BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday 5 October 2013

പെരുമ്പടവം ശ്രീധരന് വള്ളത്തോള്‍ പുരസ്‌കാരം


ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച 'ഒരു സങ്കീര്‍ത്തനം പോലെ'  എന്ന നോവലിലൂടെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്  വള്ളത്തോള്‍ പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യ അക്കാദമിയാണ് വള്ളത്തോള്‍ പുരസ്‌കാരം നല്‍കുന്നത്. 1, 11, 111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.  
വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയ്ക്കടുത്തുള്ള പെരുമ്പടവത്ത് 1938 ല്‍ ജനിച്ചു.

പ്രധാനകൃതികള്‍: അന്തിവെയിലിലെ പൊന്ന്, നിലാവിന്റെ ഭംഗി, എന്റെ ഹൃദയത്തിന്റെ ഉടമ, ഒരു സങ്കീര്‍ത്തനം പോലെ, അഷ്ടപദി, അഭയം, ഗ്രീഷ്മജ്വാലകള്‍, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം.


ശ്രീ. പെരുമ്പടവം ശ്രീധരനുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്‌


? സ്‌നേഹത്തേപ്പറ്റി നിരവധി കൃതികളില്‍ എഴുതിയിട്ടുണ്ട്. എന്താണ് സ്‌നേഹത്തെക്കുറിച്ചുള്ള അങ്ങയുടെ സങ്കല്പം?
സ്‌നേഹം എന്നുപറയുന്നത് ത്യാഗമാണ്. ത്യജിക്കാതെ നമുക്ക് സ്‌നേഹം നല്‍കാനോ തിരികെവാങ്ങാനോ കഴിയില്ല. മനുഷ്യനെ വിശ്വമാനവികതയിലേക്കുയര്‍ത്തുന്നത് സ്‌നേഹമാണ്.
? ഇങ്ങനെയൊരു മനോഭാവം അങ്ങയില്‍ വളര്‍ന്നുവരാനുണ്ടായ സാഹചര്യം എന്താണ്?
സ്‌നേഹത്തിന്റെ ഉദാത്തമാതൃകയാണ് യേശുക്രിസ്തു. ത്യാഗത്തിലൂടെ സ്‌നേഹമെന്തെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. യേശുക്രിസ്തു, ബുദ്ധന്‍, ഗാന്ധിജി, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കളുടെ ജീവിതകഥകളാണ് വിശ്വസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്തമാതൃക എന്നെ പഠിപ്പിച്ചത്.
? തനിച്ചിരിക്കാന്‍ കഴിയുന്നത് ഒരു മഹാഭാഗ്യമായി അങ്ങുപറഞ്ഞിട്ടുള്ളത് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഏകാന്തത ഒരു ഭാഗ്യമായി അങ്ങുകരുതാന്‍ കാരണമെന്താണ്?
'ഭൂമിയുടെ ഹൃദയം' എന്നു ഞാന്‍ വിശേഷിപ്പിക്കുന്ന പെരുമ്പടവത്ത് ജനിച്ചു. നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയാണ് എന്നെ വളര്‍ത്തിയത്. കഷ്ടപ്പാടും ദാരിദ്ര്യവും അവഗണനയും സഹിച്ചാണ് ഞാന്‍ വളര്‍ന്നത്. സ്‌നേഹിതന്മാരില്‍ നിന്നെല്ലാം അകന്നുള്ള ജീവിതമായിരുന്നു എന്റേത്. കളിച്ചുനടക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാല്‍ വായനയ്ക്ക് ധാരാളം സമയം കിട്ടിയിരുന്നു. പാടവരമ്പത്തും കുന്നിന്‍ചെരിവുകളിലും തോട്ടുവക്കത്തും എന്നുവേണ്ട ആളൊഴിഞ്ഞ ഇടങ്ങളിലൊക്കെ പോയിരുന്ന് വായിക്കും.
? വിദ്യാഭ്യാസകാലഘട്ടത്തില്‍ അധ്യാപകരുടെ സ്വാധീനം താങ്കളുടെ സാഹിത്യവാസനയ്ക്ക് സഹായകമായിട്ടുണ്ടോ?
തീര്‍ച്ചയായും. കവയിത്രിയായ സിസ്റ്റര്‍ മേരി ബനീഞ്ഞ, സംസ്‌കൃതപണ്ഡിതനായ ഫാ. എബ്രഹാം വടക്കേല്‍ എന്നിവരുടെ സാമീപ്യം എന്റെ സര്‍ഗാത്മകചേതന വളരാന്‍ സഹായിച്ചിട്ടുണ്ട്. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ തന്നുകൊണ്ടിരുന്ന മരങ്ങാട്ടുപിള്ളിക്കാരനായ ജോര്‍ജ്ജ് ജോസഫ്‌സാറും എന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്.
? 'വായന'യെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
വായനയാണ് എല്ലാറ്റിനും അടിസ്ഥാനം. മാത്രമല്ല അതൊരു പുണ്യപ്രവൃത്തിയുമാണ്. വായന നമ്മുടെ ജന്മസിദ്ധമായ കഴിവുകളെ ഉത്തേജിപ്പിക്കും. ജീവിതത്തിന്റെ ഏതു മണ്ഡലത്തിലുള്ളവര്‍ക്കും വായന നല്ലൊരു സമ്പത്താണ്. നമ്മുടെ ഭൂതകാലത്തെക്കുറിച്ചറിയാനും പുതിയ സംസ്‌കാരങ്ങളെ പരിചയപ്പെടാനുമൊക്കെ അതുപകരിക്കും. മഹാന്മാരായ എല്ലാവര്‍ക്കും വായനയിലൂടെ ആര്‍ജിച്ച നല്ലൊരു അനുഭവസമ്പത്തിന്റെ പശ്ചാത്തലമുണ്ട്.
? വിദ്യാര്‍ഥികള്‍ക്ക് നല്കാനുള്ള സന്ദേശമെന്താണ്?
മറ്റുള്ളവരെ സഹാനുഭൂതിയോടെയും സ്‌നേഹത്തോടെയും കാണുവാന്‍ ശ്രമിക്കുക. പ്രപഞ്ചത്തിന്റെ നാരായവേര് മനുഷ്യനാണ്. ആരെയും സ്‌നേഹിക്കാന്‍ കഴിയലാണ് യഥാര്‍ഥസ്‌നേഹം. സ്വന്തമായുള്ളതിനെ മാത്രം സ്‌നേഹിക്കുന്നത് സ്വാര്‍ഥതയാണ്.


No comments:

Post a Comment

Top News

Labour India