ഉയരത്തിന്റെ റെക്കോഡുടമകള്‍ തമ്മിലൊരു കൂടിക്കാഴ്ച
ഇന്നലെ ഗിന്നസ് ലോക റെക്കോഡ് ദിനം. ഗിന്നസ് ഈ ദിനം ആഘോഷിച്ചത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയോടും ഉയരം കുറഞ്ഞ വ്യക്തിയോടും ഒപ്പമാണ്. ലണ്ടനിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
ടര്‍ക്കിയിലെ സുല്‍ത്താന്‍ കോസെന്‍ ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തി. എട്ട് അടി മൂന്ന് ഇഞ്ചാണ് ഉയരം. ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് റെക്കോഡ് നേപ്പാള്‍ സ്വദേശിയായ ചന്ദ്ര ബഹാദൂര്‍ ദാംഗിയുടെ പേരിലാണ്. 21.5 ഇഞ്ചാണ് ഉയരം.
നേപ്പാളിലെ ഉള്‍നാടന്‍ ഗ്രാമമായ റീംഖോലിയിലാണ് 74കാരനായ ദാംഗിയുടെ താമസം. ഭാരം ചുമക്കുന്നവര്‍ക്കുള്ള തൊപ്പിയും മറ്റു സാധനങ്ങളും നിര്‍മ്മിക്കുകയാണ് തൊഴില്‍. ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ഗിന്നസ് റെക്കോഡുടമയായതോടെ വിദേശസന്ദര്‍ശനം എന്ന സ്വപ്‌നം സഫലമായതായി ദാംഗി പറയുന്നു. ഏറ്റവും ഉയരം കൂടിയ വ്യക്തിയായ വ്യക്തിയായ സുല്‍ത്താനെ നേരിട്ടു കാണണമെന്നും ഏറെക്കാലമായി ആഗ്രഹിക്കുകയാണ് ഇദ്ദേഹം.
ഏറ്റവും കൂടിയ ഉയരം എന്ന റെക്കോഡിനുടമയായ സുല്‍ത്താന്‍ കോസെന്‍ കര്‍ഷകനാണ്. പിറ്റിയൂട്ടറി ജൈജാന്റിസം എന്ന തകരാര്‍ മൂലമാണ് ഇദ്ദേഹത്തിന് പരിധി വിട്ട് ഉയരമുണ്ടായത്. പത്തു വയസ്സു വരെ സാധാരണ വളര്‍ച്ച മാത്രമായിരുന്നു. പിന്നീടാണ് വളരാന്‍ തുടങ്ങിയത്. 2010 ഓഗസ്റ്റില്‍ പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ ശസ്ത്രക്രിയ നടത്തി. അതോടെ വളര്‍ച്ച നിലച്ചു. പക്ഷേ അപ്പോഴേക്കും ഉയരം എട്ടടിയും കടന്നിരുന്നു. എട്ടടിയില്‍ കൂടുതല്‍ ഉയരമുള്ള പത്തു മനുഷ്യര്‍ മാത്രമാണ് ഭൂമുഖത്തുണ്ടായിരുന്നതെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment