BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday, 18 September 2013

റോളറില്‍ കയറി ഗിന്നസിലേക്ക്...

വയസ്സ് വെറും പന്ത്രണ്ട്... പഠനം ഏഴാം ക്ലാസില്‍... എങ്കിലെന്താ, ആരും കൊതിക്കുന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു ഈ കൊച്ചു മിടുക്കന്‍. ഈ പ്രായത്തില്‍ ഈ പയ്യന്‍ എന്തു ചെയ്തിട്ടാണെന്നല്ലേ...?


ഗിന്നസ് ബുക്കിന്റെ ഉയരത്തേക്കാള്‍ കുറഞ്ഞ ഉയരത്തില്‍ സ്ഥാപിച്ച ഇരുമ്പു ബാറിനടിയിലൂടെ റോളര്‍ സ്‌കേറ്റിംഗ് നടത്തിയതിനാണ് കര്‍ണാടകയിലെ ബല്‍ഗാമില്‍നിന്നുള്ള രോഹന്‍ കൊക്കേന്‍ എന്ന ഈ അത്ഭുതബാലന്‍ ലോകറെക്കോഡ് നേടിയത്. 25 സെന്റീമീറ്റര്‍ മാത്രം ഉയരത്തിലായിരുന്നു ഇരുമ്പു ബാര്‍ സ്ഥാപിച്ചിരുന്നത്. ഇതിനടിയിലൂടെ റോളറില്‍ നൂഴ്ന്ന് നീങ്ങിയാണ് രോഹന്‍ ഏറ്റവും പ്രായം കുറഞ്ഞ ലിംബോ സ്‌കേറ്റര്‍ എന്ന റെക്കോഡ് നേടിയത്.
തന്റെ എട്ടാം വയസ്സില്‍ റോളര്‍ സ്‌കേറ്റിംഗ് പരിശീലിച്ചു തുടങ്ങിയ രോഹന്‍ ശരീരം ഏറെ വഴങ്ങേണ്ട ഇനമായ ലിംബോ സ്‌കേറ്റിംഗില്‍ നന്നേ ചെറുപ്പത്തിലേ പരീക്ഷണങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. പിതാവ് അജിത് കൊക്കേനും മാതാവ് അനുപമയ്ക്കുമൊപ്പം താമസിക്കുന്ന രോഹന്‍ ബല്‍ഗാമിലെ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിലാണ് പഠിക്കുന്നത്.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലെ മറ്റ് പുതിയ അതിഥികള്‍.

ജ്യോതി ആംഗെ
നാഗ്പൂര്‍ സ്വദേശിനിയായ ജ്യോതി ആംഗെയാണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത. ഉയരം വെറും 62.8 സെ.മീ. (2 അടി 0.6 ഇഞ്ച്).


ഫാബിയോ റിഗിയാനി
5.10 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയതും ഓടിച്ചുകൊണ്ടുപോകാവുന്നതുമായ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിച്ചാണ് റിഗിയാനി ഗിന്നസ് റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ചത്. മോട്ടോര്‍ സൈക്കിള്‍ നില്‍ക്കുന്ന തറനിരപ്പില്‍നിന്നും ഹാന്‍ഡില്‍ ബാറിന്റെ മുകളറ്റം വരെ 5.10 മീറ്റര്‍ ഉയരമുണ്ട്. അതായത് 16 അടി 8.78 ഇഞ്ച്. സാധാരണ നാം കാണുന്ന മോട്ടോര്‍ സൈക്കിളുകളേക്കാള്‍ ആറിരട്ടി വലിപ്പക്കൂടുതലുണ്ടിതിന്. നീളം 10.03 മീ., വീതി 2.5 മീ. എന്നിങ്ങനെയാണ്. തൂക്കം അഞ്ച് ടണ്‍! 280 കുതിരശക്തയുള്ള എന്‍ജിന്‍... പോരേ പൂരം! ഇതൊക്കെയാണെങ്കിലും ഈ മോട്ടോര്‍ സൈക്കിള്‍ വഴിയിലൂടെ ഓടിച്ചു നടക്കാം... അങ്ങനെ ഗിന്നസിലും എത്തി.

മില്ലി
ഇതൊരു നായയുടെ പേരാണ്. പ്യൂര്‍ട്ടോ റികോ എന്ന രാജ്യത്തുനിന്നാണ് വരവ്. ചിവാവാ എന്ന ഇനത്തില്‍പെട്ട ഇത് ലോകത്തിലെ ഏറ്റവും ചെറിയ  നായ എന്ന ബഹുമതിയുമായി ഗിന്നസ് ബുക്കിലിടം പിടിച്ചു. 3.8 ഇഞ്ച് (9.65 സെ. മി.) മാത്രമാണിതിന്റെ ഉയരം. മെക്‌സിക്കോയിലെ ഏറ്റവും വലിയ സംസ്ഥാനമായ ചിവാവയുടെ പേരാണ് ഈ നായ് വര്‍ഗത്തിന് നല്‍കപ്പെട്ടിരിക്കുന്നത്.

ഓസ്റ്റിന്‍ കോള്‍സണ്‍
ലേകത്തിലെ ഏറ്റവും ചെറിയ കാറിന്റെ സൃഷ്ടാവ് എന്ന നിലയില്‍ അമേരിക്കക്കാരന്‍ ഓസ്റ്റിന്‍ കോള്‍സണ്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം നേടി. 25 ഇഞ്ച് ഉയരവും നാലടി മാത്രം നീളവുമാണ് ഈ കുഞ്ഞന്‍ കാറിനുള്ളത്. ഈ കാര്‍ ഓടിക്കാനും പറ്റും!


ഹെര്‍ക്കുലീസ്
മാര്‍ജാര വംശത്തില്‍പെട്ട ലോകത്തിലെ ഏറ്റവും വലിയ ജീവി എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിലെത്തി. കടുവയുടെയും സിംഹത്തിന്റെയും സങ്കര ഇനമാണിവന്‍ (ലൈഗര്‍). പത്തടി നീളവും 418 കിലോ തൂക്കവുമുണ്ട്.


No comments:

Post a Comment

Top News

Labour India