എല്ലാവരും കൊതുകുദിനം ആചരിച്ചുവോ? അഥവാ അങ്ങനൊയൊരു ദിനാചരണം ഉള്ളതായി അറിയുമോ? എങ്കില്‍ നമ്മളെല്ലാം ശല്ല്യക്കാരായി മാത്രം കണുന്ന കൊതുകുകള്‍ക്കായി ഒരു ദിവസമുണ്ട്... ആഗസ്റ്റ് 20.
എല്ലാ വര്‍ഷവും ആഗസ്റ്റ് 20 കൊതുകുദിനമായി ആചരിക്കപ്പെടുന്നു. പെണ്‍ കൊതുകുകളാണ് മനുഷ്യര്‍ക്കിടയില്‍ മലേറിയ പടര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഡോക്ടര്‍ സര്‍. റൊണാള്‍ഡ് റോസിന്റെ കണ്ടെത്തലിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനാചരണം. 1897ലാണ് റോസ് ഈ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. ഇതിന് 1902ല്‍ മെഡിസിനുള്ള നോബല്‍ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. തന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഭാവിയില്‍ ഇത്തരമൊരു ദിനാചരണത്തേപ്പറ്റിയും റോസ് പറഞ്ഞുവച്ചു.
ശരിക്കും പറഞ്ഞാല്‍ നാം ഭാരതീയര്‍ക്ക് റോസിന്റെ നേട്ടത്തില്‍ പങ്കുണ്ട്. റൊണാള്‍ഡ് റോസ് ജനിച്ചതുതന്നെ ഇന്ത്യയിലാണ്. ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ആര്‍മി ജനറലായിരുന്ന സര്‍ കാംപ്‌ബെല്‍ ക്ലേ ഗ്രാന്റ് റോസിന്റേയും മറ്റില്‍ഡ ചാര്‍ലോട്ടി എല്‍ഡര്‍ട്ടണിന്റേയും പുത്രനായിട്ടായിരുന്നു ജനനം. കല്‍ക്കട്ട പ്രസിഡന്‍സി ജനറല്‍ ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് റോസ,് മലേറിയയെക്കുറിച്ച് പഠനഗവേഷണങ്ങള്‍ ആരംഭിച്ചത്. 1882 ല്‍ ആരംഭിച്ച പഠനങ്ങള്‍ പിന്നീട് പല സ്ഥലങ്ങളിലേയ്ക്കും ട്രാന്‍സ്ഫര്‍ ആയി പോയപ്പോഴും തുടര്‍ന്നു. ഒടുവില്‍ സെക്കന്ധരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലേക്ക് അദ്ദേഹം എത്തി. അവിടെവച്ചാണ് അദ്ദേഹം തന്റെ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്.
ബെഗുംപേത് എയര്‍പോര്‍ട്ടിനു സമീപം സെക്കന്ധരാബാദില്‍ അദ്ദേഹം താമസിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും മലേറിയ പാരസൈറ്റിനെ കണ്ടെത്തുകയും ചെയ്ത കെട്ടിടം ഇന്ന് ഒരു പൈതൃകസ്മൃതിമണ്ഡപമായി നിലനിര്‍ത്തിയിരിക്കുന്നു. ഇതു കൂടാതെ രാജ്യത്തങ്ങോളമിങ്ങോളമായി നിരവധി സ്മാരകങ്ങള്‍ റോസിന്റെ നാമം പേറുന്നതായുണ്ട്. അത്തരത്തില്‍ പ്രധാനമായ ഒന്നാണ് ഹൈദരാബാദിലെ സര്‍ റൊണാള്‍ഡ് റോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരസൈറ്റോളജി.
ഇനി കൊതുകടി കൊള്ളുമ്പോള്‍ ഓര്‍ക്കാന്‍ മറക്കരുത്... സ്വജീവിതം മാനവരാശിക്കായി ഉഴിഞ്ഞുവച്ച ഈ മഹാനുഭാവനെ...
No comments:
Post a Comment