അതേ... അടുത്ത ലക്ഷ്യം ചൊവ്വയാണ്... സൗരയൂഥ ഗ്രഹങ്ങളിലെ ഒരംഗമായ നമ്മുടെ ചൊവ്വ. ചൊവ്വയിലേക്കുള്ള ഇന്ത്യന്‍ പര്യവേക്ഷണവാഹനത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. 40 കോടി കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് പറക്കാനൊരുങ്ങുന്ന വാഹനത്തിന്റെ വിക്ഷേപണം 2013 നവംബര്‍ 5 ഉച്ചയ്ക്ക് 2.38നാണ്. പിഎസ്എല്‍വി സി-25 ആണ് വിക്ഷേപണവാഹനം. 'മംഗള്‍യാന്‍' (Mangalyaan) എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്രദൗത്യം വിജയിക്കുന്നതോടെ ഈ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ തൊടുന്ന നാലാമത്തെ സംരംഭമാവുമിത്.
|
മംഗള്‍യാന്‍ പര്യവേക്ഷണപേടകം |
സാറ്റലെറ്റിന്റെയും പിഎസ്എല്‍വി റോക്കറ്റിന്റെയും യാത്രയും പ്രവര്‍ത്തനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്‌റ്റേഷനുകള്‍ നിരീക്ഷിക്കും. ഒപ്പം ദക്ഷിണ ശാന്ത സമുദ്രത്തില്‍ നങ്കൂരമിട്ടിട്ടുള്ള എസ്‌സിഐ നളന്ദ, എസ്‌സിഐ യമുന എന്നീ കപ്പലുകളിലും നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാനീസ് ഏയ്‌റോസ്‌പേസ് ഏജന്‍സി തുടങ്ങിയവയുടെയൊക്കെ സഹകരണവും നമുക്കുണ്ട്.
|
മംഗള്‍യാന്‍ വഹിക്കുന്ന പിഎസ്എല്‍വി സി-25 വിക്ഷേപണത്തറയിലേക്ക് |
മംഗള്‍യാന്‍ നേരിട്ട് ചൊവ്വയിലേക്ക് കുതിക്കുകയല്ല ചെയ്യുന്നത്. 2013 ഡിസംബര്‍ 1 വരെ ഭൂമിയെ ഭ്രമണം ചെയ്യുന്ന പര്യവേക്ഷണ പേടകം പടിപടിയായി ഭ്രമണപഥം വികസിപ്പിച്ച് ചൊവ്വയെ ലക്ഷ്യമാക്കി നീങ്ങുകയാണ് ചെയ്യുക. വെറും പതിനഞ്ച് മാസം കൊണ്ട് പര്യവേക്ഷണപേടകം നിര്‍മ്മിച്ച് വിക്ഷേപണത്തിന് തയാറാക്കി ഐഎസ്ആഒ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ ഭീമമായ ചിലവ് തട്ടിച്ചു നോക്കുമ്പോള്‍ മംഗള്‍യാനിന്റെ ചിലവ് 450 കോടി രൂപ മാത്രം.
|
മംഗള്‍യാന്റെ സഞ്ചാരപഥം |
ചൊവ്വയുടെ അന്തരീക്ഷഘടകങ്ങളെക്കുറിച്ച് പഠിക്കുക, ചൊവ്വയില്‍ മീഥേയ്‌ന്റെ സാന്നിധ്യം പരിശോധിക്കുക, ചൊവ്വയുടെ ചിത്രങ്ങള്‍ പകര്‍ത്തുക, ഭൂപടം തയാറാക്കുക എന്നിങ്ങനെയാണ് മംഗള്‍യാന്റെ പ്രധാന ദൗത്യങ്ങള്‍. അതിലൊക്കെയുപരി ഇന്ത്യയ്ക്ക് എന്തു കഴിയും എന്ന് ലോകത്തെ അറിയിക്കുക എന്ന ദൗത്യവും മംഗള്‍യാനുണ്ട്. അതുകൊണ്ടുതന്നെയാണ് ഐഎസ്ആര്‍ഒ ഇതിനെ ഒരു 'ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ പ്രോജക്റ്റ്' എന്ന് പറയുന്നത്.
|
മംഗള്‍യാന്‍ മാതൃകയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ |
1960നുശേഷം ചൊവ്വയെ ലക്ഷ്യമിട്ട് 51 പര്യവേക്ഷണസംരംഭങ്ങള്‍ നടന്നുകഴിഞ്ഞു. ഇതില്‍ മൂന്നിലൊന്ന് മാത്രമാണ് വിജയിച്ചിട്ടുള്ളത്. റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ഇക്കാര്യത്തില്‍ വിജയിച്ചിട്ടുള്ളത്. ചൈന കഴിഞ്ഞവര്‍ഷം നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ ഈ 'ഏഷ്യന്‍ സ്‌പേസ് യുദ്ധ'ത്തില്‍ ചൈനയെ വെട്ടി ഇന്ത്യ മുന്നിലെത്തുമോ എന്നാണ് വന്‍ശക്തികളടക്കമുള്ള ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.
No comments:
Post a Comment