന്‍ ജനിച്ചത്. പ്രഥമിക വിദ്യഭ്യാസത്തിന് ശേഷം ലബനനിലെ ബെയ്‌റൂട്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. ആഭ്യന്തര മന്ത്രാലയത്തില്‍ ലാന്‍ഡ് സര്‍വേയറായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. മാലിദ്വീവ്‌സിന്റെ വിദേശ വ്യാപാര നയങ്ങളില്‍ പുരോഗമന പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്ന വ്യക്തി എന്ന നിലയിലും പ്രശസ്തനാണിദ്ദേഹം.

ഇന്ത്യന്‍ സിനിമ ശതാബ്ദി അവാര്‍ഡ് വഹീദ റഹ്മാന് (Waheeda Rehman)

ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇന്നലെകളുടെ രോമാഞ്ചം വഹീദ റഹ്മാന് ആദ്യ ശതാബ്ദി പുരസ്‌ക്കാരം. നവംബര്‍ 20ന് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം. വെള്ളിയില്‍ തീര്‍ത്ത മയില്‍ രൂപം, സര്‍ട്ടിഫിക്കറ്റ്, പത്തു ലക്ഷം രൂപ തുടങ്ങിയവ അടങ്ങിയതാണ് പുരസ്‌ക്കാരം.
'ഗൈഡ്', 'സാഹിബ് ബീബി ഔര്‍ ഗുലാം' തുടങ്ങിയവ വഹീദ റഹ്മാന്റെ പ്രശസ്ത ചിത്രങ്ങളില്‍ ചിലതാണ്. 1972ല്‍ പത്മശ്രീ, 2011ല്‍ പത്മ ഭൂഷണ്‍ ബഹുമതികളും നല്‍കി രാജ്യം ഈ അനുഗ്രഹീത കലാകാരിയെ  ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ 77 വയസ്സുണ്ട്.

വഹീദ റഹ്മാന്‍ (ഒരു പഴയകാല ചിത്രം)
1936 മെയ് 14ന് തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ ജനിച്ചത്. 1954ല്‍ സിനിമയിലെത്തി. തെലുങ്ക് ചിത്രങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. ഗുരു ദത്താണ് വഹീദയെ ഹിന്ദി സിനിമാലോകത്തേയ്ക്ക് കൈപിടിച്ച് നടത്തിയത്. ഗുരു ദത്തിന്റെ സംവിധാനത്തിലും പിന്നീട് ദേവ് ആനന്ദിനൊപ്പവും നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുത്തു.

കമല്‍ജിത്ത് എന്നറിയപ്പെടുന്ന ശശി രേഖി ആണ് ഭര്‍ത്താവ്. ഇദ്ദേഹം 2000ത്തില്‍ മരണമടഞ്ഞു.

പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും (Prof. CNR Rao & Sachin Tendulkar) ഭാരതരത്‌ന

ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും ക്രിക്കറ്റ് ജീനിയസ് സച്ചിന്‍ തെന്‍ഡുല്‍ക്കറിനും രാജ്യത്തെ പരമോന്നത ബഹുമതി ഭാരതരത്‌ന.  



സോളിഡ് സ്‌റ്റേറ്റ്,  മെറ്റീരിയല്‍സ് കെമിസ്ട്രി എന്നീ രംഗങ്ങളില്‍ ലോകമാദരിക്കുന്ന ശാസ്ത്രജ്ഞനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു അഥവാ പ്രൊഫ. സി. എന്‍. ആര്‍. റാവു. ആയിരത്തി അഞ്ഞൂറിലധികം ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പതോളം ശാസ്ത്ര ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍നിന്നും 60 ഓണററി ഡോക്ടറേറ്റുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1934 ജൂണ്‍ 30ന് ബാംഗ്ലൂരില്‍ ജനിച്ച റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പ്രശസ്തമായ പര്‍ഡ്യൂ സര്‍വകലാശാലയില്‍നിന്ന് ആദ്യ പിഎച്ച്ഡി നേടി. തുടര്‍ന്ന് 1976 വരെ ഐഐടി കാണ്‍പൂരില്‍ അധ്യാപകനായി. 1984 മുതല്‍ പത്തുവര്‍ഷക്കാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായും സേവനം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1989ല്‍ ബാഗ്ലൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്  ആരംഭിക്കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് സയന്‍സിന്റെ (ICMS) ഡയറക്ടറുമാണ്. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.
സര്‍. സി. വി. രാമനും ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനും ശേഷം ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ശസ്ത്രജ്ഞനാണ് പ്രൊഫ. റാവു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലിന്റെ തലവനാണ്. 2005ലാണ് ഇവിടെ നിയമിതനായത്. മുന്‍പ് 1985-89 കാലഘട്ടത്തിലും ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ നേടിയിട്ടുള്ള പ്രൊഫ. റാവുവിനെ പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

24 വര്‍ഷം നീണ്ട സംഭവബഹുലമായ ക്രിക്കറ്റ് ജീവിതത്തോട് വിട ചൊല്ലിയ ദിവസം തന്നെയാണ് ഭാരതരത്‌ന പുരസ്‌ക്കാരലബ്ധി എന്നത് സച്ചിന് അപൂര്‍വ ബഹുമതിയായി. രാജ്യത്തെ കായികമേഖലയില്‍നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യവ്യക്തിയുമായി സച്ചിന്‍. ലോക കായികരംഗത്ത് ഭാരതത്തിന്റെ യഥാര്‍ത്ഥ അംബാസഡറാണ് സച്ചിന്‍ എന്ന് വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍െ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമാണ്. കായികമികവിനൊപ്പം അദ്ദേഹം പുലര്‍ത്തിയ വ്യക്തിനിഷ്ഠകളും അന്യാദൃശമാണ്. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികളും സച്ചിനെ തേടിയെത്തിയിട്ടുമുണ്ട്. ദേശീയ കായിക യുവജനകാര്യ മന്ത്രി ജിതേന്ദ്രസിങ് സച്ചിനെ ഒരു 'നാഷണല്‍ ഹീറോ' ആയാണ് വിശേഷിപ്പിച്ചത്. പ്രതിഭയും വിനയവും സത്യസന്ധതയും അര്‍പ്പണബോധവുമെല്ലാം ഒത്തുചേര്‍ന്ന ഒരതുല്ല്യ പ്രതിഭയാണ് സച്ചിന്‍ എന്ന് അദ്ദേഹം പറഞ്ഞു. സച്ചിന് ഭരതരത്‌ന നല്‍കുന്നതിനായി അടുത്തയിടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.

ഡോ. രാജേന്ദ്രപ്രസാദ്‌
രതത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന. ഭാരതരത്‌ന നല്‍കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രി പ്രസിഡന്‍ിന് സമര്‍പ്പിക്കുകയും പ്രസിഡന്റ് അത് അംഗീകരിക്കുകയുമാണ് പതിവ്. 1955 ജനുവരി 2ന് അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദാണ് ആദ്യമായി ഭാരതരത്‌ന ഏര്‍പ്പെടുത്തുന്നത്. ഭാരതരത്‌ന നല്‍കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്കായിരിക്കണം എന്ന് നിബന്ധനയില്ല. ഖാന്‍ അബ്ദുള്‍ ഗാഫര്‍ (1987) ഖാന്‍, നെല്‍സണ്‍ മണ്ടേല (1990) എന്നിവര്‍ക്ക് ഭാരതരത്‌ന നല്‍കിയിട്ടുണ്ട്. ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് ഇന്ത്യക്കാരിയായ മദര്‍ തെരേസയ്ക്കും (1980) ഈ ബഹുമതി നല്‍കിയിട്ടുണ്ട്.

ഖാന്‍ അബ്ദുള്‍ ഗാഫര്‍, നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ
ഭാരതരത്‌ന പുരസ്‌ക്കാരജേതാക്കള്‍



Top News

Labour India