വാഹനപ്പെരുപ്പം മൂലം വര്‍ധിച്ചുവരുന്ന മലിനീകരണം ഇന്ത്യന്‍ നിരത്തുകള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. എന്നാല്‍ ഇതിനൊരു ക്രിയാത്മക പരിഹാരവുമായി ഐഎസ്ആര്‍ഒ യും ടാറ്റ യും രംഗത്തെത്തിക്കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ നിയന്ത്രിത വാഹനം വിജയകരമായി ഓടിച്ചുകൊണ്ടാണിത്.
തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലുള്ള ഐഎസ്ആര്‍ഒ യുടെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് പരീക്ഷണ ഓട്ടം നടന്നത്. റിവേഴ്‌സ് ഇലക്‌ട്രോളിസിസ് പ്രക്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോ-കെമിക്കല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തു പകരുന്നത്. ദ്രവ ഹൈഡ്രജനാണ് ഇന്ധനം. ബസിന്റെ മുകളിലുള്ള ടാങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഹൈഡ്രജന്‍ നിറയ്ക്കും. 150 ബാര്‍ അറ്റ്‌മോസ്ഫിയര്‍ മര്‍ദ്ദത്തില്‍ നിറയ്ക്കുന്ന ഹൈഡ്രജന്‍ എന്‍ജിനിലെത്തുമ്പോഴേക്കും 2 ബാര്‍ അറ്റ്‌മോസ്ഫിയര്‍ മര്‍ദ്ദത്തിലേക്ക് താഴ്ത്തുകയും തുടര്‍ന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഇതിനെ ഡിസി (DC) ആക്കി മാറ്റുകയും ചെയ്യുന്നു. ഇത് വീണ്ടും എസി (AC) ആക്കി മാറ്റി ഇലക്ട്രിക്ക് എന്‍ജിന് ശക്തി പകരുകയാണ് ചെയ്യുന്നത്.
മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാരജേതാവുമായ വി. ജ്ഞാനഗാന്ധിയാണ് ഈ പദ്ധതിക്കുപിന്നിലെ ബുദ്ധികേന്ദ്രം. ടാറ്റ മോട്ടോഴ്‌സിലെ ഒരു സംഘം എന്‍ജിനീയര്‍മാരും ഈ വാഹനത്തിന്റെ വികസനത്തില്‍ പങ്കാളികളായി. ഐഎസ്ആര്‍ഒയ്ക്കും ടാറ്റയ്ക്കും പുറമെ ഡിപാര്‍ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും, പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും ഈ ഉദ്യമത്തില്‍ സഹായസഹകരണങ്ങള്‍ നല്‍കി.
വി. ജ്ഞാനഗാന്ധി |
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഐഎസ്ആര്‍ഒയും ടാറ്റയും തമ്മില്‍ 2006ലാണ് കറാറുണ്ടാക്കിയത്. വിരമിച്ചെങ്കിലും ഐഎസ്ആര്‍ഒ യുടെ ഓണററി അഡൈ്വസറായി തുടരുന്ന ജ്ഞാനഗാന്ധിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടന്ന ശ്രമങ്ങളാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്.
No comments:
Post a Comment