സച്ചിന് ക്രീസിലിറങ്ങിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്
1989 നവംബര്‍ 15ന് പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. അന്ന് ആറാമനായി ഇറങ്ങിയ ആ കുറിയ മനുഷ്യന്റെ മുന്നില്‍ പിന്നീട് ലോകം പോലും തലകുനിച്ചു നിന്നത് ചരിത്രം.
1989 നവംബര്‍ 15. ഇന്ത്യ പാകിസ്താന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കറാച്ചിയില്‍ നടക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യമൂന്ന് വിക്കറ്റുകളും നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ നിരയിലേക്ക് ബാറ്റുമായി ഒരു കൊച്ചുപയ്യന്‍ ഇറങ്ങി വന്നു. ശ്രീകാന്തും, സിദ്ധുവും, മനോജ് പ്രഭാകറും, മഞ്ജ്‌രേക്കറും പരാജയപ്പെട്ടിടത്തേക്കായിരുന്നു ബാറ്റേന്തി സച്ചിന്റെ വരവ്. വസിം അക്രത്തിന്റെയും, വഖാര്‍ യൂനിസിന്റെയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നിലേക്ക് ബാറ്റുമേന്തി ആ പതിനാറുകാരനെത്തി. കൊച്ചുപയ്യനെ ഭയചകിതനാക്കി വഖാറിന്റെ ബൗണ്‍സര്‍ സച്ചിന്റെ തലയ്ക്ക് മുകളിലൂടെ മൂളിപ്പാഞ്ഞു. എന്നാല്‍, തൊട്ടടുത്ത പന്ത് കവറിലൂടെ ബൗണ്ടറി പായിച്ച് സച്ചിന്റ അന്താരാഷ്ട്ര കരിയറിലെ ആദ്യറണ്‍സ്.
അതൊരു തുടക്കമായിരുന്നു. പിന്നീട് സച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1990ല്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തിലും അരങ്ങേറ്റം. അവിടുന്നിങ്ങോട്ട്, ലോകക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ ഓരോന്നായി ഈ അഞ്ചരയടിക്കാരന്റെ മുന്നില്‍ തലകുനിച്ചു. ഒരു നവംബറില്‍ വിടര്‍ന്ന ക്രിക്കറ്റ് വസന്തത്തിന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു നവംബറില്‍ വിരാമം. ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ട് 2013 നവംബര്‍ 14ന് സച്ചിന്‍ ക്രീസിനോട് വിടപറഞ്ഞു.
No comments:
Post a Comment