BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Monday, 17 June 2013

'കമ്പി' വന്നു... ടെലഗ്രാം മരിക്കുന്നു!

നിങ്ങള്‍ക്കത്ര പരിചയമുണ്ടാവില്ല. നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അപ്പൂപ്പനോ ഒക്കെ അറിയാം... കമ്പി വന്നു എന്നു കേട്ടാല്‍ അന്നൊക്കെ ആളുകളുടെ നെഞ്ചിലൊരു പിടപിടപ്പാണ്. വയറ്റില്‍നിന്നൊരു ഉരുണ്ടുകേറ്റം. കാരണം സംഗതി അത്ര സീരിയസ്സല്ലെങ്കില്‍ കമ്പി വരില്ല. വന്നാല്‍ അതൊരു ചില്ലറ കേസാവില്ലതന്നെ!

വാര്‍ത്താവിനിമയ രംഗത്ത് ഇന്നു കാണുന്ന വിപ്ലവങ്ങളൊന്നും നടക്കാത്ത കാലത്ത്, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊന്നും കേട്ടുകേഴ്‌വി പോലുമില്ലാതിരുന്ന കാലത്ത് വിദൂരസ്ഥലങ്ങളിലേക്ക് വിവരങ്ങളെത്തിച്ചിരുന്നത് ഇത്തരം കമ്പി സന്ദേശങ്ങളിലൂടെയാണ്. ടെലഗ്രാം എന്നതിന്റെ തനി നാടന്‍ പ്രയോഗമായിരുന്നു കമ്പി. എന്തായാലും ഇന്നും ടെലഗ്രാം സന്ദേശങ്ങളയയ്ക്കപ്പെടുന്നുണ്ട് എന്നറിയാമോ? രാജ്യത്തെ ടെലഗ്രാം സര്‍വീസ് ദാതാക്കളായ ബിഎസ്എന്‍എല്‍ ദിനം പ്രതി ഏതാണ്ട് 5000 സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതും നിര്‍ത്തുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. 2013 ജൂലൈ 15 ന് അവസാന ടെലഗ്രാം സന്ദേശം അയയ്ക്കപ്പെടും. പിന്നീട് ഇത് ഗൃഹാതുരത്വമുള്ള ചരിത്രസ്മൃതി മാത്രം.

1850ലായിരുന്നു അത്. ഹൂഗ്ലി നദിക്കരയിലുള്ള ഡയമണ്ട് ഹാര്‍ബര്‍ എന്ന സ്ഥലത്തിനും കല്‍ക്കട്ടയ്ക്കുമിടയില്‍ ഒരു ടെലഗ്രാം സന്ദേശം അയയ്ക്കപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ കമ്പി സന്ദേശം. വാഷിംഗ്ടണ്‍ ഡിസിയില്‍വച്ച് സാമുവല്‍ എഫ്. ബി. മോഴ്‌സ് ലോകത്താദ്യമായി ഒരു കമ്പി സന്ദേശമയച്ച് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു ഈ സംഭവം. ഇന്ത്യയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സായിപ്പ, വില്ല്യം ഒഷോഗ്‌നസ്സി, പക്ഷേ മോഴ്‌സിന്റെ കോഡിനെക്കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ലത്രേ! അതുകൊണ്ട് രണ്ടും രണ്ടുതരത്തിലുള്ള കോഡായിരുന്നു ഉപയോഗിച്ചത്. ടെലഗ്രാം സാങ്കേതികവിദ്യയുടെ പ്രാധാന്യം മനസ്സിലാക്കിയ അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇതിന് പ്രചാരം നല്‍കി. 1856 ആയപ്പോഴേക്കും ഇന്ത്യയില്‍ 4000 മൈല്‍ ദൂരത്തില്‍ ടെലഗ്രാം നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചു.
വില്ല്യം ഒഷോഗ്‌നസ്സി

നീണ്ട 163 വര്‍ഷങ്ങള്‍ക്കുശേഷം ടെലഗ്രാം നിര്‍ത്തുമ്പോള്‍ ഒപ്പം മറയുന്നത് ഒരു കാലഘട്ടത്തിന്റെ സ്പന്ദനം കൂടിയാണ്. എന്നാല്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ള ആര്‍ക്കും വേണ്ടാത്ത ഈ സേവനം എന്തിനു തുടരണം എന്നതാണ് ബിഎസ്എന്‍എല്‍ ചിന്ത.

അപ്പോള്‍, ഓര്‍ക്കുക... 2013 ജൂലൈ 15... ഒരു ടെലഗ്രാം അയ്‌യ്ക്കാന്‍ താല്പര്യമുണ്ടോ? അവസാന ടെലഗ്രാം അയച്ച വ്യക്തി എന്ന നിലയില്‍ ഒരു ചരിത്രക്കുറിപ്പില്‍ നിങ്ങള്‍ക്കും ഇടം കിട്ടിയേക്കാം...!

നമ്മുടെ കണ്ണുകളിലിനി 'ദുവ പടലവും'!

മനുഷ്യനേത്രത്തിലെ പ്രധാന ഭാഗമായ കോര്‍ണിയയുടെ നാലാമത്തെ പടലവും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ പുതിയ കണ്ടെത്തല്‍ നടത്തിയതാകട്ടെ ഒരിന്ത്യക്കാരനും.

ഹര്‍മിന്ദര്‍ സിംഗ് ദുവ എന്ന ഇന്ത്യന്‍ ഗവേഷകന്‍ നേതൃത്വം നല്‍കിയ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. പുതിയ പടലത്തിന് ടീം ലീഡറായിരുന്ന ദുവയുടെ പേരും നല്‍കി. 15 മൈക്രോമീറ്റര്‍ മാത്രം കട്ടിയുള്ള ഇത് കോര്‍ണിയല്‍ സ്‌ട്രോമ എന്ന ഭാഗത്തിനും ഡെസമെസ് മെംബ്രയ്ന്‍ എന്ന ഭാഗത്തിനും മധ്യേയുള്ള നാലാമത്തെ പടലമാണ്.


ബ്രിട്ടണിലെ പ്രശസ്തമായ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഒഫ്താല്‍മോളജി വിഭാഗം തലവനും പ്രൊഫസറുമാണ് ഡോ. ഹര്‍മിന്ദര്‍ സിംഗ് ദുവ. നേത്രചികിതസത്സാരംഗത്ത് ആഗോളതലത്തില്‍ പ്രശസ്തനാണിദ്ദേഹം.

Saturday, 15 June 2013

ഗണിതപ്രേമികള്‍ക്ക് അഞ്ചരക്കോടി രൂപാ സമ്മാനത്തിനവസരം

ആന്‍ഡ്രൂ ബീല്‍
ബീല്‍ പ്രശ്‌നം എന്നറിയപ്പെടുന്ന ഒരു ഗണിതപ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്ന ആള്‍ക്ക് ഒരു ദശലക്ഷം ഡോളര്‍ (അഞ്ചരക്കോടി രൂപ) സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയിലെ ഒരു ബാങ്കറും ഗണിതസ്വയം പഠിതാവുമായ ആന്‍ഡ്രൂ ബീല്‍ എന്നയാളാണ് തന്റെ തന്നെ 1980ലെ ബീല്‍ പ്രശ്‌നത്തിന് ഈ കൂറ്റന്‍ സമ്മാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. 1997ല്‍ 5000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ആര്‍ക്കും അതിന് പരിഹാരം കാണാന്‍ സാധിച്ചില്ല. കൂടുതല്‍ ഗണിതപ്രേമികളെ ഇതിലേക്ക് ആകര്‍ഷിക്കാനാണ് ഇപ്പോള്‍ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുന്നത്.
എന്ന സമവാക്യത്തില്‍ A, B, C ഇവ അധിപൂര്‍ണസംഖ്യകളും x, y, z ഇവ 2നേക്കാള്‍ വലുതായ അധിപൂര്‍ണസംഖ്യകളും ആണ്.  A, B, C  ഇവയുടെ പൊതുഘടകങ്ങളില്‍ മാത്രമാണ് ഈ സമവാക്യത്തിന്റെ പരിഹാരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്' എന്നതാണ് ബീല്‍ പ്രശ്‌നം. 
പറയാനെളുപ്പം, എന്നാല്‍ തെളിയിക്കാന്‍ അതീവ ദുഷ്‌ക്കരം എന്നേ ഈ സംഖ്യാപ്രശ്‌നത്തെപ്പറ്റി പറയാന്‍ പറ്റൂ. ഈ പ്രശ്‌നത്തിന് തെളിവ് ഹാജരാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം ആന്‍ഡ്രൂ ബീല്‍ അനുവദിച്ചിട്ടുണ്ട്.'ഫെര്‍മയുടെ അവസാന സിദ്ധാന്തം' എന്നറിയപ്പെടുന്ന പ്രശ്‌നത്തിന് 1995ല്‍ ആന്‍ഡ്രൂ വൈല്‍സ്, റിച്ചാര്‍ഡ് ടെയ്‌ലര്‍ എന്നിവര്‍ ചേര്‍ന്ന് തെളിവ് കണ്ടുപിടിച്ചത് ആ സിദ്ധാന്തം എഴുതപ്പെട്ടതിനുശേഷം മുന്നൂറ്റിഅമ്പതിലധികം വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 1742ല്‍ റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായ ഗോള്‍ഡ് ബാച്ച് കണ്ടുപിടിച്ച ഗോള്‍ഡ്ബാച്ച് പ്രശ്‌നത്തിന് ഇതുവരെ തെളിവ് കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. '3നേക്കാള്‍ വലുതായ എല്ലാ അധി ഇരട്ട പൂര്‍ണസംഖ്യകളും രണ്ട് അഭാജ്യസംഖ്യകളുടെ തുകയാണ്' എന്നതാണ് ഈ പ്രശ്‌നം.  

Friday, 7 June 2013

മലയാളം ശ്രേഷ്‌ഠഭാഷയാണോ?

പ്രൊഫ. എസ്‌. ശിവദാസ്‌

മലയാളത്തിനു ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചിരിക്കുന്നു. അഭിമാനകരമായ ആ വാര്‍ത്ത കേട്ട്‌ ആഹ്ലാദിച്ചിരിക്കുമ്പോഴും എന്‍െറ ഉള്ളില്‍ ഒരു ചോദ്യം തലപൊക്കി. കേന്ദ്രഗവണ്‍മെന്റിന്റെ ഇൗ `ക്ലാസിക്‌ഭാഷാ'പദവികൊണ്ട്‌ സാങ്കേതികമായി മാത്രമല്ലേ മലയാളം ശ്രേഷ്‌ഠമാകുന്നുള്ളൂ? യഥാര്‍ത്ഥത്തില്‍ മലയാളം ശ്രേഷ്‌ഠമാകണമെങ്കില്‍ മലയാളികള്‍ മലയാളത്തെ സ്‌നേഹിക്കണം. ശരിയായി സ്‌നേഹിക്കണം. ശക്തമായ വികാരത്തോടെ സ്‌നേഹിക്കണം.

മലയാളം എന്റേതാണ്‌ എന്ന തോന്നലോടെ സ്‌നേഹിക്കണം. മലയാളമെന്നു കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്ന മലയാളികളുണ്ടായാലേ മലയാളം നിലനില്‍ക്കൂ; വളരൂ; യഥാര്‍ത്ഥത്തില്‍ ശ്രേഷ്‌ഠത കൈവരിക്കൂ.
ഭാഷ കേട്ടുകേട്ടു സ്വന്തമാകണം. പറഞ്ഞുപറഞ്ഞ്‌ പ്രിയമുള്ളതാകണം. പ്രയോഗിച്ചു പ്രയോഗിച്ചു പ്രയോജനമുള്ളതായി സ്വയം അനുഭവിച്ചറിയണം. ഭാഷ ആശയവിനിമയത്തിനാണ്‌. ആശയം ഉള്ളില്‍നിന്നും ഒഴുകിയൊഴുകി വരണം. യാതൊരുതടസവുമില്ലാതെ, അനായാസം, പുഴയൊഴുകുംപോലെ, ഉത്‌സാഹത്തോടെ, ആനന്ദത്തോടെ, ഒഴുകിയെത്തണമെങ്കില്‍ സ്വന്തം ഭാഷയില്‍ത്തന്നെ പറയണം. എഴുതണം. പാടണം. ആടണം. ഭാഷയ്‌ക്ക്‌ അപ്പോഴേ ആത്‌മാവുണ്ടാകൂ. വികാരമുണ്ടാകൂ. ജീവനുണ്ടാകൂ. അങ്ങനെ സ്വന്തം ഭാഷയില്‍ ആത്‌മാഭിമാനത്തോടെ ആശയവിനിമയം നടത്തുന്നവര്‍ക്കേ സ്വന്തമായ തനിമയുണ്ടാകൂ. സാംസ്‌കാരികമായ മുദ്രയുണ്ടാകൂ. സ്വത്വമുണ്ടാകൂ. നിലനില്‌പുണ്ടാകൂ.
മലയാളം മനോഹരമായ ഒരു ഭാഷയാണ്‌. ലോകത്തെ എല്ലാഭാഷകളും അങ്ങനെയാണുതാനും. ഒരു ഭാഷയും മരിക്കരുത്‌. ഒരുഭാഷ മരിച്ചാല്‍ ഒരു സംസ്‌കാരമായിരിക്കും മരിക്കുക. ശ്രേഷ്‌ഠഭാഷാപദവിയും തലയില്‍വച്ചു മലയാളികള്‍ ജീവിച്ചാല്‍ മലയാളം നിലനില്‍ക്കില്ല. നിലനില്‍ക്കാന്‍ മലയാളം പഠിക്കണം. പ്രയോഗിക്കണം. പ്രയോജനപ്പെടുത്തണം. മലയാളത്തെ സ്‌നേഹിക്കണം. മലയാളിയായതില്‍ സന്തോഷിക്കണം.

പിറക്കുമ്പോള്‍ തൊട്ടെന്മകന്‍
ഇംഗ്ലീഷു പറയണം
അതിനാല്‍ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടിലാക്കി ഞാന്‍

എന്നു കുഞ്ഞുണ്ണിമാഷ്‌ പണ്ടേ പാടിയത്‌ മറക്കാതിരിക്കുക. ഇനിയെങ്കിലും നമുക്കു നമ്മുടെ പൊന്നു മലയാളത്തെ മനസ്സിനുള്ളില്‍ പിടിച്ചിരുത്തി താലോലിച്ചുപയോഗിക്കാം.

Thursday, 6 June 2013

സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സ്‌പേസ് യാത്രയ്ക്ക് സ്‌പേസ്ഷിപ്പ് -2 റെഡി...

സ്‌പേസ്ഷിപ്പ് -2 എന്ന അത്യാധുനിക ബഹിരാകാശവാഹനം വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ ടൂറിസ്റ്റാവുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ള യാത്രികര്‍ ബഹിരാകാശത്തുപോയി മടങ്ങുക ഈ വാഹനത്തിലാണ്.

വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ സര്‍വീസ് നടത്താനുള്ള ആദ്യ വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലൊന്നാണ് വിജയകരമായി പൂര്‍ത്തിയായത്. ബ്രിട്ടീഷ് കോടീശ്വരന്‍ സര്‍ റിച്ചാര്‍ഡ്  ബ്രാന്‍സന്‍ നേതൃത്വം നല്‍കുന്ന വെര്‍ജിന്‍ ഗ്രൂപ്പിന്റെയും അബുദാബിയിലെ ആബര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള  വെര്‍ജിന്‍ ഗാലക്ടിക് കമ്പനി ഇതിലൂടെ ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ന്യൂ മെക്‌സിക്കോയിലുള്ള 'സ്‌പേസ്‌പോര്‍ട്ട് അമേരിക്ക' എന്ന ബഹിരാകാശ വാഹനത്താവളത്തില്‍ നിന്നും താമസിയാതെ സ്‌പേസ്ഷിപ്പ്-2 വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശത്തേക്കുള്ള സര്‍വീസുകള്‍ തുടങ്ങും.  ആദ്യഘട്ടത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ളവരുടെ ബഹിരാകാശയാത്രയാണ് നടക്കുക.
സന്തോഷ് ജോര്‍ജ് കുളങ്ങര  സര്‍ റിച്ചാര്‍ഡ്  ബ്രാന്‍സനോടൊപ്പം...
സ്‌പേസ്ഷിപ്പ്-2 ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച സ്‌കേല്‍ഡ് കംപോസിറ്റ്‌സിന്റെയും വെര്‍ജിന്‍ ഗാലക്ടിക് കമ്പനിയുടെയും വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് ആദ്യ പരീക്ഷണയാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ വെര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണും  ആബര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ചെയര്‍മാന്‍ ഖാദം അല്‍ ഖുബൈസിയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു.
ഒരു മാതൃവാഹനത്തില്‍ ഘടിപ്പിച്ച് ആകാശസീമയിലെത്തിക്കുന്ന സ്‌പേസ്ഷിപ്പിനെ, അവിടെനിന്നും റോക്കറ്റ് ജ്വലിപ്പിച്ച് ബഹിരാകാശത്തേക്ക്  വിക്ഷേപിക്കുന്ന വിധമാണ് രൂപകല്‍പ്പന. മാതൃവാഹനമായ വൈറ്റ്‌നൈറ്റ്-2 എന്ന പ്രത്യേകതരം വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ച നിലയിലാണ് സ്‌പേസ്ഷിപ്പ്-2 മൊഹാവി എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടിലെത്തിയത്.
മദര്‍ഷിപ്പ് വൈറ്റ്‌നൈറ്റിന്റെ അടിയില്‍ ഘടിപ്പിച്ച് സ്‌പേസ്ഷിപ്പ് -2 ടേക്ക് ഓഫിനായി സ്‌പേസ് പോര്‍ട്ടില്‍...
ബഹിരാകാശവാഹന നിര്‍മ്മാതാക്കളായ സ്‌കേല്‍ഡ് കമ്പനിയിലെ ടെസ്റ്റ്  പൈലറ്റുമാരായിരുന്നു അതിലുണ്ടായിരുന്നത്. പൈലറ്റായി മാര്‍ക്ക് സ്റ്റക്കിയും കോ-പൈലറ്റായി മൈക്ക് ആല്‍സ്ബറിയും.  വെര്‍ജിന്‍ ഗാലക്ടിക്കിന്റെ ചീഫ് പൈലറ്റായ ഡേവ് മാക്കിയാണ് മാതൃവാഹനമായ വൈറ്റ്‌നൈറ്റ്-2 നിയന്ത്രിച്ചത്. വെര്‍ജിന്‍ ഗാലക്ടിക്കിലെതന്നെ പൈലറ്റ് ക്ലിന്റ് നിക്കോള്‍സും കോപൈലറ്റും സ്‌കേല്‍ഡ് കമ്പനിയുടെ ഫ്‌ളൈറ്റ് ടെസ്റ്റ്  എഞ്ചിനീയറുമായ ബ്രിയാന്‍ മിസ്‌ലറും ഡേവ് മാക്കിയുടെ സഹായികളായി.
പറക്കല്‍ തുടങ്ങി 45 മിനിറ്റായപ്പോള്‍ ഭൂനിരപ്പില്‍ നിന്നും 47,000 അടി മുകളില്‍ വെച്ച് സ്‌പേസ്ഷിപ്പിനെ മാതൃവാഹനത്തില്‍ നിന്നും വേര്‍പെടുത്തി. സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തിയശേഷം സ്‌പേസ്ഷിപ്പിലെ പൈലറ്റുമാര്‍ അതിലെ റോക്കറ്റ് മോട്ടോര്‍ ട്രിഗര്‍ ചെയ്തു. ഇതോടെ സ്‌പേസ്ഷിപ്പിന്റെ പ്രധാന ഓക്‌സിഡൈസര്‍ വാല്‍വ് തുറക്കപ്പെടുകയും റോക്കറ്റിന്റെ ജ്വലനം നടക്കുകയും ചെയ്തു. ഈ സമയം സ്‌പേസ്ഷിപ്പ് 'മാച്ച് 1.2.' എന്ന സൂപ്പര്‍ സോണിക് വേഗതയിലായിരുന്നു.
പൈലറ്റ് മാര്‍ക്ക് സ്റ്റക്കിയെ(ഇടത്ത്) അഭിനന്ദിക്കുന്ന സര്‍ റിച്ചാര്‍ഡ്  ബ്രാന്‍സന്‍.
കഴിഞ്ഞ ഒരു മാസമായി  തുടര്‍ന്നു വന്ന അവസാനവട്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് സ്‌പേസ്ഷിപ്പ്-2 ന്റെ പരീക്ഷണപ്പറക്കല്‍ നടന്നത്.
നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ കൃത്യമായി റോക്കറ്റ് മോട്ടോര്‍ ജ്വലനം  നടന്നെന്നും ഏറ്റവും മികച്ച പ്രകടനമാണ് എഞ്ചിന്‍ കാഴ്ചവച്ചതെന്നും വെര്‍ജിന്‍ ഗാലക്ടിക് പ്രസിഡന്റും സി.ഇ.ഒ യുമായ ജോര്‍ജ് വൈറ്റ്‌സൈഡ്‌സ് പറഞ്ഞു.
അടുത്ത ഏതാനും മാസം കൊണ്ട് വെര്‍ജിന്‍ ഗാലക്ടിക്കും സ്‌കേല്‍ഡ് കമ്പനിയിലെ വിദഗ്ധരും ചേര്‍ന്ന് സ്‌പേസ്ഷിപ്പിന്റെ ശേഷി ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ വിപുലമായ രീതിയില്‍ ബഹിരാകാശത്തു പറക്കാന്‍  കഴിയുംവിധം വാഹനം സുസജ്ജമാകും.
സ്‌പേസ്ഷിപ്പ് -2 ന്റെ സൂപ്പര്‍സോണിക് പറക്കല്‍ വീഡിയോ കാണൂ...

സൂപ്പര്‍ സോണിക് വേഗതയാര്‍ജ്ജിച്ച സ്‌പേസ്ഷിപ്പിന്റെ പരീക്ഷണം ചരിത്രവിജയമാണെന്ന് വെര്‍ജിന്‍ ഗാലക്ടിക് സ്ഥാപകന്‍ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. സ്‌പേസ്ഷിപ്പിന്റെ പ്രവര്‍ത്തനം തികച്ചും  കുറ്റമറ്റ രീതിയിലാണെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായിക്കഴിഞ്ഞു. ഈ വര്‍ഷാവസാനത്തോടെ സ്‌പേസ്ഷിപ്പ്-2-ല്‍ പൂര്‍ണതോതിലുള്ള ബഹിരാകാശയാത്ര എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

Top News

Labour India