BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday, 6 June 2013

സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സ്‌പേസ് യാത്രയ്ക്ക് സ്‌പേസ്ഷിപ്പ് -2 റെഡി...

സ്‌പേസ്ഷിപ്പ് -2 എന്ന അത്യാധുനിക ബഹിരാകാശവാഹനം വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ ടൂറിസ്റ്റാവുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ള യാത്രികര്‍ ബഹിരാകാശത്തുപോയി മടങ്ങുക ഈ വാഹനത്തിലാണ്.

വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ സര്‍വീസ് നടത്താനുള്ള ആദ്യ വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലൊന്നാണ് വിജയകരമായി പൂര്‍ത്തിയായത്. ബ്രിട്ടീഷ് കോടീശ്വരന്‍ സര്‍ റിച്ചാര്‍ഡ്  ബ്രാന്‍സന്‍ നേതൃത്വം നല്‍കുന്ന വെര്‍ജിന്‍ ഗ്രൂപ്പിന്റെയും അബുദാബിയിലെ ആബര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള  വെര്‍ജിന്‍ ഗാലക്ടിക് കമ്പനി ഇതിലൂടെ ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ന്യൂ മെക്‌സിക്കോയിലുള്ള 'സ്‌പേസ്‌പോര്‍ട്ട് അമേരിക്ക' എന്ന ബഹിരാകാശ വാഹനത്താവളത്തില്‍ നിന്നും താമസിയാതെ സ്‌പേസ്ഷിപ്പ്-2 വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശത്തേക്കുള്ള സര്‍വീസുകള്‍ തുടങ്ങും.  ആദ്യഘട്ടത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ളവരുടെ ബഹിരാകാശയാത്രയാണ് നടക്കുക.
സന്തോഷ് ജോര്‍ജ് കുളങ്ങര  സര്‍ റിച്ചാര്‍ഡ്  ബ്രാന്‍സനോടൊപ്പം...
സ്‌പേസ്ഷിപ്പ്-2 ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച സ്‌കേല്‍ഡ് കംപോസിറ്റ്‌സിന്റെയും വെര്‍ജിന്‍ ഗാലക്ടിക് കമ്പനിയുടെയും വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് ആദ്യ പരീക്ഷണയാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ വെര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണും  ആബര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ചെയര്‍മാന്‍ ഖാദം അല്‍ ഖുബൈസിയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു.
ഒരു മാതൃവാഹനത്തില്‍ ഘടിപ്പിച്ച് ആകാശസീമയിലെത്തിക്കുന്ന സ്‌പേസ്ഷിപ്പിനെ, അവിടെനിന്നും റോക്കറ്റ് ജ്വലിപ്പിച്ച് ബഹിരാകാശത്തേക്ക്  വിക്ഷേപിക്കുന്ന വിധമാണ് രൂപകല്‍പ്പന. മാതൃവാഹനമായ വൈറ്റ്‌നൈറ്റ്-2 എന്ന പ്രത്യേകതരം വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ച നിലയിലാണ് സ്‌പേസ്ഷിപ്പ്-2 മൊഹാവി എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടിലെത്തിയത്.
മദര്‍ഷിപ്പ് വൈറ്റ്‌നൈറ്റിന്റെ അടിയില്‍ ഘടിപ്പിച്ച് സ്‌പേസ്ഷിപ്പ് -2 ടേക്ക് ഓഫിനായി സ്‌പേസ് പോര്‍ട്ടില്‍...
ബഹിരാകാശവാഹന നിര്‍മ്മാതാക്കളായ സ്‌കേല്‍ഡ് കമ്പനിയിലെ ടെസ്റ്റ്  പൈലറ്റുമാരായിരുന്നു അതിലുണ്ടായിരുന്നത്. പൈലറ്റായി മാര്‍ക്ക് സ്റ്റക്കിയും കോ-പൈലറ്റായി മൈക്ക് ആല്‍സ്ബറിയും.  വെര്‍ജിന്‍ ഗാലക്ടിക്കിന്റെ ചീഫ് പൈലറ്റായ ഡേവ് മാക്കിയാണ് മാതൃവാഹനമായ വൈറ്റ്‌നൈറ്റ്-2 നിയന്ത്രിച്ചത്. വെര്‍ജിന്‍ ഗാലക്ടിക്കിലെതന്നെ പൈലറ്റ് ക്ലിന്റ് നിക്കോള്‍സും കോപൈലറ്റും സ്‌കേല്‍ഡ് കമ്പനിയുടെ ഫ്‌ളൈറ്റ് ടെസ്റ്റ്  എഞ്ചിനീയറുമായ ബ്രിയാന്‍ മിസ്‌ലറും ഡേവ് മാക്കിയുടെ സഹായികളായി.
പറക്കല്‍ തുടങ്ങി 45 മിനിറ്റായപ്പോള്‍ ഭൂനിരപ്പില്‍ നിന്നും 47,000 അടി മുകളില്‍ വെച്ച് സ്‌പേസ്ഷിപ്പിനെ മാതൃവാഹനത്തില്‍ നിന്നും വേര്‍പെടുത്തി. സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തിയശേഷം സ്‌പേസ്ഷിപ്പിലെ പൈലറ്റുമാര്‍ അതിലെ റോക്കറ്റ് മോട്ടോര്‍ ട്രിഗര്‍ ചെയ്തു. ഇതോടെ സ്‌പേസ്ഷിപ്പിന്റെ പ്രധാന ഓക്‌സിഡൈസര്‍ വാല്‍വ് തുറക്കപ്പെടുകയും റോക്കറ്റിന്റെ ജ്വലനം നടക്കുകയും ചെയ്തു. ഈ സമയം സ്‌പേസ്ഷിപ്പ് 'മാച്ച് 1.2.' എന്ന സൂപ്പര്‍ സോണിക് വേഗതയിലായിരുന്നു.
പൈലറ്റ് മാര്‍ക്ക് സ്റ്റക്കിയെ(ഇടത്ത്) അഭിനന്ദിക്കുന്ന സര്‍ റിച്ചാര്‍ഡ്  ബ്രാന്‍സന്‍.
കഴിഞ്ഞ ഒരു മാസമായി  തുടര്‍ന്നു വന്ന അവസാനവട്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് സ്‌പേസ്ഷിപ്പ്-2 ന്റെ പരീക്ഷണപ്പറക്കല്‍ നടന്നത്.
നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ കൃത്യമായി റോക്കറ്റ് മോട്ടോര്‍ ജ്വലനം  നടന്നെന്നും ഏറ്റവും മികച്ച പ്രകടനമാണ് എഞ്ചിന്‍ കാഴ്ചവച്ചതെന്നും വെര്‍ജിന്‍ ഗാലക്ടിക് പ്രസിഡന്റും സി.ഇ.ഒ യുമായ ജോര്‍ജ് വൈറ്റ്‌സൈഡ്‌സ് പറഞ്ഞു.
അടുത്ത ഏതാനും മാസം കൊണ്ട് വെര്‍ജിന്‍ ഗാലക്ടിക്കും സ്‌കേല്‍ഡ് കമ്പനിയിലെ വിദഗ്ധരും ചേര്‍ന്ന് സ്‌പേസ്ഷിപ്പിന്റെ ശേഷി ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ വിപുലമായ രീതിയില്‍ ബഹിരാകാശത്തു പറക്കാന്‍  കഴിയുംവിധം വാഹനം സുസജ്ജമാകും.
സ്‌പേസ്ഷിപ്പ് -2 ന്റെ സൂപ്പര്‍സോണിക് പറക്കല്‍ വീഡിയോ കാണൂ...

സൂപ്പര്‍ സോണിക് വേഗതയാര്‍ജ്ജിച്ച സ്‌പേസ്ഷിപ്പിന്റെ പരീക്ഷണം ചരിത്രവിജയമാണെന്ന് വെര്‍ജിന്‍ ഗാലക്ടിക് സ്ഥാപകന്‍ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. സ്‌പേസ്ഷിപ്പിന്റെ പ്രവര്‍ത്തനം തികച്ചും  കുറ്റമറ്റ രീതിയിലാണെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായിക്കഴിഞ്ഞു. ഈ വര്‍ഷാവസാനത്തോടെ സ്‌പേസ്ഷിപ്പ്-2-ല്‍ പൂര്‍ണതോതിലുള്ള ബഹിരാകാശയാത്ര എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

Top News

Labour India