BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday, 15 October 2013

ഫിലിനും ചില ദുരന്തനിവാരണപാഠങ്ങളും...

പ്രൊഫ. എസ്. ശിവദാസ്‌

ഒരു രാജ്യത്തിന്റെ അഭിമാനം വാനോളം ഉയരുന്ന സന്ദര്‍ഭങ്ങള്‍ വിരളമായേ ഉണ്ടാകാറുളളൂ. ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയം അത്തരമൊന്നായിരുന്നു. പിന്നീട് ഇന്ത്യക്കാര്‍ക്ക് അങ്ങനെ ലോകത്തിനു മുമ്പില്‍ തല ഉയര്‍ത്തിനില്ക്കാനുളള ഒരു അവസരം കൂടി ഇതാ ഇപ്പോള്‍ ‘ഫിലിന്‍’ കൊടുങ്കാറ്റ് സമ്മാനിച്ചിരിക്കുന്നു.


ഇന്ത്യക്കാര്‍ നമ്മുടെ കാലാവസ്ഥാശാസ്ത്രജ്ഞന്മാരെ കളിയാക്കുന്നതില്‍ ആനന്ദം കാണുന്നവരാണ്. ‘നാളെ രാവിലെ വരെ മഴ പെയ്യാനോ പെയ്യാതിരിക്കാനോ സാധ്യതയുണ്ട’് ഈ മട്ടിലാണ്അവരുടെ പ്രവചനം എന്നു പറഞ്ഞാണ് കളിയാക്കല്‍. എന്നാല്‍ ഇനി ആ തമാശപറച്ചില്‍ നമുക്കു നിര്‍ത്താം. പകരം ലോകത്തെ ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ മുന്നില്‍ തല ഉയര്‍ത്തി നിന്നു പറയാം; ഞങ്ങള്‍ ആണ് നമ്പര്‍വണ്‍.
1999 ല്‍ ഒഡീഷാ തീരത്ത് ഒരു ചുഴലിക്കാറ്റടിച്ചപ്പോള്‍ മരിച്ചത് പതിനയ്യായിരത്തിലേറെപ്പേരായിരുന്നു. 2013 ഒക്‌ടോബറില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷങ്ങള്‍ മരിച്ചേനെ. അതുണ്ടായില്ല. അതിനു കാരണം ഇന്ത്യയില്‍ അരങ്ങേറിയ ശാസ്ത്രീയമായ, അതിവിപുലമായ രക്ഷാപ്രവര്‍ത്തനമായിരുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാര്‍ കൊടുങ്കാറ്റിന്റെ കൃത്യമായ വേഗതയും ഗതിയും കണക്കുകൂട്ടി പ്രവചിച്ചു. വിദേശത്തെ ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകൂട്ടലുകളെ നാം അവഗണിച്ചു. കാറ്റിന്റെ തീവ്രത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കുറച്ചു കാണുന്നു എന്ന ആരോപണമുണ്ടായി. എന്നിട്ടും, കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൃത്യമായ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കൃത്യമായ പ്രവചനം നടത്തുന്നതില്‍ വിജയിക്കുകയായിരുന്നു.


ഇന്ത്യക്ക് എന്നും അഭിമാനിക്കാം. ഏറ്റവും സങ്കീര്‍ണ്ണമായ, ഏറ്റവും ആധുനികമായ, ഏറ്റവുമധികം വെല്ലുവിളികള്‍ നിറഞ്ഞ, കാലാവസ്ഥാപ്രവചനരംഗത്ത് ലോകത്തെ ഒന്നാംകിട സംവിധാനം ഈ രാജ്യത്തുണ്ട് എന്നതില്‍ ഇനി ലോകരാഷ്ട്രങ്ങള്‍ക്കു സംശയമുണ്ടാവുകയില്ല.
ഇത്തരം ദുരന്തങ്ങളെ ഒഴിവാക്കാനാവുകയില്ല. ശാസ്ത്രീയമായ മുന്‍കരുതലുകളിലൂടെ മരണസംഖ്യ പരിമിതപ്പെടുത്താനേ കഴിയൂ. പിന്നീടുവേണ്ടത് നാശനഷ്ടങ്ങള്‍ക്കു പരിഹാരമുണ്ടാക്കുകയെന്നതാണ്. അതിലും ഇന്ത്യ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കും എന്ന് നമുക്ക് ആശിക്കാം.


ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത് എന്താണ്? അസാധ്യമായി ഒന്നുമില്ല. (Nothing is impossible). അത് പാഠം ഒന്ന്.
ഒരു വലിയ പാഠവും കൂടി നാം പഠിക്കണം. ശാസ്ത്രസാങ്കേതികരംഗങ്ങളില്‍ മുതല്‍മുടക്കുന്നത് പ്രയോജനപ്രദമാണ് എന്ന പാഠം. എന്തിനാണിത്ര പണം ചെലവാക്കി ഉപഗ്രഹസംവിധാനങ്ങള്‍? കമ്പ്യൂട്ടര്‍ ശൃംഖലകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്? റഡാര്‍ കണ്ണുകളെ ഇരുപത്തിനാലു മണിക്കൂറും തുറന്നുവച്ചുകൊണ്ടിരിക്കുന്നത്? വലിയ തോതില്‍ പണം ശുദ്ധശാസ്ത്രഗവേഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്! എപ്പോഴും സാധാരണക്കാര്‍ ചോദിക്കുന്ന ആ ചോദ്യങ്ങള്‍ക്കെല്ലാമുളള മറുപടി ഇതാ. ലക്ഷക്കണക്കിനു മനുഷ്യരുടെ രക്ഷയ്ക്കും സംതൃപ്തിയോടെയുളള ജീവിതത്തിനും ആ ചെലവ് കൂടിയേ കഴിയൂ. ശാസ്ത്രസാങ്കേതികവിദ്യകളെ ഒഴിവാക്കി ഒരു രാജ്യത്തിനും ഇനി നിലനില്‍പ്പില്ല.
അപ്പോള്‍ പാഠം മൂന്നും വ്യക്തം. ശാസ്ത്രസാങ്കേതികരംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുളള യുവാക്കള്‍ ഇന്ത്യയില്‍ വേണം.
അതിനോ കുട്ടികളേ നിങ്ങള്‍ നന്നായി പഠിക്കുവിന്‍, ശാസ്ത്രം!

No comments:

Post a Comment

Top News

Labour India