BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday, 23 January 2013

ഉന്നത വിജയത്തിന് ചില മന്ത്രങ്ങള്‍

പ്രൊഫ. എസ്. ശിവദാസ്‌

മാറിമാറി പഠിക്കുക
ഒരേ വിഷയം ഏറെ നേരം പഠിക്കാതിരിക്കുക. കണക്കു കുറെ പഠിക്കുമ്പോള്‍ മടുക്കും. മസ്തിഷ്‌കത്തിന്റെ കണക്കുപഠനകേന്ദ്രം പണിമുടക്കും. പഠിച്ചത് ഓര്‍ക്കുകയുമില്ല. അപ്പോള്‍ കണക്കു കുറേനേരം പഠിച്ചിട്ട് ഇംഗ്ലീഷ് പഠിക്കുക. പിന്നെ സയന്‍സ്.  പിന്നെ മലയാളം. പിന്നെ സാമൂഹ്യശാസ്ത്രം. അങ്ങനെ മാറിമാറി പഠിക്കുക, മസ്തിഷ്‌കത്തിന്റെ വ്യത്യസ്തകേന്ദ്രങ്ങളെ അങ്ങനെ ഉപയോഗിക്കുക. അപ്പോള്‍ മസ്തിഷ്‌കം കൂടുതല്‍ സജീവമായി നില്‍ക്കും. മറവി മാറും. ഓര്‍മ്മ നില്‍ക്കും.

ഓര്‍മ്മിച്ചെടുക്കുക

ഒരു ഭാഗം പഠിച്ചിട്ട് കണ്ണടച്ചിരുന്ന് പഠിച്ചത് ഓര്‍ത്തെടുക്കുക. മസ്തിഷ്‌കത്തെ അങ്ങനെ ശരിക്കു പ്രവര്‍ത്തിപ്പിച്ച് പഠിച്ചത് സ്ഥിരമായി മസ്തിഷ്‌കത്തിലേക്ക് റെക്കോര്‍ഡു ചെയ്യിക്കുക. പല പ്രാവശ്യം ഓര്‍മ്മിക്കുമ്പോള്‍ മറവി മാറും.

പോയിന്റുകള്‍ കുറിച്ചുവയ്ക്കുക

ഓര്‍മ്മിച്ചെടുത്താലും പോരാ. പ്രധാന പോയിന്റുകള്‍ കുറിച്ചു വയ്ക്കുക. അത് മനസ്സിന് ശക്തി നല്‍കും. ആത്മവിശ്വാസവും നല്‍കും.

 മനസ്സിലാക്കി മാത്രം പഠിക്കുക

കാര്യങ്ങള്‍ മനസ്സിലാക്കണം. ആശയങ്ങള്‍ ഉള്‍ക്കൊള്ളണം. പരസ്പരം ബന്ധിപ്പിക്കണം. മനഃപാഠം പഠിക്കേണ്ടവ പഠിക്കുമ്പോഴും യാന്ത്രികമായി ഉരുവിട്ടു പഠിച്ചാല്‍ മറക്കും. കാര്യം മനസ്സിലാക്കിയിട്ടു മാത്രമേ മനഃപാഠപഠനവും നടത്താവൂ. മനസ്സിലാക്കിയാല്‍ മറക്കില്ല.

മറക്കാതിരിക്കാന്‍ വിദ്യകള്‍

മറക്കാതിരിക്കാന്‍ എഴുതി പഠിക്കുക. സമവാക്യങ്ങള്‍, ഫോര്‍മുലകള്‍ തുടങ്ങിയവ എഴുതിത്തന്നെ പഠിക്കണം. ഘടനകളും എഴുതി പഠിക്കണം. ചിത്രങ്ങള്‍ വരച്ചും പഠിക്കുക. രസകരമായ ചുരുക്കെഴുത്തും ഉപയോഗിക്കാം. ധവളപ്രകാശഘടകങ്ങളെ  VIBGYOR എന്ന് ഓര്‍ക്കുന്നത് ഉദാഹരണം.
ഒരിക്കല്‍ പഠിച്ച കാര്യങ്ങള്‍, മനസ്സിലാക്കിയ ആശയങ്ങള്‍ ഒക്കെ പിന്നീട് മറിച്ചുനോക്കി ഓര്‍മ്മ പുതുക്കേണ്ടതും ആവശ്യമാണ്. ഇതിന് റിവിഷന്‍ ചെയ്യുന്നത് ഉത്തമമാണ്. ലേബര്‍ ഇന്‍ഡ്യയില്‍ പാഠഭാഗങ്ങളുടെ റിവിഷന്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.

പരീക്ഷ എഴുതി പരീക്ഷപ്പേടി മാറ്റുക

പരീക്ഷപ്പേടി മാറ്റാന്‍ പരീക്ഷകള്‍ എഴുതുക. ചോദ്യപേപ്പറുകള്‍ ശേഖരിച്ച് കഴിയുന്നത്ര ഉത്തരങ്ങള്‍ സ്വയം എഴുതി ധൈര്യം നേടുക. ലേബര്‍ ഇന്‍ഡ്യ നല്‍കുന്ന മാതൃകാചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ സ്വയം എഴുതി പരിശീലിക്കുക.

പഠനത്തിനും വേണം ബന്ദ്!

തുടര്‍ച്ചയായി പഠിക്കേണ്ട. കുറേനേരം പഠിച്ചിട്ട് റിലാക്‌സ് ചെയ്യുക. പുസ്തകങ്ങള്‍ അടച്ചുവച്ചിട്ട് എഴുന്നേറ്റു നടക്കാം. ഓടാം. ചാടാം. യോഗാ ചെയ്യാം. മെഡിറ്റേറ്റ് ചെയ്യാം. അല്പം ടി.വിയും കാണാം. തമാശ പറയാം. അങ്ങനെ മസ്തിഷ്‌കത്തിന് വിശ്രമം നല്‍കിയിട്ടു പഠിക്കുക.

പരീക്ഷാഹാളിലും ശാന്തത കൈവിടാതിരിക്കാം

പ്രാര്‍ത്ഥനയോടെ പരീക്ഷാഹാളില്‍ കയറുക. ചോദ്യപേപ്പര്‍ വാങ്ങുക. ശാന്തമായി ഇരുന്ന് മുഴുവന്‍ വായിക്കുക. ചിലത് അറിയാവുന്നവ ആയിരിക്കും.  അവ കാണുമ്പോള്‍ സന്തോഷിക്കുക. ചിലത് അറിയാന്‍ വയ്യാത്തവ ആകാം. അവ കണ്ട് ടെന്‍ഷനടിക്കേണ്ട. സാവധാനം ഓര്‍ത്ത് ഉത്തരമെഴുതാന്‍ സമയമുണ്ട്. പേടിക്കാതെ മുഴുവന്‍ വായിച്ചുതീര്‍ക്കുക. സമാധാനമായി ദീര്‍ഘമായി ശ്വാസം എടുത്തുവിട്ട് റിലാക്‌സ് ചെയ്യുക. എല്ലാം ശരിയാകും എന്ന്  സ്വന്തം മനസ്സിനോട് പറയുക. പിന്നെ ആദ്യം മുതല്‍ ഓരോ ചോദ്യത്തിനും ഉത്തരമെഴുതുക. ഉത്തരമറിയാത്തവയ്ക്ക് പിന്നെ ഉത്തരമെഴുതാം. അവയ്ക്കു സ്ഥലംവിട്ട് അടുത്തവയ്ക്ക് ഉത്തരമെഴുതുക. അങ്ങനെ അവസാനമെത്തുക. പിന്നെ ആദ്യം മുതല്‍ വീണ്ടും ആരംഭിക്കുക. വിട്ടുപോയവയ്ക്ക് ഉത്തരമെഴുതുക. അങ്ങനെ മുഴുവന്‍ സമയം ഉപയോഗിക്കുക. ടെന്‍ഷന്‍ വേണ്ട. സമാധാനമായി എഴുതുക. ഉത്തരപ്പേപ്പര്‍ നല്‍കി ഹാള്‍ വിടുക. എഴുതിയ പരീക്ഷയെ മറക്കുക. അടുത്തതിനുവേണ്ടി പഠിക്കുക. വിജയം തീര്‍ച്ച.
ആശംസകള്‍.


Class X പത്താം ക്ലാസ്



No comments:

Post a Comment

Top News

Labour India