BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday, 4 July 2013

കമ്പ്യൂട്ടര്‍ മൗസിന്റെ പിതാവ് ഓര്‍മ്മയായി

കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച മൗസ് എന്ന ഉപകരണം വികസിപ്പിച്ച ഡഗ്ലസ് സി. ഏംഗല്‍ബര്‍ട്ട് അന്തരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു 88 കാരനായ ഈ യുഗപ്രഭാവന്റെ അന്ത്യം.

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ നേവിയില്‍ ഇലക്‌ട്രോണിക് റഡാര്‍ ടെക്‌നീഷ്യനായി ജോലിചെയ്ത ഏംഗല്‍ബര്‍ട്ട് 1950കളുടെ അവസാനത്തോടെ സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. ഇവിടെവച്ചാണ് ആദ്യകാല ഗ്രാഫിക്കല്‍ യൂസര്‍ സാങ്കേതികവിദ്യയുടെ   വികസനത്തില്‍ പങ്കാളിയാകുന്നതും തുടര്‍ന്ന് മൗസിന്റെ കണ്ടുപിടിത്തത്തിലേക്ക് എത്തുന്നതും. 1963ല്‍ തന്നെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പേയിന്റ് ചെയ്യാവുന്ന ഒരുപകരണം ഇദ്ദേഹം വികസിപ്പിച്ചൂ. എന്നാല്‍ 1967 ജൂണ്‍ 21നാണ് ഏംഗല്‍ബര്‍ട്ട് മൗസിന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റിന് അപേക്ഷിച്ചത്. 1970ല്‍ പേറ്റന്റും നേടി. ആദ്യത്തെ മൗസിന് ഒരു ബട്ടണ്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് ബട്ടണുകളുമുള്ള രൂപമായി.

1983ല്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനിയുടെ 'ലിസ' എന്നു പേരിട്ട പേഴ്‌സണല്‍ കമ്പ്യൂട്ടറിനൊപ്പം ഉപയോഗിച്ചുതുടങ്ങിയതോടെയാണ് മൗസ് പ്രസിദ്ധിയിലേക്കുയര്‍ന്നത്.
ഇതിനൊക്കെ പുറമെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ നിരവധി മേഖലകളില്‍ ഏംഗല്‍ബര്‍ട്ടിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് നിസ്തുലമായ പല നേട്ടങ്ങളും ഇദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. ഇന്റര്‍നെറ്റിന്റെ ആദ്യ രൂപമായ ARPANET എന്ന കമ്പ്യൂട്ടര്‍ ശൃംഖലയുടെ വികസനത്തില്‍ ഏംഗല്‍ബര്‍ട്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1968ല്‍ ആദ്യമായി വീഡിയോ ടെലികോണ്‍ഫെറന്‍സിംഗ് അവതരിപ്പിച്ചതും മറ്റാരുമല്ല. ഇന്റര്‍നെറ്റ് പേജുകളിലും മറ്റും ഉപയോഗപ്പെടുത്തുന്ന ഹൈപ്പര്‍ടെക്‌സ്റ്റിന്റെ തലതൊട്ടപ്പന്‍ ഈ പ്രതിഭാശാലിയാണ്! ഇന്ന് നാം ഉപയോഗിക്കുന്ന വേഡ് പ്രോസസിംഗ് പായ്‌ക്കേജുകളുടെ വികസനത്തിന് വഴിമരുന്നായതും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ.

ഇന്ററാക്ടീവ് കമ്പ്യൂട്ടിംഗ് രംഗത്തെ സേവനങ്ങള്‍ മാനിച്ച് 1997ല്‍ ഇദ്ദേഹത്തിന് ലോകപ്രശസ്തമായ ടൂറിംഗ് അവാര്‍ഡ് നല്‍കുകയുണ്ടായി. അമേരിക്കയിലെ ഒറിഗണിലുള്ള പോര്‍ട്‌ലന്റ് എന്ന സ്ഥലത്ത് 1925 ജനുവരി 30നാണ് ഏംഗല്‍ബര്‍ട്ട് ജനിച്ചത്.


No comments:

Post a Comment

Top News

Labour India