BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Monday, 15 July 2013

'ശബ്ദ'ത്തിന്റെ ശബ്ദം നിലച്ചു!

ശബ്ദശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ച അമര്‍ ഗോപാല്‍ ബോസ് അന്തരിച്ചു. 2013, ജൂലൈ 12ന് 83-ാം വയസ്സില്‍ മസ്സാച്ചുസെറ്റ്‌സില്‍ വച്ചായിരുന്നു അന്ത്യം. ലോകത്തെ മുന്‍നിര സൗണ്ട് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്ന ബോസ് കോര്‍പറേഷന്‍ എന്ന മഹാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു അമര്‍ ബോസ്.


കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ നാടുവിട്ട് അമേരിക്കയില്‍ കുടിയേറിയ നോനി ഗോപാല്‍ ബോസിന്റെയും അമേരിക്കക്കാരി സ്‌കൂള്‍ ടീച്ചറുടെയും മകനായി 1929 നവംബര്‍ 2ന് അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലാണ് ബോസ് ജനിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് അധികാരികള്‍ തടവിലാക്കിയ നോനി ബോസ് തടവില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവിടെ ചകിരിനിര്‍മ്മിതമായ ചവിട്ടികളും മറ്റും ഇറക്കുമതി ചെയ്യുന്ന ബിസിനസില്‍ ഏര്‍പ്പെട്ടു. ബിസിനസ് പച്ചപിടിച്ചു വരുന്നതിനിടയിലാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതോടെ സൈനികേതരവസ്തുക്കളുടെ ഇറക്കുമതി പാടേ നിരോധിക്കപ്പെടുകയും നോനിയുടെ ബിസിനസ് പ്രതിസന്ധിയിലാവുകയും ചെയ്തു. 
ഇത്തരുണത്തിലാണ് മകന്‍ അമര്‍ ബോസിന്റെ മിടുക്ക് കുടുംബത്തിന് തുണയാകുന്നത്. വെറും പതിമൂന്നുവയസ്സുകാരനായിരുന്ന അമര്‍ അതിനകം റേഡിയോ റിപ്പയറിംഗിലും കളിപ്പാട്ടങ്ങള്‍ നന്നാക്കുന്നതിലുമൊക്കെ നിപുണനായിക്കഴിഞ്ഞിരിന്നു. മാത്രമല്ല തന്റെ വീടിന്റെ താഴെ ഒരു ചെറിയ വര്‍ക്ക് ഷോപ്പ് ആരംഭിച്ച് വരുമാനമുണ്ടാക്കുകയും ചെയ്തു. പിന്നീട് 1947ല്‍, കടം വാങ്ങിയ പണം കൊണ്ട്, പ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠനത്തിന് ചേര്‍ന്ന ബോസ് അവിടെനിന്ന് മാസ്റ്റര്‍ ബിരുദവും പിഎച്ഡിയും നേടി അവിടെത്തന്നെ അധ്യാപകനായി.

അമര്‍ ബോസ് വീഡിയോ കാണൂ...


മസാച്ചുസെറ്റ്‌സിലെ ഡിഗ്രി പഠനത്തിനിടയില്‍ താന്‍ വാങ്ങിയ വിലകൂടിയ സ്റ്റീരിയോ വേണ്ടത്ര ശബ്ദസുഖം നല്‍കുന്നില്ല എന്നു കണ്ട ബോസ് തുടര്‍ന്ന് ആ രംഗത്ത് ഗൗരവമേറിയ ഗവേഷണങ്ങള്‍ തുടങ്ങുകയായിരുന്നു. 
1964ല്‍ ബോസ് സ്ഥാപിച്ച ബോസ് കോര്‍പറേഷന്‍ ശബ്ദശാസ്ത്രത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി. തല്‍ഫലമായി ബോസ് വികസിപ്പിച്ച ശബ്ദ സാങ്കേതികവിദ്യ ഇന്നും ലോകത്തെ ഭരിക്കുന്നു എന്നതാണ് അതിശയകരമായ കാര്യം. തുടര്‍ന്നിങ്ങോട്ട് വന്‍ കണ്‍സേര്‍ട്ട് ഹാളുകളിലും മുന്തിയ കാറുകളിലും മറ്റുമൊക്കെ ബോസ് സൗണ്ട് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇക്കാലത്തും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകവൃത്തി തുടരുകയും ചെയ്തു. 2011ല്‍ ബോസ് കോറപറേഷന്റെ ഭൂരിഭാഗം ഓഹരികളും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് കൈമാറുകയും ചെയ്തു ഈ യുഗപ്രഭാവന്‍.

No comments:

Post a Comment

Top News

Labour India